
പ്രശസ്ത എഴുത്തുകാരനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ലോകസഞ്ചാരിയുമായ അനില്‍കുമാര്‍ എ.വി.യുടെ പുതുവര്‍ഷ ആഴ്ച പംക്തി – ‘നുറുങ്ങുകള്‍.’
”മരത്തിന്റെ മുകളില്‍
കിടക്കുന്ന കുഞ്ഞേ,
കാറ്റുവീശുമ്പോള്‍
തൊട്ടില്‍ ആടിയുലയും.
ചില്ലയൊടിയുമ്പോള്‍
തൊട്ടില്‍ വീഴും
അമ്മ നിന്നെ പിടിക്കും
തൊട്ടിലാണെല്ലാം”. –
ക്രിസ്റ്റന്‍ മക്കീയുടെ നഴ്സറി പാട്ടുകളില്‍ ഒന്നില്‍നിന്നുള്ള വരികളാണ് മുകളില്‍. ഞാന്‍ യക്ഷിക്കഥകള്‍ നഴ്‌സറിയുടെ തറയില്‍ കിടത്തി, അതിനുശേഷം അത്രയും യുക്തിസഹമായ ഒരു പുസ്തകവും കണ്ടെത്തിയിട്ടില്ലെന്ന് എഴുതിയത് തത്ത്വചിന്ത, കവിത, നാടകം, പത്രപ്രവര്‍ത്തനം, ജീവചരിത്രം, ഫാന്റസി, കുറ്റാന്വേഷണകഥകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളില്‍ കൃതഹസ്തനായിരുന്ന ഇംഗ്ലീഷ് എഴുത്തുകാരന്‍ ഗില്‍ബര്‍ട്ട് കീത്ത് ചെസ്റ്റര്‍ട്ടണ്‍.

ഒരു നഴ്‌സറി റൈം നിങ്ങളുടെ അസ്ഥികളെയും ഞരമ്പുകളെയും മനസിനെയും രൂപപ്പെടുത്തുന്നു. അവ ശക്തമാണ്, കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്കുള്ളതാണെങ്കിലും അവയ്ക്ക് അര്‍ഥമില്ലെന്ന പ്രയോഗവും പ്രശസ്തം. കുട്ടികള്‍ക്ക് നാല് വയസാകുമ്പോഴേക്കും എട്ട് നഴ്‌സറി റൈമുകള്‍ മനഃപാഠമാക്കിയാല്‍, എട്ട് വയസാകുമ്പോഴേക്കും അവര്‍ ഏറ്റവും മികച്ച വായനക്കാരില്‍ ഒരാളായി മാറുമെന്ന് സാക്ഷരതാ ശിശു വികസന വിദഗ്ധര്‍ കണ്ടെത്തിയിട്ടുമുണ്ട്.
മകന്‍ പിറന്നയുടന്‍ അപ്രത്യക്ഷനായ അച്ഛന്‍
ആക്ഷേപഹാസ്യവും ധാര്‍മികയും നിറഞ്ഞുതുളുമ്പിയ റൈമുകള്‍ക്കുള്ള അംഗീകാരമായി സാഹിത്യ സംഭാവനകള്‍ക്ക് പദക് ജേതാവായ സുകുമാര്‍ ബറുവ കളിഞ്ഞ ദിവസം ബംഗ്ലാദേശിലെ ചത്തോഗ്രാമിലെ റൗസാന്‍ ഉപസിലയില്‍ ഗോഹിരയിലെ ജെകെ മെമ്മോറിയല്‍ സ്വകാര്യ ആശുപത്രിയില്‍ എണ്‍പത്തിയേഴാം വയസ്സില്‍
വയസില്‍ ലോകത്തോട് വിടപറഞ്ഞ പശ്ചാത്തലത്തിലാണ് മുകളില്‍ വിവരിച്ചവ വിലയിരുത്തേണ്ടത്.

പ്രശസ്ത കവിയും ഗാനരചയിതാവുമായി വിഖ്യാതനായ അദ്ദേഹത്തിന്റെ പിറവി 1938 ജനുവരി അഞ്ചിന് ചാട്ടോഗ്രാമിലെ റൗസന്‍ ഉപസിലയിലെ ബിനാജുരി ഗ്രാമത്തില്‍ സാംസ്‌കാരികമായി വേരൂന്നിയ കുടുംബത്തില്‍. അച്ഛന്‍ സര്‍ബാനന്ദ ബറുവയും അമ്മ കിരണ്‍ ബാല ബറുവയും മകന്‍ പിറന്നയുടന്‍ അച്ഛന്‍ അപ്രത്യക്ഷനായി. രണ്ടാം ലോകയുദ്ധ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ അവന് ആറു വയസ്സുള്ളപ്പോള്‍ കുടുംബം വീണ്ടും പ്രതിസന്ധികളുടെ കയങ്ങളിലായി. മാതൃസഹോദരനാണ് പഠിപ്പിച്ചത്. താമസിയാതെ മൂത്ത സഹോദരിയുടെ വീട്ടില്‍ പോയി ഡാബുവ സ്‌കൂളിലേക്ക് മാറിയെങ്കിലും വിദ്യാഭ്യാസം തുടരാനായില്ല. അവിടെ പഠിച്ചതിനുശേഷം പഠനം നിര്‍ത്തേണ്ടിവന്നു. ചെറുപ്പം മുതല്‍ പല സമയങ്ങളിലും ഒരു മെസ്സില്‍ ജോലി ചെയ്തു. ഉപജീവനത്തിനായി പഴങ്ങള്‍, ഐസ്‌ക്രീം, നട്‌സ് മുതലായവ വിറ്റു. എങ്കിലും സുകുമാര്‍ പുസ്തക വായന തുടര്‍ന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടാക്കാന്‍ ആ യുവാവ് ഏറ്റെടുക്കാത്ത തൊഴിലുകളില്ലെന്നുതന്നെ പറയാം. വീട്ടുജോലിക്കാരന്റെ വേഷവും അതിലുള്‍പ്പെടുന്നു. തലസ്ഥാന നഗരത്തിലെ തൊഴിലവസരങ്ങളെക്കുറിച്ച് അറിഞ്ഞ് 1960 ല്‍ അവിടേക്ക് താമസം മാറ്റി.
ധാക്ക സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്‍ ആന്‍ഡ് ഫുഡ് സയന്‍സില്‍ നാലാം ക്ലാസ് ജീവനക്കാരനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പ്രൊഫഷണല്‍ ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം അക്ഷരസ്നേഹവും മുറുകെപിടിച്ച് സാമൂഹ്യ പ്രവര്‍ത്തനങ്ങളും തുടര്‍ന്നു. സാഹിത്യ പ്രവേശനമാവട്ടെ 1963 ലാണ്; ഇരുപത്തിയഞ്ചാം വയസില്‍. 1963-ല്‍ ടോപ്ഖാന റോഡില്‍ മുളകൊണ്ട് കെട്ടിയ ചെറിയ മുറി മാസം ആറ് താക്കയ്ക്ക് വാടകയ്ക്കെടുത്ത് സ്വതന്ത്ര മായ രചനകളില്‍ മുഴുകി. അഞ്ചു വര്‍ഷത്തിനകം ഒരു പത്രത്തില്‍ ആദ്യ കവിത വെളിച്ചംകണ്ടു. രണ്ട് വര്‍ഷത്തിന് ശേഷം ആദ്യ പുസ്തകമായ പഗ്ല ഘോര പുറത്തിറങ്ങി. ഇത്തരം സ്വീകാര്യതയ്ക്കുശേഷം സാഹിത്യത്തില്‍ മുഴുവന്‍ സമയം ചെലവഴിക്കാന്‍ ജോലി ഉപേക്ഷിക്കാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സുകുമാറിറെ ഉപദേശിച്ചു. സ്ഥിരശമ്പളം കൈവിടുന്നത് ബുദ്ധിപൂര്‍വമായിരിക്കില്ലെന്ന ബോധ്യത്തില്‍ അത് സ്നേഹപൂര്‍വം നിരസിച്ചു.
നര്‍മവും, ഫാന്റസിയും സൗമ്യമായ ധാര്‍മിക ഉള്‍ക്കാഴ്ചകളും
കൊച്ചികച്ചാര്‍ അഷോര്‍, ഖേലാഘര്‍, മുകുലര്‍ മഹ്ഫില്‍ തുടങ്ങിയ പ്രമുഖ പത്രങ്ങളിലും കുട്ടികളുടെ മാസികകളിളും സുകുമാര്‍ ബറുവയുടെ റൈമുകള്‍ പതിവായി പ്രത്യക്ഷപ്പെട്ടു . താളം, ഭാഷ, കുട്ടിയുടെ ഭാവനയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ എന്നിവയാല്‍ അവ വ്യത്യസ്തങ്ങളായി. നര്‍മം, ഫാന്റസി, സൗമ്യമായ ധാര്‍മിക ഉള്‍ക്കാഴ്ച എന്നിവയിലൂടെ ബംഗാളി ബാലസാഹിത്യത്തില്‍ അദ്ദേഹം വ്യതിരിക്തവും നിലനില്‍ക്കുന്നതുമായ സ്ഥാനം സൃഷ്ടിച്ചു. വിവിധ പത്രങ്ങളില്‍ രചനകള്‍ പതിവായി പ്രസിദ്ധീകരിച്ചുവന്നു. സാഹിത്യ പ്രസിദ്ധീകരണങ്ങളില്‍ റൈമുകള്‍ തിുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടു. ആറ് ദശാബ്ദത്തിനടുത്ത് വിസ്തൃതിയുണ്ടായ സപര്യയിലൂടെ സുകുമാര്‍ ബറുവ ബംഗ്ലാ സാഹിത്യത്തിലെ കുട്ടികളില്‍ ഏറെ സ്വാധീനം ചെലുത്തുകയും സുകുമാര്‍ ബദുവ എന്ന് ആദരപൂര്‍വം വിളിക്കപ്പെടുകയും ചെയ്തു.
പഗ്ല ഘോര, ചന്ദന രഞ്ജനാര്‍ ചര, ഭിജേ ബേരല്‍, എലോപതാരി, നാനാ റോംഗര്‍ ദിന്‍, സുകുമാര്‍ ബറുവാര്‍ 101 ടി ചോറ, ചിച്ചിങ് ഫാങ്ക്, കിച്ചു നാ കിച്ചു, പ്രിയോ ചോര ഷോടോക്, നോദിര്‍ ഖേല, ഛോട്ടോഡര്‍ ഛോരാഹര്‍, മോജര്‍ ഛോരഹോരാഹര്‍, 10 കുമാര്‍ ഛോരഹോരാഹോര എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളില്‍ ചിലതാണ്. ജുക്ടോബോര്‍ണോ (രണ്ട് വാല്യങ്ങള്‍), ചന്ദനാര്‍ പാഠശാല, ജിബോണര്‍ ഭേതോരെ ബൈരെ എന്നിവ വേറെ. 101 ടി ചോറ (101 റൈംസ്) – കുട്ടികളെമാത്രം ഉദ്ദേശിച്ച് പ്രത്യേകം രൂപകല്‍പ്പന ചെയ്ത ബംഗാളി റൈമുകളുടെ മധുര സമാഹാരമാണ്. അതിന്റെ ലാളിത്യം, താളം, ആഴം എന്നിവ എല്ലാ പ്രായത്തിലുമുള്ള വായനക്കാര്‍ക്ക് ആസ്വാദ്യകരമാക്കുന്നു. ആക്ഷേപഹാസ്യം, നര്‍മം, ധാര്‍മിക പാഠങ്ങള്‍, 1971 ലെ വിമോചന യുദ്ധത്തിന്റെയും രാഷ്ട്രീയ ബോധത്തിന്റെയും പ്രമേയങ്ങള്‍ തുടങ്ങിയവ ഇടകലര്‍ന്നവയാണ് ഒട്ടുമിക്ക രചനകളും.
2017 ലാണ് ബംഗ്ലാ ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ച് രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ അംഗീകാരമായ എകുഷേ പദക് നല്‍കി ഷെയ്ക്ക് ഹസീന സര്‍ക്കാര്‍ ആദരിച്ചത്. ചരരാജ് (പ്രാസങ്ങളുടെ രാജാവ്), ചരസാമ്രാട്ട് (പ്രസംഗങ്ങളുടെ ചക്രവര്‍ത്തി), ഛരശില്‍പി (പ്രസംഗങ്ങളുടെ കലാകാരന്‍) തുടങ്ങിയ പദവികളിലും അറിയപ്പെട്ടു. 1977-ല്‍ ബംഗ്ലാ അക്കാദമി സാഹിത്യ അവാര്‍ഡ്, 1997-ല്‍ ബംഗ്ലാദേശ് ശിശു അക്കാദമി സാഹിത്യ അവാര്‍ഡ്, 1997-ല്‍ അഗ്രാണി ബാങ്ക് ശിശു സാഹിത്യ സമ്മാനം, 1999-ല്‍ അലോല്‍ ശിശു സാഹിത്യ അവാര്‍ഡ്, ചാറ്റോഗ്രാം പ്രസ് ക്ലബ് ഓണര്‍, ഓസര്‍ സാഹിത്യ അവാര്‍ഡ്, അനോണ്‍ ഫൗണ്ടേഷന്‍ ലൈഫ് ടൈം ഓണര്‍, ചന്ദ്രബതി ബാലസാഹിത്യ അവാര്‍ഡ് എന്നിവയുള്‍പ്പെടെ നിരവധി ബഹുമതികളും ലഭിച്ചു. ബംഗാളി സാഹിത്യത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ മുന്‍നിര്‍ത്തിയുള്ള കബീര്‍ ചൗധരി ശിശു സാഹിത്യ പുരസ്‌കാരം പ്രത്യേകം എടുത്തുപറയണം. ഒരു ലക്ഷം രൂപയായിരുന്നു സമ്മാനത്തുക.
ബംഗാളി ബാലസാഹിത്യത്തിലെ ഒരു യുഗത്തിന്റെ അന്ത്യം
ബംഗാളി ബാലസാഹിത്യത്തിലെ ഒരു യുഗത്തിന്റെ അന്ത്യമാണ് സുകുമാര്‍ ബറുവയുടെ മരണം അടയാളപ്പെടുത്തുന്നതെന്നാണ് എഴുത്തുകാരും സാംസ്‌കാരിക പ്രമുഖരും വിലയിരുത്തിയത്. വായനക്കാരുടെ തലമുറകളെ രൂപപ്പെടുത്തുന്ന സാഹിത്യ പാരമ്പര്യം അവശേഷിപ്പിച്ചു. ബംഗാളി ബാലസാഹിത്യത്തിലെ ഏറ്റവും തിളക്കമുള്ള വ്യക്തികളില്‍ ഒരാളും അഭിമാനകരമായ എകുഷേ പദക് ജേതാവുമായ ബറുവയുടെ സങ്കടകരമായ വിയോഗം യുവ വായനക്കാരെ ആനന്ദിപ്പിക്കുന്ന സമ്പന്നമായ പദ്യ പാരമ്പര്യം ബാക്കിയാക്കുന്നു. അദ്ദേഹത്തിന്റെ പ്രാസങ്ങളും ഭാവനാ ലോകങ്ങളും തുടര്‍ന്നും നിലനില്‍ക്കും, വരും വര്‍ഷങ്ങളില്‍ എണ്ണമറ്റ കുട്ടികളുടെ സാഹിത്യ സംവേദനക്ഷമതയെ രൂപപ്പെടുത്തും പ്രസ്താവനയില്‍ വിശദീകരിച്ചു. ഒരാഴ്ചയിലേറെയായി അച്ഛനെ ചട്ടോഗ്രാമിലെ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നെ ജെകെ മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടിയിരുന്നു. ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് മകള്‍ അഞ്ജന ബറുവ മാധ്യമങ്ങളോട് പറഞ്ഞത്. വര്‍ഷങ്ങളായി വാര്‍ധക്യസഹജങ്ങളായ വിവിധ രോഗപീഡകളാല്‍ ബുദ്ധിമുട്ടുകയായിരുന്നു സുകുമാര്‍ ബറുവ. 2006 ല്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് വലതുഭാഗം ഭാഗികമായി തളര്‍ന്നു. പിന്നീട് ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ സങ്കീര്‍ണതകള്‍ക്ക് അടിപ്പെട്ടു. റൗസനിലെ ബിനാജുരി ഗ്രാമത്തിലെ അദ്ദേഹത്തിന്റെ പൂര്‍വിക ഭവനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
സുകുമാര്‍ ബറുവയോടുള്ള ആദരസൂചകമായി അജ്ഞാതനായ സുഹൃത്ത് കുറിച്ച വരികള്‍ വായിക്കാം:
സന്തോഷത്തോടെ വരൂ, സ്വപ്നം കണ്ട് വരൂ,
ആഡംബരമില്ലാതെ നൃത്തം ചെയ്യൂ,
ഭ്രാന്തന്‍ സംഗീതജ്ഞന്‍
സന്തോഷത്തോടെ ഡ്രം അടിക്കുന്നു.
വരൂ, വരൂ, ഭ്രാന്തമായ പാട്ടുകള്‍ പാടുന്നിടത്തേക്ക്
അര്‍പ്പോ ഈണമോ ഇല്ലാതെ,
ഒരു തുമ്പുമില്ലാതെ ആ സ്ഥലത്തേക്ക് വരൂ.
താങ്കളുടെ മനസ്സ് ഭ്രാന്തനെപ്പോലെ ഒഴുകി നടക്കുന്നു.
വൃത്തിയുള്ള പാതയിലേക്ക് വരൂ
ഉണരുക, കുലുക്കുക, കിതയ്ക്കുക, ഉരുളുക.
മനഃപൂര്‍വമായ സ്വഭാവങ്ങളുള്ള
നിയമവിരുദ്ധ ജീവികള്‍ വരൂ
ബന്ധനമില്ലാത്തതും അജ്ഞതയുള്ളതുമായ ഓരോ ആത്മാവും.
തലതിരിഞ്ഞ നോട്ടത്താല്‍ അര്‍ഥശൂന്യമായ വഴികള്‍
എപ്പോഴും ഭ്രാന്തനായിരിക്കുക,
വാചാലരുടെ ലോകത്തേക്ക് സഞ്ചാരികളേ,
വര അസാധ്യമായ പ്രാസത്തിന്റെ താളവും.
***
(തുടരും)





No Comments yet!