Skip to main content

ഉറപ്പും ആഴവുമുള്ള ഉപരിതലങ്ങൾ

ആമയും മുയലും തമ്മിലുള്ള ഓട്ടപ്പന്തയം ഓര്‍മ്മിച്ചുകൊണ്ട് മേതില്‍ക്കവിതയില്‍ ഒരാള്‍ പറയുന്നു:
എനിക്ക് പന്തയത്തില്‍ ആമയായാല്‍ മതി.
എനിക്ക് ഓടിക്കൊണ്ടേയിരിക്കണം.
എത്രയും പതുക്കെ
എത്രയും പതുക്കെ

(അപ്പവും വീഞ്ഞും)

പന്തയത്തില്‍ മുന്നിലെത്തിയ മുയലുകള്‍ പാതി വഴിയില്‍ വിശ്രമിക്കുമ്പോള്‍ മണ്ണിലെ ഓരോ സുഷിരവും മണത്തറിഞ്ഞ്, ഓരോ പച്ചിലയുടെയും ഞരമ്പു കണ്ടറിഞ്ഞ്, ഷഡ്പദങ്ങളുടെയും പാമ്പുകളുടെയും മുതല്‍ പാറകളുടെയും കല്ലുകളുടെയും വരെ ഉപരിതലസൂക്ഷ്മതകള്‍ തൊട്ടറിഞ്ഞ് ഒരു ആമ പതുക്കെ സഞ്ചരിക്കുകയാണ്. കാലം അതിനു വഴി തെളിക്കുന്നുണ്ട്. ഏറ്റവും പുതിയ കാലം വരെ അതിനെ സ്വീകരിക്കുന്നുമുണ്ട്.
വ്യക്തിയും സമൂഹവും തമ്മിലുള്ള കൊള്ളക്കൊടുക്കകളും പ്രത്യയശാസ്ത്രപരമായ ഉരസലുകളും ഭാഷാരൂപം പൂണ്ട എഴുപതുകളില്‍ അതിനോടു ചേര്‍ന്നും ഇടഞ്ഞുമൊക്കെ നിന്നപ്പോഴും മനുഷ്യനെ നടുക്കു നിര്‍ത്തുന്ന കാഴ്ചപ്പാടുകളില്‍നിന്ന് അകലം പുലര്‍ത്തിക്കൊണ്ട് പ്രകൃതിയില്‍നിന്നും അത്രയൊന്നും ഭിന്നനല്ലാത്ത ഒരാളാണ് മേതിലിന്റെ കവിതയിലൂടെ സംസാരിച്ചത്. മനുഷ്യനിലും അയാള്‍ ചരാചരപ്രകൃതിയുടെ സാകല്യത്തെയാണ് വീണ്ടെടുക്കുന്നത്. അയാള്‍ ഉടലുകളെ സ്‌നേഹിക്കുന്നു. തീര്‍ത്തും ജൈവികമായ വന്യകാമനകള്‍ പ്രകടിപ്പിക്കുന്നു. തന്റെ ഉടലിനെയും മറ്റുടലുകളെയും ഇന്ദ്രിയങ്ങളിലൂടെ അറിഞ്ഞ് അളന്നെടുക്കുന്നു. ആദിമവും വിചിത്രവുമായ ഭാവനകളുടെയും ആചാരങ്ങളുടെയും ഭൂമിയിലൂടെ നിരന്തരം സഞ്ചരിക്കുന്നു. സാമൂഹികരാഷ്ട്രീയത്തിന്റെയോ വൈയക്തികമായ ഉത്കണ്ഠകളുടെയോ അടരുകള്‍ ചിലതുണ്ടെങ്കിലും മണ്ണിരയിലൂടെ മണ്ണടരുകളിലേക്കു ചെന്നിറങ്ങുകയും ഭൂമിയെ ഉടലിലൂടെ, അവയവങ്ങളിലൂടെ അനുഭവിക്കുകയും ചെയ്യുന്നവയാണ് മേതില്‍കവിതകളേറെയും. ഇവയില്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള വര്‍ത്തമാനങ്ങള്‍ക്കിടയിലേക്ക് ഒരു ജന്തുലോകം കടന്നുകയറുകയും സംസാരിക്കുകയും ചെയ്യുന്നു. കവിതയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള പ്രസ്താവനകള്‍ക്കിടയില്‍ എല്ലാ ജീവജാലങ്ങളെയും കൂട്ടിഘടിപ്പിച്ചുണ്ടാക്കിയ ഒരൊറ്റ ജീവിയായി സ്വയം നിര്‍ണയിച്ചുകൊണ്ട് അയാള്‍ ഒട്ടൊരു വിമതസ്വരത്തോടെ അതില്‍ പങ്കു ചേരുന്നു:

എന്റെ രാഷ്ട്രീയം ഭൗമികമാകുന്നു-
എല്ലാ രാഷ്ട്രങ്ങളും കൊഴിഞ്ഞാലും
ഒരൊറ്റ പുഴുവിന്റെ അവകാശത്തിനുവേണ്ടി
അതു തുടര്‍ന്നുകൊണ്ടേയിരിക്കും.

(ഭൂമിയെയും കലാപത്തെയും കുറിച്ച് എന്റെ രാഷ്ട്രീയം)

വലുപ്പച്ചെറുപ്പങ്ങളില്ലാത്ത പ്രകൃതിയുടെ നന്മയെയും അതില്‍ അസമത്വങ്ങള്‍ സൃഷ്ടിച്ച മനുഷ്യനിര്‍മ്മിതമായ നാഗരികതയുടെ തിന്മയെയും പറ്റി നിരന്തരം സംസാരിച്ച റൂസ്സോയെയും അതിനു വിരുദ്ധമായി പ്രകൃതിയില്‍ എല്ലാവരും അസമരാണെന്നും ശക്തരെ തടുക്കാന്‍ ദുര്‍ബ്ബലര്‍ സൃഷ്ടിച്ചതാണു സദാചാരമെന്നും ആത്യന്തികമായ നന്മ അധികാരമാണെന്നും വാദിച്ച നീഷേയെയും ഒരേ സമയം ഓര്‍മ്മിപ്പിക്കുന്നു മേതില്‍കവിതകള്‍. പ്രേമമല്ലാതെ പ്രകൃതിക്കു മറ്റൊന്നുമറിയില്ല എന്നും പ്രേമത്തില്‍ ആണിന്റെ അടയാളം പ്രകൃതി കണ്ടെത്തുന്നു എന്നും ഒരേ കവിതയില്‍ (ആണിന്റെ അടയാളം, ഏപ്രില്‍-മേയിലെ കുറിപ്പുകള്‍) വായിക്കാനാകുന്നു. ഇണയുടെ ഉപസ്ഥം മണക്കുന്നൊരു ജന്തുവിനെപ്പോലെ പാറയിലെ വിള്ളലില്‍ മുഖമമര്‍ത്തുന്ന ഒരാള്‍ പ്രകൃതിയുടെ വന്യഗന്ധങ്ങളാകെ ഏറ്റെടുക്കുന്നുണ്ട് (ഒരു പാറയിലെ വിള്ളലില്‍). വെടിയേറ്റു ചാവാതെ വേട്ടമ്യഗം ഓടിപ്പോയ വഴിയില്‍ ഇലകളില്‍ തുളുമ്പിനില്ക്കുന്ന ചോരത്തുള്ളികളിലേക്കു ചൂണ്ടി, കുറ്റവാളി കുറ്റസ്ഥലം സന്ദര്‍ശിക്കുമെന്ന മൊഴിയിലെന്നതു പോലെ, ചിന്തിയ ചോരയുടെ കറയിലേക്കു മൃഗം തിരിച്ചുവരും എന്നു നിരീക്ഷിക്കുന്നതിലും ആദിമമായ വന്യതയുടെ തിരിച്ചറിവാണുള്ളത് (പക്ഷികള്‍). ചരിത്രത്തിന്റെ കടയുന്ന തൊലിയില്‍നിന്ന് ഇറങ്ങിവരുന്നൊരു കരിന്തേളായി സ്വയം നിര്‍വചിച്ചുകൊണ്ട് ഉറുമ്പിനെയും കല്ലിനെയും ഇലയെയും അറിയാത്തവന്‍ ഈ ലോകത്തില്‍ ഒരു ചുക്കും ചെയ്യാന്‍ പോകുന്നില്ലെന്ന് അയാള്‍ ഓര്‍മ്മിപ്പിക്കുന്നു (ഒരു ദൗത്യം). സംസ്‌കാരത്തിന്റെ സൂക്ഷ്മതലങ്ങള്‍പോലും പ്രകൃതിയുടെ ആദിമമായ ഒരു ഭാഷയിലാണ് ഇവയില്‍ തിരിച്ചറിയപ്പെടുന്നത്.

നീ എന്റെ വധു
എങ്കിലും നീ എനിക്കന്യ
നിന്റെ ഗന്ധം ഞങ്ങളുടെ വീടിന്റേതല്ല
നിന്റെ എണ്ണ മറ്റൊരു പാത്രത്തിലേതാണ്
നിന്റെ വിരലുകളെ ഞങ്ങളുടെ പാത്രങ്ങള്‍ അറിയുന്നതുമില്ല
ഉറുമ്പുമാളത്തില്‍ വീണ ഇതരഗന്ധംപോലെ
എന്തിനെയൊക്കെയോ അത് ക്ഷുബ്ധവും ജാഗരൂകവുമാക്കുന്നു

(ഗന്ധങ്ങളുടെ ആചാരം)

അവളെ തന്നോടടുപ്പിച്ച്, തന്റെ ചൂടാല്‍ സ്‌നാനപ്പെടുത്തി, തന്റെ ചൂരുകൊണ്ട് അവളുടേതു മാറ്റുമ്പോഴും,
ആട്ടിയോടിക്കപ്പെട്ടൊരു പെങ്ങളാണു നീയും;
ആട്ടിയോടിക്കപ്പെട്ട പെങ്ങളെ തിരിച്ചറിയുന്നൊരു ജന്തുവാണു മനുഷ്യന്‍
എന്നു സംസാരിക്കുന്നത് പ്രകൃതിയുടെയും സംസ്‌കാരത്തിന്റെയും നൂലാമാലകള്‍ തിരിച്ചറിയുന്ന ഒരുവനാണ്.
എന്നാല്‍ ചിറകുകളും ഇതളുകളും മാത്രമായ ഒരു ലോകത്ത് മേതില്‍കവിതകള്‍ ഒതുങ്ങിക്കൂടുന്നില്ല. ജീവിതം, മരണം, കാലം, ചരിത്രം. മണ്ണ്, വാക്ക് എന്നിങ്ങനെ ആധുനികതയുടെ പ്രകടമുദ്രകളുള്ള പ്രമേയങ്ങള്‍ മുതല്‍ റബ്ബര്‍ക്കുഴലുകളും കളിച്ചീട്ടുകളും ടൈപ്പ്‌റൈറ്ററും തെര്‍മോമീറ്ററും സ്റ്റെതസ്‌കോപ്പും കമ്പ്യൂട്ടറുമുള്‍പ്പെടുന്ന വസ്തുലോകം വരെ ആ കവിതകളുടെ ഭൂമികയാകുന്നു. മനുഷ്യനും പ്രകൃതിയും യന്ത്രവും തമ്മിലുള്ള സംവാദങ്ങളുടെ വിചിത്രലോകമായി പലപ്പോഴും അവ വികസിക്കു ന്നു. ഇളയരാജയും മഹേലിയ ജാക്സണും ഷേക്സ്പിയറും വാന്‍ഗോക്കുമൊക്കെ വിശാലമെന്നതുപോലെ സൂക്ഷ്മവുമായ ഈ ലോകത്ത് നാദമായും വാക്കായും വരയായും കയറിയിറങ്ങുന്നു. മേതിലിയന്‍ ഭാഷയുടെ ആലയില്‍ വച്ച് ഇതൊക്കെ മറ്റു പലതുമായി രൂപാന്തരപ്പെടുന്നു എന്നതാണ് ഈ ഉരുവങ്ങളെ വീണ്ടും വീണ്ടും നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്നത്.

മേതിലിന്റെ ഏതു കവിതയിലുമുണ്ട് മറ്റൊരിടത്തും കാണാത്ത ഭാവനയുടെ ഈര്‍പ്പവും വഴുവഴുപ്പും വളവുതിരിവുകളുമുള്ള ഭാവനയുടെ താരകള്‍. അമ്പിനു പിന്നില്‍ പിന്നിലേക്ക് കൂര്‍ക്കുന്ന ഒരു ഞാണാണ് പിന്നിലേക്കു പറക്കുന്ന പെന്‍ഗ്വിന്‍, ദൈവത്തിന്റെ ചാരുകസാലായാത്രാവിവരണത്തിന്റെ പേപ്പര്‍ബാക്ക്: പെന്‍ഗ്വിന്‍ (പെന്‍ഗ്വിന്‍) എന്നിങ്ങനെ ഉല്ലേഖങ്ങളിലൂടെ കണ്ണികള്‍ കൊരുത്തുനീങ്ങുന്ന ഭാവന മുതല്‍,

ഒന്നും അപ്പുറത്തേക്കു പോകുന്നില്ല
പുറകോട്ടൊരു ശവമെറിഞ്ഞ് മരണം പോകുന്നു.
ആര്‍ക്കോ ഊഴമുണ്ട്- അതുവരെ
ഒരു അരണയുടെ മറവിയില്‍
നാം ജീവിക്കുന്നു

(എം. ഗോവിന്ദന്‍)

എന്നപോലെയുള്ള നിരീക്ഷണങ്ങള്‍വരെ അവയ്ക്ക് സ്വന്തമായ അടയാളങ്ങള്‍ പതിച്ചുനല്കുന്നു. ഒരു കവിതയില്‍ കാണാം:

ഇല്ല രാധേ, മിടുക്കിയായ ചെറുപ്പക്കാരീ
ഈവക വിഭ്രാമകമായ വിഭാവനങ്ങളില്‍, ആചാരങ്ങളില്‍
നിനക്കെന്നെ അതിശയിക്കാന്‍ കഴിയില്ല;
നിനക്കെന്നല്ല ആര്‍ക്കും!

(ശവപ്പെട്ടികള്‍: ഒരാഖ്യാനം)

ഇവിടെ കവിത മേതില്‍തന്നെയാകുന്നു.


മേതില്‍ കവിതകള്‍ സമ്പൂര്‍ണ്ണ സമാഹാരം
രചന : മേതില്‍ രാധാകൃഷ്ണന്‍
പ്രസാധനം : കറന്റ് ബുക്സ്, തൃശ്ശൂര്‍

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.