ഇന്നലെ മറിമായം എന്ന ഒരു സീരീസിന്റെ ഒരു എപ്പിസോഡ് കണ്ടു. ഈ സീരീസ് ഇതുവരെ കണ്ടിട്ടില്ലായിരുന്നു. വ്ലോഗ് ചെയ്ത് പ്രശസ്തരാകുന്നവരെ സറ്റയറിക്കൽ ആയി ട്രോൾ ചെയ്യുന്നു എന്നു ഭാവിക്കുന്ന ഒരു എപ്പിസോഡ് ആയിരുന്നു അത്. ആദ്യം തന്നെ പറയട്ടെ, അത്രക്കും ജുഗുപ്സാവഹമായ ബോറൻ എപ്പിസോഡ് ആയിട്ടാണ് എനിക്ക് അത് തോന്നിയത്.
ഇതിലെ തീം ഇങ്ങനെ ആണ്: ഒരു പണിയും ഇല്ലാതെ ബീഡിയും വലിച്ച് വായും നോക്കി നടക്കുന്ന ഒരു മനുഷ്യൻ. അയാൾ ഒരു മദ്യപാനത്തിനിടെ ഒരാളുമായി അടിപിടി ഉണ്ടാക്കുന്നു. അതിന് ശേഷം അയാൾക്കെതിരെ ഒരു ലൈവ് ഇടുന്നു. അതോടുകൂടി അയാൾ വൈറലാകുന്നു. അതിന് ശേഷം മറ്റൊരു കഥാപാത്രം നാട്ടിൽ എല്ലാ കൊള്ളരുതായ്മകളും ചെയ്ത് നടക്കുന്നവർ ചെയ്യുന്ന പരിപാടിയാണ് വ്‌ളോഗിംഗ്, വൈറലാകുക, റീൽസ് ചെയ്യുക എന്ന രീതിയിലേക്ക് പറഞ്ഞു കൊണ്ട് ഒരു നിലപാടിലേക്ക് ഈ പരിപാടി എത്തിച്ചേരുന്നു. എന്തൊരു റിഡക്ടീവ് ആയ കൺസ്ട്രക്ഷൻ ആണ് അത്.
മദ്യപിക്കുന്നവരും ബീഡി വലിക്കുന്നവരും ഇവിടെ വ്ലോഗ് ചെയ്താല് എന്താണ് കുഴപ്പം? കേരളം എന്ന പുരോഗമന സമൂഹത്തിന്റെ മോറൽ പാനീക് സ്വഭാവങ്ങൾ ഇങ്ങനെ ഒക്കെ ആണ് പുറത്തു വരിക.
നോക്കൂ, പുതിയ തലമുറയിലെ അതി സാധാരണക്കാരായ മനുഷ്യർ മൊബൈൽ ഫോൺ ക്യാമറകൾ പോലുള്ള ഡിജിറ്റൽ മീഡിയകൾ കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെട്ടതോടുകൂടെയാണ് പലവിധങ്ങളായ വീഡിയോ കണ്ടന്റുകളുമായി കേരളത്തിന്റെ പൊതുലോകത്തിലേക്ക് ഇരച്ചു കയറുന്നത്. വ്യവസ്ഥാപിതമായ മീഡിയ അധികാരങ്ങൾ തകർന്നുവീഴുന്ന ഒരു ഘട്ടം കൂടെ ആണ് അത്. അതിൽ കൂലിപ്പണിക്കാർ, ബസ് ഡ്രൈവർമാർ, കോളനിയിൽ ജീവിക്കുന്നവർ, ഒറ്റമുറിയിൽ ജീവിക്കുന്നവർ, ദളിതർ, ലൈംഗിക ന്യൂനപക്ഷങ്ങൾ, അപര സമൂഹങ്ങൾ എന്നിവ ഉൾപ്പെടെ പലവിധങ്ങളായ സമൂഹങ്ങൾ മെയിൻസ്ട്രീമിലേക്ക് ഇരച്ചു കയറിയിട്ടുണ്ട്. ഇത് സബാൽറ്റേൺ വീസിബിലിറ്റിയുടെ പുതിയ രൂപം ആണ്.
ഇവരൊക്കെ തന്നെ പാരഡി, സ്പൂഫ്, ഡബ്മാഷ്, ഷോർട്സ്, റീലുകൾ, മിമിക്രി പരേഡുകളുടെ പുതിയ പതിപ്പുകൾ, കോമഡികൾ, സാറ്റയറുകൾ തുടങ്ങിയ പലതരം പരിപാടികളിലൂടെ വ്യവസ്ഥാപിതമായ വിഷ്വൽ, അതുപോലെ ലിറ്ററേച്ചർ എസ്തറ്റിക്സിനെ അട്ടിമറിച്ചിട്ടുണ്ട്. സിനിമ ടെലിവിഷൻ കൾച്ചറുകളെ പരിവർത്തനപ്പെടുത്തിയിട്ടുണ്ട്. ഒരു തരത്തിലുള്ള കൌണ്ടർ കൾച്ചറൽ പ്രൊഡക്ഷൻസ്. മലയാളത്തിൽ ഏറ്റവും കൂടുതൽ റീച്ചുള്ള ‘കെ എൽ ബ്രോ’ എന്ന് പറയുന്ന ഒരു യൂട്യൂബ് ചാനലിലെ ബിജു എന്ന കണ്ണൂര്കാരനായ മനുഷ്യൻ ഒരു കൂലിപ്പണിക്കാരനും ബസ് ഡ്രൈവറുമായിരുന്നു—അയാൾ ഡിജിറ്റൽ മോബിലൈസിങ് നടത്തിയ പ്രൊസസിങ് ഗംഭീരമാണ്. കോടിക്കണക്കിനാണ് അയാളുടെ വരുമാനം.
വാഴ എന്ന സിനിമയിലെ ഹാഷിറിന്റെയും ടീമിന്റെയും റീലിനെക്കുറിച്ച് ഒരു വിലയിരുത്തൽ ഞാൻ ഇവിടെ കണ്ടിരുന്നു. അവർ എസ്റ്റാബ്ലിഷ്ഡ് ആയ ഒരു ഫോർമാറ്റിൽ ആയിരുന്നില്ല അവരുടെ റീലുകൾ പ്രൊഡ്യൂസ് ചെയ്തത്. അത് ഒട്ടും ആകർഷകവുമായിരുന്നില്ല. പക്ഷേ അവർ അതിൽ നിലനിന്നതോടുകൂടി പുതിയ ഒരു എസ്തറ്റിക്സ് സൃഷ്ടിക്കുകയും അവർ റീലുകളുടെ സ്റ്റാറുകൾ ആവുകയും ചെയ്തു. ഈസ്തെറ്റിക്സിന്റെ നില നിലക്കുന്ന ആധികാരീകതകളെ മുഴുവൻ അവർ അട്ടിമറിച്ച് പുതിയ ഒരു പോപ്പുലർ കൾച്ചർ തന്നെ അവർ സൃഷ്ടിച്ചു.
ഇത്തരം ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, നിലനിൽക്കുന്ന മൂത്താപ്പമാരുടെ സവർണ്ണ സിനിമ വിഷ്വൽ ആൻഡ് ലിറ്ററേച്ചർ എസ്തറ്റിക്സിനെ അപരരായ മനുഷ്യർ എടുത്ത് തോട്ടിൽ കളയുക മാത്രമല്ല, അതിലൂടെ പണക്കാരായി പുതിയ ഒരു തൊഴിൽ-സാമ്പത്തിക മേഖല ആയി അതിനെ പരുവപ്പെടുത്തുകയും ചെയ്തു. പലരും കോടീശ്വരന്മാരായി മാറുകയും ചെയ്തു. അവർ വേറെ തരത്തിലുള്ള ഒരു ഇക്കണോമിക് പ്ലാറ്റ്ഫോം സൃഷ്ടിച്ചു. അവിടെയാണ് ചില പഴയ ഊളങ്ങളും ഉണ്ണാക്കന്മാരും ചാരുകസേരയിൽ ഇരുന്നു ഒന്നിനും കൊള്ളാത്തവർ ചെയ്യുന്നതാണ് വ്‌ളോഗിംഗ്, റീലുകൾ എന്ന രീതിയിൽ കീഴ്ശ്വാസം വിടുന്നത്. അവരുടെ ഈ ഉൽകണ്ഠ കണ്ടാൽ സഹതാപം തോന്നും. മറിമായത്തിന്റെ ഈ ഒരു എപ്പിസോഡ് അതാണ് ചെയ്യുന്നത്.
ഇതിന്റെ ഒരു സവർണ്ണ സാമൂഹിക മനഃശാസ്ത്രമാണ് രസം. ഇത്തരം ടീമുകൾ കരുതിവെച്ചിരിക്കുന്നത്, തങ്ങൾ സാഹിത്യത്തിനും സിനിമക്കും വിഷ്വലിറ്റിക്കും സമൂഹത്തിനും ഒരു നിലവാരം നിർണയിച്ചിട്ടുണ്ടെന്നും അത് വളരെ നിലവാരമുള്ള ശുദ്ധിയിൽ നിലനിൽക്കുന്നതാണ് എന്നതുമാണ്. ഈ ‘ശുദ്ധിയുടെ’ ഡിസ്‌കോഴ്‌സിലേക്ക് സാധാരണക്കാർ, ദളിതർ, കൂലിപ്പണിക്കാർ, ന്യൂനപക്ഷങ്ങൾ, അപര സമൂഹങ്ങൾ തുടങ്ങിയവർ വന്നു അശുദ്ധമാക്കുന്നു എന്ന സവർണ്ണ വാദമാണ് അത്. ഇത് ജാതി വംശീയതയുടെ പുറം തള്ളൽ ലോജിക്ക് കൂടെ ആണ്. അത് ഹിറ്റ്ലർ പണ്ട് ജൂതർക്കെതിരെ പ്രയോഗിച്ച ശുദ്ധ വംശീയ വാദവുമായി പോലും ബന്ധപ്പെട്ട് നിൽക്കും.
സത്യം പറഞ്ഞാൽ, മറിമായം എന്ന ഈ എപ്പിസോഡ് കണ്ടപ്പോൾ കേരളത്തിലെ ഒരു ചാനലിലെ സാറ്റയറിക്കൽ പ്രോഗ്രാമിന്റെ നിലവാരം ഇത്രയും ദാരിദ്യമാണോ എന്നൊക്കെ തോന്നിപ്പോയി. ജീവിതത്തിൽ ആദ്യമായും അവസാനമായും കണ്ട ഒരു മറിമായം പരിപാടിയാണ് അത്. എന്തൊരു ചപ്പടാച്ചി എപ്പിസോഡ് ആണ് അത്.
ക്യാമറയുടെ വ്യാപനത്തിലൂടെ, മൊബൈൽ ക്യാമറയുടെ വ്യാപനത്തിലൂടെ, ഡിജിറ്റൽ ലിറ്ററസിയിലൂടെ, സാമൂഹിക മാധ്യമങ്ങളിലൂടെ കേരളത്തിന്റെ ‘ശുദ്ധിയുടെ’, ‘സാഹിത്യ തമ്പുരാക്കന്മാരുടെ’ സിനിമയിലെ ‘ക്ലാസിക്കൽ തള്ളുകളെയും’, ‘കൾട്ട്കളെയും’ ഒക്കെ ഒ പോസ്റ്റ്-ഡിജിറ്റൽ തലമുറകൾ നന്നായി എടുത്തിട്ട് അലക്കി മാറ്റിയിട്ടുണ്ട്. . ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ, ഫോട്ടോ പോസ്റ്റിംഗിലൂടെ, റീലുകളിലൂടെ, ഇൻസ്റ്റാഗ്രാമിലൂടെ ഒരു ഡിജിറ്റൽ പോസ്റ്റ്-ഹ്യൂമൻ എസ്തറ്റിക്സിലേക്ക് കടന്നുകൊണ്ട് അതിനെ അട്ടിമറിച്ചിട്ടുണ്ട്—പുതിയ ഒരു മീഡിയ എക്കോളജിയിലേക്ക് അവർ വളർന്നിട്ടുമുണ്ട്.
അതിനെ താങ്ങാൻ കഴിയാത്ത സവർണ്ണ വംശീയതയുടെ മൂത്താപ്പമാർ ആ ചാരുകസേരയിൽ ഇരുന്നു “അയ്യോ കേരളം തകർന്നു, ഇവിടെ ‘മറിമായം’ ആണേ” എന്ന് നിലവിളിക്കും. ശുദ്ധ വിവരക്കേടും തമ്പുരാൻ ലോജിക്കും വംശീയതയുമാണ് ഇമ്മാതിരി മറിമായം നിലവിളികൾ. ചിരിക്കാതെ എന്താ ചെയ്യുക!


No Comments yet!