Skip to main content

ജോണ്‍ കോണ്‍സ്റ്റബിളിന്റെ ‘The Hay Wain’

പ്രകൃതിദൃശ്യ ചിത്രരചനയിൽ ബ്രിട്ടീഷുകാർക്ക് സജീവമായ ഒരു പാരമ്പര്യമുണ്ട്. ഏതാണ്ട് പതിനേഴാം നൂറ്റാണ്ടു മുതൽക്കുതന്നെ ജലച്ചായത്തിലും എണ്ണച്ചായത്തിലും പ്രകൃതിദൃശ്യങ്ങൾ വരയ്ക്കുന്ന ധാരാളം ചിത്രകാരന്മാർ ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പ്രതിഭാശാലിയും പ്രശസ്തനുമായ ഒരാളാണ് 1776 -ൽ ജനിച്ച ജോൺ കോൺസ്റ്റബിൾ.

ഇംഗ്ലണ്ടിലെ സഫോക്ക് (Suffolk) പ്രദേശത്ത് ധനികനായ ഒരു ഭൂവുടമയുടെ മകനായി ജനിച്ച കോൺസ്റ്റബിൾ ബാല്യത്തിൽത്തന്നെ ചിത്രരചനയിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. പത്തൊൻപതാമത്തെ വയസ്സിൽ ഫ്രഞ്ച് ചിത്രകാരനായ ക്ലോഡ് ലൊറൈന്റെ (Claude Lorrain) ഒരു പ്രകൃതിദൃശ്യം കാണാനിടയായത് കോൺസ്റ്റബിളിനെ ആഴത്തിൽ സ്വാധീനിച്ചു. ചിത്രകല തന്റെ വഴിയായി തിരഞ്ഞെടുക്കാൻ കോൺസ്റ്റബിളിനെ പ്രേരിപ്പിച്ച ഒരു കാര്യമായിട്ടുപോലും അത് പറയപ്പെടുന്നുണ്ട്.

ഇരുപത്തിമൂന്നാം വയസ്സിൽ കോൺസ്റ്റബിൾ ചിത്രകല പഠിക്കാനായി ലണ്ടനിലെ റോയൽ അക്കാഡമി സ്കൂളിൽ ഒരു വിദ്യാർഥിയായി ചേർന്നു. അവിടെ സുപ്രസിദ്ധ ചിത്രകാരനായ വില്യം ടർണർ അദ്ദേഹത്തിന്റെ സമകാലികനായിരുന്നു. ചരിത്രസംബന്ധിയായ വിഷയങ്ങളുടെ ചിത്രീകരണത്തിനും പോർട്രെയ്റ്റുകൾക്കും റോയൽ അക്കാഡമിയിൽ വലിയ പ്രാധാന്യമുണ്ടായിരുന്നുവെങ്കിലും പ്രകൃതിദൃശ്യ ചിത്രീകരണമാണ് തന്റെ വഴിയെന്ന് ആ പ്രായത്തിൽത്തന്നെ കോൺസ്റ്റബിൾ തിരിച്ചറിയുന്നുണ്ട്. സഫോക്ക് പ്രദേശത്ത് സമയം കിട്ടുമ്പോഴെല്ലാം ചുറ്റിനടന്നു സ്കെച്ചുചെയ്യുക കോൺസ്റ്റബിളിന്റെ മുൻപേയുള്ള ശീലമായിരുന്നു. ലണ്ടനിലെ പഠനം ആരംഭിച്ചതിനുശേഷം ഓയിൽ കളർ സ്കെച്ചുകളും അക്കൂട്ടത്തിൽ ധാരാളമായി ഉണ്ടാകുന്നുണ്ട്.

കോൺസ്റ്റബിളിന്റെ പ്രശസ്തമായ പെയിന്റിങ്ങുകൾ മിക്കവാറും ലണ്ടനിലെ അദ്ദേഹത്തിന്റെ സ്‌റ്റുഡിയോയിൽവച്ചു വരയ്ക്കപ്പെട്ടിട്ടുള്ളവയാണ്. സഫോക്കിൽവച്ചു ധാരാളമായി ചെയ്തിട്ടുള്ള സ്‌കെച്ചുകൾ ആധാരമാക്കിയുള്ളവയാണ് ആ ചിത്രങ്ങൾ. ജന്മദേശമായ സഫോക്കിന്റെ പതിനഞ്ചോ ഇരുപതോ ചതുരശ്ര കിലോമീറ്റർ വരുന്ന, തനിക്ക് അടുത്ത് പരിചയവും വൈകാരികബന്ധവുമുള്ള ആ പ്രദേശങ്ങളാണ് കോൺസ്റ്റബിൾ തന്റെ ആയുഷ്കാലം മുഴുവനും ചിത്രീകരിക്കാൻ ശ്രമിച്ചിട്ടുള്ളത്.

1820 – 21 കാലഘട്ടത്തിൽ ഏതാണ്ട് അഞ്ചുമാസത്തോളം ചിലവഴിച്ച് ലണ്ടനിലെ തന്റെ സ്‌റ്റുഡിയോയിൽവച്ചു കോൺസ്റ്റബിൾ വരച്ച, ഒരുപക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ, ഒരു ചിത്രമാണ് ‘The Hay Wain’. 73 ഇഞ്ച് X 51 ഇഞ്ച് വിസ്തീർണ്ണമുള്ള ഈ എണ്ണച്ചായ ചിത്രം കോൺസ്റ്റബിളിന്റെ കാല്പനികഭംഗിയുള്ള പ്രകൃതിദൃശ്യങ്ങളുടെ തനതുസ്വഭാവങ്ങൾ വ്യക്തമാക്കുന്ന ഒന്നാണ്. സഫോക്കിലെ ഒരു കർഷകഭവനവും അതിനു സമീപത്തുകൂടി ശാന്തമായി ഒഴുകുന്ന ചെറിയ നദിയും നദി മുറിച്ചുകടക്കുന്ന വൈക്കോൽ വണ്ടിയും വിദൂരത്ത് കാർഷികവൃത്തിയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരും മേഘനിബിഢമായ ആകാശവും വേനൽക്കാലത്തെ വെളിച്ചവും വിടർന്നുനിൽക്കുന്ന മരങ്ങളും എല്ലാം കാവ്യാത്മകമായി കൂടിക്കലർന്നുനിൽക്കുന്നു മനോഹരമായ ഈ ചിത്രത്തിൽ.

ജോൺ കോൺസ്റ്റബിൾ
ജനനം: 1776
മരണം: 1837

 

No Comments yet!

Your Email address will not be published.