Skip to main content

കലാഭവൻ എന്ന മൾട്ടിവേഴ്‌സ് ഐഡൻ്റിറ്റി

Kalabhavan Mani - Wikipedia

കലാഭവൻ മണി എന്ന അഭിനയസ്വത്വത്തെ കുറിച്ചുള്ള പഠനങ്ങൾ/ചർച്ചകൾ/ചരിത്രപരമായ വിലയിരുത്തലുകൾ നടത്തപ്പെടുന്നത് തൊണ്ണൂറ് ശതമാനവും അദ്ദേഹത്തിന്റെ ദളിത് സ്വത്വവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്‌.
ഇത് എഴുതുന്നതിനു മുമ്പ് അദ്ദേഹത്തെ കുറിച്ചുള്ള പഠനങ്ങളുടെ ലിങ്കുകൾക്കായി ചാറ്റ് ജി പി ടിയോട് ചോദിച്ചപ്പോൾ ലഭിച്ച പഠനങ്ങളിൽ നൂറ് ശതമാനവും എന്ന് പറയാവുന്ന രീതിയിൽ ഇതേ ദളിത് സ്വത്വവുമായി ബന്ധപ്പെട്ടവയായിരുന്നു. (മറ്റു പഠനങ്ങൾ ഉണ്ടോ എന്ന് അറിയില്ല). മോഹൻലാൽ എന്ന നടൻ ഒരു അഭിനേതാവായി മാത്രം വായിക്കപ്പെടുമ്പോൾ, മണിക്ക് തന്റെ ദളിത് സ്വത്വമായി മാറുന്ന ഒരു അവസ്ഥ ഉണ്ടാകുന്നു. മോഹൻലാൽ എന്ന നടന്റെ വിരലുകൾ പോലും അഭിനയിക്കുന്നു എന്ന് പറയുമ്പോൾ, കലാഭവൻ മണിയുടെ ബോഡിയുടെ പെർഫോമൻസുകളെ തഴഞ്ഞുകൊണ്ട് അയാൾ എന്നും ഒരു ദളിത് ബോഡിയായി മാത്രം മാറുന്നു. ഇതാണ് വായനകളുടെ ചില രീതികൾ.

Kalabhavan Mani the complete actor : r/MalayalamMovies

കലാഭവൻ മണിയുടെ ഭൂരിഭാഗം അഭിമുഖങ്ങളിലും അദ്ദേഹം തന്റെ കുട്ടിക്കാലത്തെ കുറിച്ചും അതിലെ ദാരിദ്ര്യത്തെ കുറിച്ചും സംസാരിക്കും. അദ്ദേഹത്തിന്റെ ദളിത് ഐഡന്റിറ്റി പല ഇടങ്ങളിലും പല രീതികളിൽ ചർച്ച ചെയ്യപ്പെടും. ദളിത് സമൂഹത്തിൽ നിന്ന് വന്ന ഒരാളുടെ plight എന്ന രീതിയിൽ തുടങ്ങി, മാണിയുടെ ദേഷ്യം, കേസുകൾ, പെട്ടെന്നുള്ള എടുത്തുചാട്ടം, മദ്യപാനം എന്നിവ അടക്കം ഈ ഐഡന്റിറ്റികളുമായി ചേർത്ത് വെച്ച് പഠിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തിട്ടുണ്ട്.

കലാഭവൻ മണി മിമിക്രി കലാകാരൻ/സിനിമ അഭിനേതാവ്/ഗായകൻ എന്ന രീതിയിൽ ഇതിനു പുറമെ ഉള്ള വായനകൾക്ക് സാധ്യത ഇല്ലേ എന്നതാണ് ഒരു ചോദ്യം. ജെമിനി എന്ന ഒരു തമിഴ് സിനിമയിലും സമ്മർ ഇൻ ബെത്ലെഹെം എന്ന സിനിമയിലും സൂക്ഷ്മമായി ശ്രദ്ധിച്ചാൽ അദ്ദേഹം തന്റെ മിമിക്രി പാടവത്തിൽ മൃഗങ്ങളെ അനുകരിക്കുന്ന ചില സീനുകൾ ഉണ്ട്. ആക്ഷൻ കൊറിയോഗ്രാഫികളിൽ മൃഗങ്ങളെ പലരും അനുകരിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ ആന നടക്കുന്നതിന്റെ പിൻഭാഗം, എലി ഞെട്ടുന്നതിന്റെ ഭാവങ്ങൾ ഒക്കെ ഒരു മനുഷ്യൻ കാണിച്ചിട്ടുണ്ടെങ്കിൽ അത് കലാഭവൻ മണിയായിരിക്കാം. കലാഭവനിൽ മണിക്ക് എൻട്രി കിട്ടുന്നത് ഈ ആനയെ കാണിക്കുന്നതിലൂടെ ആണ് എന്നത് വേറെ ഒരു ചരിത്രം.

എനിക്ക് മനസ്സിലായി സാറുമ്മാരുടെ ഐഡിയ എന്താണെന്ന്🤣🤣 | Summer in Bethlehem  Comedy | Kalabhavan Mani

 

മിമിക്രി എന്ന കല, മിമിക്സ് പരേഡ് എന്ന സ്റ്റേജ് ഷോ ഒരുപക്ഷേ കേരളത്തിലെ കലകളിലെ വരേണ്യത തകർത്തുകൊണ്ട് പോപ്പുലർ കൾച്ചറിൽ വലിയ അട്ടിമറികൾക്ക് എൺപതുകളിൽ തുടക്കമിട്ടിരുന്നു. തൊണ്ണൂറുകളിൽ ഇതേ മിമിക്രി മലയാള സിനിമയിൽ വലിയ സാന്നിധ്യമായി. മലയാള സിനിമ വ്യവസായത്തെ മിമിക്രി എന്ന കല നിലനിർത്തുകയും ചെയ്തു. ഈ മിമിക്സ് പരേഡ്, മിമിക്രി എന്ന കലയുടെ വളർച്ചയിൽ മാണിയുടെ പങ്ക് എന്താണ് എന്ന രീതിയിലുള്ള പഠനം ഉണ്ടായിട്ടുണ്ടോ എന്നതാണ് ഒരു ചോദ്യം.

Gemini Tamil Movie | Kalabhavan Mani calls for Vikram | Vikram | Kiran Rathod | Kalabhavan Mani

ജെമിനി എന്ന തമിഴ് സിനിമയിലെ വില്ലൻ വേഷം ഒരുപക്ഷേ തമിഴ് സിനിമയിൽ അന്ന് വരെ കണ്ടിട്ടുള്ളതിനെ ഒക്കെ അട്ടിമറിച്ചിട്ടുള്ള സ്റ്റൈലൻ വില്ലൻ വേഷമായിരുന്നു. വാസന്തിയും ലക്ഷ്മിയും ഞാനും എന്ന സിനിമയിലെ അന്ധവേഷത്തിന്റെ ഒരു മെറ്റാ നറേറ്റിവ് വിക്രമുമായി ചേർന്ന് ആ സിനിമയിൽ മണി കാണിക്കുന്നുമുണ്ട്. അതായത് ആ അന്ധവേഷം അവർ രണ്ട് പേരും ചേർന്ന് തമാശയാണ്, കളിയാണ് എന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. വാസന്തിയും ലക്ഷ്മിയും ഞാനും എന്ന സിനിമയിലെ അന്ധനെ തമിഴിൽ കാശി എന്ന സിനിമയിൽ അവതരിപ്പിച്ചത് വിക്രമും ആയിരുന്നു. കലാഭവൻ മണിയുടെ ഒരു വേഷം അങ്ങനെ തമിഴിലേക്ക് റീക്രിയേറ്റ് ചെയ്യപ്പെടുകയുമായിരുന്നു. അതുപോലെ മലയാളം സിനിമയിൽ അത്ര കണ്ടിട്ടില്ലാത്ത രീതിയിൽ സ്റ്റൈലിഷ് ആയ ഒരു വേഷമായിരുന്നു ബാച്ചിലർ പാർട്ടിയിലെ മണിയുടേത്. സിനിമയിൽ അദ്ദേഹം പാട്ട് പാടിയാലും മലയാളികൾക്ക് അയാൾ നാടൻ പാട്ടുകാരനായി തന്നെ വായിക്കപ്പെടും.

Vasanthiyum Lakshmiyum Pinne Njanum Full Movie | Kalabhavan Mani | Kaveri | Praveena | Sai Kumar

ഒരു പത്ത് കൊല്ലം മുമ്പ് ഒരു സിനിമയിൽ അസിസ്റ്റന്റായി നിന്ന സമയത്ത് മണി എന്ന നടന്റെ പെർഫോമൻസ് നേരിട്ട് കാണാനുള്ള ഒരു ഭാഗ്യം എനിക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രസൻസ് വേറെ ഒരു രീതിയിലാണ് എനിക്ക് ഫീൽ ചെയ്തത്. അദ്ദേഹം തന്റെ പരിവാരങ്ങളുടെ കൂടെ കാരവാനിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നത് ഒരു ആനയുടെ തലയെടുപ്പിലായിരുന്നു. അദ്ദേഹം സിനിമയിലും മാധ്യമങ്ങളിലും കാണുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു ഐഡന്റിറ്റി സൂക്ഷിച്ചിരുന്നു. അയാൾക്ക് അത്തരത്തിൽ വേറൊരു തരം ഓറ ഉണ്ടായിരുന്നു. ആ ഷൂട്ട് കഴിഞ്ഞ ദിവസം കലാഭവൻ മണിയുടെ വക അതിഗംഭീരമായ ആഘോഷവും സംഘടിപ്പിക്കപ്പെട്ടിരുന്നു. അന്ന് വരെ ഞങ്ങൾ പെർസീവ് ചെയ്ത മണിയിൽ നിന്ന് വ്യത്യസ്തമായ വേറെ ഒരു മണിയെ കാണുവാനും കഴിഞ്ഞു.

കലാഭവന്‍ മണിയോടൊപ്പം ലേഖകന്‍ രൂപേഷ് കുമാര്‍

അതേ സമയം കലാഭവൻ മണി എന്ന മനുഷ്യൻ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ ഉള്ള മനുഷ്യരെ അതിശയിപ്പിച്ചുകൊണ്ട് അവരുടെ കൂടെ അഭിനേതാവായും പല രീതികളിലും പെരുമാറുകയും ആഘോഷിക്കുകയും ചെയ്ത ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ചെറുപ്പത്തിലേ ദാരിദ്ര്യം മാത്രമല്ല, അഭിനേതാവായതിനു ശേഷമുള്ള ആഘോഷങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അനേകം രാജ്യങ്ങളിലെ സന്ദർശനങ്ങൾ, വിമാനയാത്രകൾ, ആഭരണങ്ങൾ, വിലകൂടിയ വസ്ത്രങ്ങൾ, വീട്, ആഡംബര ജീവിതം — ഇങ്ങനെ പലതരം ആഘോഷങ്ങൾ കൂടി മാണിയുടെ ജീവിതത്തിൽ ഉണ്ടായിരുന്നു. പൊളിറ്റിക്കൽ ഭാരം മാത്രം പേറി നടക്കാതെ ജീവിതം അടിച്ചു പൊളിച്ച് ആഘോഷിച്ച ഒരാളുമായിരുന്നു അദ്ദേഹം.

Kalabhavan, Kochi (Photo | A Sanesh, EPS)
Kalabhavan, Kochi

കലാഭവൻ മണി എന്ന വ്യക്തിത്വം ഒരു ദളിത് ഐഡന്റിറ്റി അഭിനേതാവ്/നാടൻ പാട്ടുകാരൻ എന്ന രീതിയിൽ സിനിമയുടെയും അതിന് പുറത്തുള്ള മാധ്യമങ്ങളുടെ പ്രെസന്റേഷനുകളിലും പഠനങ്ങളിലും അവതരിപ്പിക്കപ്പെടുമ്പോൾ, അതിനോടൊപ്പം തന്നെ ഡീകൺസ്ട്രക്ട് ചെയ്യാവുന്ന പലതരം വ്യത്യസ്തമായ ഐഡന്റിറ്റികളും അദ്ദേഹത്തിനുണ്ടായിരുന്നു എന്നതാണ് വാസ്തവം. സണ്ണി എം. കപിക്കാടിനെ ദളിത് ചിന്തകൻ എന്ന് വിളിക്കുന്നത് പോലെ തന്നെയാണ് മണിയെ ഇത്തരം ഒരു ഐഡന്റിറ്റിയിലേക്ക് മാത്രം നിലനിർത്തി വായിക്കുന്നതും. ഇത്തരം ഒരു ഐഡന്റിറ്റിയിൽ ജീവിച്ച് അതിൽ നിന്ന് വളർന്നു, അഭിനയം/മിമിക്രി/പാട്ട്/ജീവിതം/ആഘോഷം എന്നിങ്ങനെ പല തരത്തിലുള്ള ഘടകങ്ങളിലും ഉയർന്നു പറന്ന ഒരാളായിരുന്നു മാണി.

Kalabhavan Mani, An Organic Artist of Heart and Soil - Paths. Places. People

കലാഭവൻ മാണിയുടെ ദളിത് ഐഡന്റിറ്റി, ജീവിതം, രാഷ്ട്രീയം, plight എന്നിവയോടൊപ്പം തന്നെ ദളിത് എന്ന ഊർജത്തിൽ നിന്ന് അദ്ദേഹം വളർന്നു പൊങ്ങിയ മറ്റു പല മേഖലകളെയും ഡീകൺസ്ട്രക്ട് ചെയ്ത് പഠിക്കാൻ ഇവിടത്തെ പഠനരീതികൾ വളർന്നിട്ടില്ല എന്നതാണ് വാസ്തവം.

മലയാള സിനിമയിലെ സാധാരണക്കാർ ഒരുപക്ഷേ തൊഴിൽ കിട്ടാതിരുന്ന ദാസനും വിജയനും ആയിരുന്നു എന്നതാണ്. പക്ഷേ മലയാളത്തിൽ കുതിരവട്ടം പപ്പു മുതൽ ഇങ്ങോട്ട് കലാഭവൻ മണി വരെ പലതരം ഐഡന്റിറ്റികളും, പല തരത്തിലുള്ള ‘കേരളീയ’ കഥാപാത്രങ്ങളും പല രീതികളിൽ അവതരിപ്പിച്ചിരുന്നു. പക്ഷേ കലാഭവൻ മാണിയുടെ കഥാപാത്രങ്ങൾ കേരളീയതയുടെ സിംബോളുകളായ രീതിയിൽ എത്രത്തോളം വായിക്കപ്പെട്ടു എന്നതാണ് ഒരു ചോദ്യം. അനന്തഭദ്രം പോലുള്ള സിനിമകളിൽ അദ്ദേഹം അവതരിപ്പിച്ച ആ മാന്ത്രികന്റെ വേഷം ചെയ്യാനുള്ള ഫിസിക്കൽ ഫോർട്ടുകളെ കുറിച്ച് നാം ചിന്തിക്കുന്നുണ്ടോ?

Mollywood remembers Kalabhavan Mani on his 6th death anniversary | Mathrubhumi English

ഒരു അഭിനേതാവായി കൾച്ചറൽ ഐഡന്റിറ്റിയെ കുറിച്ചുള്ള ഇന്റലക്ച്വൽ സ്റ്റഡീസുകൾ ഒരു വിഷയത്തിലേക്ക് മാത്രം ചുരുക്കുകയും, രാഷ്ട്രീയ പ്രതിരോധത്തിന്റെ ഐഡന്റിറ്റിയുടെ ചിഹ്നമായി മാറ്റുകയും ചെയ്യുമ്പോൾ അദ്ദേഹം പുറപ്പെടുവിച്ച മറ്റു പലതരം പ്രകടനങ്ങളുടെ നറേറ്റിവുകൾ താനേ ഇല്ലാതാവുകയാണ്. റോസി എന്ന വനിത സിനിമ എന്ന പുതിയ ടൂളിലേക്ക് കടന്നു വന്ന മോഡേണിറ്റിയുടെ യുവതിയാണ് എന്ന് വായിക്കാതെ ജാതിപീഡനം അനുഭവിച്ച സ്ത്രീ എന്ന രീതിയിൽ മാത്രം വായിക്കുന്നത് ഒരു പ്രശ്നമാണ്. അതുപോലെ തന്നെയാണ് മണിയും. അഭിനയം, മിമിക്രി, പാട്ട് എന്നിങ്ങനെ വിവിധ മേഖലകളിൽ പല തരത്തിൽ ഡീകൺസ്ട്രക്ട് ചെയ്യാവുന്ന സംഭാവനകൾ നൽകിയ ഒരു കലാകാരനെ അദ്ദേഹത്തിന്റെ ദളിത് ഐഡന്റിറ്റിയിൽ മാത്രം നിലനിർത്തി പഠിക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന ഒരു ചരിത്രപരമായ നീതികേടാണ്.

Images: Shocked family, celebrities pay their last respects to actor Kalabhavan Mani

കലാഭവൻ മണിയുടെ ഓര്മ്മകൾക്കു പത്തു വര്ഷം.

No Comments yet!

Your Email address will not be published.