1
അതെ, ഞാൻ വിമതനാണ്
നീ നെയ്ത
വലയെചിരിയോടെ പൊട്ടിച്ചെറിയുന്ന
ഗൂഢാലോചനക്കാരൻ ഞാൻ തന്നെയാണ്!
അടിച്ചമർത്തുമ്പോഴൊക്കെയും
അത്രയും പൊട്ടിത്തെറിക്കുന്ന മുദ്രാവാക്യം
ഞാൻ തന്നെയാണ്
നീ കാശ്മീർ എന്നും, ഈശാന്യം എന്നും,
മതമെന്നും, ജാതിയെന്നും
എന്നെ പിളർക്കാൻ ശ്രമിക്കുമ്പോൾ
നിന്നെ തടയുന്ന യുദ്ധത്തിന്റെ സിംഹനാദം
ഞാനാണ്.
കാശ്മീരിയാണ് ഞാൻ,
നാഗനാണ് ബോഡോയാണ് ഞാൻ
ലോകമാണ്
സർവോപരി
നിനക്കു മുന്നിൽ വീണ്ടും വീണ്ടും
ഉയിർത്തെഴുന്നേൽക്കുന്ന
നീ ഭയക്കുന്ന വിപ്ലവവാദി
ഞാൻ തന്നെയാണ്…
***
2
എവിടെ, എങ്ങനെ നീയെന്നെ തടയും?
കലാലയ മതിലുകളിൽ കോറിയ
അക്ഷരങ്ങൾക്കു മേൽ മൂത്രമൊഴിക്കുന്ന
നിനക്കെന്നെ തടയാനാവുമോ,?
ഹാ!
അതേ
ഞാൻ ആസാദിയാണ്, ഞാൻ ആസാദാണ്
ഞാൻ തെലംഗാനയാണ്,
ഞാൻ കാരഞ്ചേഡാണ്, ഞാൻ ചുണ്ടൂരാണ്
എത്രയെത്ര മുറിവുകളാണ് ഞാനിപ്പോഴും ചുമന്നുകൊണ്ട്
നിന്നെ നേരിട്ടുകൊണ്ടേയിരിക്കുന്നത്!
ഞാൻ, ഞാൻ തന്നെയാണ്!
അതെ! ഞാൻ ലഹളക്കാരനാണ്.
ഞാൻ വാലിയാണ്, ഞാൻ ബലി ചക്രവർത്തിയാണ്
നീ വീണ്ടും വീണ്ടും എന്നെയോർത്ത് വെടിയുണ്ടകൾ കരുതുന്ന
നിന്റെ ഭയവും, നിന്റെ മരണവും ഞാൻ തന്നെയാണ്…
***
3
നോക്കൂ
ഈ സമസ്ത ഭൂമിയും എന്റെതാണെന്ന് ഞാൻ പ്രഖ്യാപിക്കുന്നു
മതങ്ങളെ ആയുധങ്ങളാക്കി മാറ്റുന്ന നിന്നെ
എന്റെ ആദ്യ ശത്രുവെന്ന് ഞാൻ പ്രഖ്യാപിക്കുന്നു
കശ്മീർ വഴി
ഡെൽഹി കടന്ന് കന്യാകുമാരി വരെ
നീ പണിത മതിലുകൾ എല്ലാം
നിഷ്ഠൂരമായി തകർക്കുന്ന കലാപകാരിയും
ഗൂഢാലോചനക്കാരനും ഞാൻ തന്നെയാണ്
നിനക്കെന്നെ തടഞ്ഞു നിർത്താനാവില്ല
നിനക്കെന്നെ ബന്ധിക്കാനാവില്ല
നിനക്കെന്നെ എന്നെ വധിക്കാനാവില്ല
ഞാൻ നിന്നെ പിന്തുടരുകയും,
നിന്റെ വേട്ടയ്‌ക്ക് എതിരെ നിൽക്കുകയും ചെയ്യും
കാരണം…
ഞാൻ വിമതനാണ്.
***
Poet is Sub Editor at T10 Media
***

വിവ : ഇമ്മാനുവല്‍ മെറ്റ്ല്‍സ്
Poet,artist, post graduate in English Sanskrit and Psychology (social and Health) by profession clinical psychologist.
Write in Telugu English and Malayalam.







മൊഴിമാറിയിട്ടും കരുത്ത് ചോരാത്ത കവിതകൾ❤️