Skip to main content

നിൻ്റെ കഥ

ആർ. രാജശ്രീയുടെ ഓർമക്കുറിപ്പുകളാണ് “നിൻ്റെ കഥ ”. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത, ആത്രേയകം എന്നീ നോവലുകളിലൂടെ വായനക്കാർക്ക് ഏറെ പ്രിയപ്പെട്ട എഴുത്തുകാരിയാണ് ആർ രാജശ്രീ. വിവാഹമെന്ന സ്ഥാപനം മനുഷ്യരെ, പ്രത്യേകിച്ചും സ്ത്രീകളെ വേട്ടയാടുന്നതിൻ്റെ തീക്ഷ്ണമായ അനുഭവങ്ങളാണ് ഈ ഓർമക്കുറിപ്പിലുള്ളത്. സ്വാനുഭവങ്ങൾക്കു പുറമേ ചുററുപാടുമുള്ള സ്ത്രീകളുടെ ജീവിതങ്ങളിലെ അസമത്വങ്ങളും അവഗണനകളും ചെറുത്തുനില്പുകളുമെല്ലാം ഈ ഓർമ്മക്കുറിപ്പുകളിൽ ഇടം പിടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിവാഹത്തെ ആഘോഷവും ആർഭാടവും മാത്രമായിക്കണ്ട്,
രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിൽ ഉണ്ടാവാനിടയുള്ള സങ്കീർണതകളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ വിവാഹത്തെ സമീപിക്കുന്ന യുവാക്കളും രക്ഷിതാക്കളും വായിച്ചിരിക്കേണ്ട പുസ്തകമാണ് “നിൻ്റെ കഥ”.

മതഗ്രന്ഥങ്ങളും പുരാണങ്ങളും സ്ത്രീയ്ക്ക് പുരുഷനു താഴെ മാത്രം സ്ഥാനം നൽകുന്നതായാണ് കണ്ടിട്ടുള്ളത്. പലപ്പോഴും മഹാകാവ്യങ്ങളിലും ഇത്തരം ചിന്തകൾ കടന്നുവരാറുണ്ട്. ഇവയൊക്കെ പാഠഭാഗങ്ങളാകുമ്പോൾ കേവലം മാർക്കിനു വേണ്ടി മാത്രമല്ലാതെ പെൺകുട്ടികൾ ഉൾക്കൊള്ളേണ്ട മൂല്യങ്ങൾ കൂടിയായി അത് പഠിപ്പിക്കപ്പെടുന്നു ശാകുന്തളത്തിലെ

“വാണിട്ടിങ്ങനെ കന്യയാൾ ഗൃഹിണിയാ –
മല്ലെങ്കിലോ ബാധ താൻ ”

എന്നു കേൾക്കുന്ന പതിനഞ്ചുകാരിക്ക് കുടുംബിനി അല്ലെങ്കിൽ ബാധ എന്നീ രണ്ട് ഓപ്ഷനുകളിൽനിന്ന് തെരഞ്ഞെടുക്കേണ്ടിയിരുന്നു സ്വന്തം ഭാവി എന്ന് എഴുത്തുകാരി പറയുന്നുണ്ട്. മാതാപിതാക്കളും
സമൂഹവും, മാധ്യമങ്ങളും, സാഹിത്യവും എല്ലാം പെൺകുട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയായി കൽപിക്കുന്നത് ഭാര്യാ പദവിയും മാതൃത്വവുമൊക്കെയാണ് അവളുടെ വിദ്യാഭ്യാസവും, തൊഴിലുമെല്ലാം കുടുംബത്തിനു വേണ്ടി സമർപ്പിക്കാനുള്ളതാണെന്ന ഉത്തമബോധ്യത്തോടെയാണ് പെൺകുട്ടികൾ
വളർത്തപ്പെടുന്നത് അതുകൊണ്ടുതന്നെ വിവാഹം ഒരു അനിവാര്യതയായും, എത്ര സംഘർഷഭരിതമായാലും വിവാഹബന്ധം നിലനിർത്തി ഭർതൃഗൃഹത്തിൽ കഴിയണമെന്നൊക്കെയുള്ള അലിഖിത നിയമങ്ങൾ നിലനിന്നിരുന്നു രണ്ടു പതിറ്റാണ്ടുകൾക്കപ്പുറമുള്ള കാര്യങ്ങളായി ഇവയെല്ലാം തള്ളിക്കളയാമെന്ന് കരുതിയാലും
2022 എന്ന വർഷം കാണിക്കുന്ന കലണ്ടറിനുതാഴെയിരുന്ന് സ്വന്തം മകളനുഭവിച്ച പീഢനങ്ങൾ എണ്ണിപ്പറഞ്ഞു കരയുന്ന മാതാപിതാക്കൾ ഉണ്ടെന്ന കാര്യം എഴുത്തുകാരി എടുത്തു കാണിക്കുന്നു. പ്രൊഫണൽ ബിരുദധാരികളും, ഉദ്യോഗസ്ഥകളുമായ യുവതികൾ പോലും ആത്മഹത്യയിലേക്ക് എടുത്തെറിയപ്പെടുന്നത് അവരിൽ അടിച്ചേൽപിക്കപ്പെട്ടിട്ടുള്ള സ്നേഹത്തെക്കുറിച്ചും, കടമകളെക്കുറിച്ചുമൊക്കെയുള്ള തെറ്റിദ്ധാരണകൾ മൂലമാണെന്ന തിരിച്ചറിവ് നമുക്കുണ്ടാവണം.

പതിനാറു വർഷം നീണ്ടുനിന്ന ദാമ്പത്യ ദുരിതമാണ് എഴുത്തുകാരി “നിൻ്റെകഥ” യിലൂടെ പങ്കുവെക്കുന്നത്. “എൻ്റെ വിവാഹം നിശ്ചയിച്ച കാര്യം ഞാനറിയുന്നത് സ്ക്കൂളിലെ സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോൾ അനിയത്തി വിളിച്ചു പറഞ്ഞപ്പോഴാണ് ” എന്ന വാക്യത്തിൽ നിന്നുതന്നെ സ്വന്തം വിവാഹത്തിൻ്റെ കാര്യത്തിൽ സ്ത്രീകൾക്കുണ്ടായിരുന്ന അഭിപ്രായ സ്വാതന്ത്ര്യം എത്രയാണെന്ന് വ്യക്തമാക്കുന്നതാണ്. വിദ്യാഭ്യാസവും , തൊഴിലും, കുടുംബ മഹിമയുമൊക്കെ നോക്കി തീരുമാനിക്കപ്പെട്ട കല്യാണത്തോട് പൊരുത്തപ്പെടാൻ അവർ തന്നോടുതന്നെ നടത്തിയ പോരാട്ടങ്ങൾ വളരെ ക്ലേശകരമായിരുന്നു. തൊഴിലെടുക്കുന്നുണ്ടെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ, ഭർതൃഗൃഹത്തിലെ വൃത്തിഹീനമായ സാഹചര്യങ്ങൾ , ദിനംപ്രതിയുള്ള ദീർഘയാത്രകൾ തകർക്കുന്ന
ആരോഗ്യം, പങ്കാളിയുടെ നിസ്സഹകരണവും ഈഗോയും ഉണ്ടാക്കുന്ന മാനസിക സംഘർഷം
കൂടാതെ വിവാഹം കഴിഞ്ഞ് അഞ്ചുമാസമാകുമ്പോഴേക്കും തുടങ്ങേണ്ടി വരുന്ന വന്ധ്യതാ നിവാരണ ചികിത്സ ഇവയിലെല്ലാമുപരി വിവാഹത്തോടെ സ്വന്തം കുടുംബാംഗങ്ങളോട് സ്വതന്ത്രമായി സത്യസന്ധമായി പെരുമാറാൻ പറ്റാത്ത അവസ്ഥ ഇതെല്ലാം അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് രണ്ടു കുട്ടികളുമായി അച്ഛനമ്മമാരുടെ കൂടെ താമസിച്ച് അവരുടെ പെൻഷൻ തുക കൊണ്ട് ജീവിക്കുകയും ശമ്പളം മുഴുവൻ പങ്കാളി കൈപ്പറ്റുകയും ചെയ്യുന്നത്
ദുസ്സഹമാണ്. മാത്രമല്ല മദ്യപിച്ച് ഫോണിലൂടെ അയാൾ അർധരാത്രി വരെ നടത്തുന്ന തെറിവിളികൾ തകർക്കുന്ന മനസ്സുമായി അടുത്ത ദിവസം ജോലിസ്ഥലത്തേക്കു പോകേണ്ട അവസ്ഥ വല്ലാത്ത ട്രോമ തന്നെയാണ്. എന്തായാലും ഭർത്താവറിയാതെ കെ. എസ്. എഫ്. ഇ ലോണെടുത്ത് ഒരു കാറു വാങ്ങുന്നുണ്ട്. അതിനെ
ദാക്ഷായണിയുടെ പശു എന്ന് വിശേഷിപ്പിക്കുന്നുമുണ്ട് “കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത” എന്ന നോവലിൽ പശുവിനെ വാങ്ങുന്നതും സമാനമായ സാഹചര്യത്തിലാണ്.

ഓർമക്കുറിപ്പുകളിലെ അവസാനഭാഗം ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുന്നു. വേർപിരിഞ്ഞു കഴിയുന്ന പങ്കാളിയെ വളരെ പക്വതയോടും , സ്നേഹത്തോടും,അനുതാപത്തോടും സന്ദർശിക്കുന്ന എഴുത്തുകാരിയെയാണ് നമുക്കവിടെ കാണാൻ കഴിയുന്നത്. മാന്യമായി പിരിയാൻ കഴിയുന്ന വിവാഹബന്ധം കുടുംബാംഗങ്ങളുടെ ഒത്തുതീർപ്പു ശ്രമങ്ങളിലൂടെ കൂടുതൽ വികലമാ കുന്നതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ടിവിടെ. “ചില സഖ്യങ്ങൾ ഒരു തെരഞ്ഞെടുപ്പിലും വിജയം കണ്ടില്ലെന്നു വരാം അതു പക്ഷേ, രണ്ടു സ്വതന്ത്രമനുഷ്യർ എന്ന നിലയിൽ അതിലുൾപ്പെട്ടവരുടെ ഉണ്മയേയോ നീണ്ടകാലത്തെ വൈകാരിക നിക്ഷേപങ്ങളേയോ റദ്ദുചെയ്യുന്നില്ല” എന്ന തികച്ചും പുതുമ തോന്നുന്ന ഒരു നിരീക്ഷണത്തി ലൂടെയാണ് ഓർമ്മക്കുറിപ്പുകൾ അവസാനിക്കുന്നത്.

ഇന്ത്യൻ വിവാഹങ്ങൾ പലർക്കും അനിശ്ചിതത്വ ത്തിലേക്കുള്ള കാൽവെയ്പുകളായി തന്നെയാണ് നടക്കുന്നത്. പങ്കാളികളുടെ എല്ലാ കാര്യത്തിലും ഇടപെടുന്ന കുടുംബങ്ങളും വലിയ പ്രശ്നങ്ങൾ തന്നെയാണ് ‘
സൃഷ്ടിക്കുന്നത്. മനുഷ്യാന്തസ്സിന് വില കല്പിക്കാത്ത ആധിപത്യപ്രവണതകളുമൊക്കെ തകർന്നുകൊണ്ടിരി ക്കുക തന്നെ ചെയ്യും. വിഷലിപ്തമെന്നു തോന്നുന്ന ബന്ധങ്ങൾ ഉപേക്ഷിച്ച് പുറത്തുവരുന്നതിനു പകരം ഒത്തു
തീർപ്പുകൾ നടത്തുന്നത് വ്യർത്ഥമാണ് എന്ന യാഥാർത്ഥ്യം തുറന്നു പറയുന്നുണ്ട് . എഴുത്തുകാരി “എത്ര കഴുകിയാലും തീരാതെ കിടക്കുന്ന എച്ചിൽ പാത്രങ്ങളാണ് ഏതു കലുഷദാമ്പത്യത്തിൻ്റേയും ബാക്കിപത്രം ” എന്ന വാക്യത്തിലൂടെ ഉപേക്ഷിക്കലും തിരിച്ചെടുക്കലുമൊക്കെയായി തുടരുന്ന ബന്ധത്തെ സൂചിപ്പിക്കുന്നു വളരെ പ്രതികൂല സാഹചര്യങ്ങളിലൂടെ പഠനം തുടരാനും മത്സരപ്പരീക്ഷകൾ വിജയിക്കാനും ഗവേഷണം പൂർത്തിയാക്കാനുമൊക്കെ അവർ നടത്തിയ ശ്രമങ്ങൾ മാതൃകാപരമാണ്. ഏതു കൂരിരുട്ടിലും ചെറിയ വെളിച്ചമുള്ളതുപോലെ ഇത്തരം അക്കാദമിക് വിജയങ്ങളും, സൗഹൃദങ്ങളുമൊക്കെ ഉചിതമായ തീരുമാനങ്ങളിലെത്താൻ സഹായിക്കുന്നവയാണ്.

‘നിൻ്റെ കഥ ” അതിൽ സൂചിപ്പിക്കുന്നതുപോലെ സമാന സാഹചര്യങ്ങളിലൂടെ കടന്നു പോയ ഒരു പാട് പേരുടെ കഥയാണ് . ഏറ്റക്കുറച്ചിലുകളോടെ യെങ്കിലുംഇത്തരം അനുഭവങ്ങൾ പലർക്കുമുണ്ടാവാം. അവയിലൂടെ കടന്നുപോയവരെയെല്ലാം തിരിഞ്ഞുനോട്ടത്തിന് പ്രേരിപ്പിക്കുന്ന കൃതിയാണ്. അതുകൊണ്ടുതന്നെ
ഏറെ വായിക്കപ്പെടുമെന്നുറപ്പാണ്.


നിന്റെ കഥ
രചന : ആര്‍. രാജശ്രീ
പ്രസാധനം : മാതൃഭൂമി ബുക്‌സ്
വില : 320 രൂപ

No Comments yet!

Your Email address will not be published.