
”…നിഴലും നിലാവും കൂടിപ്പിണഞ്ഞു കിടക്കുന്ന ആ
നീലക്കയങ്ങളില്‍ അവ്യക്തമായ ഒരു വെള്ളിമീന്‍ നീന്തിക്കളിക്കുന്നുണ്ടായിരുന്നു.
”രാച്ചിയമ്മ!”
”നമ്മളെ മറന്നല്ലേ?”
”നീ മഞ്ഞ പ്രസാദം തൊട്ടു സത്യം ചെയ്തതല്ലേ?”
”അതെ”
”എന്നിട്ട്?”
”നമ്മള്‍ മഞ്ഞക്കുറി തുടച്ചു കളഞ്ഞു. നോക്കൂ, നമ്മുടെ നെറ്റിയില്‍ ചന്ദനക്കുറിയാണല്ലോ?”
മന്ത്രിക്കുന്നതുപോലെ അവള്‍ തുടര്‍ന്നു.
”നമ്മള്‍ മനുഷ്യനല്ലേ? മണ്ണുകൊണ്ട് ഉണ്ടാക്കിയതല്ലേ?”
ഈ തത്ത്വജ്ഞാനം എവിടെ നിന്നു പഠിച്ചുവെന്ന് ഞാന്‍ ചോദിച്ചില്ല. ഇളകിയ മണ്ണിന്റെയും യൂക്കാലിപ്റ്റസിന്റെയും മണം കൂടിക്കലര്‍ന്ന കാറ്റും കടന്നു വന്നു. അത് വൈക്കോല്‍ക്കൂമ്പാരത്തിലും വള്ളിപടര്‍പ്പുകളിലും
തിരുപ്പിടിച്ചു. എന്റെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട് രാച്ചിയമ്മ പറഞ്ഞു.
”നമ്മുടെ അമ്മയുടെ അമ്മയെ കൊണ്ടുവന്നത് മലയാളിയാണ്.”
രാച്ചിയമ്മയുടെ ശിരസ്സില്‍ ഉണ്ടായിരുന്ന ഒന്നുരണ്ടു വെള്ളിവരകള്‍ എന്റെ നേരെ പുഞ്ചിരി പൊഴിച്ചു. എനിക്കും പുഞ്ചിരി തൂകാതെ കഴിഞ്ഞില്ല.”
മലയാളഭാഷ എക്കാലത്തേക്കും സൂക്ഷിച്ചു വച്ചേക്കാവുന്ന ഒരു കൃതിയിലെ ഏറെ പ്രാധാന്യമുള്ള ഭാഗമാണിത്. സ്ത്രീമനസ്സിനെയും സ്ത്രീപുരുഷബന്ധങ്ങളിലെ സൂക്ഷ്മതലങ്ങളെയും കുറിച്ച് അതീവ സൂക്ഷ്മമായ നോട്ടങ്ങള്‍ കൊണ്ട് അനുഗൃഹീതമായ ആഖ്യാനം. ഉറൂബിന്റെ ‘രാച്ചിയമ്മ’.
രാച്ചിയമ്മയെ സ്വാശ്രിതയായ ഒരു സ്ത്രീയായിട്ടാണ് ഉറൂബ് അവതരിപ്പിക്കുന്നത്. ഒറ്റയ്ക്കു ജീവിക്കുകയും എരുമകളെ വളര്‍ത്തി പാല്‍ വിറ്റ് സ്വന്തം ജീവനോപാധി കണ്ടെത്തുകയും ചെയ്യുന്നവള്‍. ഉള്‍ക്കരുത്തും കാര്യങ്ങളില്‍ ഇടപെടാനുള്ള ശേഷിയും ആജ്ഞാശക്തിയും രാച്ചിയമ്മയ്ക്കുണ്ട്. അവള്‍ക്ക് കറുത്തിരുണ്ട ശരീരം.
ആരുടെ മുന്നിലും കൂസാത്ത മനഃസ്ഥൈര്യം.
തന്റേടി. പെട്ടെന്ന് ആക്രമിച്ചേക്കാവുന്ന ആനയില്‍
നിന്നും ഒരു പുരുഷനെ രക്ഷിക്കാനുള്ള കരുത്തു കാണിക്കുന്നവള്‍. ആരേയും സഹായിക്കുന്ന മനോഭാവം.
അവളുടെ ഉള്ളിലെ മനഃശക്തിയും സ്വാതന്ത്ര്യബോധവും ഉറൂബ് പല രുപങ്ങളില്‍ സൂക്ഷ്മതയില്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്.
ആഖ്യാനത്തിലുടനീളം രാച്ചിയമ്മയുടെ ആന്തരികബഹുസ്വരത
വെളിപ്പെടുന്നുമുണ്ട്. അവള്‍ ശുശ്രൂഷ ചെയ്യുന്നു, സ്‌നേഹിക്കുന്നു, ഓര്‍ക്കുന്നു, കാത്തിരിക്കുന്നു, തീരുമാനമെടുക്കുന്നു, സ്വയം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നു. ഇത് സാധാരണ സ്ത്രീ എന്ന ലളിതവല്‍ക്കരണത്തില്‍ നിന്നും അവളെ വിമോചിപ്പിക്കുന്നതാണ്. ഉറൂബ് രാച്ചിയമ്മയെ ആദര്‍ശവല്‍ക്കരിച്ചു കാണിക്കുന്നില്ല. അവള്‍ നായകന്റെ ഇരയായി മാറിത്തീരുന്നവളുമല്ല. രാച്ചിയമ്മ തന്റെ ആഗ്രഹങ്ങളുടെയും സാമൂഹികനിയന്ത്രണങ്ങളുടെയും ഇടയില്‍ പൊരുതുന്നവളായി അവതരിപ്പിക്കപ്പെടുന്നു.
ഈ കഥയില്‍ സ്ത്രീമനസ്സിന്റെ അടിത്തട്ടുകളിലേക്ക് കടന്നുചെല്ലുന്ന മനഃശാസ്ത്രപരമായ അന്വേഷണത്തിന്റെ ഒരു തലമുണ്ട്. രാച്ചിയമ്മയിലൂടെ ഉറൂബ് സ്ത്രീയുടെ സ്വതന്ത്രമനസ്സിനെ വെളിപ്പെടുത്തുന്നു.
രാച്ചിയമ്മ രോഗിയായ നായകനെ ശുശ്രൂഷിക്കുന്നു. ശുശ്രൂഷയെന്നത് പാരമ്പര്യം സ്ത്രീയ്ക്കു വിധിരൂപേണ നല്‍കിയിരിക്കുന്ന പരിപാലകവൃത്തിയാണെങ്കിലും ഇവിടെ അത് വെറും സേവനമല്ല. രാച്ചിയമ്മ അയാളെ ശുശ്രൂഷിക്കാന്‍ സ്വമനസ്സാലേ തീരുമാനിക്കുകയാണ്. ഇവിടെ അത് സുബദ്ധമായ ബന്ധനിര്‍മ്മാണത്തിന്റെ പ്രക്രിയയായി മാറിത്തീരുന്നു. അവളുടെ ശരീരസാന്നിദ്ധ്യത്തിലല്ല, കരുതലിലാണ് ബന്ധം ഉദ്ഭവിക്കുന്നത്. ഇവിടെ പ്രണയം ശരീരത്തിന്റെ പ്രതികരണമല്ല, മനസ്സിന്റെ സമര്‍പ്പണമാണ്. അവളുടെ കരുതല്‍ നായകന്റെ മനസ്സിലെ ശൂന്യതയെ പൂരിപ്പിക്കുന്നതിനു ക്ഷമതയുള്ളതാണ്. ഇത് ഒരു ആത്മബന്ധത്തിലേക്കു നീങ്ങുന്നു. രാച്ചിയമ്മ നായകനെ തന്റെ മരിച്ചുപോയ ആങ്ങളയുമായി താരതമ്യം ചെയ്യുന്നുണ്ട്. അവളുടെ സ്‌നേഹത്തില്‍ സഹോദരബന്ധത്തിന്റെ നിറം കലര്‍ന്നിരിക്കുന്നു.

അവളുടെ പ്രണയത്തെ മറയ്ക്കുന്നതിനും സ്വയം സംരക്ഷിക്കുന്നതിനും രാച്ചിയമ്മ സ്വീകരിക്കുന്ന ഒരു മാനസിക തന്ത്രമാണോ ഇതെന്ന് സന്ദേഹിക്കാവുന്നതാണ്. സ്ത്രീക്ക് ലൈംഗികതയെ തുറന്നു പ്രകടിപ്പിക്കാന്‍ അവകാശമില്ലാത്ത ഒരു സമൂഹസന്ദര്‍ഭത്തില്‍ അത് സേവനത്തിലൂടെയും ത്യാഗത്തിലൂടെയും കാത്തിരിപ്പിലൂടെയും നിശ്ശബ്ദതയിലൂടെയും വേദനയിലൂടെയും… ഇതരമാര്‍ഗ്ഗങ്ങളിലൂടെ പ്രകടിപ്പിക്കുകയെന്നതാകും സാദ്ധ്യമാകുക! രാച്ചിയമ്മയില്‍ അതാകും കാണാന്‍ കഴിയുന്നത്. സ്ത്രീക്ക് വിവാഹത്തിനു പുറത്തുള്ള വികാരബന്ധങ്ങള്‍ പാപമായി ഗണിക്കുന്നതിനാല്‍, പല ബന്ധങ്ങളും മറ്റൊരു രൂപം സ്വീകരിച്ചു: സഹോദരബന്ധത്തിന്റെ രൂപം, മാതൃത്വത്തിന്റെ ഭാഷ, ദൈവഭക്തിയുടെ രൂപം ഇവ പലപ്പോഴും യഥാര്‍ത്ഥവികാരങ്ങളെ മറയ്ക്കാനുള്ള സാമൂഹികതന്ത്രങ്ങളായിരുന്നു. സ്ത്രീ സ്വന്തം ആഗ്രഹത്തെ തന്നെ തിരിച്ചറിയാതിരിക്കാനായി ഇത്തരം രൂപങ്ങള്‍ സ്വീകരിക്കേണ്ടിയിരുന്നു.
രാച്ചിയമ്മയുടെ സഹോദരനഷ്ടത്തിനൂ സമാനമെന്നോണം കഥാനായകന്റെ ഒരു സഹോദരിയും ഇളംപ്രായത്തില്‍ മരിച്ചു പോയതാണ്. ആ ഓര്‍മ്മയില്‍ അയാള്‍ രാച്ചിയമ്മയെ പെങ്ങളായി നിരൂപിക്കുന്നതായി കഥാകാരന്‍ എഴുതുന്നില്ല. നായകന്റെ ഉള്ളില്‍ മറ്റൊരു വികാരമാണ് ഉണരുന്നതെന്ന് നാം പിന്നീട് മനസ്സിലാക്കുന്നുമുണ്ട്. ലൈംഗികജീവിതം താരതമ്യേന സ്വതന്ത്രമായ പുരുഷന് വികാരങ്ങളെ ഒളിച്ചുവെച്ച് മറ്റൊന്നായി പെരുമാറേണ്ടി വരുന്നില്ല. സ്ത്രീ-പുരുഷബന്ധങ്ങളില്‍ സാധാരണമെന്നോണം പ്രത്യക്ഷമാകുന്ന വൈരുദ്ധ്യത്തെയാണ് ഉറൂബ് ഇവിടെ എഴുതുന്നത്. സ്ത്രീ മാനസികസുരക്ഷയാണ് കാംക്ഷിക്കുന്നതെങ്കില്‍ പുരുഷനില്‍ അത് പെട്ടെന്ന് കാമബോധത്തിലേക്കു വഴിമാറുന്നു. എന്നാല്‍, ഉറൂബിന്റെ കഥാനായകന്‍ അത്യന്തം കാമാസക്തനായി രാച്ചിയമ്മയോടു പെരുമാറുന്നതായി ചിത്രീകരിക്കപ്പെടുന്നില്ല. അയാള്‍ മനസ്സിനു നിയന്ത്രണങ്ങളുള്ള വ്യക്തിയാണ്. ഏറെ അനിശ്ചിതവും സന്ദിഗ്ദ്ധവുമായ ഘടകങ്ങളെ കൊണ്ടാണ് ഉറൂബ് കഥയെ നിബന്ധിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ നായകന് ഏതെങ്കിലും വിധത്തില്‍ അവളോട് കാമഭാവം തോന്നുന്നതിന്റെ സൂചനകളില്ല. രാച്ചിയമ്മയുടെ ശരീരം മാത്രമാണ് അയാളെ ആകര്‍ഷിക്കുന്നതെന്നു പറയാനും കഴിയില്ല. അവളുടെ സാന്നിദ്ധ്യവും ശുശ്രൂഷയും കരുണയുമാണ് അയാളുടെ പരിവര്‍ത്തനത്തിനു ത്വരകമാകുന്നത്. മാനസികമായ ഐക്യഭാവങ്ങളില്‍ നിന്ന് ശരീരാകര്‍ഷണത്തിലേക്കു നീങ്ങുന്ന ഒരു ബന്ധവികാസമാണത്.
”നമ്മള്‍ കാവില്‍ പോയി മഞ്ഞപ്രസാദം തൊട്ടു സത്യം ചെയ്തു. വഴിപിഴയ്ക്കില്ലെന്ന്. ഇനി ഇഷ്ടം പോലെ” ഈ വാക്യം സ്ത്രീയുടെ ഉള്ളിലെ സംഘര്‍ഷത്തിന്റെ ഏറ്റവും തീവ്രമായ പ്രകടനമാണ്. അവളുടെ ആഗ്രഹം മറച്ചുവയ്ക്കപ്പെടുന്നില്ല. എന്നാല്‍, അമ്മയ്ക്കു നല്‍കിയ വാക്ക്, സമൂഹനിയമങ്ങള്‍, ലജ്ജ, പാപബോധം എന്നിവ അവളെ തടയുന്നു. പുരുഷന്റെ ആഗ്രഹം തന്നെ അന്തിമമായ തീരുമാനകേന്ദ്രമായി അവള്‍ കാണുന്നു. ഇത് അക്കാലത്തെ (അധികം കുറവില്ലാതെ ഇക്കാലത്തെയും) സ്ത്രീ-പുരുഷ ബന്ധങ്ങളുടെ ഒരു പ്രധാന സ്വഭാവമാണ്. സ്ത്രീയുടെ ഗുണങ്ങളായി വിധേയത്വവും ലജ്ജയും അനുസരണയും സഹനവും നിര്‍വ്വചിക്കപ്പെട്ടിരുന്നു. ബന്ധങ്ങള്‍ രൂപപ്പെടുന്നത് രണ്ടു സ്വതന്ത്രവ്യക്തികളില്‍ നിന്നായിരുന്നില്ല. സ്ത്രീ സ്വന്തം ആഗ്രഹത്തെക്കാള്‍ പുരുഷന്റെ ആഗ്രഹത്തിനു മുന്‍ഗണന നല്‍കേണ്ടിയിരുന്നു. സ്വാതന്ത്ര്യബോധവും തന്റേടവും പ്രകടിപ്പിക്കുന്ന രാച്ചിയമ്മ ഇവിടെ വ്യവസ്ഥിതമായ മൂല്യങ്ങളിലേക്കു നീങ്ങുന്നതായി തോന്നാം. എന്നാല്‍, ഉറൂബ് രാച്ചിയമ്മയെ ദുര്‍ബ്ബലയാക്കി കാണിക്കുന്നില്ല. മറിച്ച്, സമൂഹം അവളെ എങ്ങനെ ദുര്‍ബ്ബലയാക്കുന്നു എന്നതിനെ തുറന്നു കാണിക്കുന്നു. നായികയുടെ (നായകന്റെയും) സന്ദിഗ്ദ്ധതകളിലാണ്
ആഖ്യാനത്തിന്റെ സൗന്ദര്യവും ധര്‍മ്മചിന്തയും യാഥാര്‍ത്ഥ്യം കൂടിയും നിര്‍മ്മിക്കപ്പെടുന്നതെന്നു നമുക്കു തോന്നും. ”നിഴലും നിലാവും കൂടിപ്പിണഞ്ഞു കിടക്കുന്ന നീലക്കയങ്ങള്‍”, ”അവ്യക്തമായ വെള്ളിമീന്‍”
ഇവ കഥാപാത്രങ്ങളുടെ ഉള്ളിലെ അവ്യക്ത വികാരങ്ങളുടെ പ്രതീകങ്ങളാണ്. അവര്‍ക്കിടയിലെ ബന്ധം വ്യക്തമായി നിര്‍വചിക്കാനാകാത്തതും പക്ഷേ ആഴത്തില്‍ ജീവിക്കുന്നതുമാണെന്ന് ഈ പ്രകൃതിഭാഷ സാക്ഷ്യപ്പെടുത്തുന്നു. രാച്ചിയമ്മയും നായകനും തമ്മിലുള്ള ബന്ധം ഏതെങ്കിലും ഒരു സവിശേഷശീര്‍ഷകത്തിന്നടിയില്‍ ഒതുക്കാന്‍ കഴിയാത്തതാണ്. രതിയോടും പ്രണയത്തോടുമൊപ്പം വാത്സല്യവും സ്‌നേഹത്തിന്റെ ഇതരഭാവങ്ങളും കാണാം. സാമൂഹികനിയന്ത്രണങ്ങളുടെ നിഴലും ഇതോടൊപ്പമുണ്ട്.
കഥയുടെ സൗന്ദര്യാത്മകമൂല്യത്തെ നിര്‍ണ്ണയിക്കുന്നതില്‍ കറുപ്പും വെളുപ്പും നിറങ്ങള്‍ കലര്‍ന്ന ഈ സന്ധ്യാച്ഛവി ഏറെ പ്രധാനമായിരിക്കുന്നു. വ്യവസ്ഥിതമായ സ്ത്രീ-പുരുഷബന്ധധാരണകളെ ഉറൂബിന്റെ കഥ അതേ പടി പുനരുല്‍പ്പാദിപ്പിക്കുന്നില്ല.

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം രാച്ചിയമ്മ അയാളെ വീണ്ടും കാണുന്നു. രാച്ചിയമ്മ ഇപ്പോഴും ഒറ്റയ്ക്കാണ്. അയാളെ കുറിച്ച് അവള്‍ നിരന്തരം അന്വേഷിച്ചിരുന്നതായും എല്ലാ വിവരങ്ങളും അറിഞ്ഞിരുന്നതായും അയാള്‍ അറിയുന്നു. ഓര്‍മ്മയെ അവള്‍ ജീവിതമായി മാറ്റിയിരിക്കുന്നു. അയാളുടെ മകളുടെ പേരില്‍ തന്റെ സമ്പാദ്യം നിക്ഷേപിക്കുന്നു. ഇത് സാധാരണതയില്‍ നോക്കിയാല്‍ ത്യാഗം, ദുഃഖം, പരാജയം എന്നിങ്ങനെയുള്ള വാക്കുകള്‍ കൊണ്ടെഴുതപ്പെടേണ്ട ജീവിതമായി തോന്നാം. മറ്റൊരു നിലയില്‍ അവളുടെ വികാരസത്യത്തെ രാച്ചിയമ്മ ഉപേക്ഷിക്കുന്നില്ല. തന്റെ പ്രണയത്തെ സമൂഹനിര്‍ബ്ബന്ധങ്ങള്‍ക്കു കീഴ്‌പ്പെടുത്തുന്നില്ല. രാച്ചിയമ്മയുടെ സ്വാതന്ത്ര്യത്തിന്റെ പ്രകാശനമാണിത്. രാച്ചിയമ്മയെയും ഉമ്മാച്ചുവിനെയും നിര്‍മ്മിച്ച സര്‍ഗവൈഭവം സ്ത്രീയെ കുറിച്ചുള്ള വ്യവസ്ഥിതമായ സങ്കല്‍പ്പനങ്ങള്‍ക്കു പുറത്തേക്കു സഞ്ചരിക്കുന്നു.
ഇപ്പോള്‍, പതിനഞ്ചുവര്‍ഷങ്ങള്‍ക്കു ശേഷം രാച്ചിയമ്മ അയാളുടെ മുന്നില്‍ നിന്നു പറയുന്നു.
”നമ്മള്‍ മഞ്ഞക്കുറി തുടച്ചു കളഞ്ഞു. നോക്കൂ, നമ്മുടെ നെറ്റിയില്‍ ചന്ദനക്കുറിയാണല്ലോ?”
സാമൂഹിക വിവാഹബന്ധത്തിന്റെ ചിഹ്നത്തെ ആത്മീയതയുടെയും വിശ്വാസത്തിന്റെയും ആത്മബോധത്തിന്റെയും ചിഹ്നം കൊണ്ട് അവള്‍ മാറ്റി വരച്ചിരിക്കുന്നു. അവളുടെ ജീവിതദര്‍ശനം മാറിയിരിക്കുന്നു. കാലവും ജീവിതവും അതിനെ മാറ്റിയിരിക്കുന്നു. ”നമ്മള്‍ മനുഷ്യനല്ലേ? മണ്ണുകൊണ്ട് ഉണ്ടാക്കിയതല്ലേ?” മനുഷ്യന്റെ സ്വാഭാവികമായ വികാരങ്ങളെയും ആഗ്രഹങ്ങളെയും അംഗീകരിക്കുന്ന ഒരു തത്ത്വചിന്തയിലേക്ക് രാച്ചിയമ്മ മാറിയിരിക്കുന്നു. കാമം ഇവിടെ പാപമല്ല; അത് മനുഷ്യനെ മനുഷ്യനാക്കുന്ന ഭൂതകാരുണ്യമാണ്. മനുഷ്യപ്രകൃതിയുടെ ഭാഗമാണ്.

‘രാച്ചിയമ്മ’ അതീവ വ്യത്യസ്തമായ ഒരു പ്രണയകഥ മാത്രമല്ല. അടിച്ചമര്‍ത്തപ്പെട്ട മനുഷ്യബന്ധങ്ങളുടെ ചരിത്രങ്ങളിലേക്കുള്ള നോട്ടമാണ്. ഇത്, സ്ത്രീയുടെ ഉള്ളിലെ ദ്വന്ദ്വങ്ങളുടെ കഥയാണ്. ഒരു പുരുഷന്റെ മാനസികപരിവര്‍ത്തനത്തിന്റെ കഥയാണ്. ലൈംഗികജീവിതത്തിന്റെ സൂക്ഷ്മവിമര്‍ശനമാണ്. രാച്ചിയമ്മ ഒരു വെറും കഥാപാത്രമല്ല, ഒരു കാലഘട്ടത്തിന്റെ സാമൂഹികഘടനയുടെയും ലിംഗബോധത്തിന്റെയും പ്രതീകമാണ്. സ്ത്രീമനസ്സിന്റെ ആന്തരികഭൂപടമാണ്. മനുഷ്യവികാരങ്ങളുടെ സങ്കീര്‍ണ്ണതയെ ഈ ആഖ്യാനം അതിസൂക്ഷ്മമായി വരച്ചുകാട്ടുന്നു.







No Comments yet!