
മൃതദേഹ മഹോത്സവ സംപ്രേഷണം എന്നോ മറ്റോ പേരിട്ടുവിളിക്കാവുന്ന പ്രത്യേകതരം തത്സമയ ഇവൻ്റുകളെ കേരളത്തിലെ വാര്‍ത്താ ടെലിവിഷൻ ചാനലുകള്‍ റേറ്റിംഗ് പെരുപ്പത്തിനും വരുമാന വര്‍ധനയ്ക്കുമുള്ള ചൂഷണോപാധിയായി തിരിച്ചറിഞ്ഞിരിക്കുന്ന കാലമാണിത്. അതൊരു തിരിച്ചറിവാണോ തെറ്റിദ്ധാരണയാണോ എന്നത് മറ്റൊരു ചോദ്യം. വി.എസ്. അച്യുതാനന്ദൻ, എം.ടി. വാസുദേവൻ നായര്‍ തുടങ്ങിയ മഹാരഥന്മാരെ പിന്നിട്ട് ഈ ശവദാഹ സംപ്രേഷണ മാമാങ്കം ഏറ്റവുമൊടുവില്‍ അതിൻ്റെ ലജ്ജിപ്പിക്കുന്ന പാരമ്യത്തിലേക്ക് എത്തിയത് ചലച്ചിത്ര പ്രതിഭയായ ശ്രീനിവാസൻ്റെ വേര്പാടുവേളയിലായിരുന്നു.

തനിമയുള്ള അഭിനേതാവും കഥാകാരനും തിരക്കഥാകൃത്തും സംവിധായകനും കണിശമായ സരസതയുള്ള സാമൂഹ്യ നിരീക്ഷകനുമൊക്കെയായ ശ്രീനിവാസൻ്റെ മരണത്തിനു ശേഷവും നമ്മുടെ ടെലിവിഷൻ ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലും അദ്ദേഹത്തിൻ്റെ മരണാനന്തര കര്മ്മവിശേഷങ്ങളും കലാജീവിതവും കുടുംബജീവിതവും കാര്‍ഷികജീവിതവും അര്ബുദജീവിതവും വ്യക്തിജീവിതവുമൊക്കെയായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകളും അനുഭവക്കഥകളും ഓര്‍മ്മക്കുറിപ്പുകളും ഊഹാപോഹങ്ങളും അവകാശവാദങ്ങളും ഇല്ലാസ്റ്റോറികളുമൊക്കെ ദിവസങ്ങള്‍ കഴിഞ്ഞും ആവര്‍ത്തിച്ചുകൊണ്ടിരുന്നത് ഈ വരുമാന ദായകത്വം കൊണ്ടായിരിക്കണം.

മരിച്ചുകഴിഞ്ഞ വ്യക്തി തിരിച്ചുവന്ന്, ‘ഏയ് ഞാനങ്ങനെ പറഞ്ഞിട്ടില്ല’ എന്ന് തിരുത്തില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണോ എന്നറിയില്ല, ‘ഞാനും ശ്രീനിവാസനും’ എന്ന ആദ്യവരിയോടെ തുടങ്ങുന്ന തരത്തിലുള്ള അയവിറക്കല്‍ സംപ്രേഷണങ്ങളും പല ചാനലുകളിലും തുടര്‍ന്നു. ശ്രീനിവാസൻ്റെ വിയോഗത്തെ പതിവുപോലെ വാര്‍ത്താ ടെലിവിഷൻ ചാനലുകള്‍ സ്വീകരിച്ചത് മൃതദേഹത്തിൻ്റെ ആദ്യദൃശ്യങ്ങള്‍ തങ്ങള്‍ക്ക് എന്ന നിലയ്ക്കുള്ള അഭിമാന അവകാശവാദ പ്രകീര്ത്തനങ്ങളുമായിട്ടാണ്. അവസാനം ചിതയില്‍ നിന്നുയര്‍ന്ന പുകച്ചുരുളുകളിലേക്കു കൂടി ക്യാമറകൾ പലരും തുറന്നുവയ്ക്കുകയും ചെയ്തു.
ടെലിവിഷൻ ചാനലുകളുടെ ക്യാമറകള്‍ മാത്രമല്ല നൂറുകണക്കിന് സാമൂഹ്യമാധ്യമങ്ങളുടെ ഛായാ’ഗ്രഹണി’കളും സാധാരണക്കാരായ ജനക്കൂട്ടത്തിൻ്റെ ആയിരക്കണക്കിന് മൊബൈല്‍ തൃക്കണ്ണുകളും ആ ദിവസങ്ങളിലുടനീളം മൃതദേഹ സെല്‍ഫികള്‍ക്കും വീഡിയോകള്‍ക്കുമായി തിക്കും തിരക്കും കൂട്ടി. ശവസംസ്കാര വേളയില്‍ കണ്ണീര് പ്രവാഹങ്ങളുടെ ‘വൈകാരികത ഒട്ടും നഷ്ടപ്പെടാതെ ഒപ്പിയെടുക്കാൻ’ പാകത്തിന് ഉചിതമായ സ്ഥലത്ത് ക്യാമറ വയ്ക്കുന്നതിന് ഇടംകിട്ടാതെ നിസ്സഹായനായി നോക്കിയ ക്യാമറാമാനോട്, ‘എങ്കില്‍ ക്യാമറയും ചിതയിലേക്ക് ചാടട്ടെ’ എന്ന് റിപ്പോര്ട്ടര്മാരിലാരെങ്കിലും പറഞ്ഞോ എന്നറിയില്ല. തൻ്റെ തിരക്കഥാ ജീവിതത്തിലെ ഒരു രചനാസന്ദര്‍ഭം മറ്റൊരു രീതിയില്‍ തൻ്റെ തന്നെ മൃത്യുവേളയില് പ്രതിപ്രവര്‍ത്തിച്ച നിമിഷം.

അന്ത്യാഞ്ജലിയും അന്ത്യാഭിവാദ്യവും അര്‍പ്പിക്കാനെത്തിയ ‘താരങ്ങളു’ടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനും, കഴിയുമെങ്കില്‍ അവര്‍ക്കൊപ്പം ഒരു ആത്മചിത്രവും (selfie) ആത്മീയചിത്രവും നേടുവാനും മൃതഗാത്രത്തിനരികില് മത്സരിച്ചവരും അനവധി. ശ്രീനിവാസൻ തന്നെ രചന നിര്‍വ്വഹിച്ച് അഭിനയിച്ച ‘നാടോടിക്കാറ്റ്’ എന്ന ചലച്ചിത്രത്തില്‍, സിനിമയ്ക്കകത്തെ സിനിമയായി കാണിച്ച, ഐവി ശശി സംവിധാനം ചെയ്തുകൊണ്ടിരിക്കുന്ന ചിത്രത്തിൻ്റെ ലൊക്കേഷനിലേയ്ക്ക് അതിക്രമിച്ചുകയറി, അഭിനയിക്കാനൊരു വേഷം ചോദിച്ച്, അവസാനം നടൻ സോമൻ്റെ തോക്കും കൈക്കലാക്കി ഓടിയതുപോലെ, ശ്രീനിവാസൻ്റെ മൃതദേഹത്തിനരികില്‍ നിന്ന് ഏതെങ്കിലും നടിയുടെയോ നടൻ്റെയോ സെല്‍ഫിയുമെടുത്ത് ഇൻസ്റ്റയില്‍ പോസ്റ്റ് ചെയ്യാൻ കുതിക്കുക എന്നത് മലയാളിയുടെ വലിയൊരു മനോരോഗമാണ്. അതേ ആത്മരോഗം തന്നെയാണ് ആ അചേതനശരീര പരിസരത്തു നിന്ന് വില്പനമൂല്യമുള്ള ഒരു കണ്ണീര് നിമിഷത്തിനായി അദ്ദേഹത്തിൻ്റെ മക്കളുടെ കണ്ണുകളിലേക്ക് ക്യാമറകള്‍ സൂം ചെയ്യിപ്പിക്കുന്ന മാധ്യമ സമ്മര്ദ്ദങ്ങള്ക്കുമുള്ളത്.
വാസ്തവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ കൂടി ഉള്‍പ്പെടുന്ന മലയാളിയുടെ ഇത്തരം മനോരോഗങ്ങളെ പരിഹാസത്തിൻ്റെ ഭാഷയില്‍ എത്രയെങ്കിലും സിനിമകളിലൂടെ വിമര്‍ശിച്ച സംവിധായകനും നടനും കൂടിയാണ് ശ്രീനിവാസൻ. എന്നിട്ട് അദ്ദേഹത്തെത്തന്നെ, മരണശേഷവും അതേ മനോരോഗ മനസ്സുമായി സമീപിക്കുകയല്ലേ മാധ്യമപ്രവര്‍ത്തകരും അവരുടെ വടക്കുനോക്കികൾ തന്നെയായ മൃത്യുനോക്കിയന്ത്രങ്ങളും ചെയ്തത്.
താരമൂല്യമുള്ള ആഘോഷിതര് (സെലിബ്രിറ്റികൾ) മരിക്കുമ്പോള്‍ അവരുടെ ഡഡ് ബോഡി എന്നത് വില്പനമൂല്യമുള്ള ഒരുത്പന്നമായി മാറുന്നു. ആ മൃതദേഹത്തെയും അതുമായി ബന്ധപ്പെട്ട ബന്ധുക്കളടക്കമുള്ള മനുഷ്യരുടെ വേദനയെയും ഏറ്റവുമാദ്യം ചിത്രീകരിച്ച് സ്വന്തം ചാനലുകളുടെ സാമൂഹ്യ മാധ്യമസ്ഥലങ്ങളിലെത്തിച്ചാല് ലൈക്കികറീത്തുകളുടെ റീച്ചുകളും വ്യൂസിൻ്റെ അടിസ്ഥാനത്തില്‍ അധികവരുമാനവും ലഭിക്കുമെന്നതാണ് ഈ മൃതമാംസവ്യാപാരത്തിന് പിന്നിലെ ചേതനയില്ലാത്ത ജഡോവികാരം.
അന്തരിച്ച വ്യക്തിയോടുള്ള അഗാധമായ ആത്മബന്ധം കൊണ്ടും സ്നേഹം കൊണ്ടും നിരുപാധികമായ സൗഹൃദം കൊണ്ടും അവസാനമായി ഒരു നോക്കു കാണാൻ വന്നുചേര്‍ന്ന ആയിരക്കണക്കിന് സാധാരണ പ്രേക്ഷകരെയും ധാര്‍മ്മികബോധമുള്ള അപൂര്‍വ്വം മാധ്യമങ്ങളെയും ഉദ്ദേശിച്ചല്ല ഈ നിരീക്ഷണം. അവര്‍ നിശ്ശബ്ദരായി വന്നു. അവസരം ലഭിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ കഴിഞ്ഞു. നിശ്ശബ്ദരായി അവര്‍ മടങ്ങി. കാലത്തോടും കലയോടും ചിരികലര്‍ന്ന ഭാഷയിൽ കലഹിച്ചും സ്നേഹിച്ചും സംവദിച്ച ഒരു കലാകാരൻ്റെ അന്ത്യയാത്രയെ മിതവും യുക്തിസഹവുമായ ഭാഷയില്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ആര്‍ത്തി ബാധിതരായ മറ്റ് ചില നൂറുകണക്കിന് പേരും ആയിരങ്ങളുമുണ്ട്. അവര്‍ എന്താണ് ചെയ്തത്? പരേതൻ്റെ താരമൂല്യമുള്ള മക്കള്‍ മൃതദേഹത്തിനരികില്‍ എങ്ങനെ പെരുമാറുന്നുവെന്ന് നിരന്തരം തത്സമയപ്പെടുത്തിക്കൊണ്ടിരുന്നു. കരച്ചിലിൻ്റെയും പൊട്ടിക്കരച്ചിലിൻ്റെയും ആര്‍ദ്രനിമിഷങ്ങള്‍ ആദ്യം ഞങ്ങള്‍ക്ക് എന്നത് നഷ്ടമാകാതിരിക്കാൻ ദത്തശ്രദ്ധരായി. ഇടയ്ക്ക് മകൻ വിനീത് ശ്രീനിവാസനും ഭാര്യയും മൃതദേഹത്തിനരികില്‍ നിന്ന് മാറി വീടിൻ്റെ മറ്റൊരു കോണില്‍ ഒതുങ്ങിനിന്ന് സംസാരിച്ചപ്പോള്‍, ആ സംസാരത്തില്‍ നിന്ന് എന്തെങ്കിലും രഹസ്യവാര്ത്തയോ, സ്വത്ത് സംബന്ധിച്ച ഉത്കണ്ഠകളോ കിട്ടുമോ എന്ന ലാക്കോടെ മലയാളത്തിലെ പ്രധാനപ്പെട്ടൊരു വാര്‍ത്താചാനലിൻ്റെ കൗശലക്കാരനായ ക്യാമറമാൻ, അവരുടെ പിറകില്‍ ഒന്നുമറിയാത്ത പോലെ മൈക്ക് വച്ച് മാറിനിന്നു.
മറുവശത്ത്, മരിച്ചയാളുടെ സ്വകാര്യതാ അവകാശങ്ങളെ, അന്തസ്സിനുള്ള അര്‍ഹതയെ ജഡമെങ്കിലും മാംസനിബദ്ധമായ അത്യാര്‍ത്തി കൊണ്ട് ഹനിച്ചു. കഥാകൃത്തും നോവലിസ്റ്റുമായ സുസ്മേഷ് ചന്ത്രോത്ത് സാമൂഹ്യമാധ്യമങ്ങളിലൊന്നില്‍ എഴുതിയ ചില വാക്യങ്ങള്‍ പ്രസക്തമാണ്:
‘’കേരളത്തിൽ, മരിച്ചുപോയവരുടെ മാന്യതയ്ക്കും അവകാശങ്ങൾക്കും വേണ്ടി ആദ്യം വാദിച്ചത് നവാബ് രാജേന്ദ്രനാണ്. തനിക്കു ലഭിച്ച പുരസ്കാരത്തുകകളും മറ്റു സംഭാവനകളും എറണാകുളം ജനറൽ ആശുപത്രിയിൽ മികച്ച സൗകര്യങ്ങളുള്ള മോർച്ചറി പണിയുന്നതിനായിട്ടാണ് അദ്ദേഹം ചെലവഴിച്ചതും. ആ വിഷയത്തിന്റെ മറ്റൊരുവശം, അന്നത്തേക്കാൾ ഇന്ന് പതിന്മടങ്ങായിട്ടുണ്ട്. മോർച്ചറികളുടെ കാര്യത്തിലല്ലെന്നു മാത്രം. അത് പരേതരുടെ സ്വകാര്യതാനഷ്ടമാണ്’’
എന്നാണ് സുസ്മേഷ് എഴുതിയത്.
മരണാനന്തര സംപ്രേഷണത്തിലെ രാഷ്ട്രീയം ടെലിവിഷൻ ചാനലുകളേക്കാള്‍ മുമ്പേ നമ്മുടെരാജ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ജീവത്യാഗങ്ങളുടെ ചോര പുരണ്ട മരണാനന്തരക്കാഴ്ചകള് കറുപ്പുവെളുപ്പു സ്ക്രീനില്‍ കണ്ട എത്രയെങ്കിലും ജനങ്ങളുടെ വൈകാരികത വോട്ടായി മാറിയതിൻ്റെ സഹതാപതരംഗ ചരിത്രം കൂടിയാണത്. തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എം.ജി.ആറിൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയില്‍ നിന്ന് ആട്ടിയിറക്കപ്പെട്ടതിൻ്റെ ടെലിവിഷൻ ദൃശ്യങ്ങള്‍ കൂടിയാണ് ജയലളിതയെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്. അവയെല്ലാം പക്ഷേ രാഷ്ട്രീയ അരമനകളില്‍ നിന്നോ മാധ്യമ അജണ്ടകളില്‍ നിന്നോ തയ്യാറാക്കപ്പെട്ടതല്ല. സ്വാഭാവികമായി സംഭവിച്ചവയാണ്. അവ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ടതുമാണ്.

കേരളം ഉറക്കമില്ലാതെ കണ്ട മറ്റൊരു വിലാപയാത്രാ സംപ്രേഷണം മുൻമുഖ്യമന്ത്രി ഇ.കെ നായനാരുടേതാണ്. ഇടതുപക്ഷത്തിൻ്റെ സ്വന്തം ടെലിവിഷൻ ചാനല്‍ ആ യാത്രയെ ലോകമെങ്ങുമുള്ള നായനാര്‍ സ്നേഹികളിലേക്കെത്തിക്കാൻ തത്സമയം ശ്രമിച്ചു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ആ സഞ്ചാരത്തിലേയ്ക്ക് കണ്ണീര്‍പ്പൂക്കളുമായി നിരന്തരം ആൾക്കൂട്ടം അലച്ചപ്പോള്‍ പലപ്പോഴും ചാനലിന് അന്നേ ദിവസത്തെ മുൻകൂര്‍ നിശ്ചയിക്കപ്പെട്ട പരസ്യങ്ങള്‍ (Commercials) നല്കാനാവാത്ത അവസ്ഥയായി. ഒരു ഭാഗത്ത് ചുരുട്ടിയ മുഷ്ടികളുമായാി സഖാവിന് ലാല്‍സലാം അര്‍പ്പിക്കുന്നവരുടെ കണ്ണീര്‍മുഖങ്ങള്‍. മറുഭാഗത്ത് മാര്‍ക്കറ്റിംഗ് വിഭാഗം അധ്വാനിച്ച് നേടിയ പരസ്യങ്ങൾ കൊടുക്കാനാവാത്തതിൻ്റെ സമ്മര്‍ദ്ദം.

വിലാപയാത്ര ആലപ്പുഴ ജില്ലയിലെത്തിയപ്പോള്‍ കുട്ടനാടിൻ്റെ വയലേലകളുടെ ചളി പറ്റിയതുപോലുള്ള ചര്‍മ്മത്തോടുകൂടിയ ഒരു വൃദ്ധ അലമുറയിട്ടുകൊണ്ട് വന്നു. ‘എൻ്റെ സഖാവേ’… എന്ന് ആര്‍ത്തുകൊണ്ട് അവര്‍ ആ പേടകത്തിലേയ്ക്ക് വീണ് കെട്ടിപ്പിടിച്ചതും, ‘സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ’ എന്നു തുടങ്ങുന്ന ഒരു അച്ചാറിൻ്റെ പരസ്യത്തിലേയ്ക്ക് ചാനല്‍ സ്വിച്ച് ചെയ്തതും അതേ നിമിഷമായിരുന്നു. മലയാളടെലിവിഷൻ്റെ നാള്‍വഴികളിലെ ഒരു ചരിത്രസന്ദര്‍ഭമായിരുന്നു അത്. മൃത്യുവും വിപണിയും തമ്മില്‍ മത്സരിച്ച നിമിഷം. അവിടെ ആരു ജയിച്ചു എന്നതല്ല പ്രധാനം. ചാനലിൻ്റെ നിലനില്പിന് പരസ്യം പ്രധാനമാണ്. ആ പരസ്യത്തിൻ്റെ കൂടി പിന്‍ബലത്തിലാണ് ഒരു പ്രത്യയശാസ്ത്രത്തിൻ്റെ ആവിഷ്കാരം സാധ്യമാവുന്നത് എന്ന് വ്യാഖ്യാനിക്കാം.
പക്ഷേ ഈ പറഞ്ഞ ഉദാഹരണങ്ങളെല്ലാം മരണ-മരണാനന്തര സംപ്രേഷണത്തില്‍ നിന്ന് എങ്ങനെ മുതലെടുക്കാം എന്ന് ആസൂത്രണം ചെയ്യപ്പെട്ടവയായിരുന്നില്ല. ഇക്കാലം പക്ഷേ, മൃത്യുവിനെ കൂട്ടിക്കെട്ടിയെ കാല്‍വിരലുകളില്‍ നിന്ന് മുതല്‍ മൂക്കില്‍ തിരുകിയിരിക്കുന്ന പഞ്ഞികളില്‍ നിന്ന് വരെ എങ്ങനെ നമുക്കും കിട്ടണം പണം എന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നു.
മരണവീട്ടിലെ മാധ്യമപ്രവര്‍ത്തനം എന്നത് മാധ്യമപഠന സിലബസുകളിലൊന്നിലും ഇല്ലെങ്കിലും ജീവിതത്തിലൊരിക്കലെങ്കിലും ഒരു മരണാനുഭവത്തിലൂടെ കടന്നുപോകാത്ത ആരുമില്ല എന്ന സ്വാനുഭവ പാഠമാണ് ആത്യന്തികമായി ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ പുലര്‍ത്തേണ്ടത്. എന്നാല്‍ ഇക്കാലത്തിൻ്റെ റേറ്റിംഗ് ആര്‍ത്തികള്‍, പരിശീലിപ്പിക്കപ്പെട്ട കഴുകന്മാര്ക്ക് കണ്ണുകളുടെ സ്ഥാനത്ത് ക്യാമറയും നല്കി വിന്യസിച്ചിരിക്കുന്നതിനാല്‍ കഴുകൻകണ്ണുകളോട്, കരയുന്ന പ്രിയപ്പെട്ടവരുടെ മുന്നില്‍ ക്യാമറകള്‍ ഓഫാക്കി മര്യാദ കാണിക്കണം എന്ന് പറയാനാവില്ല.
ഇവിടെ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് വന്നേക്കാൻ സാധ്യതയുള്ള ഒരു മറുവാദമുണ്ട്. വിശിഷ്ട വ്യക്തികളുടെ മരണാനന്തര ചടങ്ങുകളില്‍ നേരിട്ട് പങ്കെടുക്കണമെന്നാഗ്രഹിച്ചിട്ടും എത്തിച്ചേരാൻ കഴിയാത്ത ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് അവര്‍ മരണവീട്ടില്‍ എത്തിയതുപോലുള്ള ഒരു അനുഭവം സൃഷ്ടിക്കാനാണ് ഈ തത്സമയ വിലാപ ഗാഥകളെന്നാവും ആ വാദം. അവസാനമായി ഒരു നോക്ക് ചാനലിലൂടെയെങ്കിലും സാധിച്ചുകൊടുക്കുക എന്ന മാധ്യമധര്‍മ്മം. ഈ മാധ്യമധര്‍മ്മത്തിൻ്റെ വിലാപഗാഥയുടെ പാരമ്യം നാം കണ്ടത് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മൃത്യുവിലായിരുന്നു.

മൃതദേഹ പേടകത്തിനരികില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന വാര്‍ത്താചാനലിൻ്റെ റിപ്പോര്‍ട്ടര്‍ ഒരു ഘട്ടത്തില്‍ വിതുമ്പിക്കരഞ്ഞു. അത്യാവേശത്തിൻ്റെയോ ശിശുസഹജമായ സങ്കടത്തിൻ്റെയോ ചില നിമിഷങ്ങള്‍. അതോ കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകര്‍, തന്നെയും തൻ്റെ പശ്ചാത്തലത്തിലെ ഭൗതികദേഹത്തെയും വിട്ട് മറ്റ് ചാനലുകളിലേക്ക് കൂടുവിട്ടു കൂടുമാറരുതെന്ന പ്രൊഫഷണല്‍ ബുദ്ധിയോ? ഒരു ഘട്ടത്തില്‍ മൈക്കുമായി റിപ്പോര്‍ട്ടര്‍ ഇങ്ങനെ കണ്ണീരൊഴുക്കി:
…’ എനിക്കു മുന്നില്‍ കിടക്കുന്ന ഉമ്മൻചാണ്ടിയെ എനിക്ക് കണ്ടുനില്ക്കാൻ കഴിയുന്നില്ല.’ വാര്‍ത്തയെ വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്യുക, മമതയോ വിദ്വേഷമോ ഇല്ലാതെ വസ്തുതാപരമായി പ്രേക്ഷകരിലേക്ക് എത്തിക്കുക, വികാരങ്ങള്‍ക്ക് അടിപ്പെടാതെ ജനാധിപത്യത്തിൻ്റ മറ്റ് മൂന്നു തൂണുകളായ ലജിസ്ലേച്ചറും എക്സിക്യൂട്ടീവും ജുഡീഷ്യറിയും ഈ മതനിരപേക്ഷ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതിലെ ഉത്തമ മാതൃകകളുടെ തുടര്‍ച്ചയായി മാധ്യമപ്രവര്‍ത്തനവും ഗൗരവത്തോടെ നടത്തുക എന്ന മാധ്യമപാഠങ്ങള്ക്ക്
ഈ മൃത്യുന്മുഖ ജേണലിസത്തില്‍ എന്താണ് സംഭവിക്കുന്നത്?
പത്രങ്ങളില്‍ ഒബിച്വറി (Obituary) അഥവാ നിര്യാണ വാര്‍ത്തകള്‍ തയ്യാറാക്കിയിരുന്നവരെ താരതമ്യേന അപ്രസക്തരായ വിഭാഗമായാണ് കണക്കാക്കിയിരുന്നത്. ഇന്ന് അത് ജേണലിസത്തിലെ ഏറ്റവും വില്പനമൂല്യമുള്ള ഹൈ പ്രിയോറിറ്റി വിഭാഗമായി മാറിയിരിക്കുന്നു. നമ്മുടെ നാട്ടില്‍ ഇനി അടുത്തുതന്നെ മരിക്കാൻ സാധ്യതയുള്ള മഹാ സാഹിത്യകാരന്മാര്, ജൂനിയര്‍ ആര്‍ടിസ്റ്റ് മുതല്‍ ഇങ്ങോട്ടുള്ള മഹാനടന്മാരും നടികളും, രാഷ്ട്രീയ വിഐപികള്‍, മതസാമുദായിക നേതാക്കള്‍ എന്നിവരുടെയെല്ലാം ആരോഗ്യനില നോക്കി ‘എന്നത്തേക്കുണ്ടാവും’ എന്ന കണക്കൂകൂട്ടലിലാണ് ഇപ്പോള്‍ പല മാധ്യമങ്ങളും.
കുറ്റവിമുക്തരാക്കപ്പെട്ട താരങ്ങളുടെ വീടിന് മുകളിലേക്ക് മാത്രമല്ല ഇനിയുള്ള നാളുകളില്‍ ചാനലുകളുടെ ഹെലിക്യാമുകള്‍ പോകാൻ പോകുന്നത്. മരിച്ച താരങ്ങളുടെ ‘ആത്മാവുകള്‍’ ആകാശങ്ങളിലേക്ക് വിലയിക്കുന്ന അപൂര്‍വ്വ കാഴ്ച്ച ഫസ്റ്റ് ഓണ്‍ ഞങ്ങളില്‍ എന്ന് എഴുതിക്കാണിക്കാൻ കൂടി പ്രത്യേക ഹെലിക്യാമുകള്‍ തയ്യാറാക്കപ്പെടുന്നു. അങ്ങേലെ മൂപ്പീന്ന് ചത്തോടീ, നമ്മളും പോയൊന്നറിയേണ്ടേ, എന്ന് ചാക്കാല എന്ന കവിതയില്‍ കടമ്മനിട്ട രാമകൃഷ്ണൻ എഴുതിയതിനെ അങ്ങേലെ സെലിബ്രിറ്റി പോയോടീ, നമ്മള്‍ക്ക് പോയൊന്ന് വില്ക്കേണ്ടേ എന്നാവുന്നു കാര്യങ്ങള്‍.
വാസ്തവത്തില്‍, ആരുടെ നാവുകള്ക്കരികിലാണ് നാം നമ്മുടെ മാധ്യമപ്രവര്‍ത്തനത്തിൻ്റെ മൈക്കുകള്‍ നീട്ടിപ്പിടിക്കേണ്ടത്? ഈ ചോദ്യത്തിനുള്ള ഉത്തരങ്ങളുടെ അനവധി ഓപ്ഷനുകളില്‍ നിരന്തരം ഒഴിവാക്കപ്പെടുന്ന ചിലതുണ്ട്. അടിസ്ഥാന ജനത്തിൻ്റെയും അതിദരിദ്രരുടെയും നാവുകൾ. ആവര്‍ത്തിച്ചുള്ള അനീതികളുടെ പ്രഹരമേറ്റ് അതൊരു ശീലമായി സ്വീകരിക്കേണ്ടി വന്ന പൗരന്മാരുടെ നാവുകൾ. ആദിവാസികളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും നാവുകൾ..വര്‍ഗ്ഗീയതയുടെയും ഫാഷിസത്തിൻ്റെയും ഇരകളാക്കി നിശ്ശബ്തരാക്കപ്പെട്ടവരുടെ നാവുകൾ
അടയ്ക്കപ്പട്ട ആ നാവുകള്‍ക്ക് പകരം നമ്മുടെ മൈക്കുകള്‍ കൂട്ടത്തോടെ ചെന്നുചേരുന്നത് എവിടേയ്ക്കാണ്? മരിച്ച താരത്തിൻ്റെ മക്കള്‍ക്ക് മനസ്സുതുറന്നൊന്നു കരയാൻ സാധിക്കാത്ത രീതിയില്‍ അവരുടെ മുഖങ്ങളോടു ചേര്‍ന്ന് കുത്തിത്തിരുകപ്പെടുന്ന മൈക്കുകളും ഫോണുകളും നാലാംതൂണിലെ നാഗങ്ങളായി പത്തിവിടര്‍ത്തുന്നു. ഉളളുപൊട്ടിയുള്ള കരച്ചിലാണ് എത് മരണത്തിലും ബന്ധുക്കള്‍ക്ക് ആ വ്യക്തിയുടെ മരണത്തിൻ്റെ ആഘാതത്തില്‍ നിന്ന് മോചനം ലഭിക്കാനുള്ള മനശ്ശാസ്ത്ര മരുന്ന്. ആ മനുഷ്യര്‍ക്ക് സ്വാഭാവികമായി മനോഘടന നല്‍കിയിട്ടുള്ള വികാര വിരേചന മാര്‍ഗ്ഗമാണത്. ക്യാമറ എന്ത് വിചാരിക്കുമെന്നുള്ള ഉത്കണ്ഠയിലൂടെ മാധ്യമങ്ങല്‍ അതിനെ ഞെക്കിപ്പിടിക്കുന്നു.
അലമുറയിടുന്ന സ്ത്രീകളുടെ മാറിക്കിടക്കുന്ന വസ്ത്രങ്ങള്‍, താരങ്ങളാണെങ്കിലും കരയുമ്പോള്‍ മുഖത്തുവരുന്ന വക്രീകരണങ്ങള്‍, ഇതൊക്കെയും ചിത്രികരിക്കാൻ പാകത്തിന് സ്വകാര്യതയിലേക്ക് കടന്നുകയറാൻ ഒരു മാധ്യമത്തിനും അവകാശമില്ല എന്നുമാത്രമല്ല, ആ നെറികേടിന് നിന്നുകൊടുക്കാൻ തോന്നാതിരിക്കുക എന്നതാണ് മാധ്യമങ്ങൾ ധാര്‍മ്മികമായി ചെയ്യേണ്ടത്.
മരണാനന്തരവും സ്വകാര്യതയും അന്തസ്സും കാത്തുസൂക്ഷിക്കപ്പെടാനുള്ള മൃതദേഹത്തിൻ്റെ അവകാശം കൂടി ഇവിടെ നാം ആലോചിക്കേണ്ടിയിരിക്കുന്നു. ആ മൃതദേഹത്തെ ഒരു എഴുന്നള്ളത്തിലെ ആനയായും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയവരെ ഉത്സവക്കൂട്ടമായും കാണുന്നതിന് പകരം, മരിച്ച വ്യക്തിയുടെ ജീവിതം, കല, രാഷ്ട്രീയം, സേവനങ്ങള്‍, അതില്‍ നിന്ന് സമൂഹത്തിന് മാതൃകയാക്കാവുന്ന കാര്യങ്ങള്‍ എന്നിവയിലേക്ക് നമ്മുടെ മാധ്യമങ്ങളുടെ കണ്ണുകള്‍ക്ക് എന്തുകൊണ്ട് നീങ്ങിക്കൂടാ.
അന്ത്യാഭിവാദ്യം, സംസ്കാരച്ചടങ്ങുകള്‍ തുടങ്ങിയവ അതിനുശേഷം വാര്‍ത്തയായി മാത്രം കൊടുക്കുന്ന ഒരു സംസ്കാര റിപ്പോര്‍ട്ടിംഗ് രീതിയിലേക്ക് സ്വയം സംസ്കരിക്കപ്പെടാനുള്ള സംസ്കാരം നമ്മുടെ ഓണ്‍ലൈൻ മാധ്യമങ്ങള്‍ക്കും മുഖ്യധാരാ മാധ്യമങ്ങൾക്കും ഉണ്ടാകേണ്ടിയിരിക്കുന്നു. ഒരു പക്ഷേ, വലിയൊരു വിഭാഗം പ്രേക്ഷകര്‍ പ്രതികരിക്കുമായിരിക്കും, ഏയ് നിങ്ങളീ പറഞ്ഞത് ശരിയല്ല, ഞങ്ങള്‍ പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്നു, മോര്‍ച്ചറിയില്‍ നിന്ന് പുറത്തിറക്കപ്പെടുന്നതു മുതലുള്ള താര മൃതശരീരത്തിൻ്റെ തത്സമയ ദൃശ്യങ്ങള്‍. ഞങ്ങള്‍ കാണാനാഗ്രഹിക്കുന്നു ചിത കൊളുത്തുന്നതിൻ്റെയും പുക ഉയരുന്നതിൻ്റെയും വര്‍ണ്ണജാലങ്ങള്‍. തത്സമയം നിങ്ങളത് കാണിച്ചില്ലെങ്കില്‍ കാണിക്കുന്ന ചാനലിലേക്ക് ഞങ്ങള്‍ കണ്ണുകളും റിമോട്ടും മാറ്റും എന്ന്….
ഇതുകൂടിയാണ് മലയാള ടെലിവിഷൻ രംഗം ഇന്ന് നേരിടുന്ന പ്രതിസന്ധി. മരണമുഖത്തെ മാധ്യമപ്രവര്‍ത്തനത്തില്‍ മാത്രമല്ല, നമ്മുടെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക നിത്യജീവിതത്തിൻ്റെ സകല തുറകളിലും പ്രേക്ഷകര്‍ എന്ന് നമുക്ക് സാമാന്യവത്കരിക്കാൻ കഴിയാത്ത തരത്തില്‍ ക്രൗര്യത്തിൻ്റെ അഭിരുചിയുള്ള പ്രത്യേകതരം കാണികളെക്കൂടി ഇക്കാലം കൊണ്ട് മാധ്യമങ്ങള്‍ വളര്‍ത്തിയെടുത്തിരിക്കുന്നു. ഒരുപക്ഷേ, അധികാരത്തിലേക്കുള്ള സ്ഥിരം വോട്ടുബാങ്ക് എന്ന നിലയ്ക്ക് ചില രാഷ്ട്രീയകക്ഷികള്‍ വര്‍ഗ്ഗീയതയെയും സാമുദായികതയെയും ഏകാധിപത്യ പ്രവണതകളെയും പ്രോത്സാഹിപ്പിച്ച് ഭൂരിപക്ഷ ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കുന്നതുപോലെ.
മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം എത്രത്തോളം എന്ന ചോദ്യത്തിന് എല്ലാ മാധ്യമപഠന ക്ലാസുകളും ഇക്കാലമത്രയും ലോകത്തുടനീളം നല്കിക്കൊണ്ടിരിക്കുന്ന ഉത്തരം എന്നത്, പൊതുജനത്തിന് പൊതുസ്ഥലത്ത് ഭരണഘടനയും നിയമവും എത്ര സ്വാതന്ത്ര്യം നല്കുന്നുണ്ടോ അത്രമാത്രം എന്നതാണ്. അതല്ലാതെ സവിശേഷമായൊരു സ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമായില്ല. ആ സാമാന്യ സ്വാതന്ത്ര്യത്തിൻ്റെ ‘ഠ’ വട്ടങ്ങളില്‍ നിന്നുകൊണ്ടുതന്നെ തൻ്റെ സവിശേഷ മാധ്യമപ്രവര്‍ത്തന സിദ്ധികൊണ്ട് വാര്‍ത്തകള്‍ കണ്ടെത്താൻ കഴിയുമ്പോഴാണ് ഒരാള്‍ മാധ്യമപ്രവര്‍ത്തകനോ മാധ്യമപ്രവര്‍ത്തകയോ ആകുന്നത്.

പക്ഷേ, സദാചാര ദുരാചാര പോലീസിംഗിനേക്കാള് ഹീനമായി വ്യക്തികളുടെയും സ്ത്രീകളുടെയും പൗരന്മാരുടെയും സ്വകാര്യതകളിലേയ്ക്കും മരണാനന്തരവും കിട്ടിയേക്കാവുന്ന ഇക്കിളികളിലേക്കും ഇക്കാലത്തിൻ്റെ മാധ്യമ ദംഷ്ട്രകള്‍ ചോര തേടുന്നു. ഫലപ്രാപ്തിയോ ആശയസ്വരൂപണം പോലുമോ ലക്ഷ്യമാക്കാതെ ചര്‍ച്ചകള്‍ എന്നുപേരുള്ള വ്യാജ ഏറ്റുമുട്ടലുകളുടെ (fake encounter) വാമൊഴിച്ചോര ചീറ്റിക്കുന്നു. മൃതദേഹത്തിനരികില്‍ പൊട്ടിക്കരഞ്ഞ റിപ്പോര്‍ട്ടര്‍ തന്നെ വാര്ത്താസ്റ്റുഡിയോയില് ക്രിസ്മസ് ദിനത്തില്‍ പുരോഹിതര്‍ക്കൊപ്പം നൃത്തം ചെയ്യുന്നു.
ഏറ്റവുമൊടുവിലെ ക്രിസ്മസ് ദിനത്തിലും രാജ്യത്ത് കാരള്‍ സംഘങ്ങള്‍ സംഘപരിവാര സംഘങ്ങളാല്‍ ആക്രമിക്കപ്പെടുന്നു. അതേസമയം തന്നെ പ്രധാനമന്ത്രി ക്രിസ്ത്യൻ പള്ളിയില്‍ പോയി കുരിശ് സ്വീകരിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ സാൻ്റാക്ലോസ് ആയും പൂജാമൂറിയില്‍ ഗോഡ്സേ ആയും മാറുന്ന ഈ ജലസ്ഥലഭ്രമങ്ങള്ക്കിടയില് നാം അടുത്ത മൃതദേഹസംപ്രേഷണങ്ങള്ക്കായി വാര്‍ത്താസംഘങ്ങളെ ഒരുക്കിനിര്‍ത്തുന്നു.

താരങ്ങളുടെ മൃതദേഹ സംപ്രേഷണം പോലെ എളുപ്പമാവില്ല കലാപങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ചോരയില്‍ നിന്നുള്ള റിപ്പോര്‍ട്ടിംഗ്. രാജ്യം ഇനിയും ധാരാളം മൃതദേഹ സംപ്രേഷണങ്ങള്‍ കാണും എന്നതില്‍ തര്‍ക്കമില്ല. കലാപങ്ങളിലെ മൃതശരീരങ്ങളില്‍ നിന്ന് താരജഡങ്ങളെ കണ്ടെത്തല്‍ എളുപ്പമല്ലെന്ന് മാത്രം ഓര്‍ക്കുക.







ലേഖകൻ കവിയായതിന്റ സുഖം വായനക്കാർക്ക് ലഭിക്കുന്നുണ്ട്. സെൽഫിക്കും സിലിബ്രിറ്റിക്കും മലയാളമുണ്ടാക്കിയതിൽ സന്തോഷം.
ചർച്ച ചെയ്യേണ്ട ലേഖനം
കാര്യമാത്ര പ്രസക്തമായ വിഷയം തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. റേറ്റിംഗ് കൂട്ടുവാനുള്ള മത്സരത്തിൽ ഉറ്റവരുടെ വേർപാടിൽ ഒന്നുറക്കെ കരയാൻ പോലും പറ്റാത്ത ജീവിതങ്ങളുടെ വീർപ്പുമുട്ടൽ ഇക്കൂട്ടർ അറിയുന്നില്ലേ.
സെലിബ്രിറ്റികളുടെ മരണം ഒരാഘോഷമാവുന്ന ദുരന്തം നമ്മൾ നിസ്സഹായരായി കണ്ടുകൊണ്ടേയിരിയ്ക്കുന്നു!
👍