Skip to main content

ജഗദീഷ് ബാബുവിന്റെയും ബിന്ദു ജഗദീഷിന്റെയും രണ്ടു പുസ്തകങ്ങളുടെ പ്രകാശനം

ജഗദീഷ് ബാബുവിന്റെ ‘വിരൽതുമ്പിലെ ലോകം’ എന്ന പുസ്തകം ജോയ് മാത്യു പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോൾക്ക് നല്‍കി പ്രകാശനം ചെയ്യുന്നു

നാല്‍പതു വര്‍ഷത്തെ ഓര്‍മ്മകളും മനുഷ്യരും ഒരു വൈകുന്നേരം ഒന്നിച്ചുകൂടിയ അത്യപൂര്‍വ്വ വേദിയായിരുന്നു പാലക്കാട് ഇന്ദ്രപ്രസ്ഥഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന കേരളത്തിലെ തല മുതിർന്ന മാധ്യമപ്രവർത്തകൻ ജഗദീഷ് ബാബുവിന്റെയും ഭാര്യ ബിന്ദു ജഗദീഷിന്റെയും പുസ്തക പ്രകാശന ചടങ്ങ്. ഒരു പുസ്തക പ്രകാശന ചടങ്ങിനപ്പുറം നാലു പതിറ്റാണ്ടുകാലത്തെ മാധ്യമപ്രവർത്തനത്തിന്റെ ഓർത്തെടുക്കൽ കൂടിയായിരുന്നു ചടങ്ങ്. മാധ്യമപ്രവർത്തകർക്ക് നിഷ്പക്ഷരാവാൻ കഴിയില്ലെന്നും ഏതെങ്കിലും ഒരു പക്ഷത്തോടൊപ്പം നിൽക്കേണ്ടിവരുമെന്നും ആ പക്ഷം എസ് ജഗദീഷ് ബാബുവിനെ പോലെ ജനകീയ പക്ഷത്തായിരിക്കണമെന്നും ചടങ്ങിൽ പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു.ജഗദീഷ് ബാബുവിന്റെ വിരൽത്തുമ്പിൽ ലോകം ഒരു ചരിത്രമാണെന്നും പ്രത്യേകിച്ച് പാലക്കാടിന്റെ ഒരു കാലഘട്ടത്തേ ഓർമ്മപ്പെടുത്തുന്നതാണെന്നും അപ്പോൾ പ്ലാച്ചിമടയും ഭൂസമരവും ഒക്കെ വീണ്ടും ചർച്ച ചെയ്യപ്പെടേണ്ടി വരുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ഒരു സിനിമക്ക് സ്കോപ്പ് ഉള്ളതാണ് ഈ പുസ്തകം അതുകൊണ്ടാണ് നമ്മളെ പിടിച്ചിരുത്തി ഇത് വായിപ്പിക്കുന്നതെന്നും ജോയ് മാത്യു പറഞ്ഞു.

 

എസ്. ജഗദീഷ് ബാബു

ബിന്ദു ജഗദീഷ്

കഥാകൃത്തുക്കൾക്കുള്ള സ്വാതന്ത്ര്യം മാധ്യമപ്രവർത്തകർക്കില്ലെന്നും കഥാകൃത്തുക്കൾ തന്റെ ജീവിത പരിസരങ്ങളിൽ നിന്ന് ലഭിക്കുന്ന സംഭവങ്ങളെയും കഥാപാത്രങ്ങളെയും അല്പം ഭാവനയും മായവും ചേർത്ത് എഴുതുമ്പോൾ പത്രപ്രവർത്തകർ സത്യം മാത്രംഎഴുതേണ്ടവരാണെന്ന് സംവിധായകൻ ലാൽ ജോസും അഭിപ്രായപ്പെട്ടു. ബിന്ദു ജഗദീഷിന്റെ പാവകളി എന്ന കഥ സമാഹാരം പ്രകാശിപ്പിക്കുക ആയിരുന്നു അദ്ദേഹം. മുൻ എംപി,എൻ എൻ കൃഷ്ണദാസിന്റെ അധ്യക്ഷതയിൽ ജഗദീഷ് ബാബുവിന്റെ വിരൽതുമ്പിലെ ലോകം എന്ന പുസ്തകം ജോയ് മാത്യു പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനു മോൾക്കും ബിന്ദു ജഗദീഷിന്റെ പാവകളി എന്ന ചെറുകഥ സമാഹാരം സംവിധായകൻ ലാൽ ജോസ്,സെൻറ് അലോഷ്യസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ചാക്കോ ജോസിനും കൈമാറി പ്രകാശനം ചെയ്തു.

ബിന്ദു ജഗദീഷിന്റെ ‘പാവകളി’ എന്ന ചെറുകഥ സമാഹാരം സംവിധായകൻ ലാൽ ജോസ്, സെന്റ് അലോഷ്യസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ചാക്കോ ജോസിന് നല്‍കി പ്രകാശനം ചെയ്യുന്നു

കറന്റ് ബുക്സിലെ കെ ജെ ജോണി പുസ്തക പരിചയം നടത്തി. വി കെ ശ്രീകണ്ഠൻ എംപി, ജോയ് മാത്യു, ലാൽ ജോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു മോൾ, അഡ്വ. ജോൺ ജോൺ, ഡോ. ചാക്കോ ജോസ്, സംവിധായകൻ രാഹുൽ ശർമ എന്നിവർ പ്രഭാഷണം നടത്തി. മാധ്യമപ്രവർത്തകരായ അജയ് മുത്താന, മനു ഭരത്, സംഗീത കുളത്തൂർ, ബഷീർ മാടാല, സേതുബങ്കളം, ശ്രീകുമാർ മനയിൽ, ബൈജു മേനാച്ചേരി, എഴുത്തുകാരൻ ദിലീപ് കുറ്റിച്ചിറ എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു. നടൻ മദൻ ബാബുസ്വാഗതവും എസ് ജഗദീഷ് ബാബു നന്ദിയും പറഞ്ഞു. തുടർന്ന് ഇ കെ ജലീലിന്റെ നേതൃത്വത്തിൽ സംഗീത സന്ധ്യയും അരങ്ങേറി. മാധ്യമ പ്രവർത്തനത്തിനിടയിൽ ഉണ്ടായ അനുഭവങ്ങൾ, കണ്ടുമുട്ടിയ മനുഷ്യർ, നാലു പതിറ്റാണ്ടു കാലത്തെ ചരിത്രവഴികൾ അതാണ് ജഗദീഷ് ബാബുവിന്റെ വിരൽത്തുമ്പിലെ ലോകം, ബിന്ദു ജഗദീഷിന്റെ പാവകളി കുറ്റന്വേഷണ കഥകളാണ്. തൃശൂർ കറൻറ് ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ.

 

*******

 

No Comments yet!

Your Email address will not be published.