യുദ്ധവും വംശഹത്യയും അതുപോലുള്ള സാമൂഹ്യതിന്മകളും ലോക രാഷ്ട്രീയാന്തരീക്ഷത്തെ കലുഷിതമാക്കുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അതിന്റെ കെടുതികള്‍ പല പ്രകാരത്തില്‍ ലോകജനതയെ വീര്‍പ്പുമുട്ടിക്കുന്നു. ലോകരാഷ്ട്രങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ വംശ്യഗത്യയുടെ സ്മാരകങ്ങളും അവശേഷിപ്പുകളും കാണാന്‍ കഴിയും. അത്തരമൊരു യാത്രാപുസ്തകമാണ് വി. മുസഫര്‍ അഹമ്മദിന്റെ ‘ബാള്‍ക്കന്‍ മുറിവുകള്‍’. സഞ്ചാരസാഹിത്യത്തിന്റെ പുതിയ മുഖം ഇവിടെ അനാവരണം ചെയ്യുന്നു. യുദ്ധവും സമാനമായ അന്തരീക്ഷവും ഓരോ പ്രദേശങ്ങളെയും എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് ഈ പുസ്തകം പറയുന്നു. യുദ്ധത്തിന്റെ മുറിവുകള്‍ ഇപ്പോഴും അവശേഷിക്കുന്ന രാജ്യങ്ങള്‍ ഇവിടെ തെളിയുന്നു. സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ ആഥന്‍സിലെ വിശേഷങ്ങള്‍ വിവരിച്ചുകൊണ്ടാണ് പുസ്തകത്തിന്റെ തുടക്കം.

കസാന്‍ദ്‌സാക്കീസും ഗാന്ധിജിയും നേര്‍ക്കുനേര്‍
ഏഥന്‍സില്‍ കാട്ടുതീ പടര്‍ന്നുപിടിച്ച കാലത്താണ് യാത്ര. പല ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദര്‍ശിക്കാന്‍ പറ്റില്ലെന്ന ആശങ്ക കാര്‍മേഘങ്ങളായി അന്തരീക്ഷത്തില്‍ ഉണ്ട്. എങ്കിലും ലേഖകനും സുഹൃത്തിനും പലതും കാണാന്‍ സാധിച്ചു. സോക്രട്ടീസിനെ താമസിപ്പിച്ചതായി പറയുന്ന ജയില്‍കെട്ടിടവും അരിസ്റ്റോട്ടിലിന്റെയും മറ്റും ചിന്താകേന്ദ്രങ്ങളായിരുന്ന ജിംനേഷ്യവും യാത്രയില്‍ ചരിത്രശേഷിപ്പുകളായി കടന്നുവരുന്നുണ്ട്. കസാന്‍ദ് സാക്കീസിന്റെ ഭൗതികദേഹം അടക്കം ചെയ്ത സ്ഥലവും ലേഖകനും സുഹൃത്തും സന്ദര്‍ശിക്കുന്നുണ്ട്. ക്രീറ്റിലെ ഹെരാക്ലീന്‍ നിക്കോസ് കസാന്‍ദ്‌സാക്കിസ് വിമാനത്താവളത്തില്‍ ചര്‍ക്ക തിരിക്കുന്ന ഗാന്ധിജിയുടെ ചിത്രം കാണാനായത് അത്ഭുതവും സന്തോഷവും പ്രദാനം ചെയ്യുന്നതാണ്. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഗാന്ധിയുടെ സാന്നിധ്യം ഏറെയുണ്ട്. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ അത്രയില്ല. അതുകൊണ്ടുതന്നെ ഗാന്ധിജിയുടെ ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നു. ക്രീറ്റില്‍ നെയ്ത്ത് പ്രധാനമാണ്. നേരത്തെ നെയത്തുരാജ്യം തന്നെയായിരുന്നു ഇത്. പിന്നീട് ക്ഷയിച്ചു. ഇപ്പോള്‍ വീണ്ടും സജീവമാണ്. ഗാന്ധിജി അതിന്റെ ഇപ്പോഴും ജീവിക്കുന്ന പ്രതീകമാണ്.
സോക്രട്ടീസിനെ പാര്‍പ്പിച്ചതായി പറയുന്ന ജയില്‍ യഥാര്‍ത്ഥമാണോ എന്ന സംശയം ന്യായമായി തോന്നാം. ഏഥന്‍സ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തിലെ ആദര്‍ശലോകത്തോടുള്ള സംഭാഷണം എന്ന പ്രദര്‍ശനവും പല കാലങ്ങളില്‍ ഉല്‍ഖനനത്തിലൂടെ ലഭിച്ച ശില്‍പശിരസ്സുകളാണ് ഇവിടെയുള്ളത്. പ്ലാറ്റോ, അരിസ്‌റ്റോട്ടില്‍, ഹാഡ്രിയാന്‍ എന്നിവരാണ് മുന്‍നിരയില്‍.
![]()
ക്രൊയേഷ്യയിലുളള ദി മ്യൂസിയം ഓഫ് ബ്രോക്കണ്‍ റിലേഷന്‍ഷിപ്പ്‌സ് എന്നതും കൗതുകമുണര്‍ത്തുന്ന ഒന്നാണ്. വേര്‍പിരിഞ്ഞ പ്രണയങ്ങളുടെ പലതരത്തിലുള്ള ഈടുവെപ്പുകള്‍ ഇവിടെ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായ ഒരു മഴുവും ഉണ്ട്. എന്നാല്‍ പ്രദര്‍ശനഹാളിലെ വസ്തുക്കള്‍ പ്രാദേശികമായ പ്രദര്‍ശനങ്ങള്‍ക്ക് കൊണ്ടുപോയതില്‍ പെട്ടതിനാല്‍ ലേഖകന് മഴു കാണാന്‍ കഴിഞ്ഞില്ല. മ്യൂസിയം എന്ന ആശയം സാക്ഷാത്ക്കരിച്ച ചാര്‍ലോട്ട് ഫ്യുവന്റസുമായി ലേഖകന്‍ നടത്തിയ ഓണ്‍ലൈന്‍ അഭിമുഖം പുസ്തകത്തിന്റെ മേന്മയായി കാണാവുന്നതാണ്.
ബോസ്‌നിയന്‍ യുദ്ധം ഏല്‍പിച്ച മുറിവുകള്‍
ബോസ്‌നിയന്‍ യുദ്ധകാലത്ത് നടന്ന സെബ്രനിക്ക കൂട്ടക്കൊല ഇന്നും ഞെട്ടലോടെയാണ് ലോകം കാണുന്നത്. 1995 കാലയളവിലാണ് ഈ കൊടുംക്രൂരത അരങ്ങേറിയത്. യൂഗോസ്ലാവിയയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച ബോസ്‌നിയയും സെര്‍ബിയയും തമ്മിലുളള യുദ്ധം പിന്നീട് ബോസ്‌നിയന്‍ മുസ്ലീങ്ങളും ഓര്‍ത്തഡോക്‌സ് ഇസ്‌റ്റേണ്‍ ക്രിസ്ത്യന്‍ വിശ്വാസികളായ സെര്‍ബുകളും തമ്മിലുള്ള യുദ്ധമായി മാറുന്നു. ബോസ്‌നിയന്‍ മുസ്ലീങ്ങള്‍ ആക്രമണത്തിനും കൂട്ടക്കുരുതിക്കും ഇരയായി.
ബോസ്‌നിയന്‍ യുദ്ധത്തിന്റെ കെടുതികളും പലായനം ചെയ്തവരുടെ ദുരിതവും എല്ലാം പ്രദര്‍ശിപ്പിക്കുന്ന ഒന്നാണ് സെബ്രനിക്ക മെമ്മോറിയല്‍. ലേഖകനും സഹയാത്രികനും മെമ്മോറിയലില്‍ നടത്തുന്ന യാത്രയുടെ വിവരണം ഉള്‍ക്കിടിലത്തോടെ മാത്രമെ വായിക്കാനാവുകയുള്ളു. സെബ്രനിക്ക മെമ്മോറിയല്‍ നാലു ഭാഗങ്ങളായിട്ടാണ് കിടക്കുന്നത്. മൃതദേഹങ്ങള്‍ക്കൊപ്പം കിട്ടിയ വസ്തുക്കളാണ് ആദ്യം കാണാനാവുന്നത്. അതിജീവിച്ചവരുടെ മൊഴികള്‍ രേഖപ്പെടുത്തിയതാണ് പിന്നീട്. വിഖ്യാത ബോസ്‌നിയര്‍ ഫോട്ടോഗ്രാഫര്‍ താരിഖ് സംഹറിന്റെ ഫോട്ടോഗ്രാഫുകളാണ് മൂന്നാമത്തെ ഭാഗം. ഫാക്ടറി കോമ്പൗണ്ടില്‍ നിന്നു മാറി സ്ഥിതിചെയ്യുന്ന ഖബര്‍സ്ഥാന്‍ ആണ് നാലാമത്തെ ഭാഗം.

സെര്‍ബുകള്‍ കൂട്ടക്കൊല നടത്തുമ്പോള്‍ രക്ഷിക്കാന്‍ ബാധ്യതയുള്ള യു എന്‍ സൈന്യം നോക്കി നില്‍ക്കുകയായിരുന്നുവെന്ന് ചരിത്രം പറയുന്നു. ഏകപക്ഷീയമായ വംശീയ ഉന്മൂലനത്തിന്റെ രക്തം ചിന്തുന്ന കാഴ്ചയാണ് കണ്ടത്. ബോസ്‌നിയാക്കുകളെ സുരക്ഷിതമായി താമസിപ്പിക്കാന്‍ പറ്റുന്ന ഒരിടം കണ്ടെത്താന്‍ യു.എന്‍ ഇടപെടല്‍ ഉണ്ടായിരുന്നു. എന്നാല്‍ സുരക്ഷിതമെന്നുകരുതിയ ആ ക്യാമ്പില്‍ സെര്‍ബുകള്‍ കൂട്ടക്കൊല നടത്തുകയാണുണ്ടായത്. ഈ സമയം സെബ്രനിക്ക മുനിസിപ്പാലിറ്റി ഭരിച്ചിരുന്നത് സെര്‍ബുകള്‍ക്ക് ആധിപത്യമുള്ള റിപ്പബ്ലിക് ഓഫ് സിര്‍പ്സ്‌കയാണ്. അവിടെ ബോസ്നിയാക്കുകള്‍ക്ക് രക്ഷകിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവാത്തതാണ്. എന്നാല്‍ സൈന്യത്തിന്റെ നിര്‍ദേശമനുസരിച്ച് ബോസ്നിയന്‍ മുസ്്ലിംകള്‍ സെബ്രനിക്കയിലെ പഴയ ഡച്ച് ബാറ്ററി കമ്പനിയില്‍ അഭയം തേടി.
15,000 പേര്‍ കാടുകളിലേക്ക് രക്ഷപ്പെട്ടു. അവരില്‍ പലരും പരിക്കേറ്റവരും ഭക്ഷണവും വെളളവും കിട്ടാതെ മൃതപ്രായരും ആയിരുന്നു. രക്തവും വിയര്‍പ്പും ചിന്തിയ യാത്രയായിരുന്നു അതെന്ന് പുസ്തകത്തില്‍ പറയുന്നു.
മരിച്ചവരെ കാട്ടില്‍കൊണ്ടുപോയി രഹസ്യമായി സംസ്‌കരിക്കുന്നതായിരുന്നു പതിവ്. എന്നാല്‍, ബോസ്‌നിയാക്കുകള്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ തുടങ്ങിയതോടെ ചിത്രം മാറി. 8372 പേരെ ഡി.എന്‍.എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു. സെബ്രനിക്ക കൂട്ടക്കൊല സ്മാരകത്തിന്റെ ഭാഗമായി നിര്‍മിച്ച ഖബര്‍സ്ഥാനില്‍ പേരുവിവരങ്ങള്‍ വ്യക്തമാക്കുന്ന സ്മാരകശിലകള്‍ സ്ഥാപിച്ച് വീണ്ടും ഖബറടക്കുകയായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും സെബ്രനിക്ക ഒരു വംശീയ കൂട്ടക്കൊലയാണെന്ന് അംഗീകരിക്കാന്‍ യൂറോപ്യന്‍ ഏജന്‍സികളോ തയാറാവുന്നില്ല എന്നാണ് പുസതകത്തില്‍ പറയുന്നത്.
കഥ പറയുന്ന ഷൂസുകള്‍
മൃതദേഹങ്ങളില്‍ നിന്ന് കിട്ടിയ വസ്തുക്കളില്‍ ഷൂസുകളാണ് പ്രധാനം. അതിജീവനത്തിന്റെ ഓട്ടത്തിനിടയില്‍ കൊടിയ ശൈത്യത്തില്‍ നിന്ന് പാദങ്ങളെ സംരക്ഷിച്ച ഷൂസുകള്‍ നീണ്ട മരണസഞ്ചാരത്തിനുശേഷം വിശ്രമിക്കുകയാണെന്ന് ലേഖകന്‍ പറയുന്നു. എന്നാല്‍ അവ വിശ്രമിക്കുകയല്ല, ഇപ്പോഴും നടക്കുകയാണ് എന്നൊരു ഭ്രമകല്‍പന ആരുടെയും മനസ്സിനെ ചഞ്ചലപ്പെടുത്തും. തുരുമ്പിച്ച താക്കോലുകളും ഒട്ടും തുരുമ്പിക്കാത്തവയും കണ്ടെടുത്ത വസ്തുക്കളിലുണ്ട്. പലായനത്തിനുശേഷം നല്ലകാലം വരുമെന്നും അപ്പോള്‍ നാട്ടില്‍ തിരിച്ചെത്തി വീടുകള്‍ തുറക്കണമെന്നും കരുതിയവര്‍ സൂക്ഷിച്ച താക്കോലുകള്‍ ഒരു ജനതയുടെ മുഴുവന്‍ സ്വപ്‌നങ്ങളിലേക്കും വാതില്‍ തുറക്കാനുള്ള സൂചകങ്ങളായി മാറുന്നു.
മൃതദേഹങ്ങളില്‍ നിന്ന് ലഭിച്ച ഷര്‍ട്ടുകള്‍, സ്വെറ്ററുകള്‍ പഴ്‌സുകള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മരണവും ജീവിതവും രക്തവും വിയര്‍പ്പും മുക്കികൊണ്ടിരിക്കുമ്പോള്‍ ശരീരത്തോട് കരുണ കാണിച്ച കുപ്പായങ്ങളും അതിജീവനത്തിന്റെ രൂപകമായി മാറുകയാണ്. 1995 ജൂലൈ 13ന് നടന്ന അക്രമസംഭവങ്ങളില്‍ നാലായിരം ബോസ്‌നിയാക്കുകളാണ് പലായനം ചെയ്തത്. സൈന്യം അവരെ ചിതറിച്ചു. അങ്ങനെ 100 മുതല്‍ 200 വരെ പേരടങ്ങുന്ന ചെറിയ കൂട്ടമായി അവര്‍ പരിണമിച്ചു. രക്ഷപ്പെടാനുള്ള പഴുത് അതോടെ കുറഞ്ഞു. അപ്പോഴാണ് പ്രകൃതി ഇടപെടുന്നത്. ശക്തമായ കാറ്റിനൊപ്പം ആലിപ്പഴവര്‍ഷവും ഉണ്ടാവുന്നു. അതിനെ നേരിടാനാവാതെ സെര്‍ബിയന്‍ സൈന്യം ബോസ്‌നിയാക്കുകളെ ഉപേക്ഷിച്ച് സ്വന്തം താവളങ്ങളിലേക്ക് മടങ്ങി. ബോസ്‌നിയാക്കുകള്‍ക്ക് അതൊരു രക്ഷാമാര്‍ഗമായി.
മരിച്ചവരുടെ വസ്തുക്കള്‍ ബന്ധുക്കള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ സെബ്രനിക്ക മെമ്മോറിയല്‍ തുടങ്ങിയതോടെ അവയെല്ലാം ആളുകള്‍ തിരിച്ചുനല്‍കി. സരയാവോയില്‍ താമസിക്കുന്ന താരിഖ്‌സംഹാര്‍ പ്രശസ്തനായ ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രങ്ങളും സെര്‍ബിന്‍ കൂട്ടക്കൊലയുടെ ഭീകരത വ്യക്തമാക്കുന്നു. അതേസമയം, ബോസ്‌നിയന്‍ജനതയുടെ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ചിത്രങ്ങളും ഏറെയാണ്. സരയാവോയില്‍ സെര്‍ബിയന്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്ഥിരം ഗ്യാലറി ഉണ്ടാക്കാനാണ് താരിഖ് സംഹാറിന്റെ ശ്രമം. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ താരിഖിന്റെ ഫോട്ടോകള്‍ ഇതിനകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എഴുത്തുകാര്‍, ചിത്രകാരര്‍, ശില്‍പികള്‍, നാടകക്കാര്‍, സിനിമാസംവിധായകര്‍ എന്നിങ്ങനെ വിവിധ രംഗങ്ങളിലുള്ളവര്‍ക്ക് താരിഖിന്റെ ഫോട്ടോഗ്രാഫുകള്‍ പ്രചോദനമായിട്ടുണ്ടെന്ന് ലേഖകന്‍ പറയുന്നു.

സെബ്രനിക്ക കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ ടെയ്‌ന ടെര്‍വോണ്‍ എഴുതിയ ‘കുഴിവെട്ടുന്നവര്‍’ എന്ന നോണ്‍ ഫിക്ഷന്‍ സെബ്രനിക്ക ഭീകതയോടുള്ള പ്രതികരണമാണ്. ടോക്കിംഗ് വിത്ത് ദി ഡെഡ് എന്ന ഒരു ചോക്യുമെന്ററിയും അവരുടേതാണ്. ഡച്ചുകാരിയായ സല്‍മ ലെയ്ഡ്‌സ് ഡോര്‍ഫിന്‍ സര്‍വൈവിങ് ദി ബോസ്‌നിയന്‍ എന്ന പുസ്തകത്തിലും സെര്‍ബിയന്‍ പിന്‍ഗാമികളുടെ വികാരവിചാരങ്ങളാണ് ഒപ്പിയെടുക്കുന്നത്.
സെബ്രനിക്ക മെമ്മോറിയലിലെ ക്യുറേറ്റര്‍ ആയ അഹ്‌മോ മെഹ്‌മെദോവിച്ച് ലേഖകനോട് മനസ്സ് തുറക്കുന്നതും ശ്രദ്ധേയമാണ്. മെമ്മോറിയല്‍ കണ്ടു മടങ്ങുന്നവര്‍ വംശീയം, വര്‍ഗീയം, അപരവെറുപ്പ് എന്നീ വികാരങ്ങള്‍ പൂര്‍ണമായും മായ്ച്ചുകളയണമെന്നാണ് അദ്ദേഹം അപേക്ഷിക്കുന്നത്.
സരയാവോ നഗരം അതിന്റെ സൗന്ദര്യം വീണ്ടെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ നമുക്ക് കാണാതിരിക്കാനാവില്ല. പല കാലങ്ങളില്‍ പല സംസ്‌കാരങ്ങള്‍ വരികയും പിന്‍വാങ്ങുകയും ചെയ്ത ചരിത്രമാണ് സരയാവോവിനുള്ളത്. കെട്ടിടങ്ങളിലെ വാസ്തുശില്‍പം, സൗഹൃദം കാണിക്കുന്ന ജനങ്ങള്‍, കളിചിരി വര്‍ത്തമാനങ്ങള്‍ എല്ലാം പുതിയ തുടക്കത്തിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ അതിനുപ്പുറം യുദ്ധം ഏല്‍പ്പിച്ച മറിവുകളുടെ വിഷാദം ബാക്കിയാവുകയും ചെയ്യുന്നു. 1961ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയ യൂഗോസ്ലാവിയന്‍ നോവലിസ്റ്റ് ഇവോ ആന്‍ഡ്രിച്ച് തന്റെ ഹൈസ്‌കൂള്‍ കാലത്തില്‍ രണ്ടു വര്‍ഷം ചെലവഴിച്ചത് സരയാവോയിലാണ്.
ബിജിലോപോളോയില്‍ നിന്ന് സെര്‍ബിയന്‍ തലസ്ഥാനമായ ബല്‍ഗ്രേഡിലേക്കുള്ള ട്രെയിന്‍ യാത്രയും ചരിത്രപ്രാധാന്യമുള്ളതായാണ് കണക്കാക്കേണ്ടതെന്ന് ലേഖകന്‍ വിശദീകരിക്കുന്നു. മോണ്ടിനെഗ്രോയിലെ ബാര്‍ എന്ന തുറമുഖത്തില്‍ നിന്നാരംഭിക്കുന്ന ട്രെയിന്‍ 476 കിലോമീറ്റര്‍ സഞ്ചരിച്ച് 11 മണിക്കൂര്‍ കൊണ്ട് ബെല്‍ഗ്രേഡില്‍ എത്തുന്നു. ലേഖകനും സുഹൃത്തും ഇടക്കുള്ള ബിജിലോപോളോയില്‍ നിന്നാണ് കയറുന്നത്. അതുകൊണ്ടുതന്നെ ഏഴ് മണിക്കൂര്‍ കൊണ്ട് 307 കിലോമീറ്റര്‍ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്തി. ബെല്‍ഗ്രേഡഡ് നഗരത്തിലൂടെ നടക്കാനിറങ്ങിയപ്പോള്‍ തലയ്ക്കുമുകളിലൂടെ പോര്‍വിമാനങ്ങള്‍ ഹുങ്കാരത്തോടെ നീങ്ങുന്നത് ലേഖകന്‍ കാണുന്നു. അത് ഉക്രൈയിനിലേക്കുള്ള റഷ്യയുടെ യുദ്ധവിമാനങ്ങളായിരുന്നു എന്ന് അന്വേഷിച്ചപ്പോള്‍ മനസ്സിലായി. ബെല്‍ഗ്രേഡിന്റെ ആകാശവാത റഷ്യക്കായി വിട്ടുകൊടുത്തിരിക്കുകയാണ്. ബെല്‍ഗ്രേഡില്‍ ഇവോ ആന്‍ഡ്രിച്ചും ഭാര്യ മിലിസ ബാബിയും താമസിച്ച വീടിന്റെ മുന്നിലൂടെ നടന്നതും ലേഖകന്‍ എഴുതുന്നുണ്ട്. ബെല്‍ഗ്രേഡിലെ മസ്ജിദിന്റെ വിവരണവും കാണാം. താഴികക്കുടവും മിനാരങ്ങളും ഉള്ളതാണ്. ബെല്‍ഗ്രേഡില്‍ നേരത്തെ 200ഓലം പള്ളികള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ മിനാരമുള്ള ഒന്നേയുള്ളു. ഓട്ടോമന്‍ സുല്‍ത്താന്‍ സുലൈമാന്‍ ദി മാഗ്‌നിഫിഷന്റ് ആണ് ഇത് നിര്‍മിച്ചത്.
രേഖകളില്‍ ഇല്ലാത്തവരുടെ ദീര്‍ഘനിശ്വാസം
പ്ലിറ്റ്‌വിസിലെ വെള്ളച്ചാട്ടങ്ങളും ഉദ്യാനവും അടങ്ങുന്ന മനസ്സ കുളിര്‍പ്പിക്കുന്ന കാഴ്ചകള്‍ കണ്ടശേഷം സാഗ്രെബിലേക്ക് ബസ്സില്‍ പോകുമ്പോഴാണ് ഒരു ദുരനുഭവത്തിന് ലേഖകനും സുഹൃത്തും സാക്ഷിയാകുന്നത്. സാഗ്രെബിലേക്ക് എത്തുന്നതിന് മുമ്പേ പൊലീസ് ബസ് തടഞ്ഞു. പരിശോധന നടത്തി. പാസ്‌പോര്‍ട്ട് അടക്കമുള്ള യാത്രാരേഖകള്‍ ഇല്ലാത്ത ഒരു കുടുംബം പൊലീസിന്റെ പരിശോധനക്ക് മുന്നില്‍ എഴുന്നേറ്റുനിന്നു. അച്ഛനും അമ്മയും മൂന്നു മക്കളും അടങ്ങുന്ന ആ കുടുംബം ഭാവഭേദമൊന്നും കൂടാതെ പൗലീസിനൊപ്പം നടന്നു. അവര്‍ അറബികളാണെന്ന് സംസാരത്തില്‍ നിന്ന് ബോധ്യമായി. റോഡിന് അപ്പുറമുള്ള ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് പൊലീസിനൊപ്പം ആ കുടുംബം കയറിപ്പോയി. ആ ദൃശ്യം ലേഖകനെ വേട്ടയാടിക്കൊണ്ടിരിക്കുന്നതായി പറയുന്നു.
ബോസ്‌നിയന്‍ യുദ്ധത്തിന്റെ ഭാഗമായി സരയാവോ പട്ടണത്തിലെ വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയ കെട്ടിടങ്ങള്‍ വിഭാഗീയതും വംശീതയും സൃഷ്ടിക്കുന്ന ദുരന്തത്തിന്റെ നേര്‍സാക്ഷ്യമായി അനുഭവപ്പെടുന്നതായി ലേഖകന്‍ പറയുന്നുണ്ട് ബോസ്‌നിയന്‍ യുദ്ധകാലത്തെ പുസ്തകങ്ങളും ചലച്ചിത്രങ്ങളും ലേഖകന്‍ പരിചയപ്പെടുത്തുന്നു. ബോസിയന്‍ യുദ്ധവേളയില്‍ ഒറ്റപ്പെട്ടുപോയ സരയാവോയെ പുറംലോകവുമായി ബന്ധിപ്പിക്കാന്‍ തുരങ്കം ഇന്ന് ചരിത്രസ്മാരകവും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന കേന്ദ്രവുമാണ്. 1425 ദിവസം കൊണ്ടാണ് തുരങ്കം നിര്‍മിച്ചത്. സെര്‍ബിയന്‍ വിഭാഗത്തിന്റെ കണ്ണുവെട്ടിച്ചായിരുന്നു ഇത്. 2013 മുതല്‍ സരയാവോ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്. കാണുന്ന കാഴ്ചകള്‍ മാത്രമല്ല, അതുമായി ബന്ധപ്പെട്ട് ലേഖകന്‍ നടത്തുന്ന ആലോചനകളുമാണ് ഈ പുസ്തകത്തെ ധന്യമാക്കുന്നത്. കാണുന്ന കാഴ്ചകളെല്ലാം പുതിയ ലോകവുമായി ബന്ധപ്പെടുത്തി ആലോചിക്കുന്നു എന്നതാണ് പ്രധാനം.

ബോസ്‌നിയയില്‍ വെച്ച് അസിം സുബ് സെവിക് എന്നൊരാളെ ലേഖകന്‍ പരിചയപ്പെടുന്നുണ്ട്. അസിമിന് ഇന്ത്യയും കേരളവും കോഴിക്കോടും പരിചയമാണ്. അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ ഇസ്്‌ലാമിക ചരിത്രം പഠിച്ചിട്ടുണ്ട്. ഇന്ത്യയുടെട ബഹുസ്വരതയാണ് തന്നെ ആകര്‍ഷിച്ചതെന്നും ബോസ്‌നിയന്‍ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ആ ബഹുസ്വരതയില്‍ ഉണ്ടൈന്നും അസിം പറയുന്നുണ്ട്. ഇന്ത്യക്ക് അഭിമാനിക്കാവുന്ന ഒന്നാണിത്. ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി പുസ്തകത്തിന്റെ ഒടുവില്‍ ഒരു കവിതയുടെ രൂപത്തിലുണ്ട്. ഒറ്റരാജ്യം എന്ന് പറയുന്നവരുടെ രാജ്യം എവിടെയാണ് എന്നാണ് ചോദ്യം. ഇവിടെ ഭാഷയും സംസ്‌കാരവും പരസ്പരം കലര്‍ന്നതാണ. കലര്‍പ്പിന്റെ ചരിത്രമാണ് മനുഷ്യരുടേത്. വംശഹത്യയുടെയും വര്‍ഗീയതയടെയും ലോകത്ത് ബഹുസ്വരതയുടെ സന്ദേശം ഉയര്‍ത്തിപിടിക്കുന്ന ഒരു കൃതി കൂടിയാണിത്.

ബാള്‍ക്കന്‍ മുറിവുകള്‍ (യാത്രാവിവരണം)
രചന : വി. മുസഫര്‍ അഹമ്മദ്
പ്രസാധകര്‍ : ഡി.സി ബുക്‌സ്
വില: 420 രൂപ







No Comments yet!