ലണ്ടനില്‍, 1934 ലാണ് പ്രൊഗ്രസ്സീവ് റൈറ്റേഴ്‌സ് അസോസിയേഷന്‍ (പി ഡബ്‌ള്യു എ) സ്ഥാപിക്കപ്പെടുന്നത്. സജ്ജദ് സഹീര്‍, മുല്ക് രാജ് ആനന്ദ് തുടങ്ങിയ എഴുത്തുകാരും ബുദ്ധിജീവികളുമായിരുന്നു അതിനു പുറകില്‍. ദാരിദ്ര്യം, അധിനിവേശ അടിച്ചമര്‍ത്തല്‍, വര്‍ഗ്ഗീയത
തുടങ്ങിയ അടിയന്തിര സാമൂഹിക പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനു സാഹിത്യത്തെ ഉപയോഗിക്കുക എന്നതായിരുന്നു ലക്ഷ്യം. 1936 ല്‍ ലക്‌നൗവില്‍ അതിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. സാമൂഹികാഭിപ്രായങ്ങള്‍ കലകളിലൂടെ ആവിഷ്‌കരിച്ചും, ഫാസിസത്തിനെതിരെ പോരാടിയും, പുരോഗമനാശയങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയും പുതിയ സാഹിത്യം സൃഷ്ടിക്കുക എന്നതായിരുന്നു പി ഡബ്‌ള്യു എ ലക്ഷ്യമിട്ടത്. അടിച്ചമര്‍ത്തവരുടെ ആവശ്യങ്ങളുടെ മുന്നണിപ്പോരാളിയായി അത്. കലയിലൂടെ സമത്വം പ്രോത്സാഹിപ്പിച്ചു. രാഷ്ടീയ സാമൂഹിക മാറ്റങ്ങള്‍ക്ക് ആധുനിക ഇന്ത്യന്‍ സാഹിത്യത്തെ ഒരു കരുത്തായി വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
പി ഡബ്‌ള്യു എയുടെ ചരിത്രപരമായ സ്ഥാപനം
ഇന്ത്യയുടെ കോളനി വിരുദ്ധ പോരാട്ടങ്ങളും ആഗോളതലത്തില്‍ നടന്നിരുന്ന രാഷ്ട്രീയ അസ്വസ്ഥതകളുമായി ആഴത്തില്‍ ബന്ധപ്പെട്ടതായിരുന്നു പി ഡബ്‌ള്യു എയുടെ രൂപീകരണം. മഹാസാമ്പത്തികമാന്ദ്യം, ഫാസിസത്തിന്റെ ഉദയം, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വ്യാപനം എന്നിവ അടയാളപ്പെടുത്തിയ കാലത്തില്‍ ഉയര്‍ന്ന് അവന്ന ഈ അസോസിയേഷന്‍ ഇത്തരത്തിലുള്ള മഹാക്ഷോഭങ്ങള്‍ക്ക്, വിപത്തുകള്‍ക്ക്, ധിഷണാപരമായ പ്രതികരണം വാഗ്ദാനം ചെയ്തു. 1929 ലെ വാള്‍ സ്ട്രീറ്റിലെ തകര്‍ച്ചയാല്‍ തുടക്കമിട്ട മുതലാളിത്തവ്യവസ്ഥയോടുള്ള ഇച്ഛാഭംഗവും യൂറോപ്പില്‍ ഫാസിസ്റ്റ് ശക്തികളുടെ വളര്‍ച്ചയും, സാമൂഹികമായി പ്രതിബദ്ധതയുള്ള, ഫാസിസ്റ്റ് വിരുദ്ധമായ, കലയുടെ ആവശ്യകതയെ പല ബുദ്ധിജീവികളേയും ബോധ്യപ്പെടുത്തി. അങ്ങനെയൊരു അന്താരാഷ്ട്ര സാഹചര്യത്തില്‍, പി ഡബ്‌ള്യു എ ഔപചാരികമായി ലണ്ടനില്‍ 1935 ലും ലക്‌നൗവില്‍ 1936 ലും സ്ഥാപിതമായി. അതിന്റെ നേതൃത്വത്തില്‍ സജ്ജദ് സഹീര്‍, മുല്ക് രാജ് ആനന്ദ്, പ്രേംചന്ദ് എന്നിവരായിരുന്നു.

സഹീര്‍, അഹ്‌മദ് അലി, റഷീദ് ജഹാന്‍ എന്നിവരുടെയടക്കമുള്ള കഥകളടങ്ങുന്ന അങ്കാരെ (1932) എന്ന ഉര്‍ദു സമാഹാരമാണതോടെയാണതിന്റെ ധിഷണാപരമായ ആരംഭം. ആന്ദ്രെ ഗിദെ പോലെയുള്ള വ്യക്തികളില്‍ നിന്നും ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് ഫോര്‍ ഡിഫന്‍സ് ഓഫ് കള്‍ച്ചര്‍ (പാരീസ്, 1935) തുടങ്ങിയ സംഘടനകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്, ലണ്ടനിലുണ്ടായിരുന്ന ഇന്ത്യന്‍ എഴുത്തുകാര്‍ പി ഡബ്‌ള്യു എയുടെ മാനിഫസ്റ്റൊ എഴുതിയുണ്ടാക്കി. സാമൂഹികാഭിപ്രായങ്ങള്‍ കലകളിലൂടെ ആവിഷ്‌കരിക്കുക, ഫാസ്റ്റിസ്റ്റ് വിരുദ്ധമായിരിക്കുക, അധിനിവേശ വിരുദ്ധമായിരിക്കുക എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള സാഹിത്യത്തിനിത് ആഹ്വാനം ചെയ്തു.
പി ഡബ്‌ള്യു എയുടെ ആദര്‍ശപരമായ ചട്ടക്കൂട് രൂപപ്പെടുത്തിയത് സോഷ്യലിസ്റ്റ് റിയലിസത്തിന്റെ സോവിയറ്റ് മാതൃകയ്ക്കനുസരിച്ചായിരുന്നു. 1917 ലെ ബോള്‍ഷെവിക് വിപ്‌ളവത്തിനു ശേഷമുള്ള സോവിയറ്റ് സാംസ്‌കാരിക നയം സാമൂഹിക പരിവര്‍ത്തനത്തിനു എഴുത്തുകാരുടെ ഭാഗധേയത്തെ ഊന്നിപ്പറയുന്നതായിരുന്നു. ഈ മനോഭാവം സാഹിത്യത്തെ നീതിയും സമത്വത്തിനുമുള്ള ഒരു ഉപകരണമായി വീക്ഷിക്കാന്‍ ഇന്ത്യന്‍ ബുദ്ധിജീവികളെ പ്രചോദിപ്പിച്ചു. പി ഡബ്‌ള്യു എ അതിന്റെ മാനിഫസ്റ്റൊയില്‍ എഴുത്തുകാരോട് യഥാതഥമായ ജീവിതാവസ്ഥകളെ ചിത്രീകരിക്കാനും, ഗൂഢാര്‍ത്ഥപരമായവയും, ഭ്രമകല്പനകളും, പാലായനപ്രവണതകളും തിരസ്‌കരിക്കാനും ആവശ്യപ്പെട്ടു. അങ്ങനെ അടിച്ചമര്‍ത്തവര്‍ക്ക് വേണ്ടി മുന്നണിപ്പോരാളികളാകാന്‍. സാമ്രാജ്യത്വം, ഫാസിസം, പിന്തിരിപ്പന്‍ മതചിന്തകള്‍ എന്നിവയെ പ്രാഥമിക ശത്രുക്കളായി തിരിച്ചറിയണമെന്നും, അധിനിവേശങ്ങള്‍ ഇല്ലാതാക്കാന്‍ ആഗോള തലത്തില്‍ നടക്കുന്ന പോരാട്ടങ്ങളുമൊത്തും, അന്താരാഷ്ട്ര സോഷ്യലിസ്റ്റ് നയങ്ങള്‍ക്കൊത്തും സഖ്യം ചേരണമെന്നും അതാവശ്യപ്പെട്ടു. 1936 ല്‍ ലക്‌നൗവില്‍ വച്ചു നടന്ന പി ഡബ്‌ള്യു എയുടെ ആദ്യ കോണ്‍ഫറന്‍സ് നെഹ്രൂവിയന്‍ പുരോഗമന ചിന്താഗതിക്കാരേയും മാര്‍ക്‌സിറ്റ് എഴുത്തുകാരേയും ഒന്നിച്ചു കൊണ്ടുവന്നു. അതുവഴി സര്‍ഗ്ഗാത്മകതയേയും ആക്ടിവിസത്തേയും ഒന്നു ചേര്‍ത്തു.
അങ്കാരെ: ഉത്പതിഷ്ണുതയുള്ള ഒരു സാഹിത്യ വിപ്‌ളവം
1932 ല്‍ പ്രസിദ്ധീകരിച്ച അങ്കാരെ, ഇന്ത്യന്‍ സാഹിത്യ രാഷ്ട്രീയ ചരിത്രത്തിലെ വിപ്‌ളവകരമായ ഒരു വഴിത്തിരിവായി. സജ്ജദ് സഹീര്‍, അഹ്‌മദ് അലി, റഷീദ് ജഹാന്‍ മഹ്‌മൂദ്-ഉസ്-സഫര്‍ എന്നിവര്‍ ചേര്‍ന്ന് ശേഖരിച്ച ഈ സമാഹാരം ധീരതയോടെ, പുരുഷനിയന്ത്രിതമായ വ്യവസ്ഥിതി, മത യഥാസ്ഥിതികത, അധിനിവേശം എന്നിവയെ ക്ഷമചോദിക്കാത്ത യാഥാതഥ്യത്താല്‍ വിമര്‍ശിച്ചു. സ്ത്രീ ലൈംഗികത, വര്‍ഗ്ഗ വൈരുദ്ധ്യങ്ങള്‍, മത സിദ്ധാന്തങ്ങള്‍ എന്നിവയെ ഈ കഥകളിലെ വിഷയങ്ങള്‍ ഒട്ടും ഭയമില്ലാതെ സൂക്ഷ്മപരിശോധന നടത്തി. സാഹിത്യത്തില്‍ ഒരു വിഷയവും പരിധിക്കു പുറത്താകുന്നില്ല എന്നങ്ങനെ ഊന്നിപ്പറഞ്ഞു. പുസ്തകത്തിന്റെ അകൃത്രിമത്വവും, സ്വാഭാവികതയും യാഥാസ്ഥിതികരെ കുപിതരാക്കി. 1933 ല്‍ ഈ പുസ്തകം നിരോധിക്കപ്പെട്ടു. എന്നാല്‍ അതിനൊപ്പം ഈ പുസ്തകം സത്യത്തിനും പരിവര്‍ത്തനത്തിനുമുതകുന്ന ഒരു ആയുധമാണ് സാഹിത്യം എന്ന് യുവ എഴുത്തുകാരെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഈ മുന്നേറ്റമാണ് 1936 ല്‍ ആദ്യത്തെ ആള്‍-ഇന്ത്യ പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് കോണ്‍ഫറന്‍സ് ലക്‌നൗവില്‍ ചേരാന്‍ കാരാണമാക്കിയത്.
അങ്കാരെയുടെ പൈതൃകമാണ് ഇസ്മത് ചുഗ്തായി, സാദത്ത് ഹസന്‍ മന്റൊ തുടങ്ങിയ പുരോഗമന എഴുത്തുകാരുടെ തലമുറയ്ക്ക് ഇന്ധനം നല്‍കിയത്. ചുഗ്തായിയുടെ കൃതികള്‍ സ്ത്രീ ലൈംഗികത, കുടുംബ ജീവിതം എന്നിവയെ ചുറ്റിപ്പറ്റി നിന്നിരുന്ന നിഷിദ്ധതകളെ വെല്ലുവിളിച്ചു. മന്റൊയുടേത് വിഭജനകാലങ്ങളില്‍ വര്‍ഗ്ഗീയാതിക്രമങ്ങള്‍, സാമൂഹ്യ ദ്വൈമുഖം എന്നിവയേയും. വിഷയങ്ങളുടെ തിരഞ്ഞെടുപ്പില്‍ അങ്കാരെ കാണിച്ച ധീരതയും അതിലെ യഥാതഥ്യതയും അധിനിവേശാനന്തര ഇന്ത്യന്‍ സാഹിത്യത്തിലെ ധാര്‍മ്മികാടിത്തറയെ രൂപപ്പെടുത്തുന്നതിനു സഹായകരമായി.

പി ഡബ്‌ള്യു എയുടെ മാനിഫസ്റ്റൊ
1935 ല്‍ ലണ്ടനില്‍ വച്ച് നക്കല്‍ തയ്യാറാക്കി 1936 ല്‍ ലക്‌നൗവില്‍ വച്ച് അംഗീകരിക്കപ്പെട്ട പി ഡബ്‌ള്യു എയുടെ മാനിഫസ്റ്റൊ ഇന്ത്യയുടെ ഏറ്റവും ദീര്‍ഘവീക്ഷണമുള്ള സാംസ്‌കാരിക രേഖകളിലൊന്നാണ്. മുന്‍ഷി പ്രേംചന്ദാണത് ആദ്യം ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തത്. ആ വിവര്‍ത്തനം സ്വാധീനമുള്ള മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഈ മാനിഫസ്റ്റൊ പുരോഗമന പ്രസ്ഥാനത്തിന്റെ ആദര്‍ശത്തെ സംഗ്രഹിച്ചു. ”ഇന്ത്യന്‍ സമൂഹത്തില്‍ മൗലികവും സമൂലവുമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു” എന്നുറപ്പിച്ചു പറഞ്ഞുകൊണ്ടാണത് ആരംഭിച്ചിരിക്കുന്നത്. ഈ പരിവര്‍ത്തനങ്ങളെ പിടിച്ചെടുക്കണമെന്നും സാഹിത്യത്തില്‍ അതുവഴി ശാസ്ത്രീയമായ യുക്തിയുക്തത പ്രോത്സാഹിപ്പിക്കണമെന്നും അത് തുടര്‍ന്നാവശ്യപ്പെട്ടു.
ആദര്‍ശവാദം, നിഗൂഢാത്മകത എന്നിവയെ മാനിഫസ്റ്റൊ തിരസ്‌കരിച്ചു. കുടുംബം, മതം, ലൈംഗികത, യുദ്ധം, സമൂഹം എന്നിവയുമായി ബന്ധപ്പെട്ട പിന്തിരിപ്പന്‍ പ്രവണതകള്‍ക്കെതിരെ പോരാടണം എന്ന് അത് എഴുത്തുകാരോട് ആവശ്യപ്പെട്ടു. സാഹിത്യം ഒരു സാമൂഹിക ദൗത്യമാണെന്ന് അടിവരയിട്ടു. ”ഇന്ത്യയിലെ പുതിയ സാഹിത്യം വിശപ്പ്, ദാരിദ്ര്യം, സാമൂഹിക പിന്നോക്കാവസ്ഥ, രാഷ്ട്രീയ തിരസ്‌കാരം എന്നിങ്ങനെയുള്ള അടിസ്ഥാന പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യണം.” സാമൂഹികവും രാഷ്ട്രീയവുമായ നവീകരണങ്ങളിലൂടെയും പരിഷ്‌കരണങ്ങളിലൂടെയും സാഹിത്യത്തെ തൊഴിലാളികളുടേയും കര്‍ഷകരുടെയും സ്ത്രീകളുടെയും പോരാട്ടങ്ങള്‍ക്കൊപ്പം നിര്‍ത്തണം എന്നതാവശ്യപ്പെട്ടു. ഇസ്മത് ചുഗ്തായ്, മന്റൊ തുടങ്ങി പിന്നീടു വന്ന എഴുത്തുകാര്‍ക്ക് പ്രോത്സാഹനമായ ആദ്യകാല വനിതാ സ്വരങ്ങളെ അത് പ്രോത്സാഹിപ്പിച്ചു. 1936 ലെ ആദ്യത്തെ ആള്‍-ഇന്ത്യ കോണ്‍ഫറന്‍സില്‍ പ്രേംചന്ദ് അദ്ധ്യക്ഷം വഹിച്ചപ്പോള്‍ അദ്ദേഹം സാഹിത്യം ”സമൂഹത്തിന്റെ കണ്ണാടി”യാകണം എന്നതിലൂന്നി സംസാരിച്ചു. ”സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിനുള്ള ഉപകരണമാകണം അത്” എന്നദ്ദേഹം എടുത്തു പറഞ്ഞു.
പുരോഗമന മുസ്‌ളീം സ്വരങ്ങള്‍
മാര്‍ക്‌സിസത്താലും സോഷ്യലിസ്റ്റ് ആശയങ്ങളാലും സ്വാധീനിക്കപ്പെട്ട പുരോഗമന ചിന്താഗതിക്കാരായ പല മുസ്‌ളീം എഴുത്തുകാരും പി ഡബ്‌ള്യു എയുടെ ഭാഗമായിരുന്നു. ഹസ്രത് മൊഹാനി, ഫയസ് അഹ്‌മദ് ഫയസ്, അഹ്‌മെദ് അലി, സാദത്ത് ഹസന്‍ മന്റൊ, ഇസ്മത് ചുഗ്തായി, മജ്രൂഹ് സുല്‍താന്‍പുരി, മജാസ് ലഖ്‌നാവി, അലി സര്‍ദാര്‍ ജാഫ്രി എന്നിവര്‍ ഉദാഹാരണങ്ങള്‍ മാത്രം. ഈ എഴുത്തുകാര്‍ മതനിരപേക്ഷത, ആധുനികത എന്നിവയെ പ്രോത്സാഹിപ്പിച്ചു. അവര്‍ വര്‍ഗ്ഗീയത, പുരുഷാധിപത്യം എന്നിവയെ വിമര്‍ശിച്ചു. വിഭാഗീയ ചിന്താഗതികളെ എതിര്‍ത്തു. ഉദാഹരണത്തിനായി വിഭജനത്തെക്കുറിച്ചുള്ള മന്റൊയുടെ കഥകള്‍ വര്‍ഗ്ഗീയ അക്രമങ്ങളേയും അവയ്ക്ക് മനുഷ്യരിലുണ്ടാകുന്ന പ്രഭാവത്തേയും ശക്തമായി തന്നെ രേഖപ്പെടുത്തുന്നവയായിരുന്നു.
അനേകം മുസ്‌ളീം എഴുത്തുകാര്‍ വിഭജനത്തെ എതിര്‍ക്കുകയുണ്ടായി. അതിനെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ ദുരന്തകഥയായി മാത്രമാണവര്‍ കണ്ടത്. അവരുടെ കൃതികളില്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷകളും നിരാശകളുമുണ്ടായിരുന്നു. ഫയസ് അഹ്‌മദ് ഫയസിന്റെ വിഖ്യാത കവിത ഇതിനെ ഹൃദയസ്പൃക്കായി പ്രതിഫലിക്കുന്നു.
യെ ദാഗ് ദാഗ് ഉജാല യെ സബ്-ഗസീദ സഹര്‍
വൊ ഇന്തിസാര്‍ ധാ ജിസ് കാ യെ വൊ സഹര്‍ തൊ നഹീ
യെ വൊ സഹര്‍ തൊ നഹീ ജിസ് കി ആര്‍സു ലെ കര്‍
ചലെ ഥെ യാര്‍ കി മില്‍ ജായേഗി കഹീ ന കഹീ
(ഈ കറപുരണ്ട ആദ്യകിരണം, രാവിനാല്‍ കളങ്കിതമായ പ്രഭാതം,
നമ്മള്‍ കാത്തിരുന്നു വേദനിച്ച പ്രഭാതം, അതിതല്ലല്ലോ.
നമ്മള്‍ യാത്രതിരിച്ചതീ പ്രഭാതത്തിനായല്ലല്ലോ,
എവിടേയോ, എവിടേയോ നമ്മളതു കണ്ടെത്തുമെന്നുറപ്പുണ്ടായിരുന്നല്ലോ).
അതുപോലെ തന്നെ അസ്രാറുള്‍ ഹക് മജാസ് സ്ത്രീ ശാക്തീകരണത്തെ ആവാഹിക്കാനായി അലങ്കാരങ്ങള്‍ ഉപയോഗിക്കുകയുണ്ടായി:
തേരെ മാഥെ പെ യെ അഞ്ചല്‍ ബഹുത് ഖൂബ് ഹെ, ലേകിന്‍
തൂ ഇസ് അഞ്ചല്‍ സെ ഇക് പര്‍ചാം ബനാ ലെതി തൊ അഛാ ധാ
(നിന്റെ മുഖത്തെ മൂടുപടം സുന്ദരമാണ്, എന്നാല്‍ അതിനെ നീയ്യൊരു പതാകയാക്കിയിരുന്നെകില്‍ അതതിസുന്ദരമാകുമായിരുന്നു.)
ഈ വരികള്‍ പുരോഗമനാശയക്കാരായ എഴുത്തുകാരുടെ ജീവചൈതന്യത്തെ സൂചിപ്പിക്കുന്നവയാണ്. മതേതര മാനവികതയും സാമൂഹ്യമാറ്റത്തിനായുള്ള ആഹ്വാനവും മിശ്രിതമാക്കുന്നതായണ്. സ്വാതന്ത്ര്യത്തിനു ശേഷം അവര്‍ അരികുവത്കരിക്കപ്പെട്ടത് മുസ്‌ളീം സമുദായത്തില്‍ യാഥാസ്തിതികതയുടെ ഉയര്‍ച്ചയ്ക്കും, പി ഡബ്‌ള്യു എ വിഭാവനം ചെയ്ത യുക്തിചിന്തകളെ അവഗണിക്കുന്നതിനും കാരണമായി.
പി ഡബ്‌ള്യു എ യുടെ പൈതൃതം തിരിച്ചുപിടിക്കല്‍
കോളനി വാഴ്ചയ്‌ക്കെതിരെയും ഫാസിസത്തിനെതിരേയും നടന്ന പോരാട്ടങ്ങളാല്‍ രൂപപ്പെട്ട പി ഡബ്‌ള്യു എയുടെ പൈതൃകം ഇന്നത്തെ നവ ഉദാരവാദ ഇന്ത്യയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. 1990 കളില്‍ ആരംഭിച്ച സാമ്പത്തിക സാമൂഹിക പരിവര്‍ത്തനങ്ങള്‍, സാഹിത്യത്തിന് പൊതുജനപ്രസ്ഥാനങ്ങളുമായുണ്ടായിരുന്ന ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. അത് സമഷ്ടിയായ അന്തര്‍ബോധത്തെ ബലഹീനമാക്കുകയും അസമത്വങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. എതിര്‍പ്പുകളെ ഇന്ന് എളുപ്പത്തില്‍ അടിച്ചമര്‍ത്തുന്നു. ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളും മുദ്രയടിക്കപ്പെടുന്നു. സ്വതന്ത്ര സംവാദങ്ങളേയും വെട്ടിമാറ്റുന്നു. വിദ്യഭ്യാസത്തിന്റെ കാവിവത്കരണം യുക്തിചിന്തകളെയും മതേതരത്വത്തേയും ഭീഷണിപ്പെടുത്തുന്നു. വിമര്‍ശന ചിന്താഗതികള്‍ പാഠ്യവിഷങ്ങള്‍ക്ക് പുറത്താകുന്നു.
ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യം, ചരിത്ര പുനര്‍വ്യാഖ്യാനം, അഭിപ്രായനിരോധനം, സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള നീര്‍ക്ഷണങ്ങള്‍ എന്നിവ അടയാളപ്പെടുത്തിയ ഓര്‍വല്ലിന്റെ 1984 എന്ന കൃതിയിലെ ഇരുണ്ട ലോകത്തോട് ഭീതിജനകമായ സാമ്യം കാണിക്കുന്നു. മതങ്ങളിലെല്ലാം യാഥാസ്തിതികത്വം ഉയര്‍ന്ന് വന്നിരിക്കുന്നു. അത് സമൂഹത്തിലെ സാഹോദര്യത്തെ വിഘടിപ്പിക്കുന്നു. പി ഡബ്‌ള്യു എ എന്ത് മൂല്യങ്ങള്‍ക്കായി നിലകൊണ്ടോ അവയെ ഇല്ലാതാക്കുന്നു.
പി ഡബ്‌ള്യു എയുടെ ആക്ടിവിസ്റ്റ് പൈതൃകത്തെ പുനസ്ഥാപിക്കുന്നതിനു കലയും സാഹിത്യവും യഥാര്‍ത്ഥ പോരാട്ടങ്ങളുമായി പുനര്‍ ബന്ധിക്കേണ്ടിയിരിക്കുന്നു. അനീതിക്കെതിരെയുള്ള പോരാട്ടം, സത്യത്തിനെ പ്രതിരോധിക്കുക, ചെറുത്തുനില്പുകള്‍, പരസ്പരം ആദര്‍ശൈക്യം, എന്നിവയുമായുള്ള ബന്ധം പുനര്‍ സ്ഥാപിക്കേണ്ടിയിരിക്കുന്നു. ഇതൊരു ഗൃഹാതുരത്വമല്ല. സമകാലിക ഇന്ത്യയ്ക്ക് വേണ്ടി നീതിയിലും സമത്വത്തിലും മതേതര മാനവികതിയയും വേരൂന്നിയ പുരോഗമനപരമായ പാത സൃഷ്ടിച്ചെടുക്കാനുള്ള ഒരു അടിയന്തിര കാഹളമാണ്.
(പൊളിറ്റിക്കല്‍ സയന്‍സില്‍ താത്പര്യമുള്ള അലിഗഡ് മുസ്‌ളീം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് ഷഹാന്‍ ആലം.)







No Comments yet!