
ദൃശ്യപ്രത്യക്ഷങ്ങളുടെ നദിയായിട്ടാണ് മനുഷ്യര്‍ക്ക് ലോകം മിക്കപ്പോഴും അനുഭവത്തില്‍ വരുന്നത്. ഇത്, ക്ഷണികം. പ്രത്യക്ഷം. പൊടുന്നനെയുള്ള ലോകത്തിന്റെ കാഴ്ചയെ മാത്രം സ്പര്‍ശിക്കുന്നത്. ‘പരോക്ഷ’മുണ്ട്. പുറം കണ്ണിനപ്പുറമുള്ളത് എന്ന ആശയം പരോക്ഷം എന്ന പദത്തിന്റെ മൂലത്തില്‍ തന്നെയുണ്ട്. ധിഷണാപരമോ ആത്മനിഷ്ഠമോ ആയ തിരിച്ചറിവുകളെ ഇതു സൂചിപ്പിക്കുന്നു. മനക്കണ്ണിന്റെ കാഴ്ച സാധാരണകാഴ്ചയുടെ തന്നെ ആന്തരികഘടനകളെ തിരിച്ചറിയുന്നതാണ്. ‘കണ്ണിന്നു കണ്ണ് മനമാകുന്ന കണ്ണ്’.
പുറംലോകം നമുക്ക് വിവരങ്ങള്‍ നല്‍കുന്നു. എന്നാല്‍ അര്‍ത്ഥം രൂപപ്പെടുന്നത് മനസ്സിന്റെ പണിശാലയിലാണ്.
അകക്കാഴ്ച പൊടുന്നനെ സ്വാഭാവികം സംഭവിക്കുന്നു. ഒരു കവിക്ക് ഒരു വരി കവിത യാദൃച്ഛികതയില്‍ പെട്ടെന്നു ജനിക്കുന്നതുപോലെ, ഒരു ശാസ്ത്രജ്ഞന് ഒരു സിദ്ധാന്തം യാദൃച്ഛികതയില്‍ പെട്ടെന്ന് സുവ്യക്തമാകുന്നതുപോലെ… എല്ലാവരിലും ഈ അനുഭവം ഏറിയും കുറഞ്ഞുമുണ്ട്. മനുഷ്യബോധത്തിന്റെ ആഴങ്ങളില്‍ ഒളിഞ്ഞിരിക്കുന്നവ അനുയോജ്യനിമിഷത്തില്‍ പൊട്ടി പുറത്തുവരുന്നു.
അന്തര്‍ദര്‍ശനമാണത്. ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ഉള്‍ക്കാഴ്ച കേവലം ഒരു വിവരസമാഹരണപ്രക്രിയ മാത്രമല്ല, വിവരങ്ങള്‍ അവയുടെ പങ്കു വഹിക്കുന്നുണ്ടാകാം. എന്നാല്‍, അത് മനസ്സിലെ പ്രതിനിധാനങ്ങള്‍ പുനര്‍ക്രമീകരിക്കപ്പെടുന്ന ആഴത്തിലുള്ള മാറ്റമാണ്. ഉള്‍ക്കാഴ്ചയില്‍, അതു സംഭവിക്കുന്നതിന് മുമ്പ് അബോധതലത്തില്‍ വിവരസംസ്‌കരണം നടക്കുകയും അതു പെട്ടെന്ന് ബോധത്തിലേക്ക് ഉയരുകയും ചെയ്യുന്നതായി കരുതപ്പെടുന്നു. ഇത് മനുഷ്യന്റെ അന്തര്‍ലോകത്തിന്റെ പ്രകാശാനുഭവമാണ്. അന്തര്‍ദര്‍ശനത്തിലൂടെ അറിയുന്നത് സാധാരണ അറിവല്ല. മറിച്ച്, ബോധത്തിന്റെ പുതിയ രൂപമാണ്. സാമൂഹികബന്ധങ്ങള്‍, നൈതികമൂല്യങ്ങള്‍, മാനസികാവസ്ഥകള്‍ എന്നിവയെ ദൃശ്യമായി കാണാന്‍ കഴിയില്ലെങ്കിലും അവയുടെ സാന്നിദ്ധ്യം മനുഷ്യാനുഭവത്തില്‍ നിര്‍ണ്ണായകമാണ്. ഉള്‍ക്കാഴ്ച ഈ അവ്യക്തഘടകങ്ങളെ തിരിച്ചറിയാനും അവയുടെ അര്‍ത്ഥത്തെ വിശകലനം ചെയ്യാനും സഹായിക്കുന്നു. ഇതിലൂടെ നാം കൂടുതല്‍ സമഗ്രമായ യാഥാര്‍ത്ഥ്യബോധം കൈവരിക്കുന്നു. എന്നാല്‍, എല്ലാ ഉള്‍ക്കാഴ്ചകളും എപ്പോഴും ധനാത്മകമെന്നു ധരിച്ചുകൂടാ. അത് പ്രത്യയശാസ്ത്രക്കാഴ്ചകള്‍ കൂടിയാണ്.

കണ്‍കാഴ്ചകളുടെ ഉത്സവത്തില്‍ ഏറെ മദിക്കാന്‍ തുടങ്ങുന്ന കാലത്താണ് അകക്കണ്ണിന്റെ കാഴ്ചയെ കുറിച്ചൊരു കഥ എംടി എഴുതുന്നത്. എം.ടിയുടെ ആഖ്യാനത്തിന് കാഴ്ച എന്ന് ശിര്‍ഷകം ലഭിക്കുന്നത്
വല്യമ്മയുടെ മനക്കാഴ്ചയില്‍ നിന്നാണെന്നു പറയുകയാവും കൂടുതല്‍ ഉചിതം. സുധക്കുട്ടിയുടെ മാറുന്ന ജീവിതദര്‍ശനം കഥയുടെ മുഖ്യപ്രമേയമാണെന്നും കഥയെ രൂപപ്പെടുത്തുന്നതില്‍ അതിനു വലിയ പങ്കുണ്ടെന്നതും ശരിയാണ്. എന്നാല്‍, അവളുടെ ജീവിതക്കാഴ്ചയ്ക്കുള്ള ഉറപ്പായി വല്യമ്മയുടെ
മനക്കാഴ്ച പ്രവര്‍ത്തിക്കുന്നുണ്ട്. കാഴ്ചയ്ക്കു കുറവുള്ള വൃദ്ധ തന്റെ മനസ്സിന്റെ തെളിച്ചത്തില്‍ യുവതിയുടെ ജീവിതം മനസ്സിലാക്കുന്നു. പുറത്തുള്ള ലോകം വല്യമ്മക്കു വ്യക്തമായി കാണാനാവില്ല. എന്നാല്‍ ഉള്ളിലെ സത്യങ്ങള്‍ അവര്‍ വ്യക്തമായി തിരിച്ചറിയുന്നു. സുധയുടെ ഉള്ളിലെ വ്യഥയും അവളുടെ സ്വയം കണ്ടെത്തലിലേക്കുള്ള നീക്കവും വലിയമ്മ മനസ്സിലാക്കുന്നു. സുധക്കുട്ടിക്ക് വല്യമ്മയുടെ വാക്കുകള്‍ ഊര്‍ജ്ജദായകമാണ്. വല്യമ്മയുടെ മനക്കാഴ്ച തന്റെ പൂര്‍വ്വകാലത്തെ ജീവിതക്കാഴ്ചകളില്‍ നിന്നും അവര്‍ ആര്‍ജ്ജിച്ചെടുത്തതാണ്. ഇത് സുധക്കുട്ടിയുടെ വല്യമ്മയുടെ മനക്കാഴ്ചയെ കുറിച്ചുള്ള കഥ മാത്രമാണോ? ഒരു സാമൂഹികലോകത്തിന്റെ കാഴ്ചയുടെ വിമര്‍ശനം കൂടിയാണത്.
സുധക്കുട്ടി തന്റെ വിവാഹബന്ധത്തില്‍ നിന്നും മോചിതയാകാന്‍ തീരുമാനിച്ചിരിക്കുന്നു. അസന്തുഷ്ടമായ ദാമ്പത്യജീവിതം ഒരു കാരണമാണ്. മറ്റൊരാളെ അവള്‍ കണ്ടെത്തിയിരിക്കുന്നു. ഗസലുകള്‍ പാടുന്ന ജനാര്‍ദ്ദനറാവു. പാട്ടിനോടുള്ള സുധയുടെ അഭിനിവേശങ്ങള്‍ അയാളിലേക്ക് അവളെ അടുപ്പിക്കുന്ന മറ്റൊരു കാരണമാണ്. ഇത് വിര്‍ജിനിയാ വൂള്‍ഫിന്റെ ‘തനിക്ക് സ്വന്തമായൊരു മുറി’ എന്ന ആശയത്തെ ഓര്‍മ്മിപ്പിക്കുന്നു. ഒരു സ്ത്രീക്ക് സ്വന്തം ഇടവും സ്വന്തം ശബ്ദവും വേണമെന്ന ആഗ്രഹം ഇവിടെ സുധയുടെ ജീവിതാനുഭവമാകുന്നു. സ്ത്രീ തന്റെ കാമനകളെ സത്യസന്ധമായി സ്വീകരിക്കാന്‍ തുടങ്ങുന്നു. തന്റെ ജീവിതവഴികള്‍ സ്വയം തിരഞ്ഞെടുക്കാന്‍ സ്ത്രീ തീരുമാനിക്കുമ്പോള്‍ സംഘര്‍ഷം ഉരുണ്ടുകുടുന്നു. വ്യക്തിസ്വാതന്ത്ര്യത്തിനും സമൂഹവിധിക്കും ഇടയിലാണ് കാതലായ സംഘര്‍ഷം. സ്വയം കണ്ടെത്തലിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള ഒരു സ്ത്രീയുടെ യാത്ര സമൂഹവിധികള്‍ക്ക് അസഹ്യമാണ്.
മദിരാശിയില്‍ നിന്നും അവള്‍ തിരിച്ചെത്തുന്നതിനും മുമ്പ് വിവാഹജീവിതത്തിന്റെ പരാജയവാര്‍ത്ത ഗ്രാമത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍, കുടുംബത്തെയും സുഹൃത്തുക്കളെയും നേരിടാന്‍ സുധക്കുട്ടി ധൈര്യപ്പെടണം. സുധയുടെ ബന്ധുക്കളും സുഹൃത്തുക്കളും – പ്രത്യേകിച്ച് അവളുടെ കുടുംബത്തിലെ സ്ത്രീകള്‍ – അവളെ വിമര്‍ശിക്കുന്നു. അവളുടെ തീരുമാനത്തെ അപമാനമായി കാണുന്നു. അവരുടെ കാഴ്ചയില്‍ വിവാഹമോചനം സ്ത്രീയുടെ പരാജയമാണ്. സുധ വന്നുവെന്നറിഞ്ഞ് അവളെ കാണാനെത്തുന്ന ശ്രീദേവിയമ്മയുടെയും അനുജത്തിയുടെയും വാക്കുകള്‍
”എന്തിനാ വളച്ച് കെട്ട്ണ്? പറയാണ്ടെ വയ്യ.
കേട്ടത് ശരിയാച്ചാല്‍ ഒക്കെ കുറച്ച് മോശാണേയ്”
”മോശാണ്. പക്ഷേ, നിവൃത്തിയില്ല”
”നാരായണന്‍കുട്ടി എഴുതിയതിലും കാര്യംണ്ട്.
കുടുംബക്കാര്‍ക്കൊക്കയും ഒരു നാണക്കേടാവും”
”അഞ്ചുകൊല്ലം ഒരുമിച്ച് കഴിഞ്ഞിട്ട്, വേണ്ടാന്ന് വെയ്ക്കണതൊക്കെ…”
”തെറ്റും കുറ്റൊക്കെ ഉണ്ടാവും. സഹിക്ക്വന്നെ.
കല്യാണംന്നു പറഞ്ഞാല്‍ അങ്ങനെയൊക്കെയാണ്. നിന്റെ അമ്മ എത്ര സഹിച്ചട്ക്ക്ണു?”
ഈ വിധിന്യായത്തിന്റെ ഭാരവും അതു സൃഷ്ടിക്കുന്ന സംഘര്‍ഷവും സുധയ്ക്കു താങ്ങേണ്ടി വരുന്നുണ്ട്. നായികയുടെ മാനസികയാത്രകള്‍ ഈ സമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കുന്നതാണ്.
സുധയ്ക്കു വേണ്ടത് വിവാഹമോചനം മാത്രമല്ല; അവള്‍ക്ക് തന്റേതായ ഇടം വേണം. വലിയമ്മ ആ
ഇടം മനസ്സില്‍ തുറന്നു കൊടുക്കുന്നയാളാണ്. ഒരു വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നത് സ്ത്രീയുടെ ജീവിതത്തിന്റെ അവസാനമല്ലെന്ന് അവര്‍ അറിയുന്നു. മറ്റുള്ളവര്‍ ഉപദേശം നല്‍കുമ്പോള്‍ വലിയമ്മ സുധയെ കേള്‍ക്കുന്നു. മറ്റുള്ളവര്‍ കുറ്റപ്പെടുത്തുമ്പോള്‍ അവര്‍ മനസ്സിലാക്കുന്നു. സുധയുടെ വേര്‍പിരിയല്‍ തീരുമാനം അവര്‍ അംഗീകരിക്കുന്നു. അത് സുധയ്ക്ക് ആത്മവിശ്വാസമേകുന്നു. വലിയമ്മയുടെ പിന്തുണ ഇവിടെ ഒരു തലമുറയുടെ അനുഭവം അടുത്ത തലമുറയ്ക്കു കൈമാറുന്നതു പോലെയും പുതുതലമുറയുടെ ധൈര്യമായി മാറുന്നതു പോലെയും തോന്നിക്കുന്നു.
വലിയമ്മയുമായുള്ള സുധക്കുട്ടിയുടെ സംഭാഷണം: വ്യത്യസ്ത തലമുറകളില്‍ നിന്നുള്ള രണ്ടു സ്ത്രീകള്‍ അവരുടെ ജീവിതം വീണ്ടെടുത്തതിനെ/വീണ്ടെടുക്കുന്നതിനെ കുറിച്ചു സംസാരിക്കുന്നതു
നാം വായിക്കുന്നു. അനുയോജ്യനല്ലാത്ത തന്റെ കമിതാവിനോടു പൊയ്‌ക്കൊള്ളാന്‍ പറഞ്ഞ് സ്വന്തം പങ്കാളിയെ തിരഞ്ഞെടുത്തത് എങ്ങനെയെന്നു വലിയമ്മ വിവരിക്കുമ്പോള്‍ സുധയ്ക്ക് തന്റെ അത്ഭുതം മറയ്ക്കാന്‍ കഴിയുന്നില്ല. പെണ്ണരശുനാടിനെ കുറിച്ചുള്ള സങ്കല്പനങ്ങളില്‍ നിന്നു കൊണ്ടായിരിക്കണം വലിയമ്മയെ പോലെ ഒരു കഥാപാത്രത്തെ എംടി സൃഷ്ടിച്ചെടുത്തത്. നായര്‍സ്ത്രീകള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യവും ലൈംഗികസ്വാതന്ത്ര്യവും ഉണ്ടായിരുന്ന ഒരു സാമൂഹികഘടനയുടെ അനുഭവങ്ങള്‍ അവരില്‍ ആരോപിക്കാന്‍ ഈ സങ്കല്‍പ്പനത്തിനു കഴിയും.
ഓര്‍മ്മയുടെ വെളിച്ചത്തില്‍ പ്രകാശിക്കുന്ന ഒരു മാതൃകാസ്ത്രീപ്രതീകമായി വലിയമ്മ വായനക്കാരന്റെ മനസ്സിലേക്കു പ്രവേശിക്കുന്നുണ്ടാകാം. കരുത്തുറ്റ, ആത്മാഭിമാനിയായ സ്ത്രീയുടെ ആദര്‍ശവല്‍ക്കൃത രൂപമാണിത്. എന്നാല്‍ ഈ ആദര്‍ശവല്‍ക്കരണം കേരളീയസ്ത്രീചരിത്രത്തിന്റെ സങ്കീര്‍ണ്ണ യാഥാര്‍ത്ഥ്യങ്ങള്‍ക്കു മങ്ങലേല്‍പ്പിക്കുന്നുണ്ടോ എന്ന ചോദ്യം വിമര്‍ശനാത്മകമായി ഉയര്‍ത്തപ്പെടണം.
”ഷാരത്തേക്കു പോകുമ്പോള്‍ പട്ടിന്റെ പാവാട ഉടുത്ത് ഞെളിഞ്ഞിട്ടു പോണോ?” എന്നു ചോദിക്കുന്നതും
ഇതേ വലിയമ്മ തന്നെ. ”കുട്ടികളല്ലേ വല്യമ്മേ?” എന്ന സുധക്കുട്ടിയുടെ ചോദ്യത്തിന് ” ഉം, ഉം, പ്രായത്തിലധികം പൊളപ്പ്ണ്ട്, പെണ്ണിന്. ഒക്കെ ഞാന്‍ കാണണംണ്ട്” സുധക്കുട്ടിയുടെ കാമനകളെ പിന്തുണയ്ക്കുന്നവള്‍ ഇവിടെ വീട്ടിലെ പെണ്‍കുട്ടിയുടെ കാമനാസഞ്ചാരങ്ങളെ തടയുന്നവളാണ്.
വലിയമ്മയുടെ ചിത്രണത്തെ പെണ്ണരശുനാട് എന്ന സങ്കല്‍പ്പനത്തിന്റെ സാംസ്‌കാരികാനുസ്മരണങ്ങളിലൂടെ കാണുന്നത് ഏറെ കാല്‍പ്പനികമായ ഒരു സാഹിത്യവായനയിലേക്കാണോ നയിക്കപ്പെടുകയെന്ന് സന്ദേഹിക്കാവുന്നതാണ്. കേരളത്തിലെ മാതൃകുടുംബപരമ്പരകളെയും പ്രതാപികളായ വലിയമ്മമാരെക്കുറിച്ചുള്ള പഴങ്കഥകളെയും സംബന്ധക്കാരനെ വേണ്ടെന്നു തോന്നിയാല്‍ പായ ചുരുട്ടി പുറത്തുവെക്കുന്ന സ്ത്രീകളുടെ ലൈംഗികസ്വാതന്ത്ര്യത്തെയും നായര്‍ സ്ത്രീകള്‍ക്കുണ്ടായിരുന്നുവെന്നു കരുതപ്പെടുന്ന സഞ്ചാരസ്വാതന്ത്ര്യത്തെയും ചൂണ്ടി ഈ സങ്കല്‍പ്പനത്തിനു ശക്തിയേറ്റപ്പെടാറുണ്ട്.
ഇത് ആ കാലത്തെ സ്ത്രീയുടെ സ്വയംനിര്‍ണ്ണയ ശേഷിയുടെ ചിഹ്നമായി അവതരിപ്പിക്കപ്പെടുന്നുമുണ്ട്.
ഈ സാംസ്‌കാരികസ്മരണകളുടെ പശ്ചാത്തലത്തില്‍ സുധയുടെ വലിയമ്മയെ പോലുള്ള കഥാപാത്രം രൂപംകൊള്ളുന്നത് സ്വാഭാവികമാണ്. എങ്കിലും, ഈ കഥാപാത്രചിത്രണം ചരിത്രസത്യത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നതല്ലെന്നു കാണണം.
ചരിത്രകാരിയായ ജെ. ദേവിക സൂചിപ്പിക്കുന്നതു പോലെ, മരുമക്കത്തായ വ്യവസ്ഥയില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ ചില ഘടകങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അതിനെ അടിസ്ഥാനമാക്കി കേരളത്തെ പൂര്‍ണ്ണമായും പെണ്ണരശുനാടായി വിശേഷിപ്പിക്കുന്നത് ചരിത്രത്തിന്റെ ലളിതവല്‍ക്കരണമാണ്. നായര്‍ തറവാട്ടിലെ സ്ത്രീകളും കാരണവന്മാരുടെ കല്ലേപിളര്‍ക്കുന്ന കല്‍പ്പനകള്‍ക്കു കീഴിലാണ് ജീവിച്ചത്. ഈ സാമൂഹികഘടന ജന്മഭേദവ്യവസ്ഥയുടെയും അധികാരത്തിന്റെ അസമത്വങ്ങളുടെയും ചുറ്റുപാടിലായിരുന്നു നിലനിന്നിരുന്നത്. ഇതോടൊപ്പം, സ്ത്രീകളുടെ അനുഭവം മരുമക്കത്തായ പിന്തുടര്‍ന്ന ജാതിസമൂഹങ്ങളിലേക്കു മാത്രം ചുരുങ്ങുന്നതല്ലല്ലോ എന്ന കാര്യം ദേവിക ഓര്‍മ്മിപ്പിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടു മുതല്‍ തന്നെ നായര്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന അധികാരങ്ങളും അവകാശങ്ങളും ക്ഷയിച്ചു തുടങ്ങുകയും പിന്നീട് മരുമക്കത്തായവ്യവസ്ഥ തന്നെ നിഷ്‌കാസിതമാകുകയും ചെയ്ത ചരിത്രസന്ദര്‍ഭം സമൂഹത്തിലെ സ്ത്രീകളുടെ നിലയെ സാകല്യത്തില്‍ പുനര്‍നിര്‍വ്വചിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നതുമാണ്.
ഇത്തരമൊരു ചരിത്രസന്ദര്‍ഭത്തില്‍, കഥയിലെ മറ്റു സ്ത്രീകഥാപാത്രങ്ങളെ ഏകപക്ഷീയമായി ഇകഴ്ത്തുന്നതിന്നായി ഉപയോഗിക്കുന്ന വലിയമ്മയുടെ പ്രതീകാത്മകമായ ആത്മശക്തി സംശയാസ്പദമാണ്. വലിയമ്മയുടെ ആദര്‍ശവല്‍ക്കരണത്തെ രണ്ടു വിധത്തില്‍ കാണുന്നതിനു പ്രേരിപ്പിക്കുന്നതാണിത്.
ഒരു വശത്ത്, അത് സ്ത്രീയുടെ കരുത്തിനെയും ആത്മാഭിമാനത്തെയും പഴയകാലത്തിന്റെ ഭാഷയില്‍ സംരക്ഷിക്കുന്ന സാഹിതീയപ്രവര്‍ത്തനമാണ്. മറുവശത്ത്, ഈ മഹത്ത്വവല്‍ക്കരണം സ്ത്രീകള്‍
നേരിട്ട സാമൂഹികനിയന്ത്രണങ്ങളെയും അധികാരനിഷേധങ്ങളെയും ദമിതമാക്കുന്ന ഒരു സാംസ്‌കാരികമൂടുപടവുമാണ്. നായര്‍സ്ത്രീയുടേതു മാത്രമായ ഒരു സുവര്‍ണ്ണകാലസങ്കല്‍പ്പനം ചരിത്രവിരുദ്ധമാണല്ലോ? സ്ത്രീയെ പുകഴ്ത്തുന്ന എല്ലാ ശ്രമങ്ങളും അവര്‍ക്ക് അനുകൂലമായി മാറണമെന്നില്ലെന്ന ദേവികയുടെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. മഹത്ത്വവല്‍ക്കരണം
പലപ്പോഴും യാഥാര്‍ത്ഥ്യത്തിലെ സംഘര്‍ഷങ്ങളെയും പീഡനങ്ങളെയും കാഴ്ചയില്‍ നിന്നും നീക്കം ചെയ്യാന്‍ ഇടയാക്കുന്നു. അതിനാല്‍, വലിയമ്മ എന്ന കഥാപാത്രത്തിന്റെ ഒരു അപനിര്‍മ്മാണവായന സാദ്ധ്യമാണ്. ഇവിടെ, അപനിര്‍മ്മാണമെന്നത് കഥാപാത്രത്തെ തള്ളിക്കളയലല്ല; മറിച്ച് അവളിലൂടെ നിര്‍മ്മിച്ചിരിക്കുന്ന മഹത്ത്വത്തിന് അടിത്തറയായി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരികസങ്കല്‍പ്പനങ്ങളെ വിവൃതമാക്കുകയാണ്.
വലിയമ്മയുടെ കരുത്ത് വ്യക്തിപരമായ ആത്മവിശ്വാസത്തിന്റെ ഫലമാണോ? അതോ, ഒരു പ്രത്യേക ജാതി-കുടുംബഘടന നല്‍കിയ പരിമിതാധികാരത്തിന്റെ രേഖീകരണമാണോ? ഈ ചോദ്യങ്ങള്‍ ഉയര്‍ന്നു വരേണ്ടതാണ്. വലിയമ്മയുടെ കാഴ്ച സൂധക്കുട്ടിയൊഴികെ കഥയിലെ ഏതെങ്കിലും സ്ത്രീകളുടെ കാഴ്ചയുമായി പൊതുവല്‍ക്കരിക്കുക അസാദ്ധ്യമാണെന്ന ശക്തമായ സൂചന കഥ നല്‍കുന്നുണ്ട്. അങ്ങനെയാകുമ്പോള്‍ പെണ്ണരശുനാടിനെ കുറിച്ചുള്ള തറവാടിത്തഘോഷണം വലിയമ്മയിലൂടെ പുനരുജ്ജീവിക്കപ്പെടുകയാണോ എന്ന സന്ദേഹം പ്രബലമാകുന്നു.
പെണ്ണരശുനാട് എന്ന സങ്കല്‍പ്പനം ഉണര്‍ത്തുന്ന പാരമ്പര്യത്തെ കുറിച്ചുള്ള അഭിമാനവും ചരിത്രത്തിന്റെ കഠിനയാഥാര്‍ത്ഥ്യവും തമ്മിലുള്ള സംഘര്‍ഷം തിരിച്ചറിയുന്ന വായനയാണ് കഥയിലെ വലിയമ്മയെ കൂടുതല്‍ ഗൗരവത്തോടെ മനസ്സിലാക്കാന്‍ സഹായിക്കുന്നത്. ‘കാഴ്ച’യിലെ വലിയമ്മ ഒരു സ്മൃതിസൗന്ദര്യത്തിന്റെ പ്രതീകമായിരിക്കുന്നു. ആ കഥാപാത്രത്തിന്റെ ആദര്‍ശവല്‍ക്കരണത്തിലൂടെ ആഖ്യാനത്തിനു സൗന്ദര്യവല്‍ക്കരണം സാദ്ധ്യമാക്കുന്ന കഥാകാരന്‍ സ്ത്രീചരിത്രത്തിന്റെ സങ്കീര്‍ണ്ണതകളെ ലളിതവല്‍ക്കരിക്കുന്നു. വലിയമ്മയുടെ ഏറിയ മനക്കാഴ്ചക്ക് പഴയകാലത്തെ കുറിച്ചുള്ള എഴുത്തുകാരന്റെ സുന്ദരമായ മനക്കാഴ്ചയും പുനരുജ്ജീവനവാദത്തിന്റെ ചിന്താദര്‍ശനവും കൂടി കാരണമായിട്ടുണ്ട്. കഥയുടെ ദൃശ്യപ്രത്യക്ഷത്തിന്നപ്പുറം ഈ പ്രത്യയശാസ്ത്രക്കാഴ്ചകള്‍ പ്രധാനമാണ്.
കുടുംബസ്മരണകളുടെയും ഗ്രാമീണ മാനസികഭൂമികകളുടെയും സൂക്ഷ്മമായ എഴുത്തില്‍ സവിശേഷമായി ഏര്‍പ്പെട്ട എഴുത്തുകാരനാണ് എം. ടി. വാസുദേവന്‍ നായര്‍. എങ്കിലും, സാമാന്യമായി ഒരു കഥാഖ്യാനത്തെ കഥാകാരന്റെ ജീവിതവുമായി ബന്ധപ്പെടുത്തുന്നതില്‍ ഏറെ അസ്വാഭാവികതകളുണ്ട്. അത് കൃതിക്കു പുറത്താണ്. വിമര്‍ശനത്തില്‍ മിക്കവാറും നിരോധിക്കപ്പെട്ട മേഖലയാണത്. എന്നാല്‍, എംടിയെ സംബന്ധിച്ചിടത്തോളം ഈ അസ്വാഭാവികതകളെ ഒഴിവാക്കിത്തരുന്ന അദ്ദേഹത്തിന്റെ തന്നെ ചില വാക്കുകളുണ്ട്. ”എന്റെ ചെറിയ അനുഭവമണ്ഡലത്തില്‍പ്പെട്ട സ്ത്രീപുരുഷന്മാരുടെ കഥകളാണ് എന്റെ സാഹിത്യത്തില്‍ ഭൂരിഭാഗവും. മറ്റൊരു നിലയ്ക്കു പറഞ്ഞാല്‍, എന്റെ തന്നെ കഥകള്‍”

എം.ജയരാജ് എഴുതിയ ‘എം ടി: മാതൃഭൂമിക്കാലം’ എന്ന പുസ്തകത്തില്‍ ഈ വാക്യങ്ങള്‍ വായിക്കാം.
തന്റെ കഥകള്‍ക്ക് ആത്മകഥാംശമുണ്ടെന്ന് കഥാകാരന്‍ തന്നെ സൂചിപ്പിക്കുന്ന വാക്കുകളാണിത്. എം ടി യുടെ ആദ്യഭാര്യയായിരുന്ന പ്രമീളാനായരെ കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ച ദീദി ദാമോദരന്‍
”എംടിയുടെ തിരക്കഥകളില്‍ എല്ലാ ഭാര്യാവേഷങ്ങള്‍ക്കും മാനസാന്തരം വരുമെ”ന്ന് എഴുതുന്നുണ്ട്. ദീദിയുടെ പുസ്തകത്തില്‍ എംടിയുടെ കഥകളോ നോവലുകളോ വലിയ വിശകലനങ്ങള്‍ക്കു വിധേയമാകുന്നില്ല.
ഇവിടെ, ‘കാഴ്ച’യെ വിശകലനവിധേയമാക്കുമ്പോള്‍ പ്രഭാകരന്‍ എന്ന കഥാപാത്രം എംടിയുടെ സദൃശരൂപമാണോയെന്നു സന്ദേഹിക്കാവുന്നതാണ്. ”നഗരത്തില്‍ റമ്മി കളിയും രണ്ടു ബിയറും കഴിഞ്ഞ് തിരിച്ചെത്തുന്ന” പ്രഭാകരനെ കുറിച്ചുള്ള ഒരു പരാമര്‍ശം കഥയിലുണ്ട്. ഈ കഥ ശ്യാമപ്രസാദ് ചലച്ചിത്രരൂപത്തിലേക്കു മാറ്റിയപ്പോള്‍ പ്രഭാകരന്‍ എന്ന കഥാപാത്രം മദ്യപാനിയും നിരുത്തരവാദപരമായി പെരുമാറുന്നയാളുമായി പ്രത്യക്ഷപ്പെടുന്നു. ‘കാഴ്ച’യിലെ സുധക്കുട്ടിക്ക് പ്രമീളാനായരോട് ചില സാദൃശ്യങ്ങള്‍ പറയാവുന്ന സന്ദര്‍ഭവുമാണിത്. ഒരുപക്ഷേ, തന്റെ ആദ്യഭാര്യയോട് നേരിട്ട് ഏറ്റുപറയാത്ത കുറ്റബോധത്തെ ഇതരരൂപങ്ങളില്‍ ആവിഷ്‌ക്കരിക്കുന്ന അബോധപ്രേരണകളെ ഈ കഥയില്‍ വായിക്കാം.







No Comments yet!