Skip to main content

കേരളത്തിന്റെ ബാബാ സാഹിബ് സഹോദരന്‍ അയ്യപ്പന്‍ സംഘടിപ്പിച്ച ‘സമസ്ത കേരള സഹോദര സമ്മേളനം’

സഹോദരന്‍ അയ്യപ്പനെ കുറിച്ച് അനുസ്മരിക്കുന്ന എല്ലാവരും എഴുതാറ് 1917 ലെ പ്രസിദ്ധമായ മിശ്രഭോജനത്തെ കുറിച്ചാണ്. സഹോദര സംഘം രൂപംകൊണ്ട് ഒരു മാസത്തിന് ശേഷമാണ് മിശ്രഭോജനം നടക്കുന്നത്. തുടര്‍ന്ന് ഒരു മൂന്ന് വര്‍ഷത്തോളം സഹോദര സംഘക്കാര്‍ പല സ്ഥലങ്ങളിലും മിശ്രഭോജനവും ജാതിരാക്ഷസ ദഹന പരിപാടികളും നടത്തിയിരുന്നു.

നാലാം വര്‍ഷം ഗുരു ആലുവയില്‍ സംഘടിപ്പിച്ചതിനേക്കാള്‍ പ്രസക്തമായ ഒരു മഹാ സമ്മേളനവും അവര്‍ കേരളത്തില്‍ സംഘടിപ്പിച്ചിരുന്നു. പക്ഷേ ആ സമ്മേളനം ജാതിക്കും മതത്തിനും ദൈവത്തിനും എതിരെ ആയിരുന്നു എന്നതുകൊണ്ട് സര്‍വമത സമ്മേളനത്തെക്കുറിച്ച് വാചാലരാകുന്നവര്‍ ഈ സമ്മേളനത്തെ കുറിച്ച് ബോധപൂര്‍വം തന്നെ മൗനം പാലിക്കാറാണ് പതിവ്. രണ്ടും രണ്ട് സംഘടനകളാണ് നടത്തിയതെങ്കിലും രണ്ടും നാരയണഗുരുവിന്റെ ആശീര്‍വാദത്തോടെ തന്നെയാണ് നടന്നത്.

ശ്രീനാരായണ ഗുരു

രണ്ടും നടന്നത് ആലുവയില്‍ വെച്ച് തന്നെയാണ്. 1921ല്‍ ‘സാഹോദര്യം പുലരാന്‍ വര്‍ണ്ണാശ്രമ ധര്‍മ്മം വലിച്ചെറിയുക’ എന്ന മുദ്രാവാക്യവുമായി സഹോദര സംഘം ”സമസ്ത കേരള സഹോദര സമ്മേളനം” നടത്തിയതും ആലുവയില്‍ വെച്ചുതന്നെയാണ്. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കാനല്ല ആ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പെരിയാര്‍ ആദ്യമായി കൊച്ചിയില്‍ വരുന്നതെന്ന് പെരിയാര്‍ തന്നെ എഴുതിയിട്ടുണ്ട്. തിരുവിതാംകൂറില്‍ ആദ്യമായി വരുന്നത് വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കാനായിരുന്നു.

സമ്മേളന പന്തലിന്റെ കവാടത്തില്‍ ”സാഹോദര്യം സര്‍വത്ര” എന്നൊരു സൂക്തം എഴുതിവെച്ചിരുന്നു. അത് ഗുരു പറഞ്ഞുകൊടുത്ത സൂക്തമാണ്. ഗുരു ഒരു വശത്ത് ഭക്തശിരോമണികള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ മറുവശത്ത് യുക്തിവാദികള്‍ക്കൊപ്പവും നിന്നിരുന്നു. അതുകൊണ്ടാണ് അന്നത്തെ ഇന്റലക്ച്വല്‍സ് എല്ലാം ഗുരുവിന്റെ ശിഷ്യന്മാര്‍ ആയത്. സഹോദര സംഘത്തിന്റെ മുദ്രാവാക്യം തന്നെ ”ജാതി നാശത്ത്ക്ക് ജയ്, മത നാശത്തുക്ക് ജയ്, ദൈവ നാശത്തുക്ക് ജയ്” എന്നതായിരുന്നു.

ആ സമ്മേളനത്തെക്കുറിച്ച് മിതവാദി പത്രികയും കെ.സി കുട്ടന്റെ ‘കരപ്പുറം’ മാസികയും സഹോദരന്‍ പത്രവും കേരള കൗമുദിയും സ്പെഷ്യല്‍ പതിപ്പിറക്കിയിരുന്നു. ആലപ്പുഴയിലാണ് കൊച്ചി കഴിഞ്ഞാല്‍ സഹോദരസംഘക്കാര്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നതും ശക്തമായിരുന്നതും. അവരൊക്കെത്തന്നെയാണ് പിന്നീട് ആലപ്പുഴയിലെ കമ്യൂണിസ്റ്റ് നേതാക്കളായി മാറിയവരില്‍ അധികവും.

ആലുവയിലെ സഹോദര സമ്മേളനത്തില്‍ നടത്തിയ സുഗതന്‍ സാറിന്റെ പ്രസംഗം കരപ്പുറം മാസികയില്‍ നിന്നും ആര്‍ സുഗതന്‍ ഷഷ്ഠിപൂര്‍ത്തി സോവനീറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെരിയാര്‍, കെപി വള്ളോന്‍, എം സി ജോസഫ്. മിതവാദി കൃഷ്ണന്‍. ഡോ. പിപി ആന്റണി, സിവി കുഞ്ഞിരാമന്‍, രാമവര്‍മ്മ തമ്പാന്‍, പനമ്പള്ളി ഗോവിന്ദമേനോന്‍, ആര്‍ സുഗതന്‍, സി. കേശവന്‍, പി കെ കോരുമാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചിരുന്നു.

 

ആലുവയിലെ സര്‍വമതസമ്മേളനം ഹിന്ദുത്വവാദികള്‍ കുളമാക്കുകയും ഗുരുവിനെ സങ്കടത്തിലാക്കുകയുമാണ് ചെയ്തതെങ്കില്‍ സഹോദര സമ്മേളനം എല്ലാ അര്‍ത്ഥത്തിലും വിജയമായിരുന്നു. ആ സമ്മളനത്തിന്റെ വിജയമാണ് ഗുരുവിനെ സര്‍വ്വമത സമ്മേളനം നടത്താന്‍ പ്രേരിപ്പിച്ച ഒരു ഘടകവും. എന്നാല്‍ സര്‍വ്വമത സമ്മേളനത്തെ അന്യമത വിദ്വേഷ പ്രസംഗത്തിനുള്ള വേദിയാക്കിമാറ്റിയതില്‍ രോഷംകൊണ്ട് പരിഭാഷകന്മാര്‍ ആയിരുന്ന ടികെ മാധവനും സഹോദരന്‍ അയ്യപ്പനുമൊക്കെ പരിഭാഷ മതിയാക്കി വേദിയില്‍നിന്നും ഇറങ്ങിപ്പോകുകയായിരുന്നു ചെയ്തത്!

കരപ്പുറം മാസികയില്‍ മൂലൂര്‍ നിരവധി കവിതകള്‍ എഴുതിയിട്ടുണ്ട്. അതില്‍ ഒരു കവിതയുടെ പേര് തന്നെ ”സാഹോദര്യം” എന്നായിരുന്നു. ഗുരുവിനെ വൈക്കത്ത് വെച്ച് ബ്രാഹ്‌മണര്‍ റിക്ഷാവണ്ടിയില്‍ നിന്നിറക്കിവിട്ടതിനെ കുറിച്ചുള്ള കവിതയും കരപ്പുറം മാസികയിലാണ് ആദ്യമായി അച്ചടിച്ചുവന്നത്.

1917 ഏപ്രില്‍ 29 ന് ആയിരുന്നു കൊച്ചിയില്‍ കെ. അയ്യപ്പന്‍ സഹോദര സംഘത്തിന് രൂപം നല്‍കിയത്. അതായത് നാരായണഗുരു ജാതിയും മതവുമെല്ലാം ഉപേക്ഷിച്ചതിന്റെ ഒന്നാം വാര്‍ഷിക ദിവസം. ആ സഹോദര സംഘമാണ് പിന്നീട് യുക്തിവാദി സംഘമായി മാറിയത്.

മിശ്ര ഭോജനം, മിശ്രവിവാഹം, അധ:കൃതവര്‍ഗോദ്ധാരണം, സ്ഥിതിസമത്വവാദം ജാതി നശീകരണം എന്നിവയായിരുന്നു സഹോദര സംഘത്തിന്റെ പ്രവര്‍ത്തന പരിപാടികള്‍. ഈ സംഘത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ഒരുമാസത്തിന് ശേഷം 1917 മെയ് 29-ന് ആയിരുന്നു ചെറായിയില്‍ സാമൂഹ്യവിപ്‌ളവ രുചിയുള്ള ‘മിശ്രഭോജനം’ നടന്നത്.

മിശ്രഭോജനം സഹോദരനയ്യപ്പന് നേടിക്കൊടുത്തത് പുലയന്‍ അയ്യപ്പനെന്ന ബഹുമതിയാണ്. പക്ഷേ, അദ്ദേഹം എല്ലാ വിമര്‍ശനങ്ങളെയും ധീരമായി നേരിട്ടു. അദ്ദേഹത്തോടൊപ്പം മിശ്രഭോജനത്തില്‍ പങ്കെടുത്ത ഈഴവരെയെല്ലാം ‘പുല ചോകോന്മാര്‍’ ആക്കി സമുദായ ഭ്രഷ്ട്ട് കല്‍പ്പിച്ച് ചെറായിയിലെ വിജ്ഞാനവര്‍ദ്ധിനി സഭ പുറത്താക്കി. കുമാരന്‍ ആശാന്‍ ഉള്‍പ്പെടെ അയ്യപ്പനെതിരെ വിവേകോദയത്തില്‍ എഡിറ്റോറിയല്‍ എഴുതി. 10 വര്‍ഷത്തിന് ശേഷമാണ് സമുദായ ഭ്രഷ്ട്ട് മാറ്റിയത്. ശാരീരികമായി വരെ അയ്യപ്പന്‍ ആക്രമിക്കപ്പെട്ടു. ഗുരു മാത്രമേ അയ്യപ്പന്റെ കൂടെ നിന്നുള്ളൂ.

പുലയ സമുദായത്തില്‍ പെട്ട ചെറായി പള്ളിപ്പുറത്തുള്ള കോരശ്ശേരി വീട്ടിലെ അയ്യരും മകന്‍ കണ്ണനും ആണ് മിശ്രഭോജനത്തില്‍ പങ്കെടുത്തത്. മിശ്രഭോജനം എന്ന് കേള്‍ക്കുമ്പോള്‍ പലരുടെയും മനസിലുള്ളതുപോലെ പന്തിയില്‍ ഒരുമിച്ചിരുത്തി ഉണ്ണുകയായിരുന്നില്ല സഹോദരന്‍ ചെയ്തത്. ഒരു പടികൂടി കടന്ന് സഹോദര സംഘക്കാര്‍ സമ്മേളനം നടത്തിയശേഷം ഈ കോരാശ്ശേരി കണ്ണന്‍ കറി കൂട്ടി കുഴച്ച ചോറ് ആ ഇലയില്‍ നിന്ന് അയ്യപ്പനും സുഹൃത്തുക്കളും എടുത്ത് കഴിക്കുകയായിരുന്നു. ഭോജനത്തെ എങ്ങനെ മനുഷ്യരെ ഒരുമിപ്പിക്കാന്‍ വിനിയോഗിക്കാമെന്ന് ആ സംഭവം കേരളത്തിന് കാട്ടിക്കൊടുത്തു.

അല്ലാതെ അത് വെറുമൊരു പന്തിഭോജനം ആയിരുന്നില്ല, സഹോദരന്റെ മിശ്രഭോജത്തിന് മുന്‍പും ശേഷവും വേറെയും പന്തിഭോജനങ്ങളൊക്കെ നടന്നിട്ടുണ്ടെങ്കിലും സഹോദരന്‍ നടത്തിയ ഇടപെടലിനെ അവയൊന്നുമായി താരതമ്യപ്പെടുത്താവുന്നത് അല്ലാതാക്കുന്നത് അതാണ്.

മിശ്രഭോജനത്തിനു ശേഷം സഹോദരന്‍ അയ്യപ്പന്‍ അതില്‍ പങ്കെടുത്തവരെക്കൊണ്ട് ഒരു പ്രതിജ്ഞ കൂടി ചെയ്യിച്ചിരുന്നു. സഹോദരന് മുന്‍പോ ശേഷമോ നടന്ന പന്തിഭോജന സദ്യകളിലൊന്നും ആരും ഇങ്ങനൊരു പ്രതിജ്ഞ ചൊല്ലിച്ചിരുന്നില്ല. ഇന്ന് ആ പ്രതിജ്ഞക്കാണ് പ്രസക്തി സദ്യക്കല്ല. പ്രതിജ്ഞാ വാചകം ശ്രദ്ധിച്ചു വായിച്ചാല്‍ മനസിലാകും ഇത് മറ്റു പന്തിഭോജനങ്ങളുടെ ഗണത്തില്‍ പെട്ടത് ആയിരുന്നില്ല എന്ന്.
”ജാതിവ്യത്യാസം ശാസ്ത്രവിരുദ്ധവും ദോഷകരവും അനാവശ്യവും മനുഷ്യത്വ വിരുദ്ധവും ആയതുകൊണ്ട് അതിനെ ഇല്ലാതാക്കാന്‍ നിയമവിരുദ്ധമല്ലാത്ത വിധം എന്നാല്‍ കഴിയുന്നതൊക്കെ ഞാന്‍ ചെയ്യുന്നതാണ്” എന്നായിരുന്നു പ്രതിജ്ഞാവാചകം.

”ജാതിവ്യത്യാസം ശാസ്ത്രവിരുദ്ധമാണ്” അയ്യപ്പന്‍ സയന്‍സുമായി അതിനെ ലിങ്ക് ചെയ്തുകൊണ്ട്. സയന്‍സിന്റെ രീതിശാസ്ത്രത്തിലൂടെ പരിശോധിക്കുമ്പോള്‍ ജാതി വ്യത്യാസം സമ്പൂര്‍ണ്ണ അസംബന്ധവും മനുഷ്യവിരുദ്ധവും ആണ് എന്നാണ് പ്രതിജ്ഞ ചെയ്യിക്കുന്നത്, ദൈവത്തെ പ്രതിയല്ല.

ഗുരു ദൈവദശകം എഴുതിയപ്പോള്‍ സഹോദരന്‍ അതിനെ തിരുത്തി സയന്‍സ് ദശകം എഴുതുക മാത്രമല്ല ചെയ്തത്, ഗുരു വേദാന്തവും പുനര്‍ജന്മവുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ സഹോദരന്‍ പരിണാമ സിദ്ധാന്തത്തെക്കുറിച്ച് ”പരിണാമം” എന്നൊരു കവിതയും എഴുതുന്നുണ്ട്. അതിലദ്ദേഹം പറയുന്നത്-

”ഡാര്‍വീനിയദര്‍ശനം വെച്ചു
നോക്കുമ്പോള്‍ളഖിലത്തിനും
പ്രത്യാശാപൂര്‍ണ്ണമാമര്‍ത്ഥം
കാണാമഭിനവോജ്വലം” എന്നാണ്.
ഗുരു ”ഭാര്യാധര്‍മ്മം” എഴുതുമ്പോള്‍ പാര്‍വതി അയ്യപ്പന്‍ പിന്നീട് അതിന് നേര്‍വിപരീതമായ ആശയങ്ങളുമായി ”സ്ത്രീ ധര്‍മ്മം” എഴുതുന്നുണ്ട്.

”ശ്രീനാരായണന്‍ തുറന്ന മാര്‍ഗ്ഗം ശ്രീനാരയണനെ വെച്ച് അടക്കരുത്” എന്ന് പ്രഖ്യാപിക്കുന്ന അയ്യപ്പന്‍ സയന്‍സുമായി അതിനെ ലിങ്ക് ചെയ്യാനാണ് ശ്രമിച്ചത്.

സഹോദരന്‍ എന്തായിരുന്നു എന്ന് ഗുരു – ഗാന്ധി സംവാദത്തില്‍ ഗാന്ധിയെ കുരുപൊട്ടിക്കുന്ന സീനുകളില്‍ നിന്നും നമുക്ക് വ്യക്തമാകുമെങ്കിലും സഹോദരനെക്കുറിച്ച് സി. കേശവന്‍ ‘ജീവിത സമരം’ എന്ന തന്റെ ആത്മകഥയില്‍ വിവരിക്കുന്ന ഒരു രംഗം ചുവടെ ചേര്‍ക്കുന്നു.

”ടി.കെ. മാധവന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ കോട്ടയത്തുവച്ച് എസ്.എന്‍.ഡി.പി.യുടെ ഒരു വാര്‍ഷികം നടന്നു. പണ്ഡിത മദനമോഹന മാളവ്യ സന്നിഹിതനായിരുന്നു. മാളവ്യ സനാതനഹിന്ദുമതത്തിന്റെ പ്രവാചകനായി ബനാറീസ് സര്‍വ്വകലാശാലയ്ക്കു പണപ്പിരിവിനായി തെക്കേ ഇന്‍ഡ്യയില്‍ പര്യടനം നടത്തുകയാണ്. ടി.കെ. മാധവന്‍ സനാതനത്വത്തില്‍ ചാഞ്ഞു നില്ക്കുകയുമാണ്. സ്വതന്ത്രസമുദായവാദം, ബുദ്ധമതവാദം മുതലായ വാദങ്ങളെല്ലാം ഈഴവരുടെ ഇടയില്‍ അന്നു നടക്കുന്നുണ്ട്. നിര്‍ജ്ജാതിത്വം, നിര്‍മ്മതത്വം, നിര്‍ദൈവത്വം എന്ന മുദ്രാവാക്യങ്ങളും ഉത്പതിഷ്ണുക്കളും യുക്തിവാദികളും ആയ ഈഴവര്‍ മുഴക്കിത്തുടങ്ങിയിട്ടുണ്ട്. ഇതിന്റെയൊക്കെ നടുവിലാണ് ഇന്‍ഡ്യയിലെ ഒരു വലിയ ഹൈന്ദവ നേതാവായ മാളവ്യ വന്നുചാടിയത്. അദ്ദേഹം ഹിന്ദുമതം സനാതനമാണ്, പുരാതനമാണ്, പരമപാവനമാണ് എന്നിങ്ങനെ പഴയ രാമരാജ്യം അല്ലാതെ ഇന്‍ഡ്യയ്ക്കു മോക്ഷമില്ലെന്നു സ്ഥാപിക്കുവാന്‍ ഉദ്യുക്തനായി. പെട്ടെന്നു സദസ്യരില്‍നിന്നും സഹോദരന്‍ അയ്യപ്പന്‍ വികാരാവേശനായി ചാടി എണീറ്റ്, ‘ശൂദ്രമുനിയെ വെട്ടിക്കൊന്ന രാമന്റെ രാമരാജ്യം ഞങ്ങള്‍ക്കു വേണ്ട, അതിലും എത്രയോ ഭേദമാണു രാവണരാജ്യം’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ആ മഹായോഗത്തില്‍ വലിയ ഒരു കലാപം ഉണ്ടായി. മാളവ്യയുടെ പഴഞ്ചന്‍ ആശയങ്ങള്‍ ഈഴസവമുദായത്തിനു ദഹിക്കാന്‍ പോകുന്നില്ലെന്നു പിന്നീടുണ്ടായ കോലാഹലങ്ങള്‍ വിശദമാക്കി. മാളവ്യയ്ക്ക് അന്നുണ്ടായത് ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു.”

കേരളത്തിലെ ആദ്യത്തെ അംബേദ്കറൈറ്റുമായിരുന്നു കെ. അയ്യപ്പന്‍. സഹോദരന്‍ പത്രത്തിന്റെ പേജുകള്‍ പതിവായി പെരിയാര്‍ക്കും ഡോ. അംബേദ്കര്‍ക്കുമായി അദ്ദേഹം നീക്കിവെച്ചിരുന്നു, ”അംബേദ്ക്കര്‍ സ്‌പെഷ്യല്‍ പതിപ്പ്” വരെ സഹോദരന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹോദരന്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നത് ബാബാ സാഹിബില്‍ തന്നെ ആയിരുന്നു എന്ന് ഈ വരികള്‍ തന്നെ വ്യക്തമാക്കുന്നുണ്ടല്ലോ?

”അംബേദ്ക്കറെന്നതന്നാമ
ചതുരക്ഷരി മന്ത്രമായ്
ജപിക്കും നന്ദിതിങ്ങുന്ന
ഹൃത്തെഴും ഭാവിഭാരതം”
(ജാതി ഭാരതം )

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.