Skip to main content

കടലിലെറിയപ്പെട്ട വെങ്കലത്തകിടുകൾ

ഒരേകാധിപത്യ ഭരണം, അതിന്റെ ആയിരം നീരാളിക്കയ്യുകൾ. അതിൽനിന്ന് ഇരകളെ അന്വേഷിച്ചു പുറപ്പെട്ടു കൊണ്ടേയിരിക്കുന്ന അദൃശ്യവേട്ടക്കാർ. അതിന്റെ വാങ്മയ ചിത്രമാണ് മരിയോവർഗ്ഗാസ് യോസയുടെ “ആടിൻറെവിരുന്ന് “. ഉൾക്കിടിലത്തോടെ മാത്രം വായിച്ചുതീർക്കാൻ പറ്റുന്ന ബൃഹദ് നോവൽ.

ലാറ്റിനമേരിക്കയിലെ ഡൊമിനിക്കൻ റിപ്പബ്ലിക്കാണ് കഥയുടെ കേന്ദ്രബിന്ദു. അല്ല, 31 വർഷമായി അവിടെ അധികാരം കയ്യാളുന്ന റാഫേൽ ലിയോനിദാസ് ട്രൂഹിയോ എന്ന ചീഫ്… അയാളുടെ ഇരയായ അന്തോണിയോ ഡിലാ മാസായുടെ ഭാഷയിൽ “വളരെ സാവധാനമാണ് അയാൾ ഒരാളെ കൊല്ലുക.. തലതിരിഞ്ഞ രീതിയിൽ.. ഘട്ടംഘട്ടമായി; ഇരയുടെ മാന്യത, ആത്മാഭിമാനം, പ്രതീക്ഷ, സന്തോഷം എല്ലാം നശിപ്പിച്ചു നശിപ്പിച്ച്.. നിരന്തരമായ കുറ്റപ്പെടുത്തലിലൂടെ മന:സാക്ഷിയുടെ പീഡനമേറ്റുവാങ്ങുന്ന ഒരെല്ലിൻകൂടു മാത്രമാക്കി മാറ്റിക്കൊണ്ട്.. ആളുകൾ തുടർച്ചയായി തട്ടിക്കൊണ്ടു പോകപ്പെടുകയും മർദ്ദിക്കപ്പെടുകയും കൊല്ലപ്പെടുകയും ഒക്കെ ചെയ്തിരുന്നു.. ദശലക്ഷക്കണക്കിന് ഡൊമിനിക്കൻ പൗരന്മാർ … അവർ പോലുമറിയാതെ അവർ അവരുടെ ശരീരവും ആത്മാവും മന:സ്സാക്ഷിയും അയാൾക്ക് അടിയറ വച്ചുകൊണ്ടിരിക്കുകയായിരുന്നു, ആ മൂന്നു ദശകങ്ങളോളം.

Nobel Literature Prize winner Mario Vargas Llosa dies at 89 - The Hindu
Mario Vargas Llosa

1. യുറാനിയയുടെ വരവ്

ചീഫിന്റെ സെനറ്ററായിരുന്ന അഗസ്റ്റിൻ കബ്രാളിൻറെ മകൾ യുറാനിയ കബ്രാൾ. 35 വർഷത്തിനു ശേഷമുള്ള അവളുടെ തിരിച്ചു വരവിന്റെ വിവരണങ്ങളോടെയാണ് നോവൽ ആരംഭിക്കുന്നത്. ചീഫ് കൊല്ലപ്പെട്ടിരുന്നു.
സെനറ്റർ മരണക്കിടക്കയിൽ ആയിരുന്നു.

“ട്രൂഹിയോ ഈ വീടിൻറെ നായകൻ” എന്ന് എഴുതി പൂമുഖത്ത് തൂക്കിയിട്ടിരുന്ന വെങ്കലത്തകിട് എവിടെ പപ്പാ എന്ന ചോദ്യത്തോടുകൂടി ആരംഭിക്കുന്നു അവളുടെ “ക്രൂരമായ” വിചാരണ. ‘ചീഫ് എൻറെ അമ്മയുടെ കൂടെയും കിടന്നിട്ടുണ്ടോ; അങ്ങത് അനുവദിച്ചോ? ഉയർച്ചയുടെ പടവുകൾ കയറാൻ വേണ്ടി അതുപയോഗപ്പെടുത്തിയോ?’ എന്ന അടുത്ത ചോദ്യത്തോടെ മിണ്ടാനരുതാത്ത അയാളുടെ അസ്വസ്ഥത ഞെളിപിരി കൊള്ളലായി -വിറയലായി മാറുന്നുണ്ട്. അതങ്ങനെ നീണ്ടുപോകുന്നു . ചീഫിന്റെ മഹാഗണി ഹൗസിലെ കാമോത്സവങ്ങളിലേക്ക് പപ്പയെ ക്ഷണിച്ചിട്ടുണ്ടോ, കാലുകളും ശരീരവും ഒക്കെ ഷേവ് ചെയ്ത് വൃദ്ധരാജ്ഞിമാരെ പോലെ വേഷം ധരിക്കാൻ നിർബന്ധിച്ചിരുന്നോ എന്നൊക്കെ ചോദ്യങ്ങളുടെ മൂർച്ച കൂടിക്കൂടി വരുന്നുണ്ട്. അവസാന പേജുകളിലാണ് ഈ ചോദ്യങ്ങളുടെ പൊള്ളുന്ന ഉറവിടങ്ങൾ നമുക്ക് മുമ്പിൽ വെളിപ്പെടുക; അതേ മഹാഗണി ഹൗസ് .
ആ 14 വയസ്സുകാരിയുടെ അടുത്തേക്ക് നിശാവസ്ത്രമണിഞ്ഞ് പടികളിറങ്ങിവരുന്ന ചീഫ്…

2. മെയ് 31ലെ രാത്രി

1961 . തലസ്ഥാനനഗരിയായ സിയുദാദ് ട്രൂഹിയോയിൽ നിന്ന് സാൻ ക്രിസ്റ്റോബലിലേക്കുള്ള വഴി. ഇളംനീല ഷവർലെ ബെൽ വാഹനത്തിലേറിയുളള ചീഫിന്റെ (അവരുടെ ഭാഷയിൽ കോലാടിന്റെ) വരവും കാത്ത് അവർ നിലയുറപ്പിച്ചിരിക്കുന്നു. സാൽവദോർ എസ്ത്രല്ല എന്ന തുർക്കി, അമോദീറ്റ, അന്തോണിയോ ഡി ലാ മാസ, ടോണി ഇംബർട്ട്,പെഡ്രോ ലിവിയോ സദേനോ, ഹുവാസ്കർ പിമെന്റൽ. രണ്ടുപേർ അദൃശ്യ സാന്നിധ്യങ്ങളായ് നിലകൊള്ളുന്നു : ജനറൽ ഹുവാൻ തോമസ് ഡയസും, സൈനിക മേധാവി പ്യൂപ്പോ റോമനും

3. മുറിവുകളും വ്രണങ്ങളും

ഡി ലാ മാസയുടെ സഹോദരൻ ഒക്ട്ടേവിയോയെ ചീഫ് വധിച്ചിരുന്നു. അവനെ കൊലപാതകിയാക്കി ഒരു നാടകം ചമച്ചതിനു ശേഷം അയാൾ അടുത്ത നാടകം കളിച്ചു. ഡി ലാ മാസയെ വിളിച്ചുവരുത്തി സഹോദരൻറെ മരണത്തെക്കുറിച്ച് അന്വേഷിക്കും എന്ന് മരവിപ്പിക്കുന്ന ശബ്ദത്തിൽ ഉറപ്പും കൊടുത്തു. അമോദീറ്റക്ക് ആകട്ടെ ചീഫിന്റെ വലംകൈയായ കേണലിന്റെ-ജോണി ആബസിൻറെ നിർദ്ദേശപ്രകാരം പ്രതിശ്രുത വധുവിന്റെ സഹോദരനെയാണ് സ്വന്തം കൈകൊണ്ട് കൊല്ലേണ്ടി വന്നത്. ഇതിനൊക്കെ പുറമേ മറ്റൊന്നും കൂടി അന്തോണിയോ ഓർത്തെടുക്കുന്നുണ്ട്. രാജ്യത്തുള്ള എല്ലാവരിലും ‘കോലാട് ‘ കറ പുരട്ടി. എല്ലാവരെയും അയാൾ അഴിമതിക്കാരും മനുഷ്യത്വമില്ലാത്തവരും ആക്കി. ടോണിയുടെ സഹോദരൻ സെഗുണ്ടോയെ ചീഫ് 35 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ജനറൽ ഹുവാൻ തോമസ് ഡയസ്; മറ്റ് 49 പേരുടെ മുമ്പിൽവെച്ച് അപമാനിക്കപ്പെട്ട് പിരിച്ചുവിടപ്പെട്ട ആൾ; ആ വേദിയിൽനിന്ന് ജീവഭയം മൂലം പുറത്തു പോകാൻ പോലും ആകാതെ തലകുനിച്ചിരിക്കേണ്ടി വന്നു അയാൾക്ക്, മീറ്റിംഗ് തീരുവോളം;

ഇതെല്ലാം കൂട്ടിത്തുന്നി സാൽവദോർ പറയുന്നുണ്ട്,

“ദൈവം തന്ന ഏറ്റവും വലിയ വരമാണ് കോലാട് തങ്ങളിൽ നിന്ന് എടുത്തു കളഞ്ഞത്: സ്വതന്ത്രമായ ഇച്ഛാശക്തി”

എന്ന്. വിധേയത്വത്തിന്റെ വില ഓരോ പൗരനും കൊടുത്തേ പറ്റൂ; രണ്ടു കൂട്ടർക്കും മാത്രം അതിൽ ഇളവുണ്ട്; രാജ്യം വിട്ടുപോയവർക്കും മരിച്ചുപോയവർക്കും . ബുദ്ധിയും സാമർത്ഥ്യവും ഉള്ള ഒരു ഡൊമിനിക്കക്കാരൻ-അവനായിരിക്കും ഏറ്റവും നിർഭാഗ്യവാൻ!

ഭ്രാന്തചിന്തകളുടെ ഒടുവിലാണ് സാൽവദോർ ബിഷപ്പിന്റെ അടുത്തെത്തുന്നത്. ലാ വേഗയിലെ പള്ളിയിൽ അദ്ദേഹത്തിൻറെ നേതൃത്വത്തിൽ കുർബാന നടക്കുന്ന സമയത്താണ് ജോണി ആബസ് പറഞ്ഞുവിട്ട അർത്ഥനഗ്നരായ വേശ്യകൾ ഇരച്ചു കയറി വന്നതും എല്ലാവരെയും അപമാനിച്ചതും. ‘മോൺ സിഞ്ഞോർ ,ഞാൻ ട്രൂഹിയോയെ കൊല്ലാൻ പോവുകയാണ്. എൻറെ ആത്മാവിന് മാപ്പ് കിട്ടുമോ?’ എന്ന് മോതിരമണിഞ്ഞ ആ കയ്യിൽ പിടിച്ചുകൊണ്ട് ചോദിച്ചപ്പോൾ, വേദപുസ്തകത്തിലെ “ഒരു ജനതയെ സ്വതന്ത്രരാക്കുന്നതിന് വേണ്ടി ഒരു ഹിംസ്രജന്തുവിനെ ഭൗതികമായി ഇല്ലായ്മ ചെയ്യുന്നതിന് ദൈവം അനുകൂലിക്കുമെന്ന’ വരികളിൽ പിതാവ് വിരൽ തൊട്ടു കാണിച്ചു.

4. “പ്രാവിൻറെ കിളുന്ത് ഇറച്ചി”

ഒടുവിൽ ആ കൃത്യം നിർവഹിക്കപ്പെടുന്നു. ഒരു പിന്തുടരലിന് ശേഷമുള്ള കൂട്ടനിറയൊഴിക്കലിൽ ചീഫ് കൊല്ലപ്പെടുന്നു. ഇനി ഹുവാൻതോമസിനെ ഫോൺ ചെയ്ത് സൈനിക മേധാവി പ്യൂപ്പോ റോമന്റെ അടുത്തേക്ക് ശവം കൊണ്ടുപോവുകയാണ് എന്ന് അറിയിക്കണം. അതിനു ഒരു കോഡു വാചകവും അവർ കണ്ടുവെച്ചിരുന്നു.
“ഹുവാൻ തോമസ്, പ്രാവിൻറെ കിളുന്ത് ഇറച്ചി അടുപ്പത്ത് വയ്ക്കാൻ റെഡിയായി” എന്ന്. പക്ഷേ അതിനിടയ്ക്കാണ് അബദ്ധത്തിൽ പെദ്രോക്ക് വെടിയേൽക്കുന്നതും കാര്യങ്ങൾ കൈവിട്ടു പോകുന്നതും. ആ സൂചനാവാചകം പിന്നെ ഒരിക്കലും ഉച്ചരിക്കപ്പെട്ടതേയില്ല.

5. ലാക്യുവാറെന്റെയിലെ സ്രാവുകൾ

നോൺ ലീനിയർ സ്വഭാവം പിന്തുടരുന്ന നോവലിൽ ചീഫിന്റെ ആത്മഗതങ്ങളും മീറ്റിങ്ങ് സംഭാഷണങ്ങളും ഒക്കെ ഇടയ്ക്കിടയ്ക്ക് കടന്നുവരുന്നുണ്ട്. യൗവനകാലത്ത് മറൈൻ പരിശീലനം ലഭിച്ച ആൾ. ഹിറ്റ്ലറാണ് ആരാധന കഥാപാത്രം; ആശയ താത്പര്യം കൊണ്ടല്ല; യൂണിഫോം ധരിക്കുന്ന വിധവും പരേഡിന് നേതൃത്വം കൊടുക്കുന്ന രീതിയും കണ്ടിട്ടാണത്രേ. ആരാണ് രാജ്യദ്രോഹികൾ- ആരാണ് തന്നെ വഞ്ചിക്കാൻ പോകുന്നത് -ഇതെല്ലാം അവർ അറിയും മുമ്പേ അയാൾക്ക് അറിയാൻ കഴിയും. ലാക്യുവാറെന്റെ കടൽത്തീരത്തെ പാറയിടുക്കിനടിയിലുള്ള സ്രാവുകൾ അവർക്കായ് കാത്തിരിക്കും.

സ്വീകരണ മീറ്ററിംഗുകൾ അയാൾക്കു മാത്രം വീരവാദം മുഴക്കാൻ ഉള്ളതാണ്. മറ്റുള്ളവർക്ക് ചുമ്മാ കയ്യടിക്കാനും. അത്തരമൊരു മീറ്റിങ്ങിലാണ് ‘താൻ പണ്ണിയിട്ടുള്ളവരിൽ വെച്ച് ഏറ്റവും മികച്ച പെണ്ണ് വിദേശകാര്യ മന്ത്രി ഡോൺ ഫ്രോയിലാൻഡിൻറെ ഭാര്യയാണെന്ന്’ അയാൾ ഉദ്ഘോഷിക്കുന്നത്.

1937 ലെ ദേഹാബോൺ കൂട്ടക്കൊല മറ്റൊരു അധ്യായമാണ്. ഹെയ്തി വംശജരുടെ കുടിയേറ്റം അനിയന്ത്രിതമായപ്പോൾ, ‘ഇനിയും നമ്മുടെ മണ്ണിൽ കഴിയാൻ നാം അവരെ അനുവദിക്കണോ? ഡൊമിനിക്കക്കാരെ കൊല്ലാനും പള്ളിക്കകത്ത് പോലും വെച്ച് പിഴപ്പിക്കാനും കഴുത്തു വെട്ടാനും കറുമ്പന്മാരെ ഇനിയും സമ്മതിക്കണോ’ എന്ന് അലറിക്കൊണ്ട് എല്ലാവരെയും ആയുധം എടുപ്പിക്കുന്നത്.

രാജ്യസുരക്ഷയേക്കാൾ അയാളുടെ ശ്രദ്ധ ആശ്രിതരെ അരക്ഷിതാവസ്ഥയിൽ നിർത്തുന്ന കാര്യത്തിലായിരുന്നു. ചീഫ് എന്നെക്കാളുപരി, മറ്റൊരാളെ പരിഗണിക്കുന്നു എന്നുള്ള തോന്നൽ അയാൾ എപ്പോഴും എല്ലാവരിലും സൃഷ്ടിച്ചുകൊണ്ടിരുന്നു. അയാളുടെ രഹസ്യ വിനോദം. അന്ത:പുര പെണ്ണുങ്ങളെപ്പോലെ അയാളുമായി കൂടുതലടുക്കാൻ എല്ലാവരും തമ്മിൽത്തമ്മിലുള്ള മത്സരം. ആ ജാഗ്രതയിൽ അവരെ എന്നെന്നേക്കുമായി അയാൾ തളച്ചിട്ടു. ഈ വിനോദത്തിൽ ഏറ്റവും പരിക്കുപറ്റിയത് അഗസ്റ്റിൻ കബ്രാളിനാണ്. ‘അയാൾ ജീവിച്ചിരിപ്പുണ്ട് പക്ഷേ ഭരണകൂടത്തെ സംബന്ധിച്ച് അയാൾ മരിച്ചു കഴിഞ്ഞിരിക്കുന്നു’ എന്നൊരു ദിവസം പ്രഖ്യാപിക്കപ്പെടുകയാണ്.

പതുക്കെ പതുക്കെ പ്രോസ്റ്റേറ്റ് തകരാർ ട്രൂഹിയോയെ കീഴടക്കുന്നുണ്ട്.. 30 ലക്ഷം ഡൊമിനിക്കക്കാരെ മുട്ടിന്മേലിഴയിയ്ക്കാൻ തനിക്കു സാധിക്കും; പക്ഷേ സ്വന്തം മൂത്രസഞ്ചിയെ നിലക്ക് നിറുത്താൻ കഴിയുന്നില്ലല്ലോ എന്ന് ചിന്തയിറ്റിക്കുന്നുണ്ട്. ഇതിനിടയിൽ തികച്ചും ‘സ്വാഭാവികമായി’ മറ്റു ചില കാര്യങ്ങളും നടക്കുന്നുണ്ട്. തലസ്ഥാനനഗരിയുടെ പേരുമാറ്റൽ, അങ്ങോളം ഇങ്ങോളം അയാളുടെ കുടുംബക്കാരുടെ പ്രതിമകൾ-പോസ്റ്ററുകൾ സ്ഥാപിക്കൽ, ‘ട്രൂഹിയോഹിസ്റ്ററി’ സിദ്ധാന്തത്തിന്റെ രൂപം കൊള്ളൽ, പാവ പ്രസിഡൻറ് ബാലഗ്വേർ അയാൾക്ക് വാഴ്ത്തുപാട്ടായ് ചെയ്ത പ്രസംഗം സ്കൂൾ-കോളേജുകളിൽപഠിപ്പിക്കൽ, രാജ്യത്തെ 40% ത്തോളം കൃഷിഭൂമിയുടെ നിയന്ത്രണം ഏറ്റെടുക്കൽ അങ്ങനെ അങ്ങനെ.

6. സമാധാനത്തിന്റെ രക്തച്ചൊരിച്ചിൽ

വ്യാജ ഏറ്റുമുട്ടൽ ആരോപണം നേരിടുന്ന ലെഫ്റ്റനന്റ് പോഞ്ഞോ റിവേറയെ പ്രമോട്ട് ചെയ്യാനുള്ള ഉത്തരവിൻപുറത്തുള്ള തന്റെ ആശങ്ക പ്രസിഡണ്ട് അറിയിക്കുമ്പോൾ ചീഫ് അതിനെ ഇങ്ങനെ നേരിടുന്നതു കാണാം: “സമാധാനം എങ്ങനെയാണ് ഉണ്ടാകുന്നത്? എത്രത്തോളം ത്യാഗങ്ങൾ, എത്രത്തോളം രക്തച്ചൊരിച്ചിൽ വേണ്ടിവരും! താങ്കളെ അതിൻറെ മറുവശത്ത് നിൽക്കാൻ ഞാനനുവദിച്ചതിൽ നന്ദിയുണ്ടായിരിക്കണം. താങ്കൾക്ക് കവിത എഴുതാനും പ്രസംഗിക്കാനും ആകുന്ന തരത്തിൽ സമാധാനം പാലിച്ചുകൊണ്ട് പോകാൻ ഞാനും കേണലും ഒക്കെ പ്രയത്നിക്കുന്നതിനെ കുറിച്ച് അറിയില്ലെന്നുണ്ടോ? ”

മെയ് 31 രാത്രിയിൽ ആ ശബ്ദം നിലച്ചെങ്കിലും അയാളുടെ ആത്മാവ് വിട്ടൊഴിഞ്ഞു പോകുന്നില്ല. അത് തന്നെ തടവിലിട്ടിരിക്കുന്നതായി ജനറൽ പ്യൂപ്പോ റോമനും കരുതുന്നു. ആ ഒരു ഭീരുത്വത്തിന്റെ അദൃശ്യ ചങ്ങല അയാളെ വലിഞ്ഞുമുറുക്കുകയും കൃത്യസമയത്ത് പദ്ധതി മുന്നോട്ടു കൊണ്ടുപോയി സൈന്യത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ പറ്റാതെ ഗൂഢാലോചന പൊളിയുന്നതിലേക്കു നയിക്കുകയും ചെയ്യുന്നു. ജോണി ആബസും കൂട്ടരും രംഗത്തെത്തുകയും ഗൂഢാലോചനക്കാരെ ഓരോന്നായി പിടിച്ച് ക്രൂരമായ പീഡനങ്ങൾക്ക് വിധേയരാക്കാൻ തുടങ്ങുകയും ചെയ്യുന്നു.

7. പീഡനപർവ്വം

ഒരറ്റത്ത് യുറാനിയയുടെ ‘വാഗ് പീഡനം’ തുടർന്നുകൊണ്ടിരിക്കേ, മറുവശത്ത് മറ്റു ഗൂഢാലോചനക്കാരെല്ലാം വൈദ്യുതക്കസേരകളുടെ ഊഴം കാത്ത് ബന്ധനസ്ഥരായി നിലകൊണ്ടു. അഴുക്കുവെള്ളം തുടർച്ചയായി തൊട്ടി ക്കണക്കിന് അവരുടെ പുറത്തേക്ക് കോരിയൊഴിച്ചു. ഉറങ്ങാതിരിക്കാനായി കൺപോളകൾ ഒട്ടുകടലാസ് വെച്ച് പുരികത്തോട് ചേർത്ത് ഒട്ടിച്ചു. ഭക്ഷണത്തിലേക്ക് തുടർച്ചയായി തുപ്പി.വായിൽ മനുഷ്യ വിസർജ്യം ഇടയ്ക്കിടയ്ക്ക് കുത്തിത്തിരുകി. ഒടുവിൽ സ്വന്തം വൃഷണങ്ങൾ വരെ.

ജനറൽ ഡയസിനെ കൊണ്ട് അവർ ഇറച്ചി തീറ്റിച്ചു. വിശപ്പു കാരണം അയാളത് വാരിവിഴുങ്ങവേ, സ്വന്തം മകനെ തിന്നിട്ട് അസ്വസ്ഥതയൊന്നുമില്ലേ എന്ന് ജനറൽ ചോദിച്ച നേരം അയാൾ അലർച്ചയോടെ, തകർച്ചയോടെ ഹൃദയം പൊട്ടി മരിച്ചു. പോകെപ്പോകെ അവരുടെയെല്ലാം കാഴ്ച -കേൾവി എല്ലാം പോയി. മനുഷ്യരെന്നാൽ ഗന്ധം മാത്രമായി. മൂന്നുമാസത്തോളം അതങ്ങനെ തുടർന്നു. അവസാനത്തെ വെടിയൊച്ചക്കായ് അവർ ആഹ്ലാദത്തോടെ കാത്തുനിൽക്കുന്നതു വരെ.

സാൽവദോറിന്റെ അന്ത്യ നിമിഷങ്ങൾ യോസ ഇങ്ങനെ കോറിയിടുന്നു:

“ഇപ്പോൾ സാൽവദോറിന് പ്രാർത്ഥിക്കാൻ പറ്റുന്നുണ്ട്. തൻറെ ചങ്ങാതിമാരിൽ ഒരാൾ തേങ്ങുന്നത് അയാൾ കേട്ടു. പക്ഷേ അത് അയാളുടെ ശ്രദ്ധ തെറ്റിച്ചില്ല. തൻറെ നല്ല കാലത്തെപ്പോലെ ഒരു ബുദ്ധിമുട്ടുമില്ലാതെ അയാൾ പ്രാർത്ഥിച്ചു. തനിക്കുവേണ്ടി, തന്റെ കുടുംബത്തിനു വേണ്ടി, അൽപനേരം മുമ്പ് കൊലചെയ്യപ്പെട്ട മൂന്നു ഗാർഡുകൾക്ക് വേണ്ടി, വാനിൽ ഒപ്പമുള്ള അഞ്ചു ചങ്ങാതിമാർക്ക് വേണ്ടി… യാത്ര എത്രനേരം നീണ്ടു എന്ന് അയാൾക്കറിയില്ല. ഒറ്റ നിമിഷം പോലുമയാൾ പ്രാർത്ഥന നിർത്തിയില്ല. അയാൾക്ക് ശാന്തത അനുഭവപ്പെട്ടു. ഭാര്യയും കുഞ്ഞുങ്ങളെയും പറ്റി ഓർത്തപ്പോൾ വല്ലാത്ത ഒരു ആർദ്രതയും ഉണ്ടായി. അവസാനത്തെ ആളായി, തന്റെ ചങ്ങാതിമാർ കിടക്കുന്നതിന് സമീപത്തേക്ക് നടക്കുമ്പോഴും അയാൾ ദൈവത്തോടു നന്ദി പറഞ്ഞു. അവസാന നിമിഷങ്ങളിൽ ഒപ്പം ഉണ്ടാകാൻ അനുവദിച്ചതിൽ”

8. ഉയർത്തെഴുന്നേൽപ്പും അഭിശപ്ത നിമിഷങ്ങളും

പതുക്കെപ്പതുക്കെ രാജ്യം അതിന്റെ മുറിവുകളോട് പൊരുതിക്കൊണ്ട് എഴുന്നേറ്റു നിൽക്കാൻ ശ്രമിക്കുന്നത് കാണാം. പാവ പ്രസിഡൻറ് കരുത്താർജിക്കുകയും കേണൽ ആബസ്സിനെയും ട്രൂഹിയോയുടെ പുത്രന്മാരെയും നാടുകടത്തുകയും ചെയ്യുന്നുണ്ട്. സിയൂദാദ് ട്രൂഹിയോ ‘സാന്തോ ഡോമിഗോ’ ആയി പുനസ്ഥാപിക്കപ്പെടുന്നുണ്ട്. വിദ്യാർത്ഥി, സിവിക് യൂണിയൻ പ്രസ്ഥാനങ്ങൾ ശക്തിയാർജിക്കുന്നുണ്ട്. ചീഫിന്റെയും കുടുംബങ്ങളുടെയും സ്വത്തുക്കൾ ദേശസാൽക്കരിക്കപ്പെടുന്നു. സർവ്വോപരി, ഗൂഢാലോചനയില്‍ ഉൾപ്പെട്ടിരുന്ന എല്ലാവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും പൊതുമാപ്പ് പ്രഖ്യാപിക്കുകയും ചെയ്യുന്നു.

മഹാഗണി ഹൗസിലെ ആ രാത്രി:
തല പെരുപ്പിക്കുന്ന അതിൻറെ വിവരണത്തോടു കൂടി നോവൽ അവസാനിക്കുകയാണ്. യുറാനിയയുടെ അറുത്തു മുറിച്ച ചോദ്യങ്ങളുടെ പൊള്ളുന്ന ഉറവിടങ്ങൾ അതിന്റെ എല്ലാ ക്രൂരതകളോടും കൂടി വെളിപ്പെടുന്നുണ്ട്.

അഗസ്റ്റിൻ കബ്രാളിന്റെ സംബന്ധിച്ച് ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് യുറാനിയ അല്ല, താൻ പോലുമല്ല. ചീഫ് ആയിരുന്നു . ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിൽ പെട്ടുപോകുമെന്ന് പേടിച്ചു പേടിച്ച് ഭയചകിതനായ് അയാൾ ജീവിക്കവേ, ഒടുവിൽ അങ്ങനെ സംഭവിച്ചപ്പോൾ എല്ലാ നിയന്ത്രണങ്ങളും വിട്ടു. ചീഫിന്റെ പ്രീതി സമ്പാദിക്കുവാൻ തൻറെ എല്ലാമെല്ലാമായ 14 വയസ്സുകാരിയെ മഹാഗണി ഹൗസിലേക്ക് അയക്കാൻ അയാൾ ഒരുങ്ങി. ചീഫ് നിന്നെ പാർട്ടിക്ക് വിളിച്ചിരിക്കുന്നു എന്ന് കള്ളവും പറഞ്ഞു. വേറെ പെൺകുട്ടികൾ ഉണ്ടാകുമോ പപ്പാ എന്ന് ചോദ്യത്തിന്
അയാൾക്ക് ഉത്തരം പറയാൻ കഴിഞ്ഞതുമില്ല.

“ഗുഡ് ഈവനിംഗ് സുന്ദരിക്കുട്ടീ”

എന്നു വിളിച്ചു കൊണ്ട് ട്രൂഹിയോ അവളെ സ്വാഗതം ചെയ്തു. ഒപ്പം ഡാൻസ് ചെയ്യാൻ ക്ഷണിച്ചു . നെരൂദയുടെ കവിത ചൊല്ലി. കഴുത്തിലുമ്മ വെച്ച് കാലുകളിൽ തലോടി. സ്വയം നിശാവസ്ത്രം ധരിച്ച് അവളെ വിവസ്ത്രയാക്കി. പെട്ടെന്ന് പ്രോസ്ട്രേറ്റ് സർപ്പത്തിന്റെ കുത്തേറ്റ് അയാൾ വിളറി. അലറി. ആരംഭത്തിലേ അസ്തമിച്ച ഉദ്ധാരണം. അതുതന്നെ ഒരു കിളുന്തു പെൺകുട്ടിയുടെ മുമ്പിൽ തോൽപ്പിച്ചിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞും, പ്രകൃതിവിരുദ്ധമായ രീതിയിൽ അവളെ തൻറെ എല്ലാ വന്യതകളോടും കൂടി അയാൾ കീഴടക്കി. വിരലുകളാൽ ആ വിശുദ്ധ കന്യകാത്വത്തെ ചൂഴ്ന്നെടുത്തു. തെറി വിളിച്ചുകൊണ്ട്, ചുവന്ന കണ്ണുകൾ തുറിപ്പിച്ചുകൊണ്ട് അവളെ നോക്കി. എങ്ങനെയൊക്കെയോ വിറച്ചുകൊണ്ട് അവൾ ഗോവണി ഇറങ്ങിയോടി. 35 വർഷമായിട്ടും മാറാത്ത അവളുടെ വിറയൽ.. തലചുറ്റൽ.. അപ്പോഴേക്കും അവൾ ഒരു തോലു മാത്രമായ് മാറിയിരുന്നു. ശൂന്യമായ വെറും തോൽ.

പിറ്റേദിവസം യുഎസിലേക്ക് തിരിച്ചു പോകണം. പാക്ക് ചെയ്യാനായി ജറാഹ്വാ ഹോട്ടലിലേക്ക് മടങ്ങവേ, മരിയാനീറ്റയുടെ ചുംബനം അപ്പോഴും തന്റെ കവിളിൽ പറ്റിപ്പിടിച്ചിരിക്കുന്നതായി യുറാനിയക്ക് തോന്നി. “എനിക്ക് നിങ്ങളെ വളരെ വളരെ ഇഷ്ടമാണ് ,യുറാനിയ ഇളയമ്മേ എന്ന കുഞ്ഞു ശബ്ദം കാതിൽ വീണ്ടും മുഴങ്ങുന്നതായും.

9. രക്തം കൂട്ടിയുള്ള ഊണ്

സ്വന്തം അധികാരത്തിന്റെ തടവുകാരത്രേ എല്ലാ ഏകാധിപതികളും. അവർ മുളച്ചു പൊങ്ങിക്കൊണ്ടേയിരിക്കുന്നു -പല കാലങ്ങളിൽ ,പല ദേശങ്ങളിൽ, പല പേരുകളിൽ. അതിൻറെ ക്രൂരാവിഷ്കാരമാണ് ‘ആടിൻറെ വിരുന്ന്.’ കാലാതീതമായ ഒരു കൃതി…


ആടിന്റെ വിരുന്ന്
രചന : മരിയൊ വര്‍ഗാസ് യോസ
വിവര്‍ത്തനം : ആശാലത
പ്രസാധനം : ഡി.സി. ബുക്‌സ്, കോട്ടയം
വില : 250/-

No Comments yet!

Your Email address will not be published.