Skip to main content

ഒരു റോഡ് റോളറും സുലൈമാനും കേരളവും

എ.ഐ. വീഡിയോസ് ക്രിയേറ്റ് ചെയ്യുന്നവരുടെ ഒരു ഗ്രൂപ്പിൽ ചെന്നു പെട്ടപ്പോൾ അവിടെ ഉള്ള ചെറുപ്പക്കാരായ കുട്ടികൾ ഓരോരുത്തരും ഓരോ വീഡിയോ ക്രിയേറ്റ് ചെയ്ത് അതിന്റെ ക്രിയേറ്റിവിറ്റിയെ കുറിച്ച് സംസാരിക്കുകയാണ്. സ്വതവേയുള്ള പുച്ഛ മൈൻഡിൽ അത് പോലെ, അതിലും കോമഡി കാണാനുള്ള ചെറിയ സ്പിരിറ്റിൽ എല്ലാവരും കുതിരവട്ടം പാപ്പുവിന്റെ സുലൈമാൻമാരാണല്ലോ എന്ന് ചിന്തിച്ചു പോയി. അവരുടെ വർത്തമാനം താമരശ്ശേരി ചുരം ലൈനിലാണല്ലോ എന്നതാണ് എന്റെ വായന. പക്ഷേ പഴയ ആമയും മുയലും കഥയിലെ പോലെ ഉറങ്ങുന്ന മുയലാണ് ഞാൻ എന്ന് എനിക്ക് കുറച്ചുകഴിഞ്ഞപ്പോൾ സ്വയം മനസ്സിലായി. അതിന്റെ കൂടെ കൂടിയാൽ പുതിയ ലോകത്തിലെ ചില സാധ്യതകളിലേക്ക് കടക്കാം. അല്ലെങ്കിൽ ഇപ്പോൾ ഇരിക്കുന്ന ബസ് സ്റ്റോപ്പിൽ ബീഡിയും വലിച്ച് ഇരിക്കുകയേ ഉള്ളൂ എന്നും തോന്നിപ്പോയി.

ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് ‘വെള്ളാനകളുടെ നാട്’ എന്ന സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ സുലൈമാൻ എന്ന കഥാപാത്രവും, ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന സിനിമയിലെ ഒരു വർക്ക്‌ഷോപ്പിലെ മേസ്തിരിയുടെ കഥാപാത്രവും മനസ്സിൽ വരുന്നത്. ആ രണ്ടു കഥാപാത്രങ്ങളുടെ അപാരമായ ആത്മവിശ്വാസം എനിക്ക് അങ്ങോട്ട് വിട്ടുപോകുന്നില്ല. എന്തായിരിക്കാം ആ ആത്മവിശ്വാസം? കുറെ ആലോചിച്ചപ്പോൾ ഇപ്പോൾ എന്റെ ഗ്രൂപ്പിലെ പിള്ളേർ എ ഐ വീഡിയോസ് നിർമ്മിച്ച് അതിന്റെ ടൂളുകൾ അറിഞ്ഞ് അതിന്റെ ക്രിയേറ്റിവിറ്റിയിലേക്ക് പോകുന്ന ഒരു ആത്മവിശ്വാസം തന്നെയാണ് പപ്പുവിന്റെ കഥാപാത്രങ്ങൾക്കും ഉണ്ടായത് എന്നാണ് എനിക്ക് മനസ്സിലാകുന്നത്. സുലൈമാനെ കോമിക്ക് ആയി മലയാളി കണ്ടത് വേറെ കാര്യം.

‘വെള്ളാനകളുടെ നാട്’ എന്ന സിനിമയിലെ സുലൈമാൻ എന്ന പപ്പുവിന്റെ കഥാപാത്രത്തിന്റെ ഒരൊറ്റ വേർഷൻ മാത്രമേ നമ്മൾ ആ സിനിമയിൽ കാണുന്നുള്ളൂ, ആസ്വദിക്കുന്നുള്ളൂ എന്നു ചിന്തിച്ചാൽ എങ്ങനെ ഇരിക്കും. പക്ഷേ എന്നിട്ടും പപ്പു എന്ന നടനും ആ കഥാപാത്രവും അയാൾ ഒരു തള്ള് മനുഷ്യനാണെങ്കിലും നമുക്ക് ഇഷ്ടപ്പെടുന്ന ഒരു ഐക്കണായി മാറി. നമ്മുടെ സാംസ്കാരികതയിലെ ഒരു പോസിറ്റിവിറ്റിയായാണ് എനിക്ക് അതിനെ കാണാൻ കഴിയുന്നത്. അതിലെ ഒരു നായർ കോൺട്രാക്ടറുടെ പ്രതിസന്ധിയേക്കാൾ പുതിയ റീലുകൾ, എ ഐ വീഡിയോകൾ തുടങ്ങിയവയിലൂടെ സുലൈമാന്റെ പുതിയ രൂപങ്ങൾ ആവിഷ്കരിക്കപ്പെട്ടേക്കാം. പപ്പു എന്ന മനുഷ്യൻ അങ്ങനെ ഒരു വലിയ ചരിത്രം നിർമിക്കുക കൂടെ ആണ്.

ഇപ്പോൾ പല എ ഐ വീഡിയോകളും ഓരോ സിനിമകളിലെ പല കഥാപാത്രങ്ങളുടെയും അവരുടെ സ്പിൻ-ഓഫ് സ്റ്റോറികൾ പുറത്തുവിടുന്നുണ്ട്. അങ്ങനെ സുലൈമാൻ എന്ന പപ്പുവിന്റെ കഥാപാത്രത്തിന്റെ ബാക് സ്റ്റോറി/സ്പിൻ-ഓഫ് സ്റ്റോറി, അല്ലെങ്കിൽ അയാളുടെ മാത്രം ഒരു കഥ കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെടുത്തി പുറത്തുവിട്ടാൽ എങ്ങനെ ആയിരിക്കാം? എനിക്ക് തോന്നുന്നത് അയാൾ ഒരു അപാരമായ മനുഷ്യനായിരുന്നിരിക്കാം.

ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ അവസാനത്തിലാണ് ഗൾഫ് പ്രവാസങ്ങൾ കേരളത്തിൽ നടക്കുന്നത്. സ്വാഭാവികമായും മുസ്ലീങ്ങൾ അത്തരം പ്രവാസങ്ങളിലേക്ക് നീങ്ങി. ദളിതർ അടക്കമുള്ള മറ്റു സമുദായങ്ങളും അത്തരം പ്രവാസങ്ങളിലേക്ക് നീങ്ങി അവരുടെ വികാസം രൂപപ്പെടുകയും ചെയ്തു. കേരളത്തിൽ റോഡ് വികസനം ഉണ്ടായി. വാഹനങ്ങൾ വർധിച്ചു. ഓട്ടോറിക്ഷകളും ടാക്‌സികളും വർധിച്ചു. റോഡ്, വാഹനങ്ങളുമായി ബന്ധപ്പെട്ട സ്‌കിൽഡ് ലേബറുകൾ വർധിച്ചു. സാധാരണ തൊഴിൽ ചെയ്യുന്നവരെ അൺ സ്കിൽഡ് ലേബർ എന്നു വിളിക്കുന്നത് വേറെ കോമഡി. അതിപ്പോ വിടാം.

Vilkkanundu Swapnangal Malayalam Full HD Movie | Sukumaran | Srividya | Mammootty | Sreenivasan

വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന സിനിമയിൽ സുകുമാരൻ ഗൾഫിൽ നിന്ന് തിരിച്ചു വരുമ്പോൾ സ്‌കിൽഡ് ലേബറായ ഒരു ഡ്രൈവറായ മനുഷ്യന് അയാൾ ഗൾഫിലേക്ക് തിരിച്ചു പോകുന്നത് വരെ സ്ഥിരം ഓട്ടം കൊടുക്കുന്നുണ്ട്. അത് ഒരു ഡ്രൈവിങ് എന്ന ‘സ്കിൽഡ്’ തൊഴിൽ സാമ്പത്തീകമായി മാറുന്ന ഒരു പ്രക്രിയ കൂടെ ആണ്. സുലൈമാൻ എന്ന കഥാപാത്രം മുസ്ലീങ്ങളുടെ ഗൾഫ് പ്രവാസം എന്ന സ്ട്രീമിൽ പെടാതെ ഇവിടെ തന്നെ നിന്നുകൊണ്ട് റോഡ് റോളർ എന്ന ഒരു വാഹനത്തിന്റെ ടെക്നിക്കുകളും അതിന്റെ മെക്കാനിസം ടൂളുകളും പഠിച്ചെടുക്കുകയാണ്. ചിലപ്പോൾ അദ്ദേഹം ഗള്ഫിൽ പോയി തിരിച്ചു വന്നതിനു ശേഷമാകാം അങ്ങനെ ഒരു തൊഴിലിലേക്ക് എത്തുന്നത്. ഇത്തരം വാഹനങ്ങളുടെ ടെക്നിക്കാലിറ്റികൾ പഠിച്ചെടുക്കുന്നത് അയാൾക്ക് തന്നെ വലിയ ആത്മാഭിമാനം ഉണ്ടാക്കിയേക്കാം. വെള്ളാനകളുടെ നാട് എന്ന സിനിമയിൽ തന്നെ റോഡ് റോളർ എന്ന വാഹനം വലിക്കാൻ ഉപയോഗിക്കുന്നത് ആനയെയാണ്. ആ മതിൽ തകർക്കുന്നതിന് മുമ്പ് പപ്പു ആ വാഹനത്തിൽ ഇരിക്കുന്നത് ആനപ്പുറത്തിരിക്കുന്നതിനേക്കാൾ അഭിമാനത്തോടെയാണ്.

ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ പ്രവാസങ്ങൾക്കു പുറമെ ഇത്തരം പല തരത്തിലുള്ള തൊഴിലുകളിലൂടെ പൊതുവായ നഗരങ്ങൾ, കവലകൾ തുടങ്ങിയ ഇടങ്ങളിൽ വാഹനങ്ങളുടെ ഡ്രൈവിങ്, മെക്കാനിക് പണി തുടങ്ങിയവ അറിയുന്നതിലൂടെ തങ്ങളുടെ അഭിമാനം വളർത്തിയ കീഴാളരായ, ദളിതരും മുസ്ലീങ്ങളും ഉൾപ്പെട്ട തലമുറ ഉയർന്നുവന്നിരുന്നു എന്ന് വേണം പറയാൻ. ഓട്ടോറിക്ഷ ഡ്രൈവിങ് അറിയുന്നതിലൂടെ ഉപജീവന മാർഗം കണ്ടെത്തുന്നതിലൂടെ, ടാക്സി ഓടിക്കുന്നതിലൂടെ, ലോറി ഓടിക്കുന്നതിലൂടെ, അതുപോലെ സുലൈമാനെ പോലെ റോഡ് റോളർ എന്ന വാഹനത്തിന്റെ ടെക്നിക്കാലിറ്റികൾ അറിയുന്നതിലൂടെ അന്തസായി ജീവിക്കുന്ന ഒരു സാധാരണക്കാരുടെ സമൂഹം ഇവിടെ ഡെവലപ് ചെയ്തിട്ടുണ്ടാകാം.

അതുകൊണ്ടുതന്നെ ആയിരിക്കാം താമരശ്ശേരി ചുരം എന്ന സീൻ നമുക്ക് അപാര കോമഡി (അതൊരു ക്ലാസിക് കൾട്ട് കോമഡി സീൻ തന്നെ ആണ്) ആകുന്നതും സുലൈമാനെ സംബന്ധിച്ചിടത്തോളം അപാരമായ അഭിമാനത്തിന്റെ അനുഭവമാകുന്നതും. റോഡ് റോളർ മറ്റു വാഹനങ്ങളെ പോലെ അല്ല എന്ന് പറഞ്ഞുതന്നെയാണ് സുലൈമാൻ തുടങ്ങുന്നത്. താമരശ്ശേരി ചുരം എന്നൊരു ‘ഹൈ’ വർത്തമാനത്തിലേക്ക് അയാൾ പോകുന്നുണ്ടെങ്കിൽ, ഒരു പക്ഷേ റോഡ് റോളർ എന്ന വ്യത്യസ്തമായ ഒരു വാഹനം കേരളത്തിന്റെ വർക്കിംഗ് കൾച്ചറിന്റെ ചരിത്രത്തിൽ ഒരു രാജാവായി ഇൻട്രഡ്യൂസ് ചെയ്യപ്പെട്ടതും, അയാൾ അതിന്റെ രാജാവാകുന്നതും, അതിന്റെ മെക്കാനിക്കൽ ടൂളുകൾ അറിയുന്നതും ഒക്കെ കൊണ്ടായിരിക്കാം.

Veendum Chila Veetukaryangal (Original Motion Picture Soundtrack) - JioSaavn - Listen to New & Old Indian & English Songs. Anywhere, Anytime.

വീണ്ടും ചില വീട്ടുകാര്യങ്ങളിൽ ഒരു വർക്ക്‌ഷോപ്പിലെ മേസ്തിരിയുടെ പുച്ഛമാണ് പൊളിച്ച് അടുക്കിയത്. ഒരു മിഡിൽ ക്ലാസിൽ നിന്ന് അലക്കി തേച്ച് വരുന്ന ജയറാമിന്റെ “ഇതിലെന്താടാ തീട്ടം പറ്റിയിട്ടുണ്ടോടാ ?” എന്നാണു സ്പാനർ എടുക്കുമ്പോൾ പപ്പുവിന്റെ കഥാപാത്രം ചോദിക്കുന്നത്. ഇവനെക്കൊണ്ടൊന്നും ഇതൊന്നും കൂട്ടിയാൽ കൂടില്ല എന്ന് ആ കഥാപാത്രം പറയുന്നുണ്ട്. വലിയ മോഹങ്ങളുമായി നടക്കുന്ന മനുഷ്യർ പെട്ടെന്ന് ഒരു പ്രതിസന്ധി വന്നാൽ ടെക്നിക്കൽ ടൂളുകളുടെ അറിവിൽ പപ്പുവിന്റെ അടുത്തെത്തുമ്പോഴാണ് അയാളുടെ ജീവിതം ഈ സിനിമയിൽ രക്ഷപ്പെടുന്നത്.

ഈ രണ്ടു കഥാപാത്രങ്ങളും കുതിരവട്ടം പപ്പു എന്ന നടന്റെ ശരീരവുമായി ചേർത്ത് വെക്കുമ്പോഴാണ് പപ്പു എന്ന മനുഷ്യൻ മലയാള സിനിമയിലെ തന്നെ ഏറ്റവും കിടിലൻ നടന്മാരിൽ ഒരാളായി മാറുന്നത്. വെള്ളാനകളുടെ നാട് എന്ന സിനിമയിലെ പപ്പുവിന്റെ ശരീരവും അദ്ദേഹത്തിന്റെ കോമിക്കൽ മൂവ്മെന്റും താമരശ്ശേരി ചുരം എന്ന ഡയലോഗിലെ പെർഫോമൻസും, അതുപോലെ ആ ലുങ്കി മടക്കി കുത്തലും ആ ലുങ്കിയും ഷർട്ടും അടക്കമുള്ള ശരീരം/വേഷം/പെർഫോമൻസ് എന്നീ മൂന്നു തലങ്ങളിലൂടെ അപാരമായ ആ മനുഷ്യൻ പൊളിക്കുന്നു. ആ ശരീരഭാഷയിൽ നിന്ന് വ്യത്യസ്തമായി വേറെ ഒരു തലത്തിൽ വീണ്ടും ചില വീട്ടുകാര്യങ്ങളിലെ മേസ്തിരിയായി പപ്പു മാറുകയും ചെയ്യുന്നു.

കോമഡിയായി കാണുന്ന മനുഷ്യർ ഒരു ഘട്ടത്തിൽ കോമഡി എന്ന അവസ്ഥയിൽ തന്നെ ഒരു സമൂഹത്തിൽ വലിയ ഐക്കണുകളായി മാറുകയും താമരശ്ശേരി ചുരം പോലുള്ള കൾട്ട് കോമഡികളിൽ അത്തരം മനുഷ്യരിൽ വേറെ ഒരു ആൾട്ടർനേറ്റ് ചരിത്രം ഉണ്ടായേക്കാം എന്നൊക്കെ തോന്നിപ്പോയത് കൊണ്ടാണ് ഇത് കുറിച്ചത്. അതുപോലെ അപാ മനുഷ്യരുടെ ശരീരത്തെ മലയാളത്തിൽ ഇത്രയധികം തീപ്പൊരി പോലെ പെർഫോം ചെയ്ത ഗംഭീര അഭിനേതാവാണ് കുതിരവട്ടം പപ്പു. ഗംഭീര നടൻ. ഹാഷ് ടാഗുകളിൽ പോലും താമരശേരി ചുരം എന്ന വാക്കിനെ ഐക്കൺ ആക്കി മാറ്റിയ നടൻ.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.