മലയാളത്തില്‍ സീമ എന്ന നടിയെ റിലേറ്റ് ചെയ്തു ഇമേജറികളില്‍ ഭൂരിഭാഗവും രൂപപ്പെടുന്നത് അവളുടെ രാവുകള്‍ എന്ന സിനിമയിലൂടെയായിരുന്നു. ഐ.വി. ശശിയും സീമയും തമ്മിലുള്ള ബന്ധം ഒരുപക്ഷേ സീമയുടെ അതിശക്തമായ അനേകം സ്ത്രീ കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ചു എന്നതും ചരിത്രമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, രതീഷ്, സുകുമാരന്‍, ലാലു അലക്സ്, ക്യാപ്റ്റന്‍ രാജു എന്നിവരോടൊപ്പം കട്ടക്ക് നിന്ന അനേകം സ്ത്രീ കഥാപാത്രങ്ങള്‍ സീമ അവതരിപ്പിക്കുകയും ചെയ്തു. സീമയെ പോലെ തന്നെ അത്രക്ക് കട്ടക്ക് നിന്ന ഒരു നടിയായിരുന്നു സുമലത എന്നു വേണം പറയാന്‍. സുമലതയുടെ തൂവാനത്തുമ്പികള്‍ എന്ന സിനിമയിലെ ക്ലാര എന്ന കഥാപാത്രത്തെയാണ് ഈ എഴുത്തിലൂടെ നോക്കിക്കാണാന്‍ ശ്രമിക്കുന്നത്.

തൂവാനത്തുമ്പികള്‍ എന്ന സിനിമയിലെ ക്ലാര എന്ന നായികാവേഷത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുവാന്‍ ഇപ്പോള്‍ പ്രേരിപ്പിക്കുന്നത് സുമലത എന്ന താരശരീരത്തിലേക്ക് ആ കഥാപാത്രത്തെ ചേര്‍ത്തുവെച്ച ഒരു പ്രക്രിയ കൂടിയാണ്. ജീവിതത്തില്‍ പലപ്പോഴും മുഴുവനായും ബോള്‍ഡായി പെരുമാറിയിട്ടുള്ള മലയാള സിനിമയിലെ ഒരു കീഴാള പശ്ചാത്തലമുള്ള മുക്കുവ സ്ത്രീയാണ് ക്ലാര. ഈ ക്ലാരയെ മലയാളത്തില്‍ തന്നെ ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ / താരശരീരങ്ങള്‍ അവതരിപ്പിച്ച സുമലത എന്ന സ്ത്രീയിലേക്ക് സന്നിവേശിപ്പിക്കുന്നത് തൂവാനത്തുമ്പികള്‍ എന്ന സിനിമ ചെയ്യുന്ന ഒരു രസകരമായ കാര്യവുമാണ്. ക്ലാരയെ കുറിച്ചുള്ള വായനകള്‍ ആ സിനിമയില്‍ നിന്നും സംവിധായകനില്‍ നിന്നും അപ്പുറത്തേക്ക് ചിലപ്പോള്‍ വികസിപ്പിക്കുവാന്‍ കഴിഞ്ഞേക്കാം. തൃശൂരിലെ ഒരു ഫ്യൂഡല്‍ ലോര്‍ഡും നഗരത്തിലെ ചട്ടമ്പിയുമൊക്കെയായ മോഹന്‍ലാലിന്റെ താരശരീരം അവതരിപ്പിച്ച ജയകൃഷ്ണന് ക്ലാരയുടെ മുന്നില്‍ ഈ സിനിമയില്‍ പലയിടത്തും ചൂളിപ്പോകുന്നുമുണ്ട്. ഈ സിനിമ ആണ് പോപുലര്‍ കള്‍ച്ചറില്‍ പരാജയപ്പെടുകയും പിന്നീട് കള്‍ട്ട് ആവുകയും ചെയ്തു.
![]()
ഉദാഹരണത്തിന്, ഈ സിനിമയില്‍ ആദ്യമായി മോഹന്‍ലാലിന്റെ കഥാപാത്രം ഒരു ലോഡ്ജ് മുറിയില്‍ വെച്ച് ക്ലാരയെ പരിചയപ്പെടുന്ന സീനില്‍, മോഹന്‍ലാല്‍ എത്രത്തോളം ചട്ടമ്പിയായിട്ടും സുമലതയുടെ മുന്നില്‍ പിടിച്ചു നില്ക്കാന് പാടുപെടുകയാണ്. ബാബു നമ്പൂതിരിയുടെ ഒരു പിമ്പ് കഥാപാത്രം സുമലതയെ പരിചയപ്പെടുത്തുന്ന ആ സീനില്‍, ആ റൂമിലെ സ്പേസ് ആധികാരികമായി ഉപയോഗിക്കുന്നത് പോലും ക്ലാരയാണ്. ട്രോളി ഷോട്ടിലൂടെയും ക്ലോസ്-അപ്പിലൂടെയും അവരുടെ സൗന്ദര്യത്തിലൂടെ പൊതു ബോധത്തിലെ ഫെമിനിറ്റിയെ ഉടക്കുന്നതിലൂടെ മോഹന്‍ലാലിന്റെ ജയകൃഷ്ണനെ തന്നെ അവര്‍ അട്ടിമറിക്കുന്നു. അത് സുമലതയുടെ താരശരീരത്തിലൂടെ ക്ലാര എന്ന മുക്കുവ സ്ത്രീ സാധിച്ചെടുക്കുകയും ചെയ്യുന്നു.

ജയകൃഷ്ണന് ആദ്യമായി ക്ലാരയ്ക്ക് ഒരു കത്ത് എഴുതുന്ന ഷോട്ടിലൂടെയാണ് ‘മഴ ക്ലാര’ എന്ന ഒരു ടിപ്പിക്കല്‍ ആര്‍കിടൈപ്പ് മലയാളം റൊമാന്റിസിസത്തിലേക്ക് കടന്നുവരുന്നത്. അത് നായകന്റെ ഫിക്ഷണല്‍ ഭാവന, സിനിമയുടെ ക്രിയേറ്ററുടെ ഭാവന, സിനിമയുടെ സംഗീതം, ഷോട്ടുകള്‍ എന്നിങ്ങനെ പലതിനെയും ആശ്രയിച്ചാണ് രൂപപ്പെട്ടത്. അത് ഫിക്ഷണലൈസ് ചെയ്ത് കള്ട്ടാക്കുന്നതില് ആ സിനിമ വിജയിച്ചിട്ടുമുണ്ട്. അതേസമയം, ഒരു കീഴാളയായ മുക്കുവ സ്ത്രീ സുമലത എന്ന താരശരീരത്തിലൂടെ മലയാളിയുടെ റൊമാന്റിക് പൊതു ബോധത്തിലേക്ക് ഒരു കള്‍ട്ടായി രൂപപ്പെടുന്ന പ്രക്രിയ, അത് ഒരു വേറിട്ട ചരിത്രപരത കൂടിയാണെന്ന് വായിച്ചെടുക്കാനാണ് എനിക്ക് തോന്നുന്നത്. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന സിനിമയിലെ പത്മരാജന്റെ ഒരു പെണ്‍കുട്ടി വേശ്യാലയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍, ഇവിടെ ക്ലാര സെക്സ് വര്‍ക്ക് ഒരു തൊഴിലായി സ്വയം സ്വീകരിക്കുന്ന തലത്തിലേക്ക് മാറി എണ്‍പതുകളില്‍ തന്നെ അട്ടിമറി തുടങ്ങിയിരുന്നു. അതും ജയകൃഷ്ണനെ പോലുള്ള ഒരു ഫ്യൂഡലിനെ പപ്പറ്റ് ആക്കിക്കൊണ്ടാണ് അവര്‍ അത് ചെയ്യുന്നത്.
സുമലതയുടെ താരശരീരം ഈ സിനിമയില്‍ ഉപയോഗിക്കുന്ന കോസ്റ്റ്യൂമുകളുടെ വൈവിധ്യം രസകരമാണ്. മലയാളി പുരുഷ ഫാന്റസിയുടെ ബോധത്തില്‍ നിന്നാണ് ആ മഴസീനിലെ കണ്ണുകളും ചുണ്ടുകളും അവര്‍ അവതരിപ്പിക്കപ്പെടുന്നത്. അതേസമയം, ഇതേ കീഴാളയായ സ്ത്രീ, ആ കാലത്തെ ഫാഷനബിള്‍ ചുരിദാര്‍ മുതല്‍ മുക്കുവ സ്ത്രീയുടെ വിവിധ വേഷങ്ങളിലൂടെ ഈ സിനിമയിലൂടെ കടന്നുപോകുന്നു. അതായത്, സംവിധായകന്റെ നോട്ടത്തിലൂടെയും നായകന്റെ നോട്ടത്തിലൂടെയും കാണിയുടെ നോട്ടത്തിലൂടെയും ഫാന്റസികളിലൂടെ വിവിധ രൂപങ്ങളില്‍ ഒരു കീഴാള മുക്കുവ സ്ത്രീ വാന്‍ പൊളി പൊളിക്കുകയാണ്. ഈ സിനിമയിലെ അനേകം കാഴ്ചകളില്‍ സുമലതയുടെ ക്ലാരയ്ക്ക് ഇനിയും അത്യധികം റീഡിങ്ങുകള്‍ ഉണ്ടാകാം.
അതേസമയം, പാര്‍വതി എന്ന നടിയുടെ കഥാപാത്രം അത്രക്കു ദാരിദ്ര്യമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ നമുക്ക് മനസ്സിലാക്കാം. കേരളത്തിന്റെ പൊതു ബോധത്തിലെ വോയറിസത്തിന്റെ ഒരു ഫെമിനിറ്റി വേര്‍ഷനില്‍ അപ്പുറം ഒന്നും ആ കഥാപാത്രം മാറുന്നുമില്ല. എണ്‍പതുകളിലെ ഫ്യൂഡല്‍ ചട്ടമ്പികള്‍ ഒടുവില്‍ അവസാനിക്കുന്നതുപോലെ, പാര്‍വതിയെ പോലുള്ള ഒരു ദാരിദ്ര്യത്തെ കല്യാണം കഴിച്ചുകൂടാനാണ് ജയകൃഷ്ണന്റെയും ഈ സിനിമയിലെ വിധി. അതേസമയം, അതോര്‍ത്തു ചിലപ്പോള്‍ ക്ലാര നൂറുവട്ടം തന്റേതായ ഇടങ്ങളില്‍ ചിരിച്ചിട്ടുണ്ടാകാം.
ഈ സിനിമയിലെ ക്ലൈമാക്സ് രൂപപ്പെടുന്നത് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനിലാണ്. ആ സീനിന്റെ കണ്‍സ്ട്രക്ഷന്‍ തന്നെ രസകരമാണ്. ക്ലാരയെ പോലുള്ള കീഴാള സമൂഹങ്ങളിലെ മനുഷ്യര്‍ക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മൊബിലിറ്റി നല്കിയ യാത്രാവാഹനം ട്രെയിന്‍ തന്നെയാണ്. അവര്‍ അവരുടെ യാത്രയിലൊരിടത്തുവച്ചാണ് ഒരു പാര്‍ട്ണറെ കണ്ടെത്തുന്നത്. പിന്നെ പാവം മോഹന്‍ലാലിനോട്, ‘എന്നെ കണ്ടത് നിന്റെ കൊച്ചിനോട് പറയണ്ട. നിന്നെ ഞാന്‍ വെറുതെ വിട്ടിരിക്കുന്നു. സുഖമായി ജീവിച്ചോ’ എന്നൊക്കെ അങ്ങ് കാരുണ്യം അനുവദിക്കുകയാണ്. മോഹന്‍ലാലിന്റെ കുറ്റബോധം ക്ലാര എങ്ങനെ എടുത്തതാകാം എന്നതും പലതരത്തിലായിരിക്കാം. ജീവിതയാത്രയില്‍ അവര്‍ അത് കോമഡിയായിട്ടായിരിക്കാം എടുത്തിട്ടുണ്ടാവുക. അതേസമയം, റെയില്‍വേ സ്റ്റേഷന് എന്ന മൊബിലിറ്റിയുടെ ഇടത്തില്‍ ഒരു മൂലയിലിരുന്നു ഒളിഞ്ഞുനോക്കേണ്ട ഗതികേടിലാണ് പാര്‍വതിയുടെ കഥാപാത്രവും.
![]()
അതുകൊണ്ടുതന്നെ, ക്ലാര എന്ന മുക്കുവ സമുദായത്തില്‍പ്പെട്ട കഥാപാത്രം, ലൈംഗിക തൊഴില്‍, സുമലത എന്ന താരശരീരം, മലയാള സിനിമയിലെ നായര്‍ സ്പേസിലെ ഇമേജറി, മലയാളി പൊതു ബോധത്തിലെ കള്‍ട്ട് രൂപപ്പെടുത്തല്‍ – ഇതൊക്കെ എങ്ങനെ പങ്കുവഹിച്ചു എന്നത് കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന ഒരു വിഷയമാണ്. മലയാളത്തിലെ കള്‍ട്ടായ ഒരു ഡയലോഗാണ് ”മഴ, കട്ടന്‍ ചായ, ജോണ്സന് മാഷ്”. ജോണ്സന് മാഷിന്റെ ബി.ജി.എം-ന് കള്‍ട്ട് സ്റ്റാറ്റസ് നേടിക്കൊടുക്കുന്നതില്‍ ക്ലാര എന്ന ലൈംഗിക തൊഴിലാളിയായ മുക്കുവ സ്ത്രീയുടെ വിഷ്വല്‍ പ്രെസന്‍സ് ഒരു ഘടകമായിരുന്നിരിക്കാം. അങ്ങനെ, ദ്വന്ദ്വാത്മകമായ ഒരു ഫ്യൂഡല്‍-കീഴാള (ദളിത്) റീഡിങ്ങിനെ അട്ടിമറിച്ചുകൊണ്ട് തന്നെ പലതരത്തില്‍ രൂപപ്പെടുന്ന ഒരു കഥാപാത്രമാണ് ക്ലാര എന്ന് തോന്നിപ്പോകും.
എണ്‍പതുകളിലെ നഗരവല്ക്കരണങ്ങളിലൂടെ, യാത്രാസൗകര്യങ്ങളുടെ വര്‍ധനകളിലൂടെ, നഗരകേന്ദ്രികൃത ലൈംഗിക തൊഴിലുകളുടെ ആവിര്‍ഭാവങ്ങളിലൂടെ, പിമ്പുകള്‍ പോലുള്ള തൊഴില്‍ രൂപങ്ങളിലൂടെ, ലോഡ്ജ്, ബാറുകള്‍ പോലുള്ള ഇടങ്ങളിലൂടെ, മൊറാലിറ്റി സ്ട്രക്ചറിലെ മാറ്റങ്ങളിലൂടെ, കീഴാള സ്ത്രീകളുടെ യാത്രകളിലൂടെ, സിനിമയിലെ ചില സ്ത്രീ താരശരീരങ്ങളുടെ ട്രാന്‍സ്ഫര്‍മേഷനുകളിലൂടെ – എന്തിന്, സംവിധായകന്റെയും നായകന്റെയും കയ്യില്‍ നിന്നുപോലും രക്ഷപ്പെട്ടു പോകുന്ന വായനകളിലൂടെ – ഉയിര്‍ക്കുന്ന ക്ലാരകളിലൂടെയാണ് ഇതൊക്കെ പലതരത്തില്‍ കുഴഞ്ഞുമറിയലുകളായി രൂപപ്പെടുന്നത് എന്ന് തോന്നുന്നു. അതിനു നിയതമായ ഒരു രൂപരേഖ ഒന്നുമില്ല എന്നും തോന്നുന്നു. ഒരു ‘റിയാലിറ്റി’ റീഡിങ്ങിനും അപ്പുരമായിരിക്കാം കാര്യങ്ങള്‍.
ഇന്ന് രാവിലെ ഒരു ബസ്സിലെ ഏറ്റവും അവസാനത്തെ സീറ്റില്‍ ഒരു മീന്കാരന് ചേട്ടന് ‘മേഘം പൂത്തു തുടങ്ങി’ എന്ന പാട്ട് കേട്ടപ്പോള്‍, ”നമ്മടെ ക്ലാര…’ എന്ന് പറഞ്ഞു ചിരിച്ചപ്പോള്‍ അത് കേട്ടപ്പോള്‍ അപ്പോള്‍ ക്ലാര എന്ന ഒരു മുക്കുവ സ്ത്രീ മനുഷ്യരുടെ ഉള്ളില്‍ എങ്ങനെ ഒക്കെ രൂപപ്പെടുന്നുണ്ടാകാം എന്ന ചിന്തയില്‍ നിന്നാണ് ഇതെഴുതിയത്.







No Comments yet!