Skip to main content

വെളുപ്പിന്റെ പര്യായം

തുമ്പപ്പൂവിന് തൂവല്‍ വെളുപ്പാണ് (leukos). ആ നുനുനുനുപ്പ് ഒരു ലെന്‍സിലൂടെ കണ്ടാല്‍ കുടുതല്‍ ബോധ്യപ്പെടും. തമിഴില്‍* തുമ്പൈ അസംബ്‌ളിയാണ്, കൂട്ടുചേരലാണ്. കൂട്ടം ചേര്‍ന്ന് പൂക്കളുള്ളതും തുമ്പ തന്നെ.

തുമ്പപ്പുവിന്റെ കൊച്ചു രൂപത്തിനുള്ളില്‍ അത്ഭുതത്തിന്റെ ആലിസ് ലോകം ഒളിച്ചിരുപ്പുണ്ട്. പ്രാണികള്‍ വന്നിരിക്കുന്ന നാക്ക്, നമുക്ക് തൂവെള്ള. മനുഷ്യ നയനങ്ങള്‍ക്ക് കാണാനാകാത്ത അള്‍ട്രാവയലറ്റ് നിറം കൊണ്ടാ ചിത്രണം ചെയ്തിരിക്കുന്നു. തേനുള്ളേടത്തേക്ക് നുകരുവാന്‍ തലയും കൊണ്ടു ചെല്ലുന്ന പ്രാണിയുടെ മേല്‍ ഒരു ലിവര്‍ താഴ്ത്തും. മുകളിലുള്ള ‘പരാഗണച്ചെപ്പി’ (anther)ലുള്ള പൂമ്പൊടി ദേഹത്ത് തൂവുകയും ചെയ്യും. ഇത് മറ്റൊരു പൂവില്‍ തീര്‍ച്ചയായും എത്തും.

ഉള്ളൂര്‍ ഭാഷയില്‍
‘ശിശുക്കള്‍തന്‍ പുഞ്ചിരിപോലെനിക്കു
ചിത്തം കുളിര്‍പ്പിച്ചൊരു കൊച്ചുപൂവേ
വെണ്‍തിങ്കള്‍ രാകും
പൊടികൊണ്ടുതീര്‍ത്ത
വേധസ്സു നിന്മെയ്യതിനില്ല വാദം’

പക്ഷേ, തുമ്പ വേനലിന്റെ പൂവല്ല. പുല്ലുകള്‍ വളരും മുമ്പേ ധര്‍മ്മം നിര്‍വ്വഹിച്ചു അതു വിടവാങ്ങും. മഞ്ഞുതങ്ങുന്ന മലനിരകളില്‍ തുമ്പകളുടെ സമൃദ്ധി കാണാം. തണുപ്പുകൂടും തോറും തേന്‍ കട്ടിയാവാതെ സൂക്ഷിക്കാന്‍ പഞ്ഞിക്കെട്ടിന്‍ കനം കൂട്ടും. ചെറുകുന്നുകളുടെ ആഘോഷമാണ് ഓണം. ചെറുപൂക്കളുടെ ആഘോഷമാണ് ഓണം.

കവികള്‍ ഇത്രയേറെ ആഘോഷിച്ചിട്ടുള്ള ചെറുപൂവ്, വേറെ ഏതാണ്? വെളുപ്പിനെപ്പറ്റി പൊതുവെ പറയുന്നതെല്ലാം തുമ്പക്കും ചേരും.

‘ദര്‍പ്പം വെടിഞ്ഞും ദയശീലമാര്‍ന്നും
ധാവള്യവും മാര്‍ദ്ദവവും തികഞ്ഞും
ലസിച്ചിടും നിന്‍തനു ലബ്ധവര്‍ണ്ണ
നേത്രാമൃതസ്ഫാടിക നാളി പൂവേ’.

ഉള്ളൂരിന്റെ ‘തരംഗിണി’യിലെ തുമ്പപ്പൂവ് എന്ന കവിത അലങ്കാരങ്ങളുടെ കലവറകൂടിയാകാം. ഇതുപോലെയുള്ള കാഴ്ച ഉള്ളൂരില്‍ സുലഭമാണ്.

‘തുമ്പപ്പൂവിലും തൂമയെഴും നിലാവമ്പില്‍’ എന്നു തുടങ്ങുന്ന പുഷ്പവാടിയിലെ ‘അമ്പിളി’യില്‍ മാത്രമേ കുമാരനാശാന്‍ തുമ്പയെ കാണുന്നുള്ളൂ.

വള്ളത്തോള്‍ ‘ഓണ’ത്തില്‍ തുമ്പയുടെ രൂപവര്‍ണ്ണനക്കെപ്പം അതിനെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പോരാളിയാക്കുന്നുണ്ട്. സമയം ചേര്‍ത്തൊരു ചതുര്‍മാനം (fourth dimension) കവിതയില്‍ സൃഷ്ടിച്ചെടുക്കുന്ന കൗശല വിദ്യയാണിത്.

‘തുമ്പകള്‍പോലും നൂല്പുവേലയാലെന്നോ വെണ്‍നൂല്‍
ത്തുമ്പുകള്‍ വെളിപ്പെടുത്തുന്നു തന്‍ചക്രത്തിന്മേല്‍’.

പൂക്കള്‍ കൊഴിഞ്ഞാല്‍ വിത്തുകളുടെ സംരക്ഷണം ഏറ്റെടുക്കുന്ന കാലിക്‌സുകള്‍ (calyx) പല്‍ച്ചക്രം പോലെ, വട്ടത്തില്‍, ചെടിയില്‍ ശേഷിക്കും.

തമിഴ് സാഹിത്യത്തില്‍ തുമ്പയുടെ അര്‍ത്ഥം വിപുലമാണ്. ‘പെരിയ വീരശെയല്‍ പുരിവതന്‍ കുറിയാകെ വീരര്‍ പോരില്‍ അണിയും അടയാളപ്പൂ’ (തിരിച്ചറിയല്‍ കാര്‍ഡിന്റെ പഴയരൂപം), എന്ന് പുറനാനൂറ്. തുമ്പൈ തിണൈ (തുമ്പമണ്ഡപം) എന്നാല്‍ ‘പഴയവരോട് പോര്‍ശെയ്തലൈക്കൂറും പുറത്തിണൈ’ എന്ന് തൊല്‍ക്കാപ്പിയം. ‘തുമ്പൈമാലൈ’ എന്നത് ‘അന്നിന്ത് പോരിപോ പുരിന്ദ വീരനെ’ പുകഴ്ത്തുന്ന
പ്രബന്ധമാണ്.

തുമ്പപ്പൂവിട്ട കൊത്തമ്പാലക്കഞ്ഞി ബാല്യത്തില്‍ കുടിച്ച ഓര്‍മ്മ കവി കെ വി രാമകൃഷ്ണന്‍ മാഷ് പറഞ്ഞുതന്നു.

ഓഷധിയാണ് തുമ്പ. ക്രിമിശല്യത്തിന് തുമ്പപ്പുകൊണ്ട് ഒരു പലഹാരം ഉണ്ടാക്കി കൊടുപ്പാന്‍ ഗോവിന്ദമേനോന്‍ ഭാരതീയൗഷധ സസ്യങ്ങളില്‍ പറയുന്നുണ്ട്. ഈ പലഹാരക്കൂട്ട് നഷ്ടം വന്നുവോ?

*Dravidian Etymological Dictionary (3331), assembly, crowd

 

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “വെളുപ്പിന്റെ പര്യായം”

  1. ദിലീപ്കുമാർ കെ.വി.,

    കൊള്ളാം. നന്നായിട്ടുണ്ട്.

Your Email address will not be published.