Skip to main content

ഞാൻ എന്ന ജനസഞ്ചയം

ഒരാൾ ഒരു ജന സഞ്ചയമായി മാറുന്ന മുഖരതയെയാണെഴുതുന്നത് എൻ.പ്രഭാകരൻ തൻ്റെ ഏറ്റവും പുതിയ നോവലായ ‘മഹാനടന’ത്തിൽ. ആരു നീയെന്ന്, ഇരുട്ടിലിരുന്നു കൊണ്ട് പരസ്പരമാരായുന്ന രണ്ടു പേരെ സങ്കല്‌പിക്കാമെങ്കിൽ, ഇരുവരുടെയും പ്രതിവാക്യം ‘ഞാൻ’ എന്ന ഉത്തമപുരുഷസർവ്വനാമമായതുകൊണ്ട് അദ്വൈതം ഒരനുഭവസത്യമാണെന്ന് നാരായണ ഗുരു. ഇതിനെ ഒരു സാമൂഹ്യാദ്വൈതമായി പടരാനനുവദിക്കുകയാണ് നോവലിസ്റ്റ് ‘ഗഗൻ’ എന്ന തൻ്റെ നായക കഥാപാത്രത്തിൻ്റെ നടശരീരത്തിലൂടെ. അയാൾ ഒരേകവചനമല്ല, ബഹുവചനമാണ്. ഈ ബഹുവചനത്വം ഗഗനെ ഭ്രാന്തോളമെത്തിക്കുന്നതിൻ്റെ ആഖ്യാനമാണ് നോവലിൽ. ലോകാന്തതയുടെ എഴുത്താണത്. നടദേഹം എന്ന പരകായപ്രവേശസന്നദ്ധമായ ഉടലിൻ്റെ സമൃദ്ധിയും വിസ്താരവും സാധ്യതകളുമാണ് നോവലിൻ്റെ പ്രമേയകേന്ദ്രം. ഒരർത്ഥത്തിൽ നോവലിസ്റ്റ് തന്നെയാണ് ഗഗൻ.എൻ. പ്രഭാകരൻ എന്ന നോവലിസ്റ്റു മാത്രമല്ല, എല്ലാ നോവലിസ്റ്റുകളും; ‘ഞാൻ തന്നെയാണ് എമ്മാ ബോവറി’ എന്നെഴുതിയ ഫ്ലോബേറിൻ്റെ ഗോത്രത്തിൽപ്പെട്ടവർ. പലമപ്പെടലിനുള്ള ഈ അസാമാന്യസിദ്ധിയെ തങ്ങളുടെ കലയുടെ അടിസ്ഥാനശേഷിയാക്കി മാറ്റിയവരാണല്ലോ അവർ. മിത്യയും ഐ വാനും അല്യോഷയും സ്മെർഡിയാക്കോവും സഹവസിച്ചിരുന്ന ദസ്തയേവ്സ്കിയുടെ ശരീരം അപസ്മാരബാധിതമായതു പോലെയുമാകാം, അതിനാൽ, ഗഗൻ്റെ ഭ്രാന്ത്.

നോവൽ, ആശയചർച്ചയ്ക്കുള്ള അരങ്ങു കൂടിയാണ് നോവലിസ്റ്റായ എൻ.പ്രഭാകരന്. ഇടതുപക്ഷരാഷ്ട്രീയവും മതവും ആത്മീയതയും പ്രണയവും ലൈംഗികതയുമെല്ലാം നോവൽ ചർച്ച ചെയ്യുന്നു. ക്ഷയോന്മുഖമായ മതവും രാഷ്ട്രീയവും എന്നു വേണമെങ്കിൽ ഇതിനെ കൂടുതൽ കണിശപ്പെടുത്താം. ആണ്ടി അമ്പുവേട്ടൻ എന്ന കഥാപാത്രത്തിലൂടെയാണ് നോവലിസ്റ്റ് സ്വകാര്യആത്മീയതയെ നിർവ്വചിക്കുകയും കേവലമനുഷ്യരുടെ ജീവിതബോധത്തിൻ്റെ അഗാധതയെന്തെന്ന് കാട്ടിത്തരികയും ചെയ്യുന്നത്. മികച്ച വായനക്കാരൻ കൂടിയാണ് അനഭ്യസ്തവിദ്യനായ അമ്പു. ഗഗനും അങ്ങനെ തന്നെ.നോവലിലെ ഇതര കഥാപാത്രങ്ങളിൽ പ്രധാനികളായ ശിവൻ മാഷും വിജയനുമെല്ലാം വായിക്കുന്നു. വായനയാൽ നിർമ്മിക്കപ്പെട്ട മനുഷ്യരാണവർ. അമ്പുവേട്ടൻ്റേതായി നടുക്കുന്ന ഒരു വാക്യമുണ്ട് നോവലിൽ –
‘Both hell and heaven are flat!’. അതെ, സ്വർഗ്ഗവും നരകവും ഒരേ പരപ്പാകുന്നു. അമ്പു ഇങ്ങനെയും പറയുന്നുണ്ട് മറ്റൊരിക്കൽ-
‘ജീവിതത്തിന് നമ്മുടെ സാധാരണ കാഴ്ച്ചകളിൽ നിന്നും കേൾവികളിൽ നിന്നും അനുഭവങ്ങളിൽ നിന്നും വ്യത്യസ്തമായ മറ്റെന്തോ അർത്ഥമുണ്ടെന്ന് ധരിക്കരുത്. ജീവിതത്തിന് ജീവിതം എന്ന അർത്ഥമേയുള്ളൂ. അത് തനിക്കും കഴിയുന്നിടത്തോളം മറ്റുള്ളവർക്കും സന്തോഷമുണ്ടാവും
വിധം ജീവിച്ചു തീർക്കുക. അതിൻ്റെ അപ്പുറവും ഇപ്പുറവും ഒന്നുമില്ല’. അനുഭവങ്ങളിൽ നിന്നും വായനയിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ഗ്രാമീണദാർശനികതയാണിത്. ഒരു കിഴങ്ങു പോലെ ഒരാൾ സ്വയം നട്ടു നനച്ചു വളർത്തിയതും സ്വന്തം കൈകൊണ്ട് കുഴിച്ചെടുത്തതും.

നടൻ എന്ന നിലയിൽ ഗഗൻ,’ഗോദോയെക്കാത്ത് ‘ എന്ന നാടകത്തിൽ ‘എസ്ട്രഗൺ’ ആയും ‘ഗണശത്രു’വിൽ ‘സ്റ്റോക്മാൻ’ ആയും പകർന്നാടിയിരുന്നു എന്ന വസ്തുതയ്ക്കുമുണ്ട് വലിയ പ്രാധാന്യം. ഇതിൽ ആദ്യത്തെ കഥാപാത്രം കാത്തിരിപ്പിൻ്റെ നിഷ്ഫലതയെയും രണ്ടാമൻ ഒറ്റയാൾപ്പോരാട്ടത്തിൻ്റെ ഏകാന്തതയെയുമാണല്ലോ സൂചിപ്പിക്കുന്നത്. ഇതു രണ്ടുമാകുന്നു ഗഗൻ്റെ ജീവിതം; ഏകാന്തവും നൈഷ്ഫല്യത്തോളമെത്തുന്ന അർത്ഥരാഹിത്യത്താൽ പീഡിതവും. ഇത് ഗഗൻ്റെ മാത്രം കഥയല്ല. ഗഗനിലൂടെയാണ് നോവൽ;ഗഗനെക്കുറിച്ചു മാത്രമല്ല. ഗഗൻ കണ്ടവരും കേട്ടവരും നടിച്ചവരുമെല്ലാം നോവൽഘടനയിൽ അവരുടേതായ ഭാഗമഭിനയിച്ച് സ്വയം നിഷ്ക്രമിക്കുകയോ ചിലപ്പോൾ നിഷ്കാസിതരാവുകയോ ചെയ്യുന്നു. ചിണ്ടൻ എന്ന മന്ത്രവാദിയും സതീശൻപുലരിയും കാളസ്വാമിയും മയിൽ മനോജനും ജോണേട്ടനും ജയനും ബ്ലാക്ക്മാൻ ഭാർഗ്ഗവനും വേട്ടക്കാരൻ മാർക്കോസ് ചേട്ടനും ചില നാടകനടിമാരുമെല്ലാം ചേരുന്ന മനുഷ്യവ്യൂഹമാണത്. ഇവരിലൂടെ മനുഷ്യാവസ്‌ഥയുടെ ഇരുൾവെളിച്ചങ്ങൾ നിറഞ്ഞ ലോകാന്തരങ്ങൾ കാട്ടിത്തരികയാണ് നോവലിസ്റ്റ്. കൂട്ടത്തിൽ ഇടതുപക്ഷരാഷ്ട്രീയത്തിൻ്റെ അപചയവും നാടകകലയും(സുരാസുവിൻ്റെ ‘വിശ്വരൂപൻ’ വിശേഷിച്ചും) നോവലും വായനയും സർഗ്ഗാത്മകതയും ലൈംഗികതയുമെല്ലാം ചർച്ച ചെയ്യപ്പെടുന്നു.

പുസ്തകപ്രകാശനം

മാടായിപ്പാറയാണ് നോവലിൻ്റെ സ്‌ഥലകേന്ദ്രം; ആ സ്‌ഥലവിസ്തൃതിയുടെ ചരിത്രവും വർത്തമാനവും.’ മഹാനടനം’ ഒരു നടനെത്തന്നെ കഥാപാത്രമാക്കിക്കൊണ്ട് ജീവിതനാടകത്തെക്കുറിച്ചെഴുന്നു. അങ്ങനെ കഥനവും അതികഥനവുമായി നോവൽ വികസിക്കുന്നു. അതിദീർഘമോ അത്ര ഹ്രസ്വമോ അല്ല അത്.’ പൾപ്പ് ഫിക്ഷ’ൻ്റെ വേലിയേറ്റത്തിൽ ഏകാന്തമായ ഒരു പച്ചത്തുരുത്തു പോലെ അത് നമ്മുടെ എഴുത്തിൻ്റെയും വായനയുടെയും സമകാലത്തിൽ നിലകൊള്ളുന്നു.


മഹാനടനം
രചന : എന്‍. പ്രഭാകരന്‍
പ്രസാധനം : മാതൃഭൂമി ബുക്‌സ്
വില : 230 രൂപ

One Reply to “ഞാൻ എന്ന ജനസഞ്ചയം”

  1. മലയാളത്തിലെ മൗലിക പ്രതിഭയുള്ള എൻ.പ്രഭാകരൻ്റെ മഹാനടനം എന്ന നോവലിൻ്റെ ആഴം വെളിപ്പെടുത്തുന്ന നിരീക്ഷണത്തിന് ഏറെ സ്നേഹം

Your Email address will not be published.