Skip to main content

പൊതുബോധം നിര്‍മ്മിക്കുന്ന മിഥ്യകള്‍

വി.പി. ശിവകുമാറിന്‍റെ ‘ഒറ്റ’ എന്ന കഥ പൊതുബോധത്തെ കടന്നാക്രമിച്ചു വിമർശിക്കുന്നതാണ്, പെട്ടെന്നുള്ള വായനയില്‍ അങ്ങനെ വിചാരിച്ചേക്കില്ലെങ്കിലും. ഇത്  കുന്നത്ത് കുട്ടൻനായരുടെ കഥയാണ്.
അയാളുടെ വാര്‍ദ്ധക്യകാലവൈകൃതങ്ങളെയാണ് കഥ എഴുതുന്നതെന്ന് തുടക്കത്തിൽ നമുക്ക് തോന്നിയേക്കും. സമൂഹത്തിലെ പ്രവണതകൾ വ്യക്തികളിലൂടെയാണല്ലോ ആവിഷ്കരിക്കാൻ കഴിയുക? അതിന്നപ്പുറത്ത്
കുട്ടൻ നായർ ഈ കഥയിൽ വ്യക്തിപരമായി വിചാരണചെയ്യപ്പെടുന്നില്ല. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ അയാള്‍ ഒരു കരുവാണ്. സമൂഹത്തിന്‍റെ പൊതുബോധവും സദാചാരങ്ങളും നിയമസംഹിതകളും ചേർന്ന് വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു നിർമ്മിക്കുന്ന വേലിക്കെട്ടുകളെയും വഴിതെറ്റി അവര്‍ എത്തിച്ചേരുന്ന  ദുരിതാവസ്ഥകളെയും കഥ എഴുതുന്നു. സ്വാതന്ത്ര്യനിഷേധത്തിലൂടെ ജീവിതകാലത്തിലുടനീളം അപമാനവീകരിക്കപ്പെടുന്ന വ്യക്തി മരണാനന്തരം സദാചാരപരമായ അതിഭൗതികനിർമ്മിതികളിലൂടെ മോക്ഷം പ്രാപിക്കുന്നതായി പൊതുബോധം ഉറപ്പുവരുത്തുന്നു. നാം ഏതെല്ലാം മിഥ്യാലോകങ്ങളിലാണ് ജീവിക്കുന്നതെന്ന് വി പി ശിവകുമാർ തുറന്നുകാട്ടുന്നു.
എല്ലാവര്‍ക്കും അറിയാവുന്ന കഥയാണ് ശിവകുമാര്‍ എഴുതിയത്. പക്ഷേ, സൂക്ഷ്മവായനയില്‍ അര്‍ത്ഥങ്ങള്‍ മാറിമറിയുന്നു.

കുന്നത്ത് കുട്ടന്‍ നായര്‍ മരിക്കാറായിരിക്കുന്നു. തൊണ്ണൂറ്റഞ്ച് വയസ്സുണ്ട്. ജീവിതം അന്തിയിലെ പ്രകൃതിദൃശ്യങ്ങള്‍ പോലെ ഇരുണ്ടു തുടങ്ങിയിരിക്കുന്നു.കുട്ടന്‍നായരുടെ സംസാരശേഷി ശോഷിച്ചിരിക്കുന്നു. നാവില്‍ വാക്കുകള്‍ വരണ്ടു പോകുകയാണ്. അയാള്‍ ലൈംഗികസ്വാതന്ത്ര്യത്തിനായി മോഹിച്ച നാളുകളുണ്ടായിരുന്നു. പക്ഷേ,എല്ലാം അടക്കിപ്പിടിച്ചു. സാമൂഹികനിയമങ്ങളും മാന്യതയുടെ മാനദണ്ഡങ്ങളും തനതായ ലൈംഗികേച്ഛകളുടെ പ്രകടനത്തില്‍ നിന്നും അയാളെ തടഞ്ഞു. ഇപ്പോള്‍, വാര്‍ദ്ധകത്തില്‍  മോഹങ്ങള്‍ പുറത്തേക്ക് അയാളറിയാതെ ഒഴുകിത്തുടങ്ങുന്നു. സംസ്കാരഭയവും മാന്യതയും ദുർബ്ബലമാകുമ്പോൾ അമര്‍ത്തിവച്ചിരുന്ന ലൈംഗികേച്ഛകള്‍ അസംസ്കൃതരൂപത്തിൽ ബഹിര്‍ഗമിക്കുന്നു. ശിവകുമാര്‍ എഴുതുന്ന ‘കുടത്തില്‍ മൂടിക്കെട്ടിയ സർപ്പം’ എന്ന രൂപകത്തില്‍ അടിച്ചമര്‍ത്തിയ ലൈംഗികേച്ഛകളെ വായിക്കാം. ഈ രൂപകം കഥയുടെ മനഃശാസ്ത്രപരമായ ഹൃദയമാണ്. പാമ്പ്/സര്‍പ്പം ലൈംഗികാഭിലാഷങ്ങളുടെ രൂപകമായി നിരന്തരം സാഹിതീയാഖ്യാനങ്ങളില്‍ കടന്നുവരാറുണ്ടല്ലോ? കുട്ടന്‍നായര്‍ നാളുകളായി അമർത്തിവച്ചിരുന്ന ലൈംഗികോർജ്ജം പുറത്തുവരുന്നത് വൈകൃതമായിട്ടാണ്. ആസുരരതിയിലൂടെ അയാൾ പൂർണ്ണനായ പുരുഷനായി. ഇപ്പോള്‍, ശരീരം തന്നെ അവസാനഭാഷയായി മാറുന്നു. സ്ത്രീകളെ കാണുമ്പോള്‍ വൃദ്ധന്‍റെ ഉടുമുണ്ടിന്‍റെ സ്ഥാനം തെറ്റുന്നു. ഈ ഭാഷ പലപ്പോഴും സമൂഹത്തിനു സഹിക്കാനാവാത്തത്ര അനാശാസ്യവും അതിശയകരമായി സത്യസന്ധവുമാണ്. ഈ ഭാഷ സാമൂഹികക്രമത്തിന്‍റെ ഭാഷയിലേക്കു വിവർത്തനം ചെയ്യപ്പെടാത്ത ആഗ്രഹമാണ്. ശരീരം ഭാഷയെ മറികടക്കുന്നു. ലക്കാനിയൻ വീക്ഷണത്തില്‍ സമൂഹത്തിന്‍റെ പ്രതീകാത്മകക്രമത്തില്‍ നിന്നും കുട്ടൻനായർ പുറത്തേക്കു നീങ്ങിയിരിക്കുന്നുവെന്നു പറയണം. മാന്യതയുടെ സദാചാരക്രമം അയാള്‍ ലംഘിക്കുന്നു. മാന്യത ഒരു സാമൂഹിക നിർമ്മിതിയാണ്. അതു നിലനിര്‍ത്തുന്നതില്‍ ശരീരനിയന്ത്രണത്തിന് വലിയൊരു പങ്കുണ്ട്. അയാളുടെ സ്വത്വം അവ്യക്തതയിലേക്കു വീണിരിക്കുന്നതിനാല്‍ നിയന്ത്രണം അസാദ്ധ്യമായിരിക്കുന്നു. ഇപ്പോള്‍, പുറത്തുള്ളവര്‍ക്ക് അയാളുടേത് നികൃഷ്ടമായ ശരീരം മാത്രമാണ്. അയാള്‍ വെറുക്കപ്പെട്ടവനായി മാറിയിരിക്കുന്നു. പ്രായമോ തറവാടിത്തമോ പണക്കൊഴുപ്പോ അയാളെ രക്ഷിക്കുന്നില്ല. പുറത്ത് അയാള്‍ അറപ്പുണ്ടാക്കുന്നു. പെൺകുട്ടികളുടെ അച്ഛനമ്മമാർ അയാളെ തെറി കൊണ്ട് അഭിഷേകം ചെയ്യുന്നു. ആൺകുട്ടികൾ അയാളുടെ വീട്ടുപടിക്കൽ ‘നിയമവിരുദ്ധസ്വകാര്യപ്രദർശനം’ എന്നു വരച്ചുവയ്ക്കുന്നു. ചുറ്റിനുമുള്ള ലോകം അയാളെ നോക്കി പരിഹാസച്ചിരി മുഴക്കുന്നു. സാന്മാര്‍ഗികത അച്ചടക്കത്തിന്‍റെ സാക്ഷാത്കൃതരൂപമാണല്ലോ? ശരീരം നിയന്ത്രണം വിടുമ്പോൾ സദാചാരം തകർന്നുവീഴുന്നു.

ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോൾ സാമൂഹികാധികാരവും നഷ്ടപ്പെടുന്നു. വ്യക്തിയുടെ ആദ്യത്തെയും  അവസാനത്തെയും സ്വത്ത് ശരീരമാണ്. അത് സാമൂഹികക്രമങ്ങളെ അതിലംഘിക്കുമ്പോള്‍
അയാളുടെ സാമൂഹികമായ മരണം സംഭവിക്കുന്നു. എണ്‍പതുവയസ്സായ അയാളുടെ ഭാര്യക്ക് നാണക്കേടു കൊണ്ട് പൊറുതിമുട്ടുന്നു. ഭാര്യയുടെ ശരീരം നേരിട്ട് ഒന്നും ചെയ്തിട്ടില്ലെങ്കിലും അവരുടേത് പുരുഷന്റെ ലജ്ജയുടെ ഭാരമേറ്റിരിക്കുന്ന സാമൂഹികശരീരമാണ്. സമൂഹം സൃഷ്ടിക്കുന്ന നാണക്കേട് അവരുടെ ശരീരത്തെ കൂടി അടച്ചിടുന്നു. അവരെ ഭർത്താവിന്റെ മരണം കാത്തിരിക്കേണ്ട അവസ്ഥയിലേക്കു നയിക്കുന്നു.
സ്ത്രീയുടെ അന്തസ്സോടെ ജീവിക്കുക എന്ന ആഗ്രഹം പോലും പുരുഷനെ ആശ്രയിക്കുന്ന പിതൃവ്യവസ്ഥയാണിത്. പുരുഷാധികാരത്തിന്‍റെ ക്രൗര്യം അവളുടെ ജീവിതത്തിന്‍റെ അവസാനഘട്ടത്തിലും
പിന്തുടരുന്നു. സമൂഹം സംരക്ഷിക്കുന്ന സന്മാർഗ്ഗബോധം മാനവികതയെ നിഷേധിക്കുന്ന ശൂന്യതയുടെ ചട്ടക്കൂടായി മാറുന്നതാണ് നാം വായിക്കുന്നത്. കുട്ടൻനായരുടെ അവസ്ഥ മാത്രമല്ല, അയാളുടെ ഭാര്യയുടെ അവസ്ഥയും ഇതിനു തെളിവാണ്.

ലൈംഗികതയുടെ നിരാസം സൃഷ്ടിക്കുന്ന ലോകത്തെയാണ് കുട്ടന്‍നായരുടെ കഥയിലൂടെ ശിവകുമാര്‍ എഴുതുന്നത്. അത് മനുഷ്യബന്ധങ്ങളുടെ നാശത്തിലേക്കു നയിക്കുന്നതാണ്. കുട്ടന്‍നായര്‍ മരിക്കുന്നതിനു മുന്നേ ആത്മനാശം സംഭവിക്കുന്നു. അയാളുടെ മുന്നില്‍ ഒറ്റപ്പെട്ട സ്ത്രീരൂപങ്ങൾ പുഴുക്കളെപ്പോലെ ചലിക്കുന്നു. ഈ ദൃശ്യത്തില്‍ വസ്തുവല്‍ക്കരിക്കപ്പെട്ട സ്ത്രീകളെയും ധാര്‍മ്മികബന്ധത്തിന്‍റെ പൂര്‍ണ്ണവിഘടനവും കാണാം.
സ്വാതന്ത്ര്യം; ലൈംഗികസ്വാതന്ത്ര്യവും, നിഷേധിക്കുന്ന സമൂഹങ്ങള്‍ ശരീരത്തെ ചരക്കാക്കി മാറ്റുന്നു. മനുഷ്യരെ മനോവൈകൃതങ്ങളിലേക്കു നയിക്കുന്നു. ഇതിനെ ലൈംഗികതയുടെ നിഗ്രഹം മാത്രമായി ചുരുക്കേണ്ടതല്ല. ഇത്  അടിച്ചമർത്തപ്പെട്ട അസ്തിത്വംതന്നെ. അടിച്ചമർത്തപ്പെട്ട ആഗ്രഹം ഒരു ഭൗതികശക്തിയായി പ്രത്യക്ഷപ്പെടുന്നു.
അദ്ദേഹത്തിന്റെ വൃദ്ധശരീരം ഉപബോധത്തിൽ നിന്നും പ്രകടമാക്കുന്ന അനിയന്ത്രിതമായ ലൈംഗികചോദനകൾ ദീർഘകാലമായി അദ്ദേഹത്തിന്‍റെ  ലൈംഗികേച്ഛ നേരിട്ട അടിച്ചമർത്തലിന്റെ പരിണാമഫലമായി കാണണം. സ്വയം ആവിഷ്കരിക്കാൻ മറ്റു വഴികൾ അടഞ്ഞുപോയവന്  ഓർമ്മകൾ ക്ഷയിക്കുകയും ഭാഷ നിശബ്ദമാകുകയും ചെയ്തപ്പോൾ ശരീരം അവസാനത്തെ ഭാഷയായി മാറുന്നതാണ് നാം കാണുന്നത്. ഈ ശരീരഭാഷയെ സമൂഹം അശ്ലീലമെന്നു മുദ്രകുത്തി പുറംതള്ളുന്നു.

കഥാന്ത്യത്തിലെ അതിഭൗതികദൃശ്യവിസ്താരം യഥാർത്ഥത്തിൽ എന്തു ദൗത്യമാണ് നിര്‍വ്വഹിക്കുന്നത്? കുട്ടന്‍നായരുടെ  മരണവിവരണം ഒരു സാധാരണ ആഖ്യാനം എന്നതിനെ മറികടന്ന് ശരീരനാശം,
ആത്മാവിന്റെ യാത്ര, കർമ്മഫലം, പുനർജന്മസങ്കൽപ്പം എന്നിവയുടെ പ്രതീകാത്മക ആഖ്യാനമായി മാറുന്നു.  പ്രത്യക്ഷവാസ്തവത്തിന്‍റെ ആഖ്യാനമെന്നതിലുപരി അതിന് അതിഭൗതികമാനങ്ങളുണ്ട്. കഥയിലെ കാക്ക ഒരു സാധാരണ പക്ഷിയല്ല. അത് ആത്മാവിനെ ശരീരത്തിൽ നിന്നും വേർതിരിക്കുന്ന ദൂതനാണെന്ന പ്രതീതി ജനിപ്പിക്കുന്നു. ”അയാളുടെ നരച്ച കണ്ണുകളിൽ നിന്ന് നോട്ടവും കുരലിൽ നിന്ന് ശബ്ദവും കാതുകളിൽ നിന്ന് ശ്രുതിയും രസനയിൽ നിന്ന് രുചിയും കൊത്തി മാറ്റി. മൂക്കിൽ നിന്ന് അവസാന ശ്വാസവും കൊത്തിയെടുത്ത് പറന്നു പോയി.” മരണവുമായി ബന്ധപ്പെട്ട ഹിന്ദുമതത്തിന്‍റെ ആചാരങ്ങളിൽ കാക്കയ്ക്ക് സവിശേഷസ്ഥാനമുണ്ട്. അത് പിതൃലോകവുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രാദ്ധത്തിന് ആദ്യം വിളമ്പുന്നത് കാക്കയ്ക്കാണ്. കാക്ക ഭക്ഷണം കഴിക്കുന്നത് പിതൃക്കൾ സ്വീകരിച്ചതായി കരുതുന്നു.

ഈ ‘അതിഭൗതികക്കാഴ്ച’യുടെ ആഖ്യാനത്തിലൂടെ കഥാകാരന്‍ എന്താണ് ചെയ്യുന്നത്? കുട്ടന്‍നായരുടെ മരണത്തിനു ശേഷം നടക്കുന്ന കര്‍മ്മങ്ങളിലൂടെ അയാളുടെ ആത്മാവിന് മോക്ഷം കിട്ടിയെന്നു സമാധാനിക്കുന്ന ലോകബോധത്തെ കഥാകാരന്‍ എഴുതുന്നു. കുട്ടൻനായരുടെ മരണത്തിനു ശേഷമുള്ള കർമ്മങ്ങൾ, ആത്മാവിന് ഗതി കിട്ടിയെന്ന പൊതുസമ്മതം, കഥാകാരന്‍ സവിശേഷം ഒരുക്കുന്ന  അതിഭൗതികദൃശ്യങ്ങൾ… ഇവയെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന സാമൂഹികമറവിയാണ് നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുക. കുട്ടന്‍നായര്‍ അനുഭവിച്ച ലൈംഗികജീവിതനിരാസത്തെയും അതിന്‍റെ തുടര്‍ച്ചയില്‍ മരണശയ്യയില്‍ പോലും സൃഷ്ടിക്കപ്പെട്ട അമാനവീകരണത്തെയും അതിഭൗതികവിശ്വാസങ്ങള്‍ കൊണ്ട് മറയ്ക്കുന്നുവെന്ന് നാം ബോദ്ധ്യപ്പെടുന്നില്ലേ? കഥയുടെ അവസാനഭാഗത്തെ ശാന്തമായ മോക്ഷലാഭം പൊതുബോധത്തിന്‍റെ കാപട്യത്തെ തുറന്നുകാട്ടുന്നതാണ്. ചുറ്റുമുള്ള മനുഷ്യർ കുട്ടന്‍നായര്‍ക്കു ‘ഗതി കിട്ടി’ എന്നു പറയുന്നതിലെ വൈരുദ്ധ്യത്തിലേക്കാണ് കഥ ചൂണ്ടിനില്‍ക്കുന്നത്. വ്യക്തികളുടെ യഥാർത്ഥമായ വേദനകളെയും അവര്‍ നേരിടുന്ന അപമാനത്തെയും മൂടിവയ്ക്കുന്ന സാമൂഹികചട്ടക്കൂടായി കുട്ടന്‍നായരുടെ ആത്മാവിനു ലഭിക്കുന്ന ഗതിയും മോക്ഷവും മാറിത്തീരുന്നതിനെ കഥാകാരന്‍ കാണിച്ചുതരുന്നു! മോക്ഷം എന്ന സങ്കല്‍പ്പനം ഒരു ആത്മീയനേട്ടമായിട്ടല്ല, സാമൂഹിക കുറ്റബോധത്തെ മൂടിക്കെട്ടാനുള്ള സാംസ്കാരിക ഉപാധിയായി പ്രവര്‍ത്തിക്കുന്നു.

കുട്ടൻ നായരുടെ ജീവിതം വ്യക്തിപരമായ ദുരന്തം എന്നതിലുപരി, മനുഷ്യാവസ്ഥയുടെ പരമാവധി അതിരിനെ സ്പർശിക്കുന്ന അനുഭവമായി കഥയിൽ നിറയുന്നു. നിർവ്വചനാതീതമായ ശൂന്യതയും അതിനെ നേരിടേണ്ടുന്ന  മനുഷ്യരും! ശൂന്യതയെ നേരിടാന്‍ കരുത്തില്ലാതെ അതു മറച്ചുവയ്ക്കാനായി നാം പൊങ്ങച്ചത്തിന്‍റെയും സദാചാരത്തിന്‍റെയും ബലൂണുകൾ വീർപ്പിക്കുന്നു. ഇങ്ങനെ, നമ്മളെയും കുടുംബത്തെയും സമൂഹത്തെയും ജീവിതത്തെയും കുറിച്ചു നാം തന്നെ വീര്‍പ്പിച്ചെടുക്കുന്ന ബലൂണുകളെ കുത്തിപ്പൊട്ടിക്കുന്ന കുസൃതിത്തരമാണ് വിപി ശിവകുമാറിന്‍റെ കഥയില്‍ നാം വായിക്കുന്നത്. മനുഷ്യന്റെ യഥാർത്ഥമോക്ഷം എവിടെയാണ്? അത് സാമൂഹികാംഗീകാരത്തിലോ വ്യക്തിയുടെ സ്വതന്ത്രമായ ആവിഷ്കാരത്തിലോ നാം തിരയേണ്ടത്?

കഥയുടെ ശീര്‍ഷകം ‘ഒറ്റ’യെന്നാണല്ലോ? ഈ വാക്ക് ഏകാന്തത, വിച്ഛേദം, സാമൂഹികബഹിഷ്കരണം എന്നിങ്ങനെ പല അർത്ഥങ്ങളിലേക്കു തുറക്കുന്നതാണ്. ശിവകുമാറിന്‍റെ കഥാഖ്യാനത്തിൽ ഈ തലങ്ങളെല്ലാം പരസ്പരം ഒന്നുചേർന്ന് ഒരു മനുഷ്യജീവിതത്തിന്റെ ദാരുണമായ അവസാനഘട്ടത്തെ ദാർശനികതലത്തില്‍  പ്രത്യക്ഷമാക്കുന്നു. ഒറ്റ എന്ന പദം കഥയുടെ തത്ത്വചിന്താപരമായ ഹൃദയമായിരിക്കുന്നു. സാമൂഹികമായി, മാനസികമായി, അതിഭൗതികതലങ്ങളിലും ഒറ്റപ്പെടുന്ന ഒരാളുടെ ജീവിതയാത്രയെ ഈ വാക്ക് സാകല്യത്തില്‍ ആവിഷ്ക്കരിക്കുന്നു.

പ്രമേയത്തില്‍ വ്യത്യസ്തതകളെ പണിതെടുത്ത് രൂപാന്തരപ്പെടുത്തി വേറിട്ടൊരു ആധുനികതയെ സൃഷ്ടിക്കാനാണ്  തന്‍റെ കഥകളിലൂടെ ശിവകുമാർ ശ്രമിച്ചത്. അതിനായി ദുരന്തവും ഹാസ്യവും ഇടകലർത്തുന്ന ശിവകുമാറിന്‍റെ സവിശേഷമായ ആഖ്യാനസങ്കേതത്തെയാണ് നാം ഇവിടെ പരിചയപ്പെട്ടത്.

No Comments yet!

Your Email address will not be published.