Skip to main content

ഇന്ത്യന്‍ ഫിലോസഫി ഇന്ത്യന്‍ റവലൂഷന്‍

‘ഭാഷയിലെ ഒരു വിപ്ലവകാരി കൂടിയാണ് രചയിതാവ്. ഒരൊറ്റ സംഭവത്തിലൂടെ ഭൂതകാലത്തില്‍നിന്നും ഒരു വേര്‍തിരിവ് സൃഷ്ടിക്കുന്ന രാഷ്ട്രീയത്തിന്റെ ആധുനിക നാടകവേദിയാണ് വിപ്ലവം.’ മേല്പറഞ്ഞ പ്രസ്താവനയിലൂടെ തന്നെ ആധുനികതയുടെ അഭിഭാജ്യ ഘടകമായി ‘വിപ്ലവ’ത്തിന് പുതിയ മാനങ്ങള്‍ ഇന്ത്യയുടെ സമകാലിക രാഷ്ട്രീയത്തില്‍ സ്പുടം ചെയ്തെടുക്കാന്‍ ഇന്ത്യന്‍ ഫിലോസഫി ഇന്ത്യന്‍ റിവൊല്യൂഷന്‍- ജാതിയും രാഷ്ട്രീയവും എന്ന പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട് യെന്നു പറയുവാനാകും.

ശാസ്ത്രവും തത്വചിന്തയും എത്രത്തോളം രാഷ്ട്രീയത്തോട് പ്രതിജ്ഞാബദ്ധമായിരിക്കണമെന്നു തത്വചിന്തകരായ ദിവ്യ ദ്വിവേദിയും ഷാജ് മോഹനും ഈ രചനയിലൂടെ സാക്ഷ്യപ്പെടുത്തുന്നു.

ദിവ്യ ദ്വിവേദി, ഷാജ് മോഹന്‍

എങ്ങനെയാണു ‘ആര്യന്‍ സിദ്ധാന്ത’ത്തെ ‘ഡി പോസ്റ്റ് കൊളോണിയല്‍’ പദ്ധതിയിലൂടെ അക്കാദമിക രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ഭൂരിപക്ഷ ദളിത് ബഹുജനങ്ങളായ അവര്‍ണരെ അടിച്ചമര്‍ത്താനായി സവര്‍ണ അധികാരപക്ഷം ഉപയോഗിക്കുന്നത് എന്നത്തിന്റെ നേര്‍കാഴച്ച സാധാരണകാര്‍ക്ക് മുന്നില്‍ കാട്ടിത്തരുന്നതാണ് പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം. സൈദ്ധാന്തികനായ മായില്‍ മുന്തെവീല്‍ എഡിറ്ററായ ഈ ലേഖന സമാഹാരത്തിന്റെ മലയാള പരിഭാഷ ചെയ്തിരിക്കുന്നത് ശരത് കുമാര്‍ ജി.എല്‍ ആണ്. ഈ ലേഖന സമാഹാരത്തോടു ഒരു പരിധിവരെ നീതി പുലര്‍ത്തികൊണ്ട്തന്നെ മലയാള വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ വിവര്‍ത്തകന് കഴിഞ്ഞിട്ടുണ്ട്.

കൊളോണിയല്‍ ആധുനികത ബഹുജനങ്ങള്‍ക്കു പ്രാപ്തമാക്കിയ സ്വാതന്ദ്ര്യത്തെയും സമത്വാതിഷ്ഠിത സാമൂഹിക പുരോഗതിയെയും നിരാകരിച്ചു കൊണ്ട്, ‘പോസ്റ്റ് കൊളോണിയല്‍’ ചിന്താപദ്ധതി യിലൂടെ,’അപകീര്‍ത്തി- മേധാവിത്വ ധര്‍മ്മം’ ‘നവ-ഭാരത’ വാദികള്‍ നടപ്പിലാക്കുന്നതിന്റെ രാഷ്ട്രീയ ഉള്ളടക്കം ഈ രചന വരച്ചുകാട്ടുന്നു.
ഹൈന്ദവതയുടെ രാഷ്ട്രീയ തുടര്‍ച്ചകളാണ് അക്കാദമിക ഗവേഷണത്തിലെ ഇന്ത്യന്‍ മാതൃകകളില്‍ നിറഞ്ഞു നില്‍ക്കുന്നതെന്നും അതുവഴി തുടരുന്ന ശ്രേണികൃതമായ ജാതീയ-അസമത്വത്തെ തച്ചുടക്കുക എന്ന പ്രക്രിയതന്നെയാണ് ആധുനിക സമൂഹത്തിന്റെ അക്കാദമിക വിപ്ലവം എന്ന സത്യവും അവര്‍ മുന്നോട്ട് വയ്ക്കുന്നു. ‘ഭൂതകാലത്തിലെ നഷ്ടപെട്ട തദ്ദേശീയത’ വീണ്ടെടുക്കുക എന്ന ‘കോളനിയാനന്തര പദ്ധതി’ പ്രത്യക്ഷത്തില്‍ തന്നെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത് സനാതന-വൈദിക -ബ്രഹ്‌മണ്യ പാരമ്പര്യങ്ങളെയാണെന്ന വസ്തുത കീഴാള പഠനങ്ങളില്‍ ഏര്‍പ്പെടുന്ന ബഹുജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.

ജാതി എന്നത് ‘ഹിന്ദു എന്ന പത്തൊന്‍പതാം നൂറ്റാണ്ടിലെ നിര്‍മിതി’ യിലൂടെ സംജാതമായ ഹിന്ദുയിസത്തില്‍ മാത്രം നിലകൊള്ളുന്ന ഒന്നല്ലെന്നും, അത് ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന എല്ലാ മതങ്ങളിലും ( ക്രിസ്തുമതം, സിഖുമതം, ഇസ്ലാം മതം) ഒരുപോലെ ശിഥിലീകരിച്ച ഒരു സവര്‍ണ മുഖമുദ്രയാണെന്നും രചന ഉത്ഘോഷിക്കുന്നു. അതുകൊണ്ട് തന്നെ ‘ഹിന്ദു എന്ന വ്യാജ ഭൂരിപക്ഷ’ നിര്‍മ്മിതിക്ക് മുന്നില്‍ പൊതു എതിരാളിയായി ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും പ്രതിഷ്ഠിക്കുന്നതിന്റെ കപട രാഷ്ട്രീയത്തെ തിരിച്ചറിയേണ്ടത് ഓരോ മനുഷ്യരുടെയും ധാര്‍മിക ഉത്തരവാദിത്തമാണെന്ന് ഈ എഴുത്ത് വായനക്കാരനോട് സംവദിക്കുന്നു.

1921 ല്‍ പുറത്തുന്നുവെന്ന കാനേഷുമാരി റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ബഹുജനങ്ങള്‍ ആരും തന്നെ അവരുടെ മതത്തെ ‘ഹിന്ദു’ എന്ന് നിര്‍വചിച്ചിട്ടില്ലായെന്നും അവരുടെ ജാതി തന്നെ ആയിരുന്നു മതമായി രേഖപെടുത്തിയിരുന്നതെന്നുമുള്ള സത്യം നമ്മള്‍ വിസമരിച്ചു. ഇതില്‍ നിന്നുതന്നെ ‘ഹിന്ദു ഭൂരിപക്ഷം’ എന്ന പത്തൊന്പതാം നൂറ്റാണ്ടിലെ നിര്‍മിതി ഒരു രാഷ്ട്രീയ-അധികാര-സവര്‍ണ മേധാവിത്വത്തിന്റെ ഭാഗമായി ഉല്ഭവിച്ചതാണെന്ന സത്യം തെളിയിക്കപ്പെടുന്നു. ഇതില്‍ മുപ്പതുകളില്‍ ഗാന്ധിയുടെയും സവര്‍ണ ഹിന്ദു ദേശീയവാദികളുടെയും സ്വാധീനം എത്രമാത്രം പ്രബലമായിരുന്നു എന്നും ഷാജ് മോഹനും ദ്വിവേദിയും സമര്‍ഥിക്കുന്നു. എങ്ങനെയാണ് ബഹുജനങ്ങളുടെ വിപ്ലവാത്മകമായ ഇടപെടലുകളെ തീവ്രവാദമായും വര്‍ഗ്ഗീയ ലഹളകളായും നിര്‍വചിക്കപെടുന്നതെന്നും സ്വാതന്ദ്രയാനന്ദര ഇന്ത്യയില്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ആയിമാറിയ ദളിത് ബഹുജനങ്ങളെ വംശീയ കൂട്ടക്കൊലകളിലൂടെ ഉന്മൂലനം ചെയ്യുന്നതെന്നും രചന സാക്ഷ്യപ്പെടുത്തുന്നു.

Narendra Dabholkar, Gauri Lankesh, Perumal Murugan

സ്വന്തം ജനങ്ങള്‍ക്കെതിരെ ഭരണകൂടം നടത്തുന്ന ‘ആള്‍ക്കൂട്ടകുരുതികളെ’ സൈദ്ധാന്തികമായി അവലോകനം ചെയ്യുകയും ഇതിനു ചരിത്രപരമായി തന്നെ ജാതീയതയുമായുള്ള അഭേദ്യ ബന്ധം ലേഖനങ്ങള്‍ കാട്ടിത്തരുകയും ചെയ്യുന്നുണ്ട്. കാവ്യാത്മകവും സൈദ്ധാതികവുമായ രചനാശൈലിയിലൂടെ അനുഷ്ടനാപരമായ ബ്രാഹ്‌മണീയ ജാതീയതയെ അപനിര്‍മ്മിക്കുവാന്‍ രചനക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു സമൂഹം ജാതീയതമൂലം പുരോഗതിയില്ലാതെ നിശ്ചലമാവുന്ന അവസ്ഥയെ ‘സ്റ്റാസിസ്’ എന്ന പ്രക്രിയയായി നിര്‍വചിക്കുന്നുണ്ട്. അതിനെ നിരാകരിക്കാന്‍ ജാതി ഉന്മൂലനവും, ബഹുസ്വര്തയും നിലവില്‍ വരേണ്ടത് അനുവാര്യമാണെന്ന് അഭിപ്രായപ്പെടുന്നു. ഒരു സമൂഹത്തിനെ പുരോഗമന പാതയിലേക്ക് നടത്തുന്ന എഴുത്തുകാരെ അതി ക്രൂരമായി ഉന്മൂലനം ചെയ്യുന്നതിനെ ലേഖനം വിമര്‍ശിക്കുന്നു. നരേന്ദ്ര ധബോല്‍ക്കറും, ഗൗരി ലങ്കേഷും പെരുമാള്‍ മുരുഗനുമൊക്കെ ഇത്തരം കടന്നാക്രമണങ്ങള്‍ക്കു വിധേയമാകുന്നതു വഴി എഴുത്തുകാരെയും വിമര്‍ശകരേയും നിശ്ശബ്ദരാക്കുന്ന ആള്‍ക്കൂട്ട കോടതികളെപറ്റി തിരിച്ചറിയേണ്ടത്തിന്റെ ആവശ്യകതയും രചന ചൂണ്ടിക്കാട്ടുന്നു.
ചുരുക്കത്തില്‍ ഇന്ത്യന്‍ അക്കാദമിക തലത്തില്‍ സൈദ്ധാദികമായ ഒരു നവോഥാന പ്രക്രിയക്കാണ് ദ്വിവേദിയും മോഹനും തങ്ങളുടെ എഴുത്തുകളിലൂടെ തുടക്കം കുറിച്ചിരിക്കുന്നത്. സാമൂഹിക ധാര്‍മികത ഉള്ള ഏതൊരു പൗരനും വായിച്ചിരിക്കേണ്ടുന്ന ഒരു പുസ്തകമാണിതെന്നു നിസംശയം പറയാം.


ഇന്ത്യന്‍ ഫിലോസഫി ഇന്ത്യന്‍ റവലൂഷന്‍
ജാതിയും രാഷ്ട്രീയവും

രചന : ദിവ്യ ദ്വിവേദി, ഷാജ് മോഹന്‍

പ്രസാധനം : പുസ്തക പ്രസാധക സംഘം
വില : 450 രൂപ

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.