
ബൈക്ക് യാത്ര ഞങ്ങളുടെ കുടുംബത്തിന്റെ ജീനില്‍ അലിഞ്ഞു ചേര്‍ന്ന ഒന്നായിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ വീട്ടില്‍ ബൈക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്കും സഹോദരിക്കും ഇടയില്‍ ബൈക്ക് മൂന്നാമതൊരു കുടുംബാംഗം തന്നെയായിരുന്നു. ഞങ്ങളായിരുന്നു ബൈക്ക് കഴുകുന്നതും എപ്പോഴും തുടച്ചു വൃത്തിയാക്കി സൂക്ഷിക്കുന്നതും. കുട്ടിക്കാലം മുതല്‍ക്കേ എനിക്കും ബൈക്കിനും ഇടയില്‍ ഒരാത്മബന്ധം ഉണ്ടായിരുന്നു. ചേച്ചിക്ക് പതിനെട്ട് വയസായപ്പോള്‍ തന്നെ ഡ്രൈവിംഗ് പഠിക്കുകയും ബൈക്ക് ലൈസന്‍സ് എടുക്കുകയും ചെയ്തിരുന്നു. ഞാന്‍ പതിനെട്ട് വയസ്സാകാന്‍ കാത്തിരിക്കുകയാണ്. രണ്ടു ബൈക്കുകളിലായി ഞാനും ചേച്ചിയും അച്ഛനും അമ്മയും കൂടി പല സ്ഥലങ്ങളിലേക്കും ദീര്‍ഘയാത്രകള്‍ നടത്തിയിട്ടുണ്ട്. കുടുംബത്തില്‍ ഉള്ളവരും അയല്‍പക്കത്തുള്ളവരും ഇത്തരം നീണ്ട ബൈക്ക് യാത്രകളുടെ കഷ്ടപ്പാടുകളും അപകട സാധ്യതകളും ഞങ്ങളെ ഓര്‍മ്മിപ്പിക്കാറുണ്ടെങ്കിലും അടുത്ത ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ അതൊക്കെ ഞങ്ങള്‍ മറക്കുകയാണ് പതിവ്. മിക്കവാറും ഞങ്ങളുടെ യാത്രകളൊക്കെ വലിയ ആസൂത്രണമൊന്നും കൂടാതെ പെട്ടന്നുള്ള ഒരു തോന്നലിലാണ് സംഭവിക്കാറ്. ഒന്നും പ്ലാന്‍ ചെയ്യാതെ പോകുമ്പോള്‍ വലിയ പ്രതീക്ഷകളുടെ ഭാരവും ഉണ്ടാകാറില്ല. അതുകൊണ്ട് കിട്ടുന്നതൊക്കെയും ബോണസ് എന്നാണ് ഞങ്ങള്‍ കരുതാറ്.
കേരളം കടന്ന് തമിഴ്‌നാടിന്റെ മണ്ണിലൂടെ സഞ്ചരിച്ച് ധനുഷ്‌കോടി വരെ പോകാമെന്ന ചിന്ത അച്ഛന്‍ ഞങ്ങളോട് പങ്കുവെച്ചപ്പോള്‍ തന്നെ ഞങ്ങള്‍ എല്ലാവരും ഉത്തേജിതരായിരുന്നു. യാത്രയോട് ആര്‍ക്കും വിസമ്മതമൊന്നും ഉണ്ടായിരുന്നില്ല. ബൈക്കുകളെ ദീര്‍ഘയാത്രയ്ക്കായി തയ്യാറെടുപ്പിച്ചു. അത്യാവശ്യം കരുതേണ്ട സാധനങ്ങള്‍ കരുതി. പുറത്തെ ബാഗില്‍ സൂക്ഷിച്ച സാധനങ്ങളേക്കാള്‍ ഭാരമുള്ള അത്യുത്സാഹം മനസില്‍ നിറച്ചാണ് ഞങ്ങള്‍ യാത്ര തുടങ്ങിയത്. ത്രിശൂരില്‍ നിന്നും കാഞ്ചീപുരത്തെത്തി തിരിച്ച് തഞ്ചാവൂര്‍ വഴി രാമേശ്വരം കടന്ന് ധനുഷ്‌കോടി സന്ദര്‍ശിച്ച് തിരികെ തൃശൂരിലേക്ക് ഏകദേശം 1600 കിലോമീറ്റര്‍ നീണ്ട ഒരു യാത്രയുടെ തുടക്കമാണ് 2025 മെയ് 18 ന് രാവിലെ ആറു മണിക്ക് ഞങ്ങള്‍ തുടങ്ങിയത്.ഹാപ്പിലാക്ക് സ്‌കൂട്ടര്‍ അച്ഛനും ആക്റ്റീവ സ്‌കൂട്ടര്‍ ചേച്ചിയുമാണ് ഓടിച്ചത്.അച്ഛനും അമ്മയും ഒന്നിച്ചും ഞാനും ചേച്ചിയും ഒന്നിച്ചുമാണ് യാത്രയില്‍ മുഴുവനും സഞ്ചരിച്ചത്.
തൃശൂരിലെ മാമ്പ്രയെന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും പൂരനഗരിയായ തൃശൂരിനെ കടന്ന് കുതിരാന്‍ തുരങ്കവും മറികടന്ന് കേരളത്തിന്റെ നെല്ലറയായ പാലക്കാടെന്ന സുന്ദരിയെയും പിന്നിലാക്കി ഞങ്ങളുടെ ബൈക്ക് ഗോവിന്ദാപുരം ചെക്ക് പോസ്റ്റും കടന്ന് കേരളത്തോട് താല്‍ക്കാലികമായി വിടപറഞ്ഞു. രാത്രിയോടെ മധുരയെത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആദ്യ ദിവസം തന്നെ മഴ വില്ലന്‍ വേഷത്തില്‍ വന്നുവെങ്കിലും, പുതുമഴയില്‍ കുതിര്‍ന്ന വഴികളും, മഴയില്‍ നനഞ്ഞ ഭൂമിയുടെ വശ്യമായ ഗന്ധവും ഞങ്ങള്‍ക്ക് ഇരട്ടി ഊര്‍ജ്ജമാണ് പകര്‍ന്നത്. പളനിമലയുടെ ആത്മീയ സൌരഭ്യവും നുകര്‍ന്ന് ഞങ്ങള്‍ യാത്ര തുടര്‍ന്നു. തമിഴ്‌നാട്ടുകാരുടെ ചൂടന്‍ ചായയും വടയും, ഇടയ്ക്കിടെ കരിക്കിന്റെ മാധുര്യവും ഉച്ചയ്ക്ക് നല്ല ചൂടന്‍ പൊന്നിയരി ചോറും കഴിച്ച് ഞങ്ങള്‍ മുന്‍പോട്ട് പോയി. വൈഗ നദിയുടെ സാമീപ്യവും ആസ്വദിച്ച് യാത്ര തുടര്‍ന്ന ഞങ്ങള്‍ ഏകദേശം രാത്രി ഒന്‍പത് മണിയോടെ മധുരയില്‍ എത്തി. അന്ന് രാത്രി അവിടെ തങ്ങി. ഒരു ദിവസ്സം മുഴുവന്‍ ബൈക്കില്‍ ഇരുന്നതുകൊണ്ട് പുറവും കാലുമൊക്കെ ഉറച്ച് കല്ലുപോലെ ആയിരുന്നു. രാത്രിയില്‍ നല്ലവണ്ണം എണ്ണതേച്ച് ചൂടുവെള്ളത്തില്‍ ഒരു കുളി പാസാക്കിയപ്പോള്‍ ശരീരവേദനയൊക്കെ പമ്പകടന്നു. ഞങ്ങളുടെ ഹോട്ടല്‍ ബാല്‍ക്കണിയില്‍ നിന്നും ലോക പ്രസിദ്ധമായ മധുരമീനാക്ഷി ക്ഷേത്രം കാണാന്‍ കഴിഞ്ഞിരുന്നു. ചരിത്രവും മിത്തും കലയും സംസ്‌കാരവും സാങ്കേതിക മികവും ഒത്തുചേര്‍ന്ന ലക്ഷ്മിയമ്മന്‍ കോവില്‍ എന്റെ കണ്ണിനും മനസ്സിനും കുളിര്‍മ്മ നല്‍കി. ശിവനും വിഷ്ണുവും ശക്തിയും ഒത്തുചേര്‍ന്ന ചൈതന്യത്തിന്റെ അനിര്‍വചനീയമായ ആത്മീയ തേജസ് എന്നില്‍ നിറയുന്നതുപോലെയെനിക്ക് തോന്നി. മഴയില്‍ കുതിര്‍ന്ന ക്ഷേത്രത്തില്‍ നിന്നും ഉയരുന്ന ആത്മീയ ചൈതന്യത്തിന്റെ ചൂടില്‍ എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു. വേനല്‍ക്കാലത്തിന്റെ കൊടുമുടിയില്‍ ആയിരുന്നു മധുരയെങ്കിലും ആത്മീയതയുടെ തണുപ്പും കുളിര്‍മയും അവിടെല്ലാം നിറഞ്ഞിരുന്നു.

പിറ്റെ ദിവസം അതിരാവിലെ എഴുന്നേറ്റ് മധുരമീനാക്ഷിയമ്മന്‍ കോവിലില്‍ പോയി ദര്‍ശനം നടത്തി. രാവിലെ ആയതുകൊണ്ട് തിരക്കിനു കുറവൊന്നും ഉണ്ടായിരുന്നില്ല. കൊത്തുപണികളുടെ ഈറ്റില്ലമായ മധുര മീനാക്ഷി ക്ഷേത്രം കണ്ടു മനസ്സ് കുളിര്‍ത്തു. തിരികെവരുമ്പോള്‍ മധുരയിലെ മറ്റു സ്ഥലങ്ങള്‍ കാണാമെന്ന പ്രതീക്ഷയില്‍ രാവിലെ തന്നെ ഹോട്ടല്‍ മുറി വെക്കേറ്റ് ചെയ്ത് മധുരയിലെ ഗൌരി പാര്‍വതി ഹോട്ടലില്‍ നിന്നും പ്രഭാതഭക്ഷണവും കഴിച്ച് ഞങ്ങള്‍ ഉച്ചയോടെ യാത്ര തുടര്‍ന്നു. അന്ന് പകല്‍ മുഴുവന്‍ യാത്രയില്‍ ആയിരുന്നു. രാത്രിയോടെ തഞ്ചാവൂരില്‍ എത്തി. തഞ്ചാവൂരില്‍ നിന്നും രാത്രി ഭക്ഷണവും കഴിച്ച് നഗരത്തിലൂടെ ഒരോട്ടപ്രദക്ഷിണവും നടത്തി ഹോട്ടലിലെത്തി ഉറക്കം തുടങ്ങി.

രാവിലെ തഞ്ചാവൂര്‍ ക്ഷേത്രം കാണാന്‍ പോയി. ലോകാത്ഭുതമായ തഞ്ചാവൂര്‍ ബ്രഹദീശ്വരക്ഷേത്രം. വിസ്മയങ്ങളുടെ ഒരു ദിനമായിരുന്നു ഞങ്ങള്‍ക്കന്ന്. കലയും സാഹിത്യവും ശാസ്ത്രവും ആത്മീയതയും ഒത്തുചേര്‍ന്ന ക്ഷേത്രം.അതായിരുന്നു ബ്രഹദീശ്വരക്ഷേത്രം. 12 വര്‍ഷങ്ങള്‍ കൊണ്ടാണ് രാജരാജ ചോളന്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. പതിനായിരക്കണക്കിന് കൊത്തുപണിക്കാരുടെ അദ്വാനമാണ് നമ്മുടെ കണ്ണിനു മുന്‍പില്‍ നിവര്‍ന്നു നില്‍ക്കുന്നത്. നിഴല്‍ വീഴാത്ത വിമാനമകുടവും, ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദിയും, കൂറ്റന്‍ ശിവലിംഗവും വിശ്വാസികളുടെ ഹൃദയത്തെ ഉരുക്കുന്നവയാണ്. ആയിരം കല്‍മണ്ഡപത്തോട് കൂടിയ എകാംബരെശ്വാര്‍ ക്ഷേത്രം നമ്മളെ അത്ഭുതപ്പെടുത്തുക മാത്രമല്ല നമ്മുടെ ഉള്ളിലേക്ക് ദൈവീക ചൈതന്യം നിറയ്ക്കുക കൂടി ചെയ്യും.

തഞ്ചാവൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം ഞങ്ങള്‍ പോയത് മറാത്ത രാജകുടുംബത്തിന്റെ കുലദൈവമായ പുണ്യനെല്ലൂര്‍ മാരിയമ്മന്‍ കോവില്‍ കാണാനാണ്. അവിടേക്കുള്ള ആറു കിലോമീറ്റര്‍ ഭൂഗര്‍ഭ ടണല്‍ ഒരത്ഭുതമാണ്. മറാത്ത പാലസ്സിന്റെ പ്രൌഡിയും അതിനുള്ളിലെ ചിത്രങ്ങളുടെ ഭംഗിയും ആരെയും ആകര്‍ഷിക്കും. കോവിലും കൊട്ടാരവും സന്ദര്‍ശിച്ച ശേഷം ഞങ്ങള്‍ ഉച്ചഭക്ഷണത്തിന് പോയി. തഞ്ചാവൂര്‍ പോലെ തന്നെ മനോഹരമായിരുന്നു തഞ്ചാവൂരിലെ ഭക്ഷണവും. ഇതെഴുതുമ്പോഴും എന്റെ നാവിലും മനസ്സിലും തഞ്ചാവൂര്‍ രുചി ഒട്ടും കുറയാതെ നില്‍ക്കുന്നുണ്ട്. ഉച്ചഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ തഞ്ചാവൂര്‍ മ്യൂസിയം കാണാന്‍ പോയി.തഞ്ചാവൂരിന്റെ പഴമയും പ്രശസ്തിയും എടുത്ത് കാണിക്കുന്ന നിരവധി ചരിത്രവസ്തുക്കളെക്കൊണ്ട് നിറഞ്ഞതാണ് തഞ്ചാവൂര്‍ മ്യൂസിയം.

മ്യൂസിയത്തില്‍ നിന്നും ഇറങ്ങി നല്ല തഞ്ചാവൂര്‍ ചായയും വടയും കഴിച്ചതിന് ശേഷം കുറച്ചുനേരം ശിവഗംഗ പാര്‍ക്കില്‍ പോയിരുന്നു. ശേഷം ചെറിയ ഷോപ്പിംഗ് നടത്തി. വലിയൊരു തഞ്ചാവൂര്‍ ബൊമ്മ മേടിച്ചു. ടെറാകോട്ടയില്‍ കൈകൊണ്ട് ഉണ്ടാക്കുന്ന തഞ്ചാവൂര്‍ പ്രതിമകള്‍ ലോകപ്രസിദ്ധമാണല്ലോ. വലിയ തലയും, ചെറുതായി അനക്കിയാല്‍ നൃത്തചലനങ്ങള്‍ കാണിക്കുന്ന തഞ്ചാവൂര്‍ പ്രതിമകള്‍ കാണാന്‍ നല്ല രസമുള്ളവയാണ്.
salt pans in rameswaram

കാഞ്ചിപുരത്തിനോട് വിടപറഞ്ഞ് ഞങ്ങള്‍ രാമേശ്വരത്തേക്ക് തിരിച്ചു. തമിഴ്‌നാട്ടിലെ ചൂട് ഏതാണ്ട് അസഹനീയമായിരുന്നു. കയ്യും മുഖവുമെല്ലാം വെയില്‍ കൊണ്ട് കരുവാളിച്ചു. തീരദേശ പാതയിലൂടെ ഉപ്പുപാടങ്ങളുടെ ഓരം പറ്റിയുള്ള യാത്ര ഒരനുഭവം തന്നെയായിരുന്നു. ഇടയ്ക്കിടെ പനനൊങ്ക് കഴിച്ച് വിശപ്പും ദാഹവും മാറ്റിക്കൊണ്ടിരുന്നു. തഞ്ചാവൂരില്‍ നിന്നുള്ള ദീര്‍ഘയാത്രയില്‍ ഞങ്ങള്‍ വേറെയൊന്നും കഴിച്ചില്ല. പാമ്പന്‍ പാലം കടന്ന് ഒടുവില്‍ ഞങ്ങള്‍ അബ്ദുള്‍ കലാമിന്റെ ജന്മദേശമായ രാമേശ്വരത്തിലെത്തി.

ശ്രീലങ്കയുമായുള്ള കച്ചവടബന്ധം ശക്തിപ്പെടുത്താനാണ് ബ്രിട്ടീഷുകാര്‍ പാമ്പന്‍ പാലം ഉണ്ടാക്കിയത്. കരയില്‍ നിന്നും പാമ്പന്‍ ദ്വീപിലേക്കുള്ള ഏക വഴിയും അത് മാത്രമായിരുന്നു. 1964 ലെ മഹാപ്രളയത്തിലും തകരാതെ നിന്ന പാമ്പന്‍ പാലം ഒരത്ഭുതം തന്നെയായിരുന്നു. ആ പ്രളയത്തില്‍ ഒരു ട്രെയില്‍ തന്നെ ഒലിച്ചുപോയെങ്കിലും പാലം തലയുയര്‍ത്തി അവിടെത്തന്നെ നിന്നു. പഴയ പാലം കേടായപ്പോള്‍ പുതിയ പാലം വന്നു. സാങ്കേതിക വിദ്യയുടേയും മനുഷ്യരുടെ മനക്കരുത്തിന്റെയും അടയാളമാണ് പാമ്പന്‍ പാലം. കടലിന്റെ കാറ്റും ഉപ്പുപാടങ്ങളുടെ മണവും ആസ്വദിച്ച് ഒടുവില്‍ ഞങ്ങള്‍ രാമേശ്വരത്തിലെത്തി. പാമ്പന്‍ പാലത്തിലൂടെ കടന്നുപോയപ്പോള്‍ ഞങ്ങളുടെ ബൈക്കുകള്‍ക്കും ആത്മനിര്‍വൃതി തോന്നിയിരിക്കും. അത്രയ്ക്കും മനോഹരമായിരുന്നു പാലം കടന്നപ്പോഴുള്ള സന്തോഷം. രാമായണവുമായി രാമനുമായി ബന്ധപ്പെട്ട രാമേശ്വരം. ഇന്ത്യയിലെ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നുള്ള രാമേശ്വരം ശിവക്ഷേത്രം, രാമസേതുവെന്ന മിത്തിന്റെ ഉറവിടമായ ദേശം, എല്ലാത്തിനുമുപരി ഇന്ത്യ ലോകത്തിനു സമ്മാനിച്ച അതുല്യപ്രതിഭ അബ്ദുള്‍ കലാമിന്റെ ജന്മദേശം.

അങ്ങനെ നിരവധി പ്രത്യേകതകളുള്ള രാമേശ്വരത്തിന്റെ മണ്ണില്‍ കാല് കുത്തിയപ്പോള്‍ ഞങ്ങള്‍ ശരിക്കും മറ്റൊരു ലോകത്തിലെത്തിയ പോലെയായി മാറി. ഞങ്ങള്‍ താമസിച്ച ഹോട്ടലിന്റെ ഉടമ എന്താണ് അതിഥ്യ മര്യാദയെന്ന് ഞങ്ങളെ പഠിപ്പിച്ചു. രാമേശ്വരത്തിന്റെ തനതു വിഭവങ്ങള്‍ പാരമ്പര്യരുചികള്‍ ഒട്ടും ചോരാതെ അവര്‍ ഞങ്ങള്‍ക്ക് വിളമ്പി. പിറ്റേന്ന് രാവിലെ തന്നെ ശ്രീരാമനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രത്തിനുള്ളിലെ 22 പുണ്യതീര്‍ത്ഥ കിണറുകളില്‍ നിന്നും വെള്ളമെടുത്ത് സ്‌നാനം ചെയ്യുന്ന നിരവധി ഭക്തന്മാരെ ഞങ്ങള്‍ അവിടെകണ്ടു. അമ്പല ദര്‍ശന ശേഷം ഞങ്ങള്‍ പുണ്യാത്മാവായ അബ്ദുള്‍ കലാമിന്റെ ജന്മഗൃഹവും മ്യൂസിയവും കണ്ടു. കലാം സാബിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന മ്യൂസിയം എത്ര വലിയൊരു മനുഷ്യനായിരുന്നു അബ്ദുള്‍ കലാമെന്ന് നമ്മോട് ഉറക്കെ പറയും. മ്യൂസിയത്തില്‍ നിന്നുമിറങ്ങുമ്പോള്‍ കലാം സാബിനോടുള്ള സ്‌നേഹം കൊണ്ട് നമ്മുടെ ഹൃദയം നിറയുകയും വിനയം കൊണ്ട് നമ്മുടെ തല കുനിയുകയും ചെയ്യും. ലോകം കീഴടക്കിയ ആ മഹാന്റെ കാലടികള്‍ പതിഞ്ഞ രാമേശ്വരത്തോട് എനിക്കെന്തെന്നില്ലാത്ത സ്‌നേഹം തോന്നി.

കലാം മ്യൂസിയത്തില്‍ നിന്നുമിറങ്ങിയ ഞങ്ങള്‍ വില്ലുണ്ടി തീര്‍ത്ഥം കാണാന്‍ പോയി. സമുദ്രതീരത്തുള്ള ഒരു കിണറ്റില്‍ മാത്രം വെള്ളത്തിന് ഉപ്പുരസമില്ല. വില്ലുണ്ടി തീര്‍ത്ഥത്തിന് രാമായണ കഥയുമായി ബന്ധമുണ്ട്. രാമേശ്വരത്തില്‍നിന്നും ഏതാണ്ട് അഞ്ചു കിലോമീറ്റര്‍ അകലെയാണ് വില്ലുണ്ടി തീര്‍ത്ഥം. രാവണനെ കൊന്ന് സീതാ ദേവിയെ തിരികെ ഭരതദേശത്തിലേക്ക് കൊണ്ട് വരുന്നതിനിടയില്‍ രാമേശ്വരം കടല്‍ത്തീരത്ത് എത്തിയപ്പോള്‍ സീതാ ദേവിക്ക് ദാഹിച്ചപ്പോള്‍ രാമന്‍ തന്റെ വില്ല് കൊണ്ടൊരമ്പ് കടല്‍ത്തീരത്ത് പതിപ്പിച്ചപ്പോള്‍ ഉണ്ടായതാണ് ഉപ്പുരസമൊട്ടും ഇല്ലാത്ത വില്ലുണ്ടി തീര്‍ത്ഥം എന്നതാണ് ഈ കിണറിനെ പറ്റിയുള്ള പ്രാദേശിക വിശ്വാസവും ഐതീഹ്യവും. കടലില്‍ വില്ല് മുക്കി രാമനുണ്ടാക്കിയത് എന്നര്‍ത്ഥത്തിലാണ് ഈ കിണറിന് വില്ലുണ്ടി തീര്‍ത്ഥം എന്ന പേരുണ്ടായത്. രാമേശ്വരം ഭാഗത്തെ ആ കടലിന് തിരകള്‍ ഇല്ലെന്ന മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. അവിടെനിന്നും കുറെ കക്കകള്‍ ഞാന്‍ ശേഖരിച്ചിരുന്നു.ഇന്നും വില്ലുണ്ടി തീര്‍ത്ഥത്തെ പറ്റിയുള്ള നല്ല ഓര്‍മ്മകളുടെ സ്മാരകമായി ഞാനവ വീട്ടില്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അന്നുരാത്രി ഞങ്ങള്‍ കടലിന്റെ കാറ്റ് ആസ്വദിച്ച് രാമേശ്വരത്തെ ഹോട്ടലില്‍ താമസം തുടര്‍ന്നു.

പിറ്റെ ദിവസം ധനുഷ്‌കോടി ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. 1964 മഹാപ്രളയത്തില്‍ ഒലിച്ചുപോയ സ്ഥലമാണ് ധനുഷ്‌കോടി. രാത്രിയില്‍ ഉണ്ടായ പ്രളയത്തില്‍ ഏതാണ്ട് 1800 ആളുകള്‍ കൊല്ലപ്പെട്ടു. 115 യാത്രക്കാരുമായി വന്ന പാമ്പന്‍ ധനുഷ്‌കോടി പാസഞ്ചര്‍ ട്രെയില്‍ കടലിലേക്ക് ഒലിച്ചുപോയി. ആരും തന്നെ രക്ഷപെട്ടില്ല. ധനുഷ്‌കോടിയിലേ റെയില്‍വേ സ്റ്റേഷന്‍, റേഡിയോ സ്റ്റേഷന്‍ വീടുകള്‍ കടകള്‍ പഴയ പള്ളി ഒക്കെ കടലില്‍ മുങ്ങിപ്പോയി. മനുഷ്യവാസം അസാധ്യമായ പ്രേതനഗരമായി തമിഴ്‌നാട് സര്‍ക്കാന്‍ ധനുഷ്‌കോടിയെ പ്രഖ്യാപിച്ചു. പഴയ ഓര്‍മ്മകളുടെ സ്മാരകമായി റെയില്‍വേ സ്റ്റേഷന്റെ ഏതാനും തൂണുകളും പഴയ പള്ളിയുടെ ഭിത്തിയും മാത്രം ഇന്നും അവശേഷിക്കുന്നു. അന്നത്തെ പ്രളയരാത്രിയുടെ ഓര്‍മ്മകള്‍ നമ്മെ വിട്ട് പോകാതെയിരിക്കുമ്പോഴാണ് തലയുയര്‍ത്തി നില്‍ക്കുന്ന ആധുനീക പാമ്പന്‍ പാലത്തിന്റെ മഹത്വം നമുക്ക് തിരിച്ചറിയാന്‍ കഴിയുക. എല്ലാം നശിച്ചിടത്ത് നിന്നുമാണ് പുതിയ പാമ്പന്‍ പാലം ഉയരുന്നത്. മനുഷ്യരുടെ കരുത്തിന്റെ അടയാളമായി. ഇന്ത്യന്‍ മഹാസമുദ്രവും ബംഗാള്‍ ഉള്‍ക്കടലും മാന്നാര്‍ ഉള്‍ക്കടലും സംഗമിക്കുന്ന ധനുഷ്‌കോടിയെ തമിഴില്‍ അരിച്ചാല്‍ മുനൈ എന്ന് വിളിക്കുന്നു. ചരിത്രപരവും മിത്തിക്കലുമായ പ്രത്യേകതകള്‍ ഉള്ള ധനുഷ്‌കോടി ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരിടമാണ്. ഞങ്ങള്‍ രാമേശ്വരത്ത് ഭക്ഷണം കഴിച്ച ദാബയുടെ ഉടമസ്ഥനോട് വിടപറഞ്ഞപ്പോള്‍ ശരിക്കും വിഷമം തോന്നിപ്പോയി. വീണ്ടും കണ്ടിപ്പാ വരണമെന്നു പറഞ്ഞാണ് അയാള്‍ ഞങ്ങളെ യാത്രയാക്കിയത്. ലോകത്തെവിടെയും നല്ല മനുഷ്യര്‍ പെരുമാറുക ഒരുപോലെയാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.

മധുരയിലെക്കുള്ള യാത്രയില്‍ ഞങ്ങളുടെ ഒരു ബൈക്ക് ഓയില്‍ ചെയ്ഞ്ച് ചെയ്യാനുള്ള ലക്ഷണം കാണിച്ചപ്പോള്‍ യാത്രാമധ്യേ കണ്ട ഒരു ഷോറൂമില്‍ കാണിച്ചപ്പോള്‍, ഏതാണ്ട് കടയുടെ ഷട്ടറുകള്‍ ഇട്ട് തുടങ്ങിയെങ്കിലും യാതൊരു അനിഷ്ടവും കാണിക്കാതെ അവര്‍ വണ്ടിയുടെ ഓയില്‍ മാറ്റി വീണ്ടും ദീര്‍ഘ ദൂരം പോകാനുള്ള ശക്തി അതിന് കൊടുത്തു. തമിഴ്‌നാട്ടുകാരുടെ സ്‌നേഹം അടുത്തറിഞ്ഞ മറ്റൊരു സന്ദര്‍ഭമായിരുന്നു അത്. അന്ന് രാത്രിയോടെ ഞങ്ങള്‍ മധുരയില്‍ തിരിച്ചെത്തി. പിറ്റേന്ന് രാവിലെ ഞങ്ങള്‍ സമനാര്‍ മല കാണാന്‍ പോയി.

അതി പ്രാചീനമായ ഒരു ജൈനക്ഷേത്രം അവിടെയുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സംരക്ഷിത പൈതൃക സ്ഥലമായി പ്രഖ്യാപിച്ചിട്ടുള്ള ഇടമാണ് സമനാര്‍ മല.

അമനാര്‍ മല, മേല്‍ മല എന്നും ഈ സ്ഥലം തമിഴ്‌നാട്ടില്‍ അറിയപ്പെടുന്നു. മഹാവീരന്റെ കല്ലില്‍ക്കൊത്തിയ ഒരു പ്രതിമ ഇവിടുത്തെ വലിയ ആകര്‍ഷണമാണ്. സമനാര്‍ മല അത്ഭുതങ്ങള്‍ നിറച്ചുവെച്ച സ്ഥലമായിരുന്നു. വലിയ പാറക്കെട്ടും അവയ്ക്കിടയിലെ അമ്പലവും അതിലെ കൊത്തുപണികളും വലിയ കുളവും അതിലെ മീനുകളും ഒക്കെ നമ്മെ വല്ലാതെ ആകര്‍ഷിക്കും. പഴയ അമ്പലത്തിന്റെ അവശിഷ്ടങ്ങള്‍ നമ്മളെ ചരിത്രത്തിലൂടെ പുറകോട്ട് നയിക്കും. മഹാവീര പ്രതിമയിരിക്കുന്ന ഗുഹാക്ഷേത്രം നാശത്തിന്റെ വക്കില്‍ ആണെങ്കിലും അതില്‍ നിന്നും നമുക്ക് ലഭിക്കുന്ന പവിത്രതയ്ക്കും അത്മീയാനുഭവത്തിനും ഒട്ടും കുറവില്ല. ജൈന ഗുഹകളിലെ ചിത്രങ്ങളും കൊത്തുപണികളും ആരെയും ആകര്‍ഷിക്കുന്നവയാണ്. നമ്മുടെ ദശപുഷ്പമായ കൃഷ്ണകാന്തി സമനാര്‍ മലയില്‍ ധാരാളമുണ്ട് എന്നത് കൌതുകകാഴ്ചയായി. വളരെ നാളുകള്‍ക്ക് ശേഷമാണ് ഞങ്ങള്‍ക്ക് കൃഷ്‌കാന്തിച്ചെടി കാണാന്‍ കഴിഞ്ഞത്. പിന്നീട് ഞങ്ങള്‍ അളഗാര്‍ റിസര്‍വ് ഫോറസ്റ്റിനുള്ളിലെ അളഗാര്‍ കോവില്‍ കാണാന്‍ പോയി. കരിങ്കല്ലില്‍ കൊത്തിയെടുത്ത കൂറ്റന്‍ ഗോപുരമാണ് അളഗാര്‍ കോവിലിന്റെ ഏറ്റവും വലിയ പ്രത്യേകത. അളഗാര്‍ കോവില്‍ ദര്‍ശന ശേഷം ഞങ്ങള്‍ അരുള്‍ മിഗു അളഗാര്‍ കൂടല്‍ ക്ഷേത്രത്തിലേക്കാണ് പോയത്. നൂപുരഗംഗൈ പുണ്യതീര്‍ത്ഥം എന്ന പേരിലുള്ള ഒരുറവ ഈ ക്ഷേത്രത്തിനകത്തുണ്ട്. ഈ പുണ്യതീര്‍ത്ഥത്തില്‍ നിന്നും വെള്ളമെടുക്കാന്‍ വേണ്ടി വലിയ പാത്രങ്ങളുമായിട്ടാണ് അമ്പലത്തിലേക്ക് ഭക്തര്‍ വരുന്നതെന്നത് ഇവിടുത്തെ പ്രത്യേകതയാണ്.

അമ്പലദര്‍ശനവും കഴിഞ്ഞ് ഞങ്ങള്‍ തിരികെ കേരളത്തിലേക്ക് യാത്ര തുടങ്ങി. പഴനി വഴി വരാമെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് കമ്പം തേനി വഴി ബോഡിമേടും കടന്ന് കല്ലാര്‍കുട്ടി നേര്യമംഗലം കാടുകള്‍ വഴി മാമ്പ്രയില്‍ തിരിച്ചെത്തി. ബോഡിമേട്ട് വഴിയുള്ള കുത്തനെയുള്ള ഹെയര്‍പിന്‍ വളവുകള്‍ ഡ്രൈവര്‍മാരുടെ പേടിസ്വപ്നം തന്നെയാണ്. നീണ്ട 1600 കിലോമീറ്റര്‍ കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഒരല്‍പം ക്ഷീണം തോന്നിയെങ്കിലും ഞങ്ങള്‍ക്കൊപ്പം യാത്ര നടത്തിയ അപ്രീലിയാക്കിനും ആക്റ്റീവയ്ക്കും യാതൊരു ക്ഷീണമോ തളര്‍ച്ചയോ ഉണ്ടായിരുന്നില്ല. അടുത്തയാത്രയെന്നാണെന്ന് അവര്‍ ഞങ്ങളോട് ചോദിക്കുന്നപോലെയാണ് തോന്നിയത്.

ഓരോ യാത്രയും പുതിയ സ്ഥലങ്ങള്‍ കാണാനുള്ള അവസരമെന്നതു പോലെതന്നെ പുതിയ പുതിയ ആളുകളേയും അനുഭവങ്ങളെയും അറിയാനുള്ള അവസരമായിക്കൂടിയാണ് ഞങ്ങള്‍ കരുതുന്നത്. നീണ്ട ഈ യാത്രയില്‍ എല്ലായിടത്തും ഞങ്ങള്‍ക്കുണ്ടായത് നല്ല അനുഭവങ്ങള്‍ മാത്രമായിരുന്നു. ഞങ്ങള്‍ ചെന്ന എല്ലായിടത്തും നല്ല മനുഷ്യരുടെ സ്‌നേഹവും സഹായവും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. അത്തരം നല്ല മനുഷ്യരുടെ സാന്നിധ്യമാണ് അടുത്ത യാത്രയ്ക്കുള്ള ഞങ്ങളുടെ ഊര്‍ജ്ജം. ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും ജാതിക്കും മതത്തിനും ഒക്കെയപ്പുറം മനുഷ്യര്‍ക്ക് തമ്മില്‍ സ്‌നേഹത്തിന്റെ വലിയ കോട്ടകള്‍ കെട്ടാമെന്ന പാഠമാണ് ഈ യാത്രയില്‍ നിന്നും യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ക്ക് കിട്ടിയത്. അടുത്ത യാത്രയ്ക്ക് മുന്‍പുള്ള ഒരു ചെറിയ ഇടവേള. വലിയ യാത്രകള്‍ക്കായി ഞങ്ങളും ഞങ്ങളുടെ ബൈക്കും കാത്തിരിക്കുന്നു. ഓരോ യാത്രകളും നമ്മെ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യരാക്കുന്ന പരിശീലനകളരികള്‍ കൂടിയാണ്. ജീവിതമാകുന്ന യാത്രയുടെ അകത്തുള്ള ചെറിയ യാത്രകള്‍ കേവലം കാഴ്ചകള്‍ക്കുള്ളത് മാത്രമല്ല. യാത്രകള്‍ തിരിച്ചറിവിന്റെ വലിയ പാഠങ്ങള്‍ കൂടിയാണ്. നമുക്ക് ചുറ്റുമുള്ളവരെയും നമുക്ക് നമ്മളെത്തന്നെയും തിരിച്ചറിയാനുള്ള വഴികള്‍ കൂടിയാണ് നമ്മുടെ ഓരോ യാത്രയും. നമ്മള്‍ കടന്നുപോകുന്ന വഴികളില്‍ അടുത്ത വളവില്‍ എന്താണ് പ്രകൃതി ഒരുക്കിവെച്ചിട്ടുള്ളതെന്ന് നമുക്ക് അറിയാന്‍ കഴിയില്ല. ഓരോ യാത്രകളുടെയും ത്രില്‍ എന്ന് പറയുന്നത് അടുത്ത നിമിഷത്തില്‍ നമുക്കായി കാത്തുവെച്ചിട്ടുള്ള അനുഭവങ്ങളുടെ കലവറയാണ്.

No Comments yet!