മലയാളത്തില്‍ എഴുതപ്പെട്ടിട്ടുള്ള ചെറുകഥകളില്‍ നിര്‍മ്മാണചാതുരിയുടെ മേന്മയും വ്യത്യസ്തതയും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട കഥയാണ് പട്ടത്തുവിള കരുണാകരന്റെ ‘അല്ലോപനിഷത്ത്’. എന്നാല്‍, ക്രാഫ്റ്റിന്റെ മികവിനെ കുറിച്ചു പറഞ്ഞു കൊണ്ടു മാത്രം പ്രശംസിക്കപ്പെടേണ്ട ഒരു കഥയല്ല അത്. ഈ കഥാഖ്യാനത്തിന്റെ രൂപത്തികവിനു നല്കുന്ന അമിതപ്രശംസ അത് ഉയര്‍ത്തുന്ന സാമൂഹികവിമര്‍ശനത്തിന്റെ മാനങ്ങളെ ന്യൂനീകരിക്കുകയായിരിക്കും ചെയ്യുന്നത്. കേരളസമൂഹത്തില്‍ മദ്ധ്യവര്‍ഗ്ഗത്തിന്റെ സാന്നിദ്ധ്യവും സ്വാധീനവും ഒരു മൂര്‍ത്താനുഭവമായി മാറിത്തുടങ്ങുന്ന ഘട്ടത്തിലാണ് ഈ കഥ എഴുതപ്പെടുന്നത്. രാഷ്ട്രീയ സാംസ്‌ക്കാരികമണ്ഡലത്തില്‍, ഇടതുപക്ഷത്തിന്റെ അപചയം സുധീരമായ വിമര്‍ശനങ്ങള്‍ക്കു വിധേയമാകുകയും ഒരു നവ ഇടതുപക്ഷ മുന്നേറ്റത്തിന്റെ പ്രതീക്ഷകളും സാദ്ധ്യതകളും അലയൊലികളുയര്‍ത്തുകയും ചെയ്ത സന്ദര്‍ഭമായിരുന്നു അത്. എന്നാല്‍, ഈ പുതിയ ഇടതുപക്ഷവും മദ്ധ്യവര്‍ഗ്ഗതാല്പര്യങ്ങളില്‍ നിന്നും അഭിരുചികളില്‍ നിന്നും വിമുക്തമായിരുന്നില്ല. ഇങ്ങനെ, പുതിയ ഇടതുപക്ഷത്തെ കൂടി സ്വാധീനിക്കുന്ന മദ്ധ്യവര്‍ഗ്ഗമനസ്സിന്റെ വിഭജിതാവസ്ഥയെ പ്രശ്‌നീകരിക്കുകയെന്നത് അവരോട് കൂറു പുലര്‍ത്തിയ എഴുത്തുകാര്‍ ഒരു കടമയായി തന്നെ ഏറ്റെടുത്തിരുന്നു. ‘അല്ലോപനിഷത്ത്’ എഴുതപ്പെടുന്നതിന്റെ പശ്ചാത്തലമിതാണ്. ഈ കഥയുടെ ഘടനയില്‍ തന്നെ ആദ്യന്തം പ്രകടമാകുന്ന വിഭജിതാവസ്ഥ ഇത്തരമൊരു പ്രശ്‌നീകരണത്തിന്റെ ഭാഗമായിരുന്നു.

വിമോചനസമരാനന്തരം കേരളത്തില്‍ നടപ്പിലാക്കപ്പെട്ട ഏറെ ദുര്‍ബ്ബലമായ ഭൂപരിഷ്‌ക്കരണനടപടികള്‍ ഇടത്തട്ടുകാരായ ഒരു പുതിയ വര്‍ഗ്ഗത്തിന്റെ ഉയര്‍ച്ചയേയും വളര്‍ച്ചയേയും ത്വരിപ്പിക്കുകയുണ്ടായി. വ്യവസ്ഥാപിതമൂല്യങ്ങള്‍ക്കു കീഴ്‌പ്പെട്ട മുഖ്യ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ അടിസ്ഥാനജനവിഭാഗങ്ങളില്‍ നിന്നും അകലുകയായിരുന്നു. ബിസിനസ്സുകാരും സര്‍ക്കാര്‍ ജീവനക്കാരും രണ്ടരഏക്കര്‍ ഭൂമിയുടെ ഉടമകളായ കര്‍ഷകരുമെല്ലാമടങ്ങുന്ന പുതിയ ഇടവര്‍ഗ്ഗത്തിന്റെ താല്പര്യങ്ങളെ ഏറ്റെടുക്കാന്‍ മുഖ്യ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ തന്നെ സന്നദ്ധരാകുന്നു. സാമ്പത്തികസമരങ്ങളെ രാഷ്ട്രീയസമരങ്ങളാക്കി മാറ്റിയെടുക്കുകയെന്ന സമീപനം ഉപേക്ഷിക്കപ്പെടുകയും അടിസ്ഥാനജനവിഭാഗങ്ങളെ പോലും മദ്ധ്യവര്‍ഗ്ഗമൂല്യങ്ങളിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന ശ്രമങ്ങള്‍ സജീവമാകുകയും ചെയ്തു. മദ്ധ്യവര്‍ഗ്ഗവല്‍ക്കരണത്തിന്റെ ഈ തുടക്കങ്ങള്‍ സന്ദിഗ്ദ്ധതകളും ചാഞ്ചല്യങ്ങളും നിറഞ്ഞതായിരുന്നു.
പട്ടത്തുവിളയുടെ കഥയിലെ മദ്ധ്യവര്‍ഗ്ഗക്കാരനായ നായകനില്‍ ഇവയെ നമുക്കു വായിച്ചെടുക്കാം. മദ്ധ്യവര്‍ഗ്ഗം രാഷ്ട്രീയവും സാമൂഹികവുമായ സംഘാടനത്തിന് ചില സംഭാവനകള്‍ നല്‍കുകയും ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടി അധ:സ്ഥിതജനവിഭാഗങ്ങളോടൊപ്പം നിലകൊള്ളുകയും ചെയ്യുന്ന ചില സന്ദര്‍ഭങ്ങള്‍ ഈ വര്‍ഗ്ഗത്തിന്റെ ജീവചരിത്രത്തിലെ ആദ്യനാളുകളില്‍ കണ്ടെത്താന്‍ കഴിയും. വര്‍ഗ്ഗവിഭജിതമായ സമൂഹത്തില്‍ തന്റെ സ്ഥാനം തീര്‍ച്ചയോടെ ഉറപ്പിക്കാന്‍ കഴിയാത്ത ഈ ഘട്ടത്തിലെ മദ്ധ്യവര്‍ഗ്ഗക്കാരന്‍ ഇരുവശങ്ങളിലേക്കും വലിക്കപ്പെടുന്നവനാണ്. അയാള്‍ മുതലാളിക്കും തൊഴിലാളിക്കുമിടയിലാണ്. ഈ കഥയില്‍, ബ്രാഹ്‌മണനും ശൂദ്രനുമിടയില്‍, മന്ദാകിനിക്കും ശങ്കരന്‍ നമ്പൂതിരിപ്പാടിനുമിടയില്‍, വേദങ്ങള്‍ക്കും വിപ്ലവചരിത്രത്തിനുമിടയില്‍, സ്‌നേഹമില്ലാത്ത ഭാര്യക്കും സുന്ദരിയായ ഭാര്യാസഹോദരിക്കുമിടയില്‍.. .. അയാള്‍ കുഴങ്ങുന്നു. കഥയുടെ ആഖ്യാതാവു കൂടിയായ നായകന്‍ ശൂദ്രനോടും മന്ദാകിനിയോടും വിപ്ലവചരിത്രത്തോടും അനുഭാവം പുലര്‍ത്തുന്നു.
പക്ഷേ, അയാള്‍ ധനവാനാണ്. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ സവര്‍ണ്ണകുലത്തിലാണ് അയാള്‍ വിദ്യാഭ്യാസം നേടിയത്. മന്ദാകിനിയോടു അനുഭാവം പുലര്‍ത്തുകയും നമ്പൂതിരിപ്പാടിന്റെ രാഷ്ട്രീയത്തെ വെറുക്കുകയും ചെയ്യുമ്പോള്‍ പോലും മന്ദാകിനിയോടു അസൂയയാണെന്നു പറയുന്ന കര്‍മ്മവിമുഖതയും ഭീതിയും അയാളിലുണ്ട്. ആഖ്യാതാവിന് ഭാര്യാസഹോദരിയോടുള്ള ബന്ധം മിശ്രഭാവങ്ങള്‍ നിറഞ്ഞതാണ്. അവര്‍ക്കിടയില്‍ സൗഹൃദഭാഷണങ്ങളും കൊച്ചുവര്‍ത്തമാനങ്ങളുമുണ്ട്. തനിക്ക് ഏട്ടനെ ഇഷ്ടമാണെന്നും ഏട്ടത്തിക്ക് ഏട്ടനോട് ഇഷ്ടമില്ലെന്നും തന്റെ തോളില്‍ കൈവച്ചതിന്റെ പേരിലാണ് ഏട്ടത്തി വഴക്കുണ്ടാക്കിയതെന്നും കഥയിലെ നായികയെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഭാര്യാസഹോദരി പറയുന്നുണ്ട്. ഒക്‌ടോബര്‍ വിപ്ലവചരിത്രത്തിന്റെ വായനക്കിടയിലും അയാള്‍ ഭാര്യാസഹോദരിയുടെ ലൈംഗികസൂചനകള്‍ നിറഞ്ഞ പ്രവൃത്തികളെ ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍, ചിലപ്പോള്‍ അവള്‍ അയാള്‍ക്ക് ഒരു ശല്യമാണ്. ഇങ്ങനെ, ദ്വന്ദാത്മാവിന്റെ സമ്മര്‍ദ്ദങ്ങളില്‍ ഉഴലുകയും വൈരുദ്ധ്യങ്ങളാല്‍ വീണ്ടും വീണ്ടും പിളരുകയും ചെയ്യുന്ന ഒരു ലോകത്തിലാണ് ആഖ്യാതാവ് ജീവിക്കുന്നത്.

മദ്ധ്യവര്‍ഗ്ഗത്തിന്റെ പുരോഗമനസ്വഭാവം പരിഷ്‌ക്കരണവാദത്തിന്നപ്പുറം കടന്നു പോകാത്തതാണ്. ഈ വര്‍ഗ്ഗം ആത്യന്തികമായി പ്രതിലോമപരമായ ദൗത്യമാണ് നിര്‍വ്വഹിക്കുകയെന്ന് ഫ്രാന്‍സിലെ വര്‍ഗ്ഗസമരത്തെ കുറിച്ചു പറയുമ്പോള്‍ കാള്‍ മാര്‍ക്‌സ് ചൂണ്ടിക്കാണിക്കുന്നുണ്ട്. വ്യവസ്ഥാപിതത്വത്തിന് ഇളക്കം തട്ടാതെ സംരക്ഷിക്കുന്നതില്‍ ഇവര്‍ പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്നു. വലിയ സുരക്ഷിതത്വബോധവും എല്ലാ വൈരുദ്ധ്യങ്ങളേയും സമന്വയിപ്പിക്കാനുള്ള അഭിനിവേശവും ഈ വര്‍ഗ്ഗം പ്രദര്‍ശിപ്പിക്കുന്നു. അടിസ്ഥാനവര്‍ഗ്ഗത്തിന്റെ പൊട്ടിത്തെറിക്കുന്ന വിപ്ലവപ്രവണതകളോ അധികാരം ഉറപ്പിച്ചു കഴിഞ്ഞ അധീശവര്‍ഗ്ഗത്തിന്റെ കേവലപ്രവണതകളോ പ്രകടിപ്പിക്കാത്ത മദ്ധ്യവര്‍ഗ്ഗം അധീശവ്യവസ്ഥയെ നിലനിര്‍ത്തുന്നതിന് ഏറെ സഹായകമായ സാന്നിദ്ധ്യമാണ്. മദ്ധ്യവര്‍ഗ്ഗത്തിന്റെ സന്ദിഗ്ദ്ധതകളുടെയും ചാഞ്ചല്യങ്ങളുടെയും പ്രകാശനമാണ് കഥയിലെ നായകനിലൂടെ പ്രകടിതമാകുന്നതെങ്കില്‍ ആ വര്‍ഗ്ഗത്തിന്റെ ആത്യന്തിക നിലപാടുകളും സമീപനങ്ങളുമാണ് അയാളുടെ ഭാര്യാസഹോദരിയില്‍ നാം വായിക്കുന്നത്. സ്മൃതികളും വേദങ്ങളും പാരായണം ചെയ്യുന്ന ആഖ്യാതാവിന്റെ ഭാര്യാസഹോദരി ഏട്ടനോടുള്ള തന്റെ ലൈംഗികാസക്തിയെ മറച്ചുവയ്ക്കുന്നില്ല. ”ആത്മാവിന് ലിംഗഭേദങ്ങളില്ല. ശരീരത്തിന് ലിംഗഭേദമുണ്ട്. വേദങ്ങളില്‍ ‘അവന്‍’ എന്നല്ല, ‘അത്’ എന്നത്രെ പരാമര്‍ശിക്കപ്പെടുന്നത്.”എന്‍
”ആത്മാവിനെ മാത്രം അറിയുക, മറ്റൊന്നും കേല്‌ക്കേണ്ടതില്ല.”
(”തമേ വൈകം ജാനേഥ ആത്മാനം
അന്യവാചോപി മുഞ്ചന”)
എന്നിങ്ങനെ മന്ത്രം ചൊല്ലുകയും ചെയ്യുന്നു.
ഇങ്ങനെ, ലൈംഗികതയേയും ആത്മീയതയേയും ഒത്തുചേര്‍ക്കുകയും മദ്ധ്യവര്‍ഗ്ഗമനസ്സിന്റെ ദാര്‍ശനികതലത്തിലെ വിഭജിതാവസ്ഥയെ വഞ്ചനാപരമായ പ്രയോജനമാത്രവാദം കൊണ്ട് മറികടക്കുകയും ചെയ്യുന്ന ഇവള്‍ കഥാവസാനത്തില്‍ സമന്വയചിന്തയുടെ പ്രബോധകയായി മാറുന്നുമുണ്ട്. എന്നാല്‍, ഇവളിലും കുടികൊള്ളുന്നത് വിഭക്തമായ മനസ്സാണ്. മനസ്സിന്റെ ഒരു ഭാഗം സ്മൃതി-വേദചിന്തകള്‍ക്ക് നല്കുന്നു. മറ്റൊരു ഭാഗം കൊണ്ട് കമ്മ്യൂണിസ്റ്റ് വിപ്ലവകാരികളുടെ പ്രവര്‍ത്തനങ്ങളെ കാണുകയും പ്രതികരിക്കുകയും ചെയ്യുന്നു. വേറൊരു പങ്കുകൊണ്ട് ഏട്ടത്തിയുടെ ഭര്‍ത്താവിനെ പ്രണയിക്കുന്നു, തന്റെ ലൈംഗികകാമനകള്‍ അയാളെ അറിയിക്കുന്നു. ഈ വിരുദ്ധഭാഗങ്ങളെ സമന്വയിപ്പിക്കാനുള്ള നായികയുടെ കഴിവിനെ അല്ലോപനിഷത്തിനെ കുറിച്ചുള്ള അവളുടെ പരാമര്‍ശം നന്നായി വെളിവാക്കുന്നു. ഹിന്ദുമതത്തിന്റേയും ഇസ്ലാംമതത്തിന്റേയും മൂല്യങ്ങളെ സമന്വയിപ്പിക്കാനായി ദിന്‍ ഇലാഹി എന്ന മതം സ്ഥാപിച്ച അക്ബറുടെ കാലത്ത് അദ്ദേഹത്തിന്റെ പ്രേരണയാല്‍ എഴുതപ്പെട്ട ഈ ഉപനിഷത്ത്, ഒത്തുചേര്‍ക്കാനും സമന്വയിപ്പിക്കാനുമുള്ള ശ്രമത്തിന്റെ രൂപകമായി ഈ കഥയില്‍ പ്രവര്‍ത്തിക്കുന്നു.
ഇവിടെ, അത് ജീവിതവൈരുദ്ധ്യങ്ങളെ സമന്വയിപ്പിക്കാനുള്ള മദ്ധ്യവര്‍ഗ്ഗക്കാരിയുടെ ആകാംക്ഷകളുടെയും അഭിനിവേശങ്ങളുടേയും സൂചനയാണ്. അല്ലോപനിഷത്തിനെ കുറിച്ച് ആഖ്യാതാവിനോടു പറയാന്‍ നായിക ഉപയോഗിക്കുന്ന വാക്കുകള്‍, ‘അള്ളായെ പ്രശംസിക്കുകയും മുഹമ്മദിനെ രജസുല്ല എന്നു വിളിക്കുകയും ചെയ്യുന്ന അല്ലോപനിഷത്ത്’, വിവേകാനന്ദന്റെ ഒരു കല്‍ക്കത്താ പ്രസംഗത്തില്‍ നിന്നുള്ള ഉദ്ധരണിയാണ്. വിഭാഗീയമായി എഴുതപ്പെട്ടത്, ‘ആധുനികം’, ചിലര്‍ക്ക് പെട്ടെന്ന് എഴുതാന്‍ കഴിയുന്നത്, കുറച്ചു സംസ്‌കൃതപദങ്ങള്‍ പഠിച്ചു കഴിഞ്ഞാല്‍ രജസുല്ലയെയോ മറ്റേതെങ്കിലും സുല്ലയെയോ കൊണ്ട് നിറയ്ക്കാന്‍ കഴിയുന്നത്.. .. എന്നിങ്ങനെ ആക്ഷേപത്തിന്റെയോ ശകാരത്തിന്റെയോ സ്വരത്തിലാണ് വിവേകാനന്ദന്‍ അല്ലോപനിഷത്തിനെ കുറിച്ചു പറയുന്നത്. ആക്ഷേപസ്വരത്തില്‍ സംസാരിക്കുന്ന വിവേകാനന്ദന്റെ വാക്കുകളെ ഉദ്ധരിച്ചു കൊണ്ടു തന്നെ അല്ലോപനിഷത്തിനെ കുറിച്ചു പറയുന്നതായി കല്പന ചെയ്യുന്നതിലൂടെ പരോക്ഷമായിട്ടാണെങ്കിലും നായിക പ്രതിനിധീകരിക്കുന്ന മദ്ധ്യവര്‍ഗ്ഗത്തിന്റെ സമന്വയശ്രമങ്ങള്‍ പ്രശ്‌നീകരിക്കപ്പെടുന്നു. മദ്ധ്യവര്‍ഗ്ഗത്തിന്റെ സമന്വയയത്‌നങ്ങള്‍ ഒരു മിഥ്യയാണ്. സ്മൃതി – വേദചിന്തകളുടെ ആരാധികയായി പ്രത്യക്ഷപ്പെടുകയും ഹിന്ദു-മുസ്ലിം മൈത്രിക്കു വേണ്ടിയുള്ള അക്ബറുടെ ശ്രമങ്ങളെ ഇകഴ്ത്തി കാണിക്കുന്ന വിവേകാനന്ദന്റെ വാക്കുകളെ തന്റെ പ്രത്യയശാസ്ത്രത്തിന്റെ വെളിപ്പെടുത്തലിന് ഉപയോഗിക്കുകയും ചെയ്യുന്ന നായികയുടെ കല്പനയില്‍ മദ്ധ്യവര്‍ഗ്ഗവല്‍ക്കരണത്തിന് വര്‍ഗ്ഗീയവല്‍ക്കരണത്തിന്റെ മൂലകങ്ങളെ സൃഷ്ടിക്കാന്‍ കഴിയുമെന്ന സൂചന കൂടിയുണ്ട്.
അടിമുടി വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ മദ്ധ്യവര്‍ഗ്ഗജീവിതലോകത്തിന്റെ ആഖ്യാനമായി മാറുന്ന ഈ കഥയുടെ ഘടന ചലച്ചിത്രത്തിലെ വ്യത്യസ്ത ഫ്രെയിമുകള്‍ പോലെ മാറി മാറി പ്രത്യക്ഷപ്പെടുന്നതാണ്. ചലച്ചിത്രത്തോടുള്ള പട്ടത്തുവിളയുടെ കമ്പം ‘ഉത്തരായണ’ത്തിലൂടെയും അദ്ദേഹത്തിന്റെ വായനക്കാര്‍ക്ക് വളരെ പരിചിതരായ ത്രിമൂര്‍ത്തികള്‍ പ്രത്യക്ഷപ്പെടുന്ന കഥകളിലെ ചലച്ചിത്രസംവിധായകനാകാന്‍ കൊതിക്കുന്ന രാമുവിലൂടെയും നേരിട്ട് പ്രകടിതമായിട്ടുള്ളതാണല്ലോ? ചലച്ചിത്രത്തിലെ സീനുകള്‍ക്ക് സദൃശമായ കഥയുടെ വിഭജിതഘടന മദ്ധ്യവര്‍ഗ്ഗത്തിന്റെ വിഭക്തലോകവുമായി നേര്‍ക്കുനേര്‍ ബന്ധപ്പെടുത്താവുന്നതുമാണ്.
ബാഹ്യയാഥാര്‍ത്ഥ്യത്തിന്റെ നേരിട്ടുളള ആഖ്യാനം മലയാളത്തിലെ കഥകളില്‍ വിരളമായി മാത്രം കാണുന്നതാണ്. ‘അല്ലോപനിഷത്തി’ല്‍ ബാഹ്യയാഥാര്‍ത്ഥ്യത്തിന്റെ നേര്‍ ആഖ്യാനം
വ്യവസ്ഥാപിത ഇടതുപക്ഷരാഷ്ട്രീയത്തിന്നെതിരായ ശക്തമായവിമര്‍ശനമായി പ്രത്യക്ഷപ്പെടുന്നു. ഒക്‌ടോബര്‍ വിപ്ലവചരിത്രത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ കൊണ്ട് കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയത്തെ താരതമ്യം ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അതിന്റെ വ്യവസ്ഥാപിതത്വത്തിന്നെതിരെ പരിഹാസത്തിന്റെ മഹാശബ്ദം ഉയരുന്നു. കേരളത്തിന്റെ അറുപതുകളുടെ അവസാനവര്‍ഷങ്ങളിലെ രാഷ്ട്രീയത്തെ നേരിട്ടു കഥയിലേക്കു പകര്‍ത്തുമ്പോഴും ഇത് ആവര്‍ത്തിക്കുന്നു.
”ഇന്നലെ ഞാന്‍ അജിതയെ കണ്ടു
എവിടെവെച്ച്?
ബസ് സ്റ്റാന്‍ഡില്‍, ചുവന്ന പുസ്തകം വില്ക്കുന്നു.
തനിച്ചോ?
അല്ല, ധാരാളം കാഴ്ചക്കാരുണ്ട്.”
”ഏട്ടാ, നമ്പൂതിരിപ്പാട് അധികാരം ഏറ്റെടുക്കും മുമ്പ് വയലാറിലെ രക്തസാക്ഷികളെ കണ്ടു നന്ദി പറഞ്ഞില്ലേ?
പറഞ്ഞു. അധികാരം ഏറ്റെടുത്തു. ആദ്യം തൊഴിച്ചത് മന്ദാകിനിയെയാണ് ”
ഇവിടെ, കഥാകാരന്‍ തന്റെ രാഷ്ട്രീയപക്ഷം ആര്‍ക്കും സന്ദേഹങ്ങള്‍ തോന്നാത്ത മട്ടില്‍ പറഞ്ഞു വയ്ക്കുന്നു.
‘അല്ലോപനിഷത്തി’ന്റെ രചനക്കു ശേഷമുള്ള കേരളത്തിന്റെ ചരിത്രം ഈ കഥ ഉയര്‍ത്തിയ സന്ദേഹങ്ങളേയും പാഠങ്ങളേയും ശരിവയ്ക്കുന്നതായിരുന്നു. അടിയന്തരാവസ്ഥയുടെ നീണ്ടരാത്രിയിലെ പീഡനങ്ങളെ നേരിട്ട് ജനാധിപത്യാവകാശങ്ങളെ തിരിച്ചുപിടിക്കാനും അധികാരത്തിന്റെ കടന്നാക്രമണങ്ങളെ ചെറുക്കാനും ഒരു ഇടിമിന്നലെന്നോണം കടന്നുവന്ന പ്രതിഷേധപ്രസ്ഥാനം, ജനകീയ സാംസ്‌ക്കാരിക വേദി, അടിസ്ഥാനജനതയോടു പുലര്‍ത്തിയ പ്രതിജ്ഞാബദ്ധതയും ആഭിമുഖ്യങ്ങളും കൊണ്ട് സര്‍ഗ്ഗാത്മകമായിരുന്നു. ഈ ‘പ്രസ്ഥാനം വിജയിച്ചതിനെ തുടര്‍ന്ന് അതിന്റെ പ്രവര്‍ത്തകര്‍ വിജയത്തെ കുറിച്ച് വീണ്ടുവിചാരം നടത്തുകയും’ പിരിഞ്ഞുപോകുകയും ചെയ്തത് മദ്ധ്യവര്‍ഗ്ഗകാമനകള്‍ ആ പ്രസ്ഥാനത്തേയും ആവേശിച്ചിരുന്നതിന്റെ തെളിവായിരുന്നു. ഇപ്പോള്‍, അത്തരമൊരു പ്രസ്ഥാനത്തിന്റെ ബീജാധാനത്തിനു കാരണമായേക്കാവുന്ന സന്ദിഗ്ദ്ധതകള്‍ പോലും കേരളസമൂഹത്തിലെ മദ്ധ്യവര്‍ഗ്ഗത്തില്‍ നിലനില്ക്കുന്നില്ല. ‘അല്ലോപനിഷത്തി’ലെ നായികയെ പോലെ എല്ലാറ്റിനോടും സ്വയം ക്രമീകരിക്കാന്‍ കഴിയുന്ന, വ്യവസ്ഥാപിതത്വത്തിന് സ്ഥൈര്യം ഉറപ്പിക്കുന്ന ദൃഢതയുളള മദ്ധ്യവര്‍ഗ്ഗമായി അതു മാറിക്കഴിഞ്ഞിട്ടുണ്ട്. ഏറ്റവും അടിത്തട്ടില്‍ നിന്നും ഉയരുന്ന പ്രതിഷേധത്തിന്റെ സര്‍ഗ്ഗാത്മകതക്കേ കേരളത്തില്‍ ഇനി പുതുചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ.

പട്ടത്തുവിള കരുണാകരൻ
(1925-1985)
1925 ജൂലൈയിൽ കൊല്ലത്ത് പട്ടത്തുവിള കുടുംബത്തിൽ ജനിച്ചു. പിതാവ്: കൊച്ചുകുഞ്ഞ്, മാതാവ്: കൊച്ചുകുഞ്ചാളി. കൊല്ലം ക്രേവൻ ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം, മദിരാശി പ്രസിഡൻസി കോളേജിൽ ചേർന്നു. നിയമപഠനത്തിനായി തിരുവനന്തപുരം ലോ കോളേജിൽ ചേർന്നുവെങ്കിലും പഠിപ്പ് പൂർത്തിയാക്കുകയുണ്ടായില്ല. “കേരളകൗമുദി’യിൽ പത്രപ്രവർത്തകനായി ചുരുങ്ങിയകാലം ജോലിനോക്കുകയുണ്ടായി. പിന്നീട് വിദ്യാഭ്യാസം തുടർന്നത് വിദേശത്താണ്. ചലച്ചിത്രകലയിൽ ഉപരിപഠനം നടത്തണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, പഠനം പൂർത്തിയാക്കിയത് ബിസിനസ് മാനേജ്മെന്റിലാണ്. ന്യൂയോർക്കിലെ സിറാക്യുസ് സർവകലാശാലയിലെ കോളേജ് ഒഫ് ബിസിനസ് മാനേജ്മെന്റിൽനിന്ന് എം.ബി.എ. ബിരുദം നേടി. നാട്ടിൽ തിരിച്ചെത്തി പിയേഴ്സ് ലെസ്ലി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. 1982-ൽ ഡിവിഷണൽ മാനേജർ ആയി വിരമിച്ചു. മുനി എന്ന കൃതിക്ക് കേരളസാഹിത്യഅക്കാദമി അവാർഡും ഉത്തരായണം എന്ന ചലച്ചിത്രത്തിന് നിർമാണത്തിനുള്ള കേന്ദ്ര അവാർഡും ലഭിച്ചു. ബൂർഷ്വാ സ്നേഹിതൻ, കണ്ണേ മടങ്ങുക, സത്യാന്വേഷണം, നട്ടെല്ലികളുടെ ജീവിതം, ബലി, കഥ-പട്ടത്തുവിള എന്നിവയാണ് പ്രസിദ്ധപ്പെടുത്തിയ മറ്റ് സമാഹാരങ്ങൾ. 1955-ൽ വിവാഹം. ഭാര്യ: സാറ. മക്കൾ: അനിത, അനുരാധ. 1985 ജൂൺ 5-ാം തീയതി നിര്യാതനായി.
അഭിവന കഥകള്‍
രചന : പട്ടത്തുവിള കരുണാകരന്‍
പ്രസാധനം : ഡി.സി. ബുക്‌സ്, കോട്ടയം
വില : 650 രൂപ







No Comments yet!