Skip to main content

ബിഷപ്പെന്നു നടിച്ച സാഹസികന്‍

1587 ല്‍ ഇക്വഡോറിലെ ക്വിറ്റൊ നഗരത്തിലാണ് ഗാസ്പര്‍ ദെ വിയറോയലിന്റെ ജനനം. 1637ല്‍ അദ്ദേഹം സാന്റിയാഗൊ ദെ ചിലിയുടെ ബിഷപ്പായി. കുറച്ചു കാലം അദ്ദേഹം ലിസ്ബണിലും ജീവിച്ചിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടില്‍ സ്‌പെയിനിലും അതിന്റെ കോളനികളിലും അറിയപ്പെടുന്ന എഴുത്തുകാരനായിരുന്നു. എഴുത്തിലെ വിവരങ്ങളുടെ ധന്യതമാത്രമയിരുന്നില്ല കാരണം, വേറിട്ട ശൈലിയും കൂട്ടിനുണ്ടായിരുന്നു. അക്കാലത്ത് സ്പാനിഷ് സാമ്രജ്യത്തിന്റെ കീഴിലുള്ള കോളനികളില്‍ പള്ളികളുടെ ചരിത്രം എഴുത്തിന്റെ മുഖ്യ രൂപങ്ങളില്‍ ഒന്നായിരുന്നു. അതില്‍ സാമൂഹ്യപ്രവര്‍ത്തനം, പണ്ഡിതരെക്കുരിച്ചുള്ള വിവരങ്ങള്‍ എന്നിവയെല്ലാമുണ്ടാകുമായിരുന്നു.

നല്ല വിദ്യഭ്യാസമുള്ള, സാമാന്യം നല്ല കൗശലമുള്ള, ഒരു പുരോഹിതന്‍ തന്റെ മേലാളരുടെ ചില ആവശ്യങ്ങള്‍ക്കായി, ലൈസന്‍സുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായി, സ്‌പെയിനില്‍ നിന്ന് വന്നു. ഇന്തീസില്‍ സ്ഥാപിതമായ ഏതെങ്കിലും സഭയിലെ അംഗമായിരുന്നില്ല അയാള്‍. അയാള്‍ ഏതു സഭയുടെ അംഗമായിരുന്നു എന്നു പരാമര്‍ശിക്കുന്നില്ല. അവരുടെ ഖ്യാതിയെ ഞാന്‍ ബോധപൂര്‍വ്വം കളങ്കപ്പെടുത്തുന്നു എന്ന ചിന്ത വരാതിരിക്കാനാണിത്. കസ്‌കൊയില്‍ നിന്ന് ഏതാനും ലീഗ് ദൂരെയുള്ള ഒരു ഡോക്ട്രീനയില്‍ അയാളെത്തി. മിക്കവാറും ഇന്ത്യക്കാര്‍ മാത്രമുള്ള ഇടവകയെയാണിവിടെ ഡോക്ട്രീന എന്നു വിളിക്കുന്നത്. അവിടെ അയാള്‍ക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു.

Gaspar de Villarroel

അവിടെ നിന്നയാള്‍ കസ്‌കൊയിലെ മജിസ്‌ട്രേറ്റിനെഴുതി. സഭയിലെ പല അദ്ധ്യക്ഷന്മാര്‍ക്കുമെഴുതി. കുലീനരായ മറ്റു ചിലര്‍ക്കും എഴുതി. തന്നെ വെനെന്‍സ്വേലയിലെ ബിഷപ്പായി നിയമിച്ച് മഹാരാജാവുത്തരവിട്ടിരിക്കുന്നു എന്നായിരുന്നു ആ കത്തുകളിലെ ഉള്ളടക്കം. വെനെന്‍സ്വേലയെ ഇവിടെ ഇന്തീസില്‍ കരാകാസ് എന്നാണു വിളിക്കുന്നത്. താന്‍ സ്ഥാനമേറ്റെടുക്കുന്നതിനു മുമ്പ് തനിക്ക് പൊടോസി വരെയൊന്നു പോകേണ്ടതുണ്ടെന്നും, തന്റെ സന്യാസാശ്രമത്തില്‍ നിന്നു താന്‍ പുറത്തുവന്നതുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ അവസാനിപ്പിക്കാനാണതെന്നും ആ കത്തിലുണ്ടായിരുന്നു. വിദേശികളോട് വളരെ ആതിഥ്യമര്യാദ കാണിക്കുന്ന ഒരു നഗരമാണത്. ബിഷപ്പുമാരോട് വളരെ വിനയം കാണിക്കുന്ന നഗരം. അതിനാല്‍ തന്നെ ഈ സന്ദര്‍ശനം അയാള്‍ ആസ്വദിച്ചു. അയാളുടെ സന്ദര്‍ശനം സഭാദ്ധ്യക്ഷന്മാര്‍ക്കിടയില്‍ അയാളെ ആരു സ്വീകരിക്കും എന്നതിനെ പ്രതി വഴക്കുകള്‍ക്ക് വരെ കാരണമാക്കി. അഗസ്റ്റീനിയന്‍ സഭയുടെ മേലദ്ധ്യക്ഷനാണതില്‍ വിജയം വരിച്ചത്. മാസ്റ്റര്‍ ഫ്രെ ലൂകാസ് ദെ മെന്‍ഡോസ. ധര്‍മ്മിഷ്ടനും പണ്ഡിതനുമായിരുന്നു അദ്ദേഹം. ലിസ്ബണിലെ സര്‍വകലാശാലയിലെ പ്രൊവിന്‍ഷ്യല്‍ ആന്‍ഡ് ചെയര്‍ ഓഫ് ഹോളി സ്‌ക്രിപ്‌ചേഴ്‌സ് എന്ന തസ്തികയിലിരിക്കെയാണദ്ദേഹം അന്തരിച്ചത്. എല്ലാ ക്രിസ്തീയസഭാംഗങ്ങളും ആ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയുണ്ടായി. (അദ്ദേഹത്തിന്റെ വിശാലമായ നിപുണതകളെ ഇവിടെ അധികം വിശദമാക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല, പക്ഷേ ഈ വഞ്ചകന്‍ എത്ര ചതുരനായിരുന്നു എന്നു കാണിക്കാനാണ് ഇവിടെ അദ്ദേഹത്തെ പരിചയപ്പെടുത്തിയത്.)

അങ്ങനെ നമ്മുടെ ”ബിഷപ്പ്? കസ്‌കൊയിലെത്തി. വിധിപൂര്‍വ്വകവും പവിത്രവും മതാചാരപ്രകാരമുള്ളതുമായ അകമ്പടികള്‍ ലഭിച്ചു. കോണ്‍വെന്റില്‍ അയാള്‍ക്കായി ഒരു മുറിയൊരുക്കപ്പെട്ടു. (ആ മുറിയില്‍ പിന്നീട് ഞാന്‍ താമസിച്ചിട്ടുണ്ട്. അതിവിടെ പരാമര്‍ശിക്കാന്‍ കാരണം ഈ അലങ്കോലങ്ങള്‍ നടന്ന് അധികകാലമെത്തുന്നതിനു മുമ്പാണു ഞാനവിടെ താമസിച്ചത് എന്നതിനാലാണ്. അതുകൊണ്ടുതന്നെ ആ അലങ്കോലങ്ങളുടെ പുതുമ നഷ്ടപ്പെട്ടിരുന്നില്ല. എനിക്ക് ഒരു ദൃക്‌സാക്ഷിയെന്നപോലെ അതെല്ലാം അറിയാനുമായി.) നമ്മുടെ ബിഷപ്പിന് അവിടത്തെ അധികാരികളും സുഹൃത്തുക്കളും ധാരാളം സമ്മാനങ്ങള്‍ നല്‍കി. മറ്റു സഭക്കാരും അതു നല്‍കി. സെയ്ന്റ് അഗസ്റ്റിന്റെ വിരുന്നിനയാളെ പ്രത്യേകം ക്ഷണിച്ചു. അന്നത്തെ പ്രഭാഷണത്തിനായി ക്ഷണിച്ചു. അതിനായി പ്രസംഗവേദി ആഢംബരമായി തന്നെ അലങ്കരിക്കപ്പെട്ടു. വലിയ ആഘോഷങ്ങളോടെ പ്രഭാഷകനെത്തി. നല്ല മൃദുത്വമുള്ള കുഷ്യനിട്ട കസേരയിലിരുന്ന് പ്രസംഗിക്കാന്‍ അയാള്‍ക്ക് അനുമതിയും ലഭിച്ചു. അയാള്‍ തന്റെ കയ്യില്‍ ധരിച്ചിരുന്ന സുഗന്ധങ്ങള്‍ വാരിപ്പൂശിയ കുന്തിരക്കത്തിന്റെ നിറമുള്ള ഗ്‌ളൗസ് അഴിച്ചു. വളരെ ബോധപൂര്‍വ്വമാണതു ചെയ്തത്. തനിക്കു ലഭിച്ചിരിക്കുന്ന ബിഷപ് പദവിയും അതിനൊപ്പമുള്ള സമുന്നത സ്ഥാനവും തന്റെ മനസിനെ വല്ലാതെയലട്ടുന്നു എന്നും അതിനാല്‍ അവിടെയിരിക്കുന്നവരുടെ പ്രതീക്ഷക്കൊത്ത ഒരു പ്രഭാഷണം നല്‍ക്കാനായേക്കില്ല എന്നുമുള്ളതിന്റെ സൂചകമെന്നതുപോലെയാണയാള്‍ ആ ഗ്‌ളൗസുകള്‍ അഴിച്ചു മാറ്റിയത്. നഗ്‌നമാക്കിയ കൈകള്‍ കൊണ്ട് കുരിശു വരച്ചു. തന്റെ പ്രഭാഷണത്തിന്റെ വിഷയം അവതരിപ്പിച്ചു. അതിനു ശേഷം ഉച്ചത്തില്‍ നെടുങ്കന്‍ പ്രസംഗം നടത്തി. അതവസാനിപ്പിക്കുമ്പോഴും കുരിശുവരച്ചു. പ്രഭാഷണമവസാനിപ്പിച്ചപ്പോള്‍ അയാള്‍ക്ക് എല്ലാവിധ അഭിനന്ദനങ്ങളും ലഭിച്ചു. ഒരു ബിഷപ്പിനപ്പോള്‍ ലഭിക്കേണ്ടുന്ന അഭിനന്ദനങ്ങളെല്ലാം ലഭിച്ചു.

ആ അഭിനന്ദനങ്ങള്‍ അയാളിലേക്ക് ധാരാളം പണവുമെത്തിച്ചു. അതുമായി അയാള്‍ കസ്‌കൊയില്‍ നിന്നു മടങ്ങി. തന്റെ ആസ്ഥാനത്തേക്കു മടങ്ങുകയാണെന്നറിയിച്ചു. പൊടൊസിയിലെത്തി. വഴിയില്‍ നിന്നെന്തെല്ലാം ശേഖരിക്കാമോ അതെല്ലാം ശേഖരിച്ചാണവിടെയെത്തിയത്. മഹാമനസ്‌കതയ്ക്ക് പേരെടുത്തതാണീ നഗരം. അതും അയാള്‍ക്ക് ധാരാളം പണം സംഭാവനയായി നല്‍കി. അവസാനം ഈ പണമെല്ലാം ചുമക്കാനായി അയാള്‍ക്ക് ഒരു കോവര്‍ക്കഴുതയെ ഏര്‍പ്പാടാക്കേണ്ടി വന്നു. അത്തരത്തില്‍ അനേകം പണയാത്രകള്‍ അയാള്‍ നടത്തി. അങ്ങനെ അരേക്വിപയിലെത്തി. അപ്പോഴേക്കും അയാളുടെ കൈവശം വെള്ളിനാണയങ്ങള്‍ കുന്നുകൂടിയിരുന്നു. പെറുവിനു തൊട്ടുപുറത്താണ് അരേക്വിപ. പാരമ്പര്യമായി ധനികമാണിവിടം. അതുകൊണ്ടു തന്നെ `ഇന്തീസിന്റെ പണസഞ്ചി` എന്നൊരു പേരും ഈ പ്രദേശത്തിനുണ്ട്.

അവിടെയെത്തിയപ്പോഴാണ് ഇന്തീസ് കൗണ്‍സില്‍ അയാളെ അറസ്റ്റു ചെയ്യാന്‍ ഒരു വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നു എന്ന് ഒരു അടുത്ത സുഹൃത്തില്‍ നിന്നറിഞ്ഞത്. വൈസ്റോയിയോട് അയാളെ അറസ്റ്റ് ചെയ്ത് സ്‌പെയിനിലേക്ക് മടക്കിയക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു എന്നറിഞ്ഞത്. അതിനിടയില്‍ മൂന്നു വര്‍ഷത്തോളം അയാള്‍ തന്റെ സാഹസങ്ങളുമായി അവിടെ കറങ്ങി നടന്നിരുന്നു എന്നാണ് രേഖകള്‍ കാണിക്കുന്നത്. അറസ്റ്റു ചെയ്യാന്‍ നീക്കമുണ്ടെന്നറിഞ്ഞപ്പോള്‍ ഒപ്പമുള്ള പരിചാരകരെയെല്ലാം വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് തന്നില്‍ നിന്നയാള്‍ അകറ്റി. പല പ്രദേശങ്ങളിലേക്ക് പറഞ്ഞുവിട്ടു. അങ്ങനെ സാക്ഷികളെ അരികില്‍ നിന്നു മാറ്റിയതിനു ശേഷം ദരിദ്രരായ ഇന്ത്യക്കാര്‍ക്കിടയിലേക്കെത്തി. അതിനു ശേഷം അയാള്‍ക്കെന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് ആര്‍ക്കും അറിയില്ല.

ഈ പുരോഹിതനിതുപോലെ ഇങ്ങനെ വിദൂരത്തിലുള്ള ഒരു സഭയുടെ ബിഷപ്പായി സ്വയം അവരോധിച്ച് മറ്റുള്ളവരെ വിശ്വസിപ്പിക്കാനായി എങ്കില്‍, അയാള്‍ക്ക് പെറു സാമ്രാജ്യത്തില്‍ ഇതുപോലെ ഒഴിഞ്ഞുകിടക്കുന്ന പള്ളികളിലൊന്ന് ഏറ്റെടുക്കാന്‍ തീരുമാനിക്കാനായി എങ്കില്‍, വലിയ ബുദ്ധിമുട്ടുകളില്ലാതെ അതു നേടിയെടുക്കാനായി എങ്കില്‍, ഇതുപോലെ സാമാനമായ നിര്‍ഭാഗ്യങ്ങള്‍ പിന്നെയും സംഭവിച്ചിട്ടുണ്ടാകാം എന്നു ഭയക്കരുതോ? തീര്‍ച്ചയായും അതെല്ലാം സംഭവിച്ചിട്ടുണ്ടാകും. അതിനാല്‍ കൂടിയാണ് നിയമങ്ങളും വ്യവസ്ഥകളും കരുതലോടെ, ജാഗ്രതയോടെ പാലിക്കപ്പെടേണ്ടവയും, വിശുദ്ധവുമാണെന്ന് പറയുന്നത്.


വിവർത്തനം : സുരേഷ് എം.ജി.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.