Skip to main content

യുക്തിവാദികളുടെ മാർപ്പാപ്പയും ശ്രീനാരായണ ഗുരുവും

 

യുക്തിവാദി സംഘ രൂപീകരണത്തെക്കുറിച്ചും യുക്തിവാദി മാസികയുടെ ഉത്ഭവത്തെക്കുറിച്ചുമൊക്കെ വിവരിച്ചുകൊണ്ട് എം സി ജോസഫ് താൻ ആദ്യമായി നാരായണഗുരുവിനെ കാണുന്നതിനെക്കുറിച്ച് യുക്തിവാദി മാസികയിലും മറ്റു പല പ്രസിദ്ധീകരണങ്ങളിലും പുസ്തകങ്ങളിലും സോവനീറുകളിലുമൊക്കെ വിവരിച്ചിട്ടുള്ളത് യുക്തിവാദികൾ വായിച്ചിട്ടുണ്ടാകുമെങ്കിലും നാരായണ ഭക്തശിരോമണികൾ അറിയാനായി ചുവടെ ചേർക്കുന്നു. നാരായണഗുരുവിന്റെ കൂടെ മറ്റു മനുഷ്യദൈവങ്ങളെപ്പോലെ ഭക്തന്മാരുംഭജന കൊട്ടുകാരും മാത്രമല്ല ഉണ്ടായിരുന്നതെന്ന് വിവരവും ബോധവുമുള്ള എല്ലാവർക്കും അറിയാമല്ലോ? പോത്തേരി കുഞ്ഞമ്പുമുതലിങ്ങോട്ടുള്ള യുക്തിവാദികളും അന്നത്തെ കേരളത്തിലെ ഇന്റലക്ച്വൽസും എന്തുകൊണ്ടാണ് നാരായണഗുരുവിൽ ആകൃഷ്ടരായതെന്ന് എംസിയുടെ കുറിപ്പുകൾ വായിച്ചാൽ മനസിലാകും.

ജൻമം കൊണ്ട് ക്രിസ്ത്യാനി ആയിരുന്നെങ്കിലും എറണാകുളം സെന്റ്ആൽബർട്‌സിൽ പഠിക്കുമ്പോൾ മുതൽ എംസി റിബൽ ആയിരുന്നു, ദൈവ വിശ്വാസിയും ആയിരുന്നില്ലെങ്കിലും കോടതിയിൽ അദ്ദേഹം സഭയുടെയും എസ്എന്‍ഡിപിയുടെയും വക്കീലായി പല കേസുകളിലും വാദിച്ചിട്ടുണ്ട്. സഹോദരൻ, അയ്യപ്പൻ, സി. ആർ കേശവൻ വൈദ്യർ തുടങ്ങിയവരുമായുള്ള സുഹൃദ്ബന്ധവും അതിനൊരു കാരണമായിട്ടുണ്ട്. എംസിക്ക് എസ്എൻഡിപിയിൽ മെമ്പർഷിപ്പും ഉണ്ടായിരുന്നു. 1913-ൽ ആണ് എംസി ജോസഫ് ചേർത്തല കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്, പിന്നീട് അദ്ദേഹം ചേർത്തലയിലെ മന്ത് രോഗം പേടിച്ചിട്ടാണ് ഇരിങ്ങാലക്കുട കോടതിയിലേക്ക് മാറിയതും അവിടെ വീട് വെച്ചതുമൊക്കെ. ഇരിങ്ങാലക്കുടയിലും അദ്ദേഹം എസ്എൻഡിപിയുടെയും വക്കീൽ ആയിരുന്നു.

സഹോദരൻ അയ്യപ്പനും മിതവാദി കൃഷ്ണനും സിവി. കുഞ്ഞിരാമനും, കുറ്റിപ്പുഴയും എല്ലാം സുഹൃത്തുക്കൾ ആയിരുന്നെങ്കിലും, സഹോദരസംഘത്തിന്റെ സജീവ പ്രവർത്തകൻ ആയിരുന്നെങ്കിലും എംസി നാരയണഗുരുവിനെ നേരിട്ട് കാണുന്നത് മിശ്രഭോജനമൊക്കെ കഴിഞ്ഞു മൂന്ന് വർഷത്തിന് ശേഷമാണ്. അതുവരെ പത്രങ്ങളിൽ വായിച്ചും സുഹൃത്തുക്കൾ പറഞ്ഞുമുള്ള അറിവേ നാരയണഗുരുവിനെക്കുറിച്ച് എംസിക്ക് ഉണ്ടായിരുന്നുള്ളൂ. ശ്രീനാരയണഗുരുവിനെ നേരിട്ട് കാണാൻ എംസി തീരുമാനിച്ചതിന് പിന്നിലും ഒരു ക്ഷേത്ര കേസ് ആയിരുന്നു കാരണമായി മാറിയത്.

1920 ൽ ഇരിങ്ങാലക്കുടയിലെ കുറെ ഈഴവർ ചേർന്ന് ഇരിങ്ങാലക്കുട പട്ടണത്തിൽ തന്നെ കുറച്ചു സ്ഥലം വാങ്ങി ഒരു ക്ഷേത്രംസ്ഥാപിക്കുവാൻ തീരുമാനിക്കുക്കുകയും ഇതിനെതിരെ ശക്തമായ പ്രതിഷേധവും അക്രമവുമൊക്കെ അന്ന് ഇരിങ്ങാലക്കുടയിൽ നടന്നിരുന്നു. കത്തോലിക്കാ സഭയും സവർണ്ണർക്കൊപ്പം കൂടി. ഇരിങ്ങാലക്കുടയിൽ വലിയ സാമുദായിക സംഘർഷത്തിനുള്ള അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. എംസി ആയിരുന്നു ഈഴവരുടെ വക്കീൽ.

ഇരുഭാഗക്കാരുടേയും വാദം കേൾക്കുന്നതിനായി കൊച്ചി ദിവാൻ തന്നെ നേരിട്ട് ഇരിങ്ങാലക്കുടയിൽ എത്തി. ഈഴവരുടെ ഭാഗം ദിവാന്റെ മുൻപാകെ എംസി അവതരിപ്പിച്ചെങ്കിലും ക്ഷേത്ര നിർമ്മാണാനുമതി സമുദായ വൈരം വർദ്ധിപ്പിച്ചേക്കുമോ എന്ന ശങ്കയിൽ അനുവാദം നല്കാതെയും നിഷേധിക്കാതെയുമുള്ള നില ഗവണ്മെന്റ് തുടരുകയായിരുന്നു എന്നും ഒരു ക്ഷേത്രസ്ഥാപനകാര്യം പഥ്യമല്ല; തിക്തകവുമാണ് എങ്കിലും. സവർണ്ണർക്ക് വേണ്ടുവോളം ക്ഷേത്രങ്ങളും ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കും വേണ്ടുവോളം പള്ളികളും അവിടെയുള്ള സ്ഥിതിക്ക് ദുർബലസമുദായമായ ഈഴവർക്കും കൂടി ഒരു ക്ഷേത്രമുണ്ടാകുന്നതിനെ മറ്റുള്ളവർ തടയുന്നത് നീതിയല്ലെന്ന് തോന്നിയതിനാലാണ് താനീ വിഷയത്തിൽ സജീവമായി ഇടപ്പെടാത്തതെന്നും എംസി കുറിച്ചിട്ടുണ്ട്. അന്നത്തെ ദിവാന്‍ ഈഴവർ ക്ഷേത്രം പണിയുന്നതിൽ എതിർപ്പില്ലായിരുന്നെങ്കിലും സവർണ്ണരുടെയും കത്തോലിക്കാ സഭക്കാരുടെയും എതിർപ്പ് മൂലം അനുമതി ലഭിച്ചില്ല.

ഈ സമയത്ത് ശ്രീനാരായണഗുരു ആലുവയിലെത്തീട്ടുണ്ടെന്നുള്ള വിവരം പത്രത്തിൽ കണ്ട എംസി ശ്രീനാരയണഗുരു നേരിട്ട് ദിവാനോടൊന്നു പറഞ്ഞാൽ ഇതിന് ഉടൻ അനുവാദം കിട്ടുമെന്നും അല്ലാതെ ഇതിന് വേറെ വഴിയില്ലെന്നും ഗുരുവിനെപോയി കാണാനും എംസി ഇരിങ്ങാലക്കുടയിലെ ഈഴവ നേതാവായിരുന്ന ശ്രീ കൊല്ലാട്ടിൽ കൃഷ്ണനോട് പറഞ്ഞു. അദ്ദേഹം അന്നുതന്നെ നാരായണ ഗുരുവിനെച്ചെന്നു കണ്ട് ഇക്കാര്യം അഭ്യർത്ഥിച്ചു.

എന്നാൽ നാരായണഗുരു പണ്ട് നാഗമ്പടം ക്ഷേത്രത്തിൽ ചെന്ന് അമ്പലം പ്രതിഷ്ഠിക്കാൻ വിളിച്ചപ്പോൾ ചേർത്തലക്കാരെ ഓടിച്ചുവിട്ടതുപോലെ കൊല്ലാട്ടിൽ കൃഷ്ണനെയും ഓടിച്ചുവിട്ടു. പിറ്റേന്ന് നിരാശനായി സങ്കടത്തോടെ എത്തിയ തന്റെ കക്ഷിയോട് എംസി വക്കീൽ നാരായണഗുരു എന്താണ് പറഞ്ഞത് എന്ന് ചോദിച്ചു.

“ക്ഷേത്രത്തിന്റെ കാലമെല്ലാം കഴിഞ്ഞുപോയി. ഇനി ക്ഷേത്രം പണിയരുത്. ക്ഷേത്രത്തിനു നിശ്ചയിച്ച സ്ഥലത്തു ചെറിയ തോതിലെങ്കിലും ഒരു വ്യവസായ വിദ്യാലയം സ്ഥാപിച്ച് നിങ്ങളുടെ കുട്ടികളെ തൊഴിലുകൾ അഭ്യസിപ്പിക്കുക. അതാണിനി ചെയ്യേണ്ടത്.ജോലി ചെയ്ത കാശുപിരിച്ച് അമ്പലം പണിയുകയല്ല. വീട്ടിൽ പോ കൃഷ്ണാ…” എന്നാണ് ഗുരു പറഞ്ഞതെന്ന് കക്ഷി സങ്കടത്തോടെപറഞ്ഞു.

കൃഷ്ണന് സങ്കടമാണ് വന്നതെങ്കിലും അതുകേട്ട് എംസിക്ക് അത്യത്ഭുതം തോന്നി. സ്വാമിയെപ്പറ്റി പത്രങ്ങളിൽ കണ്ടിട്ടുള്ളതും സ്നേഹിതന്മാർ സംസാരത്തിനിടയിൽ സന്ദർഭവശാൽ പറഞ്ഞിട്ടുള്ളതുമല്ലാതെ ഗുരുവിനെപ്പറ്റി ഒന്നും അറിയില്ലായിരുന്നു എന്നും സ്വാമിയെ ഒരു നോക്കുപോലും അതുവരെ കണ്ടിട്ടുണ്ടായിരുന്നുമില്ല എന്നും. ദേവന്മാരെ സൃഷ്ടിച്ചും ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചും നടന്നിരുന്ന ഇദ്ദേഹം യുക്തിവാദിയായ മഠാധിപതിയാണോ എന്ന് ചിന്തിച്ച് ഒന്നു നേരിട്ടുകണ്ടു കൃതാർത്ഥനാകണമെന്നുറച്ചു പിറ്റേദിവസംരാവിലെ തന്നെ താൻ ആലുവ ആശ്രമത്തിലേക്ക് വെച്ചു പിടിച്ചെന്നും ആണ് എംസി പറയുന്നത്.

ഗുരുവിനെ നേരിട്ട് കണ്ടതോടെ എംസി ഗുരുവിന്റെ ആരാധകനായി മാറി. ഇതേക്കുറിച്ച് എംസിയുടെ തന്നെ വാക്കുകൾ ഇങ്ങനെയാണ്. ഇത് ഒരുപാട് സന്ദർഭങ്ങളിൽ എംസി തന്നെ വിവരിച്ചിട്ടുള്ളതാണ്.

“ദർശനമാത്രയിൽ സ്വാമിയെപ്പറ്റിയുള്ള മതിപ്പ് എന്നിൽ ദ്വിഗുണീഭവിക്കുകയാണുണ്ടായത്. കാഷായവസ്ത്രവും, രുദ്രാക്ഷമാലയും, വിഭൂതിയും മറ്റും ധരിച്ചു ഭക്തശിഷ്യന്മാരാൽ പരിസേവിതനായി പദവിയിലിരിക്കുന്ന ഒരു മഠാധിപതിയെ കാണുമെന്നായിരുന്നു എൻറെ പ്രതീക്ഷ. ആവക യാതൊന്നുമില്ലാതെ ഒരു നാടൻ കാരണവരെപ്പോലെ, ഒരു വെളുത്ത ഒറ്റമുണ്ടുടുത്ത് ഒരു കച്ചത്തോർത്തും തോളിലിട്ട് വൃത്തിയായ വെറുംതിണ്ണയിൽ ഒറ്റയ്ക്കിരിക്കുന്ന ശ്രീനാരായണനെയാണ് ഞാൻ കണ്ടത്. ചുരുക്കത്തിൽ, മെത്രാപ്പോലീത്തയെ കാണാൻ ചെന്നപ്പോൾ ‘ളോഹമേലാപ്പു’ കളും സ്ഥാനാഡംബരങ്ങളുമശേഷമില്ലാതെ സാധാരണനെപ്പോലെ മുണ്ടും തോർത്തുമായിരുന്നുകൊണ്ട് മെത്രാപ്പോലീത്ത ആഗതനെ സ്വീകരിക്കുന്നതുപോലെ എനിക്ക് തോന്നി.”

അല്ലാതെ ഭക്തശിരോമണികൾ മനസിൽ ധരിച്ചുവെച്ചിരിക്കുന്നതുപോലെ “കുരൂർ ബ്രഹ്മ… കുരൂർ വിഷ്ണു…” പറഞ്ഞു പ്രതിമകളിലുംചിത്രങ്ങളിലുമൊക്കെ കാണുന്നതുപോലെ ബലംപിടിച്ചിരിക്കുന്ന ആളോ ആൾദൈവമോ കുട്ടിച്ചാത്താനോ ഒന്നുമായിരുന്നില്ല നാരയണഗുരു.

പിന്നീട് എംസിയും കുറ്റിപ്പുഴയെപ്പോലെ ആലുവാ ആശ്രമത്തിലെ സന്ദർശകനായി മാറി, എന്നും അഞ്ചുവർഷത്തിന് ശേഷം ആലുവ അദ്വൈതാശ്രമത്തിലെ സംസ്കൃത സ്‌കൂളിൽ വെച്ചാണ് താനും സഹോദരനും മിതവാദി കൃഷ്ണൻ വക്കീലും കൂടി യുക്തിവാദി സംഘം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആദ്യ ആലോചന നടക്കുന്നതെന്നും ഒരു വർഷം നീണ്ടുനിന്ന ആ ചർച്ചകളും ആലോചനകളുമൊക്കെ യാഥാര്‍ത്ഥ്യമായത് 1926 ൽ മിതവാദി കൃഷ്ണൻ വക്കീലിന്റെ വീട്ടിൽ ആയിരുന്നു, എന്നും അതാണ് കേരളത്തിലെ ആദ്യ യുക്തിവാദി സമ്മേളനം എന്നും അന്നവിടെ രൂപംകൊണ്ട ആദ്യത്തെ യുക്തിവാദി പ്രസ്ഥാനത്തിന്റെ പേര് “കേരള യുക്തിവാദി സഭ” എന്നാണ് എന്നും എം സി തന്നെ വിവരിക്കുന്നുണ്ട്. അന്ന് കേരളം ഇല്ലായിരുന്നെങ്കിലും കേരളം എന്ന ആശയം ഉണ്ടായിരുന്നു. എം സി യെ കൂടാതെ സി കൃഷ്ണൻ വക്കീൽ, സിവി കുഞ്ഞിരാമൻ, രാമവർമ്മ തമ്പാൻ, സഹോദരൻ അയ്യപ്പൻ എന്നിവരായിരുന്നു അതിന് നേതൃത്വം കൊടുത്തത്, ആ കൂട്ടയ്മയാണ് മൂന്ന് വർഷത്തിന് ശേഷം എറണാകുളത്തുനിന്നും 1929 ൽ ‘യുക്തിവാദി’ മാസിക തുടങ്ങിയത്.

 

*****

 

No Comments yet!

Your Email address will not be published.