Skip to main content

‘എഴുത്തുപ്പ’ യെഴുതുമ്പോള്‍ സംഭവിക്കുന്നത്…

 

എഴുത്തച്ഛനില്ല, എഴുത്തുപ്പയും എഴുത്തുമ്മയുമേ എനിക്കുള്ളൂ എന്ന തുറന്ന പ്രഖ്യാപനത്തിലൂടെ കാവ്യപാരമ്പര്യത്തെയും സ്വന്തം വൈകാരിക ലോകത്തെയും കവിതകൊണ്ട് തിരുത്തുകയാണ് അക്ബര്‍. ‘എഴുത്തച്ഛനെടുത്ത ഭാഷാക്രമക്കണക്കും’ വാരിധിതന്നില്‍ തിരതല്ലുന്ന ‘ഭാരതീപദാവലി’യും സ്വാനുഭവങ്ങളെക്കുറിക്കാന്‍ അപര്യാപ്തമാകുന്നിടത്ത് തന്നില്‍ ആരോപിതവും അവക്ഷിപ്തവുമായ വൈകാരിക ലോകത്തെ തേച്ചുമാച്ച് തിരുത്തിയെഴുതുമ്പോള്‍ അക്ബറിന്റെ കവിത എഴുത്തുപ്പയേയും എഴുത്തുമ്മയേയും തിരിച്ചറിയുന്നു. തേനും വയമ്പുമെഴുതി നാക്ക് പൊന്നാകട്ടെ എന്ന് അനുഗ്രഹിച്ച് പറഞ്ഞയച്ചതല്ല ആ തിരിച്ചറിവും നേരറിവും. സ്വത്വവാദത്തിന്റെയോ, ഇരവാദത്തിന്റെയോ ബലഹീനതകളിലല്ല, ‘ എന്നിലൂടെ നടക്കാനോ എന്റെ കാലിന്നറിഞ്ഞീടൂ’ എന്ന കുന്നിക്കുരുക്കവിതാത്തിളക്കത്തിലാണ് സത്യസന്ധവും നിഷ്‌കളങ്കവുമായ ആ രേഖപ്പെടല്‍ സംഭവിക്കുന്നത്. എഴുത്തച്ഛന്‍ മലയാളവും അറബി-മലയാളവും മൊഴിയും ലിപിയുമായി കൂടെപ്പോന്ന ബഹുസ്വരതയുടെ നിറവിലാണ് ‘എഴുത്തുപ്പ’ എന്ന കവിത ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സത്യം വിളിച്ച് പറയുന്നത്. മൊഴിഭേദങ്ങള്‍, അക്ഷരക്കണക്കുകള്‍, ഉച്ചാരണ വഴക്കങ്ങള്‍ എന്നിവയില്‍ കലങ്ങിത്തെളിഞ്ഞ് നില്‍ക്കുമ്പോള്‍ ഒരു കവി ചോദിക്കാവുന്ന, ചോദിക്കേണ്ട നീതിയുടെ ചിഹ്നങ്ങളാണ് കവിതയെ നിര്‍ണയിക്കുന്നത്.

”ഇതിലേതപ്പാ എന്റെ മൊഴി?
ഇതിലേതുമ്മാ എന്റെ വഴി?

‘കാണുന്നീലൊരക്ഷരവും’ എന്ന് പറഞ്ഞതിന്റെ പില്‍ക്കാല പൊരുള്‍കൂടി ഉള്‍വഹിക്കുന്നു ഈ ചോദ്യം. അതിലേം ഇതിലേം നടന്ന് വീണു പോവുമ്പോള്‍ മുഴങ്ങുന്ന വിളിയിലല്ലേ താനുള്ളതെന്ന് ഭാഷാ ക്രമക്കണക്കിന്റെ തിട്ടങ്ങളെ ലംഘിച്ച് വിളിച്ചു പറയുന്നു. ആദ്യമെഴുതിയ അക്ഷരം ‘അ’ അല്ല ‘അലിഫ്’ ആകുമ്പോള്‍ എനിക്കങ്ങനെയേ പറയാനാവൂ. ”ഒന്നും തോന്നരുത്,
തോന്നിയിട്ട് കാര്യവുമില്ല!’ എന്ന തന്റേടത്തില്‍ എഴുതുന്ന അക്ബറിന്റെ കവിതകളില്‍ ക്രമങ്ങളും നിശ്ചിത താളങ്ങളും മൂര്‍ത്ത ബിംബ വിതാനങ്ങളും തെറ്റിക്കുന്ന എതിര്‍വിചാരങ്ങളുടെ ഭാഷാപരീക്ഷണലാബ് സജ്ജമാവുന്നു. അത്തരം വിചാര-വികാരങ്ങളുടെ നാട്ടുരിയാടലിലാണ് നേര്യമംഗലം വിട്ട് കവിത സഞ്ചരിക്കുന്നത്. ഭൂത-ഭാവിയതിരുകള്‍ തെന്നി സ്ഥല-സഞ്ചാര- സംജ്ഞാ ബോധങ്ങളില്‍ അപൂര്‍വ്വ ഭാവനാ വിസ്മയങ്ങള്‍ പ്രകടിപ്പിക്കുന്നത്. അതിനാല്‍ ഒരുതരത്തിലുള്ള ടൈം ട്രാവല്‍ പകപ്പുകള്‍ കൊണ്ട് കവിതയില്‍പ്പെട്ട് ഉഴലാനും അത് വിധിയോ, യോഗമോ, കവിതയോ എന്ന് തീര്‍ച്ചപ്പെടാതെ പോകാനും ഏറെ സാധ്യതയുണ്ട്. ബസ്സും ഹെയര്‍പിന്‍ വളവും കടലും പുഴയും മണവും പൂവും ഗോളിയും ഏകാന്തതയും പരസ്പരം കലഹിക്കുന്നതും രഞ്ജിക്കുന്നതും കവിതയുടെ കെട്ടുമുറയില്‍, ലക്ഷണ ശാസ്ത്രങ്ങളില്‍ ഒതുങ്ങാതെ അമൂര്‍ത്തമായ പെയിന്റിംഗായും ശിഥില ബിംബമായും നമ്മുടെ കൂടെ യാത്ര ചെയ്യുന്നു. അല്ല, നാം വായനക്കാര്‍ കവിതയ്‌ക്കൊപ്പം പുറപ്പെട്ട് പോകുന്നു.

ഒരേ ബസ്സില്‍ അകലേക്ക് പായുന്ന ചക്രങ്ങളില്‍ പരസ്പരം കാണാതെ പോകുന്ന പ്രിയപ്പെട്ട ഒരാള്‍ ഉണ്ട്. വളവുകളെ സ്റ്റിയറിംഗ് വട്ടം കൊണ്ട് നിവര്‍ത്തിയെടുക്കുമ്പോള്‍ പാട്ടില്‍ക്കേറി പറക്കുന്ന പ്രിയപ്പെട്ട ആള്‍. കുതിച്ചുപായുന്ന ബസ്സില്‍ അവര്‍ മാത്രമാകുന്നു. താനൊരിക്കലും കണ്ണില്‍പ്പെടാതെയും . നേരത്തെ താളം പിടിച്ച പാട്ട് ദു:ഖത്തിലേക്ക് ചായുന്നു. അപ്പോള്‍ കരയുന്ന നിന്നെ മഴവന്ന് തൊടുന്നു. കാണാതെ, അറിയാതെ നീ… പായുന്ന ബസ്സില്‍ എവിടെ, എപ്പോള്‍ നിന്നോടൊപ്പം ഞാനിറങ്ങും എന്ന ആകുലതയില്‍ കാലവേഗതയുടെ ഇരമ്പം കേള്‍പ്പിക്കുന്നു. ബസ്സ് ഒരു ലോകമാണെന്ന നേരില്‍ കവിതയില്‍ ഒപ്പം പോയ നമ്മള്‍ ഒരു യാത്രയുടെ മുഴുവന്‍ ക്ഷീണവും അനുഭവിക്കുന്നു.’റെയിന്‍ബോ’ എന്ന് പേരുള്ള ബസ്സും ഗിയല്‍ ലിവറിലെ പല വര്‍ണ്ണങ്ങളിലുള്ള ഹെയര്‍ ബാന്‍ഡുകളും കൊണ്ട് ബസ് എന്ന രൂപകത്തെ കാല്പനികമായി ചമയ്ക്കുമ്പോഴും ഡ്രൈവറും ഹെയര്‍ ബാന്‍ഡുകൊണ്ട് മഴവില്ലുണ്ടാക്കി കളിക്കുന്ന അയാളുടെ പെണ്‍കുഞ്ഞുങ്ങളും ആസന്നമായ അപകടത്തിലെന്ന പോലെ മഴവില്ല് മാഞ്ഞ മരണവീട്ടില്‍ ഉറങ്ങിക്കിടക്കുന്നത് നാം കാണുന്നു. വേദനയുടെ കുഞ്ഞു കൈ കൊണ്ട് ചുവപ്പ് ചായം പുരട്ടി കവിത മറ്റൊരു ഭാവതലം സൃഷ്ടിക്കുകയാണ്. നിയതമായ സൗന്ദര്യശാസ്ത്ര പരികല്പനകളെ തിരുത്തുകയും അട്ടിമറിക്കുകയും ചെയ്യുന്ന അപകടകരമായ ഒരു ഡ്രൈവിംഗ് കവിതയിലങ്ങനെ പതിയിരിക്കുന്നു.

ലോലഭാവനയുടെ പരിസരങ്ങളെ റദ്ദ് ചെയ്ത് സ്വകീയ ഭാവനയുടെ മണ്ണില്‍ അനുഭവത്തെ ഉത്തമ-അധമ വേര്‍തിരിവില്ലാതെ നട്ടുനനച്ച് വളര്‍ത്തിയ കവിതയാണ് ‘ ചേനപ്പൂ’ . ചിരിക്കുന്ന ചേനപ്പൂവിന്റെ മണം ജീവിതത്തിലെ എല്ലാം ചൊറിച്ചിലുകള്‍ക്കും മേലെ സംഭവിക്കുന്നതാണ്. അപ്പോള്‍ മൂക്കിനുള്ളില്‍ കയറി വാതിലടയ്ക്കുകമാത്രമാണ് അപഹാസ്യമായ പോംവഴി.” ചീഞ്ഞളിഞ്ഞ നാറ്റം മരിച്ചതിന്റേതോ? മരിച്ചവര്‍ക്ക് മണമുണ്ടാകുമോ? “ഈ ചോദ്യങ്ങള്‍ക്ക് മേല്‍ അവയവങ്ങളില്‍ അയല്‍പ്പക്കത്തും നിറഞ്ഞ് കുമിയുകയും കവിയുകയുമാണ് മണം. മൂക്കുപൊത്തി നടന്നാലും ഒടുക്കം സമരസപ്പെടേണ്ടിവരുന്ന യാഥാര്‍ത്ഥ്യത്തിന്റെ വേരില്‍ മുളച്ച്, പറയാനാവാത്ത നിറങ്ങളുമായി, ഉറക്കെച്ചിരിക്കുന്ന ഒരു പൂവായി അത് നമ്മുടെ സൗന്ദര്യബോധത്തിന് നിയാമകമായ ഇന്ദ്രിയ ശീലങ്ങളെ പരിഹസിക്കുന്നു.

”മണങ്ങളുടെ റിപ്പബ്ലിക്
മൂക്കുകളുടെ കെട്ടഴിച്ച്
നഗരത്തെ മോചിപ്പിച്ചു”

എന്നും മറ്റൊരു കവിതയില്‍ വെളിപ്പെടുന്നുണ്ട്.

അക്ബര്‍.

നവീനബിംബങ്ങള്‍കൊണ്ട് നാളിതുവരെയുള്ള ചമത്കാര കല്പനകളെ തിരസ്‌കരിക്കുന്നതും ആഖ്യാന-ഭാവപരമായി കവിത പുലര്‍ത്തുന്ന മൗലികതയാണ്. ആകാശത്തുണങ്ങാനിട്ട മിസറുകളായി മേഘങ്ങളെയും ഏകാന്തതയെടുത്ത് ഇട്ടാനടിച്ച് എതിര്‍ പോസ്റ്റില്‍ ഗോളാക്കി മാറ്റുന്ന ഗോളിയെയും പുഴയില്‍ വിഷം കലര്‍ത്തുന്ന നഗരത്തിലെ ഓടഗ്ലാസുകളെയും അവതരിപ്പിച്ചുകൊണ്ട് കവിത സ്ഥാപിത ബിംബാവലികളെ തിരസ്‌കരിക്കുകയാണ്. ഭാഷയിലും ആഖ്യാനത്തിലും ഭാവനയിലും ഒരു നൂതന സൗന്ദര്യ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട് അക്ബറിന്റെ കവിതകള്‍.

ഭാഷയിലും ഭാവനയിലും ബിംബകല്പനയിലും നിര്‍വ്വഹിക്കുന്ന അട്ടിമറിയോടൊപ്പം, സാമൂഹ്യമായ ഉത്കണ്ഠകളും വെല്ലുവിളികളും അക്ബറിന്റെ കവിതകളുടെ മറ്റൊരു സവിശേഷതയാണ്.. സൗഹൃദകാലത്തെ മുഴുവന്‍ പിളര്‍ത്തിക്കളയുന്ന വിദ്വേഷത്തിന്റെ അകങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ‘ മെല്‍ഹമ’ എന്ന കവിത. ഒരു വീട്ടില്‍,ഒരു മുറിയില്‍ താമസിച്ചിരുന്ന സുഹൃത്തുക്കള്‍ …സങ്കടവും സന്തോഷവും മുറിച്ച് പാകം ചെയ്ത് കഴിച്ചവര്‍…. ടി.വി കണ്ട് പുസ്തകങ്ങള്‍ വായിച്ച് ഫുട്‌ബോളിനെയും ടെന്നീസിനെയും കുറിച്ച് തര്‍ക്കിച്ച് വഴക്കടിച്ച് മിണ്ടാതിരുന്ന ബാല്യകാല സുഹൃത്തുക്കള്‍ …..എന്നിട്ടും കെട്ടിപ്പിടിച്ച് പെട്ടെന്ന് ഒന്നായവര്‍, ഇപ്പോള്‍ അവര്‍ ഒരു മുറിയിലല്ല, ഒരു രാജ്യത്തുപോലുമല്ല. ബൈസിക്കിള്‍ തീവ്‌സും ചില്‍ഡ്രന്‍ ഓഫ് ഹെവനും പരാമര്‍ശിക്കുമ്പോള്‍ അത് രാജ്യത്തിന്റെയും സംസ്‌കാരത്തിന്റെയും മാനവികതയുടെയും പ്രതിനിധാനമായി കവിതയില്‍ മിഴിയുന്നു.മനസ്സില്‍ കുരുത്ത് രാജ്യാതിര്‍ത്തികള്‍ പിന്നിടുന്ന വിദ്വേഷത്തിന്റെയും പിന്നീട് യുദ്ധമായി പൊട്ടിപ്പുറപ്പെട്ട് കൂട്ടക്കുരുതികള്‍ ചോരച്ചാലിടുകയും ചെയ്യുന്ന ലോകത്ത് ‘ ‘ശാലോം അലേഹം ‘ എന്നും ‘ അസ്സലാമു അലൈക്കും’ എന്നും പരിക്കുകളില്ലാതെ സംബോധന ചെയ്യാന്‍ കഴിയുന്ന ഒരു ലോകത്തെക്കുറിച്ച് പ്രാര്‍ത്ഥിക്കുന്ന കവിതയാണ് ‘ മെല്‍ഹമ’.

‘ആകാശം തെളിഞ്ഞ് നല്ല നിലാവുണ്ടായാല്‍ മതിയായിരുന്നു’ എന്ന് അഗാധമായി പ്രാര്‍ത്ഥിക്കുന്ന, വാൻ ഗോഖിലും മിര്‍സാ ഗാലിബിലും സ്പര്‍ശിക്കുന്ന, ഭാഷയുടെ അതിരുകള്‍ക്കപ്പുറത്തേക്ക് സഞ്ചരിക്കുന്ന, ഒരു രേഖകളുമില്ലാതെ വേലിക്കിടയിലൂടെ ഒരു കുഞ്ഞുചെടി തലനീട്ടുന്നത് കണ്ടെത്തുന്ന ” കവിതകളാണ് അക്ബറിന്റേത്. ” മഷിയുണങ്ങാതെ കിടക്കുന്ന ഒരു നീളന്‍ തൂവല്‍” കൊണ്ട് എഴുതുകയും വായനക്കാരിലേക്ക് നീട്ടി ഉള്ളുതൊട്ട് ചേര്‍ന്നെഴുതൂ മനസ്സിലെങ്കിലും എന്ന് പ്രചോദിപ്പിക്കുകയുമാണ് അക്ബറിന്റെ കവിതകള്‍.

 

 

എഴുത്തുപ്പ
അക്ബർ

1 ൽ തുടങ്ങുന്നത്
‘അ’ ആണെന്ന് ആരാണ് പറഞ്ഞത്
28 അക്ഷരങ്ങളിൽ തീരുന്നത്
എങ്ങനെ 53 ആയിടും?
أَكْبَر എന്നെഴുതുമ്പോൾ
അക്ബർ എന്ന് വായിക്കുന്നതെന്തിന്?

ഒത്തിരിയാളുകൾ
പറഞ്ഞിരുന്ന ഫാഷയുടെ
(ഭ അല്ല ഫ തന്നെ)
ശേല് മറച്ചുവച്ച്
പുതിയ പുതിയ ഉച്ചാരണങ്ങൾ
എന്തിനാണ് അടിച്ചേൽപ്പിച്ചത്?
മയ, പൊയ, കൊയപ്പം
ഇങ്ങനെയൊക്കെ നല്ല വടിവൊത്ത
പേച്ചുകളെ ‘ഴ’ നാക്കിൽ കയറ്റി
വഴുക്കിയതെന്തിനാണ്?

”ഞാനോ കേളമരാവതീലമരുവോൻ ഗന്ധർവ്വരാജൻ സഖേ!
വാനോർനാഥനഹേതുകോപി വെറുതേ നമ്മെശ്ശപിച്ചീടിനാൻ;
ദീനോഹം ധരണീതലേ പിറവി പൂണ്ടീവണ്ണമായിട്ടുമി-
ത്തേനോലും മൊഴിമാർക്കു മാരമരണാതങ്കം കുറച്ചീടിനേൻ.”1

‘പുന്നാരതാളം മികന്തേ ബീവി
ഹേമങ്ങൾ മെത്തെ പണി ചിത്തിരം
ആഭരണ കോവ അണിന്തേ ബീവി
പൂമകളാണേ ഹുസ്നുൽ ജമാൽ
പുന്നാരതാളം മികന്തേ ബീവി” 2

ഇതിലേതപ്പാ എന്റെ മൊഴി?
ഇതിലേതുമ്മാ എന്റെ വഴി?

അതിലേം ഇതിലേം നടന്ന്
നടന്നു നടന്നു നടന്ന്…
എങ്ങുമെത്താതെ
വീണു പോവുമ്പോൾ
മുഴങ്ങുന്ന വിളിയില്ലേ
അതാണപ്പാ എന്റെ ഭാ…
ഹേയ് അല്ല
ഫാ ഷഷഷ!

പറഞ്ഞു കേട്ടതെല്ലാം തെറ്റാണെന്നും
അറബി മലയാളം
വായിച്ച് പറഞ്ഞു തന്നയാള്‍
ഇന്നില്ല!

അപ്പോൾ, അപ്പോൾ
ഞാനാദ്യമെഴുതിയ അക്ഷരം
അ അല്ല അലിഫ് ആണ്

അതെ,
എഴുത്തച്ഛനില്ല
എഴുത്തുപ്പയും
എഴുത്തുമ്മയുമേ
എനിക്കുള്ളു.

ഒന്നും തോന്നരുത്.
തോന്നിയിട്ടും കാര്യമില്ല!

 

1. മഹാഭാരതം കിളിപ്പാട്ട് – എഴുത്തച്ഛൻ
2.ബദറുൽ മുനീര്‍ ഹുസ്‌നുൽ ജമാൽ – മൊയീൻകുട്ടി വൈദ്യർ

 

 

—–

 

 

One Reply to “‘എഴുത്തുപ്പ’ യെഴുതുമ്പോള്‍ സംഭവിക്കുന്നത്…”

Leave a Reply to drl thomas kutty Cancel reply

Your Email address will not be published.