ഒരിക്കല്‍ ഒരു ഷോര്‍ട്ട് ഫിലിം കണ്ടിരുന്നു. മലയാളത്തിലാണോ തമിഴിലാണോ എന്ന് അറിയില്ല. സ്വന്തമായി ഒരു റൂം ഇല്ലാത്ത ദമ്പതികള്‍. അനേകം പേര് തിങ്ങി ജീവിക്കുന്ന ഒരു ദാരിദ്ര്യം പിടിച്ച വീട്ടില്‍ നിന്ന് രക്ഷപ്പെട്ടുകൊണ്ട് ഒരു ലോഡ്ജില്‍ റൂം എടുത്ത് അവരുടെ ലൈംഗിക ദാഹം തീര്‍ക്കുന്ന ഒരു പ്ലോട്ട് പറയുന്ന ഷോര്‍ട്ട് ഫിലിം ആയിരുന്നു അത്.
കളങ്കാവല്‍ എന്ന സിനിമ വീണ്ടും കണ്ടപ്പോള്‍ ആലോചിക്കാന്‍ തോന്നിയത് കേരളത്തിലെ ലോക്കല്‍ സെറ്റപ്പിലുള്ള ലോഡ്ജുകളുടെ വിഷ്വലുകള്‍ ഈ സിനിമയില്‍ കൊണ്ടുവരുന്നതിനെ കുറിച്ചാണ്. ലോഡ്ജുകള്‍, സഞ്ചരിക്കുന്ന ബസുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, അവയില്‍ ജീവിക്കുന്ന ആഹ്ലാദിക്കുന്ന ലൈംഗികത, യാത്ര ചെയ്യുന്ന സ്ത്രീകളുടെ ആഹ്ലാദങ്ങളും ദൃശ്യവല്‍ക്കരിച്ചിരിക്കുന്ന രീതികളാണ്. പ്രണയം, ലൈംഗികത, വണ്‍ നൈറ്റ് സ്റ്റേ, യാത്രകള്‍ തുടങ്ങിയവ ആ സ്ത്രീകളില്‍ രൂപപ്പെടുത്തുന്ന ആഹ്ലാദം കേരളത്തിലെ പ്രണയങ്ങളുടെ ഒരു കാലഘട്ടത്തെ കൂടെ അടയാളപ്പെടുത്തുന്നുണ്ടെന്ന് തോന്നുന്നു.
ഒരുപക്ഷേ മൊബൈല്‍ ഫോണുകളുടെ അവിര്ഭാവത്തോടുകൂടെയായിരിക്കണം മനുഷ്യര്‍ പല ബൗണ്ടറികളും തകര്‍ത്ത് മറ്റ് മനുഷ്യരുമായി ബന്ധപ്പെടുകയും അത്തരത്തിലുള്ള ലൈംഗികതയിലേക്കും പ്രണയത്തിലേക്കും അവിഹിതങ്ങളിലേക്കും കുതിച്ചുചാടുകയും ചെയ്യുന്നത്. അവര്‍ ചിലപ്പോള്‍ അവരുടെ രാത്രി സംസാരങ്ങളില്‍ വേറെ ലോകം തീര്ത്തിട്ടുമുണ്ടാകാം. അത് അവരുടെ തന്നെ സമൂഹം, കുടുംബം, ബന്ധങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് ആരും കാണാതെ ഉള്ള രക്ഷപ്പെടലുകളുമാകാം. അത് അവരെ സംബന്ധിച്ചിടത്തോളം ത്രില്ലുകളുമാകാം. അത്തരം ത്രില്ലുകള്‍, പ്രണയങ്ങള്‍, കാമനകള്‍, സ്വാതന്ത്ര്യങ്ങള്‍ എന്നിവ ഒക്കെയാണ് കളങ്കാവില്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ സ്റ്റാന്‍ലി എന്ന സൈക്കോയുടെ കൂടെ പോകുന്ന സ്ത്രീകളില്‍ മരണത്തിന് മുമ്പ് കാണാന്‍ കഴിയുന്നത്. ലോഡ്ജ് മുറികളില്‍ ഒരു ലൈംഗികതയ്ക്ക് ശേഷവും ബസ് യാത്രകളിലും, കാര്‍ യാത്രകളിലും അവരുടെ കണ്ണുകള്‍ ലൈംഗികതയുടെ സൗന്ദര്യം കൊണ്ട് തിളങ്ങുകയാണ്. അതില്‍ ഒരു സ്ത്രീ അവരുടെ മകളോടു പുതിയ അച്ഛനെക്കുറിച്ച് പറയുന്നിടത്തൊക്കെ അവര്‍ പ്രകാശിക്കുകയുമാണ്.
ലോഡ്ജ് എന്ന ഒരു ഇടം, ബസ് എന്ന ഒരു ഇടം, ബസ് സ്റ്റാന്‍ഡിലെ ഇരിപ്പിടങ്ങള്‍ – ഈ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അഡ്രിനലിന്‍ ഹൈപ്പിന്റെ ഇടങ്ങള്‍ കൂടെയാണ്. ഇത്തരം ഇടങ്ങളിലേക്ക് ചതിച്ചുകൊണ്ടുപോകുന്ന സ്റ്റാന്‍ലി എന്ന സൈക്കോപാത്തിന്റെ മാനസിക നീക്കങ്ങളുടെ കോംപ്ലക്സിറ്റികള്‍ ഒരു പക്ഷേ ഭീകരമായിരിക്കും. മരണത്തിലേക്ക് സ്ത്രീകളെ കൊണ്ടുപോകുന്ന ഒരാളുടെ വന്യതയും, മരണം തൊട്ടടുത്ത് എത്തി നില്ക്കുന്ന സ്ത്രീകളുടെ കണ്ണുകളിലെ ലൈംഗിക തൃപ്തിയുടെ ആഹ്ലാദവും. അവര്‍ ഈ ലോകത്തെ വിട്ടുകൊണ്ട് പറക്കുകയാണ്.
ഈ സിനിമയിലെ ആദ്യത്തെ കൊലപാതകം തന്നെ നോക്കുക. അതീവ സംതൃപ്തയായ ഒരു സ്ത്രീ ആ ലോഡ്ജ് മുറിയിലെ എക്സ്റ്റസിയിലാണ് ജീവിക്കുന്നത്. അവര്‍ തിളങ്ങുകയാണ്. അവര്‍ അതിനുശേഷം ആ മനുഷ്യനുമായി കൊച്ചു വര്‍ത്തമാനങ്ങള്‍ തുടങ്ങുന്നു. ദാമ്പത്യത്തില്‍ നിന്ന്, കുടുംബത്തില്‍ നിന്ന്, സഹോദരങ്ങളില്‍ നിന്ന്, സമൂഹത്തില്‍ നിന്ന് രക്ഷപ്പെട്ട് ആ ലോഡ്ജ് മുറിയിലെ (ഈ സിനിമയില്‍ പല ഇടത്തും കാണിക്കുന്ന ഇരുണ്ട വെളിച്ചമുള്ള ലോഡ്ജ് മുറികള്‍) സ്വര്‍ഗ്ഗത്തില്‍ അവര്‍ അവരെ തന്നെ മറക്കുന്ന ഒരു സ്വര്‍ഗ്ഗത്തിലേക്ക് എക്സ്റ്റസിയില്‍ ജീവിക്കുന്നു. അങ്ങനെ ഒരു ക്ലൈമാക്സില്‍ വെച്ചാണ് അവര്‍ കൊല്ലപ്പെടുന്നത്.

ഒരു സിനിമ രൂപപ്പെടുമ്പോള്‍ അതിലെ താരങ്ങള്‍, സ്ത്രീകള്‍, ലൈംഗികതകള്‍, കൊലപാതകങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോഴും ചില ഇടങ്ങളും വളരെ പ്രധാനപ്പെട്ടതാണെന്ന് തോന്നുന്നു. അങ്ങനെ പഠിക്കേണ്ടതാണ് കളങ്കാവില്‍ എന്ന സിനിമയിലെ ലോഡ്ജ്കള്‍. ഒരു കാലത്ത് ലോഡ്ജുകള്‍ എന്ന ഒരു ഇടത്തെ പൊതു സമൂഹം സമീപിച്ചതെങ്ങനെ എന്നതിന്റെ ഒക്കെ സോഷ്യോളജിക്കല്‍ സ്റ്റഡിയും രസമായിരിക്കും. കേരളത്തില്‍ അടക്കമുള്ള സമൂഹങ്ങളില്‍ ലോഡ്ജുകള്‍, ഗസ്റ്റ് റിലേഷന്‍സ് എന്നിവയുടെ പരിണാമ ചരിത്രങ്ങളും ഈ സിനിമയെ ബന്ധപ്പെടുത്തി നോക്കിയാല്‍ രസമായിരിക്കും.
അവസാനം ഈ സിനിമയിലും ഒരു ലോഡ്ജില്‍ വെച്ചുകൊണ്ടുതന്നെയാണ് ഒരിക്കല്‍ താന്‍ കൊല ചെയ്ത പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ടു അയാള്‍ പതറുന്നതും, അയാള്‍ തന്നെ പിടിക്കപ്പെടുന്നതും. കളങ്കാവില്‍ എന്ന സിനിമ വീണ്ടും കണ്ടപ്പോള്‍ നമ്മള് ഒരു രാത്രി എങ്കിലും തങ്ങുന്ന ഇടങ്ങള്‍ നമ്മുടെ സ്വാതന്ത്ര്യവും നമ്മളെ രൂപപ്പെടുത്തുന്നതും അവസാനിപ്പിക്കുന്നതുമായ ഇടങ്ങളാകുന്നതെങ്ങനെ എന്ന് ആലോചിച്ചപ്പോള്‍ തോന്നിയതാണ്.







No Comments yet!