
പ്രശസ്‌ത എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനും ലോകസഞ്ചാരിയുമായ അനിൽകുമാർ എ. വി.യുടെ തിങ്കളാഴ്‌ച പംക്തി തുടരുന്നു :
നുറുങ്ങുകൾ : 9

മനസിന് അത് സങ്കൽപ്പിക്കാൻ കഴിയുമെങ്കിൽ, എന്റെ ഹൃദയത്തിന് വിശ്വസിക്കാൻ കഴിയും, അത് നേടാനാവുമെന്നും എനിക്കറിയാം. – എന്റെ ജീവിതത്തിലെ ഈ ഘട്ടത്തിൽ തെരുവിലൂടെ നടക്കവെ കാലടിയൊച്ച കേൾക്കുന്നതിനെക്കാൾ വേദനാജനകമായ മറ്റൊന്നില്ല. പിന്നീട് തിരിഞ്ഞുനോക്കുമ്പോൾ വെളുത്ത ഒരാളെ കാണുകയും ആശ്വാസം തോന്നുകയും ചെയ്യുന്നു. സഹായിക്കാതെ ആരെയും ഒരിക്കലും താഴ്ത്തിക്കെട്ടരുത്. – വെള്ളക്കാർ, ഹിസ്പാനിക് വംശജർ, കറുത്തവർ, അറബികൾ, ജൂതർ, സ്ത്രീകൾ, തദ്ദേശീയ ർ, ചെറുകിട കർഷകർ, ബിസിനസുകാർ, പരിസ്ഥിതി പ്രവർത്തകർ, സമാധാനകാംക്ഷികൾ, ചെറുപ്പക്കാർ, വയോധികർ, സ്വവർഗാനുരാഗികൾ, വികലാംഗർ തുടങ്ങിയവർ ചേർന്നാണ് അമേരിക്കൻ ശയ്യാവരണം നിർമിക്കുന്നത്. കണ്ണീരും വിയർപ്പും ഉപ്പുരസം കലർന്നതാണ്, എന്നാൽ അവ വ്യത്യസ്തങ്ങളായ ഫലങ്ങളാണുണ്ടാക്കുക; കണ്ണീർ സഹതാപം നൽകും; വിയർപ്പ് നിങ്ങളെ മാറ്റും. – ഞാൻ ഇവിടെ വന്നപ്പോൾ ബൈബിളിൽ കൈവെച്ച് ഭരണഘടന ഉയർത്തിപ്പിടിക്കുമെന്ന് സത്യം ചെയ്തു. ഭരണഘടനയിൽ കൈവെച്ച് ബൈബിൾ ഉയർത്തിപ്പിടിക്കുമെന്ന് സത്യം ചെയ്തിട്ടില്ല. – നമ്മുടെ പതാക ചുവപ്പും വെള്ളയും നീലയുമാണ്, പക്ഷേ രാഷ്ട്രം മഴവില്ലാണ്‐ – ചുവപ്പ്, മഞ്ഞ, തവിട്ട്, കറുപ്പ്, വെളുപ്പ്. – നാമെല്ലാം ദൈവത്തിന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവരും. – ആരും അവരവരുടെ സ്വപ്നങ്ങൾക്കുവേണ്ടി വിലപേശരുത്. അതിന് സ്വതന്ത്രമായി പറക്കാൻ കഴിയണം. സർക്കാരിനോ നിയമസഭയ്ക്കോ നിങ്ങളുടെ സ്വപ്നങ്ങളെ പരിമിതപ്പെടുത്താൻ അവകാശമില്ല. അവ ഉപേക്ഷിക്കാൻ നിങ്ങൾ ഒരിക്കലും സമ്മതിക്കുകയുമരുത്. പുതിയ നേതൃത്വം. തെരഞ്ഞെടുപ്പ്. അവസരം ഇല്ലാത്തതിനെ ഓർത്ത് കരയരുത്. നിങ്ങൾക്ക് ലഭിച്ചത് ഉപയോഗിക്കുക. – തല ഉയർത്തിപ്പിടിക്കുക, നെഞ്ച് പുറത്തേക്ക് നീട്ടുക. ചിലപ്പോൾ ഇരുട്ടാകും, എന്നാൽ പ്രഭാതം വരും. പ്രതീക്ഷ നിലനിർത്തുക. തൊഴിൽരഹിതരായിരിക്കുമ്പോൾ നമ്മെ മടിയന്മാർ എന്ന് വിളിക്കുന്നു; വെള്ളക്കാർ തൊഴിൽരഹിതരാകുമ്പോൾ അത് വിഷാദമാണത്രെ. പോരാടാൻ കരുത്തുള്ളവരും കരയാൻ ആർദ്രതയുള്ളവരും തെറ്റുകൾ വരുത്താൻ മനുഷ്യത്വമുള്ളവരും അവ സമ്മതിക്കാൻ വിനയമുള്ളവരും വേദന ഉൾക്കൊള്ളാൻ ശക്തരും തിരിച്ചുവന്ന് മുന്നോട്ട് പോകാൻ കരുത്തുള്ളവരുമായിരിക്കണം – നേതാക്കൾ ‐ തുടങ്ങിയ നിലകളിലെല്ലാം വലിയ തത്വചിന്തകളെ സാധാരണക്കാർക്ക് എളുപ്പം മനസിലാകുംവിധം ലളിതമായി വിശദീകരിച്ച റെവറന്റ് ജെസ്സി ലൂയിസ് ജാക്സൺ സീനിയറിന്റെ 84‐ാം വയസിലെ വിയോഗത്തോടെ അമേരിക്കൻ പൗരാവകാശ പ്രസ്ഥാന ചരിത്രത്തിലെ അതിനിർണായകമായ ഏടിനാണ് തിരശീല വീണത്. 1941 ഒക്ടോബർ എട്ടിന് വെള്ളക്കാരായ അയൽക്കാരുടെ കെട്ടിടങ്ങളിൽ നടക്കാനോ പ്രാദേശിക ലൈബ്രറിയിൽ പുസ്തകം നോക്കാനോ അനുവദിക്കാതിരുന്ന സൗത്ത് കരോലിനയിലെ ഗ്രീൻവില്ലിലെ അതിദരിദ്ര സാഹചര്യത്തിലാണ് അദ്ദേഹം പിറന്നത്; ജിം ക്രോ സൗത്തിലെ അവിവാഹിതയായ കൗമാരക്കാരിയുടെ മകനായി. ജാക്സണിന് രണ്ട് വയസുള്ളപ്പോൾ അമ്മ ചാൾസ് ജാക്സണെ വിവാഹം കഴിച്ചു. അവിഹിത സന്തതിയെന്ന ശകാരപ്പേരും വംശീയ അധിക്ഷേപങ്ങളും നേരിട്ട ബാല്യത്തെ അതിജീവനത്തിനുള്ള കരുത്തായി മാറ്റി. വെള്ളക്കാരായ കുട്ടികൾക്കൊപ്പം സാധാരണ സ്കൂളിൽ പോകാൻ കഴിയാത്തതിനാൽ പ്രത്യേക സംവിധാനത്തെ ആശ്രയിക്കാൻ നിർബന്ധിതനായി.ബസുകൾ, റെസ്റ്റോറന്റുകൾ പോലുള്ള പൊതുസ്ഥലങ്ങളിലെ നിയുക്ത സ്ഥലങ്ങൾ മാത്രമേ അനുവദിച്ചുള്ളൂ. ഹൈസ്കൂളിൽ ജാക്സൺ ക്ലാസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും മിക്കവാറും എല്ലാത്തരം ടീം സ്പോർട്സുകളിലും മികവ് പുലർത്തുകയും ചെയ്തു.
1965ലെ സെൽമ മാർച്ച്
വംശീയ വിവേചനം നടമാടിയ ലൈബ്രറിയില്‍ ഏഴ് സഹപാഠികൾക്കൊപ്പം അതിക്രമിച്ചു കയറി പുസ്തകം വായിച്ച് 1960-ലാണ് ജാക്‌സൺ രാഷ്ട്രീയ പോരാട്ടം തുടങ്ങിയത്. ആ ധീരത ലൈബ്രറിയുടെ വംശീയത
നിർത്തലാക്കുന്നതിലേക്ക് നയിച്ചു. ഗ്രീൻവില്ലിലെ പബ്ലിക് സ്‌കൂൾ പഠനശേഷം ഫുട്‌ബോൾ സ്‌കോളർഷിപ്പിൽ ഇല്ലിനോയിസ് സർവകലാശാലയിൽ ചേർന്നു. ആ സ്കോളർഷിപ്പ് തന്റെ അഭിലാഷങ്ങൾ പിന്തുടരാനും ദരിദ്ര ചുറ്റുപാടുകളിൽ നിന്ന് രക്ഷപ്പെടാനും സഹായിച്ചു. എന്നാൽ താമസിയാതെ വെള്ളക്കാർ കൂടുതലുള്ള സ്ഥാപനത്തിൽ നിന്ന് കറുത്തവർഗക്കാർ ധാരാളമുണ്ടായ നോർത്ത് കരോലിനയിലെ കോളേജിലേക്ക് മാറി. അമേരിക്കൻ ഫുട്ബോളിൽ ക്വാർട്ടർബാക്ക് കളിക്കാൻ വെള്ളക്കാരായ പരിശീലകർ അനുവദിക്കാത്തതിനാലാണ് ഇല്ലിനോയിസ് വിട്ടതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 1964 ൽ നോർത്ത് കരോലിന അഗ്രികൾച്ചറൽ ആൻഡ് ടെക്നിക്കൽ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ബിരുദം നേടി. ചിക്കാഗോ തിയോളജിക്കൽ സെമിനാരിയിൽ ദൈവശാസ്ത്ര പഠനത്തിന് തുടക്കമിട്ടെങ്കിലും ഡോ. മാർട്ടിൻ ലൂഥർ കിങ് ജൂനിയറിനൊപ്പം പൗരാവകാശ പ്രസ്ഥാനത്തിൽ മുഴുസമയവും പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ വിടുതൽ നേടി.

1968 ജൂൺ 30 ന് റവ. ക്ലേ ഇവാൻസിൽനിന്ന് വൈദിക പട്ടം സ്വീകരിച്ചു. തലമുറയിലെ മറ്റു പലർക്കും സമാനമായി ജെസ്സി ജാക്‌സണും ബ്ലാക്ക് ചർച്ചിലൂടെയാണ് പൊതുജീവിതത്തിലേക്ക് കടന്നുവന്നത്. 1970-കളിൽ റെയിൻബോ പുഷ് കോളിഷ് ഓപ്പറേഷൻ പുഷ് ആരംഭിക്കുന്നതിന് സ്വന്തമായി ശാഖകൾ രൂപപ്പെടുത്തി. സാമ്പത്തിക ശാക്തീകരണവും പിന്നാക്കം നിൽക്കുന്നവർക്കും വർണവിവേചനം നേരിട്ടവർക്കും വിദ്യാഭ്യാസ, ബിസിനസ്, തൊഴിൽ അവസരങ്ങൾ വികസിപ്പിക്കലുമായിരുന്നു ഓപ്പറേഷൻ പുഷിന്റെ ലക്ഷ്യങ്ങൾ. കറുത്ത അമേരിക്കക്കാരുടെയും ദരിദ്രരുടെയും സാമ്പത്തിക വിമോചനം ലക്ഷ്യമാക്കിയ ജാക്സന്റെ ഗ്രൂപ്പ് പെട്ടെന്ന് പൗരാവകാശ സംഘടനയായി മാറി. കറുത്തവരെ രാജ്യത്തിന്റെ സാമ്പത്തിക ജീവിതത്തിൽനിന്ന് അകറ്റി നിർത്താൻ ശ്രമിച്ച ഹുണ്ടികക്കാരായ അധികാര ദല്ലാൾമാരുടെ രീതികൾ പൊളിച്ചെഴുതാൻ യത്നിച്ചു. 1965 മാർച്ച് ഏഴു മുതൽ – 25 വരെ നീണ്ട (19 ദിവസം) ചരിത്രപ്രസിദ്ധമായ സെല്‍മ മാര്‍ച്ചില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും ചെയ്‌തു. അലബാമയിലെ സെൽമയിൽ നിന്ന് മോണ്ട്ഗോമറിയിലേക്കുള്ള 54 മൈൽ ഹൈവേയിലൂടെ നടന്ന മൂന്ന് ബഹുജന പ്രതിഷേധങ്ങളായിരുന്നു അവ. വർണവിവേചനപരമായ അടിച്ചമർത്തലിനെതിരെ ഭരണഘടനാപരമായ വോട്ടവകാശം വിനിയോഗിക്കാനുള്ള ആഫ്രിക്കൻ – അമേരിക്കൻ പൗരന്മാരുടെ ആഗ്രഹം പ്രകടിപ്പിക്കുന്നതിനായി അഹിംസാത്മക പ്രവർത്തകരാണ് അവയ്‌ക്ക് നേതൃത്വം നൽകിയത്. സെൽമയിലും അമേരിക്കൻ തെക്കൻ പ്രദേശത്തുടനീളവും നടന്ന വിശാലമായ വോട്ടവകാശ പ്രസ്ഥാനത്തിന്റെ ഭാഗം. വംശീയ അനീതി ഉയർത്തിക്കാട്ടുന്നതിലൂടെ വോട്ടിങ് റൈറ്റ്സ് ആക്റ്റ് ആക്റ്റ് പാസാക്കുന്നതിന് അത് സംഭാവന നൽകി.
മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ വധത്തിന്റെ സാക്ഷികളിലൊരാൾ
പൊതുജീവിതത്തിൽ ചെലവഴിച്ച ആറ് ദശാബ്ദങ്ങളിൽ ഏറെയും വെടിയേറ്റ് മരിച്ച നിരവധി പ്രമുഖ കറുത്തവർഗ നേതാക്കളുടെ അവസ്ഥ തനിക്കുമുണ്ടാകുമെന്ന ചിന്ത ജാക്‌സണെ അലട്ടിക്കൊണ്ടിരുന്നു. ഫ്രെഡ് ഹാംപ്ടൺ 21-‐ാം വയസിലും മെഡ്ഗർ എവേഴ്‌സ് 37-‐ാം വയസിലും മാര്‍ട്ടിന്‍ ലൂഥര്‍ കിങ് 39-‐ാം വയസിലുമാണ് കൊല്ലപ്പെട്ടത്. 1968- ഏപ്രിൽ നാലിന് ടെന്നസിയിലെ മെംഫിസിലെ ലോറൈൻ മോട്ടലിൽ ജെയിംസ് ഏൾ റേ എന്നയാൾ കിങ്ങിനെ വധിച്ചപ്പോൾ 27 വയസ് മാത്രമുണ്ടായ ജാക്‌സണും കൂടെയുണ്ടായി. വെടിവയ്പ്പിന് നിമിഷങ്ങൾക്ക് മുമ്പ് റെയിലിങ്ങിൽ ചാരിനിന്ന് താഴെയുള്ള പാർക്കിങ് സ്ഥലത്ത് നിൽക്കുകയായിരുന്ന അദ്ദേഹവുമായി ജാക്സൺ തമാശപറഞ്ഞു രസിക്കുകയായിരുന്നു. ആ ദാരുണ സംഭവത്തിനുശേഷം അദ്ദേഹത്തിന്റെ ചോരപുരണ്ട വസ്ത്രവുമായി ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത് ചിലർ വലിയ വിവാദമാക്കി. ഒരു വെടിയുണ്ട പോലും പ്രസ്ഥാനത്തെ കൊല്ലാൻ അനുവദിക്കില്ലെന്ന് തങ്ങൾ ദൃഢനിശ്ചയം ചെയ്തിരുന്നുവെന്നാണ് ജാക്‌സൺ പിന്നീട് പറഞ്ഞത്. കിങ് ചെയ്തതുപോലെ അദ്ദേഹവും അമേരിക്കയുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. വംശീയതപോലെ തന്നെയാണ് വർഗാസമത്വവും.

പ്രധാന ഭിന്നത ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ളതാണെന്നും വിശദീകരിച്ചു. താനും കുടുംബവും നേരിട്ട നിരന്തര ഭീഷണികൾക്കും വ്യാജ പ്രചാരണങ്ങൾക്കുമിടയിലും ജാക്സൺ പിൻവാങ്ങിയില്ല. അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കായുള്ള പോരാട്ടത്തിനപ്പുറം കറുത്ത അമേരിക്കക്കാർക്ക് ജന്മനാട്ടിൽ പൂർണ സാമ്പത്തിക, പൗര പങ്കാളിത്തം ലഭിക്കുന്ന ഭാവിയിലേക്ക് നീങ്ങാനുള്ള ശ്രമത്തിൽ പ്രധാന വ്യക്തിത്വമായി. എത്ര അപൂർണരായിരുന്നാലും ആ ജനവിഭാഗങ്ങളുടെ അത്യധ്വാനത്തിന്റെ ഫലം ഇന്ന് സ്വതന്ത്രമായി ആസ്വദിക്കപ്പെടുന്നതിനാൽ പരിശ്രമത്തെയും ത്യാഗത്തെയും തള്ളിക്കളയാൻ എളുപ്പമാണ്. ബാലറ്റ് പെട്ടിയിലെ തടസങ്ങൾ നീങ്ങി. കറുത്ത വർക്ക് ഫോർച്യൂൺ 500 കമ്പനികളുടെ സി.ഇ.ഒ.മാരാകാനും രാജ്യവ്യാപകമായി ബാങ്കുകളുടെയും ബിസിനസുകളുടെയും ഉടമകളാകാനും കഴിയുന്നു. ആ വിഭാഗത്തിന്റെ പ്രതിനിധി പ്രസിഡന്റായി, കറുത്ത വർഗക്കാരനും ദക്ഷിണേഷ്യൻ സ്ത്രീയും വൈസ് പ്രസിഡന്റുമാരായി യി തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ജാക്‌സന്റെയും ആ തലമുറയിലെ മറ്റുള്ളവരുടെയും പരിശ്രമമില്ലാതെ അതൊന്നും ഫലപ്രാപ്‌തിയിലെത്തുമായിരുന്നില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലും അമേരിക്കയെ സ്ഥാപക തത്വങ്ങൾ പാലിക്കാൻ നിർബന്ധിതമാക്കിയ പൗരാവകാശ പ്രസ്ഥാനത്തിന്റെ ചലനങ്ങളിലും മറ്റൊരു പാഠമുണ്ട്. കറുത്തവരുടെ വിമോചനത്തിന് മാത്രമല്ല അവർ പ്രവർത്തിച്ചതും കാരാഗൃഹവാസം കഴിഞ്ഞതും; എല്ലാ അമേരിക്കക്കാർക്കും വേണ്ടിയായിരുന്നു. സ്ത്രീകൾ, ഏഷ്യൻ അമേരിക്കക്കാർ, ഹിസ്പാനിക് അമേരിക്കക്കാർ തുടങ്ങിയവർ പിന്നീട് പ്രയോജനം നേടി.
അമേരിക്കയിലെ മുൻനിര പൗരാവകാശ, മത, രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ പ്രധാനിയായിരുന്ന ജാക്സൺ നാല് ദശാബ്ദത്തിലേറെ ശാക്തീകരണം, സമാധാനം, പൗരാവകാശങ്ങൾ, ലിംഗസമത്വം, സാമ്പത്തിക‐, സാമൂഹിക നീതി എന്നിവയ്‌ക്കായുള്ള ബഹുമുഖ പ്രസ്ഥാനങ്ങളിൽ നിർണായക സംഭാവന നൽകുകയുകയുണ്ടായി. അമേരിക്കക്കാരെയാകെ ഉൾക്കൊള്ളാനും എല്ലാവരുടെയും പ്രയോജനത്തിന് നീതിയുക്തവും മാനുഷികവുമായ മുൻഗണനകൾ സ്ഥാപിക്കാനും അക്ഷീണം മുന്നിട്ടിറങ്ങിയതിനാൽ രാഷ്ട്രത്തിന്റെ മനഃസാക്ഷിയെന്നും മഹത്തായ ഏകീകരണത്തിന്റെ വക്താവെന്നും വിളിക്കപ്പെട്ട അദ്ദേഹം വംശം, സംസ്കാരം, വർഗം, ലിംഗഭേദം, വിശ്വാസം എന്നിവയ്‌ക്കപ്പുറം പൊതുവായ അടിസ്ഥാനത്തിൽ ആളുകളെ ഒരുമിച്ച് കൊണ്ടുവന്നതിൽ പ്രശസ്തനായിരുന്നു. മനുഷ്യാവകാശങ്ങളിലും അഹിംസാത്മക സാമൂഹിക മാറ്റത്തിലും ഊന്നിയുള്ള പ്രവർത്തനങ്ങളോടുള്ള ആദരമായി നാൽപ്പതിലേറെ ഓണററി ഡോക്ടറേറ്റ് ബിരുദങ്ങൾ നേടി. ഹോവാർഡ്, യേൽ, പ്രിൻസ്റ്റൺ, മോർഹൗസ്, ഹാർവാർഡ്, കൊളംബിയ, സ്റ്റാൻഫോർഡ്, ഹാംപ്ടൺ എന്നിവയുൾപ്പെടെ പ്രധാന കോളേജുകളിലും സർവകലാശാലകളിലും പതിവായി പ്രഭാഷണങ്ങൾ നടത്തി. 1997 ഒക്ടോബറിൽ പ്രസിഡന്റ് ബിൽ ക്ലിന്റണും സ്റ്റേറ്റ് സെക്രട്ടറി മഡലീൻ ആൽബ്രൈറ്റും ചേർന്ന് ആഫ്രിക്കയിലെ ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക ദൂതനായി നിയമിച്ചു. ആ പദവിയുടെ ഭാമായി ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയും ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൺ മണ്ടേല, കെനിയയുടെ ഡാനിയേൽ ടി അരപ് മോയി, സാംബിയയുടെ ഫ്രെഡറിക് ജെ ടി ചിലുബ തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.
രണ്ടുവട്ടം പ്രസിഡന്റ് സ്ഥാനാർഥി
1984-ലും 1988-ലും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ചരിത്രം രചിച്ച ജാക്‌സന്റെ പ്രചാരണങ്ങൾ അമേരിക്കന്‍ രാഷ്ട്രീയത്തിൽ വഴിത്തിരിവായി. വ്യക്തമായ പുരോഗമന അജണ്ടയും അഭൂതപൂർവമായ സഖ്യം കെട്ടിപ്പടുക്കാനുള്ള കഴിവും ദശലക്ഷക്കണക്കിന് ആളുകളെ രാഷ്ട്രീയ പ്രക്രിയയിൽ അണിചേരാൻ പ്രേരിപ്പിച്ചു. സ്ഥാനാർഥി എന്നതിലുപരി വംശീയമായ വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞ വിപ്ലവകാരിയായി മാറി. ആ പോരാട്ടങ്ങളാണ് രണ്ട് ദശാബ്ദങ്ങൾ കഴിഞ്ഞ് ബരാക് ഒബാമയ്ക്ക് 2008-ല്‍ ആ സ്ഥാനം എത്തിപ്പിടിക്കാനുള്ള അവസ്ഥയുണ്ടാക്കിയതും. ഒബാമയുടെ വിജയം കണ്ട് ചിക്കാഗോയിലെ ആള്‍ക്കൂട്ടത്തിനിടയില്‍ വിതുമ്പിനില്‍ക്കുന്ന ജാക്‌സന്റെ ചിത്രം ചരിത്രത്തിന്റെ ഭാഗമാണ്. ആഫ്രിക്കന്‍-‐അമേരിക്കന്‍ വംശജരില്‍നിന്ന് വെള്ളക്കൊട്ടാരത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഗൗരവമായ വെല്ലുവിളി ഉയര്‍ത്തിയ ആദ്യ നേതാവുമായി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വിധിയെഴുത്തിന്റെ പ്രചാരണ വേളയിൽ ദരിദ്രര്‍ക്കും തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി നിലകൊണ്ടു. വ്യക്തിജീവിതത്തിലെ ചില വിവാദങ്ങളും ഇല്ലിനോയിസിൽ നിന്നുള്ള കോൺഗ്രസ് അംഗമായിരുന്ന മകൻ ജെസ്സി ജാക്സൺ ജൂനിയറിന്റെ രണ്ടര വർഷത്തെ ജയിൽവാസവും തളര്‍ത്തിയെങ്കിലും പോരാട്ടവീര്യം ചോരാതെ അവസാനകാലം വരെ നിലകൊണ്ടു. യഥാർഥ അതികായനെന്ന് ജാക്‌സണെ വിശേഷിപ്പിച്ച മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ആറ് പതിറ്റാണ്ടിലധികം ലോകചരിത്രത്തിലെ ഏറ്റവും പ്രധാന മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായി പറഞ്ഞു. എണ്‍പതുകളില്‍ അദ്ദേഹം നടത്തിയ രണ്ട് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോരാട്ടങ്ങളാണ് തനിക്ക് വൈറ്റ് ഹൗസിലേക്കെത്താനുള്ള അടിത്തറ പാകിയതെന്ന് അനുസ്മരിക്കുകയും ചെയ്‌തു. തങ്ങള്‍ ആ തോളിലേറിയാണ് നിന്നതെന്നും കൂട്ടിച്ചേര്‍ത്തു. മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് വിദ്യാർഥി കാലഘട്ടത്തില്‍ കാറില്‍ ജെസ്സി ജാക്‌സണ്‍ ഫോര്‍ പ്രസിഡന്റ് സ്റ്റിക്കര്‍ ഒട്ടിച്ചു നടന്ന ഓർമകളാണ് പങ്കുവെച്ചത്. നമ്മുടെ ശബ്ദത്തിന് വിലയുണ്ടെന്ന് അദ്ദേഹം ബോധ്യപ്പെടുത്തിയെന്നും വരുംതലമുറയ്ക്കായി പാതകള്‍ വെട്ടിത്തെളിച്ചുവെന്നും അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കറുത്തവർഗക്കാര്‍ക്കും ലാറ്റിനോ വിഭാഗങ്ങള്‍ക്കും താഴ്ന്ന വരുമാനക്കാരായ വെള്ളക്കാര്‍ക്കും വേണ്ടി നടത്തിയ ചരിത്രപരമായ പോരാട്ടങ്ങള്‍ അമേരിക്കയെ മികച്ചതാക്കിയെന്ന് വിശദീകരിക്കുകയുമുണ്ടായി.

ലോകശ്രദ്ധ പിടിച്ചുപറ്റിയ നയതന്ത്ര നീക്കങ്ങള്‍
1984- ൽ വാഷിങ്‌ടൺ ഡിസി ആസ്ഥാനമായി പ്ര നാഷണൽ റെയിൻബോ കോയലിഷൻ എന്ന സാമൂഹിക നീതി സംഘടന സ്ഥാപിച്ച ജാക്‌സൺ രാഷ്ട്രീയ ശാക്തീകരണം, വിദ്യാഭ്യാസം, പൊതുനയം മാറ്റൽ എന്നിവയ്ക്കായി സ്വയം സമർപ്പിച്ചു. 1996 സെപ്‌തംബറിൽ റെയിൻബോ കോയലിഷനും ഓപ്പറേഷൻ പുഷും ലയിച്ച് റെയിൻബോ പുഷ് കോയലിഷൻ രൂപീകരിക്കുകയുണ്ടായി. ആ സംരംഭം രാഷ്ട്രീയത്തിലെ വിവിധ വിഭാഗങ്ങളെ ഒന്നിപ്പിച്ചു. അതിനിടെ ഇസ്രയേല്‍-‐ പലസ്തീന്‍ വിഷയത്തിലും മറ്റും എടുത്ത നിലപാടുകളും ചില പരാമര്‍ശങ്ങളും ജൂത വിഭാഗങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായെങ്കിലും സിറിയ, ഇറാഖ്, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് അമേരിക്കന്‍ തടവുകാരെ മോചിപ്പിക്കാന്‍ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റി. ദേശീയാരോഗ്യ സംരക്ഷണം, മയക്കുമരുന്നിനെതിരായ യുദ്ധം, പലസ്തീനും ഇസ്രയേലിയും തമ്മിലെ നേരിട്ടുള്ള സമാധാന ചർച്ചകൾ, ദക്ഷിണാഫ്രിക്കയിലെ വർണവിവേചനം അവസാനിപ്പിക്കൽ, ഹെയ്തിയിൽ ജനാധിപത്യം മുന്നോട്ട് കൊണ്ടുപോകൽ എന്നിവ പൊതുനയ നിലപാടുകളായി അംഗീകരിക്കപ്പെടുന്നതിന് വളരെ മുമ്പ് അവയ്‌ക്കായി നിലകൊണ്ടു. വളരെയധികം ബഹുമാനിക്കപ്പെടുന്ന വിശ്വസ്തനായ ലോകനേതാവ് എന്ന നിലയിൽ വൈകാരിക സാഹചര്യങ്ങളിൽ അന്താരാഷ്ട്ര നയതന്ത്രജ്ഞനായി ജാക്‌സൺ പലവട്ടം തിളങ്ങിയിട്ടുണ്ട്. 1984-ൽ സിറിയയിൽനിന്ന് പിടിക്കപ്പെട്ട നേവി ലെഫ്റ്റനന്റ് റോബർട്ട് ഗുഡ്മാന്റെ മോചനവും 48 ക്യൂബൻ, ക്യൂബൻ-‐അമേരിക്കൻ തടവുകാരുടെ മോചനവും ഉറപ്പാക്കി. 1990- ൽ സദ്ദാം ഹുസൈൻ കുവൈറ്റിലും ഇറാഖിലും മനുഷ്യ കവചങ്ങളായി തടവിലാക്കിയ ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവന്ന ആദ്യ അമേരിക്കക്കാരനായിരുന്ന അദ്ദേഹം 1999-ൽ കൊസോവോയിൽ ബന്ദികളാക്കിയ യുഎസ് സൈനികരുടെ മോചനത്തെക്കുറിച്ച് ചർച്ച നടത്തി. 2000 ആഗസ്‌തിൽ ലൈബീരിയയിൽ ബ്രിട്ടന്റെ ചാനൽ 4 നെറ്റ്‌വർക്കിനായി പ്രവർത്തിച്ച നാല് പത്രപ്രവർത്തകരുടെ മോചനം ചർച്ച ചെയ്യാൻ മുന്നിട്ടിറങ്ങി. അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്നതിനും മിനിമം വേതനം കൂട്ടുന്നതിനും ഉറക്കെ ശബ്ദമുയർത്തി. മധ്യപൂർവ ദേശത്തും ഏഷ്യയിലും വ്യാപകമായി സഞ്ചരിച്ചിട്ടുണ്ട്. ബ്രസീലിലെ അടിമത്തം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ച കലാപകാരി സുംബിയെ ആദരിക്കുന്നതിൽ ബ്രസീൽ പ്രസിഡന്റ് ഫെർണാണ്ടോ കാർഡോസോയുടെ പ്രത്യേക അതിഥിയായിരുന്നു.1985 നവംബർ രണ്ടിന് ദക്ഷിണാഫ്രിക്കൻ വർണവിവേചനത്തിനെതിരെ പ്രതിഷേധിക്കാനും നെൽസൺ മണ്ടേലയെ മോചിപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും ലണ്ടനിലെ ട്രാഫൽഗർ സ്ക്വയറിൽ നടന്ന ഒന്നേകാൽ ലക്ഷത്തോളം പേർ അണിനിരന്ന പ്രകടനത്തിൽ ഒലിവർ ടാംബോ, ബിഷപ്പ് ട്രെവർ ഹഡിൽസ്റ്റൺ, കെൻ ലിവിങ്‌സ്‌റ്റൺ, ബെർണി ഗ്രാന്റ്, കീത്ത് വാസ്, പോൾ ബോട്ടെങ്, ഡയാൻ അബോട്ട് എന്നിവരോടൊപ്പം ജാക്‌സണും ചേർന്നു. പിന്നീട് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറെ കാണുകയും വർണവിവേചനത്തിനുള്ള ബ്രിട്ടന്റെ പിന്തുണ ഉപേക്ഷിക്കാൻ അഭ്യർഥിക്കുകയും ചെയ്തു. 2003 ഫെബ്രുവരി 16-ന് അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിൽ പ്രതിഷേധിച്ച് പത്തു ലക്ഷത്തിലധികം ആളുകൾ പങ്കെടുത്ത ലണ്ടനിലെ ഹൈഡ് പാർക്ക് റാലിയിലും പ്രധാനന പ്രസംഗകനായി. 2007 ആഗസ്‌ൽ ലണ്ടൻ-, ബ്രിസ്റ്റൾ-, ലിവർപൂൾ-,മാഞ്ചസ്റ്റർ-, ലെസ്റ്റർ-, നോട്ടിങ്‌ഹാം, ബ്രാഡ്‌ഫോർഡ്-,ഷെഫീൽഡ്-, ബർമിങ്‌ഹാം എന്നീ ഒമ്പത് പട്ടണങ്ങളിലൂടെ ബ്രിട്ടനിലെ ചരിത്രപ്രസിദ്ധമായ പര്യടനത്തിൽ പുതിയ സംഘടന ആരംഭിക്കാൻ സഹായിക്കുന്നതിന് ജാക്‌സണെ ക്ഷണിച്ചു. ബ്രിട്ടനിൽ അടിമ വ്യാപാര നിയമം നിർത്തലാക്കുന്നതിന്റെ 200-‐ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു പര്യടനം. സമാപനത്തിൽ, ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ നെൽസൺ മണ്ടേലയുടെ പ്രതിമ അനാച്ഛാദന ചടങ്ങിൽ ജാക്‌സൺ അന്താരാഷ്ട്ര പ്രമുഖരോടൊപ്പം ചേർന്നു. മറ്റ് വിഷയങ്ങളിലും അദ്ദേഹത്തിന്റെ വാദങ്ങൾ അമേരിക്കൻ പൊതുജനങ്ങളെ പുതിയൊരു ബോധതലത്തിലേക്ക് എത്താൻ സഹായിച്ചു. സാർവത്രിക ആരോഗ്യ സംരക്ഷണം, എല്ലാ സമൂഹങ്ങളിലും തുല്യ നീതി, പൗരാവകാശ നിയമങ്ങൾ നടപ്പിലാക്കുന്നതിന് മതിയായ ധനസഹായം, കുറഞ്ഞ സേവനമുള്ള ആഭ്യന്തര സമൂഹങ്ങളിലെ ബിസിനസ് നിക്ഷേപത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തൽ (ക്ലിന്റൺ ഭരണകൂടം ന്യൂ മാർക്കറ്റ്സ് ഇനിഷ്യേറ്റീവ് എന്ന പേരിൽ തെരഞ്ഞെടുത്ത പ്രമേയം) എന്നിവയുൾപ്പെടെ വിവിധ പൊതുനയ വിഷയങ്ങളുടെ മുൻനിര വക്താവായി തുടർന്നു.
എല്ലാവരെയും ഓർമിപ്പിച്ചത് വൺ-ബിഗ്-ടെന്റ്- അമേരിക്ക
വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും എല്ലാവർക്കും ഇടമുള്ളതും ഒരു പരിമിതിയും ഇല്ലാത്തതുമായ വൺ-ബിഗ്-ടെന്റ്- അമേരിക്കയാണ് ജനങ്ങളെന്ന് എല്ലാവരെയും ഓർമിപ്പിച്ച വിശാല നയങ്ങളാണ് ജാക്‌സൺ മുന്നോട്ടുവെച്ചത്. ഭവന പ്രശ്‌നത്തെയും ലോകത്തെ പിടികൂടിയ സാമ്പത്തിക പ്രതിസന്ധിയെയും നേരിടാൻ വായ്പകൾ പുനഃക്രമീകരിക്കുക, വീടുകൾ ജപ്തി ചെയ്യാതിരിക്കൽ തുടങ്ങിയ കാംപെയ്‌ൻ അതിന്റെ അനുബന്ധവും. യുവാക്കളോടുള്ള പ്രതിബദ്ധതയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഒരു മുഖമുദ്ര. ആയിരക്കണക്കിന് ഹൈസ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ തുടങ്ങിയവ സന്ദർശിച്ച് മികവ് പ്രോത്സാഹിപ്പിക്കുകയും പ്രത്യാശ പ്രചോദിപ്പിക്കുകയും യുവാക്കളെ ഉത്സാഹത്തോടെ പഠിക്കാനും മയക്കുമരുന്ന് വിമുക്തരായിരിക്കാനും ഉണർത്തുകയും ചെയ്തു. അമേരിക്കയിലും ലോകമെമ്പാടുമുള്ള തൊഴിലാളി പ്രസ്ഥാനങ്ങളെ ശക്തമായി പിന്തുണച്ച അദ്ദേഹം മറ്റേതൊരു ദേശീയ നേതാവിനെക്കാളും കൂടുതൽ തൊഴിലാളി റാലികളിൽ പ്രസംഗിക്കുകയുമുണ്ടായി. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽ തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കുന്നതിനും യൂണിയനുകളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുമുണ്ട്. 1996-ൽ ജാപ്പനീസ് ഓട്ടോമൊബൈൽ വ്യവസായത്തിലെയും ഇന്തോനേഷ്യയിലെ അത്‌ലറ്റിക് വസ്ത്ര ഫാക്ടറികളിലെയും തൊഴിലാളികളോടുള്ള പെരുമാറ്റത്തെക്കുറിച്ച് അന്വേഷിക്കാൻ ഏഷ്യൻ യാത്രനടത്തി.
2008 ജനുവരിയിൽ ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ 60‐ാം വാർഷികത്തോടനുബന്ധിച്ച് ദില്ലിയിൽ നടന്ന പരിപാടിയിൽ ആ ജീവിതത്തെയും തത്ത്വചിന്തയെയും കുറിച്ച് ജാക്‌സണാണ് മുഖ്യപ്രഭാഷണം നടത്തിയത്. സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത അന്വേഷണത്തിൽ ഗാന്ധിജി പ്രകടിപ്പിച്ച അഹിംസാത്മകവും സമാധാനപരവുമായ പ്രതിഷേധത്തിന്റെ ശക്തിയെ ആഗോളമായി പിന്തുടരേണ്ടതുണ്ട്. മഹാത്മാവ് തനിക്കും മാർട്ടിൻ ലൂഥർ കിങ് ജൂനിയറിനും നെൽസൺ മണ്ടേലയ്ക്കും ആത്മീയ ഗോഡ്ഫാദറാണ് തുടങ്ങിയ അഭിപ്രായപ്രകടനത്തിലൂടെ ആഗോള സമാധാനത്തിനും സാമ്പത്തിക നീതിക്കും വേണ്ടിയുള്ള സുപ്രധാന ശക്തിയായി അദ്ദേഹത്തിന്റെ അഹിംസാ സിദ്ധാന്തത്തെ ജാക്‌സൺ പിന്തുണക്കുകയുമുണ്ടായി. ഗാന്ധി വധത്തിന്റെയും (ജനുവരി 30) മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ വധത്തിന്റെയും (ഏപ്രിൽ നാല് ) അനുസ്മരണത്തെ ബന്ധിപ്പിക്കുന്ന 64 ദിന വാർഷിക പരിപാടിയായ സീസൺ ഫോർ നോൺവയലൻസി’ൽ അദ്ദേഹം പങ്കെടുക്കുകയുമുണ്ടായി. 2014 ഫെബ്രുവരി 25-ന് കൊൽക്കത്തയിലെ നേതാജി ഭവനിലെത്തുകയും സന്ദർശക പുസ്‌തകത്തിൽ “ഗാന്ധിയും ബോസും ചേർന്നാൽ വിമോചനം തുല്യം’ എന്ന് കുറിക്കുകയും ചെയ്തിരുന്നു. പ്രതീക്ഷ നിലനിർത്തുക, ഒരിക്കലും കീഴടങ്ങരുതെന്ന ആഹ്വാനത്തോടെയാണ് ആ കുറിപ്പ് അവസാനിപ്പിച്ചത്.

ജാക്‌സൺ പലപ്പോഴും ചൊല്ലിയ ‘ഐ ആം സംബഡി’ കവിത
കറുത്തവർഗ വിദ്യാർഥികളെ പ്രചോദിപ്പിക്കുന്നതിന് രൂപകൽപ്പനചെയ്‌ത പുഷ്-എക്‌സൽ പരിപാടിയുടെ ഭാഗമായി ഉപയോഗിച്ച ‘ഐ ആം സംബഡി’ കവിത ജാക്‌സൺ പലപ്പോഴും ചൊല്ലുമായിരുന്നു. 1940 കളുടെ ആരംഭത്തിൽ ജോർജിയയിലെ അറ്റ്ലാന്റയിലുള്ള ഗ്രേറ്റർ വീറ്റ് സ്ട്രീറ്റ് ബാപ്റ്റിസ്റ്റ് ചർച്ചിലെ സീനിയർ പാസ്റ്ററും പൗരാവകാശ പ്രവർത്തകനുമായ റെവറന്റ് വില്യം ഹോംസ് ബോർഡേഴ്സ് സീനിയർ സമാനമായ കവിത എഴുതുകയുണ്ടായി. 1972 ആഗസ്‌ത് 20-ന് പ്രശസ്തമായ വാട്ട്സ്റ്റാക്സ് സംഗീതോത്സവത്തിനായി ലോസ് ഏഞ്ചൽസ് കൊളീസിയത്തിൽ ഒത്തുകൂടിയ ജനക്കൂട്ടത്തോടൊപ്പം ജാക്സൺ അത് ആലപിച്ചതും ശ്രദ്ധേയം. 1998-ൽ പുറത്തിറങ്ങിയ ‘ഐ ആം സംബഡി’ പുസ്തകത്തിന്റെ ശീർഷകത്തിന് പ്രചോദനമായതും ആ കവിത. 1992 മുതൽ 2000 വരെ അദ്ദേഹം സിഎൻഎന്നിൽ (കേബിൾ ന്യൂസ് നെറ്റ്‌വർക്ക്) “ബോത്ത് സൈഡ്‌സ് വിത്ത് ജെസ്സി ജാക്‌സൺ പരിപാടി അവതരിപ്പിച്ചുവന്നു. ചിക്കാഗോ ട്രിബ്യൂണിലും ലോസ് ആഞ്ചൽ ടൈംസിലും പ്രതിവാര വിശകലന പംക്തിയും കൈകാര്യം ചെയ്‌തു. സ്‌ട്രെയിറ്റ് ഫ്രം ദി ഹാർട്ട് ( 1987) കീപ്പ് ഹോപ്പ് എലൈവ് (1989), എന്നീ കൃതികളുടെ രചയിതാവുമാണ്. മകൻ ജെസ്സി എൽ ജാക്‌സൺ ജൂനിയറുമായി ചേർന്ന് ലീഗൽ ലിഞ്ചിങ്: റേസിസം, ഇൻജസ്റ്റിസ്, ആൻഡ് ദി ഡെത്ത് പെനാൽറ്റി ( 1996), ഇറ്റ്സ് എബൗട്ട് ദി മണി ( 1999) എന്നീ പുസ്തകങ്ങളും പുറത്തിറക്കി. 2000 ആഗസ്‌ത് ഒമ്പതിന് പ്രസിഡന്റ് ബിൽ ക്ലിന്റൺ, രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സമ്മാനിച്ചു. 1969-ൽ ഒമേഗ സൈ ഫി ഔട്ട്‌സ്റ്റാൻഡിങ് സിറ്റിസൺ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1979-ൽ പിന്നാക്കം നിൽക്കുന്നവർക്കായുള്ള ഏറ്റവും മികച്ച പൊതുസേവനത്തിനുള്ള ജെഫേഴ്സൺ അവാർഡ് ലഭിച്ചു. 1991-ൽ അമേരിക്കൻ വിഗ്-ക്ലിയോസോഫിക് സൊസൈറ്റിയുടെ വിശിഷ്ട പൊതുജനസേവനത്തിനുള്ള ജെയിംസ് മാഡിസൺ പുരസ്‌കാരം നേടി. 1999-ൽ ഇറ്റാലിയൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആർക്കൈവ് ഡിസാർമോ ഗോൾഡൻ ഡൗവ്‌സ് ഫോർ പീസ് ജേണലിസ്റ്റ് അവാർഡ് സമ്മാനിച്ചു.







No Comments yet!