പ്രശസ്ത എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനും ലോകസഞ്ചാരിയുമായ അനിൽകുമാർ എ വി യുടെ തിങ്കളാഴ്‌ച പംക്തി തുടരുന്നു:
നുറുങ്ങുകൾ : 5

എത്രയോ വിശ്വപ്രതിഭകളുമായി അഭിമുഖം നടത്തി, എണ്ണമറ്റ അഭിമുഖങ്ങള്‍ക്ക് ഇരുന്നുകൊടുക്കേണ്ടിവന്ന ബിബിസിയുടെ ഇന്ത്യന്‍ ശബ്ദം എന്നറിയപ്പെട്ട മാധ്യമ പ്രവര്‍ത്തകനും രാജ്യത്തെ ഏറ്റവും ഉള്‍ക്കാഴ്ചയുള്ള വിദേശ നിരീക്ഷകരില്‍ ഒരാളും പ്രക്ഷേപകനും റേഡിയോ ഇതിഹാസവുമായിരുന്ന സര്‍ വില്യം മാര്‍ക്ക് ടുള്ളി സാക്ഷിയായ ചരിത്രസംഭവങ്ങള്‍ ഏറെ. നിരവധി വധങ്ങള്‍, 1971- ലെ ഇന്ത്യ പാക്കിസ്ഥാന്‍ യുദ്ധം, അടിയന്തിരാവസ്ഥ, ആയിരങ്ങള്‍ ജഡങ്ങളായി മറിഞ്ഞുവീണ ഭോപ്പാല്‍ വാതക കൂട്ടക്കൊലയുടെ ഭീകരത തുടങ്ങിയവ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാള്‍ പ്രസിഡന്‍സിയിലെ കൊല്‍ക്കത്ത ടോളിഗഞ്ചില്‍ ബ്രിട്ടീഷ് മാതാപിതാക്കളുടെ മകനായി 1935 ഒക്ടോബര്‍ 24- നായിരുന്നു ജനനം. അച്ഛന്‍ ബ്രിട്ടീഷ് രാജിന്റെ പ്രമുഖ മാനേജിങ് ഏജന്‍സികളിലൊന്നില്‍ പങ്കാളിയായിരുന്ന ധനിക ബിസിനസുകാരന്‍. കര്‍ക്കശക്കാരിയായ യൂറോപ്യന്‍ ആയയുടെ സംരക്ഷണയിലാണ് കുട്ടി വളര്‍ന്നത്. ഒമ്പത് വയസുവരെ ബ്രിട്ടനിലേക്ക് പോയില്ല. കൗതുകങ്ങളും വിസ്മയങ്ങളും ഇഴയോടിനിന്ന ആ ജീവിതം സങ്കീര്‍ണമായിരുന്നു. യേശുവിന്റെ ദിവ്യത്വ രഹസ്യങ്ങള്‍ വിശദീകരിക്കാന്‍ ഇന്ത്യയെയും വിശുദ്ധ ഭൂമിയെയും ഉപയോഗിച്ച് അദ്ദേഹം ‘ദി ലൈവ്‌സ് ഓഫ് ജീസസ്’ ബിബിസി ടെലിവിഷന്‍ പരമ്പര അവതരിപ്പിച്ചിട്ടുണ്ട്.

കൊല്‍ക്കത്തയുമായുള്ള കുടുംബത്തിന്റെ ബന്ധം 1857 ലെ ഒന്നാം സ്വാതന്ത്ര്യ പ്രക്ഷോഭം മുതല്‍ ആരംഭിച്ചതാണ്. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ വ്യാപാരിയായിരുന്ന അമ്മയുടെ മുതുമുത്തച്ഛന്‍ സംഘര്‍ഷങ്ങള്‍ക്കിടയില്‍നിന്ന് ഗംഗയിലൂടെ കൊല്‍ക്കത്തയിലേക്ക് ബോട്ടില്‍ രക്ഷപ്പെട്ടു. മുത്തച്ഛന്‍ ബംഗ്ലാദേശുമായി ബന്ധമുള്ള ചണം വ്യവസായത്തിലായിരുന്നു. അതിനാല്‍ ടുള്ളിയുടെ അമ്മയുടെ ജനനം അവിടെ. കൊല്‍ക്കത്തയിലാണ് ഭാവി വരനെ കണ്ടുമുട്ടി വിവാഹം ചെയ്തത്. അവിടെ ഗില്ലാന്‍ഡേഴ്സ് അര്‍ബുത്നോട്ടിന്റെ പങ്കാളികളില്‍ ഒരാളായി.
പ്രവാസിയെന്ന വിളി തീരെ ഇഷ്ടപ്പെടാതിരുന്ന ടുള്ളി
വീട്ടില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലത്ത് ഇന്ത്യന്‍ കുട്ടികളുമായി കളിക്കാന്‍ ടുള്ളിക്ക് അനുവാദമില്ലായിരുന്നു. ഹിന്ദിയോ മറ്റ് ഭാഷകളോ പഠിക്കുന്നതില്‍നിന്ന് വിലക്കി, ഇംഗ്ലീഷില്‍ മാത്രം സംസാരിക്കാന്‍ നിര്‍ബന്ധിച്ചു. കുടുംബ ഡ്രൈവറുടെ ഭാഷ അനുകരിച്ച് എണ്ണാന്‍ പഠിച്ചതിന് ബന്ധു ഒരിക്കല്‍ അവനെ ശാസിക്കുകപോലുംചെയ്തു. അക്കാലത്ത് ബ്രിട്ടീഷ് കുട്ടികളെ വിദ്യാഭ്യാസത്തിന് നാട്ടിലേക്ക് അയയ്ക്കുന്ന പതിവുണ്ടായി. ടുള്ളി ആ ഘട്ടമെത്തിയപ്പോള്‍ രണ്ടാം ലോക യുദ്ധം പാശ്ചാത്യ ലോകത്ത് നാശം വിതച്ചുകൊണ്ടിരുന്നു. അതിനാല്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ഡാര്‍ജിലിങ്ങിലെ ബ്രിട്ടീഷ് സ്‌കൂളിലേക്കാണ് അയച്ചത്. ഇന്ത്യയുമായി താദാത്മ്യം പ്രാപിക്കാനുള്ള അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. ആ സംസ്‌കാരത്തിന്റെ ഭാഗമാകുന്നത് നിരുത്സാഹപ്പെടുത്തി. എന്നാല്‍ മുതിര്‍ന്ന ജീവിതത്തിന് ബാല്യവുമായി സാമ്യമേയില്ല. ഇവിടെ മിക്കവാറും എല്ലാ സുഹൃത്തുക്കളും ഇന്ത്യക്കാരാണ്. ഹിന്ദി നന്നായി വഴങ്ങി. അര നൂറ്റാണ്ട് വിസ്തൃതിയുണ്ടായ ഇന്ത്യന്‍ ബന്ധത്തില്‍ ഏറെ അഭിമാനിച്ച ടുള്ളി പ്രവാസിയെന്ന വിളി തീരെ ഇഷ്ടപ്പെട്ടില്ല. ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ വിദേശ പൗരനാവാന്‍ കൊതിക്കുകയും ചെയ്തു. പിന്നീട് അച്ഛന് മാഞ്ചസ്റ്ററില്‍ ജോലി ലഭിച്ചു. രണ്ടാം ലോകയുദ്ധത്തിനു തൊട്ടുപിന്നാലെ മകന്‍ ഒപ്പം പോയി ബ്രിട്ടനിലെ കടുത്ത അച്ചടക്ക നിഷ്ഠകളുള്ള ബോര്‍ഡിങ് സ്‌കൂളുകളില്‍ ചേര്‍ന്നു. ബിരുദ സമ്പാദനത്തിനുശേഷം നാല് വര്‍ഷത്തേക്ക് ഒരു സന്നദ്ധ സംഘടനയുടെ ഭാഗമായി. 1964 ലാണ് ബിബിസിയില്‍എത്തിയത്. പത്രപ്രവര്‍ത്തകനല്ല, പേഴ്സണല്‍ മാനേജര്‍. 1965 ല്‍ ദില്ലിയില്‍ ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്. തുടര്‍ന്ന് ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നിവയില്‍ കേന്ദ്രീകരിക്കേണ്ട ലേഖകനായി സ്ഥാനക്കയറ്റം. 22 വര്‍ഷം പദവിയില്‍ തുടര്‍ന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിച്ചേല്‍പ്പിച്ച 1975-ലെ അടിയന്തരാവസ്ഥക്കാലത്ത് സെന്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതിനാല്‍ ഗാര്‍ഡിയന്‍, വാഷിങ്ടണ്‍ പോസ്റ്റ് എന്നിവയുടേതുള്‍പ്പെടെ 40 വിദേശ ലേഖകരോടൊപ്പം 24 മണിക്കൂര്‍ നോട്ടീസില്‍ രാജ്യത്തുനിന്ന് പുറത്താക്കപ്പെട്ട ടുള്ളി ലണ്ടനിലേക്ക് മടങ്ങി. അടിയന്തരാവസ്ഥ അവസാനിച്ചപ്പോള്‍ ഒന്നര വര്‍ഷത്തിനുശേഷം ബ്യൂറോ തലവനായി ദില്ലിയില്‍ തിരിച്ചെത്തി. 1994-ല്‍ ബിബിസിയുടെ ഗ്രേറ്റ് റെയില്‍വേ ജേര്‍ണീസായ ‘കറാച്ചി ടു ദി ഖൈബര്‍ പാസ്’ എന്ന എപ്പിസോഡ് അവതരിപ്പിച്ചു.

നിക്ക് ലെറ നിര്‍മിച്ച വേള്‍ഡ് സ്റ്റീം ക്ലാസിക്‌സ് പരമ്പരയിലെ ‘സ്റ്റീംസ് ഇന്ത്യന്‍ സമ്മര്‍’ മറ്റൊന്ന്. ബിബിസി റേഡിയോ 4 പരിപാടിയായ സംതിങ് അണ്ടര്‍സ്റ്റുഡിന്റെ പതിവ് അവതാരകനുമായിരുന്നു. 1994 മുതല്‍ ദില്ലി ആസ്ഥാനമായ ഫ്രീലാന്‍സ് ജേണലിസ്റ്റായും ബ്രോഡ്കാസ്റ്ററായും പ്രവര്‍ത്തിച്ചു.
ബിബിസിയുടെ അമിത കോര്‍പ്പറേറ്റ് മുന്‍ഗണന
ബിബിസിയുടെ അമിത കോര്‍പ്പറേറ്റ് മുന്‍ഗണനകളില്‍ താല്‍പര്യമില്ലാതെ 1994 ജൂലൈ 10ന് അതില്‍നിന്ന് ഒഴിഞ്ഞതിന്റെ കാരണം അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെ: അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതുമുതല്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ സംസാരിക്കരുതെന്ന് സ്ഥാപനം ആവശ്യപ്പെട്ടു. അത് സ്വീകാര്യമായില്ല. അതിനാല്‍ സൗത്ത് ഏഷ്യന്‍ കറസ്പോണ്ടന്റ് എന്ന പദവിയില്‍നിന്നുള്ള രാജി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. ഗ്രാനഡ ടെലിവിഷനിലും പിന്നീട് ലണ്ടന്‍ വീക്കെന്‍ഡ് ടെലിവിഷനിലും പ്രവര്‍ത്തിച്ച് പിന്നീട് ബിബിസിയുടെ പരിഷ്‌കര്‍ത്താവ് (1992-99) എന്നറിയപ്പെട്ട അന്നത്തെ ഡയരക്ടര്‍ ജനറല്‍ ജോണ്‍ ബര്‍ട്ട് എന്ന ബാരണ്‍ ബര്‍ട്ടുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പടിയിറക്കം വേഗത്തിലാക്കി. ബര്‍ട്ടിന്റെ രീതികളും പരിഷ്‌കാരങ്ങളും ബിബിസിക്ക് അകത്തും പുറത്തുമുള്ള നിരവധി പേരില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ക്ഷണിച്ചുവരുത്തുകയുണ്ടായി. അതില്‍ മാര്‍ക്ക് ടുള്ളിയ്ക്കൊപ്പം ജോണ്‍ ടുസ, ചാള്‍സ് വീലര്‍, കേറ്റ് ആഡി എന്നിവരും ഉള്‍പ്പെടുന്നു. 1993 ജൂലൈ 14 ന് ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ നടന്ന റേഡിയോ അക്കാദമി ഫെസ്റ്റിവലില്‍ നടത്തിയ പ്രഭാഷണത്തില്‍ ടുള്ളി അദ്ദേഹത്തെ ഊക്കോടെ കടന്നാക്രമിക്കുകയുമുണ്ടായി. ബിബിസി റേഡിയോയിലും ടെലിവിഷനിലും പ്രസംഗം ദീര്‍ഘമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏതൊരു ബിബിസി ബ്യൂറോക്രസിയും ഇതുവരെ അനുഭവിപ്പിച്ചിട്ടില്ലാത്തത്ര ഭയം വളരെ കൂടുതലാണ്. വലുതും സങ്കീര്‍ണവുമായ സ്ഥാപനത്തില്‍ ആഡംബരത്തിന് ഉയര്‍ന്ന പ്രാധാന്യം നല്‍കുകയും മാനേജ്‌മെന്റിനെതിരായ ആരോഗ്യകരമായ വിമര്‍ശനത്തെ തള്ളിക്കളയുകയും ചെയ്യുന്നു. ഭയത്താല്‍ കോര്‍പ്പറേഷനെ നയിക്കുന്നുവെന്നും മോശം റേറ്റിങ്ങും നിരാശരായ ജീവനക്കാരുമുള്ള സ്ഥാപനത്തെ രഹസ്യ ഏകശിലയാക്കി മാറ്റുന്നുവെന്നായിരുന്നു വിശദീകരണം. ബിബിസി വിട്ടശേഷവും ടുള്ളി സമൃദ്ധമായി എഴുതിക്കൊണ്ടിരുന്നു.
ഒമ്പത് പഠന കൃതികളും ചെറുകഥാ സമാഹാരവും
വൈവിധ്യങ്ങളായ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള 10 ഉപന്യാസങ്ങളുടെ സമാഹാരമായ നോ ഫുള്‍ സ്റ്റോപ്പ്‌സ് ഇന്‍ ഇന്ത്യ (1988), ദി ഹാര്‍ട്ട് ഓഫ് ഇന്ത്യ (1995), ഇന്ത്യ ഇന്‍ സ്ലോ മോഷന്‍ (2002, ഗില്ലിയന്‍ റൈറ്റുമൊത്ത് രചിച്ച ഇന്ത്യ: ദി റോഡ് എഹെഡ് (2011) തുടങ്ങി ഒമ്പത് കൃതികള്‍ക്കൊപ്പം – അപ്കണ്‍ട്രി ടെയില്‍സ്: വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ദി ഹാര്‍ട്ട് ഓഫ് ഇന്ത്യ – ആകര്‍ഷകമായ ചെറുകഥാ സമാഹാരമാണ്.

ആദ്യ പുസ്തകം ‘അമൃത്സര്‍: മിസിസ് ഗാന്ധിസ് ലാസ്റ്റ് ബാറ്റില്‍ (1985) സഹപ്രവര്‍ത്തകന്‍ സതീഷ് ജേക്കബുമൊത്താണ് എഴുതിയത്. സുവര്‍ണ ക്ഷേത്ര സമുച്ചയത്തിന്റെ കെട്ടിടങ്ങളില്‍ നിന്ന് തീവ്രവാദ മതനേതാവ് ജര്‍ണൈല്‍ സിങ് ഭിന്ദ്രന്‍വാലയെയും അനുയായികളെയും നീക്കാന്‍ 1984 ജൂണ്‍ ഒന്നിനും എട്ടിനുമിടയില്‍ നടത്തിയ സൈനിക നടപടിയായ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിലേക്ക് നയിച്ച സംഭവങ്ങളാണ് അത് കൈകാര്യം ചെയ്തത്. ‘നോ ഫുള്‍ സ്റ്റോപ്സ് ഇന്‍ ഇന്ത്യ’ പത്രപ്രവര്‍ത്തന ലേഖന സമാഹാരം അമേരിക്കയില്‍’ദി ഡിഫീറ്റ് ഓഫ് എ കോണ്‍ഗ്രസ്-മാന്‍’ എന്ന പേരിലാണിറക്കിയത്. ജോണ്‍ മക്ലിത്തണിന്റെ ‘ ഹിന്ദുത്വ സെക്സ് ആന്‍ഡ് അഡ്വഞ്ചര്‍’ 2010 ( ഹിന്ദുത്വ ലൈംഗികതയും സാഹസികതയും) നോവലില്‍ ടുള്ളിയുടെ ഛായയുള്ള കഥാപാത്രമുണ്ട്.

1980 കളിലും 90 കളിലും ഇന്ത്യയില്‍ പ്രവര്‍ത്തിച്ച പാശ്ചാത്യ റേഡിയോ ജേണലിസ്റ്റായ ആന്‍ഡ്രൂ ലൂയിറ്റിനെ പിന്തുടരുന്ന പങ്കാളിയായ ഇംലയും കടന്നുവരുന്നു. സാഹസികതകള്‍, അസാധാരണ ലൈംഗികാനുഭവങ്ങള്‍, മൃദുഹിന്ദുത്വ കാഴ്ചപ്പാടിലേക്കുള്ള പ്രത്യയശാസ്ത്ര മാറ്റം എന്നിവ അക്കഥ പരിശോധിക്കുന്നു. കര്‍ശന പ്രൊട്ടസ്റ്റന്റ് പശ്ചാത്തലമുള്ള ആന്‍ഡ്രൂ ലൂയിറ്റിനെ ഇന്ത്യയിലേക്ക് നിയമിക്കുന്നതാണ് സന്ദര്‍ഭം. കശ്മീര്‍, അയോധ്യ, തവാങ് എന്നിവിടങ്ങളിലെ സുപ്രധാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഹിന്ദുമതത്തെ ജീവിതരീതിയായി കാണുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം അനുഭവപ്പെടുന്നു. നോ ഫുള്‍ സ്റ്റോപ്പ്‌സ് ഇന്‍ ഇന്ത്യ 10 ഉപന്യാസങ്ങളുടെ സമാഹാരമാണ്. എല്ലാം വ്യാഖ്യാനങ്ങളാണെങ്കിലും രചയിതാവിന്റെ സ്വന്തം പങ്കാളിത്തം അവയില്‍ രസം പകരുന്നു. ആദ്യത്തേത് തന്റെ പാചകക്കാരന്റെ മകളുടെ വിവാഹവും ഗ്രാമത്തിലെ സ്വന്തം അനുഭവങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. മഹാബലിപുരത്തെ കൊത്തുപണികളും ഇന്ത്യന്‍ കലാകാരന്മാരുമായുള്ള ബ്രിട്ടീഷ് ശില്‍പികളുടെയും കരകൗശല വിദഗ്ധരുടെയും ഇടപെടലും സംഘര്‍ഷവുമാണ് സാംസ്‌കാരിക സാമ്രാജ്യത്വം എന്ന അടുത്ത ഉപന്യാസത്തിന്റെ പ്രമേയം.
കുംഭമേളയും വി പി സിങ്ങിന്റെ സഹോദരന്‍ സാന്ത് ബക്‌സ് സിങ്ങും
മൂന്നാമത്തേത് കുംഭമേള സംബന്ധിച്ചാണ്. ആ ഉത്സവത്തിന്റെ ഉജ്വലാവിഷ്‌കാരം. 1989 ഡിസംബര്‍ രണ്ടു മുതല്‍ 1990 വനംബര്‍ 10 ഏഴാമത്തെ പ്രധാനമന്ത്രിയായിരുന്ന വി പി സിങ്ങിന്റെ മൂത്ത സഹോദരന്‍ സാന്ത് ബക്‌സ് സിങ്ങിനൊപ്പം സമയം ചെലവഴിക്കുകയും അവിടെ വ്യാപാരം നടത്തുന്ന വിവിധ ആളുകളെ -കണ്ടുമുട്ടുകയും ചെയ്യുന്നു. ഇടയ്ക്കിടെ പരിഹാസത്തിന്റെ സൂചന കടന്നുവരികയുമാണ്. അവസാന ഭാഗത്ത് വര്‍ഗീയ പാര്‍ടികളുടെ ഉയര്‍ച്ചയുടെ സാധ്യതയും കൃത്യമായി പ്രവചിച്ചിട്ടുണ്ട്. ഏറ്റവും രസകരമായ ലേഖനം നാലാമത്തേതാണ്, പ്രത്യേകിച്ച് രാമാനന്ദ് സാഗറിന്റെ രാമായണം കണ്ടു വളര്‍ന്ന തലമുറയ്ക്ക്. റിയാലിറ്റി ടിവിയും ടിആര്‍പിയും ഉണ്ടാകുന്നതിന് വളരെ മുമ്പ് ആ മെഗാ സീരിയലിന്റെ സ്വാധീനത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നു. – അത് കാണാന്‍ അനുവാദം ചോദിച്ച് ടാക്‌സി ഡ്രൈവര്‍മാര്‍ വാതിലില്‍ മുട്ടി. ഒരു രംഗത്തിന്റെ ചിത്രീകരണത്തിലും രസകരമായ ഭാഗമുണ്ട്; – ടേക്കുകള്‍ക്കിടയില്‍ ലക്ഷ്മണന്‍ ബിസ്‌ക്കറ്റ് കഴിക്കുന്നതടക്കം. അടുത്തത് ആധുനിക കാലത്തെ സതി സംഭവമാണ് കൈകാര്യം ചെയ്തത്. അത് ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഗ്രാമവാസികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സിവില്‍ സര്‍വീസുകാര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ വ്യത്യസ്ത വീക്ഷണകോണുകളിലൂടെ മനസിലാക്കുന്നു. കൂടാതെ നിയമങ്ങള്‍ എങ്ങനെ നിര്‍മിക്കപ്പെടണമെന്നും അവ എന്തിനു വേണ്ടിയാണ് ഉണ്ടായതെന്നും വ്യക്തമാക്കുകയുമാണ്. അക്കാലത്തെ ദേശീയ വാഹനമായിരുന്ന അംബാസഡറില്‍ മധ്യപ്രദേശിലേക്കുള്ള യാത്രയാണ് അടുത്തതില്‍. സര്‍ക്കാര്‍ പദ്ധതിയുടെ സഹായത്തോടെ ഭോപ്പാലിനെ താരതമ്യേന വികസിപ്പിച്ച കലാകാരന്റെ ഗ്രാമമാണ് ലക്ഷ്യസ്ഥാനം. ആദിവാസികളെയും അവരുടെ വിശ്വാസ വ്യവസ്ഥകളെയും കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും ഉള്‍ക്കൊള്ളുന്നുന്നതുമാണത്. അവസാന പ്രബന്ധം ബീഹാറില്‍ നിന്നുള്ള രാഷ്ട്രീയക്കാരനും ടുള്ളിയുടെ അടുത്ത സുഹൃത്തുമായ ദിഗ്വിജയ് നരേന്‍ സിങ്ങിനെക്കുറിച്ചാണ്. അദ്ദേഹം പുപ്രി, മുസാഫര്‍പൂര്‍, ഹാജിപൂര്‍, വൈശാലി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് തുടര്‍ച്ചയായി 28 വര്‍ഷം (1952-1980) ലോക്സഭയിലുണ്ടായി. കോണ്‍ഗ്രസുകാരനായി കരിയര്‍ തുടങ്ങിയ സിങ് 1969 ല്‍ മൊറാര്‍ജി ദേശായിയുടെ എന്‍സിഒയിലും 1977 ല്‍ ജനതാ പാര്‍ടിയിലും ചേര്‍ന്നു. രാഷ്ട്രീയക്കാര്‍ക്ക് മനഃസാക്ഷി ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിലാണ് അദ്ദേഹം ജനിച്ചതെന്നാണ് ഒരിടത്ത് ടുള്ളിയുടെ പരാമര്‍ശം. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി എന്നിവരുമായുള്ള സിങ്ങിന്റെ ബന്ധങ്ങള്‍ നന്നായി രേഖപ്പെടുത്തിയിട്ടുമുണ്ട്. രാജീവ് ഗാന്ധിയിലൂടെ ഇന്ത്യന്‍ അവസ്ഥ സംബന്ധിച്ചുമുള്ള വിചാരങ്ങളാണ് അവസാനഭാഗം.അദ്ദേഹത്തിന്റെ കൊലപാതക വാര്‍ത്തയും രാഷ്ട്രത്തിന് അത് എന്താണ് അര്‍ഥമാക്കുന്നത് എന്നതിനെക്കുറിച്ചുള്ള ടുള്ളിയുടെ വീക്ഷണത്തോടുമാണ് പൂര്‍ണ വിരാമം. ഉറുദു, ഹിന്ദി ഭാഷകളില്‍ നല്ല പ്രാവീണ്യമുള്ള പങ്കാളിയായ ഗില്ലിയന്‍ റൈറ്റ് നിരവധി ഇന്ത്യന്‍ കൃതികള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുമുണ്ട്.

ചരിത്രത്തിന്റെ വാതിലുകള്‍ തുറന്ന വിവിധ മാധ്യമ പ്രവര്‍ത്തകരുടെ അഭിമുഖങ്ങള്‍
പിന്നീട് പ്രശസ്ത പ്രക്ഷേപകനും എഴുത്തുകാരനുമായി മാറിയ ടുള്ളി ഒരിക്കല്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ പുരോഹിതനാകാന്‍ ആഗ്രഹിക്കുകയും ദൈവശാസ്ത്രത്തില്‍ ബിരുദം നേടുകയും ചെയ്തത് അത്രയേറെ അറിയപ്പെടുന്നതല്ല. കേംബ്രിജിലെ സര്‍വകലാശാലയിലെ മാള്‍ബറോ കോളേജിലെ പഠനകാലത്താണ് ആ തീരുമാനമെടുത്തത്. എന്നാല്‍ സെമിനാരിയില്‍ പോയപ്പോള്‍ അങ്ങനെ ആഗ്രഹിച്ചവരെ കണ്ടപ്പോള്‍ ക്രിസ്തുമതത്തോട് ഗൗരവമായി വിശ്വസ്തരാണെന്നും പുരോഹിതരാകാന്‍ യോഗ്യരാണെന്നും കരുതി. ലിങ്കണ്‍ തിയോളജിക്കല്‍ കോളേജില്‍ രണ്ട് ടേമുകള്‍ക്ക് ശേഷം അതുപേക്ഷിച്ച അദ്ദേഹം മറ്റെന്തെങ്കിലും ജോലി സ്വീകരിക്കാനാണ് നിശ്ചയിച്ചത്. 1992-ല്‍ ഇന്ത്യ പത്മശ്രീയും 2005- ല്‍ പത്മഭൂഷണും സമര്‍പ്പിച്ച് ആദരിച്ചു. പ്രക്ഷേപണ മേഖലയിലെ സേവനങ്ങള്‍ക്ക് 2002-ല്‍ ബക്കിങ്ഹാം കൊട്ടാരത്തില്‍ ചാള്‍സ് രാജകുമാരന്‍ നൈറ്റ് പദവി നല്‍കിയത് മറ്റൊരു അംഗീകാരം. ടുള്ളിയുമായി വിവിധ മാധ്യമ പ്രവര്‍ത്തകര്‍ നടത്തിയ അഭിമുഖങ്ങള്‍ ചരിത്രത്തിന്റെ വാതിലുകള്‍ തുറന്നവയാണ്. 1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ സംഭവിച്ചത് വിവരിക്കവെ ചെറിയ വിശദാംശങ്ങള്‍ പോലും മുങ്ങിയെടുത്തു. തര്‍ക്കത്തിന് സമാധാനപരമായ പരിഹാരമുണ്ടാകണമെങ്കില്‍ മുസ്ലിങ്ങളുടെ ആശങ്കകളും പരിഗണിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ആ ജനവിഭാഗത്തിന്റെ വികാരം ഉള്‍ക്കൊള്ളാതെ അയോധ്യയില്‍ ക്ഷേത്രം വരുമെന്ന പ്രതീക്ഷയില്‍ തൃപ്തനായിരുന്നുമില്ല. ബാബറി മസ്ജിദ് നിലനിന്നിരുന്നിടത്തേ ക്ഷേത്രം പണിയൂവെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് പ്രഖ്യാപിച്ചതടക്കം വിജയാഘോഷങ്ങള്‍ രാജ്യത്തെ ജനസംഖ്യയുടെ 15 ശതമാനം വരുന്ന മുസ്ലിം സമൂഹവുമായുള്ള ഭൂരിപക്ഷത്തിന്റെ ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ടുള്ളി വിശ്വസിച്ചു. 2014-ല്‍ ബിജെപി അധികാരത്തിലെത്താനും അതിനുശേഷം നടന്ന നിരവധി സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും സഹായിച്ച പ്രചാരണത്തിന്റെ ഭാഗമായിരുന്ന ഹിന്ദുത്വ ആകര്‍ഷണീയതയെ ആശ്രയിക്കുന്നതിനുപകരം വികസനത്തിന്റെയും പരിഷ്‌കാരങ്ങളുടെയും ലക്ഷ്യങ്ങള്‍ മോദി പിന്തുടരുമെന്ന് പ്രത്യാശിക്കുകയുമുണ്ടായി. മതത്തിന്റെ പേരില്‍ പോരാട്ടം നടന്നാല്‍ ഇന്ത്യ ശിഥിലമാകാനുള്ള സാധ്യതയുണ്ട്. മതനിരപേക്ഷത രാജ്യത്തിന് വളരെ പ്രധാനമാണ്. അത് മതവിരുദ്ധമാണെന്ന് ചിലര്‍ ഭയപ്പെടുന്നു. ദൈവം യേശുവായാലും അല്ലാഹുവായാലും രാമനായാലും വിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും പിരിമുറുക്കവുമുണ്ടെങ്കില്‍ ഇന്ത്യയ്ക്ക് അപകടകരമാണ്. മതത്തിന്റെ പേരില്‍ ഒരിക്കലും രാഷ്ട്രീയം കളിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി. ഹിന്ദി നന്നായി വഴങ്ങിയ ടുള്ളി 1992-ല്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ബാബറി മസ്ജിദ് നിലംപരിശാക്കിയശേഷം ഏതാനും പ്രാവശ്യം അയോധ്യ സന്ദര്‍ശിക്കുകയും ഉത്തര്‍പ്രദേശിലെ പട്ടണത്തെക്കുറിച്ച് രസകരമായ നിരീക്ഷണങ്ങളുടെ പരമ്പര തയ്യാറാക്കുകയും ചെയ്തു. അയോധ്യയിലെ ജനങ്ങള്‍ ഇതെല്ലാം കൊണ്ട് മടുത്തു. അവര്‍ക്ക് സാധാരണ ജീവിതം വേണമെന്നാണ് അതിലെ നിഗമനം. ബാബറി മസ്ജിദ് തകര്‍ത്തത് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ചില കര്‍സേവകര്‍ അദ്ദേഹത്തെ നേരിട്ട് മാര്‍ക്ക് ടുള്ളിക്ക് മരണം എന്ന് വിളിച്ചുപറഞ്ഞ് ബിബിസിയോടുള്ള അവിശ്വാസം പ്രതിഫലിപ്പിച്ചു. മണിക്കൂറുകള്‍ മുറിയില്‍ പൂട്ടിയിട്ടു; സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് ഈ പൊളിച്ചുമാറ്റല്‍ എന്ന് അദ്ദേഹം പിന്നീട് അഭിപ്രായപ്പെട്ടു.
വിഷപ്രാണികളാല്‍ നിറഞ്ഞ കൂറ്റന്‍ ആല്‍മരം പിഴുതെറിയാന്‍ മോദി
ദശാബ്ദങ്ങളോളം ഇന്ത്യയില്‍നിന്ന് സൗമ്യമായ ഉള്‍ക്കാഴ്ചയോടും ലളിതമായ വാക്ചാതുര്യത്തോടും ധാര്‍മിക ദൃഢതയോടും നര്‍മത്തിലൂടെയും കഴിയുന്നത്ര വസ്തുനിഷ്ഠതയോടും റിപ്പോര്‍ട്ട് ചെയ്ത ടുള്ളി വര്‍ഷങ്ങളായി വിഷപ്രാണികളാല്‍ നിറഞ്ഞ രാജ്യത്തെ കൂറ്റന്‍ ആല്‍മരം പിഴുതെറിയാന്‍ മോദി ശ്രമിക്കുകയാണെന്ന് എഴുതിയിട്ടുണ്ട്. ജീവിതത്തിന്റെ പ്രധാന കാലമാകെ ഇന്ത്യയെ വീടാക്കി മാറ്റിയ അദ്ദേഹം ആധുനിക ദക്ഷിണേഷ്യയെ മനസിലാക്കിപ്പിച്ച മിക്കവാറും എല്ലാ ചലനങ്ങളും ഒപ്പി. ബംഗ്ലാദേശ് യുദ്ധം, അടിയന്തരാവസ്ഥ, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശം, ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ദുരന്തം, ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍, ദില്ലി കലാപം, ബാബറി മസ്ജിദ് തകര്‍ക്കല്‍ തുടങ്ങിയവയടക്കം. ഇന്ത്യയുടെ ക്രോണിക്കിളര്‍ എന്ന വിശേഷണം മികവിന്റെ സാക്ഷ്യം. ആ കാലയളവിലെ പ്രധാന സംഭവ വികാസങ്ങളെല്ലാം അദ്ദേഹത്തിന്റെ ശബ്ദത്തിലൂടെ ലോകം കേട്ടു. പില്‍ക്കാല ജീവിതത്തിന്റെ ഭൂരിഭാഗവും ടുള്ളി ദില്ലിയിലും മക്ലിയോഡ് ഗഞ്ചിലുമായി ജീവിച്ചു. ദിവസവും തെരുവുകളിലേക്കിറങ്ങി സാധാരണ മനുഷ്യരുമായി അടുത്തിടപഴകി. ഒരിക്കലും ചാരുകസേലാ ലേഖകനായി ചുരുങ്ങിയില്ല. ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും നിരന്തരം സഞ്ചരിച്ചു, കഴിയുമ്പോഴെല്ലാം ട്രെയിനില്‍. സാധാരണക്കാരുടെയും ഉന്നതരുടെയും പ്രതീക്ഷകള്‍ക്കും ഭയങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ക്ലേശങ്ങള്‍ക്കും അദ്ദേഹം ശബ്ദം നല്‍കി. ഷര്‍ട്ടും ടൈയും പോലെ, ഇന്ത്യന്‍ കുര്‍ത്ത ധരിക്കുന്നതിലും സന്തോഷവാനായിരുന്നു. ഇന്ത്യന്‍ ചായക്കടകള്‍ ആളുകള്‍ പലപ്പോഴും ഒത്തുകൂടുന്ന സ്ഥലങ്ങളാണ്, – പ്രത്യേകിച്ച് പൊതുതെരഞ്ഞെടുപ്പ് നടത്തുമ്പോള്‍. ഉത്തര്‍പ്രദേശിലെ ഫൈസാബാദ് നിയോജകമണ്ഡലത്തിലെ കൊച്ചുകടയില്‍ നിന്ന് ചെറിയ കളിമണ്‍ കപ്പുകളില്‍ നിന്ന് ചൂടുള്ള ചായ കുടിക്കുന്ന ടുള്ളി അപൂര്‍വ കാഴ്ചയായിരുന്നു. തന്റെ ആംഗ്ലിക്കന്‍ വിശ്വാസത്തിനും ഇന്ത്യന്‍ ബഹുസ്വരതയുടെ യാഥാര്‍ഥ്യങ്ങള്‍ക്കും ഇടയിലെ ആത്മീയ ഒത്തുചേരലുകളെക്കുറിച്ച് പലപ്പോഴും സംസാരിച്ചിരുന്നു.

ജാതി ബ്രാഹ്‌മണനോ ഹരിജനോ ആയിരിക്കുന്നതിന്റെ മാത്രം കാര്യമല്ല;അതൊരു ബന്ധുത്വ വ്യവസ്ഥ കൂടിയാണ്. ആ സംവിധാനം കുടുംബത്തെക്കാള്‍ വിശാലമായ പിന്തുണാ ഗ്രൂപ്പിനെ നല്‍കുന്നുവെന്നാണ് ടുള്ളി നിരീക്ഷിച്ചത്. ഖുഷ്വന്ത് സിങ് വിലയിരുത്തിയതുപോലെ മാര്‍ക്ക് ടുള്ളിയുടെ പുസ്തകങ്ങള്‍ ആകര്‍ഷകമായ വായനയ്ക്ക് കാരണമാകുന്നു. ഇന്ത്യയെ നന്നായി മനസിലാക്കുന്നതില്‍ സഹാനുഭൂതി നിറഞ്ഞ കാഴ്ചപ്പാടാണ് അവയില്‍ മിക്കതിലും. ഇന്ത്യയുടെ മാത്രമല്ല ബംഗ്ലാദേശിന്റെ ജനനം, പാക്കിസ്ഥാനിലെ സൈനിക ഭരണ കാലഘട്ടങ്ങള്‍, ശ്രീലങ്കയിലെ തമിഴ് പുലികളുടെ കലാപം, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശം എന്നിവയുള്‍പ്പെടെ ദക്ഷിണേഷ്യയുടെ റിപ്പോര്‍ട്ടിങ്ങിന് നേതൃത്വം നല്‍കി. അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യയെക്കുറിച്ചുള്ള ചരിത്രകാരന്‍ കൂടിയായിരുന്നു അദ്ദേഹം.





No Comments yet!