Skip to main content

കൂട്ട്

എഴുതിയത് ഒന്നും സൂക്ഷിച്ച് വെക്കാറില്ല.
ഒരിക്കലും അവ
എന്നെ തേടി വരാറുമില്ല.
മരണവും സ്നേഹവും
ഞാൻ എന്നിൽ തന്നെ
സൂക്ഷിക്കുന്നു.
അവ പെറ്റുപെരുകി
കുത്തിയും കീറിയും
കലഹിക്കുന്നതാണ്
എൻ്റെ വാക്കുകൾ.
ഇരുട്ടും
മുളങ്കാടും
ആൽത്തറയും
കൂടിറങ്ങുന്ന
കൂടുകയറുന്ന ജീവികളും
കൂട്ടിരുന്നവർ.
ഒരു ചിത്രം പോലെ
നിൻ്റെ ജനൽ കള്ളിയിലെ
ചുരുണ്ടിരുത്തം.
ഇണചേരുന്ന വവ്വാലുകൾ.
ചവിറ്റില നീന്തും
ഇഴജീവികൾ
അന്തിക്ക് പുഞ്ചകയറിയ കാറ്റ്.

സ്നേഹം, മരണം.
ആരോടാണ് മുളച്ച് തഴക്കുന്ന
ഈ വിത്തുകളെ പറ്റി പറയേണ്ടത്.
കൂടുതൽ ഒറ്റക്കായപ്പോൾ
സ്നേഹമാണ് എന്നോട് പറഞ്ഞത്
ഞാനാണ് നിൻ്റെ എല്ലാ ആചാരവുമെന്ന്.
തിരക്കുള്ള ഒരിടത്ത്,
മരണം എന്നോട് പറഞ്ഞത്
അങ്ങിനെയായിരുന്നില്ല,
ഞാൻ മാത്രമാണ് നിൻ്റെ കൂടെ പിറപ്പെന്ന്.
കല്ലച്ച ഇരുട്ടിന് മരണത്തിൻ്റെ മണമാണ്.
കൂടപ്പിറപ്പിൻ്റെ നിശ്വാസം.
എനിക്ക് ഏറ്റവും വലിയ കൂട്ടായിരുന്നു നീ..
എല്ലാ ഉള്ളൊതുക്കി കരച്ചിലും
നിൻ്റെ കൂട്ടുതേടി.
കൂട്ടിരുന്നപ്പോഴൊക്കെ
ഒഴിഞ്ഞു പോക്കിൻ്റെ
ഉൾക്കനം താങ്ങി
ജനലിലെ വെളിച്ചം
ഒരു ദിവസം നിലച്ചു.
പിന്നീട് തേങ്ങിയും അലറിയും കരഞ്ഞാണ്
എന്നെ ഞാൻ സ്വയം കൂട്ടിരുത്തിയത്.
നിലത്തിഴയുന്ന പാവാടയും
വശമൽപം ചെരിച്ച മുഖവും
എന്നെ മാത്രം കാണുന്ന കണ്ണുകളും.
ഒരാൾ വേറൊരാളെ കുറിച്ച്
കരുതുന്നതൊന്നും
അങ്ങിനെ എഴുതാൻ കഴിഞ്ഞോളണമെന്നില്ല.
മരണത്തെയും സ്നേഹത്തേയും കൂട്ടുപിടിച്ച്
ഞാൻ വാക്കുകളുണ്ടാക്കുന്നു.
ഓരോ മരണവും
നമ്മുടെ തന്നെയുള്ള
മരണത്തെ പരിചയിക്കലാണ്.
ഒട്ടും ശബ്ദമില്ലാത്ത ഒരിടത്ത്
ചന്ദന തിരിക്കൊപ്പം തേങ്ങ പിളർപ്പിൽ
എരിഞ്ഞു കത്തുന്ന നെയ്തിരി മണമായും,

വേദപുസ്തകങ്ങളുടെ
ചൊല്ലുകളായും
ഓരോ മരണവും
സ്വന്തം മരണത്തെ ഓർത്ത് കടന്ന് പോകുന്നു.

തണുത്ത് മെല്ലിച്ച അമ്മയുടെ
നിലച്ച കാലുകൾ
നെഞ്ചിൽ ചേർത്ത് വെച്ചപ്പോൾ
സ്നേഹവും മരണവും
എൻ്റെ തൊലിയിൽ
ചേർന്നൊട്ടിയത് ഞാനറിഞ്ഞു.
എല്ലാം ഞാൻ ഒറ്റക്കിരുന്ന്
ഓർത്തെടുക്കട്ടെ.
കൂട്ടിരിപ്പിനെയും
ഒഴിഞ്ഞു നടത്തത്തേയും…

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.