മാക്സിം ഗോർക്കി
സോവിയറ്റ് യൂണിയനിലെ എല്ലാ സ്കൂളുകളിലും ലൈബ്രറികളിലും ലെനിന്റേതിനോടൊപ്പം പ്രദർശിപ്പിച്ചിരുന്ന ഛായാചിത്രങ്ങളിൽ ഒന്ന് എപ്പോഴും മാക്സിം ഗോർക്കിയുടേതായിരുന്നു. സാറിസ്റ്റ് അധികാരത്തെയും സാംസ്കാരിക വ്യവസ്ഥയെയും തകർത്ത് തൊഴിലാളിവർഗ്ഗത്തിന്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട സോവിയറ്റ് ജനകീയാധികാരത്തിന്റെ സാംസ്കാരിക പ്രതീകമായിരുന്നു ഗോർക്കി. തൊഴിലാളി വർഗ്ഗത്തിൽ നിന്ന് ഉയർന്നുവന്ന മഹാനായ എഴുത്തുകാരനും ബോൾഷെവിക്കുകളുടെ ആജീവനാന്ത സഹചാരിയും സോഷ്യലിസ്റ്റ് റിയലിസത്തിന്റെ സ്ഥാപകനെന്നുമൊക്കെയുള്ള നിലകളിൽ ലോകമെങ്ങും അദ്ദേഹം ആദരിക്കപ്പെട്ടു. ലെനിനേക്കാൾ രണ്ടു വർഷം മുമ്പ് 1868 മാർച്ചിലാണ് മാക്സിം ഗോർക്കി എന്നറിയപ്പെട്ട അലക്‌സി മാക്‌സിമോവിച്ച് പെഷ്‌കോവ് ജനിച്ചത്. ചെറുപ്രായത്തിൽ തന്നെ അനാഥനായ ഗോർക്കിയെ അദ്ദേഹത്തിന്റെ മുത്തശ്ശിയാണ് വളർത്തിയത്. സാറിസ്റ്റ് റഷ്യയിൽ ഉടനീളം അലഞ്ഞുതിരിയുകയും ഏറ്റവും താഴ്ന്നതായി കണക്കാക്കപ്പെടുന്ന തൊഴിലുകൾ ചെയ്തുമാണ് ഗോർക്കി വളരുന്നത്. പ്രാഥമിക വിദ്യാഭ്യാസം നേടിയ ഗോർക്കി തുടര്‍ന്ന് സ്കൂളിൽ ചേർന്ന് പഠിക്കുവാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല, വീണ്ടും കൂലിവേലയിൽ തുടരാനായിരുന്നു വിധി. പതിനാലു മണിക്കൂർ റൊട്ടിക്കടയിൽ ജോലി ചെയ്ത അദ്ദേഹം പഠനം മുഴുമിപ്പിക്കാനാവാത്തതിൽ മനം നൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു. 1887 ൽ നെഞ്ചിലേക്കു നിറയൊഴിച്ചെങ്കിലും രക്ഷപ്പെട്ടു. പിന്നീട് അദ്ദേഹം ക്ഷയരോഗത്തിനടിമപ്പെടുകയാണുണ്ടായത്. തുടർന്ന് കൃഷിയിടങ്ങളിലും ആശ്രമങ്ങളിലുമൊക്കെയായി അഞ്ചുവർഷത്തോളം റഷ്യയിൽ അലഞ്ഞുതിരിഞ്ഞു. 24-ാം വയസ്സിൽ പത്രപ്രവർത്തനനത്തിലും സാഹിത്യത്തിലും അദ്ദേഹം വ്യാപൃതനായി. 1899 ൽ ഷിസ്ൻ എന്ന പ്രസിദ്ധീകരണത്തിന്റെ സാഹിത്യ വിഭാഗം പത്രാധിപരായി. 1900 മുതൽ സാനി എന്ന പ്രസിദ്ധീകരണശാലയിൽ ഗോര്‍ക്കി ജോലിനോക്കി. ഫോമോ ഗോർദയേവ് എന്ന ആദ്യനോവൽ പുറത്തു വരുന്നത് 1899 ൽ ആണ്. വർക്കേഴ്സ് ആന്റ് പെസന്റ്സ് യൂണിവേഴ്സിറ്റി, പെട്രോഗ്രാദ് തിയേറ്റർ, വേൾഡ് ലിറ്ററേച്ചർ പബ്ലിഷിംഗ് ഹൗസ് എന്നിവ സ്ഥാപിക്കാൻ അദ്ദേഹം മുൻകൈ എടുത്തു. 1923-25 കാലത്ത് ബർലിനിലെ ഡയലോഗ് എന്ന പ്രസിദ്ധീകരണത്തിൽ എഡിറ്ററായി ജോലിചെയ്തു. ജീവിതാനുഭവങ്ങൾ ഗോർക്കിയിലെ എഴുത്തുകാരനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും പരുവപ്പെടുത്തി. 1892 ൽ തന്റെ ആദ്യത്തെ കഥ പ്രസിദ്ധീകരിക്കുമ്പോഴാണ് അലക്‌സി മാക്‌സിമോവിച്ച് പെഷ്‌കോവ് ‘ഗോർക്കി’യെന്ന തൂലികാനാമം സ്വീകരിക്കുന്നത്. 1936 ജൂൺ പതിന്നാലിന് 68 വയസ്സുള്ളപ്പോൾ ന്യുമോണിയ ബാധിച്ചായിരുന്നു ഗോര്‍ക്കിയുടെ അന്ത്യം.
1899 ൽ, വളർന്നു വന്നുകൊണ്ടിരുന്ന മാർക്സിസ്റ്റ് സോഷ്യൽ ഡെമോക്രാറ്റിക് പ്രസ്ഥാനവുമായി പരസ്യമായി ബന്ധപ്പെടുന്നതിനുമുമ്പു തന്നെ അദ്ദേഹത്തിന്റെ ആദ്യകഥാ സമാഹാരം പുറത്തു വന്നു കഴിഞ്ഞിരുന്നു. താഴെത്തട്ടിൽ ജീവിക്കുന്നവരും ദുരിതമനുഭവിക്കുന്നവരും പാർശ്വവത്കൃതരുമായ ആളുകളുടെ ജീവിതവും അവരനുഭവിക്കുന്ന പീഡനങ്ങളും അതിനുമൊക്കെ അപ്പുറത്ത് അവരുടെയുള്ളിൽ തിളങ്ങിനിന്നിരുന്ന മനുഷ്യത്വത്തിന്റെ ആന്തരിക ശോഭയുമായിരുന്നു, മുഖ്യമായും ഗോർക്കിയുടെ പ്രമേയം. ഏതു കഠിനനരകത്തിന്റെ ഇരുളിനകത്തും മാനവികതയുടെ തെളിച്ചവും അതിജീവനശേഷിയും കെടാതെ നിൽക്കുമെന്ന് തന്റെ രചനകളിൽ ഗോർക്കി ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. മനുഷ്യനന്മയിലുള്ള അഗാധമായ ഈ വിശ്വാസമാണ് പില്ക്കാലത്ത് “മനുഷ്യൻ, എത്ര സുന്ദരമായ പദം” എന്ന് ഗോർക്കിയെക്കൊണ്ട് പറയിച്ചത്. സാർ ചക്രവർത്തിയുടെ ദുരധികാരത്തിനെതിരായ സമരങ്ങളിൽ പരസ്യമായിത്തന്നെ പങ്കെടുത്ത ഗോർക്കി പല വട്ടം അറസ്റ്റു ചെയ്യപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്തരം പ്രക്ഷോഭ സമരങ്ങൾക്കിടയിലാണ് വ്ലാദിമീർ ലെനിൻ ഉൾപ്പെടെറഷ്യയിലെ നിരവധി വിപ്ലവനേതാക്കളുമായി ഗോർക്കി സൗഹൃദം സ്ഥാപിക്കുന്നത്. റഷ്യൻ സാഹിത്യത്തിന്റെ ഓണററി അക്കാദമീഷ്യനായി (Honorary Academician of Russian Literature) തെരഞ്ഞെടുക്കപ്പെട്ട ഗോർക്കിയെ ആ പദവിയിൽ എത്തുന്നതിൽ നിന്ന് തടയാൻ സാർ ചക്രവർത്തി നിക്കോളാസ് രണ്ടാമൻ തന്നെ നേരിട്ടിടപ്പെട്ട് ആ തെരഞ്ഞെടുപ്പ് അസാധുവാക്കുകയുണ്ടായി. അന്നത്തെ അധികാരശക്തികൾക്ക് അത്രമേൽ അനഭിമതനായിരുന്നു ഗോർക്കി. ഈ നടപടിയിൽ പ്രതിഷേധിച്ചാണ് വിശ്രുത സാഹിത്യകാരനായ ആന്റൺ ചെഖോവും വ്ലാഡിമിർ കൊറൊലെങ്കോവും അക്കാദമി അംഗത്വം ഉപേക്ഷിച്ചത്.
ഭരണനടപടികളിൽ കൂടുതൽ നീതിപൂർവ്വകമായ പരിഷ്ക്കാരങ്ങൾ ആവശ്യപ്പെടുന്ന നിവേദനം സമർപ്പിക്കാനായി സാർ ചക്രവർത്തിയെ സന്ദർശിക്കാൻ ചെന്ന ബഹുജനങ്ങളെ നിഷ്ഠൂരമായി കടന്നാക്രമിക്കുകയും കൂട്ടത്തോടെ വെടിവച്ചു കൊല്ലുകയും ചെയ്ത (1905 ജനവരി 9) ഭരണകൂട നടപടി ഗോർക്കിയെ വിപ്ലവ പക്ഷത്തേക്ക് കൂടുതൽ അടുപ്പിച്ചു. റഷ്യൻ ജനതയുടെ1905 ലെ വിപ്ലവശ്രമത്തിന്റെ പരാജയത്തിനു ശേഷം ഭരണകൂടത്തിന്റെ അടിച്ചമർത്തൽ രൂക്ഷമായപ്പോൾ ഫിൻലന്റിലേക്കു താമസം മാറ്റാൻ ഗോർക്കി നിർബ്ബന്ധിതനായി. 1917 ലെ സോവിയറ്റ് വിപ്ലവത്തിനോടും സോഷ്യലിസ്റ്റ് അധികാര പ്രയോഗത്തോടും യോജിച്ചപ്പോൾ തന്നെ, വ്യക്തിഗത സ്വാതന്ത്ര്യം വേണ്ട രീതിയിൽ അനുവദിക്കുന്നില്ല എന്നും വിപ്ലവാനന്തര സോവിറ്റ് യൂണിയനിലെ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ പത്രങ്ങൾക്കു മേലുള്ള നിയന്ത്രണം ശരിയല്ല എന്നുമുള്ള വിമർശനം ഗോർക്കിക്കുണ്ടായിരുന്നു. അവസാന കാലം വരെ സോവിയറ്റ് യൂണിയനെയും അവിടത്തെ സോഷ്യലിസ്റ്റ് സാമൂഹിക നിർമ്മാണത്തേയും പിന്തുണച്ചുവെങ്കിലും ജനാധിപത്യവിരുദ്ധമെന്ന് താൻ കരുതുന്ന ഭരണകൂട നടപടികളെ വിമർശിക്കാൻ ഗോർക്കി തെല്ലും മടി കാണിച്ചില്ല.
ടോൾസ്റ്റോയിക്കും ചെഖോവിനും സമകാലീനനായിരുന്നു ഗോർക്കി. സോവിയറ്റ് വിപ്ലവനേതാക്കളായിരുന്ന ലെനിന്റെയും സ്റ്റാലിന്റെയും സമകാലീനൻ, സഖാവ്, സുഹൃത്ത്. ഏതു കാരണത്താലാണെങ്കിലും സോവിയറ്റ് അധികാരത്തെ വിമർശിക്കുകയോ, അതിന്റെ ‘ജനാധിപത്യ വിരുദ്ധത’യുടെ ഇരകളെന്ന് വിശേഷിപ്പിക്കപ്പെടുകയോ ചെയ്യുന്ന അന്ന അഖ്മത്തോവയുടേയും ബുൾഗാക്കോവിന്റെയും മറ്റു പലരുടെയും കൂടി സമകാലീനനായിരുന്നു ഗോർക്കി. മിഖായേൽ ബുൾഗാക്കോവിനു വേണ്ടി സ്റ്റാലിനുമായി ആശയം വിനിമയം നടത്തുകയും അന്ന അഖ്മത്തോവയുടെ ഭർത്താവും കവിയുമായ നിക്കൊളായ് ഗുമിലേവിന്റെ രക്ഷക്കായി (അതു വിജയിച്ചില്ലെങ്കിലും) ഇടപ്പെടുകയും ചെയ്തയാളായിരുന്നു ഗോർക്കി. ഒരർത്ഥത്തിൽ സാംസ്കാരിക ചരിത്രത്തിന്റെ ഇത്തരമൊരു നിർണ്ണായക സന്ധിയിലെ സമകാലീനത തന്നെ ഒരെഴുത്തുകാരന്റെ അസ്തിത്വത്തെയും ഇടപ്പെടലുകളെയും അനന്യസാധാരണമാക്കുന്നുണ്ട്. ഈ ചരിത്ര സന്ധിയിൽ നിന്നു കൊണ്ട്, അസമത്വത്തിനെതിരെ പോരാടുന്ന അദ്ധ്വാനിക്കുന്ന വർഗ്ഗത്തോട് പ്രതിജ്ഞാബദ്ധത പുലർത്തുന്ന ഒരെഴുത്തുകാരൻ എഴുതുകയോ പറയുകയോ ചെയ്യുന്ന എന്തിനും കാലത്തെ അതിജീവിക്കാനുള്ള കരുത്തുണ്ടാവും. അതുകൊണ്ടു തന്നെ, തീർച്ചയായും ഗോർക്കിയുടെ വാക്കുകൾക്ക് അന്നത്തെ ” സമകാലീനത മാത്രമല്ല; എന്നത്തെയും സാർവ്വകാലീനതയുമുണ്ട്. അതുകൊണ്ടാണ് ലോകം ഫാസിസത്തിന്റെ പിടിയിലമരുമോ എന്ന ആശങ്ക ശക്തമായിരുന്ന 1930 കളിൽ ഗോർക്കി ചോദിച്ച “സംസ്കാരത്തിന്റെ യജമാനന്മാരേ’-ഏത് പക്ഷത്താണ് നിങ്ങൾ ” എന്ന ചോദ്യം ഇന്നും സംഗതമായിരിക്കുന്നത്. (‘On which side are you, Masters of Culture ? ‘. [ Reply to American Correspondents) Pravda, March 22, 1932, M.Gorky, Printedby International Press, Moscow). ഈ ശീർഷകത്തിൽ 1932 ൽ മാക്സിം ഗോർക്കി എഴുതിയ ലേഖനത്തിന്റെ മലയാള പരിഭാഷയാണ് താഴെ. സോവിയറ്റ് യൂണിയൻ ഒഴികെ ലോകത്തു മറ്റെല്ലാ രാജ്യങ്ങളെയും പ്രതികൂലമായി ബാധിച്ച മുതലാളിത്ത സാമ്പത്തികക്കുഴപ്പത്തിന്റെയും ഇറ്റലിയിലും ജർമ്മനിയിലും അധികാരത്തിലെത്തിയ ഫാസിസ്റ്റ് ശക്തികൾ ലോകത്തെ മുഴുവൻ സ്വന്തം കാൽക്കീഴിലാക്കാൻ ശ്രമമാരംഭിച്ചതിന്റെയും പശ്ചാത്തലത്തിൽ ഗോർക്കിയുടെ ലേഖനം ലോകത്തെമ്പാടും ചർച്ച ചെയ്യപ്പെട്ടിരുന്നു. അങ്ങനെയൊരു ചോദ്യം ചോദിക്കുമ്പോൾ, ഞാൻ മനുഷ്യപക്ഷത്താണ്, ഫാസിസത്തിനെതിരെ പൊരുതുന്ന മാനവികതയുടെ പക്ഷത്താണ് എന്ന ഒരു പൂർവ്വപക്ഷം ഉള്ളിലൊതുക്കിക്കൊണ്ടാണ് ഗോർക്കി തന്റെ വായനക്കാരോടും മുഴുവൻ മനുഷ്യകുലത്തോടുമായി ആ ചോദ്യം ചോദിക്കുന്നത്; നിങ്ങൾ ആരുടെപക്ഷത്താണെന്ന്.
ഹംഗേറിയൻ മാർക്സിസ്റ്റ് ചിന്തകനും സാഹിത്യ നിരൂപകരുമായ ജ്യോർജി ലൂക്കാസ് (Georgy Luckas) ചൂണ്ടിക്കാട്ടുന്നതു പോലെ, “മുൻകാലത്തെ ഏതൊരു മാനവികതാവാദവുമായി താരതമ്യപ്പെടുത്തി നോക്കുമ്പോഴും ഒരേ സമയം തന്നെ കൂടുതൽ ആഹ്ലാദവും രോഷവും ഉൾക്കൊണ്ട ഒന്നായിരുന്നു ഗോർക്കിയുടെ മാനവികതാവാദം. അദ്ദേഹത്തിന്റെ മാനവികതാവാദത്തിനുള്ള ആഹ്ലാദകരമായ തെളിച്ചം, വിപ്ലവ തൊഴിലാളി പ്രസ്ഥാനവും ബോൾഷെവിസവുമായി അദ്ദേഹത്തിനുള്ള അടുത്ത ബന്ധത്തിൽ നിന്നും ഉയിരെടുക്കുന്നതാണ്. ഗോർക്കിയെ സംബന്ധിച്ചേടത്തോളം പണിയെടുക്കുന്നവരുടെ പ്രസ്ഥാനത്തിന്റെയും തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെയും അർത്ഥം, മനുഷ്യ വ്യക്തിത്വത്തിന്റെ സ്വതന്ത്രവും സർവതോമുഖവുമായ വികാസത്തിനുതടസ്സം നിൽക്കുന്ന എല്ലാ ചങ്ങലകളെയും തകർത്തു കൊണ്ട് മനുഷ്യ വിമോചനം സാദ്ധ്യമാക്കുക” എന്നതാണ്. റഷ്യൻ മാർക്സിസ്റ്റും എഴുത്തുകാരനുമായ അനറ്റോളി ലുനാച്ചാർസ്കി ഗോർക്കിയെപ്പറ്റി പറഞ്ഞതു പോലെ, “മഹാനായ ഒരെഴുത്തുകാരന്റെ സാഹിത്യജീവിതത്തിലെ നാൽപ്പത് വർഷമെടുത്താൽ, ലോക സംസ്കാരത്തിന്റെ അനുദിനം വളരുന്ന ഭൂപടത്തിലെ ഒരുവലിയ പ്രദേശത്തെ അത് എല്ലായ്പ്പോഴും ഉൾക്കൊള്ളുന്നുണ്ടെന്നു കാണാം. അത്തരമൊരു പർവത നിരയെ മൊത്തത്തിൽ വിലയിരുത്താൻ അകലത്തിൽ നിന്നുകൊണ്ടു മാത്രമേ കഴിയൂ”.
ആമുഖകുറിപ്പ് : പി കെ വേണുഗോപാലന്‍
———
‘സംസ്കാരത്തിന്റെ യജമാനന്മാരേ’ ഏത് പക്ഷത്താണ് നിങ്ങൾ ?
നിങ്ങളെഴുതി: ‘കടലുകൾക്കപ്പുറത്തുനിന്ന് പരിചയമില്ലാത്ത ആൾക്കാരിൽനിന്ന് ഈ സന്ദേശം ലഭിക്കുമ്പോൾ, ഒരുപക്ഷേ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം,’ ഇല്ല; നിങ്ങളുടെ കത്ത് എന്നെ അത്ഭുതപ്പെടുത്തിയില്ല. ഇടയ്ക്കിടയ്ക്ക് ഇത്തരത്തിലുള്ള കത്തുകൾ എനിക്കു ലഭിക്കാറുണ്ട്. നിങ്ങളുടെ സന്ദേശം ‘ഒറ്റപ്പെട്ടതാ”ണെന്ന് നിങ്ങൾ പറഞ്ഞത് തീർത്തും തെറ്റാണ്. കാരണം, കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങൾക്കിടയിൽ, ബുദ്ധിജീവികളിൽ നിന്ന് ഉൾഭീതിയാർന്ന അഭ്യർത്ഥനകൾ ദിനംതോറുമുള്ള സംഭവമാണ്. ഇത് തികച്ചുംസ്വാഭാവികമാണ്. ബുദ്ധിജീവികളുടെ പ്രവർത്തനം എല്ലായ്‌പ്പോഴും ഏകാന്തമായിരുന്നു. പ്രധാനമായും ബൂർഷ്വാകളുടെ വിരസമായ നിലനിൽപ്പിനെ മോടിപിടിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനം. സമ്പന്നരെ, അവരുടെ ജീവിതത്തിലെ നിസ്സാര പ്രശ്നങ്ങളിൽ സമാശ്വസിപ്പിക്കുന്ന തരത്തിലുള്ളത്. ബുദ്ധിജീവികൾ മുതലാളിത്തവർഗ്ഗത്തിന്റെ ആയയായാണ് പ്രവർത്തിച്ചുപോന്നിരുന്നത്. ബൂർഷകളുടെ ചമയ വസ്ത്രങ്ങളിൽ തത്വചിന്താപരവും മതപരവുമായ വെള്ളത്തുന്നലുകൾ ചേർത്ത് അതിന്റെ കീറലുകളെ തുന്നിപ്പിടിപ്പിക്കുന്നതിൽ വ്യാപൃതരായിരുന്നു അവർ. ആ ചമയ വസ്ത്രങ്ങളാകട്ടെ, പഴകിയതും അഴുക്കാർന്നതുമായ നൂലുകൾ നിറഞ്ഞതായിരുന്നു-അദ്ധ്വാനിക്കുന്ന വർഗ്ഗങ്ങളുടെ രക്തത്താൽ അത്ര കനത്തിൽ വിലോപനം ചെയ്യപ്പെട്ടവയാണവ. ഇന്ദ്രിയഗോചരമല്ലെങ്കിലും ഏതാണ്ട് പ്രവചനാത്മകമായ രീതിയിൽ തെളിഞ്ഞുകൊണ്ടിരിക്കുന്ന വരാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് വേണ്ടത്ര വ്യക്തത അവർക്കുണ്ടെങ്കിലും, വിഷമകരവും എന്നാൽ ഒട്ടുംതന്നെ പ്രശംസനീയമല്ലാത്തതുമായ ഈ നിരർത്ഥക ജോലികൾ അവർ ഇപ്പോളും തുടർന്നു കൊണ്ടിരിക്കുന്നു. ഉദാഹരണത്തിന്, ചൈനയെ വിഭജിക്കുന്നതിന് സാമ്രാജ്യത്വശക്തികൾ തുനിയുന്നതിനു മുമ്പ്, സ്പെങ്ഗ്ലർ എന്നുപേരുള്ള ഒരു ജർമൻകാരൻ അദ്ദേഹത്തിന്റെ മനുഷ്യനും സാങ്കേതികതയും എന്ന പുസ്തകത്തിൽ ഇപ്രകാരം എഴുതുകയുണ്ടായി: “വിഭിന്നവർണ്ണങ്ങളിലുള്ള വംശ”ങ്ങൾക്ക് 19ആം നൂറ്റാണ്ടിൽ തങ്ങളുടെ സാങ്കേതിക പരിജ്ഞാനം പകർന്നു നൽകിയതാണ് യൂറോപ്യന്മാർ ചെയ്ത ഒരു തെറ്റ്. അദ്ദേഹം ഉന്നയിച്ച ഈ വാദത്തെ അമേരിക്കൻ ചരിത്രകാരനായ ഹെൻഡ്രിക് ഫെൻ ലൂൻ പിന്തുണയ്ക്കുകയുണ്ടായി. അയാളുടെ അഭിപ്രായത്തിൽ, യൂറോപ്യൻ ബൂർഷ്വാകൾ ചെയ്ത ഏറ്റവും വലിയ “ഏഴ് ചരിത്രപരമായ തെറ്റുകളിൽ” ഒന്ന്, കറുത്തതും മഞ്ഞയും നിറമുള്ള മനുഷ്യരെ യൂറോപ്യൻ സംസ്കാരത്തിന്റെ അനുഭവങ്ങളാൽ സജ്ജരാക്കിയെന്നതാണ്.
ഇപ്പോൾ, ഈയൊരു തെറ്റ് പരിഹരിക്കുന്നതിനുള്ള ഉത്കണ്ഠ പടരുന്നതു നമുക്ക് നിരീക്ഷിക്കാൻ സാധിക്കും. യൂറോപ്പിലെയും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെയും മുതലാളിത്ത ശക്തികൾ ജപ്പാൻകാർക്കും ചൈനക്കാർക്കും പണവും ആയുധങ്ങളും വിതരണം ചെയ്യുന്നത് നാം കാണുന്നുണ്ട്. അങ്ങനെ, പരസ്പരം നശിപ്പിക്കുന്നതിന് അവരെ സഹായിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. അതേസമയം, അവർ തങ്ങളുടെ കൂട്ടക്കാരെ കിഴക്കിലേക്ക് പറഞ്ഞുവിടുകയും ചെയ്യുന്നുണ്ട്. ഇതവർ ചെയ്യുന്നത് ഏറ്റവും യുക്തമായ സന്ദർഭത്തിൽ ജപ്പാനീസ് സാമ്രാജ്യത്വത്തിന്റെ മുഖത്തേക്ക് തങ്ങളുടെ ശക്തമായ സായുധമുഷ്ടികൊണ്ട് പ്രഹരിക്കുന്നതിന് വേണ്ടിയാണ്. അതായത്, കരടി ചത്തുപോകുമ്പോൾ അതിന്റെ താവളം പരസ്പരം പങ്കിട്ടെടുക്കാൻ അവർക്കു സാധിക്കുന്ന സ്ഥിതി വന്നുചേരുമെന്നാണ് അവർ കണക്കുകൂട്ടുന്നത്. അതിലൂടെ ധൈര്യശാലിയായ മുയലിനും അതിനവകാശപ്പെട്ട പങ്ക് ലഭിക്കുന്നതിനുള്ള സാഹചര്യം രൂപപ്പെടും. പക്ഷേ, ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നത്, കരടിയെ കൊല്ലുക സാധ്യമാവില്ല എന്നുതന്നെയാണ്. സ്പെങ്ഗ്ലറും ഫെൻ ലൂനും അവരെപ്പോലുള്ള ബൂർഷ്വാവർഗ്ഗത്തിന്റെ മറ്റ് അനുകമ്പാഹൃദയരും യൂറോപ്പിന്റെയും അമേരിക്കയുടെയും “സംസ്കാര”ത്തെ ഭീഷണിപ്പെടുത്തുന്ന അപകടങ്ങളെകുറിച്ച് വലിയതോതിൽ വാദങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇത്തരക്കാർ പരാമർശിക്കാൻ മറന്നുപോകുന്ന ഒന്നുണ്ട്. അവർ മറക്കുന്നത് ഇതാണ്- ഹിന്ദുക്കളും ജപ്പാൻകാരും ചൈനക്കാരും യഥാർത്ഥത്തിൽ ഒരൊറ്റ ജനതയല്ല എന്നതാണത്. അവരെല്ലാവരും തന്നെ വർഗ്ഗപരമായി വിഭജിതമായ ജനതകളാണ്. അവർ മറക്കുന്ന ഒരു കാര്യമുണ്ട്- യൂറോപ്പിലും അമേരിക്കയിലും നിലനിന്നിരുന്ന സ്വാർത്ഥബുദ്ധിയാൽ മെനഞ്ഞെടുക്കപ്പെട്ട സംസ്കാരമില്ലാത്ത-ഇപ്പോഴും പ്രാവർത്തികമായിരിക്കുന്ന-ചിന്താവിഷങ്ങൾക്കു പകരം ആദരണീയമായ ഒരു വിഷഹരണ സിദ്ധാന്തംഇപ്പോൾ പ്രവർത്തനക്ഷമമായിട്ടുണ്ട്-മാർക്സിന്റെയും ലെനിന്റെയും തത്വചിന്തകൾ. ഒരുപക്ഷേ, അവർ യഥാർത്ഥത്തിൽ ഇക്കാര്യം മറക്കുന്നുണ്ടാവില്ല. ഒരുപക്ഷേ, തന്ത്രപരമായ ലക്ഷ്യങ്ങളോടെ അവരതിനെ മറച്ചുപിടിക്കുകയാവാം. യൂറോപ്യൻ സംസ്കാരം നേരിടുന്ന ഭീഷണിയെക്കുറിച്ചുള്ള അവരുടെ അപായ സൂചന നിലവിളികളിൽനിന്നു തന്നെ, അവരുടെ കൈവശമുള്ള വിഷം എത്രമാത്രം ബലഹീനമാണെന്നും അതിന്റെ മറുമരുന്ന് എത്രമാത്രം ശക്തമാണെന്നും അവർക്ക് ബോധ്യമുണ്ട് എന്ന് വ്യക്തമാകുന്നു.
സംസ്കാരം തകർന്നടിയുകയാണെന്നു വിലപിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിക്കൂടിവരുന്നു. അവരുടെ നിലവിളികൾ അനുദിനം ഉച്ചത്തിലുച്ചത്തിലായിത്തീരുന്നു. മൂന്നുമാസങ്ങൾക്കുമുമ്പ് ഫ്രാൻസിൽ, മുൻമന്ത്രി ഗൈലാക്സ് സംസ്കാരത്തിന്റെ അസ്ഥിരതകളെക്കുറിച്ച് പൊതുജനമധ്യത്തിൽ അലറിവിളിക്കുകയുണ്ടായി. അദ്ദേഹം അലമുറയിട്ടത് ഇപ്രകാരമാണ്: “മടുപ്പിന്റെയും പരസ്പരഅവിശ്വാസത്തിന്റെയും ദുരന്തത്തെ അനുഭവിക്കുകയാണീ ലോകം. ദശലക്ഷക്കണക്കിനു ജനങ്ങൾ ഭക്ഷണമില്ലാതെ വലയുമ്പോൾ, ഗോതമ്പ് കത്തിക്കുന്നതും കാപ്പിച്ചാക്കുകൾ കടലിലേക്ക് വലിച്ചെറിയുന്നതും ഒരു ദുരന്തം തന്നെയല്ലേ? കൂടാതെ, നമുക്കിടയിലെ അവിശ്വാസത്തിന്റെ കാര്യമെടുത്താൽ- അത് ഇപ്പോൾത്തന്നെ വേണ്ടത്ര വിനാശം വിതച്ചിരിക്കുന്നു. അത് യുദ്ധം കൊണ്ടുവരികയും സമാധാന ഉടമ്പടികൾ ആവിഷ്കരിക്കേണ്ട സാഹചര്യമൊരുക്കുകയും ചെയ്തിരിക്കുന്നു. അതിലേതെങ്കിലും തരത്തിലുള്ള ഭേദഗതികൾ വരുത്തണമെങ്കിൽ പരസ്പരമുള്ള ഈ അവിശ്വാസം അപ്രത്യക്ഷമാകേണ്ടതുണ്ട്. പരസ്പരവിശ്വാസം പുനസ്ഥാപിക്കുന്നതിൽ നമ്മൾ പരാജയപ്പെട്ടാൽ, മൊത്തം സംസ്കാരവും അപകടത്തിലായിത്തീരും. കാരണം, വ്യത്യസ്ത രാഷ്ട്രങ്ങൾ തങ്ങൾക്ക് അപകടകരമാണെന്ന് തോന്നുന്ന സാമ്പത്തികവ്യവസ്ഥയെ പുറന്തള്ളുകയെന്ന പ്രലോഭനത്തിനടിപ്പെട്ടേക്കാം.
തങ്ങളുടെ നഖങ്ങളും കോമ്പല്ലുകളും പരസ്പരം പ്രദർശിപ്പിച്ചുകൊണ്ട്, അപഹർത്താക്കൾക്കിടയിൽ ആത്മവിശ്വാസത്തിന്റെ സാധ്യതകളെക്കുറിച്ച് സംസാരിക്കാൻ ധൈര്യപ്പെടുന്നവർ നമ്മുടെ കാലഘട്ടത്തിലുണ്ടെങ്കിൽ, അവർ കൊടിയ ആത്മവഞ്ചകരോഅതല്ലെങ്കിൽ അത്യന്തം നിഷ്കളങ്കരോ ആയിരിക്കണം. കൂടാതെ, ഈ “ദേശരാഷ്ട്ര”മെന്നതുകൊണ്ട് തൊഴിലെടുക്കുന്ന ജനതയെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ, സത്യസന്ധനായ എല്ലാ മനുഷ്യനും അംഗീകരിക്കേണ്ട ഒരു കാര്യമുണ്ട്- മുതലാളിത്തവ്യവസ്ഥയുടെ വിവേകശൂന്യതയിലേക്ക് എല്ലാതരത്തിലുള്ള അത്യാഹിതങ്ങളും “നിക്ഷേപിക്കുന്നതിൽ” തൊഴിലാളികളുടെ ഭാഗത്ത് പൂർണ്ണമായ ന്യായമുണ്ട്- മൂല്യം ഉല്പാദിപ്പിക്കുന്നതിനായി തങ്ങളുടെ തൊഴിൽ വിട്ടു നൽകുന്നതിന് ഈ വ്യവസ്ഥ അവർക്കു നൽകുന്ന പാരിതോഷികങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ, പ്രത്യേകിച്ചും. മാർക്സും ഏംഗൽസും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ എഴുതിവച്ചിരിക്കുന്ന വാക്കുകൾ,. അവയുടെ ഭീകരമായ കൃത്യതയിൽ, എത്രമാത്രം ആധുനിക ബൂർഷ്വാവർഗ്ഗം പ്രാവർത്തികമാക്കികൊണ്ട് സാർത്ഥകമാക്കുന്നുവെന്ന് തൊഴിലാളിവർഗ്ഗം കൂടുതൽ വ്യക്തതയോടെ കണ്ടുകൊണ്ടിരിക്കുകയാണ്.
തുടരും…….
No Comments yet!