മേലേക്ക് നോക്കൂ,
മതം തിരഞ്ഞു വന്ന ഒരു വെടിയുണ്ട
തുളഞ്ഞു കീറിയ എന്റെ ആകാശം
താഴേക്ക് നോക്കൂ
പച്ച പുതച്ചിരുന്ന എന്റെ താഴ് വര
ചുവന്നിരിക്കുന്നൂ… കുങ്കുമം കൊണ്ടല്ല…
ചോരകൊണ്ട്
മുന്നോട്ടു നോക്കൂ
എന്റെ കണ്ണീരു വീണ്
കരകവിഞ്ഞൊഴുകുന്ന സിന്ധു…
പിന്നോട്ട് നോക്കൂ , പേടിയാകുന്നു
നെഞ്ചു തുളഞ്ഞു പിടയുന്നു ജീവൻ
മതം തേടി വന്നവൻ മദം കൊണ്ടലറുന്നു.
കുങ്കുമം കണ്ണീരായ് കവിളിൽ പടരുന്നു
വെടിയേറ്റു വീണ പ്രണയവും
വീഴുമ്പോൾ താങ്ങിയ കുതിരക്കാരനും
മതമില്ലാതൊന്നിച്ചു, മരണത്തിൽ!
സ്വജാതിയെന്നോ സ്വദേശിയെന്നോ
അപരമതനെന്നോ വെടിയുണ്ടയ്ക്കറിയില്ലല്ലോ
സഹോദരാ,
നീ തുളയിട്ടത് ഒരു നാടിന്റെ ഹൃദയത്തിൽ
കണ്ണീർ മുള്ളുകൊണ്ടെന്റെ കാല് മുറിയുന്നു.
***







No Comments yet!