
വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍ എന്ന പ്രസിദ്ധ നോവല്‍ വാര്‍ന്നുവീണ സാഹചര്യം വളരെ കൗതുകം നിറഞ്ഞതാണ്. 1964 ലെ ഓണക്കാലം. ബഷീറിന്റെ ഭാര്‍ഗവിനിലയം എന്ന തിരക്കഥ അദ്ദേഹം അറിയാതെ കൗമുദി പത്രാധിപര്‍ കെ. ബാലകൃഷ്ണന്റെ കൈയിലെത്തി. എങ്ങനെയോ? കൗമുദി ഓണം വിശേഷാല്‍പ്രതിയില്‍ ഭാര്‍ഗവിനിലയം തിരക്കഥ പ്രസിദ്ധീകരിക്കുന്ന വിവരം പരസ്യപ്പെടുത്തിക്കഴിഞ്ഞു. ഇതറിഞ്ഞ ബഷീര്‍ തിടുക്കത്തില്‍ തിരുവനന്തപുരത്ത് കൗമുദി ഓഫീസില്‍ എത്തി. ആ തിരക്കഥ തിരികെ വാങ്ങി. പകരം നാലു ദിവസം കൊണ്ട് തമ്പാനൂര്‍ അരിസ്റ്റോ ഹോട്ടലിന്റെ അനക്സിലിരുന്ന് മതിലുകള്‍ എന്ന കഥയെഴുതി കൗമുദിക്കു നല്കി. ആ ഓണം വിശേഷാല്‍ പതിപ്പിലൂടെ അത് വായനക്കാരിലെത്തി. മതിലുകള്‍ ഉള്‍പ്പെട്ടതുകൊണ്ട് വിശേഷാല്‍പ്രതി രണ്ടാമതും പ്രസിദ്ധീകരിക്കേണ്ടി വന്നു. ഈ വിധമുള്ള സര്‍ക്കുലേഷന്‍ ഓണം വിശേഷാല്‍ പതിപ്പുകളുടെ കാര്യത്തില്‍ ഒരു അപൂര്‍വ്വത ആയിരുന്നു. ഇതേ പറ്റി പഴവിള രമേശന് മതിലുകളുടെ പണിപ്പുര എന്ന ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്.
പലവിധത്തിലുള്ള വായനകള്‍ സാധ്യമാക്കിയ ഒരു രചനയാണിത്. മതിലുകള്‍ എന്ന രൂപകത്തെ മുന്‍ നിറുത്തിയുള്ള വിഭാവനങ്ങള്‍ തന്നെ സാധ്യമാണ്. ബഷീര്‍ എന്ന രാഷ്ട്രീയ തടവുകാരനായ കഥാപാത്രത്തെ മുന്‍ നിറുത്തിയുള്ള ആലോചനകള്‍ സാധ്യമാണ്. മതിലുകളിലെ പ്രകൃതിയെ മുന്‍ നിറുത്തിയുള്ള വായനകള്‍ സാധ്യമാണ്. വിപ്രലംഭശൃംഗാര ബദ്ധമായ ഒരു പ്രേമകഥയുടെ ചാരുത മനസ്സില്‍ നിറച്ചുവെയ്ച്ചു വായിക്കാവുന്ന രചനയാണിത്. ഇങ്ങനെ ഒരു കൃതി വായിക്കാന്‍ കഴിയുമ്പോള്‍ ആണ് ആ കൃതി പല കൃതികളെ സാധ്യമാക്കുന്നു എന്ന തിരിച്ചറിവ് സഹൃദയന് ഉണ്ടാകുന്നത്. ഇങ്ങനെയുള്ള രചനകള്‍ സാധ്യമാകുമ്പോള്‍ അതിന്റെ രചയിതാവ് കാലത്തെ കവിഞ്ഞു നില്ക്കുന്ന കഥാകാരനായി മാറുന്നു. ബഷീര്‍ എന്ന സാഹിത്യപ്രതിഭയുടെ ആര്‍ദ്രതയും ആഴക്കാഴ്ചയും വീണ്ടും വീണ്ടും വെളിപ്പെടുത്തുന്ന കൃതിയാണിത്.

വന്മതിലുകള് ഏറെയുള്ള ജയിലിനുള്ളില്‍ മാനവികതയുടെയും പ്രകൃതിജീവിതത്തിന്റെയും സൗന്ദര്യമുള്ള സ്വതന്ത്രലോകം തീര്‍ക്കുകയാണ് ബഷീര്‍ ചെയ്തതെന്ന് ഒരു സന്ദര്‍ഭത്തിലെ വായനയില്‍ മതിലുകള്‍ എന്ന നോവല്‍ പറഞ്ഞുതരുന്നു. അവിടെ ബഷീര്‍ എന്താണ് ചെയ്തത്? സര്‍ഗാത്മക രചനകളില്‍ ഏര്‍പ്പെടുന്നുണ്ട്. പൂന്തോട്ടം നിര്‍മ്മിക്കുന്നുണ്ട്. അദ്ദേഹം സംസാരിക്കുന്നത് വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും മനസ്സിലാകുന്നുണ്ട്.തല്ലിക്കൊല്ലാന്‍ കൊണ്ടുപോകുന്ന പുള്ളിക്ക് ആ രാത്രി ചായ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. അവരുടെ മരണത്തിനു കൂട്ടിരിക്കുന്നുണ്ട്. ജയിലിനെ ചെറിയ ടൗണ്‍ ആക്കി മാറ്റുന്നുണ്ട്. സ്നേഹം എന്ന വികാരം പങ്കുവെക്കുന്നുണ്ട്. ജയിലിലെ എല്ലാവരെയും ഒന്നായിക്കാണുന്നുണ്ട്. എല്ലാവരെയും പുസ്തകസ്നേഹികളാക്കി മാറ്റുന്നുണ്ട്. എല്ലാ മനുഷ്യര്‍ക്കും പ്രകൃതിജീവികള്ക്കും സഹോദരത്വം ഉള്ള ഒരിടമായി ജയിലിനെ മാറ്റുന്നുണ്ട്. അവിടത്തെ മതിലുകള്‍ക്കു പോലും സ്നേഹത്തിന്റെ കഥകള്‍ പറയാനുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
ഒരു ഘട്ടത്തില്‍ ഈ കഥയില്‍ ബഷീര്‍ പുറംലോകം ഒരു ജയില്‍ ആണെന്ന് ഉന്നയിക്കുന്നുണ്ട്. പുതിയ മൂലധന വ്യവഹാരം മനുഷ്യവ്യവഹാരങ്ങളുടെ സ്വാച്ഛന്ദ്യത്തെ തടയുന്നുണ്ട്. ഇന്നാകട്ടേ , ”സൈബര്‍ സ്പേസിന്റെയും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും കേന്ദ്രീകൃതമായ ഉപയോഗത്തിലൂടെ ആഗോള സാമ്രാജ്യത്വമൂലധന വ്യവസ്ഥ ലോകത്തെ ഒന്നാകെ ഒരു ഫാക്ടറിയാക്കി മാറ്റുക മാത്രമല്ല മതില്‍ക്കെട്ടുകളും കാവല്‍ക്കാരുമില്ലാത്ത ഒരുവലിയ ജയിലാക്കി മാറ്റുകയും ചെയ്യുന്നു” (ബി.രാജീവന്). ഭൂലോക ജീവിതം ജയിലായി മാറുന്നതിന്റെ മാനങ്ങള്‍ ബഷീര്‍ പ്രവചനസ്വഭാവത്തോടെ ഉയര്‍ത്തിരുന്നു എന്നു പറയാനാകുമോ?
അങ്ങനെയിരിക്കേ സഹതടവുകാര്‍ക്ക് മോചനം ലഭിച്ചു. അപ്പോള്‍ തനിക്കു മാത്രം മോചനത്തിനുള്ള ഉത്തരവ് ലഭിച്ചില്ല. അപ്പോള്‍ ബഷീറില്‍ കടുത്ത വേദനയുളവാക്കി. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറി മറിഞ്ഞു. ജയലിനെ ബഷീര്‍ കൂടുതല്‍ പ്രണയിക്കുന്ന അവസ്ഥയിലെത്തി. അന്നു മനസ്സുനൊന്തു പോയ ആ ബഷീറിനോടുതന്നെ താങ്കള്‍ മോചിതനായി എന്ന് അനിയന് ജയിലര്‍ അറിയിക്കുന്ന സന്ദര്‍ഭം വളരെ വ്യത്യസ്തമായ അനുഭവ ദൃശ്യമായിരുന്നു. അതു കഥയുടെ ഗതിയില്‍ ഉണ്ടാക്കിയ പരിണതി വളരെ വിസ്മയജനകമാണ്. അനിയന് ജയിലര്‍ വന്ന് ബഷീറിന്റെ റൂമില്‍ എത്തി അദ്ദേഹത്തോട് മോചനവാര്‍ത്ത പറയുന്ന സന്ദര്‍ഭത്തിന്റെ ആവിഷ്കാരചാതുരി അപാരം തന്നെയാണ്. ”യൂ കാന്‍ ഗോ മിസ്റ്റര്‍ ബഷീര്‍; യൂ ആര് ഫ്രി” അതു കേട്ട് ബഷീറിന് നടുക്കമാണ് ഉണ്ടായത്. അന്നേരത്തെ പ്രതികരണം ഇതായിരുന്നു ‘ why Should l be free……. who wants feedom ?”
ആര്‍ക്കു വേണം ഈ സ്വാതന്ത്ര്യം? എന്ന പ്രതികരണം ബഷീറില്‍ നിന്നു താനെ ഉയര്‍ത്തുന്നത് ഈ കഥയിലെ വിസ്മയകരമായ ഒരു പരിണതിയാണ്. സ്നേഹം കൊണ്ടും കര്മ്മശുദ്ധികൊണ്ടും പ്രണയം കൊണ്ടും ഭീകരമായ എല്ലാതരം ഏകാകിതകളെയും ബഷീര്‍ അതിജീവിച്ചിരിക്കുന്ന സന്ദര്‍ഭം ആയിരുന്നത്.. മഹത്തായ കഥകള്‍ എഴുതാനും തനിക്കവിടെ കഴിയുന്നു. ആര്‍ക്കു വേണം ഈ സ്വാതന്ത്ര്യം എന്ന ചോദ്യത്തിനു ശേഷം ബഷീര്‍ കിടയ്ക്കക്ക് അടിയില്‍ എഴുതി വെച്ച പ്രേമലേഖനം എന്ന കഥയാണ് എടുത്ത് പോക്കറ്റില്‍ വെക്കുന്നത്. വേറെ കുറെ കഥകള്‍ ജീവപരന്ത്യം തടവ് അനുഭവിക്കുന്നവരുടെ പക്കലുണ്ട് എന്നും വെളിപ്പെടുത്തുന്നു . ഇതെല്ലാം അനിയന് ജയിലറുടെ മുന്നില്‍ വെച്ചാണ് ചെയ്യുന്നത്. സഹപ്രവര്‍ത്തകര്‍ മോചിതരാകുന്ന മുമ്പത്തെ സന്ദര്‍ഭത്തില്‍ അദ്ദേഹം ദസ് ക്യാപ്പിറ്റല്‍ എന്ന കാള്‍ മാര്‍ക്സിന്റെ പ്രസിദ്ധ രചന തന്നെ ജയിലര്‍ക്ക് നല്‍കുന്നുണ്ട്. സ്നേഹം എന്ന ഭൂമിയിലെ മഹത്തായ വികാരവിചാരങ്ങളുടെ പ്രവണതകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നിടമാക്കി ബഷീര്‍ ജയിലിനെ മാറ്റിയിരിക്കുന്നു. ജയില്‍ സ്വാതന്ത്ര്യത്തിന്റെ മഹാകാശങ്ങളും പൂങ്കാവനങ്ങളും ആയി മാറിയിരിക്കുന്നു എന്ന് മതിലുകള്‍ എന്ന ബഷീര്‍ക്കഥ പറഞ്ഞുതരുന്നു.

ബഷീറിന്റെ ജീവചരിത്രകാരനായ എം.കെ.സാനു ഈ കഥയെപ്പറ്റി പറയുന്നതും വളരെ ശ്രദ്ധേയമാണ്. ബഷീര്‍ എകാന്തവീഥിയിലെ അവധൂതന് എന്ന പുസ്തകനാമത്തിനും നിദാനമായ കഥകളിലൊന്നാണിത് എന്ന തോന്നലും ഈ എളിയ വായനക്കാരനില്‍ ഉണ്ടാക്കുന്നുണ്ട്. അണ്ഡകടാഹത്തിലെ തടവുകാരന് എന്ന ഭാഗത്ത് ജീവചരിത്രകാരന്‍ എഴുതിയതു ശ്രദ്ധിക്കുക :
‘നേരേ നോക്കിയാല്‍ മതിലുകള്‍ ഒരു പ്രേമകഥയാണ്. ഭഗ്നമായിപ്പോയ പ്രേമത്തിന്റെ കഥ. ബഷീറിന്റെ സ്വന്തം ജീവിതത്തിലെ വാസ്തവങ്ങള്‍ ആ കഥയിലുണ്ട്. എങ്കിലും ആ വാസ്തവങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് കഥാശില്പം തെളിഞ്ഞു പരിലസിക്കുന്നത്. അപാരമായ പ്രപഞ്ചത്തില്‍ ക്ഷണനേരത്തേക്കു മാത്രം കഴിഞ്ഞു കൂടുന്ന മനുഷ്യജീവിയുടെ ഏകാകിത ഇതിലുണ്ട്. ആ ഏകാകിതയില്‍ നിന്നു മുക്തിനേടാന്‍ അവന് സ്നേഹം എന്ന ഭാവത്തെ പ്രണയത്തെ – ആശ്രയിക്കുന്നു. അതും സ്ഥിരമല്ലെന്ന ബോധം ഒടുവില്‍ അവനിലുണരുന്നു. ആ അവസ്ഥയിലും അവന് ചിരിക്കാന്‍ ശ്രമിക്കുന്നു. ഇപ്രകാരമൊരു സനാതനസമസ്യയാണ് നിത്യജീവിതത്തിലെ സംഭവങ്ങളില്‍ കൂടി ബഷീര്‍ അവതരിപ്പിക്കുന്നത്. സര്‍ഗാത്മകമായ ദിവ്യോന്മാദത്തിലാവിഷ്ടമായ അവസ്ഥയിലാണ് ബഷീര്‍ ഈ കഥാശില്പത്തിനു രൂപം നല്‍കിയതെന്ന് ഞാന്‍ കരുതുന്നു.”
ഭൂമിയുടെ അവകാശികള്‍ എന്ന കഥയേക്കാള്‍ പ്രകൃതിയുമായുള്ള സംവാദം , ആഴത്തിലുള്ള തന്മയീഭാവം ഈ കഥയിലുണ്ടെന്നാണ് തോന്നുന്നത്. തേന്മാവ് എന്ന കഥയിലെ ഹൃദയസ്പൃക്കായ സന്ദര്‍ഭങ്ങളും ഓര്‍ത്തു പോകുന്നു. അതിനൊക്കെ അപ്പുറമുള്ള ചില മാനങ്ങള്‍ ഈ ചെറിയ /വലിയ നോവല്‍ നല്‍കുന്നുണ്ട്. അനിയന് ജയിലറുമായുള്ള ഭാഷണത്തില്‍ ബഷീര്‍ പറഞ്ഞത് ഇങ്ങനെയാണ്; ‘ ഞാന്‍ പൂങ്കാവനമാകുന്നു; പൂവും.”മറെറാരിടത്ത് ബഷീര്‍ പറയുന്നുണ്ട്; ”ഓരോ വൃക്ഷത്തെയും ഓരോ ചെടിയേയും ഞാന്‍ സ്നേഹിക്കുന്നു. ഞാന്‍ വര്‍ത്തമാനം പറഞ്ഞാല്‍ ചെടികള്‍ക്കും വൃക്ഷങ്ങള്‍ക്കും മനസ്സിലാകും.” പ്രകൃതീബദ്ധമായ ഭാഷണ വൈദദ്ധ്യo കൊണ്ടാകണം ഭീകരനായ ജയില്‍ സുപ്രണ്ടിനെയും അദ്ദേഹം സ്നേഹത്തീരത്തേക്ക് അടുപ്പിച്ചത്. റോസാച്ചെടികളുടെ കൈമാറ്റത്തിലൂടെ ജയില്‍ സൂപ്രണ്ടിന്റെ വീട്ടിലും സ്നേഹത്തിന്റെ പരിമളം എത്തുന്നതായി സഹൃദയര്‍ക്ക് അനുഭവപ്പെടുന്നു.
മതിലുകള്‍ തീര്‍ത്ത ജയിലിന്നുള്ളില്‍ നിന്നുയരുന്ന സ്വര്ഗീയനാദങ്ങളെ, മനോഹരമായ ശബ്ദങ്ങളെ ബഷീര്‍ പിടിച്ചെടുക്കുന്നു. അവിടത്തെ പെണ്‍ജയിലില്‍ പതിനാലു വര്‍ഷത്തെ കഠിനത്തടവുകാരിയായി കഴിയുന്നവളാണ് നാരായണി. ബഷീര്‍ ആ വിശേഷത്തെ എഴുതുന്നത് ശ്രദ്ധിക്കുക ; ”അവളുടെ സുന്ദരമായ വയസ്സ് 22.” ബഷീര്‍ റോസാച്ചെടികളുടെ സുല്‍ത്താന്‍ ആയതുകൊണ്ടാകണം അവള് ബഷീറിനോട് ഒരു റോസാച്ചെടി ചോദിച്ചത്. ബഷീര്‍ അന്നേരം പറയുന്നു ; ‘ ഈ ഭൂവനത്തിലുള്ള എല്ലാ പനിനീര്‍ച്ചെടികളും നാരായണിക്കു തരും” എന്നാണ്. നാരായണി ചോദിച്ചത് ബഷീറിന്റെ ഹൃദയമായിരുന്നു. ബഷീറും ആഗ്രഹിച്ചതും അതു തന്നെയാണ്. അവിടെ പൂവിടുന്ന മനുഷ്യബന്ധങ്ങളെ തകര്‍ക്കുന്നതിന് ആ വലിയ മതിലുകള്‍ക്കു കഴിയുന്നില്ല. ജയില്‍ ജീവിതത്തെ സമസൃഷ്ടി സ്നേഹത്തിന്റെ വലിയ പാഠപുസ്തകമാക്കി അദ്ദേഹം മാറ്റുന്നു. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്നൊരു ചൊല്ല് പ്രസിദ്ധമായി ഇവിടെ വ്യവഹരിക്കുന്നുണ്ടല്ലോ.
നിരാശയുടെ ദൃശ്യങ്ങള്‍ മാത്രം സൃഷ്ടിച്ചു പോന്ന ആ മതിലുകളെ പ്രണയാര്‍ദ്രത കൊണ്ട് നിഷ്പ്രഭമാക്കിയിരിക്കുന്നു. , അല്ല സ്നേഹബന്ധങ്ങളുടെ കാവലാളാക്കി മാറ്റുകയായിരുന്നു കഥാകാരന്’. പ്രണയ ചുംബനങ്ങളുടെ ഹൃദ്യത പകരുവാന്‍ മതിലുകള്‍ക്കും ഇവിടെ കഴിയുന്നു. സ്നേഹം നല്‍കുന്നവരാണ് ശരിക്കും ദൈവമായിത്തീരുന്നത് എന്നതും ഈ പ്രണയകഥ വിഭാവനം ചെയ്യുന്നുണ്ട്. ഒടുവില്‍ ഭൂമി എന്ന വലിയ ജയിലിലേക്ക് ബഷീറിനെ പറിച്ചു നടുമ്പോള്‍ നാരായണിക്കു വേണ്ടി സൂക്ഷിച്ച ചുവന്ന റോസാപ്പൂവുമായി ബഷീര്‍ പെരുവഴിയില്‍ നിലകൊള്ളുന്നു. നാരായണിയുമായുള്ള ഭഗ്ന പ്രണയത്തിന്റെ കഥയണോ മതിലുകള്‍? അല്ലെന്നു തന്നെയായിരിക്കും ഏതൊരു ഉല്പതിഷ്ണുവായ സഹൃദയന്റെയും ഉത്തരം.
നിരന്തരം ജയിലധികൃതരുടെ ശിക്ഷ ഏറ്റുവാങ്ങിക്കഴിയുന്ന സഹതടവുകാരനും, സഹപാഠിയും നാട്ടുകാരനുമായ സുഹൃത്തിനെ കെട്ടിപ്പിടിച്ചു കവിളില്‍ ചുംബിക്കുന്ന ഒരു ദൃശ്യം ഇക്കഥയിലുണ്ട്. എന്നിട്ട് ബഷീര്‍ എഴുതിയത് ഇങ്ങനെയാണ് ; ‘ അതു ഞാന്‍ ജയിലിലെ ഓരോരുത്തരേയും ചുംബിച്ച പോലെയായി. ഈ ചുംബനവൃത്താന്തം ജയിലിലാകെ അറിഞ്ഞു. ജയില്‍ രോമാഞ്ചം കൊണ്ടു.” ജയിലിലെ എല്ലാവരേയും ബഷീര്‍ എന്ന സ്വാതന്ത്ര്യസമര സേനാനി പുസ്തകങ്ങളെയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്നുണ്ട്. ചുരുക്കത്തില്‍ ബഷീര്‍ ജയിലിനകത്ത് സ്വാതന്ത്ര്യസമരം ഇടതടവില്ലാതെ നയിക്കുകയായിരുന്നില്ലേ? സംസ്കാരത്തിലെ മഹത്തായ ഇടപെടലായി അറുപതുകൊല്ലത്തിനിപ്പുറവും ആ കഥ സംവദിക്കുന്നില്ലേ?
ഏതു ഭഗ്നമായ സന്ദര്‍ഭത്തെയും ചിരിച്ചു കൊണ്ട് നേരിടാന്‍ സഹൃദയരെ ബഷീര്‍ പഠിപ്പിക്കുമ്പോഴും, എവിടെയും സ്നേഹത്തിന്റെ പൂങ്കാവനങ്ങള്‍ തീര്‍ക്കുമ്പോഴും കഥാന്ത്യത്തില്‍ ആ പെരുവഴിയില്‍ സ്തബ്ധനായി നില്ക്കാനല്ലേ ബഷീറിന് കഴിയുന്നുള്ളൂ. അല്ല. ആ ഏറെ നേരത്തെ പ്രതികൂലവികാരത്തെയും ബഷീര്‍ അതിജീവിക്കുന്നു. ‘ മംഗളം, സര്‍വമംഗളം” ദുഃഖ സംഘര്‍ഷപൂരിതമായ ഭൂമിയില്‍ ബഷീര്‍ കഥകള്‍ ചിരികളിലേക്ക് നമ്മെ ഉണര്‍ത്തുന്നുണ്ടെങ്കിലും നമ്മെയെല്ലാം ആഴത്തില്‍ ബന്ധിച്ചിരിക്കുന്നത് ദുഃഖത്തെക്കുറിച്ചുള്ള ആലോചനകള്‍ തന്നെയാണ്. ബഷീറിന്റെ ചിരി വെറും ചിരിയല്ല. ചിരി എന്ന ആശ്വാസപ്രക്രിയയ്ക്കുള്ളിലും അദ്ദേഹം ശോകത്തെ തന്നെയാണ് നിര്‍ദ്ധാരണം ചെയ്യുന്നത്. വാസ്തവത്തില്‍ ബഷീര്‍ ഹാസ്യ സാഹിത്യകാരനാണോ?
__________________________________________________
മതിലുകള്‍
വൈക്കം മുഹമ്മദ് ബഷീര്‍
പ്രസാധനം : ഡി.സി. ബുക്സ്, കോട്ടയം
വില : 90 രൂപ







No Comments yet!