Skip to main content

പ്രശ്നബാധിത മേഖല

പ്രമുഖ അമേരിക്കന്‍ കവയത്രി എയ്ലിഷ് ഹോപ്പറുടെ ‘ഡിഡ് ഇറ്റ് എവര്‍ ഒക്യുര്‍ ടു യു, ദാറ്റ് മേ ബി യു ആര്‍ ഫാളിംഗ് ഇന്‍ ലവ്’ (Did it ever occur to you, That may be you are falling in love) എന്ന കവിതയുടെ പരിഭാഷ.

*****

പ്രശ്നത്തെ ഞങ്ങള്‍ കുഴിച്ചുമൂടി.
അതിന്റെ മുകളില്‍ ഒരു മരവും നട്ടു.
പ്രശ്നത്തിന് വേണ്ടി ചെയ്തവയെ ഓര്‍ത്ത്
ഞങ്ങള്‍ പശ്ചാത്തപിച്ചു.
പ്രശ്നത്തെക്കുറിച്ച് കമാന്ന് മിണ്ടാന്‍
ഞങ്ങള്‍ വിസമ്മതിച്ചു.
പ്രശ്നത്തിനായി ഒരു സ്മാരകമുണ്ടാക്കി
പ്രശ്നത്തിന് തന്നെ സമര്‍പ്പിച്ചു.
തൂവാല മറന്നു.
എല്ലാ കൃത്രിമച്ചേരുവകളും നീക്കം ചെയ്ത്
ഒരു നാടന്‍ പൊടിക്കൈ പ്രയോഗിച്ചു.
പക്ഷേ, അതാരും വാങ്ങിയില്ല.
പ്രശ്നത്തെ ഞങ്ങള്‍ നന്നായി അലക്കി,
വെളുപ്പിച്ചു, സുഗന്ധം പൂശി.

പ്രശ്നത്തിന് ചുറ്റും
ഞങ്ങള്‍ ഒരു മതില്‍ പടുത്തു.
അതില്‍
കുട്ടികളുടെയും
മരത്തിലെ പക്ഷികളുടെയും
പടങ്ങള്‍ ഞാത്തി.
പ്രശ്നത്തിന് ഞങ്ങള്‍
പുതിയൊരു പേരിട്ടു.
പഴയ പേര് ആവര്‍ത്തിച്ചവരെ
തള്ളിപ്പറഞ്ഞു.
പ്രശ്നത്തിനായി ഞങ്ങള്‍
ഒരു നിയമനിര്‍മ്മാണം തന്നെ നടത്തി.
പക്ഷേ, സമിതിയില്‍ വച്ചുതന്നെ അത് കാഞ്ഞുപോയി.
നാടന്‍ തകരച്ചെണ്ടകളൊക്കെ കൊട്ടി
പടപടാന്ന് പ്രശ്നത്തെ ഞങ്ങള്‍ തുരത്തി.
മാര്‍ച്ചുചെയ്തു ഞങ്ങള്‍.
ലഘുലേഖകളിറക്കി.
മുദ്രാവാക്യങ്ങള്‍ സംഘഗാനങ്ങളാക്കി.
പ്രശ്നത്തോട് കൈകള്‍ കോര്‍ത്ത്, കണ്ണികളായി.
ജയിലിലേയ്ക്ക് വലിച്ചിഴക്കപ്പെട്ടു.
മുഖത്ത് പ്രശ്നത്തിന്റെ തുപ്പലേറ്റുവാങ്ങി
ഞങ്ങള്‍ പുറത്തായി.

പ്രശ്നത്തെ ശരിക്കും പിടികൂടാന്‍ മിടുക്കുള്ള
ഒരുദ്യോഗസ്ഥനെ ഞങ്ങള്‍
തെരഞ്ഞെടുത്തു.
പ്രശ്നത്തെ മെരുക്കാനും
ചോദ്യം ചെയ്യാനും
ഞങ്ങള്‍ ഒരു സൈന്യം തന്നെ ഉണ്ടാക്കി.
വീടുവീടാന്തരം കേറിയിറങ്ങിയെങ്കിലും
അവര്‍ക്ക് കണ്ടെത്താനായില്ല അങ്ങനെ ഒരാളെ.

പ്രശ്നത്തെ നിങ്ങള്‍ക്ക്
അന്വേഷിച്ചു കണ്ടെത്തുന്നതിനായി
ഞങ്ങള്‍
ഡബ്ലിയു ഡബ്ലിയു ഡബ്ലിയു.പ്രോബ്ലം. കോം ഉണ്ടാക്കി.
ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക്
ഞങ്ങളെ സഹായിക്കുന്നതിനായി
പ്രോബ്ലം. കോ.ഓര്‍ഗും ഉണ്ടാക്കി.
പ്രശ്നത്തെക്കുറിച്ച് നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍
1 മുതല്‍ 800 വരെയുള്ള
ഒരു പ്രശ്നപ്പട്ടികയുണ്ടാക്കി.
പിന്നെ, ഒരു 900 പ്രശ്നങ്ങള്‍
വേറെയുമുണ്ടാക്കി.
അതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്കായിരിക്കും.

പ്രശ്നത്തെ ഞങ്ങള്‍ വശംകെടുത്തി.
ഇടിച്ചു പതംവരുത്തി.
പ്രശ്നത്തെ ഞങ്ങള്‍ ഊതിപ്പെരുപ്പിച്ചുയര്‍ത്തിപ്പറത്തിക്കളഞ്ഞു.
പ്രശ്നം മറക്കാന്‍ ഞങ്ങള്‍ കുടിച്ചു.
പ്രശ്നം ശ്വസിച്ചു. പ്രശ്നം ഉച്ഛ്വസിച്ചു.
അതിന്റെ പൊരികളെ
കാല്‍ക്കീഴിലിട്ട് ഞങ്ങള്‍ ചവിട്ടിക്കെടുത്തി.
സകല സ്വരങ്ങളും വ്യഞ്ജനങ്ങളും ക്രിയകളും എടുത്തുമാറ്റിയിട്ട്
പ്രശ്നത്തിന് ഞങ്ങളൊരു ശീര്‍ഷകം നല്‍കി:
പരീക്ഷണാത്മക പ്രശ്നം.
പ്രശ്നത്തെ ഞങ്ങള്‍ വെടിവെച്ച് വീഴ്ത്തി
അതിന്റെ കഷ്ടപ്പാടിന് അറുതി വരുത്തി.
പ്രശ്നത്തിനായി ഞങ്ങള്‍ ദിവസേന മരുന്നുകഴിച്ചു.
പ്രശ്നോപവാസം ഇരുന്നു.
പ്രശ്നച്ചായ കുടിച്ചു.

മുടങ്ങാതെ
പ്രശ്നവാരഫലം വായിച്ചു.
പ്രശ്നക്കൈപ്പത്തികള്‍ കൈനോട്ടക്കാരന് നീട്ടി.
ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു.
പ്രശ്ന ധൂപം പുകച്ചു.
ഒരു പ്രശ്ന ദൗത്യസംഘത്തെ ഞങ്ങള്‍ നിയോഗിച്ചു.
പ്രശ്നത്തില്‍ ബിരുദവും കിട്ടി.
പ്രശ്നനിര്‍മ്മാര്‍ജന പാതയില്‍ കാലൂന്നി.
പ്രശ്നത്തില്‍ നിന്ന് വിരമിക്കലിനുള്ള
പ്ലാനും രൂപീകരിച്ചു.
ഞങ്ങള്‍ പ്രശ്നത്തെ നവീകരിച്ചു.
തൊട്ടടുത്ത പ്രോബ്ലം ഡവലപ്മെന്റ് കോര്‍പ്പറേഷനില്‍ ഞങ്ങള്‍ ചേര്‍ന്നു.
കൈവിട്ടുപോയി എന്നറിയാന്‍ മാത്രം
ഓരോ ദിവസവും
പ്രശ്നത്തെ ഞങ്ങള്‍ കേള്‍ക്കുകയും
പ്രശ്നത്തോട് സംവദിക്കുകയും ചെയ്തു.
പ്രശ്നത്തെ ഞങ്ങള്‍ സംയുക്തമായി ശാക്തീകരിച്ചു.
ഞങ്ങള്‍ ഉമ്മവച്ചു പ്രശ്നത്തെ,
തഴുകിത്തലോടി പ്രശ്നത്തെ,
രാത്രി മുഴുവന്‍ പ്രശ്നത്തെ ഞങ്ങള്‍ ഭോഗിച്ചു.
ഒഴിഞ്ഞ ഒരു കിടക്കയിലേക്ക് ഞങ്ങള്‍ എന്നും ഉണര്‍ന്നു.

അതീവ ശ്രദ്ധാലുക്കളായിത്തന്നെയാണ്
പ്രശ്നത്തിന് വേണ്ടി ഞങ്ങള്‍ പരതിയത്.
പക്ഷേ ഞങ്ങളുടെ ഫ്ളാഷ്ലൈറ്റ് കെട്ടുപോയി.
ഞങ്ങള്‍ പ്രശ്നത്തെ സ്വപ്നം കണ്ടു.
സ്വപ്നത്തില്‍ ഞങ്ങള്‍ ഞങ്ങളെത്തന്നെതിരിച്ചറിഞ്ഞില്ല.
ഞങ്ങള്‍ പരിഷ്‌കരിക്കപ്പെട്ടു.
ഞങ്ങള്‍ പരിണമിച്ചു.
പുതിയൊരുതാള്‍ മറിച്ചു.
പുതിയൊരു മുക്കിലെത്തി.
അവിടെ ശേഷിച്ചതോ
പ്രശ്നത്തിന്റെ നേരിയൊരു ചൂരു മാത്രം.
വാക്കില്‍ പകരാനോ പറയാനോ ആവാത്തത്ര നേര്‍ത്തത്.
മുഴങ്ങുന്നുണ്ട് അത്,
ഉള്ളില്‍ ഒരു സൈറണ്‍ പോലെ.

***


വിവ : എം.എസ്. ബനേഷ്‌

 

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.