Skip to main content

ഇടതുനെഞ്ചിലെ ഉച്ചാലുമാസങ്ങൾ-ആത്മവിമർശനത്തിന്റെ പാഠങ്ങൾ

ഭരണകൂടങ്ങൾ താങ്ങും തണലുമായി നിന്ന് വികസിപ്പിച്ച് വികസിപ്പിച്ച് വഴിയാധാരമാക്കിയ ലോകത്തിലെ മുഴുവൻ ഗോത്ര വിഭാഗങ്ങളുടെയും സത്ത ഉൾക്കൊള്ളുന്ന വയനാട്ടിലെ പണിയ വിഭാഗത്തിൽ പെട്ട സിന്ധു മാങ്ങണിയൻ അവരുടെ ജീവിതകഥയ്ക്ക് കൊടുത്ത പേര് ‘’ഇടതുനെഞ്ചിലെ ഉച്ചാലുമാസങ്ങൾ’’ എന്നാണ്. ആദിവാസി സ്ത്രീയുടെ ആത്മകഥ എന്നതിനപ്പുറം താൻ ഉൾപ്പെടുന്ന സമൂഹത്തിന്റെ ജീവിതം പറയാനാണ് അവർ ശ്രമിച്ചത്. വരികൾക്കിടയിൽ ഒളിപ്പിച്ചു വെയ്ക്കുന്ന നിരവധി നോട്ടങ്ങൾ, ചോദ്യങ്ങൾ, ഉത്തരങ്ങൾ, വ്യാഖ്യാനങ്ങൾ ഒക്കെ നമുക്ക് ഈ പുസ്തകത്തിൽ കാണാൻ കഴിയും. കേരളത്തിലെ ഗോത്ര കവികളിൽ വാക്കുകളുടെ ചാരുതകൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ സിന്ധുവിന്റെ തന്നെ വരികളിലൂടെ അവരുടെ ആത്മകഥയുടെ ഉള്ളടക്കം രേഖപ്പെടുത്താൻ കഴിയും. അവർ എഴുതുന്നു.

നനഞ്ഞ കൈയ്യോണ്ടിങ്ങനെ കെട്ടിപ്പിടിക്കാതെ മഴേ
എനിക്ക് കുളിരുന്നുണ്ട്.
മഴയുടെ പ്രണയാതുരമായ സ്പർശത്തെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ആവാഹിക്കുന്ന കൗമാരക്കാരിയുടെ അകമനസ്സിന്റെ തുടിപ്പുകൾ നിറഞ്ഞു കവിയുന്ന വരികളിൽ നിന്നും
എന്നോ മരിച്ചുപോയ ഒരു ചിരിയുടെ
അടയാളവും പേറി
ഒരു കാട് ഇപ്പോഴും
ജീവിച്ചിരിക്കുന്നുണ്ട്
എന്ന വരികളിലേക്ക് എത്തുമ്പോൾ, രണ്ടു കവിതകൾക്കിടയിൽ വിറങ്ങലിച്ചു നിൽക്കുന്ന തന്റെ വൈയക്തിക ജീവിതവും ആദിവാസി മനുഷ്യരുടെ സാമൂഹ്യ ജീവിതത്തെയും അടയാളപ്പെടുത്തുകയാണ് കവി ചെയ്യുന്നത്. കാടിനൊരു പ്രത്യേകതയുണ്ട്.എത്ര ഉണങ്ങി വരണ്ടു വറ്റിപ്പോയാലും ഒരു മഴത്തുള്ളിയുടെ കൈപിടിച്ചു വളരാനുള്ള ആന്തര ശക്തി കാടുകൾക്കുണ്ട്. സമൂഹം എത്ര പിന്നോട്ട് തള്ളി അരികുകൾക്കും അപ്പുറത്തേക്ക് മറിച്ചിട്ടാലും മണ്ണിനടിയിലേക്ക് വളർന്ന സ്വയം ശക്തിപ്പെടുന്ന മുളകണക്കെ ആകാശം മുട്ടുന്ന തരത്തിൽ ഞാനും എന്റെ സമൂഹവും മുന്നോട്ട് വരും എന്നൊരു ഉറപ്പിച്ചു പറച്ചിൽ ഈ പുസ്തകത്തിൽ ഉടനീളം കാണാം. വ്യക്തിതലത്തിൽ ഒരു സ്ത്രീ നേരിടുന്ന പ്രതിസന്ധികളെ വായിക്കുമ്പോൾ തന്നെ കേരളം പോലെ വികസന അർബുദം ബാധിച്ച ഒരു ദേശത്ത് എങ്ങനെയാണ് ആദിവാസികൾ അതിന്റെ വേദനകൾ അനുഭവിക്കുന്നവർ ആകുന്നതെന്ന തിരിച്ചറിവ് കൂടി വായനക്കാരുമായി ഈ പുസ്തകം പങ്കുവയ്ക്കുന്നു.

പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ആദിവാസികളുടെ ജീവിതം മൃഗങ്ങളുമായി മല്ലിടുന്ന നാട്ടു മനുഷ്യരുടെ പ്രശ്നങ്ങൾക്കുള്ള ഉത്തരം കൂടിയാണ്. പ്രകൃതിയെ സംരക്ഷിക്കുക എന്ന ആധുനിക മനുഷ്യരുടെ വിടുവായത്തരങ്ങൾ അല്ല നമുക്ക് വേണ്ടത് മറിച്ച് പ്രകൃതിയുമായി സമരസപ്പെട്ട്‌ ജീവിക്കുകയാണ് വേണ്ടതെന്ന ഏറ്റവും മൂല്യമുള്ള പരിസ്ഥിതി പാഠമാണ് ഓരോ ആദിവാസി ജീവിതവും എന്ന വലിയ സന്ദേശമാണ് ഈ പുസ്തകം വായനക്കാർക്ക് നൽകുന്നത്. പ്രകൃതി എന്ന് പറയുന്നത് അഹങ്കാരിയായ മനുഷ്യരുടെ വീട്ടിലെ പട്ടിക്കൂട്ടിൽ അടച്ചുവെച്ച് സംരക്ഷിക്കാനുള്ള ഒരു നായ്ക്കുഞ്ഞ് ആണെന്ന വിവരദോഷം നമ്മൾ അവസാനിപ്പിക്കണം. നമ്മളെ സംരക്ഷിക്കുന്നത് പ്രകൃതിയാണ് എന്ന യഥാർത്ഥ്യം മറന്നുകൊണ്ട് നമ്മളാണ് പ്രകൃതിയെ സംരക്ഷിക്കുന്നത് എന്ന് ഭാവിക്കുന്നത് വിവരക്കേടും അഹങ്കാരവും മാത്രമാണെന്ന ഓർമ്മപ്പെടുത്തൽ ഈ പുസ്തകത്തിൽ ഉടനീളം കാണാം. ഒന്ന് മറ്റൊന്നിനെ കീഴ്പ്പെടുത്താതെ പരസ്പരം ഇണങ്ങി ജീവിക്കുമ്പോഴാണ് മനുഷ്യർ പരസ്പരവും മനുഷ്യരും പ്രകൃതിയും സൗഖ്യത്തിന്റെ പാരമ്യതയിൽ എത്തുന്നത് എന്നാണ് സിന്ധു സ്വന്തം ജീവിതകഥയിലൂടെ നമ്മളോട് പറയുന്നത്. ഇണങ്ങി ജീവിക്കുന്നതിന്റെ സന്തോഷവും ആഹ്ലാദങ്ങളും കൊച്ചു കൊച്ചു നൊമ്പരങ്ങളും പ്രത്യക്ഷത്തിൽ വായിച്ചെടുക്കുമ്പോൾ തന്നെ ആദിവാസി ശരീരത്തിനകത്ത് ഒരു വ്യക്തി അനുഭവിക്കുന്ന സാമൂഹ്യമായ തിരസ്കരണവും അന്യതാബോധവും ഒരു തീരാനോവായി നമ്മളെ അലട്ടും. ക്ലാസിക്ക് ആദിവാസി ജീവിതത്തിന്റെ തനിമകളെ തെളിവാർന്ന വാക്കുകളിൽ വരച്ചു വെയ്ക്കുമ്പോഴും ഊരുകൾക്ക് വെളിയിൽ പൊതുസമൂഹം ആർജ്ജിച്ച വികസന നേട്ടങ്ങളിൽ നിന്നും ബഹുകാതം അകലെ നിൽക്കേണ്ടി വരുന്ന സ്വന്തം സമൂഹത്തിന്റെ ദൈന്യതയെയുംപറ്റി ഒരുപോലെ എഴുതുമ്പോൾ ആദിവാസികൾ അർദ്ധ നഗ്നരായി ജീവിതം തുടരണോ അതോ അംബേദ്കറെ പോലെ കോട്ടിട്ട് ഏറ്റവും അധുനികമായ സാമൂഹ്യ ജീവിത ഇടങ്ങളിലേക്ക് സ്വയം പരിവർത്തനപ്പെടണോ എന്ന ഏറ്റവും മൗലികമായ ഒരു വികസന ചോദ്യം കൂടി ഈ പുസ്തകം വായനക്കാർക്ക് മുൻപിൽ സമർപ്പിക്കുന്നുണ്ട്.

ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്ന മൗലികമായ ഒരു വികസന പ്രശ്നം ആദിവാസികളും പൊതുസമൂഹവും തമ്മിലുള്ള വിനിമയത്തിൽ ആദിവാസി ഭാഷകൾക്കുള്ള പ്രാധാന്യത്തെ പറ്റിയാണ്. ആദിവാസി സംരക്ഷണത്തിനും വികസനത്തിനുമായുള്ള സർക്കാർ ഹോസ്റ്റലുകളിൽ എത്തുന്ന ആദിവാസി കുട്ടികൾ നേരിടുന്ന ഏറ്റവും മുഖ്യമായ ഒരു പ്രശ്നം അവരുടെ ഭാഷയാണ്. പൊതു സമൂഹത്തിന്റെ ഭാഷയിലേക്കുള്ള ആദിവാസികളുടെ പരിവർത്തനം വേഗത്തിൽ ആക്കണോ അതോ ആദിവാസികളുടെ പഠനം അവരുടെ തന്നെ തനതു ഭാഷയിൽ ആകണമോ എന്നതാണ് പ്രശ്നം. ആദിവാസികൾക്ക് അവരുടെ ഭാഷ സംരക്ഷിക്കുന്നതിനുള്ള അവകാശമുണ്ട്. എന്നാൽ ആദിവാസി ഭാഷയിലൂടെ ആഗോളവത്കരിച്ചുകൊണ്ടിരിക്കുന്ന ഒരു കേരളീയ സമൂഹത്തിൽ അതിജീവിക്കാൻ ആദിവാസികൾക്ക് കഴിയുമോ എന്ന ചോദ്യവും പ്രസക്താണ്. ഹോസ്റ്റലിലും സ്കൂളിലും ആദിവാസി കുട്ടികളെ അവരുടെ ജാതിപ്പേർ ചേർത്ത് വിളിക്കുന്നത് ഒരു ആചാരമായിരുന്നു എന്നാണ് സിന്ധു എഴുതുന്നത്. ഓരോ തവണ ആ വിളി കേൾക്കുമ്പോഴും തങ്ങളുടെ രക്തം ദേഷ്യം കൊണ്ട് തിളയ്ക്കുമായിരുന്നു. എന്നാൽ അത്തരക്കാരെ നേരിടാനുള്ള കായിക ശേഷി തങ്ങൾക്കുണ്ടായിരുന്നില്ല. അതിനാൽ വേദനയും ദേഷ്യവും അടക്കിവെച്ചു എന്ന് സിന്ധു എഴുതുമ്പോൾ ‘’ജാതിവാദിയായ സവർണ്ണരേ എന്തുകൊണ്ട് നേരിടാതെ നിങ്ങൾ അടിമയെപ്പോലെ അവർ പറഞ്ഞതൊക്കെ അനുസരിച്ചത്’’ എന്ന് അവർണ്ണ ജനതകളോട് ചോദിക്കുന്ന സംഘപരിവാർ താത്വികൻ ആയ ജയകുമാർ സായ് ദീപക്കിനെ പോലുള്ളവർക്കുള്ള മറുപടി കൂടിയാണത്.

ഹോസ്റ്റലിലും സ്കൂളിലും ആദിവാസി കുട്ടികൾ നേരിടുന്ന ജാതീയമായ വിവേചനങ്ങളുടെ സാക്ഷ്യങ്ങൾ ഈ പുസ്തകത്തിലുണ്ട്. ഒരു കുട്ടിയുടെ സാമൂഹ്യവും മാനസികവുമായ വികാസത്തിൽ കുടുംബത്തിനും സ്കൂളിനും പൊതുസമൂഹത്തിനുമുളള നിർണ്ണായകമായ പങ്കിനെ സൂചിപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഈ പുസ്തകത്തിൽ വിശദമായി തന്നെ പറയുന്നുണ്ട്. നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്ന പൊതുസമൂഹവുമായി ക്രീയാത്മകമായി ഇടപഴകാനും, ക്രയശേഷിയുള്ള ഒരു വ്യക്തി ആയി മാറാനും ഒരാൾക്ക് ‘’അടച്ചുറപ്പുള്ള ഒരു വീട്’’ ആവശ്യമാണ് എന്ന് ഈ പുസ്തകം പറയുന്നു. വൈകാരികമായി അസ്വസ്ഥമാകുന്ന സമയത്തൊക്കെ വീടിനടുത്തുള്ള വാഴത്തോട്ടത്തിലോ ഉൾക്കാട്ടിലോ പോയൊറ്റയ്ക്ക് ഇരുന്നാണ് എഴുത്തുകാരി തന്റെ സ്വാസ്ഥ്യം വീണ്ടെടുത്ത് കൊണ്ടിരുന്നത്. അസ്വസ്ഥമാകുന്ന മനസ്സുകൾക്ക് അവയുടെ സ്വാഭാവികമായ സ്വസ്ഥതയിലേക്ക് തിരിച്ചുപോകാനുള്ള വഴികളിൽ ഏറ്റവും ആരോഗ്യപൂർണ്ണമായത് ഒരിടത്തിൽ ഏകാന്തമായി സമയം ചെലവഴിക്കുന്നതിലൂടെ ആണ്. തനിക്കായി ഒരിടമുള്ള ഒരു വീട് എന്നത് മനുഷ്യർ ഉണ്ടായ കാലം മുതൽക്കേ അവർക്കൊപ്പം ഉള്ള ഒരാശയം ആയിരിക്കും. ഗുഹാ മനുഷ്യർ അത് കണ്ടെത്തിയത് ഉൾക്കാട്ടിലോ പുഴയിറമ്പിലോ മരക്കൊമ്പിലോ ആയിരിക്കും. ആധുനിക മനുഷ്യർ അടച്ചുറപ്പുള്ള സ്വന്തം വീട്ടിലെ ബെഡ് റൂമിൽ ആയിരിക്കും തന്റേതായ ഒരിടം സ്ഥലപരമായി കണ്ടെത്തുന്നത്. കൗമാര പ്രണയത്തിലും വൈവാഹിക ജീവിതത്തിലും അനുഭവിച്ചു കൊണ്ടിരുന്ന പ്രതിസന്ധികളെ നേരിടാനും പങ്കുവയ്ക്കാനും തനിക്കൊരു വീടില്ലല്ലോ എന്ന സിന്ധുവിന്റെ ചിന്ത വരികൾക്കിടയിൽ നമുക്ക് വായിച്ചെടുക്കാൻ കഴിയും. എന്നാൽ കുടുംബത്തിൽ ഉള്ളവരുടെ വൈകാരിക പിന്തുണയില്ലായ്മ മാത്രമല്ല ആ ചിന്തയ്ക്ക് പുറകിൽ ഉള്ളത് മറിച്ച് വീടിനകത്തെ സ്ഥലപരിമിതിയെക്കൂടിയാണ്. കൊച്ചു തീപ്പെട്ടി വീടുകൾ പുനരധിവാസത്തിന്റെ മഹനീയ മാതൃകകൾ ആയി സമ്മാനിക്കുന്ന സർക്കാരുകൾ ഓർക്കേണ്ടത് വീടുകൾ കുടുംബങ്ങൾക്ക് വേണ്ടി മാത്രമുള്ളവയല്ല അതിൽ താമസിക്കുന്ന ‘’വ്യക്തികൾക്ക് ‘’ കൂടിയുള്ളത്. വ്യക്തിഗത ഇടങ്ങൾ (Personal Space) ഇല്ലാത്ത വീടുകളും സമൂഹങ്ങളും സാമൂഹ്യാർഥത്തിൽ ശവപ്പറമ്പുകൾ ആണ്. ഓരോ പ്രതിസന്ധി ഘട്ടത്തിലും തനിക്കായുള്ള ഒരിടത്തിനായി കാട്ടിലേക്കും വഴത്തോട്ടത്തിലേക്കും ഓടേണ്ടി വരുന്ന സിന്ധുവിന്റെ ദൈന്യത അവരുടെ മാത്രമല്ല. മൂന്നു സെന്റിൽ കുടിപാർക്കുന്ന മുഴുവൻ പാവപ്പെട്ടവരുടെയും ദൈന്യതകൂടിയാണ്.

 

ഇടതുനെഞ്ചിലെ ഉച്ചാലുമാസങ്ങൾ വായനക്കാരുമായി സംവദിക്കുന്ന മറ്റൊരു തലം മനോരോഗങ്ങളുടെ കോട്ടവാതിൽ പൊളിച്ച് അകത്തേക്ക് നമ്മെ കയറ്റുന്ന കടുത്ത മാനസിക സമ്മർദങ്ങളുടെ ഒരു നീണ്ട നിരയുടെ കാരണങ്ങളിൽ മുഖ്യം വ്യക്തിയ്ക്ക് വെളിയിൽ ഉള്ള ഘടകങ്ങൾ ആണെന്നാണ്. പ്രണയത്തിന്റെ സാധ്യതകളും പരിമിതികളും ഒരുപോലെ വായനക്കാരുമായി പങ്കുവയ്ക്കുന്ന സിന്ധു പ്രണയത്തിന്റെ മാധുര്യവും നേർത്ത സുഖങ്ങളും പറയുമ്പോൾ തന്നെ അവരുടെ പ്രണയങ്ങൾ അവരെ കൊണ്ടെത്തിക്കുന്ന ദുഖങ്ങളുടെ ഒറ്റപ്പെടലുകളുടെ വലിയ മനസംഘർഷങ്ങളെ കൂടി നമ്മോട് പറയുന്നു. എങ്ങനെയാണ് ബന്ധങ്ങൾ നമ്മെ ശാന്തരാക്കുന്നത്, സന്തോഷചിത്തർ ആക്കുന്നത് എന്ന് കാണിക്കുമ്പോൾ തന്നെ നമ്മുടെ ബന്ധങ്ങൾക്കകത്തുള്ള ഉലച്ചിലുകൾ എങ്ങനെയാണ് നമ്മളെ എകാന്തരും, മനോനില തെറ്റുന്ന അവസ്ഥയിലുള്ളവരും ആക്കുന്നതെന്നും അവിടം കൊണ്ടും അവസാനിക്കാതെ ഭ്രാന്തിന്റെയും ആക്രമണാത്മകതയുടെ തലത്തിലേക്കും വ്യക്തിയെ പരിവർത്തനപ്പെടുത്തുന്നത് എന്നുള്ള സൂചനകൾ ഈ ആത്മകഥ നമ്മളുമായി പങ്കുവയ്ക്കുന്നു. ഒരു വീടിനകത്തെ ഭൗതികമായ ഇടലഭ്യതയും, വൈകാരികമായ ഇടങ്ങളുടെ ഊഷ്മളതയും എങ്ങനെയാണ് വ്യക്തിയെ വളർത്തുന്നത് തളർത്തുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സിന്ധുവിന്റെ ജീവിതം.

കേവലം ഒരു ആദിവാസി സ്ത്രീയുടെ വൈയക്തിക അനുഭവങ്ങളുടെ ആകെത്തുക എന്നതിനപ്പുറം ആ വ്യക്തിയുടെ ജീവിതാനുഭവങ്ങളെ അർത്ഥപൂർണ്ണമായി സാമന്യവത്കരിക്കാനും അതിൽ നിന്നും സാമൂഹ്യ ഉപയുക്തതയുള്ള അനുമാനങ്ങൾ നടത്താനുംസാമൂഹ്യ ശാസ്ത്രജ്ഞർക്ക് വലിയ സാധ്യതകളുടെ വാതായനങ്ങൾ തുറന്നിടുന്ന ഒരു ആത്മകഥയാണ് ഇടതുനെഞ്ചിലെ ഉച്ചാലുമാസങ്ങൾ. ആദിവാസികളുടെ ഇടയിലുള്ള കടുത്ത മദ്യപാനം, കുടകിലേക്കുള്ള താൽക്കാലിക കുടിയേറ്റങ്ങൾ, പെരുകി വരുന്ന ആത്മഹത്യകൾ, വ്യക്തിപരമായ നിരാശകൾ, കൈരളിയുടെ സാമ്പത്തിക വികസന മാതൃകയിൽ ഇടംകിട്ടാത്ത ദാരിദ്ര്യത്തിന്റെ തുരുത്തുകൾ പോലെ നിൽക്കുന്ന ആദിവാസി ഊരുകൾ, പൊതുസമൂഹ യുക്തിയിൽ നടപ്പിലാക്കുന്ന ഭരണകൂട സ്പോൺസേഡ് വികസന മാതൃകകളിൽ അന്യവത്കരിക്കപ്പെടുന്ന ആദിവാസി ജീവിതങ്ങൾ തുടങ്ങി പൊതു സമൂഹത്തിന്റെ നോട്ടം ആഴത്തിൽ പതിക്കാത്ത നിരവധി അടരുകളെ ഓരോന്നായി വിടർത്തിയെടുക്കുന്ന പുസ്തകമാണ് ഇടതുനെഞ്ചിലെ ഉച്ചാലുമാസങ്ങൾ. നാളേക്ക് ഒന്നും കരുതി വയ്ക്കാതെ പ്രകൃതിയുടെ കനിവിൽ വിശ്വസിച്ചുകൊണ്ട് ജീവിക്കുന്ന ഒരു സമൂഹം ‘’നാളേക്ക് വേണ്ടി സമ്പാദിച്ചാൽ മാത്രം അതിജീവിക്കാൻ കഴിയുന്ന’’ ആധുനീക മുതലാളിത്ത ആഗോളവത്കൃത കമ്പോള സമ്പദ് വ്യവസ്ഥയിലേക്ക് കൂട്ടിച്ചേർക്കപ്പെടുമ്പോൾ ഉള്ള വൈരുദ്ധ്യങ്ങൾ വെളിപ്പെടുത്തുന്നതാണ് ഈ പുസ്തകം. ഗൂസ്ബെറി ബുക്സ് തൃശൂർ പുറത്തിറക്കിയ ഈ പുസ്തകം തീർച്ചയായും വായിക്കപ്പെടേണ്ടതും ചർച്ചചെയ്യപ്പെടേണ്ടതും ആയ ഒരു പുസ്തകം തന്നെയാണ്. ഒരുവൻ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളോട് നിരന്തരം മല്ലിടുകയും ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ കണ്ടെത്തുകയും അവയെ പുതിയസാഹചര്യത്തിൽ നവ വിശകലനങ്ങൾക്ക് വിധേയമാക്കുകയും പുതിയ പ്രശ്നങ്ങളിൽ പ്രയോഗിക്കുകയും ചെയ്യുന്ന നിരന്തരം സ്വയം പുതുക്കിപണിതു കൊണ്ടിരിക്കുന്ന, ആത്മപരിശോധനയുടെ അനന്തമായ സാധ്യതകളുടെ തുറിപ്പുകൾ കാണാൻ കഴിയുന്ന പുസ്തകമാണിത്. അക്കാദമിക് സമൂഹവും ഭരണകൂടവും പൊതുസമൂഹവും ഗൗരവമായി വായിക്കേണ്ട പുസ്തകം തന്നെയാണ് ഇടതുനെഞ്ചിലെ ഉച്ചാലുമാസങ്ങൾ.

അവരുടെ തന്നെ വരികൾ കൊണ്ട് ഞങ്ങളീ എഴുത്ത് ഉപസംഹരിക്കട്ടെ.
‘’പുസ്തകം എഴുതിപൂർത്തിയാക്കി ഞാൻ കൊച്ചിയിലേക്ക് പോകുകയാണ്: ഒരു ഹോട്ടലിൽ പാത്രം കഴുകുന്ന ജോലിക്കായി. സ്വാതന്ത്ര്യം കിട്ടി ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും പാവപ്പെട്ടവർക്ക് അന്യരുടെ പാത്രം കഴുകുന്നത്ര വികസനമേ ഉണ്ടായിട്ടുള്ളൂ എന്നതിന്റെ സ്മാരകം കൂടിയാണ് താഴെക്കൊടുക്കുന്ന വരികൾ
‘’എന്നോ മരിച്ചുപോയ ഒരു ചിരിയുടെ
അടയാളവും പേറി
ഒരു കാട് ഇപ്പോഴും
ജീവിച്ചിരിക്കുന്നുണ്ട് ‘’,
മഴകൾ വീണ്ടും വീണ്ടും പെയ്യുമെന്നും കാടുകൾ പൂക്കുമെന്നും നമുക്ക് പ്രത്യാശിക്കാം. പുതുമഴയിൽ മുളപൊട്ടാൻ കാത്ത് നിൽക്കുന്ന ആദിവാസി ബാല്യങ്ങളെ ആധുനിക സാമൂഹ്യ ഇടങ്ങളിൽ അതിജീവിക്കാൻ പ്രാപ്തരാക്കുകയാണ് ഭരണകൂടങ്ങൾ ചെയ്യേണ്ടത്. അല്ലാതെ അവരെ ബാംബൂ ബോയ്സ് ആക്കുകയല്ല.

 

********

 

No Comments yet!

Your Email address will not be published.