Skip to main content

അന്ന സ്വിറിന്റെ കവിതകള്‍

ഒരെഴുത്തുകാരി തുണിയലക്കുന്നു

ഉടലും ആത്മാവും കടൽക്കരയിൽ
ആത്മാവ് കടൽക്കരെ
ഒരു തത്വശാസ്ത്രപുസ്തകം
വായിച്ചുകൊണ്ടിരിക്കുന്നു.

ആത്മാവുടലിനോടു ചോദിക്കുന്നു:
നമ്മെ തമ്മിൽപ്പിണച്ചതാര്‌?
ഉടലു പറയുന്നു:
കാൽമുട്ടിൽ വെയിലുകൊള്ളിയ്ക്കാനുള്ള നേരം.

ആത്മാവുടലിനോടു ചോദിയ്ക്കുന്നു:
നമ്മൾ ശരിയ്ക്കുമില്ലെന്നു പറയുന്നതു നേരോ?
ഉടലു പറയുന്നു:
ഞാനെന്റെ കാൽമുട്ടുകളിൽ
വെയിലു കൊള്ളിയ്ക്കുന്നു.

ആത്മാവുടലിനോടു ചോദിയ്ക്കുന്നു:
മരണം തുടക്കമിടുന്നതെവിടെ,
നിന്നിലോ, എന്നിലോ?
ഉടലൊന്നു ചിരിച്ചു,
പിന്നെ കാൽമുട്ടുകളിൽ വെയിലു കൊള്ളിച്ചു.

***

 

പ്രഭാതവ്യായാമം ചെയ്യുമ്പോൾ
ആത്മാവിനെക്കൊണ്ടുള്ള ശല്യങ്ങൾ

മലർന്നു കിടന്നിട്ട് ഞാൻ കാലു രണ്ടും പൊക്കുന്നു,
ആത്മാവബദ്ധത്തിൽ കാലുകളിലേക്കെടുത്തുചാടുന്നു.
അതിനവിടെ ഒരു സുഖം കിട്ടുന്നില്ല,
തന്നെയുമല്ല, അതിനു രണ്ടായി പിരിയുകയും വേണം,
കാലുകൾ രണ്ടാണല്ലോ.

ഞാൻ തല കുത്തി നില്ക്കുമ്പോൾ
ആത്മാവെന്റെ തലയിലേക്കിറങ്ങുന്നു.
അവിടെയിപ്പോൾ അത് യഥാസ്ഥാനത്തുമാണ്‌.

എത്ര നേരമെന്നു വച്ചിട്ടാണു പക്ഷേ,
നിങ്ങൾ തല കുത്തി നില്ക്കുക,

തല കുത്തി നില്ക്കേണ്ടതെങ്ങനെയെന്ന്
നിങ്ങൾക്കറിയില്ലെങ്കിൽ വിശേഷിച്ചും.

***

Mother Abstract Images – Browse 392,366 Stock Photos, Vectors, and Video |  Adobe Stock

മാതൃത്വം

ഞാൻ ജീവനു ജന്മം കൊടുത്തു.
അതെന്റെ ഉദരത്തിൽ നിന്നു പുറത്തുവന്ന്
ഒരസ്തെക്ക് ദേവതയെപ്പോലെ
എന്റെ ജീവിതം ബലി കൊടുക്കാൻ ആവശ്യപ്പെടുന്നു.
ഒരു കുഞ്ഞുപാവയ്ക്കു മേൽ ഞാൻ കുനിഞ്ഞുനില്ക്കുന്നു,
നാലു കണ്ണുകൾ കൊണ്ട്
ഞങ്ങൾ അന്യോന്യം നോക്കുന്നു.

“നിനക്കെന്നെ തോല്പിക്കാനാവില്ല,” ഞാൻ പറയുന്നു,
“ലോകത്തേക്കിറങ്ങാനുള്ള തിടുക്കത്തിൽ
നിനക്കു കുത്തിപ്പൊട്ടിക്കാനുള്ള ഒരു മുട്ടയാവാൻ ഞാനില്ല,
നിനക്കു ജീവിതത്തിലേക്കു പോകാനുള്ള കാൽനടപ്പാലമാവാൻ എനിക്കു വയ്യ.
ഞാൻ ചെറുത്തുനില്ക്കും.”

ഞാൻ ഒരു കുഞ്ഞുപാവയ്ക്കു മേൽ കുനിഞ്ഞുനില്ക്കുന്നു,
ഒരു കുഞ്ഞുവിരലിന്റെ നേർത്ത ചലനം എന്റെ കണ്ണില്പെടുന്നു,
അല്പനേരം മുമ്പ് അതെന്റെ ഉള്ളിലായിരുന്നു,
ആ നേർത്ത ചർമ്മത്തിനടിയിൽ എന്റെ ചോരയൊഴുകുന്നു.
പൊടുന്നനേ എളിമയുടെ
ദീപ്തവും ഉന്നതവുമായ ഒരു തിര
എനിക്കു മേലുയരുന്നു.
ബലഹീനയായി ഞാൻ മുങ്ങിത്താഴുന്നു.

***

 

കടലും മനുഷ്യനും

ഈ കടലിനെ മെരുക്കാൻ നിങ്ങൾക്കാവില്ല,
എളിമ കൊണ്ടും ആവേശം കൊണ്ടും.
എന്നാലതിന്റെ മുഖത്തു നോക്കി
നിങ്ങൾക്കു ചിരിയ്ക്കാം.

ചിരി കണ്ടുപിടിച്ചത്
ഒരു പൊട്ടിച്ചിരി പോലെ
ജീവിതം ഹ്രസ്വമായവർ.

ചിരായുസ്സായ കടലിനു
ചിരി വരില്ല.

***

അയാൾ അവർക്ക് ഐസ് ക്രീം വാങ്ങിക്കൊടുക്കുന്നു

എല്ലാ ഞായറാഴ്ചയും അവർ ഒരുമിച്ചു നടക്കാൻ പോയിരുന്നു.
അയാൾ, അവൾ,
മൂന്നു മക്കളും.

ആ മറ്റേ സ്ത്രീയുടടുത്തു പോകരുതെന്ന്
ഒരു ദിവസം രാത്രിയിൽ അവൾ മുടക്കു പറഞ്ഞപ്പോൾ
പായയുടെ അടിയിൽ നിന്ന്
അയാൾ ഒരു പേനക്കത്തി വലിച്ചെടുത്തു.

ഇപ്പോഴും ഞായറാഴ്ചകളിൽ അവർ നടക്കാൻ പോകുന്നുണ്ട്,
അയാൾ, അവൾ, മൂന്നു മക്കളും.
അയാൾ അവർക്ക് ഐസ് ക്രീം വാങ്ങിക്കൊടുക്കുന്നുണ്ട്,
എല്ലാവരും ചിരിക്കുന്നുണ്ട്.
അവളും.

***

എനിക്കു കാലുകൾ പത്താണ്‌

ഓടുമ്പോൾ
കാലുകൾ കൊണ്ടു ഞാൻ ചിരിക്കുന്നു.
ഓടുമ്പോൾ
കാലുകൾ കൊണ്ടു ഞാൻ ലോകത്തെ വിഴുങ്ങുന്നു.
ഓടുമ്പോൾ
കാലുകൾ എനിക്കു പത്താണ്‌.
എന്റെ കാലുകൾ
ഒരുമിച്ചട്ടഹസിക്കുന്നു.
ഓടുമ്പോഴേ
ഞാനുള്ളു.

***

എനിക്കു പറ്റില്ല

എനിക്കു നിങ്ങളോടസൂയ തോന്നുന്നു.
ഏതു നിമിഷവും
നിങ്ങൾക്കെന്നെ വിട്ടുപോകാം.

എനിക്കു പറ്റില്ല
എന്നെ വിട്ടുപോകാൻ.

***

ഉള്ളിലൊന്ന്

ഒരു പ്രണയവിരുന്നിനു നിന്റെയിടത്തേക്കു നടക്കവെ
തെരുവിന്റെ മൂലയ്ക്ക്
ഞാനൊരു പിച്ചക്കാരിക്കിഴവിയെ കണ്ടു.

ഞാനവരുടെ കൈ പിടിച്ചു,
ആ മുഖത്തുമ്മ വച്ചു,
പിന്നെ ഞങ്ങൾ സംസാരിച്ചു,
ഉള്ളിലെന്നെപ്പോലെ തന്നെയായിരുന്നു അവർ,
ഒരേ തരവുമായിരുന്നു ഞങ്ങൾ,
ഞാനതു ക്ഷണം കൊണ്ടറിഞ്ഞു,
ഒരു നായ മറ്റൊരു നായയെ
മണം കൊണ്ടറിയുന്നപോലെ.

***

Abstract Angel Palette Knife Tutorial LIVE Acrylic Painting Techniques

ഒരു മാലാഖയുടെ ഏറ്റവും ഇളയ കുഞ്ഞുങ്ങൾ

നീയെന്നെ അന്നാദ്യമായി ചുംബിച്ചപ്പോൾ
ഒരു മാലാഖയുടെ ഏറ്റവും ഇളയ കുഞ്ഞുങ്ങളായി നാം മാറി,
പിച്ച വയ്ക്കാൻ തുടങ്ങിയ ഇരട്ടക്കുട്ടികൾ.

ഒരു ചേഷ്ടയ്ക്കു നടുവിൽ നിശ്ശബ്ദരായി,
പാതിശ്വാസത്തിൽ വീർപ്പടക്കി,
മജ്ജയോളം വിസ്മിതരായി
ഉടലുകൾ കൊണ്ടവർ ശ്രദ്ധിക്കുന്നു,
തങ്ങളുടെ തോൾപ്പലകകളിൽ
ആദ്യത്തെ കുഞ്ഞുതൂവലുകൾ പൊടിക്കുന്നത്.

***

ഒരെഴുത്തുകാരി തുണിയലക്കുന്നു

ടൈപ്പു ചെയ്തതു മതി.
ഇന്നു ഞാൻ പണ്ടത്തെ ശൈലിയിൽ
തുണിയലക്കാൻ പോകുന്നു.
എന്റെ മുത്തശ്ശിമാരും മുതുമുത്തശ്ശിമാരും ചെയ്തിരുന്ന പോലെ
ഞാൻ കഴുകുന്നു, തിരുമ്പുന്നു, ഉലമ്പുന്നു, പിഴിയുന്നു.
മനസ്സമാധാനം.

തുണിയലക്കൽ ആരോഗ്യപ്രദവും ഉപയോഗപ്രദവുമാണ്‌,
കഴുകിയെടുത്ത കുപ്പായം പോലെ.
എഴുത്ത് സംശയിക്കപ്പെടാം.
ഒരു പേജിൽ ടൈപ്പു ചെയ്ത
മൂന്ന് ചോദ്യചിഹ്നങ്ങൾ പോലെ.

***


Anna Swir - Copper Canyon Press

അന്ന സ്വിർ Anna Swir (Świrszczyńska) പോളണ്ടിലെ വാഴ്സയിൽ 1909ൽ ജനിച്ചു. ദരിദ്രമെങ്കിലും കലാപാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ജനനം. വളരെ ചെറുപ്പത്തിലേ അവർ ജോലി ചെയ്തു തുടങ്ങുന്നുണ്ട്; ഒഴിവുസമയത്ത് ജോലി ചെയ്തു കൊണ്ടാണ്‌ അവർ മദ്ധ്യകാലപോളിഷ് സാഹിത്യത്തിൽ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കിയത്. അവരുടെ ആദ്യത്തെ കവിതകൾ പുറത്തു വരുന്നത് 1930ലാണ്‌. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾക്കെതിരായ പോളിഷ് ചെറുത്തുനില്പിൽ അവർ പങ്കെടുത്തിരുന്നു. വാഴ്സ കലാപത്തിന്റെ കാലത്ത് അവർ മിലിട്ടറി നഴ്സുമായിരുന്നു. ഒരിക്കൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടുവെങ്കിലും ശിക്ഷ നടപ്പാക്കുന്നതിന്‌ ഒരു മണിക്കൂർ മുമ്പ് അവരെ ഒഴിവാക്കുകയായിരുന്നു. കവിതകൾക്കു പുറമേ കുട്ടികൾക്കുള്ള കഥകളും നാടകങ്ങളും അവർ എഴുതിയിട്ടുണ്ട്. 1984ൽ ക്യാൻസർ രോഗത്തെ തുടർന്ന് ക്രാക്കോവിൽ വച്ച് അവർ മരിച്ചു.

Buy Building the Barricade Book Online at Low Prices in India | Building the Barricade Reviews & Ratings - Amazon.in

ഇംഗ്ലീഷിൽ ലഭ്യമായ അവരുടെ കവിതാസമാഹാരങ്ങൾ Building the Barricade (1974), Happy as a Dog’s Tail (1985), Fat like the sun (1986), and Talking to My Body (1996) തുടങ്ങിയവയാണ്‌. യുദ്ധവും മരണവും ഉടലും അതിന്റെ അനുഭവങ്ങളുമാണ് അവരുടെ മുഖ്യമായ പ്രമേയങ്ങൾ. അതിനവർ ഉപയോഗിക്കുന്നത് ഋജുവും ലളിതവുമായ ഒരു ഭാഷയുമാണ്‌.

കവിതയെക്കുറിച്ച് അവർ ഇങ്ങനെ പറയുന്നു: “കവിതയിൽ വാക്കുകളുടെ ലക്ഷ്യം ഉള്ളടക്കത്തിലേക്കു വളരുക എന്നതാണ്‌; എന്നാൽ ആ ലക്ഷ്യം ഒരിക്കലും കൈവരാനും പോകുന്നില്ല, കാരണം, കവിയിൽ കുടി കൊള്ളുന്ന ആത്മീയോർജ്ജത്തിന്റെ വളരെച്ചെറിയ ഒരംശമേ വാക്കുകളായി പുനരവതരിക്കുന്നുള്ളു. ഓരോ കവിതയ്ക്കും ഓരോ കാവ്യശാസ്ത്രം ആവശ്യപ്പെടാനുള്ള അവകാശമുണ്ടെന്നതാണ്‌ വസ്തുത. ശൈലി കവിയുടെ ശത്രുവാണ്‌, അതിന്റെ അഭാവമാണ്‌ അതിന്റെ ഏറ്റവും നല്ല ഗുണവും. ഒരെഴുത്തുകാരന്‌ രണ്ടു ധർമ്മങ്ങളാണുള്ളതെന്ന് നമുക്കു പറയാം: ആദ്യത്തേത്- സ്വന്തമായ ഒരു ശൈലി സൃഷ്ടിക്കുക. രണ്ടാമത്തേത്- സ്വന്തം ശൈലി നശിപ്പിക്കുക. രണ്ടാമത്തേതാണ്‌ കൂടുതൽ ദുഷ്കരം, അതിന്‌ കൂടുതൽ സമയവും വേണം.”


വിവ : വി. രവികുമാർ

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.