Skip to main content

നല്ല നൊണോളേയ്… സത്യാ

ഫ്രഞ്ച് ചലച്ചിത്രകാരിയായ അന്നാ ഫൊണ്ടോയ്നിന്‍റെ ‘നിഷ്ക്കളങ്കര്‍’ (Innocents) എന്ന ചലച്ചിത്രത്തെ കുറിച്ചെഴുതിയ ലേഖനത്തിന്  ‘കള്ളവും പറയേണ്ടതുണ്ട്’ എന്ന ശീർഷകമാണ് ഞാൻ നൽകിയത്.  സത്യത്തിനും സമാധാനത്തിനും വേണ്ടി എപ്പോഴും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന ഒരു കന്യാസ്ത്രീമഠത്തെ കേന്ദ്രീകരിക്കുന്ന പ്രമേയമാണ് ആ ചലച്ചിത്രത്തിന്‍റേത്.

The Innocents | Official UK Trailer | In Cinemas from 11 November

വെറിപിടിച്ച ഒരു സംഘം  സൈനികരുടെ ആക്രമണത്തില്‍ നിന്നും  ആ മഠത്തിലെ കന്യാസ്ത്രീകളെ രക്ഷിക്കാന്‍ ഒരു ലേഡി ഡോക്ടർ പറയുന്ന കള്ളം സഹായകമാകുന്നതിന്‍റെ കഥയാണ് അന്നാ ഫൊണ്ടോയ്ന്‍ ആവിഷ്ക്കരിക്കുന്നത്. ഈ ചലച്ചിത്രം രണ്ടാം ലോകയുദ്ധത്തിന്‍റെ അവസാനനാളുകളില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയതാണ്. അധികാരികളോടു കള്ളം പറഞ്ഞുകൊണ്ട് നിരവധി കന്യാസ്ത്രീകളുടെ ജീവിതം രക്ഷിച്ചെടുത്ത ആ സന്ദര്‍ഭം ചലച്ചിത്രകാരിയുടെ ഭാവനയായിരുന്നില്ല. ലോകചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ജീവിതസംഭവം തന്നെയായിരുന്നു, അത്. നിരവധി ജീവിതസന്ദര്‍ഭങ്ങളില്‍ നിസ്സഹായരായ സാധാരണമനുഷ്യര്‍ കള്ളം കൊണ്ട് അധികാരത്തിന്‍റെ നിഷ്ഠൂരതയെ നേരിടുകയും അതിജീവിക്കുകയും ചെയ്തത് ലോകചരിത്രത്തിലുണ്ടാകും! സത്യം ഒരു കേവലമൂല്യമല്ലെന്നു മനസ്സിലാക്കാനുള്ള അവസരങ്ങളായി ഇവ മാറിത്തീരുന്നുണ്ട്. ”ഭൂമിയില്‍ ഒരു പ്രയോജനവുമില്ലാത്ത സത്യങ്ങളാണ് അധികവും. മറ്റുള്ളവരെ വേദനിപ്പിക്കുമെന്നു കൂടിയുണ്ടെങ്കില്‍ അവ നുണകളേക്കാളും ആപത്ക്കരങ്ങളാണ് ” എന്ന് നമ്മുടെ ഒരു നോവലിസ്റ്റ്* എഴുതുന്നുണ്ട്.

ഷാഫി പൂവത്തിങ്കല്‍ എന്ന യുവകഥാകാരന്‍ എഴുതിയ ”റഖീബിനും അത്തീതിനുമിടയില്‍ നൊണകള്‍” എന്ന കഥ മനുഷ്യമനസ്സിന്‍റെ ഉള്ളറകളിലേക്കു കടന്നുകയറുന്ന ഒരു ഗംഭീര ആഖ്യാനമാണ്. നുണ കൊണ്ടു മാത്രം അതിജീവിക്കാന്‍ കഴിയുന്ന ഒരു സ്ത്രീജീവിതത്തെ എഴുതുകയും സത്യാനന്തരമായ സമകാലം തീവ്രതയോടെ ഉയര്‍ത്തുന്ന ദാര്‍ശനികപ്രശ്നത്തെ; നുണ നന്മയോടൊപ്പമോ തിന്മയോടൊപ്പമോ എന്ന പ്രശ്നത്തെ, ആഴത്തില്‍ വികലനത്തിനു വിധേയമാക്കുകയും ചെയ്യുന്നു, ഈ കഥ. നുണ ഏതു മലക്കാണ് എഴുതുകയെന്ന ഒരു കഥാപാത്രത്തിന്‍റെ ചോദ്യം; അത് തിന്മയുടെ മലക്കാണോ നന്മയുടെ മലക്കാണോ എഴുതുക എന്ന ചോദ്യം, കഥയുടെ അന്തരാത്മാവില്‍ നിന്നും ഉയര്‍ന്നു വരുന്നതാണ്. അത് കഥാവായനയിലുടനീളം നമ്മുടെ മനസ്സില്‍ എപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഷാഫി സൃഷ്ടിച്ച കഥാപാത്രങ്ങളുടെ തനതു ഭാഷയിലുള്ള വര്‍ത്തമാനങ്ങള്‍ അബോധത്തില്‍ നിന്നും ഉണര്‍ന്നുവരുന്ന വാക്കില്‍ നിറഞ്ഞിരിക്കുന്ന യാഥാര്‍ത്ഥ്യത്തെ കാണിച്ചുതരുന്നു. നന്മയുടെ മാലാഖ നുണ എഴുതുമെന്നു തന്നെ ഈ കഥ പറയുന്നു. എന്നാല്‍, ഈ കഥ നുണയുടെ കേവലന്യായീകരണമായി എഴുതപ്പെട്ടതല്ല. സത്യാനന്തരകാലയാഥാര്‍ത്ഥ്യത്തോടുള്ള സമീപനത്തില്‍ ഏറ്റവും ഉചിതമായ ചില പ്രശ്നീകരണങ്ങളാണ് കഥ മുന്നോട്ടുവയ്ക്കുന്നതെന്നു പറയണം.

കുഞ്ഞീവിയുടെ കഥയാണിത്. പിന്നോട്ടു നീങ്ങി  പഴയകാലത്തിന്‍റെ ചില കഥകള്‍ പറയുന്നുണ്ടെങ്കിലും കുഞ്ഞീവിയുടെ ഭര്‍ത്താവ് കുഞ്ഞിരായിന്‍ ഗള്‍ഫില്‍ നിന്നും വന്നതിനു ശേഷമുള്ള കാലമാണ് ആഖ്യാനകാലമെന്നു പറയാം.

”കുഞ്ഞിവ്യേ, ..ചെക്കനെന്തെങ്കിലും സൂക്കേട്ണ്ടോ?”

”ഇങ്ങക്കൊക്കെള്ള സൂക്കേടന്നെ അവന്ക്ക്ള്ളൂ… അല്ലാണ്ടെന്ത് ?”

”ജ്ജ് ന്നോട് നൊണ പറയല്ല്ട്ടോ”

കുഞ്ഞീവിയുടെ നുണയും  നുണയെ കുറിച്ചുള്ള കഥയിലെ പരാമര്‍ശങ്ങളും ഇവിടെ ആരംഭിക്കുന്നു.

പപ്പടത്തോടൊപ്പം ചീനച്ചട്ടിയുടെ വക്കത്തൊരൊഞ്ഞ കുഞ്ഞീവിയുടെ തള്ളവിരലും പൊള്ളയ്ക്കുന്നു. കുഞ്ഞിരായീന്‍റെ വെള്ളമുണ്ട് കുത്തിപ്പിഴിയുമ്പം പൊള്ളച്ച തള്ളവിരലിന്‍റൊപ്പം കുഞ്ഞീവിയും പുളയുന്നു.
പാത്രം മോറി നേരം വെളുപ്പിക്കുന്ന കുഞ്ഞീവിയുടെ അടുക്കള ജീവിതത്തെയും അടുക്കളയില്‍ അവളുടെ ബന്ധിതാവസ്ഥയെയും പരോക്ഷം വിശദമായി കഥയില്‍ എഴുതുന്നുണ്ട്. അരിച്ചാക്കില്‍ പൈസക്കുടുക്ക ഒളിപ്പിച്ചു വെക്കേണ്ടിവരുന്നവളാണ്, അവള്‍. സ്വജീവിതത്തിന്‍റെ ഈ സത്യസ്ഥിതിക്കെതിരെയാണ് അവളില്‍ നുണ വളരുന്നത്. കുഞ്ഞീവിയുടെ ജീവിതത്തിൽ എപ്പോഴും നുണ രക്ഷയാകുന്നത്, ജീവിതത്തിന്‍റെ സത്യവും സൗന്ദര്യവുമാകുന്നത്, അവളുടെ അഭിലാഷങ്ങളെയും ആഗ്രഹങ്ങളെയും നിറവേറ്റുന്നതിനുള്ള ഉപകരണമാകുന്നത് നാം വായിക്കുന്നു.

” ഒറ്റപ്പാലത്ത്ന്ന് രാവിലെ മലമ്പൊഴക്ക് ബിയെം ബസ്സുണ്ട്. എന്തേലും നൊണ പറഞ്ഞൊരൂസം മുങ്ങാം.”

വീട്ടില്‍ നുണ പറഞ്ഞ് രാവിലെ പുറപ്പെട്ട് ഒറ്റപ്പാലത്തു നിന്നും  ബസ്സു പിടിച്ച് മലമ്പുഴ വരെ പോയി യക്ഷിയെ കാണാം എന്നു പറയുമ്പോള്‍ ജീവിതാഗ്രഹങ്ങളുടെ സാഫല്യത്തിനു നുണ പറഞ്ഞേ മതിയാകൂ എന്ന അവസ്ഥയുടെയും സ്വാതന്ത്ര്യത്തിന്‍റെ പതാകയായി  നുണ മാറുന്നതിന്‍റെയും രേഖീകരണമായി അതു മാറുന്നു. അത്യപൂര്‍വ്വമല്ലെങ്കിലും നമ്മുടെ  പരിഗണനയില്‍ അധികമൊന്നും വരാത്ത സന്ദര്‍ഭങ്ങളെയാണ് കഥാകാരന്‍ പറഞ്ഞുവയ്ക്കുന്നത്.

യാത്ര ചെയ്യാനും ലോകാനുഭവങ്ങളുടെ വ്യത്യസ്തതകളിലൂടെ കടന്നുപോകാനും ജീവിതത്തിന്‍റെ സൗന്ദര്യം അറിയാനുമുള്ള ആഗ്രഹവും സ്വാതന്ത്ര്യവും നിരന്തരം കുഞ്ഞീവിക്കു നിഷേധിക്കപ്പെടുന്നു. ഈ അവസ്ഥയില്‍ നിന്നും അടുക്കളജീവിതത്തിന്‍റെ നിത്യദുരിതത്തില്‍ നിന്നും മുക്തയാകുന്നതിന് അവളെ തുണയ്ക്കുന്നത്  നുണയാണ്. നുണ പറഞ്ഞാല്‍ മാത്രം ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്ന ഈ സ്ഥിതിയില്‍ കുഞ്ഞീവിയുടെ സ്നേഹത്തിനും സ്വാതന്ത്ര്യത്തിനും നുണ കൂട്ടായിരിക്കുന്നു.  കഥയുടെ കാതലില്‍ കുഞ്ഞീവിയുടെ സൈത്താനെളക്കവുമുണ്ട്.കുഞ്ഞീവിയുടെ ശരീരത്തില്‍ കയറുന്ന സെയ്ത്താനും നുണ തന്നെ!

”ന്‍റെ ദീനൊരു നൊണ്യാ. ഇക്കൊരു സൈത്താനെളക്കോല്ല”

അവള്‍ തേഞ്ഞുതീരുന്ന ഒരു വീട്ടുപകരണമാണ്,

നുണ കൊണ്ട് മാത്രം ജീവിക്കുന്ന മറ്റൊരാൾ കൂടി കഥയിലുണ്ട്. കുഞ്ഞിക്കണ്ണൻ. വേഷംകെട്ടിയാണ് അയാൾ ജീവിക്കുന്നത്. കൂടെ കിടക്കണ പെമ്പ്രന്നോത്തിയെ പോലും പറ്റിക്കുന്ന, ഉറക്കം തരാത്ത നുണയാണ് തന്‍റെ ജീവിതമെന്ന് കുഞ്ഞിക്കണ്ണൻ കുഞ്ഞിരായിനോട് പറയുന്നുണ്ട്. കുഞ്ഞിക്കണ്ണന്‍റെ വേഷം കണ്ടിട്ടോ കുഞ്ഞീവിയുടെ സൈയ്ത്താനെളക്കം കണ്ടിട്ടോ യൂസഫിന് അസുഖമെന്ന ചോദ്യത്തിന്  നിശ്ചയിക്കാൻ കഴിയില്ലെന്ന മറുപടി ആദ്യം പറയാമെങ്കിലും, തത്ത കുഞ്ഞീവിയുടെ ഒട്ടിയ പള്ള മണ്‍കലം കൊണ്ട് ഉഴിയുന്നതിനെ അനുകരിച്ചു കൊണ്ടെന്നോണം കുഞ്ഞിരായീന്‍റെ പള്ള ഉഴിയുന്ന യൂസഫിനെ നാം വായിക്കുന്നുണ്ട്. ചെക്കന്‍റെ സൂക്കേട് അവന്‍റെ  ഉമ്മയെ അനുകരിക്കുന്നതാകണം. അത് പാരമ്പര്യമാണെന്നുള്ള വിധിക്ക് അങ്ങനെ ന്യായമുണ്ട്. യഥാർത്ഥത്തിൽ കുഞ്ഞീവിയുടെ സൈയ്ത്താനെളക്കം എന്തിന്‍റെ ലക്ഷണമാണ്?  അത് നുണയാണ്. ഒപ്പം അവളുടെ ജീവിതസ്ഥിതിയുടെ ബാക്കിപത്രവുമാണ്. കുഞ്ഞീവിക്ക് പിന്നെയും സൈയ്ത്താൻ ഇളകുമ്പോൾ കുഞ്ഞിക്കണ്ണന്‍ വീണ്ടും വേഷം കെട്ടുമോ എന്ന ശങ്ക തത്തയ്ക്കുണ്ടാകുന്നു!

നുണ പല വിധത്തിലുള്ള പ്രശ്നീകരണങ്ങള്‍ക്കു വിധേയമാകുന്ന എത്രയോ സന്ദര്‍ഭങ്ങളെ കഥയില്‍ നിന്നും കണ്ടെടുക്കാം.

***

”ഉടുതുണില്ലാണ്ടെ നാട്ടേം പൊളിച്ചിരിക്കണ യക്ഷ്യേയ്!” തത്തേടെ ചെല കുഞ്ഞീവിക്ക് ദഹിച്ചില്ല.

”നൊണല്ലെടി കുര്പ്പേ, ഇള്ളതാത്രേന്ന്.”

”ഇങ്ങനൊക്കെ നൊണ പറഞ്ഞാ അന്‍റെ കണ്ണടിച്ച് പോം മളേ”

”ന്നിട്ട് നല്ല പെരുംനൊണ തലങ്ങും വെലങ്ങും എഴുതിവിട്ടിട്ടും ന്‍റെ കണ്ണ്പ്പളും കുണ്ടമ്പാത്രം പോലെ മോത്തന്നെണ്ടല്ലോ?”

***

”കുഞ്ഞിക്കുട്ടന്‍ നായര്ടെ മൂന്നു കണ്ടം ഞാന്‍ വാങ്ങി”

”നൊണ പറയില്ലിം”

”നൊണല്ലിബ് ലീസേ, സത്യാ”

***

”ഏതാപ്പ സത്യം, ഏതാപ്പ നൊണ”

***

അരിച്ചാക്ക്ന്ന് കുഴിച്ചെടുത്ത സംസംകയീടെ ചൂട് വെറങ്ങലിച്ച തത്തേടെ യ്യില് വച്ചുകൊടുത്തു. രണ്ടു പെണ്ണുങ്ങളുമപ്പോ അലിഞ്ഞ് പെരുമഴയായി. ”ജ് കക്കല് നിര്‍ത്തീല്ലാലേ”

***

കഥയിലെ രണ്ടു സ്ത്രീകഥാപത്രങ്ങള്‍ – കുഞ്ഞീവിയും തത്തയും – തമ്മിലുള്ള ബന്ധം വളരെ സവിശേഷമായതാണ്.  പരസ്പരം  വേദനകള്‍ പങ്കുവയ്ക്കുന്ന സ്ത്രീകള്‍ക്കിടയിലെ സൗഹൃദത്തിന് അത് ചില പുതിയ മാനങ്ങള്‍ നല്‍കുന്നു. പാരതന്ത്ര്യത്തില്‍ ജീവിക്കുമ്പോഴും സ്വാതന്ത്ര്യവും സര്‍ഗാത്മകതയും നിറഞ്ഞു തുളുമ്പുന്ന വര്‍ത്തമാനങ്ങള്‍ പറയുന്നവര്‍. അവര്‍ക്കിടയിലെ കലഹങ്ങളും കുത്തുവാക്കുപറച്ചിലുകളും പോലും ഉള്ളിലുള്ള ആത്മാര്‍ത്ഥമായ ഹൃദയബന്ധത്തിന്‍റെ ചിത്രണമായി മാറുന്നു. കുഞ്ഞീവിയുടെ ഒട്ടിയ പള്ള മണ്‍കലം കൊണ്ട് ഉഴിഞ്ഞു കൊടുക്കുന്ന തത്തയെ കഥാകാരൻ എഴുതുന്നുണ്ട്. അവര്‍ പരസ്പരം ആശ്രയമാണ്. എപ്പോഴും പരസ്പരം മനസ്സു തുറക്കാന്‍ കഴിയുന്ന ആത്മബന്ധം അവര്‍ക്കിടയിലുണ്ട്. അവരുടെ വഴക്കുകൾ ദൂരത്തിന്റെ അടയാളങ്ങളല്ല. അവർ എത്ര അടുത്താണെന്നും പരസ്പരം എത്രമാത്രം ആശ്രയിക്കുന്നുവെന്നും ചൂണ്ടിക്കാണിക്കുന്ന അടയാളങ്ങളാണവ. മറ്റാരും ശ്രദ്ധിക്കാത്ത വിധത്തിൽ അവർ ഭാരങ്ങൾ പങ്കിടുന്നുണ്ട്. മറ്റെല്ലാ വാതിലുകളും അടഞ്ഞിരിക്കുന്നതിനാൽ പരസ്പരം ആശ്വാസം കണ്ടെത്തുന്ന സ്ത്രീകളുടെ വൈകാരികാവസ്ഥയെ അനുഭവിച്ചറിയാൻ അവരുടെ സംഭാഷണങ്ങള്‍ നമുക്കു സഹായകമാകുന്നു.

”അന്നേക്കായി നല്ല മൊലേരിക്കും യക്ഷിക്ക്.”

കുഞ്ഞീവിയും തത്തയും തമ്മിലുള്ള ബന്ധം ഈ ആഖ്യാനത്തിനു തന്നെ  വൈകാരികശക്തി നൽകുന്നു. സ്ത്രീകള്‍ക്കിടയിലെ സൗഹൃദത്തിനപ്പുറം ദളിത്-സ്ത്രീ സഖ്യങ്ങളുടെയും ദളിത്-മുസ്ലീം ഐക്യത്തിന്‍റെയും പ്രമേയങ്ങള്‍ കഥയുടെ അബോധത്തില്‍ സൂക്ഷ്മതലത്തില്‍ ഇവരിലൂടെ സമ്മേളിച്ചിരിക്കുന്നു. പ്രത്യക്ഷമായ രാഷ്ട്രീയ ഭാഷയിലൂടെയല്ല ഇത് വിനിമയം ചെയ്യപ്പെടുന്നത്. മറിച്ച്, ജീവിതത്തിന്‍റെ വളരെ  സാധാരണമായ അനുഭവങ്ങളിലൂടെ.

നിസാറളിയങ്കായിലൂടെയും മാനുമൊൗല്യാരിലൂടെയും മതം, കുഞ്ഞിക്കണ്ണനിലൂടെ ഒടിവിദ്യയും അടിയാന്‍ ജീവിതവും, പണിക്കരിലൂടെ കൂടോത്രം, കുഞ്ഞിക്കുട്ടന്‍ നായരിലൂടെ ജന്മിത്തം, കൃഷ്ണമ്പിള്ളയിലൂടെ രാഷ്ട്രീയം… പാഠാന്തരസമൃദ്ധിയിലേക്കു നയിക്കുന്ന നിരവധി മൂലകങ്ങളെ കുഞ്ഞീവിയുടെയും തത്തയുടെയും കഥയോടൊപ്പം സന്നിവേശിപ്പിച്ചിരിക്കുന്നതിലുടെ ബഹുലതകളുടെ ആഖ്യാനമായി കഥ മാറിത്തീര്‍ന്നിരിക്കുന്നു.

കുഞ്ഞീവിയുടെ ജീവിതം അവളുടെ നുണകളിലേക്കുള്ള യാത്രയെ വിശദീകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നു. നുണ പ്രതിരോധത്തിന്റെ ഒരു മാര്‍ഗ്ഗമാണ്. യക്ഷിയെ കാണാന്‍ മലമ്പുഴയിലേക്കുള്ള ബസ് യാത്രയെന്ന നടക്കാത്ത ആഗ്രഹം കുഞ്ഞീവിയുടെ അവസ്ഥയുടെ പ്രതീകാത്മകമായ രേഖീകരണമായി കാണാം. വ്യത്യസ്തമായ ഒരു ആന്തരികലോകം സൃഷ്ടിക്കാന്‍ നുണ അവളെ പ്രാപ്തയാക്കുന്നു. മറ്റുള്ളവർക്കു സാധാരണമായതെന്നു തോന്നുന്ന കാര്യങ്ങള്‍ക്കു പോലും അവള്‍ക്കു നുണയെ ആശ്രയിക്കേണ്ടിവരുന്ന നിലയിലേക്ക് ഇതു മാറുന്നുവോയെന്നു സന്ദേഹിക്കണം. കുഞ്ഞീവിയുടെ സൈയ്ത്താന്‍ ഇളക്കവും അവളുടെ ആഗ്രഹങ്ങളുടെ മറ്റൊരു തലത്തെയാണ് കാണിക്കുന്നത്. അവളുടെ മനസ്സിന്‍റെ  പ്രതികരണമാണതും.

പരിമിതമായ ഗാർഹികജീവിതലോകത്തിനുള്ളിൽ ഒരു അതിജീവനതന്ത്രമായി നുണകള്‍ മാറിത്തീരുന്നതിനെ സര്‍ഗ്ഗാത്മകമായ തനതു നാട്ടുഭാഷയില്‍ എഴുതുന്നതിലാണ് ഈ കഥയുടെ കേന്ദ്രശക്തിയെന്നു പറയാം. വൈകാരികലോകത്ത് നിരന്തരം അഭിമുഖീകരിക്കുന്ന അവഗണനയും അടുക്കളയിലെ അവസാനിക്കാത്ത കായികാദ്ധ്വാനവും വ്യക്തിസ്വാതന്ത്ര്യമില്ലാത്ത സ്ഥിതിയുമാണല്ലോ കുഞ്ഞീവിയുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ നുണ ധാർമ്മിക പരാജയമായിട്ടല്ല, മറിച്ച് സ്വാതന്ത്ര്യം വീണ്ടെടുക്കുന്നതിനുള്ള അവശ്യോപകരണമായി മാറിത്തീരുന്നതിനെ കഥ കാണുന്നു. ചെറിയ ഒഴിഞ്ഞുമാറലുകളിൽ തുടങ്ങുന്ന നുണകളാകണം ബോധപൂർവ്വമായ രക്ഷപ്പെടലിനുള്ള മാര്‍ഗ്ഗങ്ങളായി വളരുന്നത്. ആ  നുണകൾ കുഞ്ഞീവിയ്ക്കു ചുറ്റും നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന മതിലുകൾക്കപ്പുറത്തേക്കു അവള്‍ക്കു കടക്കാനുള്ള മാർഗ്ഗമായി മാറുന്നു.

കുഞ്ഞീവിയുടെ ജീവിതസാഹചര്യത്തിന്റെ സങ്കീർണ്ണതകള്‍ നുണയെ സ്വാതന്ത്ര്യത്തിന്റെ ഭാഷയാക്കി മാറ്റുന്ന സാമൂഹികഘടനകളെ കാണാൻ വായനക്കാരനെ പ്രേരിപ്പിക്കുന്നതും പ്രാപ്തമാക്കുന്നതുമാണ്. കഥ കുഞ്ഞീവിയെ വിധിക്കുന്നില്ല. വീട്ടുജോലികളാലും കടമകളാലും മാത്രം നിലനിർത്തപ്പെടുന്ന ഒരു ജീവിതത്തിൽ കലാപത്തിന്റെയും വാഞ്‌ഛയുടെയും നർമ്മത്തിന്റെയും തീപ്പൊരികൾ എങ്ങനെയെല്ലാം  ഉള്ളടങ്ങിയിരിക്കാമെന്ന് അതു കാണിച്ചുതരുന്നു.  ആ തീപ്പൊരികൾ കഥയ്ക്കുള്ളില്‍ നുണയുടെ രൂപമെടുക്കുന്നതാണ് നാം വായിക്കുന്നത്. സാധാരണജീവിതം അതിന്റേതായ ഭൂഗർഭപാതകൾ എങ്ങനെ നിര്‍മ്മിക്കുന്നുവെന്നതിനെ കഥ അനാവൃതമാക്കുന്നത് നമ്മെ ആകര്‍ഷിക്കുന്നു. കുഞ്ഞീവിയുടെ നുണകൾ നാടകീയമല്ല, ആരെയും വേദനിപ്പിക്കുന്നതല്ല, അതിനായി ഉദ്ദേശിച്ചതുമല്ല. അവളെ അടച്ചുപൂട്ടുന്ന അറയ്ക്കുള്ളിൽ അവൾ തുരക്കുന്ന ചെറിയ വിള്ളലുകളാണ് അവ. ഷാഫി എഴുതിയ കഥ ലളിതമായ ഒരു സത്യം പറയുന്നു: സ്ത്രീയുടെ ലോകം അടുക്കളയുടെ വലിപ്പത്തിലേക്ക് ചുരുങ്ങുമ്പോൾ, നുണ കൂടിയും അവൾക്ക് അതിജീവിക്കാനുള്ള  ഉപകരണമായി മാറാം.

യാതനാപൂര്‍ണ്ണമായ ജീവിതമെങ്കിലും ഇത്രമേല്‍ തത്ത്വചിന്താക്ഷമത വഹിക്കുന്ന കുഞ്ഞീവിയുടെ പ്രവൃത്തികള്‍ക്കപ്പുറത്ത് അവളുടെ വാക്കുകളില്‍ ദാര്‍ശനികതയുടെ അനുരണനങ്ങളുണ്ടോ? ”എല്ലാം അറിഞ്ഞാ അയ്ന്‍റെ കനം കൊണ്ട് നടക്കാൻ പറ്റാണ്ടാകേള്ളൂ” എന്ന പറച്ചിലില്‍ അറിവിനെ പ്രശ്നവൽക്കരിക്കുന്ന വാക്കുകള്‍ നാം വായിക്കുന്നു. ആ അടുക്കള ജീവിതത്തിനിടയിലും കുഞ്ഞീവിയില്‍ തത്ത്വചിന്തയ്ക്കും ജ്ഞാനത്തിന്‍റെ പ്രശ്നീകരണത്തിനും സ്ഥാനമുണ്ട്. ഡവറയിലെ മീന്‍ചൂര് വെണ്ണീറു കൊണ്ട് ഉരച്ചുകളഞ്ഞുകൊണ്ടാണ് കുഞ്ഞീവി ഈ വാക്കുകള്‍ പറയുന്നത്. കഥയുടെ പാഠാന്തരത്വത്തെ വർദ്ധമാനമാക്കുന്ന ഇത്തരം വാക്യങ്ങൾ കഥയില്‍ ഏറെയുണ്ട്.

ഒരു സാധാരണസ്ത്രീയുടെ പരിമിതജീവിതത്തിന്റെ ആഖ്യാനം അതിജീവനത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും നന്മ-തിന്മകളുടെയും ധാര്‍മ്മികതയുടെയും  വിശാലപ്രശ്നങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ ഷാഫിയുടെ കഥ വിജയിക്കുന്നു. സ്വാതന്ത്ര്യത്തിന് തീര്‍ച്ചയില്ലാതിരിക്കുകയും അത് അപകടകരമായ പ്രവൃത്തികളിലൂടെ രൂപപ്പെടുത്തേണ്ടുന്നതാകുകയും ചെയ്യുന്ന സ്ഥിതിയില്‍ സത്യവും അസത്യവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നതിലേക്ക് ഈ കഥ ചൂണ്ടുന്നു. സത്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ധാർമ്മികതയെ കുറിച്ചുള്ള ലളിതമായ ഒരു സങ്കല്‍പ്പനത്തെ കഥ മുന്നോട്ടു വയ്ക്കുന്നില്ല. പകരം, സാദ്ധ്യതകള്‍ പരിമിതമാകുന്ന സന്ദര്‍ഭങ്ങളില്‍ സത്യവും നുണയും എങ്ങനെ പരസ്പരം  കുരുങ്ങുന്നുവെന്നതില്‍ അതു ശ്രദ്ധിക്കുന്നു.

”നൊണ പറഞ്ഞ് പറഞ്ഞ് ഒടുക്കം അണക്ക് നൊണേന്ന് രക്ഷല്ലാണ്ടാകും ട്ടോ – ഓാര്‍ത്തോ ജ് ”

എന്ന് കുഞ്ഞിരായീന്‍ കുഞ്ഞീവിയെ ഉപദേശിക്കുന്നുണ്ട്. കുഞ്ഞീവിയുടെ നുണയുടെ പ്രതിരോധത്തിനെതിരായ സത്യപ്രസ്താവമായിട്ടാണ് അതു വരുന്നത്. കുഞ്ഞീവി പറയുന്ന നുണ സത്യമായി മാറിത്തീരുന്ന പ്രകരണങ്ങളെ എഴുതിക്കൊണ്ടാണ് കഥ അവസാനിക്കുന്നത്.എങ്കിലും,  പറയുന്ന നുണയിൽ നിന്നും നമുക്ക് ഇറങ്ങിപ്പോരാൻ കഴിയാതെയാകുമോ എന്ന ചോദ്യമായി അതു പരിവര്‍ത്തിക്കപ്പെടുന്നുമുണ്ട്.

” അപ്പത് നൊണല്ലേര്‍ന്ന്വോ? ”

നുണ പലപ്പോഴും രക്ഷയായി തീരുമ്പോഴും അത് ഒരു ബന്ധനത്തെ സൃഷ്ടിക്കുമോ എന്ന സന്ദേഹം കഥ
ബാക്കി വയ്ക്കുന്നുണ്ട്. നുണകളെ ആശ്രയിക്കുന്ന ഒരാൾ അവയിൽ കുടുങ്ങിപ്പോകില്ലേ? എന്ന ചോദ്യം
കഥ ഉയര്‍ത്തുന്നു. കഥയുടെ സ്വാഭാവികമായ പരിണാമമാണത്. കഥ ഈ സംഘര്‍ഷത്തെ പരിഹരിക്കാന്‍ ശ്രമിക്കുന്നില്ല. ഒരു പക്ഷേ, അത് കഥയുടെ മണ്ഡലത്തില്‍ സംഭവിക്കേണ്ടതല്ല! കഥ അര്‍ത്ഥനിര്‍ദ്ദേശങ്ങള്‍ വയ്ക്കുന്നു. പരിഹാരങ്ങള്‍ രാഷ്ട്രീയപ്രയോഗമണ്ഡലത്തിന്‍റേതാണ്. കഥ നുണയെ ഒരു ജീവിതസത്യമായും ഭാവിയില്‍ നേരിടേണ്ടി വന്നേക്കാവുന്ന ഭാരമായും അവതരിപ്പിക്കുന്നു. നുണകൾക്ക് തൽക്ഷണം നിങ്ങളെ രക്ഷിക്കാൻ കഴിയും. പക്ഷേ, ഓരോന്നിനും തനതായ മൂല്യമുണ്ട്. കുഞ്ഞീവി ഇത് അറിയുന്നില്ലെന്നു പറയാന്‍ കഴിയില്ല. പക്ഷേ, അവൾക്ക് അനേകം തിരഞ്ഞെടുപ്പുകള്‍ സാദ്ധ്യമല്ല. നുണ സാദ്ധ്യമായ ഒരു തെരഞ്ഞെടുപ്പാണ്.  നുണയെ ഒരു ധാർമ്മിക പ്രശ്നമായിട്ടല്ല, മറിച്ച് ഒരു സാമൂഹിക ലക്ഷണമായിട്ടാണ് കഥ അവതരിപ്പിക്കുന്നത്. സ്വയം നിവർന്നുനിൽക്കാനായി സത്യത്തെ വളയ്ക്കാൻ പഠിക്കുന്ന കുഞ്ഞീവിയുടെ നിശബ്ദമായ ബുദ്ധിശക്തി ഇതാണ് കാണിക്കുന്നത്.

”റഖീബിനും അത്തീതിനുമിടയില്‍ നൊണകള്‍” എന്ന കഥ കൂടാതെ ‘ആരണ്യകം’, ‘നീലാടിന്‍റെ കാഴ്ചബംഗ്ലാവ്’ എന്നീ രണ്ടു കഥകള്‍ കൂടി ഷാഫി എഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്. അതീവ നിരീക്ഷണശേഷിയും ജീവിതാവബോധവും സൗന്ദര്യാത്മകസങ്കല്‍പ്പനങ്ങളുമുള്ള ഒരു കഥാകാരനെ നമുക്കു ലഭിച്ചിരിക്കുന്നുവെന്നു പറയാന്‍ കഴിയുന്ന വായനാനുഭവങ്ങളാണ് ഈ കഥകള്‍ സമ്മാനിച്ചത്.

***

*ഇ. സന്തോഷ്കുമാര്‍ – ‘ജ്ഞാനഭാരം’

ചിത്രങ്ങള്‍ക്ക് കടപ്പാട് : മാതൃഭൂമി ആഴ്ചപ്പതിപ്പ്
ചിത്രീകരണം : കെ. ഷെരീഫ്‌

No Comments yet!

Your Email address will not be published.