Skip to main content

കഥയുടെയും കാലത്തിന്റെയും സംഭ്രാന്തികളില്‍

കോവിലന്റെ കഥകളില്‍ വര്‍ഗ്ഗരാഷ്ട്രീയം നൂലോടി നില്‍ക്കുന്നത് ആര്‍ക്കും പെട്ടെന്നു തിരിച്ചറിയാന്‍ കഴിയുന്നതാണ്! കോവിലന്റെ ഭാഷാശൈലിയില്‍ തന്നെ ആ രാഷ്ട്രീയത്തെ കണ്ടെത്താനാകും. അടിസ്ഥാനജനവിഭാഗങ്ങളുടെ ജീവിതത്തെ എഴുതുന്നതിന് സവിശേഷം രൂപകല്‍പ്പന ചെയ്യപ്പെട്ട ശൈലിയാണത്. കഥ ഭാഷാശൈലി തന്നെ! എന്നാല്‍, നമ്മുടെ ഇടതുരാഷ്ട്രീയപ്രസ്ഥാനങ്ങള്‍ വര്‍ഗരാഷ്ട്രീയത്തിനു പുറത്തെ സവിശേഷപ്രശ്‌നങ്ങളെ കാണുന്നതിനുള്ള ശേഷി ആര്‍ജ്ജിക്കുന്നതിനു മുന്നേ തന്നെ ഈ എഴുത്തുകാരന്‍ തന്റെ ഉള്‍പ്രേരണ കൊണ്ട് ആ വഴിയെ സഞ്ചരിച്ചു തുടങ്ങുന്നതും കാണാം! തട്ടകങ്ങളില്‍ നിന്നും തോറ്റങ്ങളില്‍ നിന്നും ഉയര്‍ന്ന ശബ്ദങ്ങളില്‍ ദളിത്, പെണ്‍, അരികുജീവിതങ്ങള്‍ അഭൂതപൂര്‍വ്വമായ വ്യതിരിക്തതകളോടെ കേള്‍ക്കാന്‍ കഴിയുമായിരുന്നു. ‘വൃദ്ധന്‍’ വിശക്കുന്നവരുടെ കഥകള്‍ എഴുതി. ഭക്ഷണത്തിന്റെ രാഷ്ട്രീയം മലയാളത്തിലെ മറ്റാരുടെയും ആഖ്യാനങ്ങളില്‍ ഇത്രമേല്‍ ആത്മാര്‍ത്ഥമായി കടന്നുകയറിയില്ല! കോവിലന്‍ എഴുതിയ ‘ഗുരുദക്ഷിണ’ എന്ന കഥയില്‍ കഥാകാരന്റെ സാമാന്യമായ ഭാഷാശൈലിയെയാണ് നാം പരിചയപ്പെടുന്നതെങ്കിലും പ്രമേയത്തിന്റെയും ആശയത്തിന്റെയും തലത്തില്‍ അത് വളരെ വ്യത്യസ്തമായ ചില ലോകങ്ങളെ എത്തിപ്പിടിക്കുന്നു. ‘ഖസാക്കി’ലും മറ്റും ശ്രദ്ധേയമായി പ്രത്യക്ഷപ്പെട്ട പ്രാദേശികഭാഷാഭേദങ്ങള്‍ക്കു ശേഷവും മലയാളത്തിലെ സാഹിത്യത്തില്‍ തുടര്‍ന്ന ഭാഷാവരേണ്യതയെ കോവിലന്റെ ഈ കഥ ഒരു സവിശേഷരീതിയില്‍ ചികിത്സിക്കുന്നുണ്ടെന്നു പറയാം.

Ahead of his times, Kovilan was truly pan Indian

‘ഗുരുദക്ഷിണ’യുടെ വായന ചിലരെയെങ്കിലും പെട്ടെന്ന് വൈലോപ്പിള്ളിയുടെ ‘കുടിയൊഴിക്കലി’ലേക്കു കൂട്ടിക്കൊണ്ടു പോയിട്ടുണ്ടാകുമെന്നു തോന്നുന്നു.

‘കുടിയൊഴിക്കലി’നു ശേഷം അവര്‍ ഇരുവരും – അടിയാളനും എഴുത്തുകാരനും – നേരിയ വ്യത്യസ്തതയുള്ള വേഷങ്ങളില്‍ ഈ കഥയില്‍ വീണ്ടും കണ്ടുമുട്ടുന്നതായി തോന്നുന്നില്ലേ?

”ചെറ്റയാം വിടന്‍ ഞാനിനി മേലില്‍
കഷ്ടമെങ്ങനെ കണ്ണാടി നോക്കും?”

എന്ന ആത്മനിന്ദയിലും അപരാധബോധത്തിലും കവിയെ എത്തിച്ച സന്ദര്‍ഭങ്ങളായിരുന്നു ‘കുടിയൊഴിക്കലി’ല്‍ എഴുതപ്പെട്ടത്. പെരുമ ഭാവിച്ചു ചൊറിഞ്ഞിരിക്കുന്ന മദ്ധ്യവര്‍ഗ്ഗകവി തൊഴിലാളിയാല്‍ പരാജിതനായി, കാമുകിയാല്‍ അപമാനിതനായി തീര്‍ന്ന കഥ കേരളചരിത്രത്തിന്റെ പില്‍ക്കാലസഞ്ചാരത്തില്‍

”പക്ഷേ, മറ്റൊരു വിധമായിരുന്നെങ്കില്‍
മര്‍ത്ത്യലോകമഹിമ പുലര്‍ത്താന്‍
പറ്റിയ വിധമായിരുന്നെങ്കില്‍”

എന്നിങ്ങനെ സാധാരണനില പ്രാപിച്ചതിനു ശേഷമായിരിക്കണം, ശിവന്‍ എന്ന കല്ലുവെട്ടുതൊഴിലാളി ‘അപരാതം’ എന്ന തന്റെ നോവലുമായി കെട്ടജീവിതമെങ്കിലും ‘മറ്റൊരു കാവ്യജീവിതമുള്ള’ എഴുത്തുകാരന്റെ മുന്നിലെത്തുന്നത്.

ശിവന്‍ ഒരു നോവല്‍ എഴുതിയിരിക്കുന്നു. നോവല്‍ വായിക്കാനും അവതാരിക എഴുതാനും ഒരു എഴുത്തുകാരന്റെ കൈയില്‍ കൊടുക്കുന്നു. കുറെ നാളുകളായെങ്കിലും എഴുത്തുകാരന്‍ അതു വായിച്ചിട്ടില്ല. ശിവനോട് അതു പറയാന്‍ അയാള്‍ക്കു ഭയമുണ്ട് – ശിവന്‍ തന്നെ ആക്രമിക്കുമോയെന്ന ഭയം! ശിവനെ പേടിയോടെയാണ് എഴുത്തുകാരന്‍ സമീപിക്കുന്നത്. അയാള്‍ വായിക്കാതെ റാക്കില്‍ വച്ചിരുന്ന ബൗണ്ട് എടുത്തുകൊണ്ട് ശിവനോട് നോവലിന്റെ പേരു ചോദിക്കുന്നു. ബൗണ്ടിന്റെ ആദ്യതാളില്‍ എഴുതിയിരിക്കുന്ന പേര് – അപരാതം – ശിവനു കാണിച്ചുകൊടുക്കുന്നു.

”മുഖം കെട്ട് ശിവന്‍ പറഞ്ഞു:

അതെനിക്കു തെറ്റി.”

ഇപ്പോള്‍ തന്റെ പൂര്‍വ്വകാലജീവിതം ഓര്‍ത്തുകൊണ്ടാണ് എഴുത്തുകാരന്‍ സംസാരിക്കുന്നത്. ഒരു കല്‍പ്പണിക്കാരന്‍ എഴുതിയ നോവല്‍ ആദ്യം വായിക്കാനുള്ള അവസരം തനിക്കു കിട്ടിയെന്നത് ഒരു സൗഭാഗ്യമായി താന്‍ കരുതുമായിരുന്നുവെന്ന് എഴുത്തുകാരന്‍ ശിവനോട് പറയുന്നുണ്ട്. എന്നാല്‍, അപരാധത്തിലെ ‘ധ’ ധൈര്യത്തിലെ ‘ധ’ ആണെന്ന്, ‘ധന’ത്തിലെ ‘ധ’ ആണെന്ന് ശിവന് അറിഞ്ഞുകൂടല്ലോയെന്ന് അദ്ദേഹം ഖേദിക്കുന്നു. ‘റ’ അക്ഷരമല്ലെന്ന്, ഉപ്പുമാവ് പ്രതീക്ഷിച്ച് ബഞ്ചിന്നടിയില്‍ കമഴ്ന്നിരിക്കുന്ന മണ്‍ചട്ടിയാണെന്ന് മറ്റൊരു കഥയില്‍ കോവിലന്‍ എഴുതിയിട്ടുണ്ട്. ഈ കഥയിലാകട്ടെ, എഴുത്തുകാരന്റെ വാക്കുകള്‍ കേട്ട ശിവന്റെ നെറ്റി വിയര്‍ക്കുകയും മുഖം തുടുക്കുകയും മങ്ങുകയും ചെയ്യുന്നു. താന്‍ ശിവനാല്‍ ആക്രമിക്കപ്പെടുമെന്നാണ് എഴുത്തുകാരന്‍ കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല സംഭവിക്കുന്നത്. അക്ഷരങ്ങള്‍ ശരിയായി എഴുതണമെന്നു പറഞ്ഞ് അയാള്‍ ശിവന് നോവല്‍ തിരികെ നല്‍കുന്നു. അനുഭവങ്ങളില്ലാത്തവര്‍ അക്ഷരം ശീലിച്ചിട്ടില്ലാത്തതുകൊണ്ടാണ് നമുക്ക് നോവലുകളില്ലാത്തതെന്ന് പ്രാന്തവല്‍കൃതരോട് സഹഭാവം പ്രകടിപ്പിക്കുന്നവനായി എഴുത്തുകാരന്‍ മാറുന്നുമുണ്ട്. കോവിലന്‍ എഴുതിയ കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സമകാലത്ത് വലിയ പ്രശ്‌നീകരണങ്ങളിലേക്കു നയിച്ചേക്കാവുന്ന ഒരു കഥാഖ്യാനമാണിത്.

KALYANIYENNUM DAKSHAYANIYENNUM PERAYA RANDU STHREEKALUDE KATHA [ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്‌ത്രീകളുടെ കത ] [ Deluxe Edition ] : ...

‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ നോവലായി എഴുതപ്പെട്ടു കഴിഞ്ഞ ഒരു കാലപ്രകരണത്തിലാണ് നാം ഇപ്പോള്‍ കോവിലന്റെ ഈ കഥയെ വീണ്ടും വായിക്കുന്നത്. രാജശ്രീയുടെ നോവലിന്റെ ശീര്‍ഷകം കത എന്ന വാക്കിനെ സ്വീകരിക്കുന്നത് കഥ എന്ന വാക്കിനെ കുറിച്ചുള്ള അജ്ഞതയില്‍ നിന്നല്ല. കത എന്ന വാക്ക് രാഷ്ട്രീയമായ പ്രയോഗമാണെന്ന്, അത് നോവലിന്റെ ഉള്ളടക്കത്തിന്റെ പ്രകാശനത്തിലേക്കു ചൂണ്ടിനില്‍ക്കുന്നതാണെന്ന് ആ നോവല്‍ വായിച്ചിട്ടുള്ളവര്‍ക്കറിയാം. വാക്കിന്റെ, അക്ഷരവിന്യാസത്തിന്റെ ശുദ്ധകൃത്യതയെ രാഷ്ട്രീയമായ വായനക്കു കൂടി സഹായകമാകുന്ന രീതിയില്‍ നോവലിസ്റ്റ് തന്നെ തെറ്റിക്കുകയായിരുന്നു. നോവലില്‍ അതു സാദ്ധ്യമാണെന്നും സാദ്ധ്യമാകേണ്ടതുണ്ടെന്നും രാജശ്രീയുടെ നോവല്‍ പറയുന്നുണ്ടായിരുന്നു. തീര്‍ച്ചയായും, ഇത് കോവിലന്റെ കഥയിലെ ശിവന്‍ എന്ന നോവലിസ്റ്റിന്റെ ‘അപരാതം’ എന്ന ശീര്‍ഷകത്തിനുള്ള നേര്‍ന്യായീകരണമായി മാറിത്തീരുന്നില്ല! എന്നാല്‍, സാഹിതീയഭാഷയുടെ വിവിധമാനങ്ങളെയും സാദ്ധ്യതകളെയും കുറിച്ചുള്ള ചര്‍ച്ചയിലേക്കു നമ്മെ നയിക്കാന്‍ അതിനു കെല്‍പ്പുണ്ട്.

സാഹിത്യചരിത്രത്തില്‍ ശുദ്ധഭാഷ എന്ന ആശയം ഒരു സൗന്ദര്യശാസ്ത്രപരമായ മാനദണ്ഡമായി മാത്രം നിലനില്‍ക്കേണ്ടതില്ല എന്ന സമീപനത്തിലേക്ക് നാം എത്തിച്ചേര്‍ന്നിട്ടുണ്ട്. ഭാഷ ഒരു സാമൂഹിക-രാഷ്ട്രീയ ഘടനയുടെ ഭാഗമായി കൂടിയാണ് പ്രവര്‍ത്തിക്കുന്നത്.

അക്ഷരകൃത്യതയെ കുറിച്ചുള്ള മനോഭാവം ഭാഷാപരമായ ഒരു ശുചിത്വചിന്തയുടെ മാത്രം ഫലമല്ല. അതില്‍ വരേണ്യമൂല്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശരിയായ അക്ഷരവിന്യാസം, ശുദ്ധമായ ഭാഷ, ഉചിതമായ വ്യാകരണം – ഇവയെല്ലാം പലപ്പോഴും ഒരു വരേണ്യവര്‍ഗ്ഗത്തിന്റെ സാംസ്‌കാരികമൂല്യങ്ങളെ സാധാരണവത്കരിക്കുന്ന ഉപാധികളായിട്ടാണ് പ്രവര്‍ത്തിച്ചു വരുന്നത്. ‘ശരിയായ ഭാഷ’യുടെ നിര്‍വ്വചനം സാധാരണയായി വിദ്യാഭ്യാസവും സാംസ്‌കാരികമൂലധനവും കൈവശമുള്ളവരാണ് നിര്‍ണ്ണയിക്കുന്നത്. ഇതിലൂടെ, പ്രാന്തവല്‍കൃതരുടെ ഭാഷാപ്രയോഗങ്ങള്‍ തെറ്റുകളായി മാറ്റിനിര്‍ത്തപ്പെടുന്നു. അപരാധം എന്ന പദം അപരാതം ആകുന്നത്, ഒരു വ്യക്തിക്ക് വേണ്ടത്ര അക്ഷരജ്ഞാനം ഇല്ലാത്തതിന്റെ അടയാളം മാത്രമല്ല. ഒരു വിഭാഗം വിദ്യാഭ്യാസസംവിധാനത്തില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവു കൂടിയാണത്. അക്ഷരപ്പിഴകള്‍ ഇവിടെ വ്യക്തിപരമായ വീഴ്ചകള്‍ എന്നതിലുപരി സാമൂഹികമായ അസമത്വത്തിന്റെ ഭാഷാപരമായ രേഖകളായി തെളിയുന്നു. അക്ഷരകൃത്യത കേവലാടിസ്ഥാനമാക്കി സാഹിത്യത്തെ വിലയിരുത്തുന്നത് വരേണ്യമൂല്യങ്ങളെ സ്വാഭാവികമാക്കുന്ന ഒരു പ്രക്രിയയായി മാറ്റപ്പെടാം.

സമൂഹത്തിലെ ഭാഷാപരമായ അനുഭവങ്ങള്‍ വൈവിദ്ധ്യങ്ങള്‍ നിറഞ്ഞതാണ്. പൊതുവായ ‘സാദ്ധ്യമായ ഭാഷ’യെയോ മാനകഭാഷയെയോ നിര്‍ണ്ണയിക്കുന്നതില്‍ ഒരു അധികാരപ്രവര്‍ത്തനമുണ്ട്. പ്രാന്തവല്‍കൃതരുടെ അസംഘടിതവും വിച്ഛേദിതവുമായ അനുഭവങ്ങളെ അവരുടെ ഭാഷയില്‍ നിന്നും മാറ്റി ‘സാദ്ധ്യമായ സാഹിത്യഭാഷ’യിലേക്കു കൊണ്ടുവരുന്നത് അനുഭവങ്ങളുടെ സങ്കീര്‍ണ്ണത നഷ്ടപ്പെടുത്തിയേക്കാം. പ്രാദേശികവും പ്രാന്തവല്‍കൃതവുമായ ഭാഷകള്‍ ഉപേക്ഷിക്കപ്പെടുന്നതിന് ഇതു കാരണമാകും. ‘സാദ്ധ്യമായ ഭാഷ’യുടെ മാനദണ്ഡങ്ങള്‍ മിക്കവാറും മദ്ധ്യവര്‍ഗ്ഗത്തിന്റെ ഭാഷാപ്രയോഗങ്ങളാണല്ലോ? ശുദ്ധഭാഷയുടെ കണ്ണാടി എന്ന ആശയം ഭാഷയുടെ സുതാര്യതയിലൂടെ ഒരു സൗന്ദര്യാനുഭവം സൃഷ്ടിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍, പ്രാന്തവല്‍കൃതരുടെ സാഹിത്യം മങ്ങലുള്ള കണ്ണാടിയെപ്പോലെ പ്രവര്‍ത്തിക്കുന്നു – അത് സുതാര്യതയ്ക്കു പകരം സത്യസന്ധതയെയാണ് മുന്നില്‍ നിര്‍ത്തുന്നത്. ഈ മാറ്റം ഭാവുകത്വത്തെ പ്രശ്‌നഭരിതമാക്കുന്നതാണ്.

കഥയിലെ എഴുത്തുകാരന്‍ ശിവനെ പേടിക്കുന്നുണ്ട്. അയാള്‍ തന്നെ ആക്രമിക്കുമോ കത്തിയെടുത്തു കുത്തുമോയെന്ന് എഴുത്തുകാരന്‍ ഭയപ്പെടുന്നു. ‘കുടിയൊഴിക്കലി’ലെ കവിയുടെ ഭയം ഇപ്പോഴും തീര്‍ത്തും നീങ്ങിയിട്ടില്ല. ഇത് അയാളുടെ മദ്ധ്യവര്‍ഗ്ഗസങ്കോചത്തിന്റെ പ്രകടനം കൂടിയാണ്. എഴുത്തുകാരന്റെ പേടി അക്ഷരപ്പിഴകളോടുള്ള അസഹിഷ്ണുതയില്‍ നിന്നു മാത്രം ഉണ്ടാകുന്നതല്ല. സാമൂഹികമായി നീചാവസ്ഥയിലുള്ള ഒരാളുടെ ജീവിതസത്യങ്ങളെ നേരിടാനുള്ള അസ്വാസ്ഥ്യവും അതില്‍ പ്രകടമാണ്. തെറ്റുകള്‍ നിറഞ്ഞ, അക്ഷരങ്ങള്‍ വഴുതുന്ന, വ്യാകരണത്തിന്റെ ചട്ടക്കൂടുകളില്‍ ഒതുങ്ങാന്‍ വിസമ്മതിക്കുന്ന എഴുത്തിനോടുള്ള ഭയമാണത്. പ്രാന്തവല്‍കൃതരുടെ സാഹിത്യം മുഖ്യധാരയിലെ എഴുത്തുകാരന് അസ്വാസ്ഥ്യം സൃഷ്ടിക്കുന്നതാണ്. സാംസ്‌കാരികമൂലധനം കൈവശമുള്ള എഴുത്തുകാരന്‍ പ്രാന്തവല്‍കൃതരുടെ അനുഭവലോകത്തെ നേരിടുമ്പോള്‍ അസ്വസ്ഥനാകാം. കഥയിലെ എഴുത്തുകാരന്റെ ഭയത്തെ സാധൂകരിക്കുന്ന രീതിയിലല്ല ശിവന്‍ പെരുമാറുന്നതെന്ന കാര്യം എഴുത്തുകാരന്‍ അടിസ്ഥാനവര്‍ഗ്ഗത്തെ തെറ്റായി ഗ്രഹിച്ചിരിക്കുന്നു എന്ന സൂചനയുള്‍ക്കൊള്ളുന്നതാണ്. ഭാഷ, ഭാവുകത്വം, വര്‍ഗ്ഗബന്ധങ്ങള്‍ ഇവയുടെ ഒരു സംയുക്തപരിശോധന സാഹിത്യത്തിന്റെ ശുദ്ധസത്തയെ കുറിച്ചുള്ള സങ്കല്‍പ്പനങ്ങളെ ചോദ്യം ചെയ്യുന്നതാണ്.

വ്യത്യസ്തമായ ഭാഷയില്‍ എഴുതുകയെന്നത് വരേണ്യമൂല്യങ്ങളെ അട്ടിമറിക്കുന്ന പ്രവര്‍ത്തനം കൂടിയാണ്. പ്രാന്തവല്‍കൃതരുടെ ഭാഷ പലപ്പോഴും കാടുപോലെയാണ് – വൈവിദ്ധ്യങ്ങള്‍ നിറഞ്ഞത്. ഇവിടെ നിര്‍ബ്ബന്ധിതമായ മാനകഭാഷയും അക്ഷരകൃത്യതയും സൗന്ദര്യശാസ്ത്രത്തിന്റെ തലത്തിലല്ല, നിയന്ത്രിക്കാനുള്ള യന്ത്രമായാണ് പ്രവര്‍ത്തിക്കുക! അവരുടെ ജീവിതാനുഭവങ്ങള്‍ സാഹിത്യത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നതിലേക്ക് ഇത് നയിക്കപ്പെടുന്നു. പ്രാന്തവല്‍കൃതരുടെ സങ്കീര്‍ണ്ണവും തീവ്രവുമായ ജീവിതാനുഭവങ്ങളെ ‘ലഭ്യമായഭാഷ’യില്‍ അടയ്ക്കാന്‍ ശ്രമിക്കുന്നത് അവയുടെ തീവ്രതയെ നഷ്ടപ്പെടുത്തില്ലേ? ഭാഷയുടെ അതിലളിതവല്‍ക്കരണം ഭാവനയുടെയും അനുഭവങ്ങളുടെയും സങ്കീര്‍ണ്ണതയെ ചുരുക്കിക്കളയുന്ന പ്രവര്‍ത്തനത്തിനു സമാനമാണ്. ഇവരുടെ എഴുത്തില്‍ വരേണ്യത ചൂണ്ടിക്കാണിക്കുന്ന ‘പിഴവുകള്‍’ പലപ്പോഴും അവരുടെ അനുഭവത്തിന്റെയും ജീവിതത്തിന്റെയും തുടര്‍ച്ചയും അതിന്റെ ഭാഗവുമാണ്. ഇവയെ തിരുത്തേണ്ട പിഴവുകളെന്നതിലുപരി വായിക്കേണ്ട സൂചനകള്‍ എന്ന നിലയിലാണ് കാണേണ്ടത്. ജാനകിയുടെയും ദാക്ഷായണിയുടെയും കത ഒരു സൂചനയെന്ന നിലക്ക് ബോധപൂര്‍വ്വം എഴുതപ്പെട്ടതാണ്.

ശുദ്ധഭാഷയുടെ കണ്ണാടിയില്‍ നിന്നും മങ്ങലുള്ള സത്യസന്ധമായ കണ്ണാടിയിലേക്കുള്ള ഈ മാറ്റം ഭാവുകത്വത്തെ നശിപ്പിക്കുന്നില്ല. അതിന്റെ അടിസ്ഥാനത്തെ പുനഃക്രമീകരിക്കുന്നു. എന്നാല്‍, ഈ പുനഃക്രമീകരണം നിസ്സാരമല്ല – ഇത് പഴയ ഭാവുകത്വത്തെ പ്രശ്‌നഭരിതമാക്കുകയും അതിന്റെ സുഖപ്രദമായ ആവാസവ്യവസ്ഥയെ അലട്ടുകയും ചെയ്യുന്നു. എന്നാല്‍, ഇതോടൊപ്പം ഭാഷയിലെ ഭേദങ്ങളെ ആത്മസത്യത്തിന്റെ പേരില്‍ കാല്‍പ്പനികവല്‍ക്കരിക്കാനുള്ള സാദ്ധ്യതകളെ കാണാതിരിക്കരുത്. അക്ഷരപ്പിഴകളെ സൗന്ദര്യത്തിന്റെ മാനദണ്ഡമായി കാണുന്ന വിലക്ഷണതകളിലേക്ക് ഇതു നീങ്ങാം. എഴുത്തിന്റെ ഉത്തരവാദിത്തം, സ്പഷ്ടത, ആശയവിനിമയം ഇവയെ പിന്നിലാക്കാം. ഓട്ടോ റെനേ കാസ്റ്റിലോയുടെ ‘അരാഷ്ട്രീയ ബുദ്ധിജീവികള്‍’ എന്ന കവിതക്ക് മലയാളത്തില്‍ എഴുതപ്പെട്ട ചില വിവര്‍ത്തനങ്ങളെ കുറിച്ചു നടന്ന ചര്‍ച്ചകള്‍ ഇവിടെ ഓര്‍ക്കാവുന്നതാണ്. പ്രാദേശികഭാഷാഭേദങ്ങളെ മദ്ധ്യവര്‍ഗ്ഗത്തിന്റെ ചിരിക്കുളള വിഭവമാക്കി ചുരുക്കുന്ന പ്രവര്‍ത്തനമായി അതു മാറിത്തീര്‍ന്നിരുന്നു.

ശിവന്‍ ഒരു നോവല്‍ എഴുതിയിരിക്കുന്നുവെന്നത്, അവനില്‍ സര്‍ഗാത്മകപ്രവര്‍ത്തനത്തിനുള്ള ത്വരകളുണ്ടെന്നും ആത്മവിശ്വാസമുണ്ടെന്നും കാണിക്കുന്നതാണ്. നോവല്‍ വിറ്റു കിട്ടുന്ന പണം കൊണ്ട് വീടു പണിയണമെന്ന മോഹം സാഹിത്യത്തെ ഒരു ജീവിതോപാധിയായി കാണുന്ന അത്യാവശ്യബോധത്തെയെന്ന പോലെ മദ്ധ്യവര്‍ഗ്ഗകാമനകളെ കൂടി സൂചിപ്പിക്കുന്നു. വര്‍ഗ്ഗത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്തം എന്ന മുദ്രാവാക്യങ്ങളില്‍ നിന്നുമാറി കേരളത്തിലെ അടിസ്ഥാനവര്‍ഗ്ഗം മദ്ധ്യവര്‍ഗ്ഗത്തിന്റെ അഭിനിവേശങ്ങളിലേക്കു നയിക്കപ്പെട്ടു തുടങ്ങിയിരുന്ന കാലയളവിലാണ് ഈ കഥ എഴുതപ്പെട്ടതെന്നും ശ്രദ്ധിക്കണം.

”ശിവന്‍ വലത്തോട്ട് ചെരിഞ്ഞ്, മാടിക്കുത്തിയ ചുവന്ന പണിമുണ്ടു പൊക്കുന്നത് ഞാന്‍ കണ്ടു. ആക്രമണം തന്നെ എന്ന് തീരുമാനിച്ചു. ചുവന്ന പണിമുണ്ടിനടിയില്‍ ചോപ്പന്‍ കാലുറയുടെ പോക്കറ്റില്‍ ശിവന്‍ കൈ തിരുകി തപ്പി.
…….
നീട്ടിയ കൈകളില്‍ പുസ്തകം വച്ചു കൊടുത്തപ്പോള്‍ അവന്‍ പറഞ്ഞു:

”ഇതു വാങ്ങണം” ശിവന്റെ വിരലുകള്‍ക്കിടയില്‍ അഞ്ചിന്റെ മങ്ങിയ മുഷിഞ്ഞ നോട്ട് ജീവനാര്‍ന്നു പിടഞ്ഞു. എന്റെ തൊണ്ടയിടറി.

”എന്താണിത് ശിവന്‍”
ശിവന്‍ പറഞ്ഞു: ഗുരുദക്ഷിണ.

അങ്ങനെ എന്റെ ഉറക്കമുണര്‍ന്നു”

എഴുത്തുകാരന്റെ ഉണര്‍വ്വ് ശിവന്‍ വിവേകിയോ തിരിച്ചറിവുള്ളവനോ ആണെന്ന ബോധത്തിലേക്കുള്ള ഉണര്‍ച്ചയായിരിക്കണം! ശിവനും തന്റെ സാംസ്‌കാരിക പരിസരത്തിലാണെന്ന ബോദ്ധ്യത്തിലേക്കായിരിക്കണം
അയാള്‍ ഉണരുന്നത്. മഹാഭാരതത്തിലെ ഏകലവ്യനെ പോലെ ഗുരുദക്ഷിണ നല്‍കുന്ന ശിവന്‍ വരേണ്യതയുടെ സാംസ്‌കാരികമൂല്യങ്ങളിലേക്ക് സ്വയം സമര്‍പ്പിക്കുകയോ അതിനെ സ്വമേധയാ അംഗീകരിക്കുകയോ ചെയ്യുന്നുണ്ട്. ഉത്തമപുരുഷന്റെ ആഖ്യാനമായി പ്രത്യക്ഷപ്പെടുന്ന കഥയില്‍ സ്വയംവിമര്‍ശത്തിന്റെ മാനങ്ങളുമുണ്ട്. താന്‍ കൂടിയും വരേണ്യസമൂഹത്തിന്റെ വിശ്വാസങ്ങളില്‍ പെട്ടു കിടക്കുന്നുവെന്ന വിമര്‍ശമാണത്. കവി ‘നെഞ്ചുകീറി നേരിനെ കാട്ടു’ന്നു. എല്ലാം പഴയപടി തുടരുന്നുവെന്നോ മിക്കവാറും അതിലേറെ ജീര്‍ണ്ണിച്ചിരിക്കുന്നുവെന്നോ കൂടി പറയണം. പ്രശ്‌നീകരണങ്ങളില്‍ നിന്നും ആര്‍ജ്ജിച്ച മൂല്യങ്ങള്‍ എപ്പോഴാണ് സാക്ഷാത്കരിക്കപ്പെടുക?

No Comments yet!

Your Email address will not be published.