Skip to main content

മാർച്ച് 6: കേരളത്തിന്റെ ബാബാ സാഹിബ് സഹോദരൻ അയ്യപ്പൻ ഓർമ്മദിനം

 

സഹോദരൻ അയ്യപ്പനെ കുറിച്ച് അനുസ്മരിക്കുന്ന എല്ലാവരും എഴുതാറ് 1917 ലെ പ്രസിദ്ധമായ മിശ്രഭോജനത്തെ കുറിച്ചാണ്. സഹോദര സംഘം രൂപം കൊണ്ട് ഒരു മാസത്തിന് ശേഷമാണ് മിശ്രഭോജനം നടക്കുന്നത്. തുടർന്ന് ഒരു മൂന്ന് വർഷത്തോളം സഹോദര സംഘക്കാർ പല സ്ഥലങ്ങളിലും മിശ്രഭോജനവും ജാതിരാക്ഷസ ദഹന പരിപാടികളും നടത്തിയിരുന്നു.
നാലാം വർഷം ഗുരു ആലുവയിൽ സംഘടിപ്പിച്ചതിനേക്കാൾ പ്രസക്തമായ ഒരു മഹാ സമ്മേളനവും അവർ കേരളത്തിൽ സംഘടിപ്പിച്ചിരുന്നു. പക്ഷേ ആ സമ്മേളനം ജാതിക്കും മതത്തിനും ദൈവത്തിനും എതിരെ ആയിരുന്നു എന്നതുകൊണ്ട് സർവമത സമ്മേളനത്തെക്കുറിച്ച് വാചാലരാകുന്നവർ ഈ സമ്മേളനത്തെ കുറിച്ച് ബോധപൂർവം തന്നെ മൗനം പാലിക്കാറാണ് പതിവ്. രണ്ടും രണ്ട് സംഘടനകളാണ് നടത്തിയതെങ്കിലും രണ്ടും നാരയണഗുരുവിന്റെ ആശീർവാദത്തോടെ തന്നെയാണ് നടന്നത്. രണ്ടും നടന്നത് ആലുവയിൽ വെച്ച് തന്നെയാണ്. 1921ൽ ‘സാഹോദര്യം പുലരാൻ വർണ്ണാശ്രമ ധർമ്മം വലിച്ചെറിയുക’ എന്ന മുദ്രാവാക്യവുമായിസഹോദര സംഘം “സമസ്ത കേരള സഹോദര സമ്മേളനം” നടത്തിയതും ആലുവയിൽ വെച്ചുതന്നെയാണ്. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാനല്ല ആ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പെരിയാർ ആദ്യമായി കൊച്ചിയിൽ വരുന്നതെന്ന് പെരിയാർ തന്നെ എഴുതിയിട്ടുണ്ട്. തിരുവിതാംകൂറിൽ ആദ്യമായി വരുന്നത് വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാനായിരുന്നു എന്ന്.

സമ്മേളന പന്തലിന്റെ കവാടത്തിൽ ”സാഹോദര്യം സർവത്ര” എന്നൊരു സൂക്തം എഴുതിവെച്ചിരുന്നു. അത് ഗുരു പറഞ്ഞുകൊടുത്ത സൂക്തമാണ്. ഗുരു ഒരു വശത്ത് ഭക്തശിരോമണികൾക്കൊപ്പം നിൽക്കുമ്പോൾ മറുവശത്ത് യുക്തിവാദികൾക്കൊപ്പവും നിന്നിരുന്നു. അതുകൊണ്ടാണ് അന്നത്തെ ഇന്റലക്ച്വൽസ് എല്ലാം ഗുരുവിന്റെ ശിഷ്യന്മാർ ആയത്. സഹോദര സംഘത്തിന്റെ മുദ്രാവാക്യം തന്നെ “ജാതി നാശത്ത്ക്ക് ജയ്, മത നാശത്തുക്ക് ജയ്, ദൈവ നാശത്തുക്ക് ജയ്” എന്നതായിരുന്നു. ആ സമ്മേളനത്തെക്കുറിച്ച് മിതവാദി പത്രികയും കെ സി കുട്ടന്റെ ‘കരപ്പുറം’ മാസികയും സഹോദരൻ പത്രവും കേരള കൗമുദിയും സ്‌പെഷ്യൽ പതിപ്പിറക്കിയിരുന്നു. ആലപ്പുഴയിലാണ് കൊച്ചി കഴിഞ്ഞാൽ സഹോദരസംഘക്കാർ ഏറ്റവും കൂടുതൽ ഉണ്ടായിരുന്നതും ശക്തമായിരുന്നതും. അവരൊക്കെത്തന്നെയാണ് പിന്നീട് ആലപ്പുഴയിലെ കമ്യൂണിസ്റ്റ് നേതാക്കളായി മാറിയവരിൽ അധികവും,

ആലുവയിലെ സഹോദര സമ്മേളനത്തിൽ നടത്തിയ സുഗതൻ സാറിന്റെ പ്രസംഗം കരപ്പുറം മാസികയിൽ നിന്നും ആർ സുഗതൻ ഷഷ്ഠിപൂർത്തി സോവനീറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പെരിയാർ, കെപി വള്ളോൻ, എം സി ജോസഫ്. മിതവാദി കൃഷ്ണൻ. പിപിആന്റണി, സിവി കുഞ്ഞിരാമൻ, രാമവർമ്മ തമ്പാൻ, പനമ്പള്ളി ഗോവിന്ദമേനോൻ, ആർ സുഗതൻ, സി. കേശവൻ തുടങ്ങിയവർ പ്രസംഗിച്ചിരുന്നു. ആലുവയിലെ സർവമതസമ്മേളനം ഹിന്ദുത്വവാദികൾ കുളമാക്കുകയും ഗുരുവിനെ സങ്കടത്തിലാക്കുകയുമാണ് ചെയ്തതെങ്കിൽ സഹോദര സമ്മേളനം എല്ലാ അർത്ഥത്തിലും വിജയമായിരുന്നു, ആ സമ്മളനത്തിന്റെ വിജയമാണ് ഗുരുവിനെ സർവ്വമത സമ്മേളനം നടത്താൻ പ്രേരിപ്പിച്ച ഒരു ഘടകവും. എന്നാൽ സമ്മേളനത്തിലെ പരിഭാഷകന്മാർ ആയിരുന്ന ടികെ മാധവനും സഹോദരൻ അയ്യപ്പനുമൊക്കെ പരിഭാഷ മതിയാക്കി വേദിയിൽനിന്നും ഇറങ്ങിപ്പോകുകയായിരുന്നു ചെയ്തത്!

കരപ്പുറം മാസികയിൽ മൂലൂർ നിരവധി കവിതകൾ എഴുതിയിട്ടുണ്ട്. അതിൽ ഒരു കവിതയുടെ പേര് തന്നെ “സാഹോദര്യം” എന്നായിരുന്നു. ഗുരുവിനെ വൈക്കത്ത് വെച്ച് ബ്രാഹ്മണർ റിക്ഷാവണ്ടിയിൽ നിന്നിറക്കിവിട്ടതിനെ കുറിച്ചുള്ള കവിതയും കരപ്പുറം മാസികയിലാണ് ആദ്യമായി അച്ചടിച്ചുവന്നത്. 1917 ഏപ്രിൽ 29 ന് ആയിരുന്നു കൊച്ചിയിൽ കെ. അയ്യപ്പൻ സഹോദര സംഘത്തിന് രൂപം നൽകിയത്. അതായത് നാരായണഗുരു ജാതിയും മതവുമെല്ലാം ഉപേക്ഷിച്ചതിന്റെ ഒന്നാം വാർഷിക ദിവസം. മിശ്ര ഭോജനം, മിശ്രവിവാഹം, അധ:കൃതവർഗോദ്ധാരണം, സ്ഥിതിസമത്വവാദം ജാതി നശീകരണം എന്നിവയായിരുന്നു സഹോദര സംഘത്തിന്റെ പ്രവർത്തന പരിപാടികൾ. ഈ സംഘത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ഒരുമാസത്തിന് ശേഷം 1917 മെയ് 29-ന് ആയിരുന്നു ചെറായിയിൽ സാമൂഹ്യവിപ്ളവ രുചിയുള്ള ‘മിശ്രഭോജനം’ നടന്നത്.

മിശ്രഭോജനം സഹോദരനയ്യപ്പന് നേടിക്കൊടുത്തത് പുലയൻ അയ്യപ്പനെന്ന ബഹുമതിയാണ്. പക്ഷേ, അദ്ദേഹം എല്ലാ വിമർശനങ്ങളെയും ധീരമായി നേരിട്ടു. അദ്ദേഹത്തോടൊപ്പം മിശ്രഭോജനത്തിൽ പങ്കെടുത്ത ഈഴവരെയെല്ലാം ‘പുല ചോകോന്മാർ’ ആക്കി സമുദായ ഭ്രഷ്ട് കൽപ്പിച്ച് ചെറായിയിലെ വിജ്ഞാനവർദ്ധിനി സഭ പുറത്താക്കി. കുമാരൻ ആശാൻ ഉൾപ്പെടെ അയ്യപ്പനെതിരെ വിവേകോദയത്തിൽ എഡിറ്റോറിയൽ എഴുതി. 10 വർഷത്തിന് ശേഷമാണ് സമുദായ ഭ്രഷ്ട് മാറ്റിയത്. ശാരീരികമായി വരെ അയ്യപ്പൻ ആക്രമിക്കപ്പെട്ടു. ഗുരു മാത്രമേ അയ്യപ്പന്റെ കൂടെ നിന്നുള്ളൂ.

പുലയ സമുദായത്തിൽ പെട്ട ചെറായി പള്ളിപ്പുറത്തുള്ള കോരശ്ശേരി വീട്ടിലെ അയ്യരും മകൻ കണ്ണനും ആണ് മിശ്രഭോജനത്തിൽ പങ്കെടുത്തത്. മിശ്രഭോജനം എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിലുള്ളതുപോലെ പന്തിയിൽ ഒരുമിച്ചിരുത്തി ഉണ്ണുകയായിരുന്നില്ല സഹോദരൻ ചെയ്തത്. ഒരു പടികൂടി കടന്ന് സഹോദര സംഘക്കാർ സമ്മേളനം നടത്തിയശേഷം ഈ കോരാശ്ശേരി കണ്ണൻ കറി കൂട്ടി കുഴച്ച ചോറ് ആ ഇലയിൽ നിന്ന് അയ്യപ്പനും സുഹൃത്തുക്കളും എടുത്ത് കഴിക്കുകയായിരുന്നു. ഭോജനത്തെ എങ്ങനെ മനുഷ്യരെ ഒരുമിപ്പിക്കാൻ വിനിയോഗിക്കാമെന്ന് ആ സംഭവം കേരളത്തിന് കാട്ടിക്കൊടുത്തു. അല്ലാതെ അത് വെറുമൊരു പന്തിഭോജനം ആയിരുന്നില്ല, സഹോദരന്റെ മിശ്രഭോജത്തിന് മുൻപും ശേഷവും വേറെയും പന്തിഭോജനങ്ങളൊക്കെ നടന്നിട്ടുണ്ടെങ്കിലും സഹോദരൻ നടത്തിയ ഇടപെടലിനെ അവയൊന്നുമായി താരതമ്യപ്പെടുത്താവുന്നതല്ലാതാക്കുന്നത് അതാണ്.

മിശ്രഭോജനത്തിനു ശേഷം സഹോദരൻ അയ്യപ്പൻ അതിൽ പങ്കെടുത്തവരെക്കൊണ്ട് ഒരു പ്രതിജ്ഞ കൂടി ചെയ്യിച്ചിരുന്നു. സഹോദരന് മുൻപോ ശേഷമോ നടന്ന പന്തിഭോജന സദ്യകളിലൊന്നും ആരും ഇങ്ങനൊരു പ്രതിജ്ഞ ചൊല്ലിച്ചിരുന്നില്ല. ഇന്ന് ആ പ്രതിജ്ഞക്കാണ് പ്രസക്തി സദ്യക്കല്ല. പ്രതിജ്ഞാ വാചകം ശ്രദ്ധിച്ചു വായിച്ചാൽ മനസിലാകും ഇത് മറ്റു പന്തിഭോജനങ്ങളുടെ ഗണത്തിൽ പെട്ടത് ആയിരുന്നില്ല എന്ന്. ”ജാതിവ്യത്യാസം ശാസ്ത്രവിരുദ്ധവും ദോഷകരവും അനാവശ്യവും മനുഷ്യത്വ വിരുദ്ധവും ആയതുകൊണ്ട് അതിനെ ഇല്ലാതാക്കാൻ നിയമവിരുദ്ധമല്ലാത്ത വിധം എന്നാൽ കഴിയുന്നതൊക്കെ ഞാൻ ചെയ്യുന്നതാണ്” എന്നായിരുന്നു പ്രതിജ്ഞാവാചകം.

“ജാതിവ്യത്യാസം ശാസ്ത്രവിരുദ്ധമാണ്” അയ്യപ്പൻ സയൻസുമായി അതിനെ ലിങ്ക് ചെയ്തുകൊണ്ട്. സയൻസിന്റെ രീതിശാസ്ത്രത്തിലൂടെ പരിശോധിക്കുമ്പോൾ ജാതി വ്യത്യാസം സമ്പൂർണ്ണ അസംബന്ധവും മനുഷ്യവിരുദ്ധവും ആണ് എന്നാണ് പ്രതിജ്ഞ ചെയ്യിക്കുന്നത്, ദൈവത്തെ പ്രതിയല്ല.

ഗുരു ദൈവദശകം എഴുതിയപ്പോൾ സഹോദരൻ അതിനെ തിരുത്തി സയൻസ് ദശകം എഴുതുകമാത്രമല്ല ചെയ്തത്, ഗുരു വേദാന്തവും പുനർജന്മവുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ സഹോദരൻ പരിണാമസിശാന്തത്തെക്കുറിച്ച് “പരിണാമം” എന്നൊരു കവിതയും എഴുതുന്നുണ്ട്.
അതിലദ്ദേഹം പറയുന്നത്-
“ഡാർവീനിയദർശനം വെച്ചു
നോക്കുമ്പോൾളഖിലത്തിനും
പ്രത്യാശാപൂർണ്ണമാമർത്ഥം
കാണാമഭിനവോജ്വലം” എന്നാണ്.

ഗുരു “ഭാര്യാധർമ്മം” എഴുതുമ്പോൾ പാർവതി അയ്യപ്പൻ പിന്നീട് അതിന് നേർവിപരീതമായ ആശയങ്ങളുമായി “സ്ത്രീ ധർമ്മം” എഴുതുന്നുണ്ട്‌.

“ശ്രീനാരായണൻ തുറന്ന മാർഗ്ഗം ശ്രീനാരായണനെ വെച്ച് അടക്കരുത്” എന്ന് പ്രഖ്യാപിക്കുന്ന സയൻസുമായി അതിനെ ലിങ്ക് ചെയ്യാനാണ് ശ്രമിച്ചത്. സഹോദരൻ എന്തായിരുന്നു എന്ന് ഗുരു-ഗാന്ധി സംവാദത്തിൽ ഗാന്ധിയെ കുരുപൊട്ടിക്കുന്ന സീനുകളിൽ നിന്നും നമുക്ക് വ്യക്തമാകുമെങ്കിലും സഹോദരനെക്കുറിച്ച് സി കേശവൻ ‘ജീവിത സമരം’ എന്ന തന്റെ ആത്മകഥയിൽ വിവരിക്കുന്ന ഒരു രംഗം ചുവടെ ചേർക്കുന്നു.

“ടി.കെ. മാധവന്റെ പ്രധാന കാർമ്മികത്വത്തിൽ കോട്ടയത്തുവച്ച് എസ്.എൻ.ഡി.പി.യുടെ ഒരു വാർഷികം നടന്നു. പണ്ഡിത മദനമോഹന മാളവ്യ സന്നിഹിതനായിരുന്നു. മാളവ്യ സനാതനഹിന്ദുമതത്തിന്റെ പ്രവാചകനായി ബനാറീസ് സർവ്വകലാശാലയ്ക്കു പണപ്പിരിവിനായി തെക്കേ ഇൻഡ്യയിൽ പര്യടനം നടത്തുകയാണ്. ടി.കെ. മാധവൻ സനാതനത്വത്തിൽ ചാഞ്ഞു നില്ക്കുകയുമാണ്. സ്വതന്ത്രസമുദായവാദം, ബുദ്ധമതവാദം മുതലായ വാദങ്ങളെല്ലാം ഈഴവരുടെ ഇടയിൽ അന്നു നടക്കുന്നുണ്ട്. നിർജ്ജാതിത്വം, നിർമ്മതത്വം, നിർദൈവത്വം എന്ന മുദ്രാവാക്യങ്ങളും ഉത്പതിഷ്ണുക്കളും യുക്തിവാദികളും ആയ ഈഴവർ മുഴക്കിത്തുടങ്ങിയിട്ടുണ്ട്. ഇതിന്റെയൊക്കെ നടുവിലാണ് ഇൻഡ്യയിലെ ഒരു വലിയ ഹൈന്ദവനേതാവായ മാളവ്യ വന്നു ചാടിയത്. അദ്ദേഹം ഹിന്ദുമതം സനാതനമാണ്, പുരാതനമാണ്, പരമപാവനമാണ് എന്നിങ്ങനെ പഴയ രാമരാജ്യം അല്ലാതെ ഇൻഡ്യയ്ക്കു മോക്ഷമില്ലെന്നു സ്ഥാപിക്കുവാൻ ഉദ്യുക്തനായി. പെട്ടെന്നു സദസ്യരിൽനിന്നും സഹോദരൻ അയ്യപ്പൻ വികാരാവേശനായി ചാടി എണീറ്റ്, ‘ശൂദ്രമുനിയെ വെട്ടിക്കൊന്ന രാമന്റെ രാമരാജ്യം ഞങ്ങൾക്കു വേണ്ട, അതിലും എത്രയോ ഭേദമാണു രാവണരാജ്യം’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ആ മഹായോഗത്തിൽ വലിയ ഒരു കലാപം ഉണ്ടായി. മാളവ്യയുടെ പഴഞ്ചൻ ആശയങ്ങൾ ഈഴസവമുദായത്തിനു ദഹിക്കാൻ പോകുന്നില്ലെന്നു പിന്നീടുണ്ടായ കോലാഹലങ്ങൾ വിശദമാക്കി. മാളവ്യയ്ക്ക് അന്നുണ്ടായത് ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു ”

കേരളത്തിലെ ആദ്യത്തെ അംബേദ്കറൈറ്റുമായിരുന്നു കെ. അയ്യപ്പൻ സഹോദരൻ പത്രത്തിന്റെ പേജുകൾ പതിവായി പെരിയാർക്കും ഡോ. അംബേദ്കർക്കുമായി അദ്ദേഹം നീക്കിവെച്ചിരുന്നു, “അംബേദ്ക്കർ സ്പെഷ്യൽ പതിപ്പ്” വരെ സഹോദരൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹോദരൻ പ്രതീക്ഷ അർപ്പിച്ചിരുന്നത് ബാബാ സാഹിബിൽ തന്നെ ആയിരുന്നു എന്ന് ഈ വരികൾ തന്നെ വ്യക്തമാക്കുന്നുണ്ടല്ലോ?

“അംബേദ്ക്കറെന്നതന്നാമ
ചതുരക്ഷരി മന്ത്രമായ്
ജപിക്കും നന്ദിതിങ്ങുന്ന
ഹൃത്തെഴും ഭാവിഭാരതം”
(ജാതി ഭാരതം )

 

*****

No Comments yet!

Your Email address will not be published.