
പുരുഷാധികാരലോകത്ത് സ്ത്രീകള്‍ നേരിടുന്ന ബഹുതലത്തിലുള്ള പീഡാനുഭവങ്ങള്‍ പേര്‍ത്തും പേര്‍ത്തും എഴുതുന്നവയായി നമ്മുടെ കഥാകാരികളുടെ രചനകള്‍ മാറിത്തീര്‍ന്നിട്ട് കുറെ നാളുകളായി. തങ്ങളുടെ അനുഭവയാഥാര്‍ത്ഥ്യമെന്ന നിലയ്ക്കും സമൂഹം നേരിടുന്ന വലിയ ഒരു പ്രശ്‌നയാഥാര്‍ത്ഥ്യമെന്ന നിലയ്ക്കും പുരുഷാധികാരത്തിന്റെ വിമര്‍ശനങ്ങള്‍ കഥാസാഹിത്യത്തില്‍ രേഖപ്പെടുന്നതില്‍ അത്ഭുതമില്ല. അത് വളരെയേറെ ആവശ്യമാണുതാനും. എന്നാല്‍ കൃതഹസ്തരല്ലാത്ത എഴുത്താളുകളുടെ കൈകളില്‍ ക്ലീഷേകള്‍ മാത്രമായി ഈ രചനകള്‍ മാറിത്തീരുന്ന സ്ഥിതിയാണ് മിക്കപ്പോഴും കാണുന്നത്. ഉയര്‍ത്തുന്ന പ്രശ്‌നത്തോട് സഹൃദയരില്‍ വിമനസ്സു മാത്രം സൃഷ്ടിക്കുന്നതിലേക്ക് എത്തിപ്പെടുന്നതാണിത്. ഫെമിനിസത്തിന്റെ ചെലവില്‍ സാഹിത്യരചനയുടെ രഹസ്യസംഭാഷണങ്ങളെ വ്യാഖ്യാനിച്ചു രൂപഭംഗപ്പെടുത്തരുതെന്ന കെ.പി. അപ്പന്റെ അഭിപ്രായത്തിന് ഇത്തരം പ്രകരണങ്ങളില്‍ പ്രസക്തിയുണ്ടെന്നു തോന്നുന്നു. അപ്പന്റെ പുരുഷകലാസങ്കല്‍പ്പനത്തെ ഭേദിക്കാന്‍ ഉത്തമമായ സ്‌ത്രൈണകലാസങ്കല്‍പ്പനങ്ങളുണ്ടാകണമല്ലോ?
മാധവിക്കുട്ടിക്കും സാറാജോസഫിനും ശേഷം വന്ന എഴുത്തുകാരികളില്‍ എത്രപേര്‍ സ്‌ത്രൈണരചനകളില്‍ അത്ഭുതം സൃഷ്ടിച്ചുവെന്ന ചോദ്യത്തിന്റെ ഉത്തരം നിരാശാജനകമായിരിക്കുമെന്ന് എനിക്കു തോന്നുന്നു.
മീരയുടെയും സിത്താരയുടെയും ചില ആദ്യകാലകഥകള്‍ ഈ പ്രസ്താവത്തിന് അപവാദമായിരിക്കും. സാറയുടെ ഗംഭീരരചനകള്‍ സ്ത്രീകളുടെ എഴുത്തിന്റെ ഒരു കുത്തൊഴുക്കിനു പ്രേരകമായെങ്കിലും പുത്തന്‍കൂറ്റുകാരുടെ ആശയലോകത്തോടുള്ള പ്രതിജ്ഞാബദ്ധത ആഖ്യാനകലയിലും ലാവണ്യബോധത്തിലും ദൃശ്യമാകുന്നില്ല. സ്ത്രീരചനകളെ പെട്ടെന്ന് ആവേശിച്ച സത്താവാദത്തിന്റെ ഭൂതം സ്‌ത്രൈണതയെ നിര്‍ണ്ണയപരമായ ന്യായയുക്തിയുടെ അളവുദണ്ഡായി കാണാന്‍ തുടങ്ങുന്ന സ്ഥിതാവസ്ഥയെ സൃഷ്ടിക്കുകയും ചെയ്തു. നിര്‍ണ്ണയവാദം ആത്യന്തികമായി നാശകാരിയായിട്ടാണ് കലയില്‍ പ്രവര്‍ത്തിക്കുക! അത് തൊഴിലാളിവര്‍ഗ്ഗസാഹിത്യത്തിന്റെ പേരിലായാലും സ്ത്രീവാദസാഹിത്യത്തിന്റെ പേരിലായാലും.

പ്രമേയത്തെ ക്ലീഷേയായി പരിവര്‍ത്തിപ്പിക്കുന്ന ഈ നടപ്പുരീതിയില്‍ നിന്നും സത്താവാദത്തിന്റെയും നിര്‍ണ്ണയവാദത്തിന്റെയും ബന്ധനങ്ങളില്‍ നിന്നും മുക്തമായ ആഖ്യാനമാണ്, ആഷ് അഷിത രചിച്ച ‘മൈസൂരു മല്ലികെ’ എന്ന കഥ. ഈ കഥയുടെ പ്രാധാന്യവും അതാണ്. സ്ത്രീയെ ശരീരം മാത്രമായി കാണുന്ന പുരുഷാധിപത്യപ്രവണതകളും ആക്രമിക്കപ്പെടുന്ന സ്ത്രീയും തന്നെയാണ് അഷിതയുടെ രചനയ്ക്കു പ്രമേയമാകുന്നതെങ്കിലും ആഖ്യാനശൈലിയിലും പരിചരണത്തിലും ദര്‍ശനത്തിലും പുലര്‍ത്തുന്ന മികവ് ഈ കഥയെ വ്യത്യസ്തമാക്കുന്നു. എഴുത്തിന്റെ കലയില്‍ ഭാഷയും ശൈലിയും – ഓരോ വാക്കു തന്നെയും – എത്രമാത്രം പ്രധാനമാണെന്ന് ആഷ് അഷിതയ്ക്കറിയാം. അഷിതയുടെ കഥ വായിക്കുമ്പോള്‍, നാം വായനക്കാര്‍ കലയിലെ ഫെമിനിസത്തെ സ്‌നേഹത്തോടെയും സന്തോഷത്തോടെയും നോക്കും.

‘മൈസൂരു മല്ലികെ’ എന്ന കഥയിലെ മല്ലിക മൈസൂരുകാരിയല്ല. അവളുടെ അമ്മയും മൈസൂരുകാരിയല്ല. കഥയിലെ ആരെങ്കിലും മൈസൂരുകാരല്ല. കഥയ്ക്ക് ‘മൈസൂരുമല്ലികെ’ എന്ന പേരു കിട്ടുന്നത് ലൂക്ക് എന്ന പുരുഷകഥാപാത്രം ആ വാക്കിനെ കഥയിലേക്കു കൊണ്ടുവരുന്നതിലൂടെയാണ്. മംഗലാപുരത്തു പഠിച്ചിരുന്ന ഒരു മല്ലികയെ കുറിച്ചാണ് അയാള്‍ പറയുന്നത്. അവള്‍ തന്റെ ഇരട്ട സഹോദരനായ ലൂയിയുടെയും തന്റെയും കാമുകിയായിരുന്നുവെന്ന് ലൂക്ക് ആനുഷംഗികമായി പറയുന്നു. മൈസൂരുമല്ലികയുടെ ചില വീഡിയോ ക്ലിപ്പുകള്‍ ഒച്ചപ്പാടുണ്ടാക്കിയിരുന്നതായും ലൂക്കിന്റെ വര്‍ത്തമാനത്തിലുണ്ട്. മൈസൂരുമല്ലികയെ തന്നോടൊപ്പം യാത്രചെയ്യുന്ന മല്ലികയുമായി താരതമ്യം ചെയ്തുകൊണ്ട് അവര്‍ക്കിടയില്‍ സാമ്യമുണ്ടെന്ന് ലൂക്ക് പറയുന്നു. അയാളുടെ വര്‍ത്തമാനം രതിചേഷ്ടകള്‍ നിറഞ്ഞതാണ്. വാക്കുകള്‍ അശ്ലീലവും സ്ത്രീവിരുദ്ധതയും കലര്‍ന്ന ദ്വയാര്‍ത്ഥപ്രയോഗങ്ങളാല്‍ നിബിഡമാണ്. സ്ത്രീകളെ ശരീരം മാത്രമായി കാണുന്ന ലൂക്ക് രണ്ടു മല്ലികമാരേയും ലൈംഗികോപകരണങ്ങള്‍ മാത്രമായാണ് ഗണിക്കുന്നതെന്ന് ആര്‍ക്കും പെട്ടെന്നു ഗ്രഹിക്കാനാകും.

ലൂക്കും ലൂയിയും ഇരട്ടകളാണ്. പേരുകളുടെ ചരിത്രത്തില്‍ ഈ രണ്ടുപേരുകളും ഒന്നിനെ തന്നെ കുറിക്കുന്നതാണ്. ഒരേപോലെ തോന്നുന്ന ഈ കഥയിലെ സഹോദരന്മാരെയും തിരിച്ചറിയുക പ്രയാസമാണ്. എങ്കിലും ഇവര്‍ക്കിടയിലെ വ്യത്യാസം മല്ലിക കണ്ടെത്തുന്നതായി കഥയില്‍ എഴുതിയിരിക്കുന്നു. ലൂയിയുടെ സഹധര്‍മ്മിണിയായിരുന്ന മീനാക്ഷി ബാഗ്ചിയ്ക്കു കഴിയാത്ത തിരിച്ചറിയലാണിതെന്ന് നമുക്കു പിന്നീട് മനസ്സിലാകും. ലൂയിയുടെ തൊണ്ടയിലെ മുഴ ലൂക്കയ്ക്കില്ലെന്ന് മല്ലിക പറയുന്നു. അത്ഭുതത്തോടെയാണ് ലൂയി ഇതു കേള്‍ക്കുന്നത്.
മറ്റുള്ളവരാലും സ്വയം തന്നെയും എപ്പോഴും ലൂക്കയുടെ കീഴില്‍ മാത്രം പരിചരിക്കപ്പെട്ടിട്ടുള്ള അയാള്‍ക്ക് ആദ്യമായി സ്വയം ഐഡന്റിറ്റി ലഭിച്ചതായി തോന്നിയിട്ടുണ്ടാകണം!
തൊണ്ടയുടെ മുകളിലെ മുഴ ശ്വാസനാളത്തിന്റെ മുന്‍ഭാഗത്തെ മൂടുന്ന തരുണാസ്ഥിയാണ്. എല്ലാവര്‍ക്കും ഈ തരുണാസ്ഥി ഉണ്ടെങ്കിലും എല്ലായ്‌പ്പോഴും കാര്യമായി ദൃശ്യമാകണമെന്നില്ല. ഇതിനെ ആദമിന്റെ ആപ്പിള്‍ എന്നു വിളിക്കാറുണ്ട്. ഈ പദം ഉല്‍പ്പത്തിപുസ്തകത്തിലെ ആദമിന്റെയും ഹവ്വയുടെയും കഥയില്‍ നിന്നാണ് ഉത്ഭവിച്ചതെന്നു കരുതാം. ആദം വിലക്കപ്പെട്ട പഴം കഴിച്ചപ്പോള്‍ പഴത്തിന്റെ ഒരു കഷണം അവന്റെ തൊണ്ടയില്‍ കുടുങ്ങി ദൃശ്യമായ മുഴ സൃഷ്ടിച്ചു. അങ്ങനെ വിലക്കപ്പെട്ടതിനെ കുറിച്ചുള്ള അറിവു നല്‍കുന്ന പ്രതീകമാണ് ആദമിന്റെ ആപ്പിള്‍. ലൂയിയില്‍ കാണുന്ന ആദമിന്റെ ആപ്പിള്‍ അയാള്‍ക്ക് ലൈംഗികജീവിതത്തിലെയും സ്ത്രീ-പുരുഷബന്ധങ്ങളിലെയും ശരി-തെറ്റുകളെ കുറിച്ച് ചില ധാരണകളുണ്ടെന്നതിന്റെ തെളിവായി വായിക്കാവുന്നതാണ്. ലൂക്കിന് തൊണ്ടയിലെ മുഴ ദൃശ്യമല്ലെന്നത് അയാളുടെ അജ്ഞതയുടെയും പെരുമാറ്റസ്വഭാവങ്ങളുടെയും പ്രത്യക്ഷലക്ഷണമോ തെളിവോ ആയി കാണണം. ഇരട്ടകള്‍ ഇരുവര്‍ക്കുമിടയിലെ വ്യത്യാസം മല്ലിക മനസ്സിലാക്കുന്നുവെങ്കിലും അവള്‍ക്ക് ലൂക്കിന്റെ സ്വഭാവത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുന്നില്ല. കഥയിലെ ലൂക്കിന് ബൈബിള്‍ പുതിയനിയമമെഴുതിയ ലൂക്കുമായി എന്തെങ്കിലും സാമ്യം കണ്ടെത്തുക പ്രയാസകരമായിരിക്കും. ക്രിസ്തുദേവന്റെ അപ്പോസ്തലനായ പോളിന്റെ സഹചാരിയായിരുന്ന ലുക്ക് സ്ത്രീകളോടും വിധവകളോടും പ്രാന്തവല്‍കൃതരോടും അടുപ്പവും അനുതാപവും പ്രകടിപ്പിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ലുക്ക് എന്ന പേരില്‍ യേശുവിന്റെ പ്രബോധനങ്ങള്‍ എഴുതിയത് തെക്ല എന്ന സ്ത്രീയാണെന്ന് പറയുന്നവരുമുണ്ട്. അഷിതയുടെ കഥയിലെ സ്ത്രീലമ്പടനായ ലൂക്കിന് ഈ ചരിത്രങ്ങളുമായി സാമ്യസാദൃശ്യങ്ങള്‍ പറയാനേ കഴിയില്ല.

ഇവിടെ, നല്ലവഴി നടക്കുന്നവര്‍ക്ക് ഭൂമിയിലെ സ്വര്‍ഗ്ഗം കിട്ടില്ലെന്നുറപ്പുള്ള ലൂക്ക് വളഞ്ഞ വഴികള്‍ സ്വീകരിക്കുന്നവനാണ്. ലൂക്കിന്റെ ആദര്‍ശമാണിത്. അയാള്‍ വളഞ്ഞവഴിയെയാണ് ലൂയിയെയും മല്ലികയെയും താന്‍ ഡ്രൈവ് ചെയ്യുന്ന കാറില്‍ കൊണ്ടുപോകുന്നത്. പോകുന്നവഴിക്ക് അയാള്‍ ലൂയിയ്ക്കും മല്ലികയ്ക്കും ഭൂമിയിലെ സ്വര്‍ഗ്ഗക്കാഴ്ചകള്‍ കാണിച്ചു നല്‍കുന്നു. നൂറുകണക്കിനു രാജകീയ മയിലുകള്‍ നടന്നുവരുന്ന കാഴ്ച. മല്ലികയ്ക്ക് ആവേശം. മല്ലിക മയിലുകള്‍ക്കൊപ്പം നൃത്തമാടി. മയൂരനൃത്തം. ലൂക്ക് ഫോട്ടോയെടുത്തു. എന്നാല്‍, ‘കാണാന്‍ കൊള്ളാം എന്നേയുള്ളൂ. ഒരു കൃഷിയും സമ്മതിക്കില്ല’ എന്ന് മയിലുകളെ കുറിച്ചു ലൂക്ക പറയുന്ന വാക്യം മല്ലികയിലേക്കു നീണ്ടുചെല്ലുന്നതാണ്. അയാള്‍ മല്ലികയെ തന്റെ ഇരകളുടെ പട്ടികയില്‍ പെടുത്തിക്കഴിഞ്ഞു. മല്ലികയെ നോട്ടമിടുന്നത് ലൂക്ക് മാത്രമല്ല. മല്ലികയെ അവളുടെ അച്ഛനില്‍ നിന്നും രക്ഷിക്കാന്‍ അമ്മ കുഴലി വെപ്രാളപ്പെടുന്നതും നാം വായിക്കുന്നു. ഈ യാത്ര അതിന്റെ ബാക്കിയാണ്. ലൂക്കിന്റെ വിരുദ്ധസ്വഭാവമാണ് ലൂയിക്ക്. മല്ലികയോടൊത്തു നില്‍ക്കുന്ന നിമിഷങ്ങളില്‍ തന്റെ ശരീരവും മനസ്സും പാപപ്പെടുന്നതിലേക്ക് എത്തിപ്പെടുന്നുവോയെന്ന് അയാള്‍ സന്ദേഹിക്കുന്നു. അയാള്‍ നിരന്തരം തന്റെ മനസ്സിനെ ശാസിക്കുന്നുണ്ട്. മല്ലികയെ ജോലിയില്‍ നിന്നും ഒഴിവാക്കാന്‍ ലൂയി തീരുമാനിക്കുന്നതു തന്നെ തന്റെ ദൗര്‍ബ്ബല്യത്തില്‍ നിന്നും രക്ഷപ്പെടാനാണ്.
ലൂയിയും ലുക്കും – ഈ ഇരട്ടകള്‍ ലോകമെമ്പാടുമുള്ള പുരുഷന്മാരിലെ ഇരട്ടകളെ തന്നെ രേഖപ്പെടുത്തുന്നതു പോലെ നമുക്കനുഭവപ്പെടുന്നു. ഒരാള്‍ സഹായിയും വഴികാട്ടിയുമായി കൂടുമ്പോഴും തനിക്കു തെറ്റിപ്പോകുമോയെന്നു എപ്പോഴും ശങ്കിക്കുന്നവന്‍. അത് മല്ലികയുടെ ജീവിതത്തെ അക്രമിയില്‍ നിന്നും രക്ഷിക്കുന്നതിനു പ്രാപ്തമാകുന്നതല്ല. അടുത്തയാള്‍ പെണ്ണിനെ ഇരയായി കിട്ടുന്ന സന്ദര്‍ഭം പാര്‍ത്തിരിക്കുന്നവന്‍. സ്ത്രീകള്‍ക്കു മുന്നില്‍ ഈ ഇരട്ടവേഷങ്ങള്‍ എപ്പോഴുമുണ്ടായിരുന്നു. ഇതു രണ്ടും കുഴപ്പം പിടിച്ചവ തന്നെ. ഇരട്ടകളെ, ഇരുപക്ഷത്തേയും, അവലോകനം ചെയ്യുന്ന അഷിതയുടെ കഥ പുരുഷദൃഷ്ടി സ്ത്രീശരീരകേന്ദ്രിതമാണെന്ന വലിയ വിമര്‍ശമാണ് ഉയര്‍ത്തുന്നത്. സ്ത്രീയോടു നേര്‍സമീപനം സ്വീകരിക്കാന്‍ പുരുഷനു കഴിയുന്നില്ലെന്ന കഥാകാരിയുടെ ഖേദം ഈ കഥാപാത്രസൃഷ്ടികളില്‍ വായിക്കാം. ലൂയിയോട് കഥ സ്വീകരിക്കുന്ന മൃദുമനോഭാവം അശക്തനോടുള്ള അനുതാപത്താല്‍ സൃഷ്ടിക്കപ്പെടുന്നതാകണം. കഥാന്ത്യത്തിലെ ലൂയിയുടെ പ്രവൃത്തി പുരുഷന്‍ ധാര്‍മ്മികമായി ശക്തി നേടണമെന്ന കഥാകാരിയുടെ ആഗ്രഹചിന്തയുടെ പ്രതിഫലനവുമാകണം, ഇതരവ്യാഖ്യാനങ്ങള്‍ സാദ്ധ്യമാണെങ്കിലും.

ലൂയി തന്റെ ഇരട്ടയെ ഏറെ മനസ്സിലാക്കിയിട്ടുണ്ട്. ലൂക്കില്‍ നിന്നും തനിക്കുള്ള അനുഭവങ്ങള്‍ ലൂയിയുടെ മനസ്സില്‍ ഇടയ്ക്കിടെ പൊന്തിവരുന്നുണ്ട്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒരുമിച്ചു കിടന്നവന്‍ അവിടെയും പിന്നീട് പുറത്തും തന്നെ വള്ളികളില്‍ കുരുക്കിയിടുകയായിരുന്നുവെന്ന് ലൂയിക്കു തോന്നുന്നു. ലുക്കിനുള്ളത് ലൂക്കിന്, ലൂയിയ്ക്കുള്ളതും ലൂക്കിന്. ഇതായിരുന്നു ലൂക്കിന്റെ നിയമം. ഈ നിയമം കൊണ്ട് ലൂയിയുടെ മീനാക്ഷിയും ലൂക്കിനുള്ളതു തന്നെയെന്ന് അവന്‍ ഉറപ്പിക്കുന്നു.”ലൂയി, കൂടെയുണ്ടായിരുന്നത് നീ തന്നെയാണെന്നാണ് എനിക്കപ്പോള്‍ തോന്നിയത്” എന്നു മീനാക്ഷിക്കു പറയേണ്ടി വരുന്നുണ്ട്. തന്റെ കൂടെയുള്ളത് ഇരട്ടകളില്‍ ആരെന്ന് ലുക്ക് നല്‍കിയ വോഡ്ക്കയുടെ ലഹരിയില്‍ മീനാക്ഷിയ്ക്കു തെറ്റിപ്പോകുന്നു. പെണ്ണിനു പീഡനമാകുന്നത് പുരുഷനും പീഡനമാണെന്ന്, ലോകത്തിനു തന്നെയും പീഡനമാണെന്ന് ആഷ് അഷിതയുടെ കഥയുടെ ഉള്ളം മന്ത്രിക്കുന്നു.
മല്ലികയുടെ പെണ്‍പ്രകൃതത്തെ വിശദമായി ആവിഷ്‌കരിക്കുമ്പോഴും നമ്മുടെ ശ്രദ്ധ പുരുഷകഥാപാത്രങ്ങളുടെ; ലൂയിയുടെയും ലൂക്കിന്റെയും, സ്വഭാവാവിഷ്‌ക്കരണത്തിലേക്കാണ് തിരിയുന്നത്. അധികാരഭാവങ്ങള്‍ കൊണ്ട് മൂടിനില്‍ക്കുന്ന പുരുഷപ്രകൃതിയോടുള്ള വിമര്‍ശനമാണ് ഈ കഥയുടെ കാതലെന്നു പറയണം. എന്നാല്‍, വിമര്‍ശനത്തിന്റെ മൂര്‍ച്ച അവിടെ അവസാനിക്കുന്നതല്ല. ആണധികാരം ദൗര്‍ബ്ബല്യത്തിന്റെ പ്രകടനം കൂടിയാണെന്ന്, ഭീരുത്വം കൂടി അതിന്റെ വലിയ അടയാളമാണെന്ന് അഷിതയുടെ ആഖ്യാനം പറഞ്ഞുവയ്ക്കുന്നുണ്ട്. പ്രകൃതിയുടെ വിളികള്‍ക്ക് പെട്ടെന്നു കീഴ്‌പ്പെട്ടു പോകുന്ന പുരുഷപ്രകൃതിയെയും യാഥാര്‍ത്ഥ്യത്തെ നേരിടാനുള്ള കെല്‍പ്പില്ലായ്മകളെയും അതു വ്യംഗ്യമായി ദ്യോതിപ്പിക്കുന്നു. പുരുഷാധിപത്യവ്യവസ്ഥയുടെ സൃഷ്ടിക്ക് പുരുഷന്റെ ദൗര്‍ബ്ബല്യങ്ങള്‍ കുടിയും ഒരു വലിയ കാരണമാണ്. പ്രകൃതിയില്‍ തോറ്റുപോയവന്റെ വിജയിക്കാനും അനശ്വരനാകാനുമുളള കൊതി പുരുഷനില്‍ സമഭാവനയുടെ മൂലകങ്ങളെ നശിപ്പിക്കുകയും നീചമായ അധീശത്വബോധത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരു പിടക്കോഴി മുട്ടയിട്ട് കൊത്തി വിരിയിച്ച് പരിഹരിക്കുന്ന അനശ്വരതയുടെ പ്രശ്‌നം അധികാരം കൊണ്ട് പരിഹരിക്കാന്‍ പുരുഷന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നതായി മലയാളത്തിലെ ഒരു കവി കാണുന്നതിനെ ഇതോട് ചേര്‍ത്തുവയ്ക്കുക. ലൂക്കും ലൂയിയും പുരുഷസ്വഭാവത്തിലെ ദ്വൈതമായി, വിഭജിതാവസ്ഥകളായി, എങ്കിലും ഇരട്ടകളായി, ആഷ് അഷിതയുടെ കഥയില്‍ പ്രത്യക്ഷപ്പെടുന്നു.
മൈസൂരു മല്ലികെ (ചെറുകഥ)
രചന : ആഷ് അഷിത
മാതൃഭൂമി ആഴ്ചപ്പതിപ്പ് – 2025 ഫെബ്രുവരി
ചിത്രീകരണം : അരുണ നാരായണന്‍ ആലഞ്ചേരി







No Comments yet!