Skip to main content

ഗുപ്തസാമ്രാജ്യത്തിലേക്കുള്ള ലാറ്ററൽ എൻട്രികൾ

‘അസർബൈജാനിലെ പൂച്ച’ അനുപമ ബാലകൃഷ്ണന്റെ ആദ്യ കഥാസമാഹാരമാണ്. പതിനഞ്ചു കഥകളുടെ ഈ സമാഹാരത്തിലെ കഥകൾ പൊതുവായി ഇക്കാലജീവിതത്തെ ഒരു വെർച്വൽ ടൂറായി സങ്കല്പിച്ചിരിക്കുന്നു. എവിടെയായിരുന്നാലും മനുഷ്യനെ എവിടെയുമാവാനും, എവിടെയുമാവാതിരിക്കാനും പ്രാപ്തമാക്കുന്നതാണ് ഇന്നത്തെ കാലം. സമാഹാരത്തിലെ കഥകളുടെ ട്രീറ്റ്മെന്റും സമാനസ്വഭാവം പുലർത്തുന്നതാണ്. കഥ പറയുന്ന ആൾ കഥയിലുടനീളമുണ്ട്. എന്നാൽ അയാൾ കഥയിൽനിന്ന് വേറിട്ടു നിൽക്കുകയും ചെയ്യുന്നു. ഒരുകാലം നമ്മുടെ കഥാലോകം പരിശീലിച്ച അതിവൈകാരികതയുടെ കാലം കഴിഞ്ഞുപോയി എന്നും, ഇത് വിഷയങ്ങളെ നിർമ്മമായി സമീപിക്കുന്ന, എഴുത്തുകാരിയുടെ ഭാഷയിൽ പറഞ്ഞാൽ emotionally unavailable ആയ, ആഖ്യാനത്തിന്റെ കാലമാണെന്നുമാണ് ഈ സമാഹാരത്തിലെ കഥകൾ പൊതുവായി സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്നും വായിക്കാവുന്നതാണ്.

സമകാലത്തെ മനുഷ്യരുടെ ജീവിതമത്രയും ഒരുതരം വിർച്ച്വൽ ടൂറുകളാണെന്ന കാഴ്ചപ്പാടിനെ സാധൂകരിക്കുന്നതാണ് ‘അസർബൈജാനിലെ പൂച്ച’ എന്ന കഥയിലെ നായികാ കഥാപാത്രം ട്രെയിനിൽക്കയറി സീറ്റ് പിടിച്ചാലുടൻ യൂട്യൂബ് വീഡിയോകളിലൂടെ വെർച്വൽ ടൂർ നടത്തുന്ന ദൃശ്യം. ‘പബ്ലിക് റിലേഷൻസ് ഓഫീസറുടെ പ്രൈവറ്റ് അക്കൗണ്ട്’ എന്ന കഥ ആരംഭിക്കുന്നതു തന്നെ റോമിലെ കൊളോസിയത്തിൽ അടിമകളെ തുണിചുറ്റി കത്തിച്ച് രാത്രി പ്രകാശമാനമാക്കുന്ന ഭൂതകാലത്തെക്കുറിച്ച് സീത രാധയോട് പറയുന്ന വർത്തമാനങ്ങളിലാണ്. ഈ സമാഹാരത്തിലെ കഥകളുടെ മറ്റൊരു പൊതുഘടകമെന്നത് നിത്യജീവിതത്തിന്റെ ദുരിതപർവ്വം താണ്ടുന്ന സ്ത്രീകളുടെ ഏറിയപങ്ക് ജീവിതവും എരിഞ്ഞുതീരുന്ന ട്രെയിൻ യാത്രകളാണ്. ‘അസർബൈജാനിലെ പൂച്ച’ എന്ന സമാഹാരത്തിലെ കഥകൾ ജീവിതത്തെ അനസ്യൂതം ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ട്രെയിൻ യാത്ര പോലെ സങ്കൽപ്പിച്ചിരിക്കുന്നു. ചില സ്റ്റേഷനുകളിൽ നിർത്തിയും ചില സ്റ്റേഷനുകളിൽ നിർത്താതെയും, ഇന്നലെ കണ്ടവരെ ഇന്ന് കാണാതെയും പുതിയതായി ചിലർ പ്രത്യക്ഷപ്പെട്ടും, വീട് യാത്രയായും, യാത്ര വീടായും തമ്മിൽത്തമ്മിൽ കുഴമറിഞ്ഞും, സ്ഥിരം യാത്രികരിൽ ഇന്നലത്തെ വർത്തമാനങ്ങളുടെ തുടർച്ച ഇന്ന് സാധ്യമാകുന്നതുപോലെ, ഒരിക്കൽ വായിച്ചവസാനിപ്പിച്ച കഥയുടെ തുടർച്ച മറ്റൊരിടത്ത് ആരംഭിക്കുന്നതായി അനുഭവപ്പെട്ടും ‘അസർബൈജാനിലെ പൂച്ച’ എന്ന സമാഹാരത്തിലെ കഥകൾക്ക് ട്രെയിൻ യാത്രയുടെ ചലനാത്മകത ഉചിതമായ ഒരു രംഗപടം നിർമ്മിക്കുന്നു.

ഈ പുസ്തകത്തിലെ കഥകളിലൂടെ പുറത്തുവരുന്ന ജീവിതലോകമെന്നത് എഴുത്തുകാരിയുടെ ഭാഷയിൽ ജീവിതശൈലീ രോഗമാണ്. ‘പബ്ലിക് റിലേഷൻസ് ഓഫീസറുടെ പ്രൈവറ്റ് അക്കൗണ്ട്’ എന്ന കഥയിൽ, കഥ പറയുന്ന സീതയുടെ ഒപ്പം പതിവായി ട്രെയിൻ യാത്ര ചെയ്യുന്ന രാധ എന്ന കഥാപാത്രം ഒരു ആശുപത്രിയിലെ പബ്ലിക് റിലേഷൻസ് ഓഫീസറായ ഹരീഷിനെ രഹസ്യമായി പിന്തുടരുന്നത്, തന്റെ ഫോണിൽ അയാളുടെ ലോക്ക്ഡ് പ്രൊഫൈലിനുചുറ്റും പലവട്ടം ചുറ്റിത്തിരിയുന്നതിലൂടെയാണ്. എല്ലാ മനുഷ്യരും തങ്ങള്‍ ആരെന്നു വെളിപ്പെടുത്താത്ത ലോക്ക്ഡ് പ്രൊഫൈലുകളായി മാറുന്ന ഗുപ്തവും ഗൂഢവുമായ പുതിയകാലത്തു നിലയുറപ്പിക്കുന്നതിലൂടെ ഈ കഥ കാലത്തിന്റെ അടയാളരൂപമായി മാറാനുള്ള സ്വന്തം തീരുമാനം പ്രഖ്യാപിക്കുന്നു. ഹരീഷ് ആരെന്ന് വെളിപ്പെടാതിരുന്ന കാലത്ത് രാധ അയാളെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് അയാളുടെ ബാഗിലുള്ളതായി അവള്‍ സങ്കല്പിക്കുന്ന ഉള്ളടക്കങ്ങളിലൂടെയാണ്. ചിലപ്പോള്‍ അയാളുടെ ബാഗിന്റെ കനം കണ്ടിട്ട് അയാള്‍ ഒരു അദ്ധ്യാപകന്‍ ആയിരിക്കാമെന്നും, മറ്റൊരിക്കല്‍ അയാളുടെ ബാഗില്‍ സ്റ്റെതസ്കോപ്പ് ആയിരിക്കുമെന്നൂഹിച്ച് അയാൾ ഒരു ഡോക്ടർ ആയിരിക്കാമെന്നും അവൾ വിചാരപ്പെടുന്നു. സമകാലത്ത് ഒരാൾ മറ്റൊരാളെ തിരിച്ചറിയുന്നതും മനസ്സിലാക്കുന്നതും ബാഹ്യമായ അടയാളങ്ങളിലൂടെയാണെന്നും, ഒരാൾ എന്താണെന്നോ അയാളുടെ രാഷ്ട്രീയം എന്താണെന്നോ ചികഞ്ഞെടുക്കാൻ പുറംലോകം ഉൾക്കനമില്ലാത്ത ഭാവനകളെയാണ് ഇക്കാലം സ്വീകരിക്കുന്നതെന്നും ചെറിയ സൂചനകളിലൂടെ കഥ കൃത്യമായി ആവിഷ്കരിക്കുന്നു. ബാഗിന്റെ ഭാരം കൊണ്ട് “എന്റെ ഈശോയെ” എന്ന് വിളിക്കുന്ന കുട്ടികൾ തങ്ങളറിയാതെ അവരുടെ മതം പ്രത്യക്ഷമാക്കുന്നതും താൻ വായിക്കുന്ന പത്രത്തിലൂടെ ഒരാൾ സ്വന്തം രാഷ്ട്രീയം പ്രഖ്യാപിക്കുന്നതും അവർ അറിയുന്നില്ല. ‘പത്രം ഏതായാലും മനുഷ്യന് വിവരം കിട്ടിയാൽ മതി’യെന്ന് ഇക്കഥയിലെ കഥാപാത്രം പറയുമ്പോൾ അത് മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന, ഒരുകാലത്തെ മനുഷ്യന്റെ ധാർമ്മിക ബോധത്തെ ധനാത്മകമായി സ്വാധീനിച്ച ദർശനത്തിന്റെ കാലം കഴിഞ്ഞ് ഇന്ന് മനുഷ്യകുലം എത്തിപ്പെട്ടിരിക്കുന്ന അപഭ്രംശത്തിന്റെ ദാരുണാവസ്ഥകളെ വിലക്ഷണമായി ചിത്രീകരിക്കുക കൂടിയാണ്. രാധ, ഹരീഷ് ധരിക്കുന്ന ഷർട്ടിന്റെ അതേ നിറമുള്ള കുപ്പായം തെരഞ്ഞെടുക്കുന്നതിലൂടെയും അതേ ഫോൺ വാങ്ങുന്നതിലൂടെയും അതേ പത്രം വാങ്ങുന്നതിലൂടെയും തെളിയുന്നത് ഒരാളെ നിഗൂഢമായി പിന്തുടരുന്നതിലൂടെ പിന്തുടരുന്നയാൾ അയാളുമായി താദാത്മ്യപ്പെടുന്നതാണ് . “PRO എന്നാൽ പബ്ലിക് റിലേഷൻസ് ഓഫീസർ എന്നല്ലേ?” എന്ന രാധയുടെ ചോദ്യത്തിന് “ഞാൻ ഗൂഗിൾ ചെയ്തു നോക്കാം” എന്ന് സീത പറയുമ്പോൾ എന്തിനും നിർമ്മിത ബുദ്ധിയെ ആശ്രയിക്കുന്ന മനുഷ്യരുടെ കാലമാണ് പ്രത്യക്ഷീഭവിക്കുന്നത്. ഇന്നത്തെ കാലം ലോക്ക്ഡ് പ്രൊഫൈലുകളിൽ ഒളിച്ചിരിക്കുന്നവരുടെയും അവരെ നിഗൂഢമായി പിന്തുടരുകയും അവരുടെ ലോകത്തേയ്ക്ക് ഒരു ലാറ്ററൽ എൻട്രി സാധ്യമാകുമോ എന്ന് പരീക്ഷിക്കുകയും ചെയ്യുന്ന മനുഷ്യരുടെ കാലമാണെന്ന് വ്യത്യസ്ത നിർമ്മിതികളിലൂടെ ഈ സമാഹാരത്തിലെ കഥകൾ അവരവരുടേതായ ജീവിതം കൊണ്ട് സാക്ഷ്യം പറയുന്നു.

അടിമുടി ചലനാത്മകമായി ഇരിക്കുന്ന ലോകത്തെ പ്രതിബിംബിപ്പിക്കുന്നതിന് ട്രെയിൻ യാത്ര പോലെ രചയിതാവ് ഉപയോഗപ്പെടുത്തുന്ന മറ്റൊരുപാധി പുതിയകാലത്തിന്റെ വിനിമയവാക്കുകളാണ്. സീതയ്ക്കും രാധയ്ക്കും ഇടയിലുള്ളത് അഞ്ചു സ്റ്റേഷനുകളുടെ ദൂരം ആണെന്ന വരികൾ, മാറുന്ന കാലത്തിന്റെ സംജ്ഞകളെ പിടിച്ചെടുക്കുന്നു. ‘അസർബൈജാനിലെ പൂച്ച’ എന്ന കഥയിലെ കഥ പറയുന്ന കഥാപാത്രത്തിനോട് കഥയിലെ പ്രധാന കഥാപാത്രമായ പെൺകുട്ടി “ചേച്ചിക്ക് ആരാവാനാണ് ഇഷ്ടം?” എന്ന് ചോദിക്കുമ്പോൾ ലഭിക്കുന്ന മറുപടി “സത്യം പറയണോ ലക്ഷ്യം പറയണോ?” എന്ന മറു ചോദ്യമാണ്. ഇവിടെ ഇക്കാലത്തെ മനുഷ്യർ കടന്നുപോകുന്ന സത്യാനന്തര കാലത്തിന്റെ സൂചനകൾ സ്പഷ്ടമാണ്. ഇതേ കഥയിലെ കഥ പറയുന്ന കഥാപാത്രത്തിന് രാത്രികളിൽ ഉറങ്ങാനാവാതെ പോകുന്നതിന്റെ കാരണം റൂംമേറ്റ് ഫോണിൽ കൂടി സെക്സ് ചാറ്റ് ചെയ്ത് പണം സമ്പാദിക്കുന്നതിനാലാണ്. പ്രതീതകാലത്തിന്റെ എല്ലാ പ്രഹേളികകളെയും ഒന്നൊന്നായി അനാവരണം ചെയ്യുന്നതോടൊപ്പംതന്നെ ദാരിദ്ര്യം, ദുരഭിമാനം, കാരുണ്യം തുടങ്ങിയ മാനുഷിക അവസ്ഥകളെയും ‘അസർബൈജാനിലെ പൂച്ച’ എന്ന സമാഹാരത്തിലെ കഥകള്‍ കൃത്യമായി അടയാളപ്പെടുത്തുന്നു എന്നതും കാണാതിരുന്നുകൂടാ.

പുതിയ കാലത്തെ ചർച്ചാവേദികളിലേക്ക് വരിക. അവിടെ എല്ലാ സെഷനുകളും അവസാനിക്കുന്നത് ഒരുമിച്ച് കൈയടിക്കുന്നതിലാണ്. ‘ഡിജിറ്റൽ വെൽബീങ്’ എന്ന കഥയിലെ ആദ്യ വാചകങ്ങളിൽ കഥ പറയുന്ന കഥാപാത്രം അവരുടെ മരണശേഷം അവസാനത്തെ ദിവസത്തെ ഒരിക്കൽ കൂടി ഓർത്തുനോക്കുമ്പോൾ പറയുന്ന വാചകം, ‘ചീനച്ചട്ടിയിലെ വെളിച്ചെണ്ണയിലേക്ക് ഒരുമിച്ച് കുളിക്കാൻ പോയ കടുകുമണികൾ ഒരുമിച്ചു കയ്യടിക്കുന്നതോടെ അടുക്കളയിലെ ആ ദിവസത്തെ സെഷൻ അവസാനിച്ചു’ എന്നാണ്. മരണവും ഒരു റിട്ടയർമെന്റ് ദിവസമാണ്. ഒരുമിച്ചുള്ള കയ്യടികളോടെ പൊട്ടിത്തീരുന്ന ഒരു സെഷന്റെ അവസാനം. ഈ കഥയിലുടനീളം മരണത്തെ റിട്ടയര്‍മെന്റുമായി ഇഴചേര്‍ക്കുന്ന ഒട്ടനവധി വാചകങ്ങൾ അബോധമായി കടന്നുവരുന്നു. കഥയിലെ പ്രധാന കഥാപാത്രത്തിന്റെ ഓർമ്മകള്‍ സ്‌കൂളിലേക്കുള്ള യാത്രയെപ്പറ്റി പറയുമ്പോൾ അടുത്ത സെഷൻ കൈകാര്യം ചെയ്യുന്നത് ഓട്ടോറിക്ഷ ഓടിക്കുന്ന ഡ്രൈവർ ആയിരിക്കുമെന്നും ആ സെഷൻ അവസാനിക്കുമ്പോൾ അയാൾ വാച്ചിൽ നോക്കി ഒബ്ജക്റ്റീവ് സാറ്റിസ്ഫൈ ചെയ്തോ എന്ന് ഉറപ്പിക്കുമെന്നും പറയുമ്പോൾ കഥ പുതിയകാലത്തെ നിശിതമായി കീറിമുറിച്ച് പരിശോധിക്കുന്ന പ്രേതവിചാരണക്കോടതിയാകുന്നു. മാറിനിന്നു വീക്ഷിക്കുന്ന ഒരാള്‍ക്ക് ഈ കോടതിയിലെ നടപടിക്രമങ്ങളെല്ലാം വിലക്ഷണവും പരിഹാസ്യവുമായാണ് അനുഭവപ്പെടുക. മരിച്ചു പോകുന്ന കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത് ജീവിച്ചിരുന്നപ്പോൾ അവർ അംഗീകരിക്കപ്പെട്ട ഒരു പടംപിടുത്തക്കാരി ആയിരുന്നുവെന്നാണ്. പക്ഷേ മരണശേഷം അവരെ അവർ തിരിച്ചറിയുന്നത് ചുവരിൽ താൻ തന്നെ ഒരു പടമാകുന്നുവെന്നുമാണ്. ചുവരിലെ ഒരു ചിത്രമായി മാറുമ്പോഴും താൻ മരണപ്പെട്ടു പോയതായി മനസ്സിലാക്കാൻ വിസമ്മതിക്കുന്ന അവർ “ഞാൻ ഏതെങ്കിലും മെഗാ സീരിയലിൽ അഭിനയിക്കാൻ കൂടുതൽ പണം ആവശ്യപ്പെട്ടോ?” എന്ന് അശ്ചര്യം കൂറുമ്പോൾ കഥ പുതിയ കാലത്തിന്റെ കരണം പുകയ്ക്കുന്ന ഒരു അടിയായി മാറുന്നു. താൻ അയക്കുന്ന മെസ്സേജുകൾ ആർക്കും ലഭിക്കുന്നില്ല; തനിക്ക് ആരും മെസ്സേജുകൾ അയക്കുന്നുമില്ല; വിളിക്കുമ്പോൾ കോളുകൾ പോകുന്നില്ല; തനിക്ക് വരുന്ന കോളുകൾ അറ്റൻഡ് ചെയ്യാനുമാകുന്നില്ല; ഇങ്ങനെയുള്ള നിരവധി പ്രത്യക്ഷങ്ങളിലൂടെ ഈ കഥയിലെ കഥാപാത്രം തന്റെ തന്നെ മരണം എന്ന യാഥാർത്ഥ്യത്തിലേക്ക് വരുന്ന വാചകങ്ങളുടെ തുടർച്ചയായി മെന്റർ പറയുന്ന “ലോകത്താരും മുഴുവൻ സമയവും തിരക്കിലല്ല. നിങ്ങളുടെ മെസ്സേജ് കണ്ടിട്ടും കാണാത്ത പോലെ നടിക്കുന്നുവെങ്കിൽ ആ സ്പേസിൽ നിന്നും മാറുക” എന്ന വരികളിലൂടെ മനുഷ്യന്റെ ഭൂമിയിലെ റിട്ടയർമെന്റായ മരണം കടന്നുവരുന്നു. കഥയുടെ കേന്ദ്രപ്രമേയമായ മരണത്തെ പുതിയ കാലത്തിന്റെ അടയാള വാക്കുകളായ ഇന്റിമേറ്റ് പ്രയോറിറ്റി, ഇമോഷണലി അൺ അവൈലബിൾ,ഫിസിക്കലി ഡിറ്റാച്ചഡ് എന്നിങ്ങനെയുള്ള രൂപക വിന്യാസങ്ങളിലൂടെ ആവിഷ്കരിക്കുന്ന രീതി ഭാഷയ്ക്ക് തീർച്ചയായും പുതിയ ഒന്നാണ്.

പരിചിതനായിരിക്കെത്തന്നെ അപരിചിതനായിത്തുടരുന്ന ഒരു അതിഥിയെ സ്വീകരിക്കുന്ന കമലയെ ‘അസ്തിത്വ ദുഃഖം’ എന്ന കഥയിലും ഇതിന് സമാനമായ രീതിയിലാണ് ആവിഷ്കരിക്കുന്നത്. എംഎ പാസായിട്ടും ജീവിക്കാൻ വേണ്ടി ഒരു റസ്റ്റോറന്റ് ജീവനക്കാരിയായി മാറിയ കമല അസ്തിത്വ ദുഃഖം അനുഭവിക്കുന്നത് “ദോശക്ക് എത്ര അരി ഇടണം?” എന്ന അവളുടെ ചോദ്യത്തിന് മുതലാളി മറുപടി നൽകാത്തപ്പോഴാണ്. നറുക്കെടുപ്പിലൂടെ കാർ കിട്ടിയിട്ടും എണ്ണയടിക്കാൻ പണമില്ലാത്തതുകൊണ്ട് മുറ്റത്ത് വെറുതെ കിടക്കുകയാണ് വാഹനമെന്ന് പറയുമ്പോൾ, ഭാഷ ചാറ്റമഴയും വെയിലും കലർന്ന, കണ്ണീരും പരിഹാസവും നിറഞ്ഞ, കുറുക്കന്റെ കല്യാണം വാഴ്ത്തപ്പെടുന്ന അലങ്കാരമാകുന്നു. ഇടയ്ക്കിടെ കമലയുടെ ഭർത്താവും മകനും വെറുതെ ഫ്രിഡ്ജ് തുറന്നടയ്ക്കുന്നതിനെ “ഇക്കാലത്തെ ജീവിതശൈലി രോഗ”മെന്ന് കഥ പരിഹസിക്കുന്നുമുണ്ട്. പുഴ കണ്ടിട്ട് മനസ്സിലാകാത്ത; ശ്വാസകോശം എന്തെന്ന് ചോദിക്കുന്ന; ഡോക്ടറെന്ന് സ്വയം പരിചയപ്പെടുത്തുന്ന കഥാപാത്രത്തിനെ, ഒരു അന്യഗ്രഹജീവി എന്ന് മനസ്സിലാക്കി അവസാനിപ്പിക്കുമ്പോൾ, ഇക്കാലം ഒന്നിന്റെയും ഉൾക്കൊള്ളലല്ല, ഒന്നിലും ഉൾപ്പെടാത്ത, ഒരു ഫോട്ടോയിലും ആത്മാവ് പതിപ്പിക്കാത്ത അന്യഗ്രഹ ജീവികളായ മനുഷ്യരുടെ കാലമാണെന്ന് കഥ അസദൃശവാക്യങ്ങളിൽ അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത് .

‘ഔസേപ്പേട്ടന്റെ ശവം സൂക്ഷിപ്പുകാരൻ’ എന്ന കഥ മരണത്തിന് ആരാണ് ബന്ധുക്കൾ എന്ന ചോദ്യം ഉയർത്തുന്നു. കോവിഡ് കാലത്തു നടന്ന ഒരു മരണത്തിന്റെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന കഥയിൽ മൃതദേഹം കാണാനും ഒപ്പമിരിക്കാനും വന്ന മരിച്ചയാളുടെ കൂട്ടുകാരികളെ “അടുത്ത ബന്ധുക്കൾ മാത്രം നിന്നാൽ മതി” എന്നു പറഞ്ഞ് ബന്ധുക്കൾ ആട്ടിപ്പായിക്കുന്ന ദൃശ്യമുണ്ട്. അതിലും പരിഹാസ്യമായത് ഇങ്ങനെ ആട്ടിപ്പായിക്കുന്ന ബന്ധുക്കളെ, മരിച്ചവരുടെ മക്കൾക്ക് പോലും അറിയില്ല എന്നുള്ളതാണ്. വ്യാധികളുടെയും ദുരിതങ്ങളുടെയും പുതിയകാലത്ത് ബന്ധുത്വം എന്നാലെന്ത് എന്ന വലിയ ചോദ്യം ഈ കഥ ഉയർത്തുന്നു. ഇതേ കഥയിൽത്തന്നെ കഥ പറയുന്ന ആൾ മരണത്തിൽ പങ്കെടുത്തശേഷം വീട്ടിലെത്തുമ്പോൾ അവിടെ പേരുകൾ പറഞ്ഞുറപ്പിക്കാനാവാത്ത ഒരു ബന്ധു കാത്തിരിക്കുന്നുണ്ട്. അയാൾ പറയുന്ന കഥയിലൂടെയാണ് ഔസേപ്പേട്ടൻ എന്ന പുതിയ ഒരു കഥയിലേക്ക് വായനക്കാർ കടന്നു ചെല്ലുന്നത്. വർഷങ്ങൾക്കു മുമ്പ് ഔസേപ്പേട്ടന്റെ മൃതദേഹം തിരിച്ചറിയാനായി താൻ ഔസേപ്പട്ടന്റെ ഭാര്യയോടും മകനോടുമൊപ്പം ഒരു യാത്ര പോയതും ആ യാത്രയിൽ വഴിയിലൊരിടത്തു വച്ച് ഒപ്പം കയറിയ ഔസേപ്പേട്ടന്റെ ഒരു ബന്ധുവിലേക്കും കഥ അതിദ്രുതം കടന്നുപോകുന്നു. മരണം തിരിച്ചറിയാനായിപ്പോയ ആ കഥ അവസാനിക്കുന്നത് എഴുത്തുകാരിയുടെ ഭാഷയിൽ “വലിയ മീൻ വിൽപ്പനശാല പോലെ ഒരുപാട് ഫ്രീസറുകൾ നിറഞ്ഞ” ഒരു മോർച്ചറിയിലാണ്. അവിടെ ശവങ്ങളുടെ ഒരേയൊരു ബന്ധുവായി അവശേഷിക്കുന്ന മോർച്ചറി സൂക്ഷിപ്പുകാരനെ വായനക്കാർ കാണുന്നു. കാലിൽ എന്തോ തട്ടിയപ്പോൾ മൊബൈലിന്റെ ഫ്ലാഷ് ലൈറ്റ് തെളിച്ചു നോക്കുമ്പോൾ അടർന്നുപോയ ഒരു ചെവിയുടെ ദൃശ്യം കടന്നുവരുന്നു. പിന്നാലെ ഒരു അമ്മയുടെ കരിഞ്ഞ ജഡം. അതുവരെ മരണത്തിന്റെ മഹാ മരവിപ്പിനെ അനുഭവിപ്പിച്ചുകൊണ്ടിരുന്ന കഥ അവിടെ വെച്ച് മെല്ലെ മെല്ലെ മരണത്തിന്റെ വിപണി വല്ക്കരണത്തിലേക്ക് സഞ്ചരിച്ച് ഒടുവിൽ ഔസേപ്പേട്ടന്റെ ഭാര്യയെ അവരുടെ മകൻ തന്നെ കൊലപ്പെടുത്തുന്ന കാലഗതിയിൽ പര്യവസാനിക്കുന്നു. ബന്ധുത്വം എന്നത് ഒരു തിരിച്ചറിയൽ രേഖ മാത്രമാണെന്നും കേവല ജീവിതത്തിന് അത് പ്രത്യേകിച്ച് ഒരു മൂല്യവും കൽപ്പിക്കുന്നില്ല എന്ന കാഴ്ചപ്പാടാണ് കഥ ബാക്കി വയ്ക്കുന്നത്.

May be an illustration of ‎slow loris and ‎text that says '‎രണ്ടാംപതിപ്പ് രണ്ടാം പതിപ്പ് അസന് ബബൈജാനിലെ പൂച്ച ഡോ. അനുപമ ബാലകൃഷ്‌ണൻ അനുപമയുടെ കഥകൾ അനുപമമായ പുതുമയോടെ കലയുടെ മഹിമ പടുത്തിത്തരുന്നു. പുതുമയുള്ളത് ഥകളുടെ ഉള്ളടക്കത്തിൽ മാത്രമല്ല; ഉഉള്ളൊത്ുക്കുന്ന പലയകളുടെയും إلكن അസമ്് ബൈജാനി പൂച്ച കൂൂടിയാണ്. Aa ፊራ Ex കഥകളു്ടെ മാറ്റൊലികളായി രചനകൾ പെരുകിവരും വവരുന്ന കാലത്ത്, "വേറിട്ടൊരൊച്ച" ഉച്ചത്തിൽ കേൾപ്പിക്കുന്നവ വലിയ നേട്ടങ്ങൾ തന്നെ അസർബ്ൈജാനിലെ പുൂച്ച' എന്ന ശീർഷകം എത്രകുണ്ട് അ് അത്രതന്നെ ാലകൃഷ്‌ണൻ്റെ അനുപമ സ്വയയം നിർവചിക്കുന്ന ആഖ്യാന വ്യാകുരണം മാത്രം പിന്തുടരുന്നു. മലയാള് പറുകഥ കഴിഞ്ഞ ദശകങ്ങളിലുടെ സമാർജിച്ച അതിലംഘനം അതിലംഘനങ്ങളുടെയും പാരമ്പര്യം അതിൻ്റെ 1က ജയകുമാർ 0ល အ crua ISBN 93-5973 ൈകളിബുക്സ് കൈക്ളി ബുക്‌സ് 386-9 HIEH rad 9789359 ውወረካ ロ 733869 260.00 ဧလာ. അനുപമം ബാലകൃഷ്‌ണൻ STORLES‎'‎‎

അനവധി നൂതനമായ വീക്ഷണങ്ങളാൽ സമൃദ്ധമാണ് ഈ സമാഹാരത്തിലെ മിക്ക കഥകളും. ബന്ധങ്ങളെ ചുഴലിക്കാറ്റ് എന്ന് സങ്കൽപ്പിക്കുന്ന ‘ഓഖി’ എന്ന കഥ പുതിയകാലത്തെ ബന്ധങ്ങളുടെ സവിശേഷത വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്. “ആകെ ഭയപ്പെടുത്തുന്ന കാറ്റ് അത്രയും ശക്തമായിരുന്നു. ചില ബന്ധങ്ങളെപ്പോലെ പെട്ടെന്ന് മുറുകുകയും വേഗത വർദ്ധിക്കുകയും ചില വലിയ നാശങ്ങൾ വിതയ്ക്കുകയും പിന്നെ കാണാതാവുകയും ചെയ്യുന്നവ. ചില ഓർമ്മപ്പെടുത്തലുകൾ സമ്മാനിക്കുന്നവ. ഇനിയും വരാം എന്ന് പറയുന്നവ…..” ‘അഹങ്കാരി’ എന്ന കഥയിലെ കഥാപാത്രം, മറ്റൊരാൾ പ്രഭാഷണ വേളയിൽ ഉമിനീരഭിഷേകം ചെയ്ത മൈക്കിനെ തന്റെ ശാസ്ത്രബോധം കൊണ്ട് സാനിറ്റൈസ് ചെയ്യുകയാണോ സാമൂഹിക ബോധം കൊണ്ട് ചെയ്യാതിരിക്കുകയാണോ വേണ്ടതെന്ന് ആശങ്കപ്പെടുന്നുണ്ട്. ഏറ്റവും ചുരുക്കത്തിൽ പറയുമ്പോഴും ഏറ്റവും വലുതായി അനുപമ ബാലകൃഷ്ണന്റെ കഥകൾ സജീവമായ കാലത്തെ സ്വന്തമായ റെസിപ്പികളാൽ പാചകം ചെയ്തെടുക്കുന്നു. ഓരോരോ പടവുകളിൽ കാത്തുനിൽക്കുന്ന സാലഭഞ്ജികകൾ പറഞ്ഞ, ചിരിപ്പിക്കുന്ന കഥകൾ കേട്ട് വായനക്കാർ ചെന്നെത്തുന്ന ലോകമാകട്ടെ കരുണയുടെയും മാനവിക മൂല്യങ്ങളുടേതുമാണ്. അതാണ് ഈ കഥകളുടെ നിഗൂഢനിര്‍മ്മിതി. അതാവട്ടെ എത്രയും ഹൃദയാവർജ്ജകവും.


അസര്‍ബൈജാനിലെ പൂച്ച (കഥകള്‍)
രചന : ഡോ. അനുപമ ബാലകൃഷ്ണന്‍
പ്രസാധനം : കൈരളി ബുക്‌സ്
വില : 220 രൂപ/-

No Comments yet!

Your Email address will not be published.