Skip to main content

ആഫ്രിക്കയിലെ ആനന്ദ മോഹനത്തടങ്ങള്‍

East African lakes | Map, Ecosystem, Wildlife, & Conservation | Britannica

ഏതു സ്ഥലത്തെ ഭൂപ്രകൃതിക്കും ഓരോ സവിശേഷതകളും സൗന്ദര്യവുമുണ്ടാകും. പലപ്പോഴും ചിലയിടങ്ങളിലെ മനുഷ്യന്റെ സംസ്‌കാരം, സ്വഭാവം, സൗന്ദര്യം എല്ലാം അവിടത്തെ ഭൂപ്രകൃതിയോടു ചേര്‍ന്നുപോകുന്നതുമായിരിക്കും . അതല്ല, അവിടത്തെ മനുഷ്യകുലത്തിനു ഇണങ്ങുന്ന രീതിയില്‍ പ്രകൃതി അണിഞ്ഞൊരുങ്ങുന്നതാണോ എന്ന് സംശയിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്.

Lake Victoria

ലേക്ക് വിക്ടോറിയ

കിഴക്കനാഫ്രിക്കയിലെ യുഗാണ്ടയില്‍ വര്‍ഷത്തിലൊരിക്കലെങ്കിലും പോകുമ്പോള്‍, അവിടെ വിമാനം പറന്നിറങ്ങുമ്പോള്‍ ഇത്രയും സന്തോഷം തരുന്ന ഒരു കാഴ്ച മറ്റൊരിടത്തും കിട്ടുകയില്ല. കാരണം അവിടത്തെ എയര്‍പോര്‍ട്ട് സ്ഥിതിചെയ്യുന്നത് ലേക് വിക്ടോറിയയുടെ തീരത്താണ്. ശരിക്കും വിക്ടോറിയ തടാകത്തിന്റെ ഭംഗിയാസ്വദിച്ചുകൊണ്ടു തടാകത്തിലേക്ക് എന്ന പോലെയാണ് വിമാനം ഇറങ്ങുക. മഴക്കാലത്ത് കേരളത്തില്‍ കാണുന്ന പച്ചപ്പിന്റെ രണ്ടുമടങ്ങു പച്ചപ്പാണ് യുഗാണ്ടയില്‍ ഏതു സമയവും. തടാകത്തിന്റെ കരയിലെ വിമാനത്താവളത്തിനുചുറ്റും പച്ചപുല്പ്പാടം പരന്നു കിടക്കുന്നു. വിമാനത്തിലിരുന്നു തന്നെ നമുക്ക് ഈ പച്ചപ്പും അപ്പുറത്തെ തടാകവും ഉള്‍പ്പെടുന്ന ചിത്രമെടുക്കാം.

യുഗാണ്ടയുടെ ഏക രാജ്യാന്തര വിമാനത്താവളം ഈ തടാകതീരത്തു പണികഴിപ്പിച്ചത് എന്തുകൊണ്ടും നന്നായി.തലസ്ഥാനമായ കംപാലയില്‍ നിന്ന് നാല്‍പ്പതു കിലോമീറ്റര് മാറിയാണ് ഈ വിമാനത്താവളം. സാധാരണ വിമാനത്താവളത്തിലേക്ക് മടങ്ങിവരുമ്പോള്‍ തടാകത്തിന്റെ തീരത്തു കുറച്ചു നേരം ചിലവഴിക്കാറുണ്ട്.. ജീവിതത്തില്‍ ഏറ്റവും ആനന്ദം പകരുന്ന കാഴ്ചയോ,സാമീപ്യമോ ഒന്നും കൂടുതല്‍ നേരം നമുക്ക് കിട്ടണമെന്നില്ല. എന്നാല്‍ ആ ചില നിമിഷങ്ങള്‍ ജീവിതത്തിലെ ഒരിക്കലും മായാത്ത ഓര്‍മകളായി നില്‍ക്കുമ്പോള്‍ ആണ് കൂടുതല്‍ ആനന്ദം എന്ന് സംശയിക്കേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. കറുപ്പിന്റെ ഒരഴക് അതിന്റെ തിളക്കമാണ്. ആഫ്രിക്കക്കാരുടെ ഈ പ്രത്യേകത ഉള്‍ക്കൊണ്ടാണോ എന്നറിയില്ല വിക്ടോറിയ തടാകം പകല്‍ തിളങ്ങിക്കൊണ്ടിരിക്കും. കറുപ്പിനോട് ഏറ്റവും യോജിച്ചുപോകുന്ന ഒരു നിറമാണ് നീല. ഇത്ര നീല നിറം ഈ തടാകത്തിനു എങ്ങനെ കൈവന്നിരിക്കും എന്നാലോചിച്ചു മുകളിലേക്ക് നോക്കിയാല്‍ മതി,അവിടെയാണ് അതിന്റെ ഉത്തരം. കാമുകിയെ നോക്കി നില്‍ക്കുന്ന ആകാശമെന്ന കാമുകന്റെ പ്രണയമാണ് വിക്ടോറിയ തടാകത്തിലെ നീലനിറം. സൂര്യപ്രഭ കൊണ്ട് തിളങ്ങി നില്‍ക്കുന്ന ആ തടാകത്തെ ആകാശം പ്രേമിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

Lake Victoria

ഈ അടുത്ത ദിവസവും കംപാലയില്‍ നിന്ന് തിരിച്ചു വിമാനത്താവളത്തിലേക്ക് വരുമ്പോള്‍ ടാക്‌സി ഡ്രൈവറോട് തടാകത്തിന്റെയടുത്തു കുറച്ചു നേരം നിറുത്തുവാന്‍ പറഞ്ഞു. പതിവ് പോലെ കുറച്ചു ഫോട്ടോ എടുക്കുമ്പോള്‍, ഡ്രൈവര്‍ എറിക് കാറില്‍ നിന്ന് ഇറങ്ങി വന്നു. വിക്ടോറിയ തടാകം ഇഷ്ടമായോ എന്ന് ചോദിച്ചു, ഇത് ഇഷ്ടപ്പെടാത്തവരായി ആരുണ്ട് എന്ന് ഞാന്‍ പ്രതികരിച്ചു . ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞു(എറിക് വളരെ ചെറുപ്പമാണ്ട്ടോ) ഈ തടാകത്തിനു ഒരു പ്രത്യേകതയുണ്ട്. നിങ്ങള്‍ ഒരു പുരുഷനാണെങ്കില്‍ വിക്ടോറിയ തടാകം ഒരു കാമുകിയായും നിങ്ങള്‍ ഒരു സ്ത്രീയാണെങ്കില്‍ തടാകം ഒരു കാമുകനായും മാറും. ശരിയാണോ? ഞാന്‍ ഒന്ന് കൂടെ തടാകത്തിനെ സൂക്ഷിച്ചു നോക്കി, സ്‌ത്രൈണഭാവത്തിന്റെ അലസത നിറഞ്ഞ ചെറിയ തിര നമ്മളെ തലോടുന്നു, മനസ്സിലൊരു ഇളക്കം വരുത്തുന്ന മന്ദമാരുതന്‍ ഇക്കിളി കൂട്ടി കടന്നു പോകുന്നുണ്ട്. അവളുടെ കണ്ണിലേക്കു നോക്കുമ്പോള്‍ അസൂയകൊണ്ടു സൂര്യന്‍ തന്റെ തിളക്കം കൂട്ടുന്നുണ്ട്, അധികനേരം നോക്കാതെയിരിക്കുവാന്‍. അകലെയുള്ള പച്ചത്തുരുത്തുകളുടെ മണം അവളുടെ സൗദര്യത്തിന്റെ ഗാഢത കൂട്ടുന്നു. ചെറിയ ഒന്നോ രണ്ടോ കിളികള്‍ പറന്നു നടക്കുന്നുണ്ടെങ്കിലും ആവേശം കൂട്ടുന്ന സംഗീതം തിരയിലൂടെ അവള്‍ തന്നെ പൊഴിക്കുന്നുണ്ട്. മെലിഞ്ഞ ശരീരം മോഹിക്കുന്നവര്‍ക്കു മെലിഞ്ഞതായി തോന്നും വിധം അവള്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ സ്ഥൂലത ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരിക്കലും കൈയില്‍ ഒതുക്കുവാനാകാത്ത മാദകത്വം.

നമുക്ക് എയര്‍പോര്‍ട്ടില്‍ പോകേണ്ടേ എന്ന് എറിക് ചോദിച്ചപ്പോള്‍ ആണ് കാമുകഭാവത്തില്‍ നിന്ന് ഇറങ്ങിവന്നത്. എറിക് പറഞ്ഞത് സത്യമാണെന്നു സമ്മതിച്ചപ്പോള്‍ അയാള്‍ പറഞ്ഞു ചില യൂറോപ്യന്‍ വനിതകള്‍ ഒറ്റയ്ക്ക് വന്നു ഇവിടെ തടാകത്തിന്റെ കരയിലുള്ള മനോഹരമായ റിസോര്‍ട്ടില്‍ ആഴ്ചകളോളം താമസിക്കാറുണ്ടെന്ന്. അവരില്‍ ചിലര്‍ പറഞ്ഞ വാക്കുകള്‍ ആണ് എറിക് മുന്‍പ് ഉദ്ധരിച്ചത്.

ആഫ്രിക്കയുടെ പര്യായമെന്നു വിശേഷിപ്പിക്കാവുന്ന ‘കരുത്ത്’ ഈ തടാകത്തിനുമുണ്ട്.. പുറമെ ശാന്തമെങ്കിലും നാല്‍പ്പതു മുതല്‍ എണ്‍പതുമീറ്റര്‍ വരെ ആഴമുള്ള തടാകത്തിനു സാഹസികമായ ഒരു മുഖം കൂടെയുണ്ട്. കടലുപോലെ വിശാലമായ വിക്ടോറിയ തടാകത്തിനു ഏതു കാമുകിയും കൊതിക്കുന്ന ഒരു കരുതലുമുണ്ട്. നിന്നെ ഞാന്‍ കാത്തോളം എന്ന ആ വിശ്വാസം, അതാകും അവര്‍ ഒറ്റയ്ക്ക് വന്നു ഇവിടെ താമസിക്കുന്നത്.
രാത്രിയില്‍ തടാകം ഒരു കള്ളക്കാമുകന്റെ വേഷം അണിയുന്നുണ്ടാകാം, മതിവരാതെ അവന്‍ ഇക്കിളിപ്പെടുത്തി ഇവരെ കോരിത്തരിപ്പിക്കുണ്ടാവാം . കൂരിരുട്ടിലും അവന്റെ ശബ്ദം അവര്‍ അറിയുന്നുണ്ടാകും.

ഇത്രയും മനോഹരമായൊരു തടാകം പുറംലോകം അറിഞ്ഞു തുടങ്ങിയത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിക്കു ശേഷം മാത്രമാണ്. ജോണ്‍ ഹെന്നിങ് സ്‌പെക്ക് എന്ന ബ്രിട്ടീഷ് പര്യവേഷകനാണ് ഈ തടാകത്തെ ആദ്യമായി മാപ്പില്‍ രേഖപ്പെടുത്തുന്നത്. യുഗാണ്ട, ടാന്‍സാനിയ, കെനിയ എന്നീ രാജ്യങ്ങള്‍ അതിര്‍ത്തിപങ്കിടുന്ന വിക്ടോറിയ തടാകത്തിന്റെ കൈവശ അവകാശം ഏകദേശം സമാസമം ടാന്‍സാനിയ്ക്കും യുഗാണ്ടക്കുമാണ്. ആറു ശതമാനം കെനിയക്കും.

Nile Perch Fishing Safaris in Uganda » Trek Africa Expeditions
Nile Perch Fish

നൈല്‍ പെര്‍ച് എന്ന വേട്ടയാടി മല്‍സ്യം ആണ് ഈ തടാകത്തില്‍ കൂടുതലായും. ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളില്‍ വേണ്ടത്ര പഠനമില്ലാതെ ഈ മത്സ്യത്തെ തടാകത്തിലേക്ക് കൊണ്ടുവരികയും അവ മറ്റു തനതു മല്‍സ്യങ്ങളെ നശിപ്പിക്കുകയും ചെയ്തു.

ആഫ്രിക്കയുടെ ഒരു ചരിത്രം തന്നെ ഈ തടാകത്തിലൂടെ കാണാം. തനതു സംസ്‌കാരവും ചൈതന്യവും പാടെ തിരസ്‌കരിച്ചു ,വേട്ടക്കാരന്റെ ഇറക്കുമതിചെയ്യപ്പെട്ട സംസ്‌കാരം, അടിച്ചേല്പിക്കപ്പെട്ട ജനതയാണ് ആഫ്രിക്കക്കാര്‍. ഇനിയും പാടാത്ത,കേള്‍ക്കാത്ത സംഗീതമാണ് കൂടുതല്‍ ഭംഗി എന്ന് പറയുന്നതുപോലെ, ആഫ്രിക്കയുടെ സൗന്ദര്യം അത് മറഞ്ഞു തന്നെ ഇരിക്കുമ്പോഴാണ്. വിക്ടോറിയ തടാകത്തിന്റെ അനുഭൂതി ഒരിക്കല്‍ കണ്ടവന് എത്ര കാതമകലെയിരുന്നും അനുഭവവേദ്യമാണ്.

Lake Malawi

ലേക്ക് മലാവി

രണ്ടായിരത്തിപത്തൊന്‍പതില്‍ ആദ്യമായി സൗത്ത് ആഫ്രിക്ക സന്ദര്‍ശിച്ചപ്പോള്‍ വിമാനത്തില്‍ വെച്ച് ക്യാപ്റ്റന്‍ അനൗണ്‍സ് ചെയ്ത ഒരു വാക്യം ഇപ്പോഴും ഓര്‍ക്കുന്നു. നാം ഇപ്പോള്‍ കടന്നു പോകുന്നത് ശാന്തതയുടെ മുകളിലൂടെയാണ്. ആ കാവ്യവാക്യം കേട്ട് താഴേക്ക് നോക്കിയപ്പോള്‍ കണ്ടത് വിശാലമായി വിരാജിക്കുന്ന ഒരു നീലത്തടാകം. ചെറിയ ഒറ്റപ്പെട്ട മേഘപടലങ്ങള്‍ അങ്ങിങ്ങു നിശ്ചലമായി നില്‍ക്കുന്നുണ്ട്. സത്യത്തില്‍ ഒരു വലിയ തടാകം ആദ്യമായി കാണുന്നത് അന്നാണ്.

കനകമലയുടെ-കോടശ്ശേരി മലയുടെ അടിവാരത്തില്‍ ജനിച്ചതിനാല്‍ വീടിനടുത്തുള്ള ചെറിയ വെള്ളച്ചാട്ടവും അരുവികളും പരിചിതമാണ്. എന്നുമാത്രമല്ല, മഴക്കാലത്ത് വെള്ള പത നിറഞ്ഞ വര, ആനത്തടം എന്നീ ചെറു വെള്ളച്ചാട്ടത്തില്‍ കുളിക്കുക ഒരു ഹരമായിരുന്നു. ഹരിത ഭംഗി കലര്‍ന്ന ഭൂപ്രദേശവും ചെറു നദികളും ആണ് മനസ്സിന് ഏറ്റവും സംതൃപ്തി പകരുന്ന കാഴ്ച. ചെറിയ മനുഷ്യനിര്‍മിത തടാകങ്ങള്‍ അല്ലാതെ പ്രകൃതിദത്തമായ തടാകങ്ങള്‍ മുന്‍പ് കണ്ടിട്ടുണ്ടായിരുന്നില്ല. വേമ്പനാടും, അഷ്ടമുടിക്കായാലും ശാസ്താംകോട്ട
തടാകവും എല്ലാം കേരളത്തിലുണ്ടായിട്ടും ചെറുപ്പത്തില്‍ അത് കാണുവാനുള്ള ഭാഗ്യം ലഭിച്ചിരുന്നില്ല. ആകാശത്തിലിരുന്നു കണ്ട ആദ്യത്തെ തടാകത്തിന്റെ മനോഹാരിത വിവരിക്കുവാന്‍ സാധ്യമല്ല. ഏകദേശം പത്തു മിനുട്ടോളം ആ കാഴ്ച കാണുവാന്‍ സാധിക്കും, അത്രക്കും വലിയൊരു തടാകമാണ് ലേക്ക് മലാവി.

രണ്ടായിരത്തി ഇരുപത്തിരണ്ടിലാണ് മലാവി സന്ദര്‍ശിക്കുവാന്‍ സാധിച്ചത്. തലസ്ഥാനമായ ലിലോങ്വെയില്‍ നിന്ന് രണ്ടു മണിക്കൂര്‍ യാത്ര ചെയ്താല്‍ മലാവി തടാകക്കരയിലെത്താം. ഈ തടാകത്തെ പറ്റി ആദ്യം കേട്ടിട്ടുള്ളത് എസ്.കെ. പൊറ്റെക്കാടിന്റെ സിംഹഭൂമി എന്ന പുസ്തകത്തിലൂടെയാണ്. അന്ന് മലാവിയുടെ പേര് ന്യാസലാന്‍ഡ് എന്നായിരുന്നു, തടാകത്തിന്റെ പേര് ന്യാസ തടാകം എന്നും. അദ്ദേഹം ആ തടാകത്തിലൂടെ ബോട്ടില്‍ പോയത് വിശദീകരിക്കുന്നുണ്ട്.

ഇന്നും അത്ര വികസിതമല്ലാത്ത മലാവിയില്‍ പ്രകൃതിരമണീയതക്ക് ഒരു ക്ഷാമവും ഇല്ല. കിഴക്കനാഫ്രിക്കയില്‍ പൊതുവെ ആകാശത്തിനു നല്ല ഭംഗിയാണ്. അതിനൊരു കാരണം വെണ്‍മേഘപാളികളാണ്. മലാവിയില്‍ മേഘം ഭൂമിയെ പുണരുന്ന കാഴ്ച സാധാരണമാണ്. വിശാലമായി കിടക്കുന്ന കരിമ്പും ചോളവും കൃഷിചെയ്യുന്ന പാടങ്ങളില്‍ ഓരോ ചെറുഗോളങ്ങള്‍ പോലെ മേഘം നിലത്തു കിടക്കുന്നതു കാണാം. കൈകൊണ്ടു മേഘത്തെ തലോടാം.

മലാവിയിലെ സുഹൃത്ത് അജീഷിന്റെ കൂടെയാണ് മലാവി തടാകം കാണാന്‍ പോയത്. മലയാളികളുടെ എണ്ണം ഇന്നും അവിടെ കുറവാണ്, എന്നാലും വര്‍ഷത്തിലൊരിക്കലെങ്കിലും ഒന്നോ രണ്ടോ കുടുംബ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഈ താടാകത്തിന്റെ അടുത്തുള്ള റിസോര്‍ട്ടില്‍ താമസിക്കാറുണ്ട്.

പാട്ടുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, നിങ്ങളെ നിമിഷനേരം കൊണ്ട് വേറിട്ട അവസ്ഥയിലേക്ക് മാറ്റിയെടുക്കുവാന്‍ സാധിക്കും. ഭക്തി, ഗൃഹാതുരത, പ്രണയം ഇതൊക്കെ സ്വായത്തമാക്കാന്‍ അത്തരം പാട്ട് കേട്ടാല്‍ മതി. ‘വടക്കുംനാഥന് സുപ്രഭാതം പാടും വണ്ണാത്തിക്കുരുവികള്‍ ഞങ്ങള്‍ ‘ എന്ന പി.ജയചന്ദ്രന്റെ പാട്ടുകേട്ടാല്‍, പുഷ്പാഞ്ജലി എന്ന ആല്‍ബത്തിലെ ഓരോ പാട്ടും കേട്ടാല്‍, ബാല്യത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ്. ഭക്തിഗാനമാണെങ്കിലും ആ ആല്‍ബം മനസ്സില്‍ നിറക്കുന്നതു ബാല്യ-കൗമാര ഓര്‍മകളാണ്.

മലാവി തടാകം നേരിട്ട് കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയതും ചെറുപ്പക്കാലമാണ്. എന്തോ ഒരു ശാന്തത തിങ്ങി നിറയുന്നത് പോലെ, അതിനൊപ്പം ഒരു ശോകം മനസ്സിലേക്ക് കയറി വരുന്നു. നല്ല തെളിഞ്ഞ ആകാശവും കാറ്റും കണ്ണീരിന്റെ തെളിമയുള്ള വെള്ളവും. തടാകത്തിന്റെ തൊട്ടടുത്ത് നിന്ന് വെറുതെ നോക്കി നിന്നു,തെളിഞ്ഞ ആകാശം പോലെ മനസ്സില്‍ ഒരു ചിന്തയും ഇല്ലാതെ, അങ്ങനെ ഏറെ നേരം നിന്നു. ചെറിയ തിര വന്നു കാലില്‍ ഇക്കിളി കൂട്ടിയപ്പോഴാണ് തടാകത്തിനരികിലാണെന്ന ഓര്‍മ്മ വീണ്ടും വന്നത്.

ആഫ്രിക്കയിലെ, ഒരു വിദൂരസ്ഥലത്താണെന്നുള്ള ബോധ്യം അപ്രസക്തമാകുന്നു.കേരളക്കരയില്‍ , മറ്റത്തൂരിലെ വീടിനടുത്തുള്ള കുഞ്ഞാലിപ്പാറയിലിരിക്കുന്ന ഒരവസ്ഥ. അവിടെ നിന്നു നോക്കിയാല്‍ പച്ചപ്പ് നിറഞ്ഞ കാഴ്ച മാത്രം, അകലെ മലകള്‍ അതിരുകോരിയിടുന്നു. തടാകത്തിന്റെ നീലനിറം പച്ചപ്പായി മാറിയോ? കണ്ണെത്താദൂരത്തെ ചക്രവാളം പാലക്കാടന്‍ മല പോലെ നിര നിരയായോ? മനസ്സില്‍ എന്തൊക്കെയോ സംഭവിക്കുന്നു..ഒടിയന്റെ മായാവിദ്യ പോലെ, ആഫ്രിക്കയില്‍ കണ്‍കെട്ട് സ്വാഭാവികമായ ഒരാവസ്ഥയാണെന്നറിയാം . മനസ്സിന്റെ നിയന്ത്രണം മറ്റാരോ ഏറ്റെടുക്കുന്ന പോലെ. പോകേണ്ടതിന്റെ എതിര്‍വശത്തേക്കു യാത്രചെയ്യുക, സ്വന്തം വീട് കണ്ടെത്താന്‍ ബുദ്ധിമുട്ടുക,തൊട്ടു മുന്‍പ് ആലോചിച്ചത് എന്താണെന്നു കണ്ടെത്താന്‍ പറ്റാതെ ഒരു ദിവസം മൊത്തം ആലോച്ചിരിക്കുക. മലാവി തടാകം ഒറ്റ നില്‍പ്പില്‍ ഒറ്റയ്ക്ക് കണ്ടു തീര്‍ക്കണം. തടാകത്തിന്റെ കാഴ്ച നിങ്ങളുടെ മനസ്സിനെയാണ് സ്വാധീനിക്കുക. നിങ്ങള്‍ ചെയ്യേണ്ടത് മനസ്സിനെ അഴിച്ചുവിടുക എന്നത് മാത്രമാണ്. നിങ്ങളെ ബാല്യത്തിന്റെ, വിരഹത്തിന്റെ, നഷ്ടബോധത്തിന്റെ, സ്വപ്നങ്ങളുടെ എന്തിനു സ്വര്‍ഗ്ഗത്തിന്റെ തീരത്തേക്ക് വരെ കൊണ്ടുപോകുവാന്‍ ആ തടാകത്തിനു സാധിക്കും.

ഏകദേശം അഞ്ഞൂറ്റിഅറുപതു കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന മലാവി തടാകത്തിന്റെ ഒരു ഭാഗം ടാന്‍സാനിയായും മറ്റേ ഭാഗം മലാവിയുമാണ്. കുറച്ചു ഭാഗം മൊസാമ്പിക്കും പങ്കിടുന്നു.ഡേവിഡ് ലിവിങ്സ്റ്റണ്‍ എന്ന ഇംഗ്ലീഷുകാരനാണ് ആയിരത്തിഎണ്ണൂറ്റി അന്‍പത്തിയൊമ്പതില്‍ ഈ തടാകത്തിനു ലേക്ക് നിയാസ എന്ന പേരിട്ടത്. ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകള്‍ ഉണ്ടെങ്കിലും മലാവി തടാകം ഇന്നും അത്ര കണ്ടു പുറം ലോകം അറിഞ്ഞിട്ടില്ല. ഒരുപക്ഷെ മലാവിയുടെ തലവര മാറ്റാവുന്ന ഒന്നായി ഈ തടാകം മാറാം.

lake Naivasha, Kenya

ലേക്ക് നൈവാഷാ

പല ആഫ്രിക്കന്‍ രാജ്യങ്ങളുടെയും ഉള്‍പ്രദേശങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും. പിടിച്ചുപറി, മോഷണശ്രമങ്ങള്‍ എല്ലാം ഒഴിവാക്കാന്‍ രാത്രിയാത്ര ഒഴിവാക്കുന്നതാണ് നല്ലത്.പുറമെ കേള്‍ക്കുന്ന ഭീതിദായകമായ വാര്‍ത്തകള്‍ ഒന്നും ബാധകമല്ലെങ്കിലും ചിലയിടങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് ആവശ്യമാണ്. ആഫ്രിക്കയിലെ സുരക്ഷിതമായ രാജ്യങ്ങളില്‍ പ്രത്യേകിച്ച് കിഴക്കനാഫ്രിക്കയില്‍ ഭൂപ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുവാന്‍ ഇത്തരം ഉള്‍പ്രദേശങ്ങള്‍ സഞ്ചരിക്കുക തന്നെ വേണം. കെനിയയില്‍ സാധാരണ പോകുമ്പോള്‍ നൈറോബിയും ‘തിക’ എന്ന സ്ഥലവും മാത്രമാണ് സന്ദര്‍ശിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ‘നക്കുറു’ എന്ന സ്ഥലത്തേക്ക് പോവുമ്പോള്‍ ലേക്ക് നൈവാഷാ എന്ന തടാകം കാണുവാന്‍ സാധിച്ചു.

കെനിയയിലെ ഞങ്ങളുടെ അസ്സോസിയേറ്റ് ഡോക്ടര്‍ പാട്രിക് കൂടെയുണ്ടായിരുന്നു. അദ്ദേഹമാണ് ഈ തടാകം കണ്ടിട്ട് പോയാല്‍ മതി എന്ന് നിര്‍ബന്ധിച്ചത്. മറ്റു കുറച്ചു മീറ്റിംഗുകള്‍ക്കു ശേഷം വൈകുന്നേരം നാലുമണിയോട് കൂടെയാണ് അവിടെയെത്തിയത്. പായല്‍ച്ചെടികളും കുളവാഴകളും ചേര്‍ന്ന് കിടക്കുന്ന തീരത്തിനൊടു ചേര്‍ന്ന് കുറച്ചു നടന്നപ്പോള്‍ കായലിലേക്ക് മണ്ണിട്ട് നികത്തിയ ഒരു ഒറ്റയടിപ്പാതയുണ്ട്. കുറച്ചു വഞ്ചികള്‍ അരികില്‍ കെട്ടിയിട്ടുണ്ട്. നൂറു മീറ്ററോളം നീളമുള്ള ആ ഒറ്റയടിപ്പാത അവസാനിക്കുന്നത് മരപ്പലകള്‍ കൊണ്ട് കെട്ടിപ്പൊക്കിയ പാലത്തിലാണ്. ആ പാലം വെള്ളത്തില്‍ പടുത്തുയര്‍ത്തിയ കുറച്ചു വീടുകളുമായി ബന്ധിപ്പിക്കുന്നു. ഉപേക്ഷിക്കപ്പെട്ട ,കാലഹരണപ്പെട്ട ആ പഴയ കൊളോണിയല്‍ ചാരുത കലര്‍ന്ന വീടുകളില്‍ ചിലതു ഹോട്ടലുകളായി ഉപയോഗിക്കുന്നു. ചെറിയ ഒരു കോഫീ ഷോപ് എന്ന് പറയാം.

തേക്കടിയില്‍ കാണുന്നത് പോലെ വെള്ളത്തില്‍ അങ്ങിങ്ങു നില്‍ക്കുന്ന ഒറ്റത്തടി മരങ്ങള്‍ , അകലെ തടാകത്തിന്റെ നീല നിറം മേല് കോരിയൊഴിച്ചപ്പോലെ മല നിരന്നു നില്‍ക്കുന്നുണ്ട്. സൂര്യന്റെ പ്രഭ കുറഞ്ഞെങ്കിലും തടാകത്തില്‍ തട്ടി കിരണങ്ങള്‍ വെട്ടിത്തിളങ്ങുന്നു,ഒരു സ്ഫടികപ്രതലം പോലെ. മറ്റു തടാകങ്ങളില്‍ നിന്നു വ്യത്യസ്തമായി ഒരുപാടു കിളികള്‍ പാറി നടക്കുന്നുണ്ട്. കൂട്ടില്‍ ചേക്കേറുവാനുള്ള സമയം ആയതുകൊണ്ടാകാം കുറച്ചു വിശ്രമത്തിലാണ് കിളികള്‍ മരത്തിന്‍ ചില്ലകളില്‍. സായംസന്ധ്യ ആസ്വദിക്കുവാന്‍ പറ്റിയ അന്തരീക്ഷം. ചില വലിയ മല്‍സ്യങ്ങള്‍ ചാടിക്കളിക്കുന്നുണ്ട്. ഒരുപാടു ജീവജാലങ്ങള്‍ ആ തടാകത്തിലുണ്ടെന്നു മനസിലായി. ഉപേക്ഷിക്കപ്പെട്ട ആ വീടുകള്‍ക്കും ഒരു സൗന്ദര്യമുണ്ട്. ഒരു പ്രതാപകാലത്തിന്റെ സ്മരണ നിലനിറുത്തികൊണ്ടുതന്നെ. വൈകുന്നേരം അയതുകൊണ്ടോ, നിശബ്ദത തളം കെട്ടിനില്‍ക്കുന്നതു കൊണ്ടോ ഒരു നഷ്ടബോധം നമുക്ക് അനുഭവപ്പെടാം.

ഇതിനിടയില്‍ ഒരു കെനിയന്‍ യുവതിയും യുവാവും കൈപിടിച്ചുകൊണ്ടു വര്‍ത്തമാനം പറഞ്ഞു അവിടെ വരുന്നുണ്ടായിരുന്നു. പ്രണയിതാക്കളായിരിക്കാം, അവര്‍ മരപ്പാലത്തിന്റെ കൈപ്പിടിയില്‍ ചാരിനിന്നു പരസ്പരം കൈനുകര്‍ന്നു തടാകത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നു. എത്ര പക്വമായ പ്രണയം. ആ തടാകത്തിന്റെ ഭംഗി ഉള്‍ക്കൊണ്ടവര്‍ മുഖത്തോടുമുഖം നോക്കി നിന്നു. ആ തടാകത്തിന്റെ മടിത്തട്ടില്‍ നില്‍ക്കുമ്പോള്‍ പ്രണയിതാക്കള്‍ക്കു തടാകത്തിന്റെ സൗന്ദര്യം പകര്‍ന്നു കിട്ടുമോ?

അകലെയുള്ള മലയും തടാകത്തില്‍ പൊങ്ങിനില്‍ക്കുന്ന ഉണക്കമരങ്ങളും ഉപേക്ഷിക്കപ്പെട്ട മരവീടുകളും മറയുവാന്‍ പോകുന്ന സൂര്യനും ആ കാമുകികാമുകന്മാരും പിന്നെ നിശബ്ദതയും …നൈവാഷാ തടാകത്തിന്റെ മാത്രം പ്രത്യേകതയാണ്. ഈ തടാകക്കരയില്‍ ആരും ഇല്ല എന്നുള്ളത് ഏകാന്തത ഇഷ്ടപ്പെടുന്നവര്‍ക്ക് ആനന്ദം പകരുന്നതാണ്. പ്രണയത്തിന്റെ ഭാഷയാണ് ആ നിശബ്ദതയില്‍ മുഴങ്ങികേള്‍ക്കുന്നത്.

വഞ്ചിയിലും മരപ്പാലത്തിലുമെല്ലാം പോസ് ചെയ്തുനിറുത്തി ഫോട്ടോ എടുക്കുവാന്‍ ഡോക്ടര്‍ പാട്രിക് വളരെ ആവേശം കാണിച്ചു. കുറച്ചു വര്‍ഷം മുന്‍പ് ഏറ്റവും നല്ല രീതിയില്‍ സംരക്ഷിച്ചു പോന്നിരുന്ന തടാകം ഇപ്പോള്‍ കുറച്ചു മലിനപ്പെട്ടിട്ടുണ്ടെന്നും ഡോക്ടര്‍ പാട്രിക് പറഞ്ഞു. കുറച്ചു ദൂരം ബോട്ടില്‍ സഞ്ചരിച്ചാല്‍ മുതലയേയും ഹിപ്പൊപ്പൊട്ടാമസിനെയും കാണാമെന്നു ഡോക്ടര്‍ പാട്രിക് പറഞ്ഞു. നകുരുവിലേക്കു ഇനിയും കുറച്ചു ദൂരം സഞ്ചരിക്കുവാനുള്ളതുകൊണ്ടും രാത്രിയാത്ര ഒഴിവാക്കാനുമായി അടുത്തപ്രാവശ്യമാകാം ബോട്ട് യാത്ര എന്ന് അദ്ദേഹം പറഞ്ഞു.

എന്തായാലും നല്ലൊരു സന്ധ്യ ആസ്വദിക്കുവാന്‍ സാധിച്ചു. തടാകങ്ങള്‍ക്കെല്ലാം ഇത്ര സൗന്ദര്യമുണ്ടെന്നു മനസിലാക്കുവാന്‍ ആഫ്രിക്കയിലെ തടാകങ്ങള്‍ സന്ദര്‍ശിക്കുക തന്നെ വേണം. ഒരു തിരക്കുമില്ലാതെ, ഏകാന്തമായ, ശാന്തമായ ഇടങ്ങള്‍… തടാകത്തിന്റെ ചാരുത അതിന്റെ ഈ നിശബ്ദത കൂടെയാണ്.

Idi Amin | The Dictator's Playbook
Idi Amin

ആഫ്രിക്കയില്‍, പ്രത്യേകിച്ച് കിഴക്കനാഫ്രിക്കയില്‍ ഇനിയും ഒരുപാടു തടാകങ്ങളുണ്ട്. യുഗാണ്ടയിലെയും കോംഗോയിലെയും ഏകാധിപതികളായ ഈദി അമിന്‍, മോബോടു എന്നീ ഭരണാധികാരികളെ കുറിച്ച് കൂടുതലറിയുവാന്‍ ശ്രമിച്ചിരുന്നു. അവര്‍ ഭരണാധികാരികളായി വിരാജിച്ചിരുന്ന ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ കോംഗോയും യുഗാണ്ടയും അതിര്‍ത്തി പങ്കിട്ടിരുന്ന രണ്ടു തടാകങ്ങളുടെ (ലേക്ക് ആല്‍ബര്‍ട്ട്, ലേക്ക് എഡ്വേഡ്) പേര് ഇവര്‍ അടിച്ചുമാറ്റിയിരുന്നു. ഒരു സുപ്രഭാതത്തില്‍ ലേക്ക് ആല്‍ബര്‍ട്ട് എന്നത് ലേക്ക് ഈദി അമീന്‍ എന്നും ലേക്ക് എഡ്വേഡ് എന്നത് ലേക്ക് മോബോട്ടും എന്ന് മാറ്റി ആശാന്മാര്‍ പ്രഖ്യാപിച്ചു. ഇവരുടെ ഭരണത്തിന് ശേഷമാണു വീണ്ടും പഴയ പേര് തിരിച്ചുമാറ്റിയത്.

ഈ തടാകങ്ങള്‍ കാണുവാന്‍ സാധിച്ചിട്ടില്ല, എന്നാല്‍ യുഗാണ്ടയിലെ ചില മലയാളി സുഹൃത്തുക്കള്‍ ഈ താടകങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്. അത്രക്കും സുന്ദരമാണ് അടുത്തടുത്ത് കിടക്കുന്ന ഈ തടാകങ്ങള്‍. യുഗാണ്ടയിലെ സുഹൃത്ത് സുധീഷ് പറഞ്ഞത് ലോകത്തിലെ ഏറ്റവും മനോഹരമായ അച്ഛനും അമ്മയും ഈ തടാകങ്ങളുടെ മാതാപിതാക്കളാണ് എന്നാണ്. ആഫ്രിക്കയിലെ തടാകങ്ങള്‍ നമുക്ക് പകരുന്ന ആനന്ദം വിവരണാതീതമാണ്. സ്വപ്നങ്ങളും മോഹങ്ങളും എത്ര വേണമെങ്കിലും കടംതരുന്ന സമ്പന്നരാണ് ആ തടാകങ്ങള്‍. ദു:ഖങ്ങളും വേദനകളും ഒരു സങ്കോചവും കൂടാതെ അവര്‍ നുകര്‍ന്നെടുത്തോളും. വീണ്ടും വീണ്ടും കാണുവാന്‍ പ്രചോദിപ്പിക്കുന്ന ഒന്ന് എന്തെന്ന് ചോദിച്ചാല്‍ നിസ്സങ്കോചം പറയാം, ആഫ്രിക്കയിലെ തടാകങ്ങള്‍!

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “ആഫ്രിക്കയിലെ ആനന്ദ മോഹനത്തടങ്ങള്‍”

Your Email address will not be published.