
ഹോട്ടല്‍ എന്ന ഒരു ഇടത്തിലേക്ക് കേരളത്തിലെ കീഴാളരായ മനുഷ്യര്‍ കയറുന്നത് അവരുടെ സാമ്പത്തിക സുരക്ഷിതത്വത്തിലൂടെയാണ്. പൈസയുള്ളപ്പോള്‍ അവര്‍ അഭിമാനത്തോടെ ഹോട്ടലിലേക്ക് കയറി. വംശീയതയുടെ നോട്ടങ്ങളോട് ‘പോടാ പുല്ലേ’ എന്നു പറഞ്ഞു. ഹോട്ടല്‍ എന്ന ഒരു പൊതു ഇടത്തിലേക്ക് പണം ഉണ്ടെങ്കില്‍ കയറാം എന്ന അവസ്ഥയാണ് കേരളത്തില്‍. കേരളത്തില്‍ മലബാര്‍ പോലുള്ള ഇടങ്ങളിലും കണ്ണൂരിലൊക്കെ നമ്പ്യാരുടെ വീട്ടില്‍ ജോലിക്ക് പോയ കീഴാളരായ മനുഷ്യര്‍ക്ക് മാത്രം വര്‍ഷങ്ങള്‍ക്ക് മുമ്പേ അവരുടെ പാത്രം കഴുകിവെക്കേണ്ടതായി വന്നിരുന്നു. അങ്ങനെ പാത്രം എടുത്ത് എറിഞ്ഞ മനുഷ്യരായ കീഴാളരുടെ കഥകള്‍ കേട്ടിട്ടുണ്ട്. പക്ഷേ ഹോട്ടല്‍ എന്നത് കേരളത്തില്‍ പണം ഉണ്ടെങ്കില്‍ ആര്‍ക്കും കയറിച്ചെല്ലാവുന്ന ഒരു പൊതു ഇടമായി മാറിയിരുന്നു.
‘ബള്‍ട്ടി’ എന്ന സിനിമയിലെ ഏറ്റവും മാസ് ആയ ഒരു രംഗം – തെരുവിലെ ഷൈന്‍ നിഗത്തിന്റെ ഉദയനും കൂട്ടരും ഹോട്ടല്‍ എന്ന ഇടത്തിലെ ഒരു മാസ് ഫൈറ്റിലൂടെ ഒരു പൊതു ഇടത്തില്‍ തങ്ങളുടെ അധികാരം സ്ഥാപിക്കുന്നത് തന്നെയാണ്. ”പൊളിക്കണോ? … അതാ വിടണോ?” എന്ന് ചോദിക്കുമ്പോള്‍ ഷൈന്‍ നിഗം പറയുന്നത് ”പൊളിച്ചിട്ട് വിടാലേ?” എന്നാണ്. അധികാരങ്ങള്‍ അടച്ചുപൂട്ടിയ ഒരു ഹോട്ടലിലെ മാസ് ഫൈറ്റിലൂടെ ആ ഹോട്ടലിനെ തന്നെ തകര്‍ത്തു, തെരുവിലെ മനുഷ്യര്‍ തങ്ങളുടെ അധികാരത്തെ അടിസ്ഥാനപ്പെടുത്തുന്ന ഈ രോമാഞ്ചിഫിക്കേഷന്‍ സീന്‍ തന്നെ അന്യായ-രാഷ്ട്രീയമാണ്.

കബഡി എന്നൊരു ഗെയിം, മറ്റു കളികളെ പോലെ തന്നെയും അതില്‍ നിന്നും വ്യത്യസ്തമായും മനുഷ്യരുടെ ശരീരങ്ങള്‍ പല രീതിയില്‍ സ്പര്ശിപ്പിച്ചും കെട്ടിമറിഞ്ഞും കെട്ടിപ്പിടിച്ചും കൊണ്ടുള്ളതാണ്. അതിന് ശരീരാധിഷ്ഠിത അധ്വാനം ഉള്ള തൊഴിലാളികളുടെ രൂപങ്ങളുമായും മെയ്വഴക്കവുമായും ബന്ധവുമുണ്ട്. ഹോട്ടല്‍ പോലെ തന്നെ, തെരുവിലെ കബഡി എന്ന കളിയിലൂടെ, അതു നടക്കുന്ന ഗ്രൗണ്ടിലൂടെയാണ്, അവരുടെ വേറൊരുതരത്തിലുള്ള യുദ്ധങ്ങളുടെ വിജയങ്ങള്‍ ഈ സിനിമയില്‍ ആഘോഷിക്കുന്നത്. അവിടെയും തെരുവിലെ മനുഷ്യര്‍ക്ക് അധികാരവും പണവും ഹീറോഷിപ്പും പ്രണയവും എല്ലാം ലഭിക്കുന്നു. കേരളം പോലുള്ള ഇടങ്ങളിലെ പല പൊതുസ്ഥലങ്ങളിലേക്കും തെരുവിലെ ചെറുപ്പക്കാര്‍ ഇരച്ചുകയറുന്നത് വളരെ മാസ് ആയി കാണിച്ചുതരുന്നതും അത് ഫിക്ഷണല്‍ രീതിയില്‍ ഡെപ്പിക്റ്റ് ചെയ്തു വെച്ചിരിക്കുന്നതും രസകരമാണ്. ഫുട്ബോള്‍ ക്രിക്കറ്റ് ഗ്രൌണ്ടുകള്‍ കബഡി ഗ്രൗണ്ട്കള്‍ എന്തിന് മറ്റു പല സ്പോര്ടസ് ഗ്രൌണ്ടുകളിലൂടെ എല്ലാം കീഴാളരായ മനുഷ്യര്‍ തങ്ങളുടെ ഹീറോഷിപ്പ് ഇങ്ങനെ നേടി എടുത്തിരുന്നു.
ഈ സിനിമയിലെ പൊതു ഇടത്തില്‍ നിന്നു വ്യത്യസ്തമായി ഇവര്‍ ജീവിക്കുന്ന ചാളകള്‍ പോലുള്ള ഇടങ്ങള്‍ ഇടുങ്ങിയ സ്പേസുകള്‍ ആണ്. അത് പുരോഗമന കേരളത്തിലെ ഭൂമി വിതരണവും ആയി ബന്ധപ്പെട്ട്, ചില സമൂഹങ്ങളുടെ ജീവിതങ്ങളുടെ ചാളകളുടെ ആരകയിടെക്ചറുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന വിവേചനത്തിന്റെയും വംശീയതയുടെയും ബാക്കി പത്രം കൂടെ ആണ്. നഗരങ്ങളില്‍ ഇത്തരം ജീവിതങ്ങള്‍ക്ക് വേണ്ടി ഉയരുന്ന ഈ സിനിമയിലുള്ളത് പോലുള്ള സെറ്റില്‍മെന്റുകളും വ്യത്യസ്തമല്ല. ഈ സിനിമയിലെ നായകനും കൂട്ടരും താമസിക്കുന്ന തെരുവുകളും അവിടത്തെ വീടുകളും അവര്‍ ഓടുന്ന ഇടവഴികളും എല്ലാം വളരെ ചുരുങ്ങിയ ഇടങ്ങളുമാണ്. അത് ഒരു പക്ഷേ മുമ്പായിലെ ധാരാവി ചേരിയില്‍ നിന്നു കുറച്ചു കൂടി വ്യത്യാസപ്പെട്ടതാണെന്ന് മാത്രം പറയേണ്ടി വരും. അത്തരം ചുരുങ്ങിയ ഇടത്തില്‍ നിന്നു പുറത്തിറങ്ങുന്ന മനുഷ്യര്‍ പൊതു എന്നു പറയുന്ന കബഡിയുടെ കളിക്കളത്തിലേക്ക് ഇറങ്ങുമ്പോള്‍ അവരുടെ ഹീറോഷിപ്പ് മാസമരീകമായി പുറത്തെടുക്കുകയാണ്.

പിന്നെ, ഈ സിനിമയിലെ വില്ലിസ് ജീപ്പ്. അതും ഈ തെരുവിലെ മനുഷ്യര്‍ അവരുടെ ചങ്കുറപ്പും അധികാരബോധവുമൊത്താണ് നേടി എടുക്കുന്നത്. കേരളത്തിലെ അനവധി മനുഷ്യരുടെ, പലവിധമായ സിദ്ധാന്തപരമായ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കും ബുദ്ധിജീവിതങ്ങള്ക്ക തിയറെറ്റിക്കല്‍ പൊളിറ്റികസിനും അപ്പുറം ശരീരവും ഉശിരും കൊണ്ടു അധികാരം നേടുന്ന കീഴാള മനുഷ്യരുടെ – തെരുവിലെ മനുഷ്യരുടെ – രോമാഞ്ചം ഉണ്ടാക്കുന്ന ഒരു ചങ്കുറപ്പിന്റെ ഹീറോഷിപ്പാണ് ഈ സിനിമ കാണിക്കുന്നത്. അത് വില്ലിസ് എന്ന ആധുനീകഥയുടെ സ്റ്റൈലിഷ് ആയ യാത്രാ വാഹനം നേടി എടുക്കുന്നതിലൂടെയും വളരുന്നു. ചാളകളിലെ യുവാക്കള്‍ വില്ലിസ് ജീപ്പിലൂടെ പൊളിക്കുക ആണ്. ഇതിലെ നായിക ഒരു പൂക്കളുടെ തെരുവിലെ തൊഴിലാളിയായിട്ടാണ് സ്കൂട്ടി ഓടിക്കുന്നത്. അതേ സമയം തെരുവിലെ ചെറുപ്പക്കാര്‍ തങ്ങളുടെ ശരീരം കൊണ്ട് യുദ്ധം ചെയ്ത്, ഒരു വില്ലിസ് ജീപ്പ് ഹെറോയിക് ആയി ഓടിക്കാനുള്ള തലത്തിലേക്ക് ഉയരുന്നു. വളരെ ഇടുങ്ങിയ മേല്‍ക്കൂര ഉള്ള ഇടുങ്ങിയ വഴികള്‍ ഉള്ള തെരുവിലെ വീട്ടില്‍ ജീവിക്കുന്നവര്‍ ഒരു തുറന്ന വിഹായസ്സിലേക്ക് പറക്കുന്ന ഒരു സ്പേസ് കൂടെ ആവുകയാണ് വില്ലിസ് ജീപ്പുകള്‍.

തമിഴില്‍ രൂപപ്പെട്ട സുബ്രമണ്യപുരം പോലുള്ള സിനിമകളിലെ ആയുധങ്ങളുടെ – ആയുധമെന്ന നിലയില്‍ ഉപയോഗിക്കുന്ന ടൂളുകളുടെ – ഭാഷയും ഈ സിനിമയില്‍ രൂപപ്പെടുന്നു. അത്തരം സിനിമകളുടെ ഒരു ഗ്രാമര്‍ ‘ബള്‍ട്ടി’ എന്ന സിനിമയ്ക്കും ഉണ്ട്. അത്തരം സിനിമകളിലെ സൗഹൃദം, ചതി, യുദ്ധങ്ങള്‍, ഗാങ്-വാക്കുകള്‍ എല്ലാം ഈ സിനിമ ദൃശ്യവല്‍ക്കരിക്കുന്നുണ്ട്. അങ്ങനെ ഉള്ള ഒരു സിനിമാ-ഭാഷ മലയാളത്തിന്റെ കള്‍ച്ചറല്‍ സ്പേസിലേക്കും കേരളത്തിന്റെ ജിയോഗ്രഫിയിലേക്കും പ്ളേസു ചെയ്തെന്നത് തന്നെ ഒരു ഫിക്ഷണല്‍ പരീക്ഷണവും അനുഭവവുമാണ്.

പല തരത്തിലുള്ള സ്പേസുകളിലേക്കും, തൊഴിലിടങ്ങളിലേക്കും, ഉപകരണങ്ങളിലേക്കും, സാമൂഹികമായ ക്രയവിക്രയങ്ങളുടെയും ഉടമസ്ഥതകളുടെയും ഇടങ്ങളിലേക്കും, തെരുവിലെ കീഴാളരായ മനുഷ്യര്‍ രേഖപ്പെടുത്താത്ത രീതിയില്‍ കേരളത്തിന്റെ ചരിത്രത്തില്‍ പലപ്പോഴും കടന്നുകയറിയിട്ടുണ്ട്. അത് ബുദ്ധിജീവികള്‍ കണ്ടിട്ടുമില്ല; ഒരുപക്ഷേ അതിനെ കുറിച്ച് സംസാരിച്ചിട്ടുമില്ല. കളികളിലൂടെ, ഫിസിക്കല്‍ ഫൈറ്റുകളിലൂടെ, പലവിധ പൊതു ഇടങ്ങള്‍ പിടിച്ചെടുത്ത അനേകം അപാര മനുഷ്യരുടെ ചരിത്രം ഫിക്ഷണലൈസ് ചെയ്ത്, നല്ല വെടിപ്പോടെ പൊട്ടിത്തെറിക്കുന്ന രീതിയില്‍ മാസ് ആയി സൃഷ്ടിച്ചിട്ടുള്ളതാണ് ‘ബള്‍ട്ടി’ എന്ന സിനിമ.
ബാള്‍ട്ടി കേരളത്തിലെ കള്‍ച്ചറല്‍ സ്പേസില്‍ പൊട്ടിയ ഒരു കിടുക്കാച്ചി ബോംബ് ആണ്. പൊളി പടം!







No Comments yet!