‘എന്റെ വാക്കുകള്‍ തേനായി മാറിയപ്പോള്‍ ഈച്ചകള്‍ എന്റെ ചുണ്ടിനെ പൊതിഞ്ഞു’ എന്ന് എഴുതിയത് പലസ്തീന്‍ കവി മഹ്‌മൂദ് ദര്‍വീഷ് ആണ്. രാജ്യവും ജീവനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജനതയുടെ ഭൂപടത്തില്‍ നിന്ന് പൊതു ലാവണ്യ ബോധം അപ്രത്യക്ഷമാവുകയും പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും കനലുകള്‍ പടരുകയും ചെയ്യുന്നത് സ്വാഭാവികം.

‘എന്റെ വാക്കുകള്‍ ഗോതമ്പായിരുന്നപ്പോള്‍ ഞാന്‍ മണ്ണായിരുന്നു.
‘എന്റെ വാക്കുകള്‍ ക്ഷോഭമായിരുന്നപ്പോള്‍ ഞാന്‍ കൊടുങ്കാറ്റ്.
‘എന്റെ വാക്കുകള്‍ പാറയായിരുന്നപ്പോള്‍ ഞാന്‍ നദിയായിരുന്നു.
എന്റെ വാക്കുകള്‍ തേനായി മാറിയപ്പോള്‍ ഈച്ചകള്‍ എന്റെ ചുണ്ടിനെ പൊതിഞ്ഞു.’
(മഹ്‌മൂദ് ദര്‍വീഷ് -വാക്കുകള്‍ വിവര്‍ത്തനം : വീരാന്‍കുട്ടി )
വംശഹത്യയുടെ ക്രൂര ദംഷ്ട്രകള്‍ പതിയിരിക്കുന്ന ഇസ്രായേലിന്റെ പാലസ്തീന്‍ കയ്യേറ്റ ഭൂമികയില്‍ നിന്ന് ‘ആക്രമണം’ (The Attack ) എന്ന ആഖ്യാന പ്രതിരോധം സാധ്യമാക്കുമ്പോള്‍ യാസ്മിനാ ഖാദ്രയുടെ വാക്കുകളിലും ഉള്ളു നീറുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ലോകമനസാക്ഷിക്കു നേരെ കണ്‍തുറക്കുന്നു. ചവിട്ടിയരയ്ക്കപ്പെട്ട സംസ്‌കൃതിയും കാലുകുത്താന്‍ ഇടമില്ലാത്ത മണ്ണും വംശഹത്യയുടെ ബാക്കിപത്രമാകുമ്പോള്‍ താന്‍ അനുഭവിച്ച 30 വര്‍ഷത്തെ പ്രവാസത്തിന്റെയും പലായനത്തിന്റെയും നാള്‍വഴികളെ ആത്മകഥാപരമായി രേഖപ്പെടുത്തിയ മുരീദ് ബര്‍ഗൂതിയും ലോകത്തിന്റെ ഹൃദയത്തില്‍ അധിനിവേശവിരുദ്ധമായ അമര്‍ഷത്തിന്റെയും പ്രതിരോധത്തിന്റെയും വിത്തുകള്‍ പാകുകയായിരുന്നു. നാളെ എന്തെന്നറിയാതെ നാടും വീടും നഷ്ടപ്പെടുന്ന, ജീവന്‍ പോലും നിമിഷനേരം കൊണ്ട് ഹനിക്കപ്പെടുന്ന ഒരു ജനതയുടെ അവസാന ശ്വാസത്തിന് മുന്‍പുള്ള പിടച്ചിലാണ് പലസ്തീനില്‍ നിന്നുള്ള എഴുത്തുകള്‍. അധീശവര്‍ഗാഹന്തയുടെ മിസൈല്‍ പെരുക്കങ്ങള്‍ക്കും ജനാധിപത്യ – നൈതിക വിരുദ്ധതയ്ക്കുമുള്ള കനലെഴുത്തുകള്‍ തീര്‍ച്ചയായും മധുരം പുരട്ടിയ മനോവാങ്മയങ്ങള്‍ ആകില്ല.

‘റാമല്ല ഞാന്‍ കണ്ടു (‘I saw Ramallah ‘) എന്ന മുരീദ് ബര്‍ഗൂതിയുടെ ഗ്രന്ഥത്തെ എഡ്വേര്‍ഡ് സെയ്ദ് വിശേഷിപ്പിച്ചത് ‘പലസ്തീന്‍ പലായനത്തിന്റെ അസ്തിത്വപരമായ ഒരു സൂക്ഷ്മാവിഷ്‌കാരം’ എന്നാണല്ലോ. പലസ്തീനിന്റെ ചരിത്രത്തിലേക്കും ഹൃദയത്തിലേക്കും നടത്തിയ അനുഭവസഞ്ചാരം കൂടിയാണ് ഈ പുസ്തകം. പലസ്തീനിലെ മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും വേട്ടയാടപ്പെട്ടത് ജനാധിപത്യത്തിനും നീതിക്കും മനുഷ്യാന്തസ്സിനും വേണ്ടി നിര്‍ഭയം സംസാരിച്ചു എന്നതുകൊണ്ടാണ്.
ലോകരുടെ സങ്കടങ്ങള്‍ കൊണ്ട് പലസ്തീന്‍ ജനതയെ ആശ്വസിപ്പിക്കാനാവില്ല. പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും ഉള്ള് തട്ടിയ ഐക്യപ്പെടലിന്റെയും ഇച്ഛാശക്തി കൊണ്ട് മാത്രമേ നാം ജീവിച്ച കാലത്തെ സഹോദരങ്ങളെ ചേര്‍ത്തു പിടിക്കാനാവൂ. സയണിസ്റ്റ് ഉപരോധത്തില്‍ ഉലഞ്ഞ ഗാസയിലേക്ക് ജീവന്‍ രക്ഷാമരുന്നുകളും ഭക്ഷ്യവിഭവങ്ങളുമായി പുറപ്പെട്ട സുമൂദ് ഫ്‌ളോട്ടില്ല നീതിബോധവും കരുതലും കൊണ്ട് ഈ ലോകം ഇനിയും ജീവയോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇസ്രായേലിന്റെ ഗാസയിലേക്കുള്ള കടല്‍ മാര്‍ഗ്ഗ ഉപരോധത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ലോകത്തെ പലഭാഗങ്ങളിലും ഉള്ള മനുഷ്യാവകാശ പ്രവര്‍ത്തകരും അന്താരാഷ്ട്ര സംഘടനകളും ചേര്‍ന്ന് സാധ്യമാക്കിയ ഫ്‌ലോട്ടില്ല, തീരത്തോട് അടുക്കുന്നത് ഇനിയും മനുഷ്യത്വം വേരറ്റു പോയിട്ടില്ല എന്ന് പ്രഖ്യാപിക്കുക കൂടിയാണ്. ഒന്നിച്ച് യാത്ര ചെയ്യുന്ന കപ്പലുകളും ബോട്ടുകളും ആണ് ഫ്‌ലോട്ടില്ല.
സ്ഥൈര്യം, നിലനില്‍പ്പ്, ദൃഢനിശ്ചയം എന്നീ അര്‍ത്ഥം വരുന്ന അറബി വാക്കാണ് സുമൂദ്.
അനേകം കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ ഇസ്രായേല്‍ വംശഹത്യാ ഭീകരത ലോക മനസ്സാക്ഷിയെ വെല്ലുവിളിക്കുമ്പോള്‍ നിലനില്‍പ്പിനു വേണ്ടിയുള്ള ദൃഢനിശ്ചയം നിറഞ്ഞ സ്‌നേഹത്തിന്റെ, ഐക്യപ്പെടലിന്റെ സമുദ്ര സഞ്ചാരമാണ് സുമൂദ് ഫ്‌ളോട്ടില്ല. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്, നെല്‍സണ്‍ മണ്ടേലയുടെ കൊച്ചുമകന്‍ മാണ്ട്ലാ മണ്ടേല ഉള്‍പ്പെടെയുള്ളവര്‍ സയണിസ്റ്റ് ഉപരോധത്തിനെതിരെയുള്ള കപ്പല്‍ യാനത്തില്‍ പങ്കാളികളായി. നീതിക്ക് വേണ്ടിയുള്ള മാനവികതയുടെ ഇച്ഛാശക്തി കൂടിയായി ഈ ഐക്യപ്പെടല്‍. രാഷ്ട്ര -മത-സങ്കുചിതത്വങ്ങളില്ലാതെ മനുഷ്യസ്‌നേഹികള്‍ ഗാസക്കു വേണ്ടി, ഒരു ജനതയുടെ പൊരുതുന്ന മനസ്സിനോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ചരിത്ര സന്ദര്‍ഭത്തില്‍ കവികള്‍ക്കും കലാകാരര്‍ക്കും ചിലത് ചെയ്യാനുണ്ട് .വംശഹത്യാ കാലത്ത് കടുത്ത മൗനം പോലും കുറ്റകരമാകുന്നു. ‘നാമൊരു ക്രിമിനല്‍ സമൂഹ’ (കോവിലന്‍ )മാകാതിരിക്കാന്‍ ‘നിശബ്ദരായിരിക്കാന്‍ നിങ്ങള്‍ക്ക് എന്ത് അധികാരം ‘( ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് ) എന്ന ചോദ്യം ഉള്ളില്‍ നിന്നും ഉണരേണ്ടതുണ്ട്.

പരിസ്ഥിതി അവബോധവും ധ്യാനാത്മകമായ ഉള്‍ത്തെളിച്ചവും ആശ്ലേഷിച്ച കവിതകള്‍ എഴുതിയാണ് ഹരി ആനന്ദകുമാര്‍ മലയാള കവിതയില്‍ ശ്രദ്ധേയനായത്. ‘ചോരയുടെ ജനാല’, ‘വെളിച്ചത്തെ ചുംബിക്കുന്ന വിധം ‘, ‘മരമേ മൗനമേ’ എന്നീ കവിതാസമാഹാരങ്ങള്‍ മലയാള കവിതയിലെ പുതുഭാവുകത്വനിരയില്‍ ഇടം നേടിയിട്ടുണ്ട്.

സാംസ്‌കാരിക ബഹുസ്വരത കൊണ്ടും മലയാള ഭാവനയുടെ മാനവിക സൗന്ദര്യം കൊണ്ടും ശ്രദ്ധേയമായ പൊന്നാനി ദേശത്തെ കവി കൂടിയാണ് ഹരി ആനന്ദകുമാര്‍.

ഉറൂബും ഇടശ്ശേരിയും കടവനാട് കുട്ടികൃഷ്ണനും അക്കിത്തവും ഉള്‍പ്പെടെ ഒട്ടേറെ സാഹിത്യ പ്രതിഭകള്‍ക്ക് ഊര്‍ജ്ജമായ സ്ഥല രാശിയില്‍ നിന്ന്, ലോകത്ത് പൊരുതിവീഴുന്ന ജനതയ്‌ക്കൊപ്പം നില്‍ക്കാന്‍ ഹരി ആനന്ദകുമാറിന് കഴിയുന്നു എന്നതിന്റെ സാക്ഷ്യമാണ് ‘ഗാസ’ എന്ന കവിതാസമാഹാരം.

‘മര്‍ത്ത്യന്‍ സുന്ദരനാണ്’ എന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് ഗാസയെക്കുറിച്ചെഴുതുമ്പോള്‍ സംഭവിക്കുന്നത്.
വിലാപമോ സങ്കട ഹര്‍ജിയോ ആകാതെ ഗാസയോട് ഐക്യപ്പെടുന്ന വാക്കുകളുടെ സൂക്ഷ്മാവിഷ്‌കാരവും നീതിബോധ വിനിമയവും ഈ കവിതകളിലുണ്ട്. പ്രതിഷേധത്തിനും പ്രതിരോധത്തിനും വൈകാരികമായ ചലനശേഷി കൈവരിക്കുന്നതിന്റെ രസതന്ത്രം ഗാസയെക്കുറിച്ച് എഴുതിയ ഈ കവിതകള്‍ തീര്‍ച്ചയായും വ്യക്തമാക്കും. യുദ്ധങ്ങള്‍ക്കും വംശവെറികള്‍ക്കും കലാപങ്ങള്‍ക്കും എതിരെയുള്ള മാനുഷികമായ ഇടപെടലും മന:പരിവര്‍ത്തന വാഞ്ഛയും സൂക്ഷ്മ സാരമായി കവിതകളെ പ്രവര്‍ത്തിപ്പിക്കുന്നു. ഒരു രൂപകം എന്ന നിലയില്‍ ധ്വനിക്കുന്നിടത്താണ് ആഖ്യാനത്തിലെ മികവായി രചന സ്വയം പ്രത്യക്ഷമാവുന്നത്. ഇടം നഷ്ടപ്പെട്ട്, അധീശത്വം ഭരിച്ച് മനസ്സിനും ശരീരത്തിനും മുറിവേറ്റ ജനതയ്ക്ക് വേണ്ടിയുള്ള പോരാട്ടം കൂടിയായി കവിത സജ്ജമാകുന്നു.
‘കുടിയിറക്കപ്പെടും കൂട്ടരേ; പറയുവിന്‍ / പറയുവിന്‍- ഏതു രാഷ്ട്രക്കാര്‍ നിങ്ങള്‍? //പ്രസവിച്ചതിന്ത്യയായ്, പ്രസവിച്ചതിംഗ്ലണ്ടായ് /പ്രസവിച്ചതാഫ്രിക്കന്‍ വന്‍കരയായ് / അതുലെന്തുണ്ടാര്‍ക്കാനു, മുടമയില്ലാത്ത ഭൂ -/പടമേലും പാഴ് വരയ്ക്കര്‍ത്ഥമുണ്ടോ?/ എവിടെവിടങ്ങളില്‍ ചട്ടി പുറത്തെടു- / ത്തെറിയപ്പെടുന്നുണ്ടിപ്പാരിടത്തില്‍/ അവിടവിടങ്ങളെച്ചേര്‍ത്തു വരയ്ക്കുകൊ- / ന്നിവരുടെ രാഷ്ട്രത്തിന്നതിര്‍വരകള്‍’
(കുടിയിറക്കല്‍ – ഇടശ്ശേരി )
എന്നെഴുതിയ ഇടശ്ശേരി പൊരുളിനോട് സാത്മ്യം പുലര്‍ത്തി സയണിസ്റ്റ് ഭീകരവാഴ്ചയില്‍ നുറുങ്ങിപ്പോകുന്ന ഗാസയോടൊപ്പം നില്‍ക്കുന്നു കവി. ഒരു രാജ്യം തന്നെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുന്ന വംശഹത്യയുടെ വെറികള്‍ക്കെതിരെ ഒലിവും പോപ്പിയും സൂര്യപ്പക്ഷിയും തണ്ണിമത്തനും ചേര്‍ത്തുവച്ച് പലസ്തീന്‍സംസ്‌കൃതിയുടെ ചിഹ്നങ്ങളാല്‍ കലഹിക്കുകയാണ് കവി. അടര്‍ന്നുപോകുന്ന ഭൂപടത്തെ ചേര്‍ത്തുപിടിച്ച് കാക്കുകയാണ് കവിതകള്‍ . പലസ്തീന്‍ എന്നൊരു രാഷ്ട്രം ഇനിയില്ല എന്ന് സയണിസ്റ്റ് ഭീകരത പ്രഖ്യാപിക്കുമ്പോള്‍ കത്തിയെരിഞ്ഞാലും പച്ചതെഴുത്ത് വരുന്നത് കാണാനാകുമെന്ന് മുഖത്തടിച്ച പോല്‍ പറയുന്നു.
ഉമ്മമാരുടെ, ബാപ്പമാരുടെ, പിഞ്ചുമക്കളുടെ, സഹോദരങ്ങളുടെ പച്ചമാംസം വില്പനയ്ക്ക് വച്ചത് വാങ്ങാന്‍ ഹൃദയമില്ലാത്ത ലോകത്തോട് പറയുന്നത് കടുത്ത അമര്‍ഷത്തില്‍ നിന്നാണ്. ഇസ്രായേല്‍ പലസ്തീനില്‍ തുറന്ന അറവുശാലയാണ് ഗാസ എന്നെഴുതുമ്പോള്‍ കൊടും കുറ്റവാളികള്‍ ആയി ഇസ്രായേല്‍ ഭരണകൂടം ലോകത്തിനു മുന്നില്‍ അനാവൃതമാവുകയാണ് . ‘രാഷ്ട്രങ്ങള്‍ക്കിടയിലെ കരിഞ്ഞ മാംസത്തുണ്ടാകുമോ ഗാസ?’ എന്ന് പ്രതിഷേധിക്കുന്നുമുണ്ട്. മരിച്ചവര്‍ മണ്ണിനടിയില്‍ നിന്ന് സ്വപ്നങ്ങള്‍ കൊണ്ടുവരും എന്ന് ലോകത്തോട് പറയാന്‍ കവിത ഒരു ഉപാധിയാവുന്നു. ‘നിശ്ശബ്ദത വെടിയൂ ഉത്തരം പറയൂ’ എന്നാണ് കവിത കാലത്തോട് കലമ്പുന്നത്. –
‘നിരപരാധികളെ കൊന്നൊടുക്കുന്നത് കണ്ട് ഒലിവുമരങ്ങള്‍ക്ക് ഭ്രാന്ത് പിടിയ്ക്കാതിരിക്കുമോ?’
ഒലീവ് വിത്തുകള്‍ കൊണ്ട് കണക്ക് പഠിച്ച കുട്ടികള്‍ ഇസ്രായേല്‍ ഭീകരതയ്‌ക്കൊപ്പം നിശ്ശബ്ദമാകുന്ന ലോകജനതയോടും നാളെ കണക്കു ചോദിക്കും എന്ന നേരിടല്‍ മുന കവിതക്കകത്തുണ്ട്. ഗാസ പ്രതീകമോ രൂപകമോ എന്ന് അലങ്കാരികര്‍ നിശ്ചയിച്ചോളൂ…
കവിത കൊണ്ട് ലോകത്തിന്റെ മുറിവുണക്കാം. മുറിവേറ്റവര്‍ക്ക് കൂട്ടിരിക്കാം. എന്നാല്‍ മുറിവേല്‍പ്പിക്കുന്ന ആയുധ വ്യാപാരികള്‍ക്കും വംശ- യുദ്ധവെറിയന്മാര്‍ക്കെതിരെ നിന്ന് ലോകനന്മയുടെ മനസ്സാക്ഷിയാകാന്‍ കെല്‍പ്പുണ്ടോ എന്നാണ് പൊന്നാനിക്കാരനായ ഒരു മനോരാജ്യക്കാരന്‍ ചോദിക്കുന്നത്. (എം.ഗോവിന്ദന്‍ നിനവില്‍)
കവിത ഒരു മനോരാജ്യം കൂടിയാണ്. അധീശ വ്യവഹാരങ്ങള്‍ക്ക് കീഴ്‌പ്പെടാത്തതാകണം ആ രാജ്യം. ആ ബോധ്യത്തില്‍ നിന്നാണ് പൊന്നാനി എന്ന പഴയ തുറമുഖ നഗരിയില്‍ നിന്ന് ഈ സത്യാനന്തരകാലത്ത് വാക്കുകളുടെ സുമൂദ് ഫ്‌ളോട്ടില്ല പുറപ്പെട്ടു പോകുന്നത്. അഭയവും അവബോധവും ആവുകയാണ് കവിതകള്‍.
വേരില്‍ നിന്ന് ഞങ്ങള്‍ തുടങ്ങും
ഹരി ആനന്ദകുമാര്‍
അടുക്കളയുടെ ചുമരില്‍
അരിമാവ് കൊണ്ടെഴുതിയ
അലിഫ്
അതിനപ്പുറം
അവനെക്കൊണ്ടെഴുതാന്‍
ചെകുത്താന്‍ സമ്മതിച്ചില്ല.
വായിക്കാന്‍ ഉമ്മയേയും.
പിസ്തയുടെ തോടിനാല്‍
കുട്ടി നിര്‍മിച്ച ഗസല്ല
നടക്കും മുന്‍പ്
അവനും ഒറ്റ ബോംബില്‍
കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കെ
മൈതാനത്ത് വീണു പൊട്ടാന്‍
ബോംബിന്
ഒരു ലജ്ജയുമുണ്ടായില്ല.
ചെടികളിലെ പൂക്കളില്‍ നിന്നും
മരങ്ങളുടെ ചില്ലകളില്‍ നിന്നും
ചുണ്ണാമ്പുകല്ലുകളുടെ വിടവുകളില്‍ നിന്നും
മരണം പാഞ്ഞുവരുന്നു.
ഞങ്ങളുടെ ദേശത്തിനു മുകളില്‍
ആധിപത്യത്തിന് ശ്രമിക്കുന്നു.
ചോരയില്‍ സൂര്യപ്പക്ഷിയുള്ള രാജ്യം
ദേശീയ പതാകയുടെ നട്ടെല്ലില്‍
നിവര്‍ന്നുനിന്നു പൊരുതും.
ജീവിതം പൊരുതാന്‍ പഠിപ്പിക്കുന്നു.
മുലപ്പാല്‍ മണമുള്ള
കുഞ്ഞുങ്ങളുടെ ശവക്കല്ലറകളില്‍ നിന്ന്
ഞങ്ങള്‍ നടത്തം പഠിക്കുന്നു.
ഞങ്ങള്‍ക്കു മേല്‍ കാട്ടുപൂക്കളുടെ
വന്യമായ കാരുണ്യം.
പൂഴിമണ്ണില്‍
ഒലീവിന്റെ വേരുകള്‍
ഞങ്ങളുടെ പേരെഴുതുന്നു.
വേരില്‍ നിന്ന്
ഞങ്ങള്‍ തുടങ്ങും.
***
ഇന്‍തിഫാദ
ഹരി ആനന്ദകുമാര്‍
കൊല്ലപ്പെട്ടവര്‍
ഭൂമിയിലേക്ക് തിരിച്ചിട്ടുണ്ട്.
അവര്‍ പ്രതിരോധത്തിന്റെ കടലായി പരക്കും.
അവരുടെ കൈകളില്‍ ചുണ്ണാമ്പുകല്ലുകളും
ഒലിവുമരക്കഷണങ്ങളും മാത്രം.
നിങ്ങളുടെ യന്ത്രത്തോക്കുകള്‍ക്കു മുന്നില്‍
ഉരുക്കുപോലെ
അവര്‍ ഉറച്ച് നില്‍ക്കും.
നിങ്ങള്‍ ഭയക്കും.
അവരുടെ ഹൃദയം രക്തക്കല്ല്.
അവര്‍ സ്വന്തം മാംസം കൊണ്ട് വന്‍മതില്‍ പണിയും.
ചുറ്റും രക്തം കൊണ്ട് കിടങ്ങുകളും
കൊല്ലപ്പെട്ടവര്‍ ഭൂമിയിലേക്ക് തിരിച്ചിട്ടുണ്ട്.
***
ഫാത്തിമാ
ഹരി ആനന്ദകുമാര്‍
ഫാത്തിമാ നിന്റെ കണ്ണുകള്‍
മുന്തിരി വള്ളികളില്‍ കുലച്ചു നില്‍ക്കുന്നു.
നിന്റെ സ്വപ്നങ്ങള്‍ പോലെ
അതിന്‍ പടര്‍ച്ചകള്‍.
എല്ലാ ദിവസവും നീയതിന്റെ ചുവട്ടില്‍
വെള്ളവുമായി വന്നു.
വേരുകളില്‍ വള്ളികളില്‍ ഇലകളില്‍
നിന്റെ വിരലുകള്‍
അരിച്ചു നടക്കും.
ലോകാവസാനം വരെ
അതു മുടങ്ങരുതേ
എന്ന് മുന്തിരിച്ചെടി
പ്രാര്‍ത്ഥിച്ചിട്ടുണ്ടാവണം.
എന്നിട്ടും മുന്തിരിച്ചെടി നിന്നിടം
കരിഞ്ഞ പാതാളമായിരിക്കുന്നു.
ഫാത്തിമാ, എവിടെയാണ്
നിന്റെ കൈപ്പത്തികള്‍..?
***
ഗാസ (കവിതകള്‍)
ഹരിആനന്ദ കുമാര്‍
പ്രസാധനം : നൗണ്‍ ബുക്‌സ്, എടപ്പാള്‍
വില : 120 രൂപ







No Comments yet!