മലയാള നാട് ഓണ്‍ലൈനില്‍ വന്ന പ്രസാദ് കാക്കശ്ശേരിയുടെ ‘ഭാഗ്യസൂക്തം’ എന്ന എന്ന കവിതയെക്കുറിച്ച് ഡോ. ആര്‍.സുരേഷ് എഴുതുന്നു.
***
പ്രസാദ് കാക്കശ്ശേരിയുടെ ‘ഭാഗ്യസൂക്തം’ എന്ന കവിത ദയാശൂന്യതയുടെ വിസ്തൃതഭൂപടം നിവര്‍ത്തിയിടുംവണ്ണം നിര്‍ഭാഗ്യവതിയാവുന്നു. കണ്ണടച്ചുതുറക്കുമ്പോള്‍ തീര്‍ന്നുപോവുംമട്ടിലുള്ള ആഖ്യാനവിധം. പൊടുന്നനെ തെന്നിമാഞ്ഞുപോവുന്ന ഒരുതരം തലതിരിഞ്ഞ സ്തുതിപ്പാട്ട്. മഹാഭാരതത്തില്‍നിന്നും കവിതയുടെ ഭാരത്തിലേക്കുള്ള ദൂരം കവിതയ്ക്കുള്ളില്‍ ഭൗതികമായി നേര്‍ത്തത്. എന്നാല്‍ ധ്വനിപ്പിക്കുന്ന കാലബോധങ്ങളാലും ജീവിതപ്രവണതകളാലും അതിദീര്‍ഘസഞ്ചാരത്തെ ക്ഷണിച്ചുവരുത്തുന്നു. ഈ കവിതാലോകമാകമാനം പലതരം ജീവിതഖണ്ഡങ്ങള്‍ക്കിടയില്‍പ്പെട്ട് ആരെല്ലാമോ പരിഭ്രമിക്കുന്നു. കാട്ടിലും വിരഹത്തിലും ചീട്ടിലും കുണുക്കിലും പണയക്കത്തിലും കാലവിചാരത്തിലുമെല്ലാം കുതിര്‍ന്നുപോയവരുടെ നീണ്ടനിര അവസാനിക്കുന്നതേയില്ല. ഇവയിലെല്ലാം അന്തര്‍ലീനമായികിടക്കുന്ന ധ്വനിസാധ്യതകളിലേക്ക് തന്റെ കവിതയ്ക്കകത്തുകൂടെ കവിസ്വത്വം പരക്കംപാഞ്ഞുചെല്ലുകയാണ്. അപ്പോഴുണ്ടാകുന്ന കനങ്ങളേതുമില്ലാത്ത ഭാരത്തെ ലക്ഷ്യമാക്കിയാണ് പല ബോഗികള്‍ സ്വന്തമാവുന്ന ഈ കവിതയുടെ നിന്നനിലവിട്ടുള്ള ചിതറിപ്പോവല്‍. എഴുത്തിലേക്ക് ഇറക്കികിടത്തുമ്പോള്‍ ഉണ്ടാവുന്ന ‘സര്‍ഗ്ഗവിഭ്രമബാധ’ തന്നെയാണ് എല്ലാ സ്ഥലകാലങ്ങളെയും ആവേശിച്ചിട്ടുള്ള മഹാപ്രശ്‌നമെന്ന് കവിത നമ്മോട് സംസാരിച്ചുകൊണ്ടേയിരിക്കുന്നു.
***
ഭാഗ്യസൂക്തം
കരുക്കള്‍ തെറ്റിയെന്നേക്കും
കാടുകേറിപ്പോയവര്‍
വിഷം തീണ്ടി സ്വരൂപത്തെ
വിരഹത്താല്‍ വികലമാക്കിയോര്‍
ചീട്ടെടുത്തു വേഗത്തെ
കശക്കി പങ്കുവെച്ചവര്‍
ഉദാസീനക്കുണുക്കിട്ട്
കളിവട്ടത്തില്‍ തോറ്റവര്‍
പണമായ് നണ്ണിയക്കത്തെ
പരിഭാഷപ്പെടുത്തിയോര്‍
നാളെയെന്നൊറ്റ നാളത്തില്‍
തീ പിടിച്ച് തുലഞ്ഞവര്‍
നടിക്കാ, നെഴുതാനേതോ
സര്‍ഗവിഭ്രമ ബാധയില്‍
നാടുനീങ്ങും നിരാധാരര്‍
നല്ലയിന്നു മുടിച്ചവര്‍
ഭാവി – ഭാഗധേയമായൊറ്റി
ഭൂതാവേശിതരൊക്കെയും
ഭാഷയിലര്‍ത്ഥമെത്തിക്കും
ഭാരത്തിലാണ്ടുപോയി ഞാന്‍..!
***

പ്രസാദ് കാക്കശ്ശേരി






No Comments yet!