ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ മധ്യത്തില്‍ ഒരു മുസ്ലിം പയ്യനുമായി ഒരു സൗഹൃദം ഉടലെടുക്കുന്നത് വി.സി.ആര്‍ എന്ന ഒരു മാധ്യമത്തിലൂടെയായിരുന്നു. അവന്റെ വീട്ടില്‍ വി.സി.ആര്‍ ഉണ്ടായിരുന്നു. ഒരു കളര്‍ ടി.വിയും. അവന്‍ ഒരിക്കല്‍ അവന്റെ വീട്ടില്‍ സിനിമ കാണാന്‍ എന്നെ വിളിച്ചു. ലക്ഷ്മി അഭിനയിച്ച ഗാനം എന്ന സിനിമയായിരുന്നു അന്ന് ഞാന്‍ കണ്ടത്. ”ഇവിടെ കാറ്റിനു സുഗന്ധം” എന്ന പാട്ടൊക്കെ കണ്ണ് കാണാത്ത ലക്ഷ്മി അഭിനയിക്കുന്നത് അവന്റെ വീട്ടിലെ ടി.വിയില്‍ കാണുന്നത് ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്. ഗള്‍ഫ് പ്രവാസമായിരുന്നു അവനെ എനിക്ക് സിനിമ കാണിച്ചു തരുന്നതിലേക്ക് വളര്‍ത്തിയത്. ഒരു മുസ്ലിം വീട്ടില്‍ ആദ്യമായി കയറുന്നതും അന്ന് ആദ്യമായിരുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി ടി വി യില്‍ വി സി ആറില്‍ സിനിമ കാണുന്നത് അവന്റെ വീട്ടില്‍ വെച്ചായിരുന്നു.

സിറൈ എന്ന സിനിമയിലെ അബ്ദുല്ല എന്ന മുസ്ലീം ചെറുപ്പക്കാരന്റെ ടി.വിയും വി.സി.ആറും ഒരു സിംപലാണ്. ഗള്‍ഫ് പ്രവാസത്തിലൂടെ സാമ്പത്തിക ഭദ്രതയില്‍ എത്തിയ എന്റെ സുഹൃത്തിന്റെ കുടുംബം പോലെ ഒരു മുസ്ലിം അല്ല തൊണ്ണൂറുകളില്‍ തമിഴ്നാട്ടിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ജീവിക്കുന്ന ഈ സിനിമയിലെ അബ്ദുല്ല. സാമ്പത്തികമായി ലോവര്‍ ക്ലാസില്‍ ജീവിക്കുന്ന ഒരു സബാള്‍റ്റേണ്‍ മുസ്ലിം ആണ് അയാള്‍. അയാള്‍ ആ ഗ്രാമത്തിലെ ഹിന്ദുക്കള്‍ അടക്കമുള്ള സമൂഹത്തിലേക്ക് ഒരു പാലം ഇടുന്നത്, ഒരു ലിങ്ക് നിര്‍മ്മിക്കുന്നത് തന്റെ ടി.വിയിലെയും വി.സി.ആറിലെയും സിനിമകള്‍ കാണിച്ചുകൊണ്ടാണ്. ഒരു മരണവീട്ടിലെ രാത്രിയില്‍ പഴയ രാജ്കിരണ്‍ കരയുന്ന സിനിമ മാറ്റി അജിത്തിന്റെ സിനിമ കാണിക്കുന്നതിലൂടെയാണ് ആ ഗ്രാമത്തിലെ പെണ്‍ കുട്ടികളുടെ കൂടെ അവന്‍ കൂടുന്നത്. ഒരു പെണ്‍ കുട്ടിയുമായുള്ള പ്രണയം വിടരുന്നത്.
അവന്റെ ടി.വി പോലെ തന്നെ പ്രധാനപ്പെട്ട മറ്റൊരു ലൊക്കേഷന്‍ ആണ് ആ ചെറുപ്പക്കാരന്റെ വീടിനോട് ചേര്‍ന്നുകൊണ്ടുള്ള അയാളുടെ തന്നെ ഒരു ചെറിയ പീടിക. അവന്റെ ഉപ്പ നിര്‍മ്മിച്ച ആ പീടികയിലൂടെയാണ് അയാള്‍ ഒരു സോഷ്യല്‍ റിലേഷന്‍ ഉണ്ടാക്കുന്നത്. ടി.വി എന്ന ഒരു മോഡേണിറ്റിയുടെ ടൂളും കട എന്ന ഒരു പൊതു സ്ഥാപനവും ഉപയോഗിച്ചുകൊണ്ടാണ് ഒരു സബാള്‍ട്ടേണ്‍ മുസ്ലിം ഐഡന്റിറ്റി ഒരു ഇന്ത്യന്‍ സമൂഹത്തില്‍ ഒരു സോഷ്യല്‍ ഐഡന്റിറ്റി ആയി നിലനിന്നുപോകുന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ ഒരു സബാള്‍ട്ടേണ്‍ മുസ്ലീമിന് തന്റെ ഐഡന്റിറ്റി സ്ഥാപിച്ചെടുക്കാന്‍ ഇത്തരം സ്ഥാപനങ്ങള്‍, ടൂളുകള്‍ തുടങ്ങിയവ ഉപയോഗിക്കേണ്ടതായി വരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ നടത്തുമ്പോള്‍, ടി.വി പോലുള്ള ടൂളുകള്‍ ഉപയോഗിച്ച് സിനിമകള്‍ കാണിക്കുമ്പോള്‍, ഒരു ഹിന്ദുത്വ ഇന്ത്യയില്‍ മുസ്ലിം പെരുമാറ്റത്തില്‍ ‘സൂക്ഷ്മത’യും ശ്രദ്ധയും പാലിക്കേണ്ട അധിക ബാധ്യത കൂടെയുണ്ട്. അബ്ദുല്ല പല ഇടത്തും അത് പാലിക്കേണ്ടതായി വരുന്നു. ഈ സിനിമയിലെ ചിലര്‍ അയാളോട് ബ്ലൂ ഫിലിം കാണിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് ചെയ്യാത്ത അബ്ദുല്ലയുടെ സംഘര്‍ഷം അവിടെ ആരംഭിക്കുന്നു. വളരെ സൂക്ഷ്മ തലങ്ങളില്‍ ഓരോ ഘട്ടങ്ങളിലും സൂക്ഷിച്ച് ജീവിക്കേണ്ട ഒരു മുസ്ലീമിനെ ഈ സിനിമയില്‍ ദൃശ്യതയില്‍ അബ്ദുല്ല എന്ന ചെറുപ്പക്കാരന്റെ കഥാപാത്രത്തിലൂടെ നമുക്ക് വായിക്കാന്‍ പറ്റും.

ഇതില്‍ ആ ഹിന്ദു പെണ്‍ കുട്ടിയായ കാമുകിയും കാമുകനായ അബ്ദുല്ലയും ഒരു ഫോട്ടോ സ്റ്റുഡിയോയില്‍ ഫോട്ടോ എടുക്കാന്‍ പോകുന്ന ഒരു സീന്‍ ഉണ്ട്. ആയിരത്തി തൊള്ളായിരത്തി എണ്‍പതുകള്‍ക്ക് ശേഷം ഇന്ത്യന്‍ സമൂഹത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ഓര്‍മ്മ, റെക്കോര്‍ഡിങ് എന്നിവ ചരിത്രമായി നിലനിര്‍ത്തുന്നതില്‍ ഫോട്ടോഗ്രാഫി വലിയ പങ്ക് വഹിച്ചു. കല്യാണം കഴിക്കുന്നവര്‍ ഫോട്ടോ എടുത്തത് പോലെ അന്നത്തെ കാമുകീ-കാമുകന്മാരും ഒളിച്ചുപോയി ഫോട്ടോ എടുത്തിട്ടുണ്ടാകാം. പക്ഷേ ഈ സിനിമയിലെ ഹിന്ദുവായ പെണ്‍ കുട്ടി അബ്ദുല്ലയെയും കൂട്ടി ധൈര്യപൂര്‍വം ഫോട്ടോ എടുക്കുകയാണ്. ഒരു ബന്ധത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷമാണ് ആദ്യത്തെ ഫോട്ടോ. പക്ഷേ ആ ഫോട്ടോ എടുക്കുമ്പോള്‍ അബ്ദുല്ല എന്ന കഥാപാത്രത്തിന് ആ പെണ്‍ കുട്ടിയുടെ അടുത്ത് പോലും നില്‍ക്കാന്‍ പേടിയാണ്. അത്രയ്ക്ക് ഭീകരമാണ് ഒരു മുസ്ലിം ചെറുപ്പക്കാരനെ സംബന്ധിച്ചിടത്തോളം ഒരു ഹിന്ദു പെണ്‍ കുട്ടിയുമായുള്ള പ്രണയം. അത്രയ്ക്ക് ഭീകരമാണ് ഇന്ത്യന്‍ ഹിന്ദുത്വ സാമൂഹിക നിര്‍മ്മിതി. അബ്ദുല്ല എന്ന കഥാപാത്രം തന്റെ പ്രണയത്തില്‍ എമ്പാടും പുലര്‍ത്തുന്ന സൂക്ഷ്മത ഈ ഇന്ത്യന്‍ സമൂഹത്തെ പേടിച്ചുകൊണ്ട് കൂടെയാണ്.
ഉമര്‍ ഖാലിദിനെ പോലുള്ള അനേകം മുസ്ലീങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ വിചാരണ തടവുകാരായി ഇന്ത്യന്‍ ജയിലുകളില്‍ നരകയാതന നേരിടുമ്പോള്‍, അത്തരം ഒരു വിഷയം ഈ സിനിമ കൈകാര്യം ചെയ്യുന്നത് തന്നെ പോപ്പുലര്‍ സിനിമയിലെ ഒരു അട്ടിമറിയാണ്. ഇന്ത്യയിലെ കോടതി, പോലീസിംഗ്, ദേശം, സമൂഹം തുടങ്ങിയ പലവിധ സ്ഥാപനങ്ങള്‍ മുസ്ലിം സമൂഹങ്ങളോട് പെരുമാറുന്നതിന്റെ ഡോക്യുമെന്റേഷന്‍ കൂടെയാണ് ഈ സിനിമ.

തമിഴ് സിനിമയിലെ കാലങ്ങളായി കണ്ടു പോകുന്ന ആവര്ത്തന വിരസമായ എക്‌സ്പ്ലിസിറ്റ് ആയി പൊളിറ്റിക്‌സ് പറയുന്ന സിനിമാറ്റിക് ഭാഷ ഈ സിനിമയും മുന്നോട്ടുവയ്ക്കുന്നത്. അതുപോലെ തന്നെ ഓവര്‍-ഡ്രാമറ്റൈസ് ചെയ്യുന്ന പൊളിറ്റിക്കല്‍ റെപ്രസന്റേഷനുകളും തമിഴ് ദളിത് സിനിമകളിലും ഏറെ കണ്ടിട്ടുണ്ട്. പക്ഷേ അതിനൊക്കെ അപ്പുറം ചില സൂക്ഷ്മമായ സിംബലുകള്‍, സൈന്‍സ്, ഇസ്ലാമോഫോബിക് ആയ ഇന്ത്യന്‍ സമൂഹത്തിലെ മുസ്ലിം ജീവിതത്തിലെ സൈക്കോളജിക്കല്‍ സംഘര്‍ഷങ്ങള്‍, അത് രൂപപ്പെടുന്ന സാമൂഹിക-ഭൗതിക അധികാര-ഭരണ കൂടാര പരിസരങ്ങളുടെ സൂക്ഷ്മ വായനയ്ക്ക് സാധ്യത ഉള്ള ഒരു സിനിമ കൂടിയാണ് സിറൈ. ഒരു സിനിമ എന്നത് ക്രിയേറ്ററുടെ മാത്രം കൈയില്‍ ഇരിക്കുന്ന പരിപാടി അല്ലല്ലോ; അത് കാണികളുടെ വായനകളും അതിവായനകളും സ്വപ്നങ്ങളും കൂടെയാണല്ലോ. തമിഴ് പൊളിറ്റിക്കല്‍ സിനിമകളില്‍ നിരന്തരം കണ്ടിരുന്ന ട്രാജിക് എന്‍ഡിംഗും ദ്വന്ദ്വാത്മകമായ പൊളിറ്റിക്കല്‍ യുദ്ധങ്ങളുടെ അതിപ്രസരവും ഇല്ലെങ്കിലും അത്തരം പാറ്റേണുകളില്‍ നിന്ന് ഈ സിനിമ പൂര്‍ണമായും രക്ഷപ്പെടുന്നില്ല. പക്ഷേ ഇന്ത്യന്‍ സമൂഹത്തിലെ തൊണ്ണൂറുകളിലെ ഇസ്ലാം ജീവിതത്തെ കൂടുതല്‍ ആഴത്തില്‍ വായിച്ചെടുക്കാവുന്ന ഒരു ടെക്സ്റ്റ് കൂടി ആകുന്നുണ്ട് ഈ സിനിമ.

ഒരു മുസ്ലിം കുറ്റവാളിയെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ അവന്‍ മുസ്ലിം ആയതുകൊണ്ട് തോക്കില്‍ നിര നിറച്ച് പോകുന്ന പോലീസുകാരുടെ അനീതിക്കെതിരെ ഒന്ന് പൊട്ടിത്തെറിക്കാതെ പക്വതയോടെ പെരുമാറേണ്ട ഒരു മുസ്ലിം പോലീസുകാരന്റെ ഇന്ത്യന്‍ യാഥാര്‍ഥ്യം കൂടിയാണ് ഈ സിനിമ. ഒരു മുസ്ലീമിന് ഒരിക്കലും പൊട്ടിത്തെറിച്ച് രജനീകാന്ത് ആകാന്‍ പറ്റാത്ത ഒരു സമൂഹമാണ് ഇന്ത്യന്‍ സമൂഹം എന്നും ഈ സിനിമ തോന്നിപ്പിക്കുന്നു.







No Comments yet!