Skip to main content

മേതിൽ എന്ന വിസ്മയം

Kalpatta Narayanan

മാതൃഭൂമി എന്റെ മാതൃഭൂമിയായത് ആദ്യം ഖസാക്കിന്റെ ഇതിഹാസവും രണ്ടാമത് സൂര്യവംശവും അതില്‍ പ്രത്യക്ഷപ്പെട്ടപ്പോളാണ്. എന്നെ നിര്‍വ്വിശേഷം സ്വാധീനിച്ചു ഈ രണ്ടു കൃതികളും. എന്റെ വേരുകള്‍ നീണ്ടു, എന്റെ മൊട്ടുകള്‍ വിരിഞ്ഞു. ഖസാക്കിന്റെ. രൂപശില്‍പ്പഗരിമ സൂര്യവംശത്തിനില്ലെങ്കിലും വിസ്മയവാക്യങ്ങളുടെ ഒരു ഖനിയായിരുന്നു എനിക്ക് സൂര്യവംശം. വായിക്കുമ്പോള്‍ കണ്ണില്‍ വീഴുന്ന മുടിച്ചുരുള്‍ പോലുള്ള എത്ര വാക്യങ്ങള്‍!ഏതിലയും മധുരിക്കുന്ന കാടുകളില്‍ മേഷക്കിടാവിനെപ്പോലെ സൂര്യവംശത്തിലെ വാക്യങ്ങള്‍ക്കിടയില്‍ ഞാന്‍ മേഞ്ഞു. കെ പി നിര്‍മ്മല്‍കുമാര്‍ ഇന്റലക്ച്ചലി ഡിസ്റ്റര്‍ബ്ബിങ്ങ് എന്നാണ് സൂര്യവംശത്തെ വിശേഷിപ്പിച്ചതെങ്കില്‍ എസ്‌തെറ്റിക്കലി ഡിസാമിങ്ങ് എന്നാണ് എനിക്ക് തോന്നിയത്.എല്ലാം കൊണ്ടും അപ്രതീക്ഷിതമായ ഈ നോവല്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച നിമിഷമായിരുന്നു എംടി യുടെ പത്രാധിപജീവിത
ത്തിലെ സാഹസികതയുടെ മുഹൂര്‍ത്തം. പരമ്പരാഗതമായിരുന്നില്ല അതിലാഗതമായതൊന്നും.

വിജയന്‍ അഭൗമികനുമായിരുന്നെ ങ്കില്‍ മേതില്‍ മുച്ചൂടും ഭൗമികന്‍. മേതില്‍ എന്ന പദത്തിന്‍െ അര്‍ത്ഥം ഭൂമിയെന്നാണെങ്കില്‍ മേതില്‍ രാധാകൃഷ്ണന്‍ ഭൂമിയില്‍ രാധാകൃഷ്ണനാണ്. ഭൂമി തറവാട്ടു പേരായ ഈ സാര്‍വ്വ’ ഭൗമന്‍’ തന്നില്‍ നിക്ഷിപ്തമായ എക്കോളജിക്കല്‍ ജസ്റ്റീസ് ഒരു രചനയിലും വിസ്മരിച്ചില്ല.
അടിമുടി കവിയാണ് മേതില്‍. കവിത എഴുതുമ്പോള്‍ മാത്രമല്ല കഥയോ ഉപന്യാസമോ ഒരുചെറുകുറിപ്പോ എഴുതുമ്പോള്‍ പോലും ‘ആപാദചൂഡം കവിയായ് കാഞ്ഞങ്ങാട്ടു പിറന്നവന്‍ ‘എന്ന അക്കിത്തത്തിന്റെ
വരിയിലെ കാഞ്ഞങ്ങാട്ട് മാറ്റി പാലക്കാട്ടാക്കിയാല്‍ മേതിലായി. പാലക്കാട്ടാകട്ടെ, നെല്ലറ മാത്രമായിരുന്നില്ല പ്രതിഭകളുടെ കലവറയുമായിരുന്നു. മിച്ചമുല്ല്യത്തിന്റെ ധൂര്‍ത്തെന്ന് ഒരു മാര്‍ക്ലിസ്റ്റിന് കൂട്ടിവായിക്കാം. തുഞ്ചന്‍, കുഞ്ചന്‍, വി.കെ.എന്‍, വിജയന്‍, മേതില്‍, ഒളപ്പമണ്ണ, സംഗീതത്തില്‍ ചെമ്പൈ, വാദ്യകലയില്‍ പല്ലാവൂര്‍, പാലക്കാട് മണി അയ്യര്‍… തലയില്‍ ലഹരിയുമായി നില്‍ക്കുന്ന ഒറ്റയാന്മാരായ കരിമ്പനകള്‍. മേതിലിലേക്ക് മാത്രമായി വന്നാല്‍ വാക്യം തോറും കാവ്യലഹരി. ഉരുകിയ മെഴുകുതിരിയില്‍ ഇയാള്‍ കന്യകയുടെ ശിരോവസ്തങ്ങള്‍ വായിച്ചു. നരച്ച രോമത്തില്‍ മരണത്തിന്റെ വേരുകള്‍ വായിച്ചു. ഒച്ചിന്‍ തോടില്‍പഗോഡകള്‍, ബുദ്ധദേവാലയങ്ങള്‍, കണ്ടു. ഞാഞ്ഞൂലില്‍ നൂറു മോതിരവലയങ്ങളണിഞ്ഞ വധുവിനെ ദര്‍ശിച്ചു. കുടം നിറയുമ്പോള്‍
നേര്‍രേഖയാവുന്ന കയര്‍ കണ്ടു മേതിലിലെ കാളിദാസന്‍. മുന്നോട്ടായാനായി പിന്നോക്കം
വെക്കുന്ന കാലില്‍, പിന്നോട്ട് വലിയുന്ന കാഞ്ചിയില്‍, ഞാണിന്റെ പിന്‍വലിയലില്‍ എന്തിന് ശൗചക്രിയയില്‍ പോലും പിന്നോട്ട് പറക്കുന്ന പെന്‍ഗ്വിനെ നിരീക്ഷിച്ച കവി പെന്‍ഗ്വിന്‍ മുന്നോട്ട് പോയാല്‍ ഭൂതത്തിലെ ത്തുമെന്നും കണ്ടു. മുലകള്‍ സൃഷ്ടിച്ചത് നെടുവീര്‍പ്പിടാനാണെന്ന് നിരീക്ഷിച്ചു. അതിരുവിട്ടും മേതില്‍ കവിത സഞ്ചരിക്കുന്നുണ്ട്. കരിങ്കല്ലോളം കഠിനമായ, അഭേദ്യമായ നിശ്ശബ്ദത എനിക്ക് കവിത കൊണ്ട് ഭേദിക്കണമെന്ന് എഴുതുന്നുണ്ട് മേതില്‍.

Renowned writer Methil Radhakrishnan honoured with Mathrubhumi Literary Award 2025

‘കല്ലില്‍ ഞാനൊരു കവാടം തിരയുന്നു / എനി
ക്കൊരു കുമ്പസാരം നടത്തണമെന്നുണ്ട് / ഇനിയും ഇനിയും ഞാന്‍ മുട്ടും’.

മേതിലിന്റെ സീതാകാവ്യം കാണുക, ‘.മൈഥിലി ഒരു വാഗ് ജാലം’ ഉഴവുചാലില്‍ ആവിര്‍ഭവിക്കയാലും അരമന വെടിഞ്ഞ് വനാന്തരങ്ങളില്‍ പാര്‍ക്കയാലും ഒടുവില്‍ ഭൂമി പിളര്‍ന്ന് തിരോഭവിക്കയാലും സീത തനിക്കൊരു എക്കോളജിക്കല്‍ ദേവതയാണ്.

ഈ കാവ്യത്തിന്റെ നിര്‍വ്വഹണം ആശാന്റെ സീതാ നിര്‍വ്വഹണഘട്ടത്തോളം ഉജ്ജലം. സീതയിലെ നിര്‍വ്വഹണഘട്ടത്തില്‍ ആ എക്കോളജിക്കല്‍ ദേവത പറയുന്നു.’ അതിരമ്യബഹിര്‍ജ്ജഗ
ത്തൊടിന്നഥവാ വേര്‍പിരിയേണ്ടതില്ല ഞാന്‍/
ക്ഷിതിയില്‍ തനു ചേരുമെന്‍ മനോ/ രഥമിബ്
ഭംഗികളോടുമൈക്യമാം. ‘മേതിലിന്റെ സീതാ
കാവ്യം അവസാനിക്കുന്നതിങ്ങനെ..’ അടി യില്‍ നീയുണ്ട്/ അതെന്നെ ആശ്വസിപ്പിക്കുന്നു/എന്റെ ഹൃദയത്തിന്റെ നാല്‍ക്കവലയില്‍ ഞാനൊറ്റപ്പെടുമ്പോള്‍/ ചെറുതായി ചെറുതായി വരുന്നൊരു വേരുപോലെ/ചതിക്കുഴിയില്‍പ്പെട്ടൊരു കാല്‍പ്പത്തി പോലെ/ഒപ്പുകടലാസിലേക്ക് മഷി പോലെ/കടയുന്നൊരുകലപ്പ പോലെ/കണ്ണീരും മഴയും പോലെ/എനിക്ക് വരാമല്ലോ.’ആദ്യത്തെ കണ്ണടയില്‍ മേതിലെഴുതുന്നു.’ ആദ്യത്തെ കണ്ണടയുടെ സുഖം / ആദ്യത്തെ പ്രേമത്തിന്റെ സുഖമാകുന്നു/ മങ്ങി രൂപമഴിഞ്ഞ ലിപികള്‍ പെട്ടെന്ന് തെളിഞ്ഞുവരുന്നത്/ മങ്ങിയ രൂപങ്ങള്‍ പെട്ടെന്ന് നൃത്തങ്ങളും ചിത്രശലഭങ്ങളും ആകുന്നത് പോലെയാണ് ‘. ആദ്യത്തെ കണ്ണടയോ പ്രേമമോ തരുന്നതാണ് മേതിലെനിക്ക് തന്നത്.

ഒരാവരണം നീങ്ങി പ്രകൃതി അതിന്റെ ആദിമമായ സൗന്ദര്യം വീണ്ടെടുത്തിരിക്കുന്നു.

‘തുറന്ന കണ്ണകളിലേക്ക് വയലുകളും ആകാശങ്ങളും/ ഒരു കാറ്റുപോലെ പാഞ്ഞു വരുന്നു/ എല്ലാം എല്ലാറ്റിനോടും വിളിച്ചു പറയുന്നു/ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.’
മേതില്‍ കാമുകിയെ കാലാതീതയാക്കുന്നു
‘എന്‍ ചിതോറിന്റെ പത്മിനി’.
ഒന്നുകൂടി കൂടി കവിയാവാനാണ് മേതില്‍ കഥകളോ ഉപന്യാസങളോ എഴുതുന്നതെന്നേ അവയുടെ കണ്ണഞ്ചിക്കുന്ന
ഉടലുകള്‍ നോക്കി കാവ്യപക്ഷ പാതികള്‍ പറയൂ’ മരിച്ചവരുടെ വിജനമായ മുറിയില്‍ വിജന ത കൂടുതലാണ് ‘ എന്നും ‘ കനത്തവയെ കനമില്ലാത്ത പോലെയാക്കാന്‍ സഹായിക്കുന്ന തന്ത്രമാണ് ജീവന്‍’ എന്നോ’ നിലാവില്ലായി
രുന്നെങ്കില്‍ വഴികള്‍ എക്‌സ് റേ ചിത്രത്തിലെ എല്ലുകള്‍ പോലെ തെളിയുമായിരുന്നില്ല ‘എന്നോ ഒക്കെ വര്‍ണ്ണിക്കുക മാത്രമല്ല മേതില്‍.

ചെറുകഥയിലെ ആര്‍ക്കിടെക്റ്റാണു മേതില്‍. എഞ്ചിനീയറാവാന്‍ പിറന്നവന്‍ എന്ന് സ്വയം കുറ്റപ്പെടുത്തുകയോ വാഴ്ത്തുകയോ ചെയ്ത മേതില്‍ ചെറുകഥയിലാണാ മോഹം സാക്ഷാത്ക്കരിച്ചത്. മേതില്‍ കഥയിലല്ലാതെ പണിയാനാവാത്ത, മേതിലിനെ പണിയാനാവാത്ത മായാമന്ദിരങ്ങള്‍ പണിതു. പല നിലയുള്ള മാളികകള്‍. ഇത്രയധികം വളവുതിരിവുകളുള്ള കെട്ടിടങ്ങള്‍ മലയാള ചെറുകഥ പരിചയിച്ചിട്ടേയില്ല. സംഗീതം ഒരു സമയകല, കയറിന്റെ അറ്റം, ഹിച്ച്‌കോക്കിന്റെ ഇടപെടല്‍, മെലിഞ്ഞവരുടെ മനഃശ്ശാസ്ത്രം, നായകന്മാര്‍, ശവപേടകങ്ങളില്‍, എങ്ങനെയൊരു പഴുതാരയെ കൊല്ലാം….. എല്ലാ കഥകളിലും ഈ വാസ്തുവൈഭവം കാണാം. സാധാരണയായി ചെറുകഥ ഒരനുഭവത്തിന്റെ ഇംപ്രൊവൈ സേഷനാണെങ്കില്‍ മേതിലിലത് പലപ്പോഴും ഒരു സ്പാര്‍ക്കിന്റെ ,ഒരു മിന്നലിന്റെ ഇംപ്രൊവൈസേഷനാണ്.’ ഇതിവൃത്തം തേടുന്ന വിശദാംശങ്ങളാണ് എന്റെ കഥകള്‍’. ഒരു സൂക്ഷ്മവിശദാംശത്തില്‍ നിന്ന് ഒരു തീപ്പൊരിയില്‍ നിന്നൊരു കാട്ടുതീ പോലെ അത് വ്യാപിക്കുന്നു. മുലക്കണ്ണിലെ കണ്ണ് ,കണ്ണ് തുറപ്പിച്ച ഒരു നിമിഷത്തിലെ ബോധോദയം ആണ് ‘ ശൈലജയും ലാറസ്പക്ഷികളും’ എന്ന കഥ മുലകളേക്കാള്‍ അഴകുള്ള തുണിക്കടകളിലെ ബൊമ്മകളുടെ മുലകള്‍ക്ക്പ്രകൃതിയുടെ കൈയ്യൊപ്പില്ല എന്ന് കണ്ടപ്പോഴുള്ള മിന്നലില്‍ നിന്ന് കെട്ടിയുയര്‍ത്തിയ ശൈലജയും ലാറസ് പക്ഷിയും എന്ന കഥ. കൗമാരക്കാരിയായ ശൈലജ മുലക്കണ്ണിലൂടെ കാഴ്ചകള്‍ കണ്ടു തുടങ്ങിയതേയുള്ളൂ. അപ്പോഴാണ് കണ്ണില്ലാത്ത, അന്ധകളായ മാനന്‍കിന്നുകളെ കണ്ട് അസ്തപ്രജ്ഞയാകുന്നത്.

രണ്ടേ രണ്ട് കണ്‍കുത്തുകളുപയോഗിച്ച് പ്രേരണയും പ്രീണനവും നടത്തി അതിജീവിക്കുന്ന ലാറസ് പക്ഷികളോടുള്ള
പ്രകൃതിയുടെ കരുതലുമായി മനുഷ്യനിര്‍ര്‍മ്മിതമായ ആ അന്ധമായ മുലകളെ ബന്ധിപ്പിക്കുന്നു മേതില്‍. ജാലവിദ്യക്കാരന്‍ അപ്രത്യക്ഷമാക്കുന്ന വസ്തുക്കള്‍ എവിടെയാണുണ്ടാകുക എന്ന വിസ്മയം വാക്കുകളുടെ മാന്ത്രികനായ ഡെലന്‍ തോമസിലേക്കെത്തുന്നു.’ അന്ന് കളിക്കുമ്പോള്‍ ഞാന്‍ മുകളിലേക്കെറിഞ്ഞ പന്ത്
ഇനിയും ചുവട്ടില്‍ വീണിട്ടില്ല’. റോപ്പ് മാജിക്കുകാരനായ പുലവന്റെ കയര്‍ വഴി മുകളിലേക്ക്
കയറിയ പയ്യന്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല എന്ന് കണ്ട എഴുത്തുകാരന്‍ പാതിരാത്രിയില്‍ ആ കയര്‍ വഴി മുകളിലെത്തുന്നു. അവിടെയതാ അന്തരീ ക്ഷത്തില്‍ പന്തുകളും വടികളും കോപ്പകളും കത്തികളും. കൂട്ടത്തില്‍ ഡൈലന്‍ തോമസിന്റെ പന്തും. അയാളത് പുലവന് എറിഞ്ഞു കൊടുക്കുന്നു. മാന്ത്രികത കവിയില്‍ നിന്ന് പഠിക്കു എന്ന് കാട്ടാനോ? ഭാഷയുടെ മാന്ത്രികതയോട് മജീഷ്യന് ജയിക്കാനാവില്ല എന്ന്കാട്ടാനോ?

തന്റെ സിനിമകളില്‍ സിനിമയുടെ ഉളളടക്കത്തെ അലട്ടാതെ , ഘടനയുടെ ശ്വാസഗതിയെ അലട്ടാതെ, സിനിമയെ ഉണര്‍ത്താതെ ഒരുപ്രത്യേകസന്ദര്‍ഭത്തില്‍ കടന്നു പോവുന്ന ഹിച്ച് കോക്കില്‍ അവിഹിതമായ എന്തോ ഒന്നില്ലേ?
ഒരഗമ്യഗമനം. അമര്‍നാഥ് എന്ന ഗോഡ്ഫാദറും ആരതി എന്ന പിറക്കാ മകളും തമ്മിലുള്ള അവിഹിതമായ താല്‍പ്പര്യത്തില്‍ അതിനൊരു സമാന്തരം ആരായുകയാണ് മേതില്‍, ‘ഹിച്ച് കോക്കിന്റെ ഇടപെടലില്‍’. ഇന്‍സെസ്റ്റിന്റെ സാന്നിദ്ധ്യമുള്ള രതിയില്‍ ദൈവം കൂടുതല്‍ മന്ദഹസിക്കുന്നുണ്ടോ എന്ന അല്‍പ്പം അപകടകരമായ ചിന്തയിലെത്തുന്നുണ്ടാക്കഥ .

മേതിലിന്റെ സ്പര്‍ശിനികളല്ലാം കൂട്ടുത്തരവാദിത്തത്തോടെ പ്രവര്‍ത്തനസ ന്നദ്ധമാവുന്നത് ഉപന്യാസങ്ങളിലാണ്. ചിന്തനവും കവനവും കഥനവും ആലേഖനവും വെവ്വേറെയല്ലാത്ത മേതിലിന്റെ വൈവിദ്ധ്യങ്ങളെല്ലാം ഉപന്യാസങ്ങളില്‍ ഏകോപിതമാവുന്നു. സദാ ഉരുത്തിരിയുന്ന, ഇവോള്‍വ് ചെയ്യുന്ന, മേതില്‍ മനസ്സ് ഉപന്യാസങ്ങളില്‍ ഇച്ഛയുടെ തേരോട്ടം നടത്തുന്നു.

‘ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര ‘ എന്ന കടം കഥയിലെ കുതിരയും പാദരക്ഷയുമുള്ള അഭിമുഖം യാദൃച്ഛികമല്ല എന്ന് അന്വഷിച്ച് കണ്ടെത്തുന്നു മേതില്‍.’ കുതിരകളുടെ വിരലുകളെണ്ണിയാല്‍’ എന്ന ലേഖനത്തില്‍.

ചരിത്രത്തില്‍ അത് വരെ തരണം ചെയ്യാത്തത് തരണം ചെയ്യാന്‍ മനുഷ്യന്‍ കുതിരക്കു ളമ്പുകളുപയോഗിച്ചു. മേതിലെഴുതുന്നു ‘ഷൂവുകള്‍ ധരിക്കുന്നവരില്‍ നിന്ന് കുതിരക്കുളമ്പിലേക്ക് കടന്നാല്‍ തോന്നും ഒരു ഫ്യൂച്ചറിസ്റ്റ് ഫാഷന്‍ ഡിസൈനറുടെ സൃഷ്ടിയല്ലേ കുതിരക്കുളമ്പ് ?കുതിരകളില്‍ നിന്ന് ഷൂവിലേക്ക് കടന്നാല്‍ തോന്നും കുളമ്പുകളല്ലേ നമ്മുടെ പാദരക്ഷകളുടെ ആദ്യപ്രചോദനം.?’ കുളമ്പില്‍ നിന്നും ഷുവിലേക്കുള്ള യാത്ര കുതിരവേഗത്തില്‍ ഗോല്‍ഗോതയിലോളം ചെല്ലുന്നു.’ ചരിത്രത്തിന്റെ ലാടം എന്നേക്കുമാ
യി കുളമ്പില്‍ തറയ്ക്കപ്പെടുന്നു.’ ബഹുശിഖരമാര്‍ന്ന മേതിലിന്റെ ഈദൃശരച
നകളെ ഉപന്യാസങ്ങളെന്നോ പ്രബന്ധങ്ങള്ളെന്നോ വിളിച്ചാല്‍ മതിയാവുമോ? പ്രേമലേഖനം എന്ന സമസ്ത പദഞ്ഞില്‍ ഒരുമിച്ച് കഴിഞ്ഞതിന്റെ പരിചയമുള്ള ലേഖനം എന്ന പദമാവാം പ്രേമപൂര്‍വ്വം എഴുതപ്പെട്ട ഈ രചനകള്‍ക്ക് ഉപന്യാസത്തേക്കാള്‍ പ്രബന്ധത്തേക്കിക്കാള്‍ ഇണങ്ങുക.

നിലവിലുള്ള പ്രവണത അതേ പടി തു ടരുകയാണെങ്കില്‍ 2156 ഒളിമ്പിക്‌സില്‍ ആണിനേക്കാള്‍ വേഗത്തിലോടുക പെണ്ണായി രിക്കുമെന്ന് ‘ പെണ്‍പാച്ചില്‍, ഒരു പ്രവചനം ‘ എന്ന ലേഖനത്തില്‍ മേതില്‍ പ്രവസിക്കുന്നു.
ഒളിമ്പിക് താരകള്‍ പെണ്‍പാച്ചിലിന്റെ ഐതിഹാസിക രേഖാദേദനം കാത്തുകിടക്കു
കയാണ്’. ‘ ഞാന്‍ പറയുക, കാലാന്തരത്തില്‍ സ്ത്രീപുരുഷ വ്യത്യാസം ഒളിമ്പിക്ക് താരകളില്‍നിന്ന് തിരോഭവിക്കും.. റെക്കാര്‍ഡുകള്‍ നോക്കിയാലറിയാം, റെക്കാര്‍ഡുകള്‍ പുരുഷന്‍ പിന്നീടുന്നതിനേക്കാള്‍ പലമടങ്ങു വേഗത്തി
ലാണ് സ്ത്രീ പിന്നിടുന്നത്. ഓടുമ്പോഴും ചാടുമ്പോഴും പുരുഷനെ പിന്നിലാക്കുക എന്ന ചരിത്രപരമായ നിയോഗം കൂടി അവളെ ഊര്‍ജ്ജസ്വലയാക്കുന്നുണ്ട്. ക്രിക്കറ്റില്‍ നാമത് കണ്ടു തുടങ്ങി. ഗ്യാലറികള്‍ നിറഞ്ഞു
തുടങ്ങി. ബുദ്ധിമതിളൊയ സ്ത്രീകളാണ് മേതിലിന്റെ അഡ്രസ്സിയെന്നത് ശ്രദ്ധേയം.

ബ്രില്യന്റ് ആയ ഒരു പെണ്‍കുട്ടിയായിരുന്നു മേതിലിന്റെ അഡ്രസ്സി എന്ന് പീലി വിടര്‍തി യാടുന്ന ആ രചനകള്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ കഥകളിലെ സ്ത്രീകഥാപാത്രങ്ങള്‍ അവരുടെ പ്രബുദ്ധകൊണ്ടത് പ്രഖ്യാപിക്കുന്നുണ്ട്.. ‘കെയ്‌സെറ സെറ ‘എന്ന മേതിലിന്റെ പംക്തി അഡ്രസ്സ് ചെയ്യുന്നത് മിടുക്കിയായ ബബിതയെയാണ്.
കുറ്റാന്വേഷണവാസന ഒരു ജന്മവാസന യാണോ? സോഫോക്‌ളിസിന്റെ ഈഡിപ്പസ്
റെക്‌സ് ഒരു കുറ്റാന്വേഷണകഥയാണെന്നും കഥാനായകന്‍ താന്‍ തന്നെയാണ് കുറ്റവാളി എന്ത് ഒടുവില്‍ കണ്ടെത്തുകയാണെന്നും ബോര്‍ഹെസ് എഴുതുന്നുണ്ട്. ഈഡിപ്പസ്സില്‍ ജന്മ നാപരിക്ക് പറ്റിയ മനുഷ്യനുണ്ട് എന്ന് ഫ്‌റോയിഡ് കണ്ടെത്തുന്നുമുണ്ട്.മേതില്‍ രചനകളുടെ ആദ്യ അവതാരമായ സൂര്യവംശം ഒരു കറ്റാന്വേഷണകഥ. ഒരു തുമ്പില്‍ നിന്നുള്ള തുടരന്വേഷണങ്ങള്‍ ആണ് മേതിലിന്റെ പലകഥകളും . തെളിവുകളെ ബന്ധിപ്പിക്കുന്നതില്‍ മേതിലിനുള്ള പാടവത്തില്‍ ഒരു സമര്‍ത്ഥനായ കുറ്റാന്വേഷകനുണ്ട്. യാദൃച്ഛികകതകള്‍ ഇല്ലെന്നാണ് കുറ്റാന്വേഷകന്‍ കരുതുന്നതൊരു വാക്യമുണ്ട് മേതിലില്‍ . കേസ് തെളിഞ്ഞുവരുമ്പോള്‍ യാദൃച്ഛികമെന്ന് കരുത
പ്പെട്ടതെല്ലാം ആസുത്രിതമായിരുന്നെന്ന് തെളിയുന്നു. യാദൃച്ഛികതകള്ള അതിജീവിക്കാനാണ് മതങ്ങള്‍ ദൈവത്തെ കണ്ടുപിടിച്ചത് എങ്കില്‍ ഈ സ്രഷ്ടാവ് കഥാപാത്രങ്ങളെ പടച്ചതും അതിനു വേണ്ടി. നിരീക്ഷണ ങളും നിഗമനങ്ങളും പ്രധാനമായ ലേഖനങ്ങ ളെല്ലാം കുറ്റാന്വേഷണ പരിശ്രമങ്ങള്‍.. കുറ്റാന്വേഷണത്തിന്റെ ഘടന മേതിലിന്റെ ഏതാണ്ടെല്ലാ രചനകളും പിന്തുടന്നു.

അത്ഭുതകരം എന്ന വാക്കില്‍ അത്ഭുതം പ്രവര്‍ത്തിക്കുന്ന കരം എന്ന അര്‍ത്ഥമുണ്ടെന്ന് ബഷീറും മേതിലുമാണെന്നെ ധരിപ്പിച്ചത്. തനിക്കല്ലാതെ മെരുക്കാനാവാത്ത കുതിരപ്പുറത്തേ മേതിലിനെ ഞാന്‍ കണ്ടിട്ടുള്ളു. മഞ്ഞയെ, നിറങ്ങളില്‍ വെച്ച് കാട്ടുകുതിരയായ മഞ്ഞയെ, അദ്ദേഹം മെരുക്കിയെടുത്തു എന്ന് വാന്‍ഗോഗിനെപ്പറ്റി മേതില്‍
എഴുതിയിട്ടുണ്ടു്.’ ഞാനല്ലാതെ മതിയാകയി ല്ലെന്നും നൂനം’ എന്ന ദുര്‍വിധി മൂലം ഞാനെഴുതുകയാണ് എന്ന് രാമപുരത്തുവാരിയെഴുതിയതും ഓര്‍ക്കുന്നു..

വിചിത്രവും മൗലികവുമാണ് മേതില്‍ . ചിത്രത്തിന് ചിത്രമെന്നും ആശ്ചര്യമെന്നും അര്‍ത്ഥം. ‘എത്രയും ചിത്രം ചിത്രം ‘എന്ന് എഴുത്തച്ഛന്‍ . ജീവിതത്തിന്റെ ആച്ഛര്യമാവിഷ്‌കരിച്ച പ്രതലം എന്ന് അരിസ് ട്ടോട്ടലി
നെ ആദരിച്ചു കൊണ്ട് ചിത്രത്തെപ്പറ്റി പറയാം.

മേതിലും ചിത്രവഴിയിലാണ്. കവിതയിലും കഥയിലും ഉപന്യാസത്തിലുമെല്ലാം മേതില്‍. വര്‍ണ്ണിക്കുകയാണ്. ‘കളറായിട്ടുണ്ട് ‘ എന്ന് പുതിയ കാലം പറയുന്നുണ്ടല്ലോ. മേതിലിന്റെ ആഖ്യാന തലവും വര്‍ണ്ണനകളാണ്. ആണ്‍മയില്‍ തന്റെ അഭിലാഷത്തെ , പ്രമേയത്തെ, വര്‍ണ്ണിക്കുമ്പോലെ. മേതിലിന്റെ മയിലാട്ടവും വ്യത്യസ്തമല്ല എന്ന് കാണാം. ബുദ്ധിമതിയായ ഒരിണയോടുള്ള ഇന്റലക്ച്ചല്‍ഫ്‌ളെര്‍ട്ടിങ്ങ് ആണീ മേതില്‍മയിലാട്ടങ്ങള്‍ എന്നെനിക്ക് തോന്നുന്നു. മൗലികം എന്നാല്‍ റാഡിക്കല്‍ , വേരുകളുള്ളത് എന്ന് പറയാം. വേരുകള്‍ സസ്യത്തിന്
മനുഷ്യന് ഓര്‍മ്മകള്‍ പോലെ ഒരു ഗ്യാരന്റി. വിചിത്രവും മൗലികവുമായ ഈ രചനകള്‍ എന്തുകൊണ്ട് ജനകീയമായില്ലെന്ന് ഇനി ആലോചിക്കാം.

മേതില്‍ അപൂര്‍വ്വ ഭംഗിയുള്ള ധാരാളം കവിതകളെഴുതിയിട്ടുണ്ട്. എങ്കിലും കവികളുടെലിസ്റ്റില്‍ അയാളില്ല. ലോകോത്തരങ്ങളായ കഥ കളെഴുതിട്ടുണ്ട്. കഥാകൃത്തുകളുടെ ലിസ്റ്റില്‍ അയാളില്ല. അസാധാരണങ്ങളായ നിരവധി
ഉപന്യാസങ്ങള്‍ എഴുതിട്ടുണ്ട്. മലയാളി വലിയൊരുപന്യാസകാരനായി മേതിലിനെ കൂട്ടിയിട്ടില്ല. ഒരു ലിസ്റ്റിലും മേതില്‍ പെട്ടില്ല. പുതുതായൊന്നും കാണാനാവാത്ത, ശീലങ്ങളിലുറച്ച് പോയ, കണ്ടതേ കാണു എന്ന
കരാറില്‍ എന്നോ ഒപ്പിട്ടു പോയ നിരൂപകരുടെ മുന്നില്‍ മറഞ്ഞിരിക്കാന്‍ ഒരു തിരസ്‌ക്ക
രിണിയും വേണ്ട. ഭാവുകത്വപരമായ അന്ധത അവര്‍ക്കുണ്ടായാല്‍ മതി. കളര്‍ബ്‌ളൈന്‍ഡ്‌നസ്സ് ഒരു കുറ്റമല്ല.പക്ഷെ ഒരയോഗ്യതയാണ്. മേതില്‍ ബ്‌ളൈന്റ്‌നസ്സും ഒരു കുറ്റമല്ല, ഒരു പോരായ്മയാണ്.

മേതിൽ രാധാകൃഷ്ണൻ: ജിജ്ഞാസയും ദർശനവും നിറഞ്ഞ എഴുത്തുജീവിതം | Maythil Radhakrishnan: The Curious Genius of Malayalam Literature | Mathrubhumi

അക്കിത്തത്തിന്റെ വരിയില്‍ ഇതിനുള്ള സമാധാനമുണ്ട്.’ നിന്നെക്കൊന്നവര്‍ കൊന്നൂ പൂവേ തന്നുടെ തന്നുടെ മോക്ഷത്തെ’. മേതിലിലെ സ്പര്‍ശിനികളുടെ ധാരാളിത്തം പരിമിത ശേഷികളായ വായനക്കാരെ അകറ്റു ന്നതാവാം.കോവിഡ് കാല നിഷ്ഠയുടെ ഭാഗമായി കൈകഴുകുമ്പോള്‍ വിരലുകളുടെ പ്രദക്ഷിണത്തില്‍ മേതിലിന് തോന്നുന്നുണ്ട് തനിക്കൊരു ഒക്ടോപ്പസ്സിന് , നീരാളിക്ക് , കൈ കൊടുക്കാനാവുമെന്ന്. സ്പര്‍ശിനികളുടെ ധാരാളിത്തം ഒറ്റക്കെ മാത്രം ഒഴിവുള്ള സാമാന്യ മലയാളിയെ മേതിലിന് കൈ കൊടുക്കാന്‍ പറ്റാതാക്കിയതാവാം . മേതിലിന് പലരുചികളുണ്ട്. ആഭിമുഖ്യങ്ങളുണ്ട്. കവിത തത്ത്വചിന്ത, മിഥോളജി, ചരിത്രം, നരവംശശാസ്ത്രം, ശാസ്ത്രം , സ്‌പോര്‍ട്ട്‌സ്, പരിസ്ഥിതി, സംഗീതം ഇങ്ങനെ. ഇതില്‍ നിന്നെല്ലാമുള്ള അടിയൊഴുക്കുകള്‍ മേതിലില്‍ ഏകോപിക്കപെടുന്നു. പങ്കിട്ടനുഭവിക്കാന്‍ ശേഷിയില്ലാത്തവര്‍ പുറത്ത് നില്‍ക്കേണ്ടി വരുന്നു.

അനുചരന്മാരെ വേണ്ട സഹപ്രവര്‍ത്തകരേയേ വേണ്ടു എന്ന് നീറ്റ്‌ഷെ പറയുന്നു. മേതിലും രചനകള്‍ വഴി അത് തന്നെ പറയുന്നു. വായന രചനയാക്കുന്നു മേതില്‍. വായനക്കാരനിലെ സര്‍ഗ്ഗാത്മകതയുടെ ആവിഷ്‌ക്കാരത്തിന്റെ അനുപാതാധിക്യം മേതില്‍ വായനയെ ലഹരിയാക്കുന്നു. മേതില്‍ അങ്ങനെയാണ് , അത്ര സര്‍ഗ്ഗാത്മകമായാണ് താന്‍ വായിച്ചതൊക്കെ വായിച്ചത് എന്നതാണതിന് കാരണം. നിങ്ങളും ഞാന്‍ പിന്തുടര്‍ന്ന പോലെ എന്നെ പിന്തുടരുക. ഉള്ളടക്കവാദിയല്ല രൂപവാദിയാണ് മേതില്‍.’ ആ കത്തുകകളിലേ നിങ്ങള്‍ക്ക് കഴിയു .അര്‍ത്ഥമറിയാന്‍, ഞാന്‍ അംശങ്ങളുടെയുംശിഷ്ടങ്ങളുടേയും കവി’. അപ്രമേയങ്ങളായ പ്രമേയങ്ങള്‍, അചിന്ത്യമായിരുന്ന ചിന്തനങ്ങള്‍ . അസാദ്ധ്യം എന്നതാണ് ഭൂമിയിലെ ഏറ്റവും മികച്ച അഭിനന്ദന പദം.

Methil You are Impossible! നന്ദി!!

(മാതൃഭൂമി സാഹിത്യ അവാര്‍ഡ് മേതിലിന് നല്‍കിയ ചടങ്ങില്‍ ചെയ്ത പ്രഭാഷണം)

No Comments yet!

Your Email address will not be published.