
ഒരുപക്ഷെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായന ഉണ്ടാക്കിയ ഹൊറര്‍ ജനറില്‍ പെട്ട സിനിമ മണിച്ചിത്രത്താഴ് ആയിരിക്കാം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നില്‍ ആദ്യത്തെ ഷോയാണ് ഞങ്ങള്‍ മണിച്ചിത്രത്താഴ് കണ്ടത്. അന്ന് ആ സിനിമ കാണാന്‍ പയ്യന്നൂരിലെ ശാന്തി തിയേറ്ററില്‍ പോയ സമയത്ത് സിനിമയുടെ പെട്ടി എത്തിയില്ലാത്തതിനാല്‍ ഏകദേശം രണ്ടു മണിക്കൂറിലധികം ക്യൂവില്‍ നിന്നാണ് ആ സിനിമ കണ്ടത്. ആദ്യത്തെ ഷോയില്‍ തന്നെ ആ സിനിമ കണ്ടതുകൊണ്ട് അന്ന് ഞങ്ങളെ ആ സിനിമ ഞെട്ടിച്ചിരുന്നു. അത് ആരെയും ഞെട്ടിച്ചിട്ടുണ്ടാകാം.

അന്ന് കൗമാരത്തിലായിരുന്നു ഞങ്ങള്‍ ആ സിനിമ കണ്ടത്. ആഗോളവത്കരണത്തിന്റെ എക്‌സ്‌പോഷറും പിന്നെ അന്നത്തെ ചില അനുഭവങ്ങളില്‍ സയന്റിഫിക് റഫറന്‍സുകളിലൂടെയും ആ സിനിമ കണ്ടപ്പോള്‍ അതിലെ മിസ്റ്റിക് എലമെന്റുകളില്‍ നിന്നും വ്യത്യാസപ്പെട്ടു സൈക്യാട്രി, സൈക്കോളജി, പാരാസൈക്കോളജി, അമേരിക്കയിലെ ഗോള്‍ഡ് മെഡല്‍ തുടങ്ങിയ സാധനങ്ങള്‍ ഞങ്ങളെ സ്വാധീനിച്ചിരുന്നു. ഒരുതരം റാഷണലിസത്തിന്റെ ആസ്വാദനം. സണ്ണി എന്ന കഥാപാത്രത്തിന്റെ സയന്റിഫിക് ടെമ്പര്‍ എന്നത് അന്ന് ഞങ്ങളുടെ ഒരു മോഡേണിറ്റി ആയിരുന്നു. അത് ഞങ്ങളെ ആകാര്‍ഷിച്ചിരുന്നു. അങ്ങനെ കൂടെയാണ് ആ സിനിമയിലേക്ക് ഞങ്ങളുടെ കൗമാരങ്ങള്‍ അടുത്തതെന്ന് തോന്നുന്നു. ലോകം ഒരു തുറവിയിലേക്കോ ഓപ്പണിങ്ങിലേക്കോ പോകുന്ന ആഗോളവത്കരണത്തിന്റെ തുടക്കകാലത്തിന്റെ സ്വഭാവം ആയിരിക്കാം അത്.
അതിന് ശേഷം ഏകദേശം മുപ്പത് വര്‍ഷത്തിന് ശേഷമാണ് ഡോക്ടര്‍ സണ്ണി എന്ന മോഹന്‍ലാലിന്റെ മകന്‍ അഭിനയിക്കുന്ന ഡയസ് ഈറ എന്ന സിനിമ കാണുന്നത്. മോഡേണിറ്റിയുടെ ഒരു സ്പേസ് ഈ മുപ്പത് വര്‍ഷങ്ങളില്‍ പല തരത്തില്‍ അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. പല തരത്തിലുള്ള പോസ്റ്റ്മോഡേണിറ്റിയിലേക്കും പല തരത്തിലുള്ള നോളഡ്ജ് റഫറന്‍സുകളിലേക്കും ഡിജിറ്റല്‍ എക്‌സ്‌പോഷറുകളിലേക്കും മാറുമ്പോള്‍ പുതിയ പ്രണവ് മോഹന്‍ലാലിന്റെ തലമുറയില്‍ പെട്ട മനുഷ്യരുടെ ഭാഷ, അറിവ്, ഗാഡ്ജറ്റുകള്‍, പാര്‍ട്ടിയിംഗ്, സെക്ഷവാലിറ്റി, ഗ്ലോബല്‍ ഐഡന്റിറ്റി, സോഷ്യല്‍ ലൈഫുകള്‍ ഒക്കെ മാറിയിരിക്കുന്നു. എത്രത്തോളം ‘വികസിതമായ’, ‘റാഷണല്‍’ ആയ ലോകത്തേക്ക് പോകുമ്പോഴും മനുഷ്യര്‍ ചിലപ്പോള്‍ ഒരു എക്‌സ്ട്രാ-ഫിസിക്കല്‍ മിത്തുകളെ ആഗ്രഹിക്കുന്നുണ്ടാകാം. അത്തരം ഒരു പാരാനോര്‍മല്‍ ഹൊറര്‍ സിനിമ ഈ കാലത്തെ മോഡേണിറ്റിയില്‍ പ്ലേസ് ചെയ്യാന്‍ മലയാളത്തില്‍ കഴിഞ്ഞു എന്നത് തന്നെ ഡയസ് ഈറയുടെ ഒരു വിജയം കൂടിയാണ്.
മൂന്നോ നാലോ തരത്തിലുള്ള സാമൂഹികതകളെയും അതിലെ പാരാനോര്‍മല്‍ ആക്ടിവിറ്റികളെയും ഗംഭീരമായി ക്ലബ് ചെയ്തുകൊണ്ട് സൃഷ്ടിച്ച സിനിമയായിട്ടാണ് പ്രാഥമീകമായി ഡയസ് ഈറ എനിക്ക് തോന്നിയത്. മൂന്നോ നാലോ വീടുകള്‍, വീടുകളുടെ നിര്‍മ്മിതികള്‍, വീടുകളുടെ സാമൂഹികതകള്‍, ജീവിതങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് ബ്രില്ലിയന്റായി ഈ സിനിമ കണ്‍സ്ട്രക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഒരു വലിയ മോഡേണിറ്റിയുടെ ആര്‍ക്കിടെക്ചറും സോഷ്യല്‍ ഗാതറിംഗും ലൈഫ് സ്‌റ്റൈലും ഉള്ള വീട്, മറ്റുള്ള രണ്ട് മൂന്ന് വീടുകളും ചേര്‍ന്ന് കൊണ്ടുള്ള അതീന്ദ്രിയമായ ഒരു എക്‌സ്പീരിയന്‍സ് ഈ സിനിമ രസകരമായി ഒരുക്കുന്നുണ്ട്. ഈ ഇടങ്ങളിലെ വീടുകളുടെ ആര്‍ക്കിടെക്ചറുകള്‍, ഗാഡ്ജറ്റുകള്‍, ടൂളുകള്‍, ഉപകരണങ്ങള്‍, വൈദ്യുതിയുടെ ബള്‍ബ് പോലും ഇതിലെ കഥാപാത്രങ്ങളാകുന്നു. മനുഷ്യന്റെ മുന്നോട്ടുള്ള വികാസത്തിലെ ടെക്‌നിക്കാലിറ്റിയുടെ മുന്നേറ്റങ്ങളിലും ജീവിത സാഹചര്യങ്ങളുടെയും മുന്നേറ്റങ്ങളിലും ഇത്തരം മിത്തിക്കല്‍ ആയ പാരാനോര്‍മല്‍ സംഗതികളെ മലയാള സിനിമയില്‍ പുതിയ ഇടങ്ങളില്‍ പ്ലീസ് ചെയ്തത് പൊളിച്ചിരിക്കുന്നു. അത് പോലെ ഓരോ ഐഡന്റിറ്റിയില്‍ (ജാതി/മതം) ഉള്ള മനുഷ്യരുടെ ഇടയിലേക്ക് മിത്തും പാര നോര്‍മല്‍ സാധ്യതകളെയും ഈ സിനിമ വിളക്കി ചേര്‍ക്കുന്നു. ഒരുപാട് തരത്തില്‍ വായനകള്ക്ക് സാധ്യതകളുള്ള ഒരു ഗംഭീര ഹൊറര്‍ സിനിമ ആയി ഇത് മാറുന്നുണ്ട്.

ഓരോ വീടുകളുടെ ജ്യോഗ്രഫികളും അവയുടെ സംസ്‌കാരങ്ങളും ജീവിതപരിസരങ്ങളും വീടുകളുമായി ബന്ധപ്പെട്ട ജാതി സമൂഹികഥകളും ടെക്‌നിക്കലിറ്റിയുടെ വികാശങ്ങളും വ്യത്യാസങ്ങളും ചേര്‍ത്തുവെച്ചുകൊണ്ട് തന്നെ ഹൊറര്‍ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിലെ വിഷ്വല്‍ മൂവ്‌മെന്റുകള്‍, സൗണ്ട് ഡിസൈനിംഗ്, ഭാഷയുടെ കള്‍ച്ചറല്‍ വ്യത്യസ്തതകള്‍ അടക്കം സൂക്ഷ്മമായി ഡിസൈന്‍ ചെയ്ത ഒരു അത്യന്തം നിലവാരമുള്ള മലയാളത്തിലെ ഹൊറര്‍ സിനിമ കൂടിയാണ് ഡയസ് ഈറ. മണിച്ചിത്രത്താഴ് എന്ന സിനിമയുടെ കള്‍ട്ട് സ്റ്റാറ്റസിനോട് അത്യന്തികം പ്രണയമുള്ള മലയാളി ഈ സിനിമ അങ്ങനെ ആഘോഷിക്കില്ലെങ്കിലും, ഇത് ഒരു പഠനത്തിനുള്ള വകുപ്പുള്ള ടെക്സ്റ്റ് കൂടെ ആണ്. ഒരു പോസ്റ്റ്മോഡേണ്‍ ജ്യോഗ്രഫിക്, ലിവിംഗ് സ്പേസ്, സെക്ഷ്വാലിറ്റി, എന്നിവയില്‍ ഗംഭീരമായി പ്ലോട്ട് ചെയ്ത സിനിമയാണ് ഡയസ് ഈറ.
ഈ സിനിമ അതിന്റെ സൗണ്ട് ഡിസൈനിംഗ്, പാരാനോര്‍മല്‍ ആക്ടിവിറ്റി, മിത്ത്, മോഡേണിറ്റി, ടൂളുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പലതരം ഗംഭീര വായനകള്‍ ഇനി ഉണ്ടാകുമായിരിക്കാം. അതുപോലെ, പഴയ മലയാള പ്രേതസിനിമകളിലെ സെക്ഷ്വാലിറ്റി റിവഞ്ച് എന്ന ക്ലീഷേ ഒന്നും ഇതില്‍ കാണാനില്ല. അതുപോലെ പ്രണവ് മോഹന്‍ലാല്‍, ജിബിന് ഗോപിനാഥ് മുതല്‍ ഈ സിനിമയില്‍ അഭിനയിച്ച ഓരോ നടനും നടിയും വിഷ്വല്‍ ശരീരഭാഷയില്‍ വന്‍ പൊളിച്ചടുക്കല്‍ തന്നെ നടത്തിയിട്ടുണ്ട്. ജയ കുറുപ്പ് എന്ന നടി ശരിക്കും തകര്‍ത്ത് വാരിയിട്ടുണ്ട്. അത് പോലെ പ്രണവ് ഒരു ഗംഭീര സിനിമ അഭിനേതാവായി ഈ സിനിമയിലൂടെ ഉയര്‍ത്തിട്ടുമുണ്ട്. ടെക്‌നിക്കലായും ഒരു പാരാനോര്‍മല്‍ വിഷ്വല്‍ ടെക്സ്റ്റായും ഒരു പോസ്റ്റ്മോഡേണ്‍ സ്പേസില്‍ മലയാള സിനിമയ്ക്ക് ഗംഭീരമായി ആഘോഷിക്കാവുന്ന ഒരു വിഷ്വല്‍ ടെക്സ്റ്റ് കൂടിയാണ് ഡയസ് ഈറ.







No Comments yet!