രണ്ട് ദിവസം മുമ്പാണ് കുറോസോവയുടെ ‘റാൻ’ എന്ന സിനിമ വീണ്ടും കാണുന്നത്. ആ സിനിമ കണ്ടപ്പോഴുള്ള ഒരു തോന്നൽ ആയിരുന്നു, ഈ സിനിമയിൽ നിന്നും മണിരത്നവും സന്തോഷ് ശിവനുമൊക്കെ ദളപതി എന്ന സിനിമക്ക് വേണ്ടി ഇൻസ്പയർഡ് ആയിട്ടുണ്ടാകാം എന്നതാണ്. അത് ശരിയായാലും തെറ്റായാലും ആയിരത്തി തൊള്ളായിരത്തി എൺപത്തി ആറിൽ പുറത്തിറങ്ങിയ ഈ സിനിമ തീർച്ചയായും വീഡിയോ കാസറ്റിലൂടെയും അല്ലാതെയും പലരും കണ്ടിട്ടുണ്ടാകും. ഈ സിനിമ അത് ഇറങ്ങിയ കാലത്ത് കാണാൻ സാധിക്കാത്ത പല മനുഷ്യരും ഇന്ത്യൻ സമൂഹത്തിൽ ഉണ്ടായിട്ടുമുണ്ടാകും.

ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ ഞങ്ങളിൽ സംസ്കാരങ്ങളുടെ കലർപ്പുകൾ പുറത്തുനിന്നുള്ള സിനിമകൾ എങ്ങനെ ഉണ്ടാക്കി എന്നതിനെ കുറിച്ചാണ് ഈ കുറിപ്പ്. കേരളത്തിൽ റഷ്യൻ ലിറ്ററേച്ചറും മാർക്സിസവും, ലെനിനിസവും, ദാസ്കാപ്പിറ്റലും ഒക്കെ വ്യാപകമാകുന്ന കാലഘട്ടത്തിലും അതിന്റെ തുടർച്ചയിലും ഇതിൽ നിന്ന് വിഘടിച്ച പല തരത്തിലുള്ള രാഷ്ട്രീയ രൂപീകരണങ്ങളും, അധോലോക സമൂഹങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു എന്നതാണ്. ഇത്തരം ഐഡിയോളജികൾ നില നിലകുമ്പോൾ തന്നെ പാരലൽ ആയി സിനിമ/വിദേശ സിനിമ എന്ന അശുദ്ധീകളിലൂടെ തൊണ്ണൂറുകളിൽ ഗ്ലോബലയിസെഷന് ശേഷം രൂപപ്പെട്ടിരുന്നു.

എനിക്ക് ഓർമ്മയുണ്ട്, ആദ്യമായി ഞാൻ ഒരു വിദേശ സിനിമ കാണുന്നത് ജാക്കി ചാന്റെ പോലീസ് സ്റ്റോറി ആയിരുന്നു. അത് എൺപതുകളിൽ ഓണാവധിക്കാലത്ത് വാടകയ്ക്ക് അച്ഛൻ എടുത്ത് കൊണ്ടുവന്ന വി.സി.പി. വഴിയായിരുന്നു. അന്ന് സർക്കാർ ഉദ്യോഗസ്ഥനായതു കൊണ്ട് അച്ഛന് അതിനുള്ള വകുപ്പുകൾ ഒക്കെ ഉണ്ടായിരുന്നു. വി സി പി എന്ന ടൂളിനോടുള്ള ആക്സസ് ആണ് ആ സിനിമ ഞങ്ങൾക്ക് കാണാൻ സാധിച്ചത്. എട്ട് പ്രാവശ്യം ആ സിനിമ ഞങ്ങൾ വി സി പി യിൽ കണ്ടു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ടിൽ പ്രീഡിഗ്രി പഠനത്തിന്റെ കൂടെ ഞങ്ങൾ പയ്യന്നൂർ ശോഭ എന്ന ടാക്കീസിലെ ഉച്ചപ്പടം (ഇംഗ്ലീഷ് അഡൾട്സ് ഒൺലി പടങ്ങൾ) കാണുന്നതിലേക്ക് ഞങ്ങൾ മാറി. ഇംഗ്ലീഷിങ എന്ന അശുദ്ധി ഞങ്ങൾ രൂപപ്പെടുത്തുന്നത് അങ്ങനെ കൂടെയായിരുന്നു. പയ്യന്നൂർ ശോഭ ടാക്കീസ് ഒക്കെ മറഞ്ഞു, ഇന്ന് അവിടെ ഒരു ബാർ ആണ്.
അതേ കാലത്ത് തന്നെ ഞങ്ങൾ (ഞങ്ങളെ പോലെ പലരും) ഇംഗ്ലീഷ് ബ്ലൂ ഫിലിം വീഡിയോ കാസറ്റുകൾ കാണാൻ തുടങ്ങി. ഇതേ സമയം കേരളത്തിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾ ക്യാമ്പസിലും പുറത്തും ഉണ്ടായിരുന്നു. അതൊക്കെ വളരെ കൃത്യമായ വരേണ്യ ഇടങ്ങൾ ആയതു കൊണ്ടും ബുദ്ധിജീവി ഇടങ്ങൾ ആയതു കൊണ്ടും അങ്ങോട്ടേക്ക് ഞങ്ങളെ പോലുള്ള എല്ലാവർക്കും ഒന്നും ഇടം ലഭിച്ചില്ല. വിദേശത്തുള്ള ‘മഹത്തായ’ സിനിമകൾ കാണാനുള്ള ഒരു സ്പേസ് ഒന്നും അന്നുണ്ടായിരുന്നില്ല. പിന്നീട് ഗ്ലോബലൈസേഷനുശേഷം ടൈറ്റാനിക് പോലുള്ള സിനിമകൾ ഇന്ത്യൻ തിയേറ്ററുകളിൽ വലിയ വിപ്ലവം സൃഷ്ടിച്ചതോടുകൂടി അനേകം ഹോളിവുഡ് സിനിമകൾ കാണുന്ന രീതിയിലേക്ക് ഞങ്ങളുടെ കാഴ്ചകൾ മാറി.
അതിന്റെ ഇടയിൽ ഞങ്ങളുടെ കണ്ണൂരിലെ തന്നെ സി-ക്ലാസ് തിയേറ്ററുകളിൽ ജെറ്റ് ലീ, ജാക്കി ചാൻ തുടങ്ങിയവരുടെ കുങ് ഫു സിനിമകൾ വ്യാപകമായി പ്രദർശിപ്പിച്ചു. ഞങ്ങളുടെ പഴയങ്ങാടി എന്ന സ്ഥലത്തെ ശ്രീലക്ഷ്മി എന്ന ടാക്കീസിൽ ജെറ്റ് ലീയുടെ കുങ് ഫു സിനിമകൾ ഒന്നൊഴിയാതെ ഞങ്ങൾ കണ്ടു. ഒരു തലമുറ രൂപപ്പെടുന്നത് അങ്ങനെ കൂടെ ആയിരുന്നു. അന്ന് ജാക്കി ചാൻ ഹോളിവുഡിലേക്ക് കടക്കാതെ ഹോംഗ്‌കോങ്ങ് സിനിമകൾ ചെയ്ത കാലം കൂടിയായിരുന്നു. കണ്ണൂരിൽ അന്ന് ഉണ്ടായിരുന്ന പ്രഭാത് എന്ന ഒരു ടാക്കീസാണ് ഫിലിം സൊസൈറ്റിക്ക് പകരം ലോക സിനിമയുടെ തുറവിലേക്ക് ഞങ്ങൾക്ക് ഒരു വാതിൽ തുറന്നിട്ടത്. ഫോറസ്റ്റ് ഗമ്പ്, ബ്രേവ് ഹാർട്ട്, ക്ലിഫ് ഹാംഗർ തുടങ്ങിയ സിനിമകൾ ഞങ്ങൾ അങ്ങനെ കണ്ടു.
ഇടത് പക്ഷ പൊതു ബോധവും മലയാളീകരണവും ഒക്കെ വ്യാപകമായി സാംസ്കാരികമായി അധികാരധാരയിൽ നിന്നിരുന്ന ഒരു കാലത്തായിരുന്നു ഇത്തരം അശുദ്ധിയിലേക്ക് തൊണ്ണൂറിലെ ഒരു തലമുറ കടന്നുകയറിയത്. ഇടത് പക്ഷം, നക്സലിസം, ദേശീയ പ്രസ്ഥാനങ്ങളുടെ തുടർച്ച, പിന്നീട് വ്യാപകമായ അംബേദ്കറൈറ്റ് പ്രത്യയശാസ്ത്രം തുടങ്ങിയ പലവിധ സംഗതികളിൽ നിന്നും വിഘടിച്ച് അധോലോക തലത്തിൽ, മേൽ പറഞ്ഞ രീതിയിലുള്ള അധോലോകങ്ങളിലൂടെ വിഘടിച്ച് കൊണ്ട് ഒരു മലയാളിത്ത/ഇന്ത്യൻ സാംസ്കാരികതയിൽ നിന്ന് ചിതറിത്തെറിച്ച അശുദ്ധതയിലേക്ക് കടന്നുകയറിയ ഒരു തലമുറ കൂടെ ആയിരുന്നു അത്. അതാണ് എസ്.എഫ്.ഐ. ഒക്കെ പാശ്ചാത്യ സംസ്കാരം അധിനിവേശം ഉണ്ടാക്കും എന്ന ഡയലോഗ് ഒക്കെ പറഞ്ഞ ഓർമ്മകൾ വരുമ്പോൾ ചിരിച്ചു മറിയുന്നത്. ഒരു വശത്ത് ഫിലിം സൊസൈറ്റി സിനിമകൾ കാണിച്ചപ്പോള് ഞങ്ങൾ ദളപതി എന്ന സിനിമയിൽ രജനീകാന്ത് സ്ക്രീനിൽ വരുമ്പോൾ വർണ്ണക്കടലാസുകൾ കീറി എറിഞ്ഞു. മലയാളി രജനീകാന്ത് സിനിമകളെ അണ്ണാച്ചിപടം, പാണ്ടി പടം എന്നു വിളിച്ചു വംശീയമായി അപരവൽക്കരിച്ചു. പക്ഷേ മലയാളിത്തെ അട്ടിമറിച്ച് ദളപതി ഒക്കെ ഞങ്ങളുടെ കൾട്ട് സിനിമ ആയി മാറി. വിദേശ സിനിമകൾ പോലെ തന്നെ തമിഴ് ഹിന്ദി സിനിമകളും ഞങ്ങളുടെ ബോറൻ മലയാളിത്തത്തെ മലീമാസമാക്കി.
ഇംഗ്ലീഷ് സിനിമകളിലൂടെ, ഉച്ചപ്പടങ്ങളിലൂടെ, ബാഗി ജീൻസിലൂടെ, ഫോറസ്റ്റ് ഗമ്പ് സിനിമയിലൂടെ, ബ്രേക്ക് ഡാൻസിലൂടെ, ദളപതിയിലൂടെ എം.ടി.വിയിലൂടെ മറ്റു അനേകം സാംസ്കാരിക ധാരകളെ ഉൾകൊള്ളാൻ ഇവിടത്തെ ഒരു തലമുറക്ക് അന്ന് കഴിഞ്ഞിരുന്നു. കേരളീയം, മലയാളിത്തം, ഇടതു പക്ഷം എന്നിവയെ ഇത്തരം ഗ്ലോബഅലൈസ്ഡ് ശാസമകാരീക ധാര അശുദ്ധിയിലൂടെ അപനിർമ്മാണം നടത്തി. അതിന് ഏറ്റവും കൂടുതൽ സഹായകമായത് ചില ടൂളുകളിലൂടെയായിരുന്നു. വീഡിയോ കാസറ്റ്, സി-ക്ലാസ് ടാക്കീസുകൾ, ബൈക്ക് പോലുള്ള വാഹനങ്ങൾ, കേബിൾ ടി.വി.യുടെ വികാസങ്ങൾ, ടേപ്പ് റെക്കോർഡറുകൾ, കാസറ്റുകൾ, എം.ടി.വി. പോലുള്ള ചാനലുകൾ തുടങ്ങിയവ്യവ. ഞങ്ങളെ പോലുള്ള പലരും ഇടതുപക്ഷ, മറ്റു രാഷ്ട്രീയ ധാരകളിൽ നിന്ന് വ്യത്യാസമായി അശുദ്ധിയോടെ ലോകത്തെ കണ്ടത് മുകളിലൂടെ പറഞ്ഞ പലതരം എക്സ്പോഷറുകളിലൂടെയായിരുന്നു/ടൂളുകളിലൂടെ ആയിരുന്ന. ആ കാലത്തെ ഇത്തരം ടൂളുകളാണ് സാമൂഹികമായി ഞങ്ങളെ അശുദ്ധിയുടെ തലത്തിൽ രൂപപ്പെടുത്തിയത്.
ആയിരത്തി തൊള്ളായിരത്തി എൺപത്തി ആറിൽ പുറത്തിറങ്ങിയ റാൻ എന്ന സിനിമ നാല്പത് വർഷത്തിന് ശേഷം വീണ്ടും കാണാനുള്ള സാധ്യത ഉണ്ടാക്കിയതു എന്നെ സംബന്ധിച്ചിടത്തോളം ഒരു ഫിലിം ഫെസ്റ്റിവലും അല്ല, ഒരു ഫിലിം സൊസൈറ്റിയും അല്ല. എന്റെ കയ്യിലുള്ള ലാപ്‌ടോപ്പും ഇന്റർനെറ്റും ടെലിഗ്രാം എന്ന ഒരു ഡിജിറ്റൽ യുഗവുമാണ്. ഇത്തരം ടൂളുകളുടെ ആദ്യ രൂപങ്ങൾ ഉപയോഗിക്കാൻ ആദ്യമായി തുടങ്ങുന്നത് തൊണ്ണൂറുകളിലാണ്. ആയിരത്തി തൊള്ളായിരത്തി എൺപത്തി ആറിൽ അത്തരം ഒരു സിനിമ കാണാനുള്ള യാതൊരു എക്സ്പോഷറും അന്ന് ഞങ്ങൾക്കില്ലായിരുന്നു.
കേരളം, ചരിത്രം, രാഷ്ട്രീയം എന്നൊക്കെ പറയുമ്പോൾ ഇവിടെ ഇങ്ങനെ ടൂളുകളുടെ വികാസത്തോടെ സ്വയമേവ വളർന്ന പല തരത്തിൽ വിഘടിച്ച് നിൽക്കുന്ന സമൂഹങ്ങളും അവരുടെ സ്വാഭാവികമായ പ്രക്രിയയിലൂടെ വളർന്നിരുന്നു എന്നതാണ്. അത്തരം അധോതല സമൂഹങ്ങൾ ഒരു വ്യവസ്ഥാപിതമായ പോളിറ്റിക്കൽ മൂവ്മെന്റുകളുടെ ഭാഗമാകാത്തത് കൊണ്ടുതന്നെ അവ എത്രത്തോളം രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് അറിയില്ല. എൺപത്തി ആറിൽ കുറോസോവ പടം കാണാൻ പറ്റാതിരിക്കുകയും രണ്ടായിരത്തി ഇരുപത്തി ആറിൽ അത് കാണുകയും ചെയ്യുന്ന ഫിലിം സൊസൈറ്റി, ഫിലിം ഫെസ്റ്റിവൽ, വിപ്ലവ മൂവ്മെന്റുകളുടെ ഭാഗമല്ലാത്ത ഒരു കാണി എഴുതുന്നതാണിത്.







No Comments yet!