ശ്രീ നാരായണ ഗുരുവിന്റെ മത വീക്ഷണം പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടു്. അതിനാൽ ഏതെങ്കിലും മതത്തിന്റെ വക്താവായി ഗുരുവിനെ ചിത്രീകരിക്കുന്നത് അവഹേളനപരമാണ്. സഹോദരനയ്യപ്പന്റെ ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന വചനം കേട്ട് അങ്ങനെ ആയാലും കൊള്ളാം എന്ന് ഗുരു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഗുരുവിനെ ഒരു മത നിഷേധിയോ, നാസ്തികനോ ആണെന്ന് പറയുന്നതും അർത്ഥരഹിതമാണ്. ഗുരു ദൈവം ഉണ്ടോ ഇല്ലയോ എന്ന വാദ പ്രതിവാദത്തിൽ ഇടപ്പെട്ട് തല പുണ്ണാക്കാനും താൽപ്പര്യപ്പെട്ടിരുന്നില്ല. അങ്ങനെ ആയാലും കൊള്ളാം എന്ന് പറയുന്നത് അത്യധികം ജനാധിപത്യപരമായ കാഴ്ചപ്പാടിൽ നിന്നു കൊണ്ടായിരുന്നു. മതത്തെക്കുറിച്ച് ഒരിക്കൽ ഗുരു പറഞ്ഞത്: ”മതമെന്നു വെച്ചാൽ അഭിപ്രായം: അതേതായാലും മനുഷ്യന് ഒരുമിച്ച് കഴിയാം. അതുപോലെ ആരുടെയും മതസ്വാതന്ത്ര്യത്തെ തടയരുത്.
മതഭേദ ചിന്തകളുടെ ഇരുട്ട് നിറഞ്ഞ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന രചനയാണല്ലോ’ അനുകമ്പാ ദശകം’. അനുകമ്പാദശകത്തിൽ ഗുരു മതാതീതമായ മാനവികതക്കാണ് ഊന്നൽ കൊടുക്കുന്നത്. ഉദാത്ത ജീവിതം അനുകമ്പയിൽ അധിഷ്ഠിതമായിരിക്കണം എന്ന് ഗുരു ഈ രചനയിൽ സ്ഥാപിക്കുന്നുമുണ്ട്. ഒരിക്കൽ ഹിന്ദുമതം നന്നല്ല എന്ന് സി വി കുഞ്ഞിരാമൻ പറയുന്നതിനോട് ഗുരു നൽകുന്ന മറുപടിയിങ്ങനെ: “ഹിന്ദുമതം എന്നൊരു മതമേ ഇല്ല. (ബ്രാഹ്മണമതമേ അന്ന് ഉണ്ടായിരുന്നുള്ളു.) ഹിന്ദുസ്ഥാനി നിവാസികളെ ഹിന്ദുക്കളെന്ന് വിദേശിയർ പറഞ്ഞു വന്നു. ഹിന്ദുസ്ഥാനി വാസികളുടെ മതം ഹിന്ദുമതം എന്നാണെങ്കിൽ അവിടെ ഇപ്പോൾ വസിക്കുന്ന ക്രിസ്ത്യാനികളുടെയും മുഹമ്മദീയരുടെയും മതങ്ങളും ഹിന്ദു മതമാണ്. എല്ലാ മതക്കാരുടെയും വിശ്വാസങ്ങൾക്ക് ചില സാമന്യ ലക്ഷണങ്ങൾ ഉള്ളതുകൊണ്ട് മനുഷ്യരെല്ലാം ഒരു മതക്കാർ തന്നെയാണ്”. ഗുരുവിന്റെ ആത്മോപദേശതകം മത ഭിന്നതകളുടെ അർത്ഥശൂന്യത വെളിപ്പെടുത്തുന്ന രചന കൂടിയാണ്. ലോകത്തുള്ള എല്ലാ മതങ്ങളുടെയും രഹസ്യം ഒന്നു തന്നെയാണെന്ന് ഇതിൽ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. അയ്യപ്പനുമായുളള സംഭാഷണത്തിൽ മതം മാറ്റത്തെക്കുറിച്ച് ഗുരു പറയുന്നത് ഇങ്ങനെ: ” നമുക്ക് ഇപ്പോഴുള്ള അഭിപ്രായം, മതം മാറണമെന്ന് തോന്നിയാൽ ഉടനെ മാറണം. അതിന് സ്വാതന്ത്ര്യം വേണം. അച്ഛന്റെ മതമല്ലായിരിക്കും മകന് ഇഷ്ടം. (അച്ഛനും മകനും വ്യത്യസ്ത മതമാകാം.) മനുഷ്യന് മതസ്വാതന്ത്ര്യം വേണ്ടതാണ്.അതാണ് നമ്മുടെ അഭിപ്രായം.” ഒരു പത്രപ്രവർത്തകനുമായുള്ള സംഭാഷണത്തിൽ ഗുരു ആധുനിക സെക്കുലറിസ്റ്റ് നിലപാടിന് സമാനമായ നിലപാടാണ് മുന്നോട്ടു വെയ്ക്കുന്നത്. എത്ര തെളിമയോടു കൂടിയ നിലപാടാണതെന്ന് നോക്കുക. “സമുദായിക സംഗതികൾ മതത്തിനോ, മതം സാമുദായിക സംഗതികൾക്കോ കീഴടങ്ങിയിരിക്കുന്നത് തെറ്റാണ്. സമുദായിക സംഗതികൾക്കും മതത്തിനും സംബന്ധമൊന്നും പാടില്ല. മതം മനസ്സിന്റെ കാര്യമാണ്.( വ്യക്തി മനസ്സിന്റെ ) ആരുടെയും മതസ്വാതന്ത്ര്യത്തെ തടയരുത്. പല മതക്കാരായ മനുഷ്യരുണ്ടല്ലോ. അവരിൽ ഒരോരുത്തരുടേയും മനസ്സിന്റെ ഗതിക്കും വളർച്ചക്കും അനുസരിച്ച് ഭിന്ന മതങ്ങൾ കൂടിയേ തീരൂ. എല്ലാവർക്കും സ്വീകാര്യമായ ഒറ്റ മതം ഉണ്ടാകാൻ പ്രയാസമാണ്. എന്റെ മതം സത്യം എന്നാരും പറയരുത്.”
സെക്കുലറിസം എന്നത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട വാക്കാണ്. പലരും ഇതിനെ മതവിരുദ്ധതയായി ചിത്രീകരിക്കാറുണ്ട്. അങ്ങിനെ ചിത്രീകരിച്ചിട്ടുള്ളവർ പ്രധാനമായും കേവല യുക്തിവാദികളും പോസിറ്റീവിസ്റ്റുകളുമാണ്.
ജോർജ്ജ് ജേക്കബ് ഹോല്യോക്ക്
185l ൽ സെക്കുലറിസം എന്ന വാക്ക് ചരിത്രത്തിൽ ആദ്യമായി ഉപയോഗിക്കുന്നത് ബ്രിട്ടീഷ് രാഷ്ട്രീയകാര്യ വിദഗ്ധനായ ജോർജ്ജ് ജേക്കബ് ഹോല്യോക്ക് ആയിരുന്നു. മതത്തെയും ഭരണകൂടത്തെയും വേർപ്പെടുത്തുക എന്നതാണതിന്റെ അന്തസത്ത. മതത്തെഭരണകൂടത്തിൽ നിന്ന് ഒഴിവാക്കുക എന്നതിനർത്ഥം മതത്തെ സമൂഹത്തിൽ നിന്ന് ഒഴിവാക്കുക എന്നതോ, മത നിഷേധമോ അല്ല. മതത്തെ ഭരണകൂടത്തിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും ഒഴിവാക്കി സ്വകാര്യ വിഷയമാക്കുക എന്നതാണ്. അതേ സമയം എതുമതത്തിൽ വിശ്വസിക്കാനും ഏതു മതത്തിലേക്ക് മാറാനും പൗരന് സ്വതന്ത്ര്യം ഉണ്ടായിരിക്കണം. മതം വ്യക്തിപരമായി പരിമിതപ്പെടുകയും വേണം. ഇതേ നിലപാടാണ് മതത്തെ സംബന്ധിച്ച് ലെനിനും മുന്നോട്ടുവെച്ചിട്ടുള്ളത്. ലെനിൻ ഒന്നുകൂടി പറഞ്ഞു അതായത്, മാർക്സിസ്റ്റുകൾക്ക് മതത്തോടുള്ള നിലപാട് മേൽപ്പറഞ്ഞതായിരിക്കുമ്പോൾ തന്നെ മാർക്സിസ്റ്റുകൾ സ്വയം ഭൗതികവാദികളായിരിക്കണം എന്നും. മാർക്സിനാകട്ടെ മതം ഒരിക്കലും പ്രഥമ ലക്ഷ്യവുമായിരുന്നില്ല. എന്നാൽ പോലും എല്ലാതരം മതമൗലികവാദികളും സെക്കുലറിസത്തെ മതവിരുദ്ധമെന്ന് വിവർത്തനം ചെയ്യാനാണ് താത്പര്യം കാണിക്കുന്നത്.
മതത്തെ ഫ്യൂഡൽ സ്ഥാപനങ്ങളായി മാത്രം കരുതാനും കഴിയില്ല. പല മതങ്ങളും ചൂഷിതരുടെ വിമോചന പ്രസ്ഥാനമായിട്ടാണല്ലോ ചരിത്രത്തിൽ ഉയർന്നുവന്നിട്ടുള്ളത്. പീഡിതരുടെ മതമായ ക്രിസ്തുമതവും സഹോദര്യത്തിന്റെ മതമായ ഇസ്ലാമും കരുണയുടെമതമായ ബുദ്ധമതവും ഇതിന് ഉദാഹരണങ്ങളാണ്. ശ്രീനാരയണ ഗുരുവും ഇതെടുത്ത് പറയുന്നുണ്ടു്. ഇന്നതെല്ലാം ചൂഷകരുടെ മതമായോ, ക്രൂരമായ ഭരണകൂട മതമായോ മാറിയിട്ടുണ്ടെങ്കിലും. പറഞ്ഞ് വന്നത്, ശ്രീനാരായണ ഗുരുവിന്റെ മതത്തോടുള്ള സമീപനത്തെക്കുറിച്ചാണല്ലോ. മുകളിൽ ചൂണ്ടികാട്ടിയ ഗുരുവിന്റെ നിലപാടുകളിൽ എത്രമാത്രം സുവ്യക്തമായിട്ടാണ് ആധുനിക സെകുലറിസ്റ്റ് നിലപാട് അവതരിപ്പിച്ചിരിക്കുന്നത്. ഗുരു ഇത് പാശ്ചാത്യ നവോത്ഥാനത്തിൽ നിന്ന് കടമെടുത്തതല്ല. മറിച്ച് അത് ബ്രാഹ്മണമേധാവിത്വത്തിനും ജീർണ്ണിച്ച ബ്രാഹ്മണ പൗരോഹിത്യത്തിനും അതുമായുള്ള ഭരണകൂടത്തിന്റെ ബന്ധങ്ങളിൽ നിന്നും രൂപപ്പെടുത്തിയതാണ്.
One of the beautiful narration of Sri Narayana Guru.